Monday, June 6, 2011

ഓർമ്മകൾ പുറത്താകുമ്പോൾ

പേർഷ്യയിലെ സൈറസ് ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയെല്ലാം പേർ ഓർമ്മയുണ്ടായിരുന്നു. റോമൻ പടത്തലവൻ ലൂഷ്യസ് സ്കിപ്പോവിന് നാട്ടുകാരുടെ മുഴുവൻ പേരും ഓർക്കാൻ കഴിഞ്ഞിരുന്നു. അക്ഷരശ്ലോകമത്സരത്തിൽ താനും മറ്റുള്ളവരും അപ്പപ്പോൾ കെട്ടിയുണ്ടാക്കിയ കവിതകളെല്ലാം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയിൽ തങ്ങിനിൽക്കുമായിരുന്നു. കൈക്കുളങ്ങര രാമ വാര്യർ ഒരിക്കൽ വായിച്ചുനോക്കുന്ന കൃതി പിന്നീട് എപ്പോൾ വേണമെങ്കിലും അക്ഷരം പ്രതി ഉദ്ധരിക്കുമായിരുന്നു. പത്തു വയസ്സിൽ പഠിച്ച വേദം എഴുപതു കൊല്ലത്തിനുശേഷവും എന്റെ അഛൻ ഏറെ പിഴക്കാതെ ഉരുവിടുമായിരുന്നു. അങ്ങനെയൊന്നും ഓർത്തിരിക്കേണ്ട കാര്യം എനിക്കില്ല.

പലവട്ടം ഉരുവിട്ടോ ആവർത്തിച്ചെഴുതിയോ, ഓരോന്നങ്ങനെ ഓർമ്മയിൽ കരുതിവെക്കേണ്ട കാര്യമില്ല. വിരലൊന്നമർത്തിയാൽ ഓർക്കേണ്ടതും ഓർക്കേണ്ടാത്തതും ഇപ്പോൾ ഒരുപോലെ മുന്നിൽ തെളിയുന്ന സ്ഥിതിയായിരിക്കുന്നു. വലുത്താക്കുകയും ചെറുതാക്കുകയും ചെയ്യാവുന്ന രൂപങ്ങളും രേഖകളും അക്ഷരകോടികളും കയ്യിലൊതുങ്ങുന്നതോ മേശപ്പുറത്തു സ്ഥാപിക്കുന്നതോ ആയ വെള്ളിത്തിരയിൽ ഇഷ്ടപ്പെട്ട നിറത്തിൽ തെളിഞ്ഞുവരുന്നു. വേണ്ടപ്പോൾ വായിക്കാം; വേണ്ടെങ്കിൽ വേറൊരവസരത്തിൽ വായിക്കാനായി തൽക്കാലം മായ്ച്ചുകളയാം. ഇനി ഓർമ്മയുടെ ഭാരം മുഴുവൻ ഉള്ളിൽ കൊണ്ടുനടക്കേണ്ട. നമ്മുടെ സ്വന്തമെന്നു കരുതിയ, കൈവിടാൻ വയ്യെന്നു കരുതിയ ഓർമ്മ പൂർണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു. നിഷ്കൃഷ്ടമായി, സംസ്കൃതീകരിച്ചു പറഞ്ഞാൽ, ഓർമ്മ ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. സൂക്ഷിച്ചു പറയണം, ബഹിഷ്കരിക്കപ്പെടുകയല്ല, ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ സ്ഥിതി കണ്ടു പേടിച്ചിട്ടാകണം, ഓർമ്മയെപ്പറ്റി, ഓർമ്മക്ക് ആക്കം കുട്ടുന്ന വഴികളെപ്പറ്റി, ഒരു പുസ്തകവുമായെത്തിയിരിക്കുന്നു ജോഷ്വ ഫോയെർ എന്നൊരു ചെറുപ്പക്കാരൻ പത്രപ്രവർത്തകൻ. അമേരിക്കയിൽ ഓർമ്മമത്സരത്തിൽ പടി പടിയായി പങ്കെടുത്തു ജയിച്ചുകൊണ്ടിരിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്റെ പുസ്തകം വമ്പിച്ച രീതിയിൽ വിറ്റഴിയുന്നുവത്രേ. ഓർമ്മയുടെ ബാഹ്യവൽക്കരണത്തെച്ചൊല്ലിയുള്ള സാംക്രമികമായ ഭീതിയും അതിന്റെ അത്ഭുതകരമായ വില്പനക്കു നിദാനമാകാം. ഓർമ്മ കൂട്ടാനുള്ള പല വഴികളും ചർച്ച ചെയ്യുന്നതാണ്, ഐൻസ്റ്റീനോടൊപ്പം നിലാവിൽ ഉലാത്തുമ്പോൾ, എന്ന് അർഥം വരുന്ന തലക്കെട്ടോടുകൂടിയ ആ പുസ്തകം. നമ്മുടെ ബ്രഹ്മി ചേർത്ത മരുന്നുകളെപ്പറ്റി അതിൽ പരാമർശമില്ലെങ്കിൽ, അതിനെപ്പറ്റി വായിച്ചറിയാൻ പ്രായമായിട്ടില്ല ജോഷ്വക്ക് എന്നു കരുതിയാൽ മതി.

മനുഷ്യൻ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഓർമ്മയന്ത്രംകൊണ്ട് സാധിക്കുന്നത് ചില്ലറ കാര്യമല്ല. തമ്പുരാന്റെയോ വാര്യരുടെയോ പ്രതിഭയും അധ്വാനവുമില്ലാതെത്തന്നെ, അവർ ഓർത്തെടുത്തിരുന്ന ശ്ലോകങ്ങൾ കയ്യിലൊതുങ്ങുന്ന കമ്പ്യൂട്ടറിൽ ഒന്നമർത്തിയാൽ വരി വരിയായി പുറത്തെടുക്കാം. തമ്പുരാനും വാര്യരും, അവരെപ്പോലെത്തന്നെ സൈറസ് ചക്രവർത്തിയും ലൂഷ്യസ് സ്കിപ്പോവും, ഒരു തരം ശ്രുതിസംസ്ക്കാരത്തിന്റെ പ്രയോക്താക്കളായിരുന്നു. പറയുക, കേൾക്കുക, കേട്ടതോർത്ത് പറയുക--ഭാഷയുടെ സാധ്യത അവിടെ ഒതുങ്ങിയിരുന്നപ്പോൾ ഓർമ്മയായിരുന്നു നിലനില്പിന്റെ അടിസ്ഥാനം. ഇലയിലും ഇഷ്ടികയിലും ചെപ്പേടിലും ഓലയിലും കടലാസിലും ഉരുവിടുന്നതെല്ലാം കുറിച്ചുവെക്കാമെന്നായപ്പോൾ, ഉള്ളിൽ എല്ലാം കൊണ്ടു നടക്കണമെന്ന വ്യഥ ഒഴിവായി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അതായിരുന്നു ഓർമ്മയുടെ ബാഹ്യവൽക്കരണത്തിന്റെ ആദ്യത്തെ പ്രധാനപദം. മനുഷ്യന്റെ മസ്തിഷ്കത്തെക്കാൾ എത്രയോ ചെറിയ ഒരു യന്ത്രത്തിൽ എത്രയോ മസ്ത്ഷ്കങ്ങൾക്ക് ഓർത്തുവെക്കാൻ കഴിയാത്ത വിവരം ഒതുക്കിവെക്കാമെന്നായതോടെ ഓർമ്മിക്കുന്ന മനുഷ്യന്റെ പ്രാമാണ്യം പോയി. ഓർമ്മ തലയിൽ പേറി നടക്കാതെ, കീശയിലോ സഞ്ചിയിലോ ഒതുക്കിക്കെട്ടി കയ്യും വീശി പോകുന്ന മനുഷ്യൻ കേമനായി.

തമ്പുരാന്റെയോ വാര്യരുടെയോ ഓർമ്മയുടെ കേമത്തം ഞാൻ കണ്ടറിഞ്ഞതല്ല. പക്ഷേ ഓർമ്മ അഛനിലും മറ്റു പലരിലും വാണരുളുന്നത് ഞാൻ കണ്ടിരിക്കുന്നു. കാൽ നൂറ്റാണ്ടായി കാണാത്ത ഒരാളെ കാണുമ്പോൾ, പേരെടുത്തു വിളിച്ച് അയാളെ അത്ഭുതപ്പെടുത്താൻ ഓർമ്മ എന്നെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ആരെയെങ്കിലും പേരെടുത്തു വിളിച്ചുനോക്കൂ, അയാൾക്ക് പ്രത്യേകം സന്തോഷമാകും, തന്റെ പേരും
ഓർക്കപ്പെടാവുന്നതാണെന്ന് അയാൾ അഭിമാനിക്കും. എപ്പോഴെങ്കിലും കണ്ടിട്ടുള്ള ഒരാളുടെ പേർ പിന്നീട് അയാളുടെ മുമ്പിലിരുന്ന് തപ്പുന്നതാണ് അനാദരം.
ഓർമ്മയില്ലായ്മ അപ്പോൾ ഓർമ്മ പതറുന്നയാളുടെ പോരായ്മയായല്ല, ഓർക്കപ്പെടാതെ പോകുന്നയാൾ സഹിക്കുന്ന അവഗണനയായി മാറുന്നു.

ഓർമ്മയില്ല്ലാത്തവരെ ഞാൻ എത്രയോ കണ്ടിരിക്കുന്നു. കാലത്തിന്റെ കലവറയിൽനിന്ന് എന്തെങ്കിലും ഓർത്തെടുത്തു പറഞ്ഞുവരുമ്പോൾ, തപ്പിത്തടഞ്ഞ്, “ഓർമ്മ നിൽക്കുന്നില്ല” എന്നു തന്നെത്തന്നെ ശപിക്കുന്ന കാരണവരുടെ ദൈന്യം അന്നൊന്നും അത്ര സാരമായെടുത്തിരുന്നില്ല. ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കുഴപ്പം കാരണം ബോധം നഷ്ടപ്പെട്ട് ആറുകൊല്ലം കിടന്ന റൂസ് വെൽറ്റിന്റെ പ്രശ്നം ഓർമ്മയുടെ പ്രശ്നമായിരുന്നില്ല. അന്തപ്പനായിരുന്നുവെന്നു തോന്നുന്നു ഓർമ്മ തകർന്ന നിലയിൽ ഞാൻ ആദ്യം കണ്ട ആൾ. കപ്പൽ നിർമ്മാണശാലയിൽ എഞ്ചിനീയറായിരുന്ന അന്തപ്പന്, അദ്ദേഹം തന്നെ രൂപകല്പന ചെയ്ത വീടിന്റെ ഭൂമിശാസ്ത്രം പോലും തിരിയാതായി, ഓർമ്മയില്ലായ്മ വഷളായപ്പോൾ. അന്തപ്പന് ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ അടിക്കാൻ ഓങ്ങുന്ന കൈ എന്തിനു പൊങ്ങിയെന്ന് ഓർക്കാത്തതുകൊണ്ട് അടിക്കാതെ പോകുമായിരുന്നു. പിന്നീടു വായിച്ചറിഞ്ഞു, അതിനെക്കാൾ എത്രയോ കുറവാ‍ണ് ക്ലൈവ് വെയറിംഗ് എന്ന പേരു കേട്ട ബ്രിട്ടിഷ് സംഗീതശാസ്ത്രജ്ഞന്റെ ഓർമ്മത്തുണ്ടിന്റെ നീളം. അദ്ദേഹത്തിന്റെ ഒരോർമ്മയും ഒരു സെക്കന്റിലേറെ നീളുന്നില്ല പോലും. ഒരു സെക്കന്റിനെക്കാൾ സ്ഥായിയെന്നു പറയാവുന്ന വിചാരം എന്തെങ്കിലുമുണ്ടെങ്കിൽ, അത് ക്ലൈവിന്റെ സംഗീതത്തെപ്പറ്റിയും ഭാര്യ ഡെബോറയെപ്പറ്റിയുമായിരിക്കും. അവിടെയൊക്കെ ഓർമ്മ ബാഹ്യവൽക്കരിക്കപ്പെടുകയല്ല, തർക്കപ്പെടുകയാണെന്നു കാണാം. ബുദ്ധിനാശത്തിന്റെ മൂർദ്ധന്യമായി ഗീത കണക്കാക്കുന്ന സ്മൃതിവിഭ്രമം അല്ലെങ്കിൽ സ്മൃതിഭ്രംശം അതു തന്നെയാണോ?

അവരുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഓർമ്മയന്ത്രം ഉപകരിക്കുന്നില്ല. കണ്ണട വെച്ചാൽ കാഴ്ചയും, ഇയർഫോൺ വെച്ചാൽ കേൾവിയും മെച്ചപ്പെടുന്നുണ്ട്. ഹൃദയത്തിന്റെ താളം ശരിപ്പെടുത്താൻ പേസ് മേക്കർ ഉണ്ട്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഒരു തരം അരപ്പട്ട ഉണ്ട്. അതുപോലെ ക്ലൈവ് വെയറിംഗിന്റെ ശിഥിലമായ ഓർമ്മയെ ക്രമീകരിച്ചെടുക്കുന്ന യന്ത്രം ഇതുവരെ ഉണ്ടായിട്ടില്ല. താമസിയാതെ അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തന്നെ കരുതണം. ഓർമ്മ മുഴുവനും തകരാറിലായിരിക്കയണെങ്കിലും, കീശയിലോ മേശപ്പുറത്തോ സഞ്ചിയിലോ ഒതുക്കിവെച്ചിട്ടുള്ള ഓർമ്മയന്ത്രത്തിൽ വിരൽ അമർത്താനുള്ള ഓർമ്മ ശേഷിച്ചിട്ടുള്ളവർക്ക് എന്തും ഏതും ഓർത്തെടുക്കാവുന്ന സ്ഥിതി ആവും. അവിടെ ഓർമ്മ മെച്ചപ്പെടുത്താനുള്ള അഭ്യാസങ്ങളൊന്നും വേണ്ടി വരില്ല. പക്ഷേ എന്തും ഏതും എന്നു പറഞ്ഞാൽ ശരിയാകുമോ?

തലയിൽ സൂക്ഷിക്കുന്ന ഓർമ്മയും കീശയിലെ യന്ത്രത്തിൽ ഒതുക്കിയിരിക്കുന്ന ഓർമ്മയും ഒരു പോലെയാകുമോ? തലയിൽ മങ്ങിയും മിന്നിയും വിളങ്ങുന്ന ഓർമ്മ തിരിച്ചറിവാണ്, വികാരമാണ്. അത് ഒരു തുടർച്ചയാണ്, ഒടുക്കമോ തുടക്കമോ ഇല്ലാത്ത തുടർച്ച. അമ്മ ശാസിച്ചതും ദേവാലയത്തിൽ നമസ്കരിച്ചതും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ മുടിയിഴ പറന്ന് തന്റെ കവിളിൽ വീണതും യൂദാസിനെ വെറുത്തതും--അതൊക്കെ ഓർമ്മയായി തലയിൽ തിളങ്ങുന്നു, ഓർമ്മിക്കുന്നയാളുടെ ഭാവം നിർണയിക്കുന്നു. ആ ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും പറ്റിയുള്ള വിവരമെല്ലാം ഓർമ്മയന്ത്രത്തിൽ
പകർത്തിവെക്കാൻ പറ്റും. പക്ഷേ അതെല്ലാം പേർത്തെടുത്താൽ, അവയുടെ സവിശേഷമായ സംഘാതത്തിൽനിന്നുളവായ അനുഭൂതി വീണ്ടും യന്ത്രികമായി സൃഷ്ടിക്കാൻ പറ്റുമോ? പറ്റില്ല. ആ പുനസ്സൃഷ്ടിയാണ് ഓർമ്മ. ആ
ഓർമ്മയാണ് വ്യക്തിത്വം. മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓടിയെത്തി ഉണർത്തുന്ന ആ ഓർമ്മയുടെ മരണം ആരെയും ആരും അല്ലാതാക്കുന്നു. അതുകൊണ്ടായിരിക്കും ഓർമ്മയില്ലായ്മ പരമമായ ദൈന്യമായി പലരും കണക്കാക്കുന്നു. ഓർമ്മയുടെ മരണം ഏറ്റവും ഭയാനകമായ അവസ്ഥയായി മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ ചിത്രീകരിക്കപ്പെട്ടതോർക്കുന്നു.

ജോഷ്വ ഫോയറിന്റെയോ ഓർമ്മപ്പെരുക്കത്തിനുള്ള തന്ത്രം തേടുന്ന മുതിർന്ന ഗവേഷകരുടെയോ ഉപദേശമില്ലാതെത്തന്നെ ചില നേരങ്ങളിൽ ചില മനുഷ്യർ ഓർമ്മയെ വിളക്കിയെടുക്കുന്നതു കാണാം. കരിമ്പുഴ രാമചന്ദ്രൻ എന്ന കവിയും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നു. അര നൂറ്റാണ്ട് തമ്മിൽ കാണാതെയും
കേൾക്കാതെയുമിരുന്നിട്ട് ഒരു ദിവസം രാമചന്ദ്രൻ എന്നെ വിളിച്ചു. വീട്ടിൽ വരുത്തി ഊണു തന്നു. ഓർമ്മകളിൽ അര നൂറ്റാണ്ടിന്റെ പഴക്കം കഴുകിപ്പോകുകയായിരുന്നു. കീശയിലെ ഓർമ്മയന്ത്രത്തിനു കഴിയുമെന്നു തോന്നുന്നില്ല, പുനസ്സൃഷ്ടിക്കപ്പെട്ട അനുഭവം, നിസ്സരമായ സംഭവം--പിണങ്ങിയതും പന്തയത്തിൽനിന്നു പിന്മാറിയതും പല്ലു പൊന്തിയ മാഷെപ്പറ്റി ആരോ എന്തോ പറഞ്ഞതിന് ഞങ്ങൾക്ക് അടി കിട്ടിയതും--
വാർദ്ധക്യത്തിൽ ബാല്യത്തിന്റെ ചേതന ഉണർത്തി. കുചേലനെ കാണാൻ ചെന്ന കൃഷ്ണനായി എന്നെ അവതരിപ്പിച്ച്, “ഗോവിന്ദൻ കുട്ടി, ഹേ, ഞാൻ, വിളിയിതു ഗുരുവായൂരിൽനിന്നോർമ്മയുണ്ടോ....?” എന്നു തുടങ്ങുന്ന ഒരു സ്രഗ്ധര രാമചന്ദ്രൻ ഉള്ളു തുറന്നുചൊല്ലിയപ്പോൾ, ഓർമ്മയിൽ കർപ്പൂരം കലരുകയായിരുന്നു. കമ്പ്യൂട്ടറിൽ പകർത്താൻ വയ്യാത്ത ഒരു തരം ഓർമ്മക്കർപൂരം!

(malayalam news june 6)