Saturday, February 28, 2009

പ്രണയവും വേലിയേറ്റവും


അന്നൊന്നും പ്രണയം ഉണ്ടായിരുന്നില്ല. പ്രണയത്തെപ്പറ്റി കാര്യമായി
എന്തെങ്കിലും തോന്നുകപോലും ചെയ്തിരുന്നില്ല. എന്നാലും കഴുതയെപ്പോലെ
പ്രണയത്തെപ്പറ്റിയുള്ള പ്രസംഗമത്സരത്തില്‍ പങ്കെടുത്തു. മത്സരത്തിലെ പ്രമേയം
വേദിയായ ടാല്‍കടോറ ഗാര്‍ഡനില്‍ മുഴങ്ങിക്കേട്ടു.

അന്തസ്സര്‍വകലാശാല യുവജനോത്സവമായിരുന്നു അവസരം. ഇന്ത്യയിലെ എല്ലാ
സര്‍വകലാശാലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അദ്ധ്യാപകരും
ഒത്തുചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞുകൂടുമായിരുന്നു, പാട്ടും ആട്ടവും പ്രസംഗവുമായി.
പിന്നെപ്പിന്നെ ആ പതിവ് നിന്നുപോയി. ഓരോ സര്‍വകലാശാലക്കും പ്രത്യേകം
കലോത്സവം വേണമെന്നായി. മറുനാട്ടുകാരുമായി ഇടപഴകേണ്ടല്ലോ.

അന്ന് ടാല്‍കടോറ ഗാര്‍ഡനിലെ മരങ്ങളും, അവക്കിടയില്‍ കെട്ടിയിരുന്ന
കൂടാരങ്ങളില്‍ നവംബറിന്റെ കുളിര്‍ ഉള്‍ക്കൊണ്ടുപാര്‍ത്തിരുന്ന വിദ്യാര്‍ഥികളും
ഒരുപോലെ ഉരുവിട്ടുപഠിച്ച പ്രസംഗപ്രമേയംഇതായിരുന്നു: മനുഷ്യന്‍ ചന്ദ്രനില്‍
കാലുകുത്തിയതോടെ പ്രണയത്തിന്റെ നിലപാടുതറ തകര്‍ന്നുപോയി.
ഇംഗ്ലിഷില്‍ പറഞ്ഞാല്‍, the landing of man on the moon has knocked the
bottom out of romance.

ശരിവെച്ചും എതിര്‍ത്തും വാദങ്ങള്‍ മുഴങ്ങി. പക്ഷേ പ്രണയം പണ്ടേപ്പോലെ തുടര്‍ന്നു,
മലവാരത്തിലും മരച്ചുവട്ടിലും, ആറ്റിറമ്പിലും അമ്പലമുറ്റത്തുമൊക്കെയായി.
മനുഷ്യന്‍ കയറിപ്പറ്റിയതോടെ നിലാവിന്റെ നന്മയും നേര്‍മ്മയും ഇല്ലതായില്ല.
നിലാവ് മനസ്സിലെ കുളിര്‍മ്മയുടെ ബിംബമായിത്തന്നെ നിലനിന്നു കുറേക്കാലം കൂടി.
പിന്നെ മെല്ലെമെല്ലെ പ്രണയത്തിന്റെ മെറ്റഫര്‍ മാറി. കമുകീകാമുകന്മാര്‍ക്കെന്നല്ല,
കൊച്ചുകുട്ടികള്‍ക്കുപോലും, സ്പന്ദിക്കുന്ന രാത്രികളില്‍ മാനത്തുനോക്കാന്‍ മടിയായി,
അല്ലെങ്കില്‍, നേരമില്ലാതായി. ചന്ദ്രികയുടെ ഇന്ദ്രജാലം ആര്‍ക്കും വേണ്ടാത്ത
കോമാളിത്തമായി. നിലാവില്‍ പ്രണയം മന്ത്രിച്ചിരിക്കുന്നവരെ ഇപ്പോള്‍ അറുബോറായ
സിനിമകളില്‍ പോലും കാണാന്‍ കിട്ടാറില്ലല്ലോ.

യുഗങ്ങളായി മനുഷ്യന്‍ ഗായത്രി ചൊല്ലി പൂജിക്കുന്ന സൂര്യന്‍ തന്നെ കേമന്‍ എന്നു നാം
വീണ്ടും ഉറപ്പിച്ചു. വയുവിനേയും വെള്ളത്തേയും, മരങ്ങളേയും മനുഷ്യരേയും ജനിപ്പിക്കുകയും
ജീവിപ്പിക്കുകയും ചെയ്യുന്ന ദേവനാണ് സൂര്യന്‍. എറ്റവുമധികം കവിതക്കും ആരാധനക്കും
വിഷയമായതും സൂര്യന്‍ തന്നെ. ദൈവത്തിന്റെ ആദിരൂപം സൂര്യനായിരുന്നെന്ന് സ്ഥാപിക്കുന്നു
ദൈവത്തിന്റെ കഥ, a story of god, എന്ന പുസ്തകമെഴുതിയ റോബെര്‍ട് വിന്‍സ്റ്റണ്‍. കൂട്ടത്തില്‍
പറയട്ടെ, ബോബ് വിന്‍സ്റ്റണ്‍ പ്രശസ്തനായ ഒരു ബ്രിടിഷ് സ്ത്രീരോഗവിദഗ്ദ്ധന്‍ കൂടിയാകുന്നു.

പക്ഷേ, നിലാവിന്റെ കാലം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പുതിയ കണ്ടുപിടുത്തം തെളിയിക്കുന്നു.
ഒരു ഫ്രെഞ്ച് ഗവേഷണോപഗ്രഹം വഴി സൂര്യേതരമായഎതോ ഒരു താരയൂഥത്തില്‍ പുതിയൊരു
ഗ്രഹത്തെ കണ്ടെത്താനായിരിക്കുന്നു. ഭൂമിയേക്കാള്‍ ‍അല്പം വലിപ്പം ഏറിയ, ഭൂമിയെപ്പോലെ
ഉപരിതലത്തില്‍ പാറകളുള്ള ഒരു ഗ്രഹം. അതില്‍ ജീവന്‍ തുടിക്കുന്നുണ്ടോ എന്നാണ്
ഇപ്പോഴത്തെ അന്വേഷണം.

ആ അന്വേഷണത്തിനിടെ മനസ്സിലാകുന്ന ഒരു കാര്യം ഇതത്രേ: ചുറ്റും കറങ്ങുന്ന ചന്ദ്രനുള്ള
ഗ്രഹത്തിലേ ജീവന്‍ കാണാന്‍ ഇടയുള്ളു. ചന്ദ്രന്റെ സ്വാധീനംകൊണ്ട് വേലിയേറ്റമുണ്ടാകുന്നു.
വേലിയേറ്റത്തില്‍ കടല്‍ ഇളകിമറിയുന്നു. രാസവസ്തുക്കള്‍ കലര്‍ന്നും പിളര്‍ന്നും ജീവന്‍ ഉണ്ടാകുന്നു.
അങ്ങനെ ചന്ദ്രന്‍ സൃഷ്ടിയുടെ കാരകനാകുന്നു. പഴയ പാലാഴിമഥനകഥ ഓര്‍ക്കുക.
അതൊരു സര്‍ഗ്ഗപുരാണമായിരുന്നു. ഭൂഖണ്ഡങ്ങളെ ഇളക്കിമാറ്റുന്നതും ചന്ദ്രന്റെ മറിമായമാകുന്നു.
തല്‍ക്കാലം കുറേ നാശമുണ്ടായാലും, അതുവഴിയും സൃഷ്ടി നടക്കുന്നുവെന്ന് പുതിയ ശാസ്ത്രം.

ചന്ദ്രന്റെ ഉല്‍ഭവത്തെപ്പറ്റിയും കൊളാറഡൊ സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍
രസകരമായ ചില വിവരങ്ങള്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇരുമ്പയിര്‍ നിറഞ്ഞ ഏതോ
ഒരു വസ്തു ഭൂമിയില്‍ വന്നിടിച്ചപ്പോഴുണ്ടായ ആഘാതത്തില്‍നിന്നത്രേ ചന്ദ്രന്റെ ഉല്‍ഭവം.
ഇരുമ്പയിര്‍ ‍ഭൂമിയുടെ ഉള്ളിലൊതുങ്ങി. പുറത്തുണ്ടായ പൊടിപടലം പിന്നെപ്പിന്നെ
ചന്ദ്രവലയമായി പരിണമിച്ചു. അപ്പോള്‍, ചന്ദ്രനും വെറും പൊടി തന്നെ എന്നുവരുന്നു.

ഏതായാലും ഒരു കര്യത്തില്‍ സമാധാനം. കവികളുടേയും കാമുകന്മാരുടേയും കിറുക്കന്മാരുടേയും
പ്രിയഭാജനം എന്ന സ്ഥിതി ഒട്ടൊക്കെ നഷ്ടപ്പെട്ടിട്ടുകൂടി, നിലാവിന്റെ നിലപാടുതറ
തകരാതെ നില്‍ക്കുന്നുവെന്നുവേണം കരുതാന്‍. ജീവന്റെ ഉല്‍ഭവത്തെ നിയന്ത്രിക്കുന്നത്
ചന്ദ്രന്‍ കൂടിയാണെന്നാണല്ലോ തെളിഞ്ഞുവരുന്നത്.

അതുകൊണ്ട്, പണ്ട് ടാല്‍കടോറ ഗാര്‍ഡനിലെ മരങ്ങള്‍ മന്ത്രിച്ചിരുന്ന ആ പഴയ
പ്രസംഗപ്രമേയം ഉണ്ടല്ലോ, മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതോടെ
പ്രണയത്തിന്റെ നിലപാടുതറ തകര്‍ന്നു എന്ന്, അത് നമ്മുക്ക് നേരേ തള്ളിക്കളയാം.
പ്രേമനാടകങ്ങളുടെ സഞ്ചാരിഭാവമായല്ലെങ്കിലും, കടലിനെ കുലുക്കിയുണര്‍ത്തുകയും
ഭൂഖണ്ഡങ്ങളെ എടുത്തുമാറ്റുകയും ചെയ്യുന്ന സര്‍ഗ്ഗശക്തിയായി ഇനിയും
ചന്ദ്രനെ വാഴ്ത്താം.