Monday, January 2, 2012

ഒരു വർഷവും ദുരന്തചിന്തകളും

ഇക്കൊല്ലം എല്ലാം തീരും. മൃത്യമായി പറഞ്ഞാൽ, 2012 ഡിസംബർ 21, അല്ലെങ്കിൽ 23. അന്ന് ലോകം അവസാനിക്കും. അതാണ് മയദർശനം.

മധ്യ അമേരിക്കയിൽ കൃസ്തുവിനുമുമ്പ് പുഷ്ടിപ്പെട്ടുവന്നതായിരുന്നു മയസംസ്കാരം. നമ്മൾ പുഷ്പകവിമാനത്തിന്റെ ഓർമ്മ അയവിറക്കുന്നതു പോലെ, മെക്സിക്കോവിലെയും മറ്റും ആളുകൾ ഇപ്പോഴും അവരുടെ മയസംസ്ക്കാരത്തിന്റെ പഴമ ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഉത്തര അമേരിക്കയെ വെറുക്കുന്ന കൂട്ടർ മയസംസ്കാരത്തിന്റെ പ്രണേതാക്കളെ പുകഴ്ത്തിയും അമേരിക്കയെ അപലപിച്ചും അരങ്ങു തകർക്കുന്നതു കാണാം.

നമുക്ക് മന്വങ്ങളും കല്പങ്ങളും ഉണ്ടായിരുന്നതു പോലെ, ആ പ്രാചീനർക്ക് അവർക്ക് അവരുടേതായ കാലഗണന ഉണ്ടായിരുന്നു, വിശദമായി കണക്കു കൂട്ടി തയ്യാറാക്കിയ മയപഞ്ചാംഗം ഉണ്ടായിരുന്നു. അതനുസരിച്ച് 2012ന്റെ അവസാനം ഒരു കാലഘട്ടത്തിന്റെ അവസാനമാകുന്നു. ആ കാലഘട്ടത്തിന്റെ അവസാനം ലോകം അവസാനിക്കും. അല്ലെങ്കിലോ, ഒരു നവയുഗം ആരംഭിക്കുകയും ചെയ്യും. പോരേ പൂരവും പ്രവചനവും?

ഒന്നുകിൽ തോൽക്കും അല്ലെങ്കിൽ ജയിക്കും എന്ന മട്ടിലുള്ള പ്രവചനത്തെ പരിഹസിക്കരുത്. പണ്ടേതോ മയമാനസങ്ങളീൽ തെളിഞ്ഞുവന്നതാണ് ആ ഗണിതവും നിഗമനവും. ഇന്നും ആ പ്രവചനത്തിന്റെ വിശ്വാസ്യതയെയും ഭയാനകതയെയും പറ്റി അവിടവിടെ ചർച്ച നടന്നുകൊണ്ടിരിക്കുന്നു. ലോകം അവസാനിക്കുന്നുവെന്ന ചിന്ത എപ്പോഴും ചർച്ച ചെയ്യേണ്ടതാണല്ലോ.

ഞാൻ ഓർക്കുന്നു, ആദ്യമായി ഞാൻ കേട്ട ലോകാവസാനപ്രവചനം അറുപതുകളിലായിരുന്നു. നെഹ്രുവും അദ്ദേഹത്തിന്റെ ശാസ്ത്രീയബുദ്ധിയും വിപണിയിൽ വിറ്റഴിയുന്ന കാലം. Scientific Temper ഇല്ലാത്തവരെ കളിയാക്കിത്തള്ളുന്നതായിരുന്നു ധൈഷണിക ഫാഷൻ. ആധ്യാത്മിക രാഷ്ട്രീയത്തിലേക്ക് ആളുകൾ ഇറങ്ങിയതും ഒന്നോ രണ്ടോ വിള എടുത്തതും പിന്നീടായിരുന്നു. ലോകം അവസാനിക്കുന്നു എന്നു പ്രവചിച്ച ചിലർ രക്ഷാമാർഗ്ഗവും തേടി ഏതോ കുന്നിൻ മുകളിൽ പാർപ്പുറപ്പിച്ചു. നെഹ്രുവാകട്ടെ, തീൻ മൂർത്തി ഭവനിലും സെക്രട്ടേറിയറ്റിലും റോബർട് ഫ്രോസ്റ്റിന്റെ ഈരടി ഉരുവിട്ടും സോഷ്യലിസത്തിന്റെ മുദ്രാവാക്യങ്ങൾ മനസ്സിൽ കുറിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നോട്ടു പോയി.

വാസ്തവത്തിൽ നെഹ്രുവിന്റെ നിലപാടായിരുന്നു ശരി. ലോകം അവസാനിച്ചില്ലെന്നു മാത്രമല്ല, അതിന് തരിമ്പും ആപത്തു പറ്റിയതുമില്ല. അന്നത്തെ ദുരന്തപ്രവാചകരുടെ ചിന്തയുടെ രണ്ടു വശങ്ങൾ രസകരമായിരിക്കുന്നു. ലോകം എന്നാൽ ഇന്ത്യയെന്നോ ഭൂമിയെന്നോ മാത്രമേ അവർ കരുതിയിരുന്നുള്ളുവെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ മനുഷ്യർക്ക്--ഏറിയാൽ മൃഗങ്ങൾക്കും പക്ഷികൾക്കും മരങ്ങൾക്കും കൂടി--ഉണ്ടാകാൻ പോകുന്ന നാശത്തെപ്പറ്റി മാത്രം അവർ ആലോചിച്ചത്. പാറകളും പുഴകളും മരുഭൂമികളും മാന്തോപ്പുകളും അതൊന്നുമില്ലാത്ത ഊഷരതകളും അവയെ ഉൾക്കൊള്ളുന്ന ഗോളാന്തരങ്ങളും അവരുടെ ചിന്തയിൽ അപ്പോൾ പെട്ടില്ല. ബ്രഹ്മാണ്ഡത്തിലെ ഗോളങ്ങളും അണ്ഡങ്ങളും ചതുരങ്ങളും കോണങ്ങളും തമ്മിലടിച്ചുതകരുമെന്ന് അഷ്ടഗ്രഹസംയോഗക്കാരും കാര്യമായി ഭയപ്പെട്ടിരുന്നില്ല.

ലോകാവസാനക്കാരുടെ മറ്റൊരു വിഡ്ഢിത്തം ഇപ്പോഴും ചിരി പടർത്തുന്നു. അവസാനിക്കുന്ന ലോകത്തിൽനിന്ന് രക്ഷപ്പെടാൻ ചിലർ നടത്തുന്ന ഗോഷ്ഠികൾ നോക്കൂ. കുന്നിൻ പുറത്തായാൽ രക്ഷപ്പെടുമോ? കുന്ന് ലോകത്തിൽ പെടുകയില്ലേ? പഴമൊഴി
ഓർമ്മയില്ലേ, പുര വിഴുങ്ങുന്ന ഭൂതം വന്നാൽ, വാതിൽ ചാരി മറഞ്ഞിരിക്കുക. അതുപോലെ, ഒടുങ്ങുന്ന ലോകത്തിൽനിന്നു തടി തപ്പാൻ അതിന്റെ മൂലയിൽ ഒരു മലയിൽ കയറിയിരിക്കുക. പ്രവചനക്കാരുടെ ഓരോ തമാശ എന്നല്ലാതെ എന്തു പറയാൻ. നാരായണമേനോൻ അത് പണ്ടേ നന്നായി പറഞ്ഞു വെച്ചു:
ഇരുണ്ടലച്ചാർത്തിടുമാഴിയിങ്കൽ/എങ്ങാണ്ടു വെള്ളിപ്പത കൂടി നിൽക്കേ/ ഉച്ചൈശ്രവസ്സെന്നു നിനച്ചു കേറി/കൂടാൻ കൊതിപ്പൂ നിലയറ്റ മർത്യൻ.

തിരയുടെ പത കണ്ട് ദേവാശ്വമാണെന്നു മോഹിച്ച് ചാടിക്കേറാൻ നിൽക്കുന്ന നിലയറ്റ മനുഷ്യന്റെ മണ്ടത്തരം അന്നെന്ന പോലെ എന്നും തുടർന്നു പോകുന്നു. അതിനു പശ്ചാത്തലമൊരുക്കിക്കൊണ്ട്, പുതിയ പുതിയ ദുരന്തപ്രവചനങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഭാവി പ്രവചനം തൊഴിലാക്കിയിട്ടുള്ളവർക്കും പ്രവചനം വഴി ജനസ്വാധീനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്കും സൌകര്യം എപ്പോഴും ദുരന്തപ്രവചനം ആയിരിക്കും. ശുദ്ധ ഭോഷ്കായാലും, അതിന് ഒരു തരം വിശ്വാസ്യത ഉണ്ടായിരിക്കും. ഓർത്തുനോക്കൂ, നന്മ നേരുന്നവരെ നമ്മൾ കാര്യമായെടുക്കാറില്ല. “സൂക്ഷിക്കണം, ആപത്ത് നിങ്ങളുടെ നിഴലായി നടക്കുന്നു“ എന്നു മുന്നറിയിപ്പു
നൽകുന്നയാളെയാണ് നമുക്ക് കൂടുതൽ ബഹുമാനം. “നിങ്ങൾക്ക് അസുഖമൊന്നുമില്ല” എന്നു പറയുന്ന വൈദ്യനെ നമ്മൾ പുഛിക്കും; “അയ്യോ, സംഗതി അല്പം ഗൌരവമാണല്ലോ, എന്തേ ഇത്ര നേരം വൈകിയത്?” എന്നു ചോദിക്കുന്ന ഡോക്റ്ററാണ് നാമ്മുടെ ഹീറോ. അതുകൊണ്ട്, പ്രവചിക്കുന്നെങ്കിൽ ദുരന്തം പ്രവചിക്കണം.

ലോകാവസാനപ്രവചനം, സമഗ്രമായോ ഭാഗികമായോ, അവിടവിടെ നടക്കാറുണ്ട്. ശാസ്ത്രം കൊണ്ടും സാങ്കേതികവിദ്യകൊണ്ടും പകിട കളിക്കുന്നവരും അവരുടേതായ പ്രവചനക്കളികളിൽ മുഴുകാറുണ്ടല്ലോ. ഓർമ്മയില്ലേ, പതിനൊന്നു കൊല്ലം മുമ്പ്, നമ്മൾ പുതിയൊരു സഹസ്രാബ്ദത്തിലേക്കു കടക്കുന്ന നേരത്ത്, എന്തൊക്കെയോ വഴി മുട്ടിയോ തെറ്റിയോ പോകുമെന്നു പേടിച്ചു കഴിയുകയായിരുന്നു ലോകം മുഴുവൻ. കഴിഞ്ഞ സഹസ്രാബ്ദത്തിലെ സംഖ്യകൾക്ക് അനുരോധമായി ചിട്ടപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറുകൾ, ആ ക്രമം പൊടുന്നനവേ മാറുമ്പോൾ, അന്ധാളിച്ചു പോകുമെന്നായിരുന്നു പേടിയും യുക്തിയും. 1999 എന്ന സംഖ്യ മാറി 2000 വരുമ്പോൾ, അതിനൊപ്പിച്ച് കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാതായാൽ, കമ്പ്യൂട്ടറുകളെ ആശ്രയിച്ചു നടക്കുന്ന ജോലിയെല്ലാം മുടങ്ങുകയോ കുളമാവുകയോ ചെയ്യാം. വിമാനങ്ങൾ നിൽക്കാം, ശമ്പളത്തിന്റെ കണക്ക് തെറ്റാം, ശസ്ത്രക്രിയക്കിടയിൽ ശസ്ത്രം നീങ്ങാതെയാകാം, അങ്ങനെ അങ്ങനെ....ചെറിയൊരു ദുരന്തമായിരുന്നില്ല എല്ലാവരും ശാസ്ത്രീയമായി ഭയന്നത്. പക്ഷേ ഭയന്നൊതൊന്നും നടന്നില്ല. ലോകം പഴയ പോലെ മുന്നോട്ടു പോയി--കമ്പ്യൂട്ടറുകൾക്ക് പേടിയില്ലാത്തതുപോലെ.

കഴിഞ്ഞ കൊല്ലം ദുരന്തപ്രവചനവുമായി വന്നവരിൽ പ്രമുഖൻ പി ജെ ജോസഫ് തന്നെ. ഇടക്ക് ഭയാക്രാന്തനായി പെരുമാറിയിരുന്ന ജോസഫ് തൽക്കാലം ശാന്തനായിയെന്നത് ശരി തന്നെ. പക്ഷേ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളത്തിൽ നടക്കാനിരിക്കുന്നുവെന്ന പ്രവചനവുമായി അവതരിച്ച ജോസഫിന്റെ ദൌത്യം കണ്ടില്ലെന്നു നടിക്കാ‍ൻ വയ്യ. അണ പൊട്ടുകയും എഴുപതു ലക്ഷം ആളുകൾ ചാവുകയും ചെയ്യുമെന്ന് പ്രവചിച്ച അദ്ദേഹത്തിന്റെ ഒപ്പം ചിന്തിച്ചിരുന്ന ചിലർ മാറിയിരിക്കുന്നു. അണയൊന്നും മുല്ലപ്പെരിയാറിൽ കെട്ടേണ്ടതില്ലെന്നും കേരളം ഉടനേ ഒലിച്ചുപോകുമെന്ന ഭീതി വേണ്ടെന്നും ശാസ്ത്രസാഹിത്യ പരിഷദ് ഉൾപ്പടെ ചില സംഘടനകൾ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കേരളാവസാനത്തെപ്പറ്റിയുള്ള ചിന്തകൾക്ക് പാര പണിഞ്ഞിരിക്കുകയാണ് പഹയന്മാർ. മടിച്ചു മടിച്ചു നിൽക്കുന്ന ശാസ്ത്രജ്ഞന്മാർ മുല്ലപ്പെരിയാറിനെപ്പറ്റി പരസ്യമായി ഒന്നും പറയാതിരുന്നപ്പോൾ ജോസഫ് എന്ന ദുരന്തപ്രവാചകന് ഉഷാറായി. അതിൽ മഞ്ഞു വിതറുന്നതു പോലെയായി ശാസ്ത്രസാഹിത്യപരിഷദിന്റെ അഭിപ്രായം.

ജോസഫിന് കസാൻഡ്രയുടെ കൂട്ടു പിടിക്കാം. തികഞ്ഞ ദുരന്തപ്രവാചകയായിരുന്നു കസാൻഡ്ര. അവർ പറഞ്ഞിരുന്നതെല്ലാം ശരിയായിരുന്നു. പ്രവചിച്ച ദുരന്തങ്ങളോരോന്നും സംഭവിച്ചു. പക്ഷേ, കസാൻഡ്ര പറഞ്ഞിരുന്ന നേരത്ത് ആരും അവരെ കാര്യമായെടുത്തില്ല, തരിമ്പും വിശ്വസിച്ചില്ല. ദുരന്തം സംഭവിക്കേണ്ടി വന്നു അവരുടെ പ്രവചനം ശരിയായിരുന്നുവെന്ന് തെളിയാൻ. ജോസഫും കരുതുന്നുണ്ടാവും, കസാൻഡ്രയെപ്പോലെ താനും വിശ്വസിക്കപ്പെടാത്ത പ്രവചനങ്ങളുടെ ഉടമയായല്ലോ. ജോസഫ് പ്രവചിച്ചതെല്ലാം തെറ്റായിരുന്നുവെന്നു തെളിയട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് നമുക്ക് പുതിയ കൊല്ലം, മയപഞ്ചാംഗം വെച്ചു നോക്കിയാൽ ലോകത്തിന്റെ അവസാനത്തെ കൊല്ലം, ആരംഭിക്കാം.
(malayalam news jan 2)