Tuesday, December 1, 2009

ഓർമ്മയിൽ ഒരു ചമ്മൽ

വാക്കു മാറുന്നത് നന്നല്ല. മനസ്സോ? ഒറ്റുകൊടുപ്പിനുശേഷം മനസ്സു മാറിയ ഒരാൾ തൂങ്ങിച്ചത്തു. വേറൊരാൾ, ഗുരുവിനെപ്പറ്റിയുള്ള ആദ്യധാരണ തെറ്റെന്നു കണ്ടപ്പോൾ, ഉമിത്തീയിൽ ചാടി കവിത ചൊല്ലി. അതിനൊന്നും പോകാതെ, പക്ഷേ, മനസ്സു മാറുമ്പോൾ ചമ്മുന്ന എത്രയോ പേരെ നാം ദിവസവും കാണുന്നു. അതുപോലൊരു ദിവസമായിരുന്നു 1992ലെ ഡിസംബർ ആറ്. അന്നത്തെ ചമ്മലിന്റെ ഓർമ്മ പുതുക്കിയിരിക്കുന്നു പതിനേഴു കൊല്ലത്തെ തപസ്സിനുശേഷം ലിബർഹാൻ കമ്മിഷൻ.

മിക്ക ഞായറാഴ്ചകളും പോലെ അന്നും വാർത്ത വിറ്റ് നിത്യവൃത്തി കഴിക്കുന്നവർക്ക് ദുരിതമായിരുന്നു, ഉച്ചവരെ. ഉച്ചതിരിഞ്ഞപ്പോൾ അയോധ്യയിൽ വാർത്ത പൊട്ടി. ബ്യൂറോയിലെ മാഥുർ വിളിച്ചുപറഞ്ഞു: “എല്ലാം തീർന്നു. മുകളിലിരുന്ന് അവർ മേടുന്നത് ടിവിയിൽ കാണാം.” എഡിറ്റർ ചാവ്‌ള കല്പിച്ചു: “നമുക്കൊരു മുഖപ്രസംഗം വേണം. ഒന്നാം പേജിൽ. എഴുതൂ.”

എഴുതി. കമ്പോടുകമ്പ് വിശേഷണം കേറ്റി ഒരു കീച്ച്. സമൂഹരോഷം തലമുറകളിലൂടെ ഒഴുക്കുന്നതിനെതിരെ ഒരു അട്ടഹാസം. അതെഴുതേണ്ടിയിരുന്ന കാർലേക്കർ ഞായർമയക്കത്തിലായിരുന്നു. തിങ്കളാഴ്ച കണ്ടപ്പോൾ ഇടംകൈകൊണ്ട് പുറത്തു തട്ടി. പലരും അത്ഭുതത്തോടെ നോക്കി. ചിലർ മനം മാറ്റത്തിന്റെ വേരുകൾ തേടി. ഓമനിച്ചിരുന്ന വിചാരം വലിച്ചേറിയുമ്പോഴത്തെ വ്യഥയുടെ രംഗങ്ങൾ കണ്ടു അടുത്ത ദിവസങ്ങളിൽ.

അയോധ്യയിൽ അന്നു നടന്നത് നടന്നുകാണാനായിരുന്നു ബിജെപിക്കാരുടെ ആഗ്രഹം. ആഗ്രഹം നിറവേറ്റാൻ യത്നിക്കുന്നതാണ് യുക്തി. ആ യത്നത്തിന്റെ ഭാഗമായി ഞാനറിയുന്ന ശാന്തിക്കാരൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പോലും തൃശ്ശൂരിൽനിന്ന് അയോധ്യക്കു പോയി. ഝാൻസിയിൽ പൊലിസ് തടഞ്ഞപ്പോൾ മടങ്ങിപ്പോന്നു. അതിനുമുമ്പ് അവിടത്തെ ജയിലിൽ പാർപ്പിക്കാൻ അഡ്വാനിയെ കൊണ്ടുചെന്നിരുന്നെന്ന് ഉണ്ണിക്കൃഷ്ണൻ അറിഞ്ഞില്ല.

അയോധ്യയിൽ ആൾക്കൂട്ടം ഒപ്പിച്ച പണിയെ ആദ്യം എല്ലാവരും അപലപിക്കുകയായിരുന്നു. അഡ്വാനി പോലും. പാർലമെന്റിലും പുറത്തും അന്നൊക്കെ കേട്ടത് അവർ അവരുടെ ആഗ്രഹത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാൻ മടിക്കുന്നതിന്റെ ശബ്ദമായിരുന്നു. പിന്നെപ്പിന്നെ ഉശിരായി. പേടിച്ചപോലെയൊന്നും നാട് കത്തിയില്ല. ജയിലിൽനിന്ന് അഡ്വാനി സ്വന്തം കൈപ്പടയിൽ എഴുതിയ ലേഖന പരമ്പര ഞങ്ങൾ കൊണ്ടാടി. സാംസ്ക്കാരികദേശീയതയുടെ മുൻ വെളിച്ചത്തിൽ അയോധ്യ വീണ്ടും വിലയിരുത്തപ്പെട്ടു. വരാനിരുന്ന ഉത്തരേന്ത്യൻ തിരഞ്ഞെടുപ്പുകളെപ്പറ്റി പറയുന്ന കൂട്ടത്തിൽ, ഒരിക്കൽ കൂടി മനസ്സു മാറിയ എഡിറ്റർ പ്രവചിച്ചു: “ഫലം കഴിഞ്ഞ ഡിസംബർ ആറിന് തീർച്ചയായല്ലോ.” അതേ, പക്ഷേ, വിപരീതമായിട്ട്.

മനസ്സ് പെട്ടെന്നു മാറ്റേണ്ടിവരുമ്പോൾ ആത്മാവിന്റെ ഒരംശം നശിക്കും. ഭൂമി ഉരുണ്ടതാണെന്നു കാണുമ്പോൾ, പിതൃഭൂമി പട്ടുപോകുമ്പോൾ, കണ്ടതെല്ലാം പൊയ്യാണെന്നു കൊണ്ടറിയുമ്പോൾ, അപ്പോഴൊക്കെ, ആ നാശം സംഭവിക്കും. അങ്ങനെയൊരു സംഭവത്തിന്റെ ഓർമ്മ ഒന്നുകൂടി പുതുക്കാൻ ഉതകി ലിബർഹാന്റെ വ്യായാമം. എന്തിനിനി അതൊക്കെ ഓർത്തിരിക്കുന്നു എന്നാണ് മൊയ്ദീൻ മാഷുടെ മകൻ അബ്ദുൾ ലത്തീഫിന്റെ ചോദ്യം. ദോഹയിൽനിന്ന് എനിക്കുവേണ്ടി എടുത്ത ഒരു മണിക്കൂർ ഫോൺ ക്ലാസ് ലത്തീഫ് പഴയൊരു തിരുമൊഴിയോടെ അവസാനിപ്പിച്ചു: “തർക്കഭൂമിയിൽ പ്രാർത്ഥന പാടില്ല.”

(മനോരമയിൽ ഡിസംബർ ഒന്നിന് മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)