Thursday, July 16, 2009
ഒരു സുന്ദരിയുടെ ഗൂഢാലോചന
പേടിയോ ദേഷ്യമോ വേദനയോ, എന്തായിരുന്നു ആ വെളുത്തുമെലിഞ്ഞ കൊച്ചുസുന്ദരിയുടെ കയ്യില്‍ വിലങ്ങ് കണ്ടപ്പോള്‍ തോന്നിയതെന്ന് ഓര്‍മ്മയില്ല. ഒരുപക്ഷേ മൂന്നുവികാരങ്ങളും ഒരേനേരം തോന്നിയിരിക്കാം. മനുഷ്യാവകാശലംഘനമോര്‍ത്ത് ഞെട്ടിയിരിക്കാം. പെണ്ണിന് ഏറിയാല്‍ ഇരുപത്തഞ്ചു വയസ്സു കാണും. കൂമ്പാള പോലത്തെ ആ നൈര്‍മ്മല്യത്തെ വിലങ്ങുവെച്ച്, ആയുധമേന്തിയ പല കാവല്‍ക്കാരുടെ വലയത്തിനുള്ളില്‍ പാര്‍പ്പിച്ചതു കണ്ടപ്പോള്‍, ഉള്ളില്‍ ചിരിയും രോഷവും ഒരുപോലെ പൊട്ടി. അവളാകട്ടെ, ഭാവഭേദമൊന്നുമില്ലാതെ, എഴുന്നേറ്റുനില്‍ക്കാതെ, ചിരിക്കാന്‍ ഒരു വിരസശ്രമം നടത്തിക്കൊണ്ട് ഒരു ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു, ഞങ്ങള്‍ മൂവര്‍ എത്തിയപ്പോള്‍. സൈനിക രഹസ്യാന്വേഷണവിഭാഗത്തിലെ കേണല്‍ സി ജി വര്‍ഗീസും കേന്ദ്ര റിസര്‍വ് പൊലിസിലെ കേണല്‍ ചാറ്റര്‍ജിയും ഞാനുമായിരുന്നു മൂവര്‍.
ചാറ്റര്‍ജിക്ക് അവളോട് എന്തൊരു സ്നേഹമായിരുന്നു! ചെന്ന പാടേ അന്വേഷണം തുടങ്ങി: “സുഖമല്ലേ? കൈ നോവുന്നുണ്ടോ? വിലങ്ങ് ഊരണമെന്നുണ്ടോ? തനിയേ ഒന്ന് ഊരിനോക്കൂ...” അങ്ങനെ പോയി തേന്‍ ചോരുന്ന വാക്കുകള്‍. അവള്‍ ഊരാന്‍ ശ്രമിച്ചു. ഫലിച്ചില്ല; പക്ഷേ ഒന്നുകൂടി വലിച്ചാല്‍ കൈ പുറത്തുവരുമെന്നു തോന്നി. അവളോട് ഇംഗ്ലിഷില്‍ സംസാരിച്ചിരുന്ന ചാറ്റര്‍ജി അടുത്തുനിന്നിരുന്ന ഇന്‍സ്പെക്റ്ററോട് ഹിന്ദിയില്‍ പറഞ്ഞു: “അവള്‍ക്ക് അത് ശ്രമിച്ചാല്‍ ഊരിക്കളയാം. ഞങ്ങള്‍ സ്ഥലം വിട്ടാല്‍ ഉടനേ വിലങ്ങ് നന്നായി മുറുക്കണം.“
ഐ ജിയേയും ഡി ഐ ജിയേയും എസ് പിയേയും ഓപറേഷന്‍സ് റൂമില്‍ വെച്ച് ഒറ്റയടിക്ക് വെടിവെച്ചുകൊല്ലാനുള്ള ഗൂഢാലോചനക്ക് തന്റെ വീട്ടില്‍ വേദിയൊരുക്കിയ മിടുക്കിയായിരുന്നു ഐ ജി ആര്യയുടെ സെക്രടറി കൂടിയായിരുന്ന വന്‍ ലാല്‍ സാരി എന്ന സുന്ദരി. ഐസോള്‍ പട്ടണത്തിലെ പൊലിസ് പാളയത്തില്‍ ആര്യയും സേവയും പഞ്ചാപകേശനും പതിവുചര്‍ച്ച നടത്തുമ്പോഴായിരുന്നു സാരിയുടെ സുഹൃത്തുക്കളുടെ ഇരച്ചുകയറ്റം. പിന്നെ താമസമുണ്ടായില്ല, മൂനു ജീവന്‍ ഒടുക്കാന്‍ വേണ്ടതിലുമെത്രയോ ഏറെ നിറയൊഴിച്ച് കാപ്റ്റന്‍ ലാലെയ്യയുടെ നേതൃത്വത്തില്‍ എത്തിയ ആ ഘാതകസംഘം സ്ഥലം വിട്ടു. ലാലെയ്യയേക്കാള്‍ ഒരു പടി താഴെയായിരുന്നു
മിസോ നാഷനല്‍ ആര്‍മിയില്‍ ലഫ്റ്റ്നന്റ് വന്‍ ലാല്‍ സാരിയുടെ സ്ഥാനം.
സുന്ദരിയായ കലാപകാരിയുടെ വിക്രമങ്ങളെപ്പറ്റി ഒരു ചിത്രീകരണം പ്രക്ഷേപണം ചെയ്യാനുള്ള സൌകര്യമോ സന്നദ്ധതയോ ഐസോളിലെ അന്നത്തെ ആകാശവാണീനിലയത്തിനുണ്ടായിരുന്നില്ല. പിഴച്ചാല്‍ തല പോകാവുന്നതാണ് കാര്യം. പുറന്നാട്ടുകാര്‍ അവിടെ എത്തുന്നതുതന്നെ മടങ്ങിപ്പോകാനുള്ള പരിപാടി ഇട്ടി്ട്ടായിരിക്കും. അന്നാട്ടുകാരായ ഉദ്യ്യോഗസ്ഥന്മാര്‍ക്ക് കലാപകാരികളുമായി എന്തെങ്കിലും ബന്ധം കാണുമായിരുന്നു. അതുകൊണ്ട് അവര്‍ കൂടുതല്‍ സൂക്ഷിക്കേണ്ടിയിരുന്നു. സ്വന്തക്കാരെ സഹായിക്കാത്തതിനും ഒറ്റുകൊടുക്കുന്നതിനും കടുത്ത ശിക്ഷയായിരുന്നു വിശാലമായ ഒരു കുടുംബത്തിന്റെ സ്വഭാവമുള്ള മിസോ സമൂഹത്തില്‍. നിലയം മേധാവി സൈലോ ആകട്ടെ, അധികാരമോ കേമത്തമോ അല്പം പോലും പങ്കുവെക്കാന്‍ ഇഷ്ടപെടാത്ത, ഭാവന കുറഞ്ഞ ഒരു മണുങ്ങൂസ്.
അവിടെ കലാപത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്ന വാര്‍ത്താവിഭാഗം തുടങ്ങാന്‍, 1975ലെ വിഹ്വലമായ ഒരു പ്രഭാതത്തില്‍ ഞാന്‍ ഐസോളില്‍ എത്തുമ്പോള്‍, സ്വാഗതത്തിന്റെ താപനില ഏറെ താഴ്ന്നിരുന്നു. രാവും പകലും നിരോധനാജ്ഞ നീണ്ടു. ഒരാഴ്ചകൂടി കഴിഞ്ഞേ അടിയന്തരാവസ്ഥ വന്നുള്ളു. അതിനു മുമ്പേ തന്നെ ജീവഭയവും, ഭയം പ്രചോദിപ്പിക്കുന്ന നടപടിയുടെ അടിയന്തരസ്വഭാവവും മിസോറമിന്റെ തലസ്ഥനത്തിനു പരിചിതമായിരുന്നു.
റൊഹ് നൂന എന്ന ചെറുപ്പക്കാരന്‍ ഒരു മൈതാനത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പടവുകളില്‍ വെച്ച് കൊല്ലപ്പെട്ടു, ഞാന്‍ ചെന്നതിന്റെ പിറ്റേ ദിവസം. രണ്ട് കൈകളിലും തോക്കുമായി പ്രവേശിച്ച റൊഹ് നൂനയെ പൊലിസ് വളഞ്ഞ് വകവരുത്തുകയായിരുന്നു. പൊലിസ് പാളയത്തിലെ കൊലയില്‍ പങ്കുണ്ടായിരുന്ന റൊഹ് നൂനയുടെ മരണത്തില്‍ പലരും ദു:ഖിച്ചു. മുഖ്യമന്ത്രി ചൂങയുടെ സെക്രടറിയായിരുന്ന എസ് ആര്‍ വാല പറഞ്ഞു, “നല്ല ചെറുപ്പക്കാരന്‍. വഴി തെറ്റിപ്പോയല്ലോ. എന്നാലും കഷ്ടമായി.” കൂട്ടത്തില്‍ പറയട്ടെ, മുഖ്യമന്ത്രിയാകും മുമ്പ് ചൂങക്ക് ചില്ലറ കരാര്‍ പണികളുണ്ടായിരുന്നു. അത് അദ്ദേഹത്തെ ഏല്പിച്ചിരുന്ന വലിയ കരാറുകാരനായിരുന്നു തൃശ്ശൂര്‍ക്കാരന്‍ ജോര്‍ജ്.
മഞ്ഞപ്രക്കാരന്‍ വാസുദേവന്‍ ഉഴപ്പിയിരുന്നെങ്കില്‍ റൊഹ് നൂനയുടെ മരണത്തിന്റെ വാര്‍ത്ത ശവത്തേക്കാള്‍ തണുത്തിട്ടേ എത്തേണ്ടിടത്തെത്തുമായിരുന്നുള്ളൂ. റൊഹ് നൂനയുടെ വാര്‍ത്ത അയക്കാന്‍ കമ്പി ആപ്പിസില്‍ ചെന്നപ്പോള്‍ കണ്ടതാണ് വാസുദേവനെ. കാഴ്ചയില്‍ ബംഗാളിയാണോ എന്നു തോന്നി. എന്റെ പേരു വായിച്ചപ്പോള്‍ കമ്പി അടിക്കുന്ന ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍ ഇങ്ങോട്ടുതന്നെ സംസാരം തുടങ്ങി തനി മഞ്ഞപ്ര മലയാളത്തില്‍. മലയാളം പോലെ അദ്ദേഹം സംസാരിച്ചിരുന്നത് മിസോ ഭാഷ ആയിരുന്നു. എപ്പോഴും ചിരിക്കുന്നതു പോലെയുള്ള മുഖം, മോഴ്സ് കോഡിന്റെ ഈണം ഉണ്ടാക്കാന്‍ വിരലുകള്‍ ചലിക്കുമ്പോള്‍, വികസിക്കും. പാട്ടുകാരന്‍ പാട്ടിന്റെ ഏറ്റിറക്കങ്ങളില്‍ അനുഭൂതിയുടെ ഭാവഹാവങ്ങള്‍ കാണിച്ചുപോകുന്നതുപോലെ, കമ്പി ഭാഷ പ്രയോഗിക്കുമ്പോള്‍ വാസുദേവന്‍ കണ്ണിറുക്കുകയും,പുരികമുയര്‍ത്തുകയും, പുഞ്ചിരിക്കുകയും, ശീല്‍ക്കാരം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. വാസുദേവനെപ്പറ്റി പറയാനുണ്ടായിരുന്ന ഒരേയൊരു ദോഷം, തിരക്കുള്ള ദിവസങ്ങളില്‍ എനിക്ക് ഒരു പക്ഷേ അനര്‍ഹമായ മുന്‍ഗണന തന്നെ തന്നിരുന്നു എന്നതാകും.
ഏറ്റുമുട്ടലിന്റേയും മരണത്തിന്റേയും വാര്‍ത്തയേ ഐസോളില്‍നിന്ന് റിപ്പോര്‍ട് ചെയ്യാനുണ്ടായിരുന്നുള്ളൂ. അത് പൊലിസില്‍നിന്നും പട്ടാളത്തില്‍നിന്നും കൃത്യമായി കിട്ടുകയും ചെയ്യും. റൊഹ് നൂന കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആയിരുന്നു ടി ജെ ക്വിന്‍ എന്ന ഡി ഐ ജിയുമായുള്ള ആദ്യത്തെ സമാഗമം. ചമ്പല്‍ കൊള്ളക്കാരെ ഒതുക്കിയ ഖ്യാതിയുമായി ക്വിന്നും ഭാര്യയും ഊട്ടിയില്‍ ചടഞ്ഞു കഴിയുമ്പോഴായിരുന്നു മിസോറാമിലെ കലാപകാരികളെ കൈകാര്യം ചെയ്യാനുള്ള ക്ഷണവും കല്പനയും. ഉയരം കാരണം മുന്നോട്ടായുന്ന ശരീരത്തില്‍ മേദസ്സ് ഒട്ടുമില്ലായിരുന്നു. എന്തെങ്കിലും വേണമെങ്കില്‍, മണി അടിച്ച് ശിപായിയെ വിളിച്ചുവരുത്താനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരെവിടെയാണെങ്കിലും കേള്‍ക്കാവുന്ന ഉച്ചത്തില്‍ ആവശ്യം വിളിച്ചുപറയുകയായിരുന്നു
ക്വിന്‍ ശൈലി. ചിലപ്പോള്‍, ശിപായി അടുത്തുണ്ടെങ്കിലും, ക്വിന്‍കല്പന, ഒരു ശീലം പോലെ, ഉച്ചത്തില്‍ തന്നെ മുഴങ്ങുമായിരുന്നു.
വാര്‍ത്ത തേടി എത്തുന്നവരുടെ വളവും തിരിവുമൊന്നും ആ ആംഗ്ലോ ഇന്ത്യന്‍ പൊലിസുകാരന്റെ അടുത്ത് ചിലവാകുമായിരുന്നില്ല. കാരണം, പറയാവുന്നതെല്ലാം, ഒന്നും ഒളിക്കാതെ, അദ്ദേഹം ആദ്യമേ പറഞ്ഞുവെക്കുമായിരുന്നു. അതില്‍ കൂടുതല്‍ ഒന്നും ചോദിക്കേണ്ട, ചോദിച്ചിട്ടൊട്ട് കാര്യവുമില്ല. ഏറ്റവും ഉയര്‍ന്ന മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലലെയ്യയെ ജീവനോടെ പിടി കൂടാമെന്നിരുന്നിട്ടും ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന വര്‍ത്തമാനത്തെപ്പറ്റി ചോദിച്ചാല്‍, ക്വിന്നിന്റെ മുഖത്തെ ചുളിവുകളുടെ ദിശ മാറും. അത്രയേ ഉള്ളു. ചിലപ്പോള്‍, ഏതാണ്ടൊരു ആത്മഗതമെന്നോണം, പറഞ്ഞെന്നുവരും: “കൊല നടത്തിയെന്ന് ഉറപ്പുള്ളവനെ മിനക്കെട്ട് പിടി കൂടുക, കോടതിയില്‍ ഹാജരാക്കുക, കോടതി അയാളെ വെറുതെ വിടുക, അയാള്‍ വീണ്ടും കൊലയുടെ വഴിയിലേക്ക് നീങ്ങുക. അതാണ് പതിവ്. ആ പതിവ് പാലിച്ചുപോയാല്‍, കലാപം ഒതുക്കുന്ന ജോലി നടക്കില്ല”
തലയെടുക്കാവുന്ന തിര എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന വിചാരത്തോടെയായിരിക്കും എന്നും രാവിലെ പൊലിസ് പാളയത്തിലേക്കുള്ള പുറപ്പാട്. പുറപ്പെടും മുമ്പേ സുവിശേഷത്തിലെ ഏതെങ്കിലും ഭാഗം കുറച്ച് വായിക്കും. മനുഷ്യന്റെ കൈകൊണ്ട് ചെയ്യാവുന്നത് നന്നേ കുറച്ചേ ഉള്ളുവെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ബലം. അതുകൊണ്ടുതന്നെ കൈ പ്രയോഗം നടത്തേണ്ടിടത്ത് അത് മടിക്കാതെ ചെയ്യും. മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന ഒഴിവുകഴിവൊന്നുമില്ല. രാവിലെ കൈ തിരുമ്മന്നതു കണ്ടാല്‍, തണുപ്പുകൊണ്ടോ സന്ധിവാതം കൊണ്ടോ ആണെന്നു കരുതരുത്. കേമനായ ഒരു ഒളിപ്പോരുകാരനെ പിടിച്ചതിന്റെ പിറ്റേന്ന് കണ്ടപ്പോള്‍, കൈ തിരുമ്മിക്കൊണ്ട് ക്വിന്‍ വിശദീകരിച്ചു: “എന്തു ചെയ്താലും ഒന്നും പറയില്ലെന്നു വന്നാലോ? കഴുവേറിക്കറിയാം. പറയില്ല. ഇന്‍സ്പെക്റ്റര്‍മാര്‍ രണ്ടുപേര്‍ അടിച്ചു തളര്‍ന്നു. അവന്‍ വിവരം തന്നാല്‍ എത്രയോ ജീവനായിരിക്കും രക്ഷപ്പെടുക എന്നോര്‍ത്തുപോയി. പിന്നെ എനിക്ക് ഇരിപ്പുറച്ചില്ല.” ക്വിന്‍ വീണ്ടും കൈ തിരുമ്മി.
സുവിശേഷത്തിലെ വചനങ്ങള്‍ സ്വയം ഉരുവിടുക മാത്രമല്ല, വേണ്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു കേണല്‍ വര്‍ഗീസ്. മിസോറാമിലെ സൈനിക രഹസ്യാന്വേഷണത്തിന്റെ മുഴുവന്‍ ചുമതലയും ഉണ്ടായിരുന്ന വര്‍ഗീസില്‍ പട്ടളക്കാരനേക്കാള്‍ കൂടുതല്‍ ഉപദേശി പാര്‍പ്പുണ്ടായിരുന്നു. പട്ടാളത്തിലെ പല ശീലങ്ങളും ശൈലികളും അദ്ദേഹത്തിന് ചേര്‍ന്നിരുന്നില്ല. ബ്രിഗേഡിയറായി വിരമിച്ച് തിരുവനന്തപുരത്ത് താമസമാക്കിയപ്പോള്‍, തോമ ശ്ലീഹ കേരളത്തിലെത്തിയ വഴി അടയാളപ്പെടുത്തി അദ്ദേഹം ഒരു പുസ്തകമെഴുതിയപ്പോള്‍ ഒട്ടും അത്ഭുതം തോന്നിയില്ല. എന്തുകൊണ്ട് അദ്ദേഹം വാസ്തു ശില്പിയും ചിത്രകാരനും ആയില്ലേന്നേ അത്ഭുതപ്പെട്ടുള്ളു. കലാപകാരികളുടെ രഹസ്യം ചോര്‍ത്തുന്നതിനിടെ അദ്ദേഹം ചെയ്തിരുന്ന ഒരു പണി, വേലി കെട്ടുന്ന മുള്ളൂം ചവറ്റുകൊട്ടയിലേക്കെറിയുന്ന മരച്ചില്ലയും മറ്റും തോന്നുന്ന രീതിയില്‍ വളച്ചും പൊട്ടിച്ചും കൂട്ടിച്ചേര്‍ത്തും വിചിത്രമായ രൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ആളുകളുടേയോ കിളികളുടേയോ മൃഗങ്ങളുടേയോ നിയതമായ രൂപങ്ങളാകാം, ഏതായാലും മുള്ളിന്റേയും മരച്ചില്ലയുടേയും പൊരുത്തമില്ലായ്മയില്‍നിന്ന് സവിശേഷമായ ഒരു രൂപതാളം സൃഷ്ടിക്കുകയായിരുന്നു കേണല്‍ വര്‍ഗീസിന്റെ വിനോദം. പാക് അതിര്‍ത്തിയില്‍ ചാരന്മാരെ കാത്തുനിന്ന നീണ്ട മണിക്കൂറുകളില്‍ വേലിപ്പത്തല്‍ തിരുപ്പിടിച്ചുണ്ടായാതായിരുന്നു ആ വിനോദകല.
കേണല്‍ വര്‍ഗീസ് പൊട്ടിച്ച ഒരു വാര്‍ത്ത മേജര്‍ കാപ്ചൂങക്ക് സുവിശേഷം ഓതിക്കൊടുത്തതിനെപ്പറ്റിയായിരുന്നു. മേജര്‍ എന്ന പദവി മിസോ നാഷനല്‍ ആര്‍മി കാപ്ചൂങക്ക് കല്പിച്ചു കൊടുത്തതായിരുന്നു. പുറത്താരും ആ ആര്‍മിയെ നിയമവിധേയമായി കരുതിയില്ല. അതുകൊണ്ട് അതിലെ ഉദ്യോഗസ്ഥരെ എസ് എസ് കാപ്റ്റന്‍ ലാലെയ്യ, എസ് എസ് മേജര്‍ കാപ്ചൂങ എന്നിങ്ങനെയാണ് വിളിക്കുക. എസ് എസ് എന്നുവെച്ചാല്‍ സെല്‍ഫ് സ്റ്റൈല്‍ഡ് എന്നര്‍ഥം. മിസോ നാഷനല്‍ ആര്‍മിയുടെ ഐസോള്‍ ടൌണ്‍ കമാണ്ടര്‍ ആയിരുന്നു എസ് എസ് മേജര്‍ കാപ്ചൂങ. ഒളിത്താവളത്തില്‍നിന്ന് പട്ടാളത്തിന്റെ പിടിയിലായ കാപ് ചൂങക്ക്, ഭേദ്യം ചെയ്യപ്പെട്ടപ്പോള്‍,
മാനസാന്തരം വരുന്നതുപോലെ തോന്നി. ബൈബിള്‍ വായിക്കണമെന്ന് ആഗ്രഹമായി. ഉടനേ കാപ് ചൂങയുടെ തന്നെ ബൈബിള്‍ ഭാര്യയില്‍നിന്ന് വാങ്ങി കേണല്‍ വര്‍ഗീസ് ഉടമസ്ഥനെ ഏല്പിച്ചു. കൂട്ടത്തില്‍ സുവിശേഷത്തിലെ ഒരു വചനം(മത്തായി 26:52) വായി ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു: വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.
കാപ് ചൂങയെ കാണാന്‍ കേണല്‍ വര്‍ഗീസും കേണല്‍ ചാറ്റര്‍ജിയും എന്നെ ആദ്യം കൊണ്ടുപോയപ്പോള്‍ തടവറയില്‍ ബൈബിള്‍ അപ്പോഴും ഉണ്ടായിരുന്നോ എന്ന് ശ്രദ്ധിച്ചില്ല. വാസ്തവത്തില്‍ തടവുകാരന്റെ അടുത്തുനിന്നിട്ടു തന്നെ ആദ്യം കുറേ നേരം അയാളെ കാണാന്‍ പറ്റിയില്ല. “ഇതാണ് മേജര്‍ കാപ് ചൂങ,” എന്ന് കേണല്‍ ചാറ്റര്‍ജി പാതി ചിരിയോടെ പറഞ്ഞപ്പോള്‍ ഞാന്‍ ആളെ കാണാന്‍ നാലുപാടും നോക്കി. എന്റെ കാല്‍ക്കല്‍ കിടന്നിളകുന്ന ഒരു ചങ്ങലയും, അതിന് താഴേക്ക് ഇഴഞ്ഞുപോകാന്‍ ഒരു കിണറും, അതിന്റെ കരക്ക് തോക്കേന്തി നില്‍ക്കുന്ന ഒരു പൊലിസുകാരനും മാത്രമേ ആദ്യം കണ്ണില്‍ പെട്ടുള്ളു. പിന്നെ, ഒട്ടൊരു തമാശയോടെ കേണല്‍ ചാറ്റര്‍ജി കിണറിനുള്ളീലേക്കു നോക്കി സംസാരിക്കുന്നതു കണ്ടപ്പോള്‍ ആഴത്തിലേക്ക് കണ്ണോടിച്ചു. അവിടെ ഒരു കയറ്റുകട്ടിലില്‍ ചങ്ങലക്കിട്ട കാപ് ചൂങ കിടക്കുന്നു. ചങ്ങലയും പൊലിസ് കാവലും മനസ്സിലായി. പക്ഷേ കിണര്‍, അതെന്തിന്? എന്റെ മനസ്സില്‍ പത്തിവിരുത്തിയ ചോദ്യത്തിനുത്തരമെന്നോണം കേണല്‍ ചാറ്റര്‍ജിയുടെ ഫലിതം കേട്ടു:“അണ്ടര്‍ഗ്രൌണ്ട് നേതാവല്ലേ. അണ്ടര്‍ഗ്രൌണ്ടില്‍ വിശ്രമിക്കട്ടെ എന്നു കരുതി.”
വന്‍ ലാല്‍ സാരിയെ കണ്ടു മടങ്ങുമ്പോള്‍, ഹൃദയം തുറക്കാത്ത സ്ത്രീകളെ കൈകാര്യം ചെയ്തിരുന്ന നിരുപദ്രവും അതേസമയം സൃഷ്ടിപരവുമായ രീതി കേണല്‍ വര്‍ഗീസ് വിവരിച്ചു. സാരിയുടെമേല്‍ത്തന്നെയോ അതോ വേറെ ഏതോ കലാപകാരിണിയുടെ മേലോ പ്രയോഗിച്ചതായിരുന്നു ആ തന്ത്രം. കലാപകാരിണിയായാലും കുടുംബിനിയായാലും, സ്ത്രീ ഏറ്റവും ഭയപ്പെടുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള തള്ളിക്കയറ്റമാകുന്നു. പണ്ടൊരിക്കല്‍ ബഹളമൊതുക്കാന്‍ നിയോഗിക്കപ്പെട്ട അസം റൈഫ്ള്‍സ് എന്ന സേനാവിഭാഗത്തിലെ ചിലരുടെ ഇളകിയാട്ടം ആ ഭയത്തെ ഒരു രോഗമാക്കി മാറ്റിയിരുന്നു. ആ ഭയത്തെ കേണല്‍ വര്‍ഗീസ് ഒരു കരുവാക്കിയെടുത്തു.
സൈന്യത്തിന്റെ പിടിയിലാകുന്ന കലാപകാരിണിയുടെ ഉള്ളറകള്‍ ഒരു ചോദ്യത്തിനും പിടികൊടുക്കാതെ നില്‍ക്കുമ്പോള്‍, അഴിഞ്ഞ മുടിയും ചുമന്ന കണ്ണും കയ്യില്‍ പാതി ഒഴിഞ്ഞ കുപ്പിയുമായി, ബനിയനും അണ്ടര്‍വെയറും മാത്രം ധരിച്ച്, കുഴഞ്ഞുസംസാരിച്ചുകൊണ്ട്, കാപ്റ്റന്‍ സന്ധു മുറിയിലേക്ക് കയറിച്ചെല്ലുന്നു. പിന്നെ, ഒന്നും സംഭവിക്കാതെ, തടവുകാരി ഉള്ളു തുറക്കുന്നു. അതോടെ തന്റെ അഭിനയത്തെപ്പറ്റിയുള്ള തികഞ്ഞ സാഫല്യബോധത്തോടെ സന്ധു തന്റെ വഴിക്കു പോകുന്നു. ആര്‍ക്കും ഒന്നും കൈമോശം വരാതെ, ആരുടെയൊക്കെയോ ജീവന്‍ രക്ഷപ്പെടുത്താന്‍ ഉപകരിക്കുന്ന ഒരു രഹസ്യം ചോര്‍ത്തിയ കൃതാര്‍ഥതയോടെ കേണല്‍ വര്‍ഗീസ് ശബ്ദമില്ലാതെ ചിരിക്കുന്നു.
പതിഞ്ഞ ശബ്ദത്തില്‍ കൊലയെപ്പറ്റി സംസാരിക്കുന്ന ആളായിരുന്നു ചീഫ് സെക്രടറി സുരേന്ദ്രനാഥ്. പൊലിസ് വേഷം അഴിച്ചുവെച്ച്, കലാപഭൂമിയില്‍ പൊതുഭരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ ആളായിരുന്നു അദ്ദേഹം. കശ്മീരിലെ ഹസ്രത് ബാല്‍ പള്ളിയില്‍നിന്ന് കണാതായ പ്രവാചകന്റെ മുടിയിഴ വീണ്ടെടുത്തസംഘത്തിന്റെ പൊലിസ് തലവനായിരുന്നു സുരേന്ദ്രനാഥ്. ഒരു മലയാളി സന്യാസിയെ ഗുരുവായി കിട്ടിയതുകൊണ്ട് അദ്ദേഹം ദൈവചിന്ന്തയിലേക്കു നീങ്ങിയോ, അതോ ദൈവചിന്തയിലേക്കു നീങ്ങിയതുകൊണ്ട് മലയാളി ഗുരുവിനെ കിട്ടിയോ എന്നു പറയാന്‍ കഴിയില്ല. ഏതായാലും ദൈവനാമം ജപിക്കുന്ന ശാന്തതയോടെ ഒരു ദിവസം അദ്ദേഹം പറഞ്ഞു: “ഗോവിന്ദന്‍, ഈ കേസില്‍ നമുക്കു രണ്ടു പേരെക്കൂടി കൊല്ലേണ്ടിയിരിക്കുന്നു...”
ഏതൊ ഒരു പിടികിട്ടാപ്പുള്ളി പട്ടണത്തില്‍ വെച്ചുതന്നെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ഞങ്ങള്‍. പിന്നേയും ആ കേസില്‍ പെട്ട പലരും ഒളിവിലുണ്ടായിരുന്നു. അവരെ പരാമര്‍ശിച്ചായിരുന്നു ആ പ്രസ്താവന. ഏറെ ബലവും അല്പം അനുനയവുമായി മിസോ കുന്നുകളില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു സുരേന്ദ്രനാഥും സംഘവും. അനുനയത്തിന്റെ ഭാഗമായി കുറേ കലാപകാരികളെ ആയുധം വെച്ചു കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. അനുനയനയത്തിന്റെ ആദ്യത്തെ ഫലമായിരുന്നു ആ കീഴടങ്ങല്‍. അതിനെപ്പറ്റിയുള്ള എന്റെ നെടുനെടുങ്കന്‍ റിപോര്‍ട് കമ്പി അടിക്കാന്‍ രണ്ടു മണിക്കൂര്‍ എടുത്തു ക്ഷമാശീലനായ മഞ്ഞപ്ര വാസുദേവന്‍.
ബര്‍മ്മയുടേയും ബാംഗ്ലാദേശിന്റേയും അത്രിത്തിയിലുള്ള ഒരു കുന്നിന്‍ കൂട്ടമാണ് മിസോറം. ചൈനയിലേക്കും ഏറെയില്ല ദൂരം. കുന്നിന്‍ കൂട്ടത്തില്‍ പന്തീരാണ്ടു കൂടുമ്പോള്‍ മുള പൂക്കും. എലികള്‍ പെറ്റുപെരുകും. മുള പൂക്കുന്ന നാട് എന്നൊരു പുസ്തകം എഴുതിയതായിരുന്നു ഞാന്‍ എത്തുന്നതിനുമെത്രയോ മുമ്പ് ആകാശവാണിയില്‍ കുറച്ചിടെ വാണരുളിയ ബാവേജയുടെ നേട്ടം. മിസോറമിനെ ആദ്യമായി പുറംലോകത്തിനു പരിചയപ്പെടുത്തിയ പുസ്ത്കങ്ങളില്‍ ഒന്നായിരുന്നു അത്. അന്നൊക്കെ കുന്നിന്‍ ചരിവുകള്‍ ശാന്തമായിരുന്നു.
അവിടെ അല്പസ്വല്പം കൃഷി നടന്നു. പരിഷ്കാരത്തില്‍നിന്നകന്ന്, മനുഷ്യര്‍ അവിടെ എളിയ ജീവിതം നയിച്ചു. പാതി നിരപ്പായ പാതയിലും, പാതി കൊക്കയില്‍നിന്ന് പൊങ്ങുന്ന തൂണുകളിലുമായി നിലകൊള്ളുന്ന കൊച്ചുകൂരകളില്‍ സമാധാനവും പട്ടിണിയും സഹവസിച്ചു. പിന്നെ കുന്നിന്‍ പുറത്തും താഴ്വരയിലും ഒരുപോലെ മുഴങ്ങുന്നത് വേദനയും വെല്ലുവിളിയും വെടിയുണ്ടയുടെ ശീല്‍ക്കാരവും മാത്രമായി.
എത്രയോ കൊല്ലങ്ങള്‍ക്കുശേഷം ബ്രിഗേഡിയര്‍ വര്‍ഗീസ് വന്‍ ലാല്‍ സാരിയെ ഓര്‍ത്തു. വെടിയുണ്ട കളിക്കോപ്പാക്കിയ ആ സുന്ദരി, രാഷ്ട്രീയത്തിന്റെ നിറവും സമാധാനത്തെപ്പറ്റിയുള്ള സങ്കല്പവും മാറിയപ്പോള്‍ ജയിലില്‍നിന്ന് വിടുതലായി. നാട്ടിനു പുറത്തുനിന്ന് കലാപം നിയന്ത്രിച്ചിരുന്ന ആളുകള്‍ അധികാരത്തിന്റെ തലപ്പത്തെത്തി. അതിലേക്കുള്ള യാത്രക്കിടയില്‍ സമാധാനത്തിന്റെ പേരില്‍ എത്തിയിരുന്ന സുരേന്ദ്രനാഥും മറ്റും പഴയ ലാവണങ്ങളിലേക്ക് തിരിച്ചയക്കപ്പെട്ടു. സുരേന്ദ്രനാഥ് പിന്നെ ഉയരങ്ങള്‍ കേറി; പഞ്ചാബ് ഗവര്‍ണര്‍ ആയിരിക്കേ, ഹിമാലയത്തിന്റെ ചരിവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചു. അതിനിടെ അദ്ദേഹത്തിന്റെ ധനസമ്പാദാനത്തെപ്പറ്റി ഉയര്‍ന്നിരുന്ന കിംവദന്തി ഒതുക്കാന്‍ മാധ്യമബന്ധത്തിനോ മലയാളി ഗുരുവിനോ മരണത്തിനു തന്നെയോ കഴിഞ്ഞില്ല.
(തേജസ്സില്‍ ജൂലൈ പതിനാറിന് പ്രസിദ്ധപ്പെടുത്തിയത്)
Monday, July 13, 2009
വേലിക്കകത്തെ അച്യുതാനന്ദന്‍ പുറത്ത്
പഴമക്കാര്‍ പറയുന്നതു പോലെ, ഭവിതവ്യത തന്നെ ബലവതി. ഇപ്പോള്‍ ഉണ്ടായിരിക്കുന്നതൊക്കെത്തന്നെ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ കാര്യത്തില്‍ ഭവിതവ്യത. “ഞാന്‍ അന്നേ പറഞ്ഞില്ലേ, ഇങ്ങനെയേ കലാശിക്കൂ,” എന്നു പറഞ്ഞ് സര്‍വജ്ഞപീഠത്തില്‍ ഞെളിയുകയല്ല. വരാനിരുന്ന ചുവന്ന സംഭവങ്ങളുടെ കറുത്ത നിഴലുകള്‍ കണ്ണു തുറന്നിരിക്കുന്നവര്‍ക്കെല്ലാം നേരത്തേ കാണാമായിരുന്നതേ ഉള്ളു.
അച്ചടക്കമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്പിന്റെ നിദാനവും രഹസ്യവും. പണ്ടുപണ്ട് ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മിലുണ്ടായ സമരത്തിലെ ഒരു പ്രശനം ഇതായിരുന്നു: കഠിനമായ അച്ചടക്കം വേണമോ അയഞ്ഞ പാര്‍ട്ടി വേണമോ? ലെനിന്‍ ബോള്‍ഷെവിക്കുകളുടെ ഒപ്പം ചേര്‍ന്നു. മറുചേരിയിലുണ്ടായിരുന്ന ട്രോട്സ്കിക്ക് പിന്നീട് വന്ന ദുര്‍ഗ്ഗതി പഴയ ചരിത്രം. എന്നേ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, ശത്രുക്കള്‍ സദാ വലയം ചെയ്തിരിക്കുമ്പോള്‍ ഉള്ളൊതുക്കം വേണം, ഇല്ലെങ്കില്‍ രക്ഷയില്ല.
അതുകൊണ്ടുതന്നെ, വര്‍ഗ്ഗശത്രുക്കള്‍ കാട്ടുന്ന ദ്രോഹത്തെക്കാള്‍ ഘോരമാകുന്നു സഖാക്കളുടെ അച്ചടക്കലംഘനം. അച്യുതാനന്ദന്‍ പോലും ഇക്കാര്യം ഊന്നിപ്പറയും, നടപടി നേരിടുന്നത് അദ്ദേഹമല്ലെങ്കില്‍. അച്ചടക്കലംഘനത്തിലും വലുതല്ല ഒരു പാതകവും. അഴിമതിയോ അച്ചടക്കലംഘനമോ കൂടുതല്‍ ഗുരുതരമെന്നു ചോദിച്ചാല്‍, ഉത്തരം പറയാതെത്തന്നെ വ്യക്തം. ഇവിടെയാണെങ്കില്‍, അങ്ങനെ ഒരു ചോദ്യമേ വന്നില്ല. അഴിമതി ഇല്ലെന്ന് പൊളിറ്റ് ബ്യൂറോ നേരത്തെ വിധിച്ചതാണല്ലോ.
പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ അഴിമതി കാണിച്ചിട്ടില്ല, കവിഞ്ഞാല്‍ എന്തെങ്കിലും നടപടിക്രമം തെറ്റിച്ചിരിക്കാം, എന്നതാണ് പൊളിറ്റ് ബ്യൂറോവിന്റെ പ്രാചീനമായ സമീപനം. അച്യുതാനന്ദന്‍ കൂടി ഉള്‍പ്പെട്ട സി പി എം സംസഥന സെക്രട്ടേറിയറ്റ് അങ്ങനെ തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന വാദം ശരിയായാലും അല്ലെങ്കിലും, പൊളീറ്റ് ബ്യൂറോ വിജയന് സ്വഭാവസാക്ഷ്യപത്രം നല്‍കിയതോടെ, ഒരു പാര്‍ട്ടിക്കാരനും വേറൊരു നിലപാട് എടുക്കാന്‍ അര്‍ഹതയില്ലാതായി. അഴിമതിയെപ്പറ്റി നാട്ടുകാരും പാര്‍ട്ടിക്കാരും തമ്മില്‍, പാര്‍ട്ടിക്കാരും സി ബി ഐക്കാരും തമ്മില്‍, ഭിന്നാഭിപ്രായം ഉണ്ടാകാം; പക്ഷെ പാര്‍ട്ടിക്കാര്‍ തമ്മില്‍ അങ്ങനെയൊന്നില്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചത് അച്യുതാനന്ദന്റെ ധീരത. ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്കാരെ കിട്ടാത്തത് അദ്ദേഹത്തിന്റെ അന്തിമമായ പരാജയം. നല്ലൊരു ചെങ്കൂട്ടം അദ്ദേഹത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍, അച്ചടക്കത്തെപ്പറ്റിയും ലംഘനത്തെപ്പറ്റിയും ദ്വന്ദ്വാത്മകമായ തിയറി അവതരിപ്പിച്ച്, വിപ്ലവത്തിന്റെ ചിത്രം മറിച്ചു വരക്കാമായിരുന്നു.
അച്യുതാനന്ദനു സുഖിക്കുന്ന മട്ടില്‍, വിജയനെ വീഴ്ത്തുമെന്ന് അവസാന നിമിഷം വരെയും വാര്‍ത്ത പ്രചരിപ്പിച്ചിരുന്നവര്‍ ഒന്നോര്‍ത്തില്ല: വിജയനെ വീഴ്ത്തിയാല്‍, തുടക്കം മുതലേ അദ്ദേഹത്തെ താങ്ങിനിര്‍ത്തിയിരുന്നവരും ഒപ്പം വീഴും. അങ്ങനെ സ്വയം റദ്ദാക്കുന്ന ഒരു പൊളിറ്റ് ബ്യൂറോ ഏതോ നിരര്‍ത്ഥകനോവലിലെ സ്ഥാപനകഥാപാത്രം മാത്രമേ ആകൂ. പൊളിറ്റ് ബ്യൂറോയെ അപ്പാടെ തള്ളിപ്പറയുന്ന കേന്ദ്രക്കമ്മിറ്റി കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. അങ്ങനെയൊന്നുണ്ടാകുമ്പോള്‍ പാര്‍ട്ടി കീഴ്മേല്‍ മറിയും. പാര്‍ട്ടി എന്നും ജയിച്ചിട്ടേയുള്ളു. ചുരുങ്ങിയത് അതാകണം വിശ്വാസം.
പൊളിറ്റ് ബ്യൂറോ പാര്‍ട്ടിയുടേതാക്കിയ അഭിപ്രായം അച്യുതാനന്ദന്‍ കൈക്കൊണ്ടില്ല എന്നു മാത്രമല്ല, താന്‍ തന്റെ വഴിക്ക് എന്നു തോന്നുന്ന മട്ടില്‍ പെരുമാറുകയും ചെയ്തു. മലയാള കവിത പാടിക്കേട്ടിട്ടില്ലാത്ത പിണറായി വിജയന്‍ ഒന്നാന്തരമൊരു ഉര്‍ദു ശേര്‍ ഉദ്ധരിച്ചത് ആ പശ്ചാത്തലത്തിലായിരുന്നു. കടലിലെ തിരയിളക്കം കുടത്തിലേക്ക് വെട്ടിവീഴ്ത്താന്‍ പറ്റില്ലെന്ന് വിജയനോളമെങ്കിലും വി എസ്സിന് അറിയാം. എന്നിട്ടും അദ്ദേഹം കടലിനെക്കാള്‍ വലുതാകുകയാണെന്ന് ആര്‍ക്കൊക്കെയോ ഭ്രമചിന്ത ഉണ്ടായി. ശരിയായാലും തെറ്റായാലും, പാര്‍ട്ടി പറഞ്ഞിടത്ത് നിന്നാലേ പാര്‍ട്ടിക്കാരന്, അണിക്കും നേതാവിനും, നിലനില്പുള്ളു. നേരത്തേ സ്ഥാപിച്ചതുപോലെ, പ്രശ്നം ധാര്‍മ്മികതയല്ല, പ്രശ്നം അച്ചടക്കമാകുന്നു, അച്ചടക്കലംഘനമാകുന്നു. എന്നെന്നും മറ്റാരെക്കാളുമേറെ അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണം അദ്ദേഹത്തിനു തന്നെ, ഇതാ, കൃപാണമായിരിക്കുന്നു.
പ്രകാശ് കാരാട്ട്, തന്റെ അക്കാദമിക പ്രതിഭയെല്ലാം വിനിയോഗിച്ച്, ലാവലിന്‍ ഫയലുകള്‍ പരിശോധിച്ച്, സര്‍വം ഭദ്രം എന്ന നിഗമനത്തില്‍ എത്തിയതു മുതല്‍ വിജയന്റെ വഴി ക്ലിയര്‍ ആയിരുന്നു. വിജയനെതിരെ പറയാമായിരുന്ന ഒരേ ഒരു കാര്യം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളത്തിലിറക്കിയ കൂട്ടുകെട്ടിന് നേതൃത്വം നല്‍കിയെന്നും, ഒരു പക്ഷെ, അച്യുതാനന്ദനെ ഇടക്കും തലക്കും ചൊടിപ്പിക്കുന്ന വാക്കുകള്‍ പറയുകയും നീക്കങ്ങള്‍ നടത്തുകയും ചെയ്തുവെന്നാകും. അതൊഴിച്ചാല്‍, അച്ചടക്കമുള്ള നല്ല കുട്ടി തന്നെ വിജയന്‍. അങ്ങനത്തെയൊരാള്‍ക്കെതിരെ എങ്ങനെ നടപടി എടുക്കാന്‍? അടവിന്റെയും നയത്തിന്റെയും സാധ്യത നോക്കുമ്പോള്‍, സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയില്‍ പിടി നന്നേ മുറുക്കിയിരിക്കുന്ന അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാതിരിക്കുകയാവും വിപ്ലവബുദ്ധി.
പ്രായത്തിലും രാഷ്ട്രീയപരാജയത്തിലും അച്യുതാനന്ദന്‍ ഏറെ മുന്നോട്ടെത്തിയിരിക്കുന്നു. ഇനി മുന്നില്‍ തുറന്ന വഴി അധികം നീളുന്നില്ല. ഏതു നിറമുള്ള ഓന്തായാലും, ഓടിയാല്‍ എവിടെ വരെ എത്തുമെന്ന് അറിയുന്നതുകൊണ്ടാകണം, ഡല്‍ഹിയില്‍ എത്തിയതു മുതല്‍ അച്യുതാനന്ദന് ജീവിതം ഒരു ബോറ് ആയതുപോലെ തോന്നി. യോഗത്തിനു വൈകിച്ചെന്നതും, പിന്നെ പോകാതിരുന്നതും ഒക്കെ, അതുകൊണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ഒടുവില്‍ രക്തസമ്മര്‍ദ്ദം കൂടിയതുകൊണ്ട് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവോ, വിട്ടുനില്‍ക്കാന്‍ വേണ്ടി രക്തസമ്മര്‍ദ്ദം ഉണ്ടായോ എന്നൊരു ഉല്‍്പ്രേക്ഷയുടെ അവസരം ഇതല്ല. പക്ഷെ അത്തരം എന്തെങ്കിലും പ്രയാസം ഇനിയും ഉണ്ടാകുകയും, മുഖ്യമന്ത്രിപദം വഹിക്കാന്‍ വയ്യാത്ത ഭാരമായിത്തീരുകയും ചെയ്യാവുന്നതേ ഉള്ളു.
ജയിച്ചുനില്‍ക്കുന്ന വിജയനും പാര്‍ട്ടിക്കും അതാകും ഹിതം. പക്ഷെ ആരും ആരെയും നിര്‍ബ്ബന്ധിക്കാതെ വേണം ജയിക്കുന്നവര്‍ക്കു സുഖിക്കുന്ന തിരക്കഥ എഴുതാന്‍. പിന്നെ അച്യുതാനന്ദനാണെങ്കില്‍, ചുമ്മാ എല്ലാം അങ്ങനെ ഇട്ടെറിഞ്ഞുപോകാനും പറ്റില്ല. മുഖ്യമന്ത്രിയായി തുടരാനാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. അത് ലംഘിച്ചാല്‍ വീണ്ടും അച്ചടക്കലംഘനമാകും. സത്യസന്ധമായ ആ ഒഴിവുകഴിവില്‍, “എന്റെ പാര്‍ട്ടിക്ക് എന്നെ തിരുത്താം” എന്നു വിളംബരം ചെയ്തുകൊണ്ട് മുഖ്യമന്ത്രിപദം വഹിച്ചുകൊണ്ടുപോകുകയും ചെയ്യാം. അതായിരിക്കും അദ്ദേഹത്തെ നമ്പിക്കൊണ്ടു നില്‍ക്കുന്നവരുടെ താല്പര്യം. അവരില്‍ പലരും, പേടിച്ചോ പുതിയ തുരുത്ത് തേടിയോ, വഴി മാറാന്‍ തുടങ്ങിയിരിക്കും.
വിജയന് ഇനി വില്ലുകുലച്ചു മുന്നേറാം. എതിരാളി വീണിരിക്കുന്നു. ഒരു അക്ഷൌഹിണിപ്പട മുഴുവന്‍ പിന്നില്‍ നിരന്നിരിക്കുന്നു.
അഴിമതിയെന്ന് സി ബി ഐ തെറ്റിയെഴുതിയത് മ്ലേഛമായ ഒരു രാഷ്ട്രീയാരോപണം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ മാത്രമല്ല, പാര്‍ട്ടി ഒന്നടങ്കം തീര്‍പ്പ് കല്പിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ഒന്നിനും വിഷമം വരില്ല, നമുക്ക് പാടാം, സഖാക്കളേ, മുന്നോട്ട്--
കോടതിയിലേക്ക്, ബൂര്‍ഷ്വ കോടതിയിലേക്ക്.
(ജുലൈ പതിമൂന്നിന് മലയാളമനോരമയില്‍ പ്രസിദ്ധീകരിച്ചത്)

Subscribe to:
Posts (Atom)