Tuesday, April 27, 2010

കാര്യവും കളിയും കളി തന്നെ

ഹിന്ദു പൊളി പറയില്ലാന്നാണ് പുരാണം. ഹിന്ദുഗണിതം വെച്ചുനോക്കിയാൽ, ഒരു കളി കാണാൻ നാല്പതിനായിരം രൂപ വരെ കൊടുക്കണം. അതേ, ക്രിക്കറ്റ് കളിയുടെ കാര്യം തന്നെയാണ് പറയുന്നത്. നാല്പതിനായിരം രൂപ കൊടുത്താൽ, കളി കാണുകയും രാത്രി കളിക്കാരുമായി കളി പറയുകയും ചെയ്യാമത്രേ. എന്തൊരു പുണ്യം!


ഒരു കളിക്ക് കടവല്ലൂർ പാടത്തെ കൊട്ടകയിൽ തറ ടിക്കറ്റിന് ഒരണ മതിയായിരുന്നു. ജീവിതനൌക കളിച്ചിരുന്ന കാലം. ദിവസം രണ്ടു കളികൾ. ഞായറാഴ്ച മാറ്റിനി. കൊട്ടകക്കാരൻ കോടീശ്വരനോ മോഡി ഈശ്വരനോ ആയോ എന്നറിയില്ല. ഇല്ലെന്നാണ് ഊഹം. ടിക്കറ്റിന്റെ ഒരണയോടൊപ്പം ഒരണ കൂടി കൂട്ടിയാൽ ഒരു കഷണം പുട്ടും ചായയുമായി. ചെറിയ തോതിൽ ഒരു പ്രാതൽ. പ്രാതൽ എന്ന വാക്കു മാത്രമല്ല ഭക്ഷണവും അന്ന് പ്രചാരത്തിൽ വന്നിരുന്നില്ല. പഴംകഞ്ഞിയെ പ്രാതൽ എന്നു വിളിക്കാമോ? ഇപ്പോഴാകട്ടെ, ഉച്ചക്കഞ്ഞി പോലും ഒരു വാക്കായി ഒതുങ്ങിയിരിക്കുന്നു. പത്തറുപതു കൊല്ലത്തിനുള്ളിൽ നമ്മൾ പ്രാതലിലേക്കും ഉച്ചച്ചോറിലേക്കും ഉച്ചച്ചപ്പാത്തിയിലേക്കും വളർന്നിരിക്കുന്നു. അതിനെക്കാൾ വലിയ വളർച്ചയാണ് നാല്പതിനായിരത്തിന്റെ ടിക്കറ്റുള്ള കളി.


ഈ വില വ്യത്യാസം പണപ്പെരുപ്പത്തിന്റെ ഭാഷയിൽ പറഞ്ഞുതീർക്കാവുന്നതല്ല. നേരായ വളർച്ചയായും അതിനെ കാണാൻ വയ്യ. അതിനെക്കാൾ എത്രയോ വലുതാണ് നാം കേൾക്കുന്ന ഈ കണക്ക്. ആളുകൾ പെട്ടെന്നങ്ങ് പണക്കാരാകുന്നു. പണം മാനത്തുനിന്ന് ഉണ്ടാകുന്നതല്ലെന്നാണ് പഴയ മൊഴി. മോഡി ഈശ്വരന്മാരുടെ പക്കലുള്ള പണം സ്വരൂപിക്കാൻ മാനത്തുനിന്ന് വീഴുന്നതു മുഴുവൻ പെറുക്കിക്കൂട്ടിയാലും മതിയാവില്ല. മോഡിയുടെ കാര്യം വിടൂ. അയാൾ അങ്ങു മുംബൈക്കാരൻ. ഈയിടെ നമുക്കൊരു വേണാടുവീരൻ ഉണ്ടായല്ലോ, കൊച്ചു പയ്യൻ, ശബരീനാഥ്, “രണ്ടുമൂന്നു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്ന“ മട്ടിൽ അയാൾ ഇരുട്ടിൽനിന്നു മാന്തിയെടുത്ത പണത്തിന്റെ കണക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അയാളുടെ ബിസിനസ്സിനെ ചില രസികന്മാർ വിളിച്ചത് ടോട്ടൽ തട്ടിപ്പ് എന്നായിരുന്നു.ഈ കോടീശ്വരന്മാരുടെ ഉത്ഭവം ഒരിക്കലും സമഗ്രമായി വ്യാഖ്യാനിക്കപ്പെടുകയില്ല. കഴിഞ്ഞ ആയിരത്താണ്ടിലെ പത്തു പണക്കാരുടെ കഥ സിന്തിയ എന്നൊരു മാധ്യമപ്രവർത്തക എഴുതിയതോർക്കുന്നു. ബിൽ ഗേയ്റ്റ്സ് മുതൽ മഹമൂദ് ഗസനി വരെ അവരിൽ പെടും. കഥയും കാര്യവുമായി സിന്തിയ എഴുതിയ പുസ്തകത്തിൽ പണക്കൊതി വളർത്തുന്ന മസ്തിഷ്ക്കകോശങ്ങളെപ്പറ്റിയും വിചിത്രമായ ധനാഗമമാർഗ്ഗങ്ങളെപ്പറ്റിയും പരാമർശമുണ്ട്. അത്രയേ ഉള്ളു. ധനത്തിന്റെ മസ്തിഷ്ക്കശാസ്ത്രം neuroeconomics എന്നറിയപ്പെടുന്നു. പണംകൊണ്ടു കളിച്ചു ജയിച്ച അലക്സാണ്ടർ ആറാമൻ മാർപ്പപ്പ തന്റെ അവിഹിതപുത്രികളെ വിറ്റും സ്വത്ത് ഉണ്ടാക്കിയിരുന്നുവത്രേ. സ്വത്തിന്റെ പിന്നിൽ എന്നും കുറ്റമുണ്ടായിരുന്നു എന്നത് പാഴ് മൊഴി അല്ലെന്നോ?


ഈ ധനസിംഹങ്ങൾ ഉയരുമ്പോൾ, ജനം അവരെ ആരാധിക്കുന്നു. അവരുടെ കഥ പാണന്മാർ പാടുകയും പത്രങ്ങളിൽ എഴുതുകയും ചെയ്യുന്നു. അവരുടെ കാറുകളെപ്പറ്റി, കാമുകികളെപ്പറ്റി, അവരുടെ കഴിവുകളെയും കസർത്തുകളെയും പറ്റി, പടിഞ്ഞാറൻ പാട്ടുകൾ പൊടി പൊടിക്കുന്നു. അവർ വീഴുമ്പോൾ, വീണ്ടും അത്ഭുതത്തോടെയും അസൂയ ചേർന്ന സന്തോഷത്തോടെയും, അതിനെപ്പറ്റി രാപകൽ കേട്ടുപറഞ്ഞു രസിക്കുന്നു. അവരുടെ ദിവ്യജനനത്തിനും പതനത്തിനും ഒരുപോലെ കാരണപുരുഷരായി പ്രവർത്തിച്ച അദൃശ്യരായ അധികാരവ്യാപാരികളുടെ അഭിനയം, പക്ഷേ, വേണ്ടത്ര ചർച്ച ചെയ്യപ്പെടാറില്ല. നമുക്ക് മുകൾപ്പരപ്പിലെ മഞ്ഞുകട്ടയിൽ തൊട്ടാൽ മതി, ആഴിക്കടിയിലെ ഭിമാ‍കാരമായ, ഘനീഭൂതമായ പാപം കാണണമെന്നില്ല.


നമ്മുടെ സംവാദത്തിലും നിറഞ്ഞുനിൽക്കുന്നത് മോഡീശ്വരന്മാർ തന്നെ. അവരുടെ വേഷം, അവരുടെ ഇഷ്ടം, അവരുടെ വഴി: അതാണ് നമുക്ക് കരണീയം. പണ്ടേ ഭർതൃഹരി പറഞ്ഞതാണ്: യസ്യാസ്തി വിത്തം സ: നര: കുലീന:, സ: ഏവ പണ്ഡിത: എന്നിങ്ങനെ. നമ്മുടെ ഹീറോ ഹീറോ ആകണമെങ്കിൽ ഒരു കോടിയെങ്കിലും പ്രതിഫലം വാങ്ങണമെന്നായിരിക്കുന്നു. മുപ്പതു-മുപ്പത്തഞ്ചു ലക്ഷത്തിൽ കൂടുതൽ കാണികൾ ഇല്ലാത്ത ഭാഷാസിനിമയിൽ, ഒരാൾക്കുതന്നെ കൂലിയായി ഒരു കോടി കൊടുക്കണമെന്നുവന്നാൽ, നിർമ്മാതാവ് എങ്ങനെ രക്ഷപ്പെടും? സിനിമ എങ്ങനെ പുലരും? എന്നിട്ടും ഹീറോ ആടുകയും പാടുകയും നിർമ്മതാവ് തൂങ്ങിച്ചാവാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ന്യൂറൊഇക്കോണമിക്സിൽ അല്ല, ധനശാസ്ത്രത്തിന്റെ ഇന്ദ്രജാലത്തിൽ കൂടുതൽ ഗവേഷണം വേണ്ടി വരും.


ഒരു കാലത്ത് മലയാളികൾ തമിഴരെ പരിഹസിച്ചിരുന്നു, അവരുടെ സിനിമയുടെ പേരിൽ. തമിഴന്റെ ഭാവുകത്വത്തിൽ യാഥാർഥ്യവിരോധം നിറഞ്ഞിരിക്കുന്നു എന്നായിരുന്നു നമ്മുടേ ആഢ്യമ്മന്യത. ഏഴു രാത്രികളും വിശപ്പിന്റെ വിളിയും രണ്ടിടങ്ങഴിയും വെള്ളിത്തിര തകർക്കുകയായിരുന്നു മലയാളത്തിൽ മൂന്നു പതിറ്റാണ്ടു മുമ്പ്. അന്ന് തമിഴിൽ രാജകുമാരന്മാരും വെണ്ണക്കൽമണ്ഡപങ്ങളും വളഞ്ഞുപിരിഞ്ഞ കോവണികളും കാണികളുടെ കണ്ണഞ്ചിപ്പിച്ചു. പക്ഷേ ഇപ്പോൾ പട്ടിണിയുടെ പാട്ടു പാടിയാൽ, മലയാളത്തിലും കേൾക്കാൻ ആളെ കിട്ടില്ല. ജനസാമാന്യത്തിന്റെ രുചിയെ സ്വാധീനിക്കുന്നത് അവർക്ക് അപ്രാപ്യമായ ശബളിമയും ധനികതയുമായിരിക്കുന്നു. വിപ്ലവത്തിൽ പോലും അങ്ങനെയൌരു മാറ്റം വന്നതു കണ്ടറിയാൻ ധൈര്യമുള്ളവരാണ് “കട്ടൻ ചായയെയും പരിപ്പു വടയെയും” തള്ളിപ്പറയുന്നത്. ഒരിക്കൽ സത്യസന്ധതയുടെയും ദരിദ്രതയുടെയും രൂപകമായിരുന്ന കട്ടനും വടയും കഴിച്ചിരുന്നാൽ വിപ്ലവം വാഴില്ലെന്ന തിരിച്ചറിവ് പുതിയ സംവേദനശീലത്തിന്റെ അടയാളമാകുന്നു, അന്തസ്സത്തയുമാകുന്നു.


പാവപ്പെട്ടവരെക്കൊണ്ട് പണക്കാരന്റെ വികലമായ അഭിരുചികൾ അനുകരിപ്പിക്കുന്നതാണ് വാസ്തവത്തിൽ പിന്തിരിപ്പത്തം. ആവശ്യമില്ലാത്ത സൌകര്യങ്ങൾ ഏർപ്പെടുത്തുന്നതും ഉല്പാദനച്ചിലവിന്റെ പല മടങ്ങ് വില ചുമത്തുന്നതും അതിന്റെ ഭംഗിയുണ്ടെന്നു പരക്കേ സമ്മതിക്കപെടുന്ന ഭാഗമാകുന്നു. പുതിയ ഫാഷനാകുന്ന വീടിന്റെ സൌകര്യങ്ങളും സാമഗ്രികളും നോക്കിയാൽ, മുന്തിയ ഭക്ഷണശാലകളിൽ വിളമ്പുന്ന പദാർഥങ്ങളുടെ വിലയും വൈദേശികത്വവും നോക്കിയാൽ ഈ പ്രവണത ഏറെക്കുറെ മനസ്സിലാകും. കൂടുതൽ, അയഥാർഥമായ, വില കൊടുക്കുകയും, ഉപയോഗിക്കാൻ അവസരം തീരെ കുറഞ്ഞ സൌകര്യങ്ങളും ഉല്പന്നങ്ങളും സ്വന്തമാക്കുകയും ചെയ്യുന്നതാണ് മാന്യതയുടെ മാനദണ്ഡം എന്ന വിശ്വാസമാണ് ആ പിന്തിരിപ്പത്തത്തിന്റെ സംഭാവന. ഇതാണ് വിപണിവൽക്കരണമെന്നും ആഗോളവൽക്കരണമെന്നുമൊക്കെ പറയുന്ന ലോകഗതിയുടെ ഒരു വശം. ചെറുതിന് സൌന്ദര്യം മാത്രമല്ല വിപണനസാധ്യതയും ഇല്ലാതാകുകയാണ്. വിഭവങ്ങളുടെ മുക്കാൽ പങ്കും ജനസംഖ്യയുടെ കാൽ പങ്കിനുവേണ്ടി വിനിയോഗിക്കുന്ന വികസനമാതൃക അതുവഴി ഒന്നുകൂടി ബലപ്പെടുകയാണ്.


പഴയ ഒരു സംഭാഷണം ഓർമ്മ വരുന്നു. ഉപഭോക്തൃപ്രസ്ഥാനം ഇന്ത്യയിൽ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഉപഭോക്തൃക്കമ്മിഷന്റെ ആദ്യത്തെ അധിപനാ‍യി ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. പക്ഷേ ആപ്പീസും അമ്പാരിയും ആയിരുന്നില്ല. അദ്ദേഹം നാടു ചുറ്റി കാര്യങ്ങൾ മനസ്സിലാക്കുന്നതിനിടയിൽ തിരുവനന്തപുരത്തും എത്തി. അന്ന് മാതൃഭൂമി എഡിറ്റർ ആയിരുന്ന മോനു നാലപ്പാടിന്റെ വീട്ടിൽ ഞങ്ങൾ ചലിർ ഉച്ചക്ക് ഉണ്ണാൻ കൂടി. ഉപഭോക്തൃനിയമത്തിന്റെ അർഥവും അക്ഷരവും ചർച്ചക്കു വന്നു. വിപണിയിലെത്തുന്ന സാധനങ്ങളും സേവനങ്ങളും മുന്തിയതാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. എന്തെല്ലാം സാധനങ്ങൾ? എന്തെല്ലാം സേവനങ്ങൾ?


പുതിയ ഫ്രിജ് കേടായാലോ? പുതിയ സൌന്ദര്യോല്പന്നംകൊണ്ട് തൊലിയിൽ പാണ്ടു വന്നാലോ? വിമാനത്തിൽ, പറഞ്ഞ പോലെ, സേവനം കിട്ടിയില്ലെങ്കിലോ? അങ്ങനെ പോയി പരാതികളും അന്വേഷണങ്ങളും. അതൊക്കെ ഉപഭോക്തൃനിയമത്തിന്റെ ബലത്തോടെ കേസ്സെടുക്കാവുന്നതാണെന്ന് ജസ്റ്റിസ് ഏറാടി പറഞ്ഞു. അതിനെക്കാൾ കുറഞ്ഞ, പക്ഷേ കൂടുതൽ ജനപ്രസക്തിയുള്ള, കാര്യങ്ങൾ ഉന്നയിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. റേഷൻ അരിയുടെ തൂക്കവും ഗുണവും പിഴച്ചാൽ കേസ്സെടുക്കാമോ? ആസ്പത്രിയിൽ ചികിത്സ വൈകുകയോ പിഴക്കുകയോ ചെയ്താൽ കേസ്സെടുക്കാമോ? ഒരിക്കലും നന്നാക്കാത്ത വഴിയുടെ പേരിൽ കേസ്സെടുക്കാമോ? അതിനും വഴിയുണ്ടെന്ന് ജസ്റ്റിസ് ഏറാടി ഒഴുക്കൻ മട്ടിൽ പറഞ്ഞു. നിസ്സാരമായ ഒരു ശസ്ത്രക്രിയയിൽ സാരമായ ക്ഷതം നേരിട്ട ഒരാൾക്ക് സർക്കാരിൽനിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാൻ അന്നത്തെ ഉപ്ഭോക്തൃക്കമ്മിഷൻ സഹായകമായില്ല എന്നത് വേറെ കാര്യം.

ഈ ഒടുവിൽ പറഞ്ഞ കാര്യങ്ങളൊന്നും മോഡി ഈശ്വരന്മാർക്ക് താല്പര്യമുള്ളതാവില്ല. കളിയായി പോലും അവർ ആ വക കാര്യങ്ങൾ
ചർച്ച ചെയ്യില്ല. അവർക്കിഷ്ടമില്ലാത്തത് സംസാരിക്കാൻ നമുക്കും താല്പര്യം കുറയും. ക്രിക്കറ്റും നാല്പതിനായിരത്തിന്റെ സീറ്റുമൊക്കെയാണ് നമുക്ക് ഹരം. ഇന്ത്യൻ പ്രീമിയർ ലീഗുകൊണ്ട് കേരളത്തിന് വലിയ കാര്യമൊന്നുമില്ലെന്നു പറഞ്ഞ തോമസ് ഐസക്കിനോട് യോജിക്കുന്നവരാവില്ല ദേശീയസംവാദത്തിന്റെ പല്ലവി നിശ്ചയിക്കുന്ന മേധാവികൾ.

(malayaaLam nyoosil somavaaram enna pamkthiyil Epril 26nu vannath)