Tuesday, August 9, 2011

ബെർലിൻ മുതൽ ബെർലിൻ വഴി ബെർലിൻ വരെ


പിണറായി വിജയനെ ഞാൻ പരിചയപ്പെട്ടിട്ടില്ല. തിരുവനന്തപുരത്തെയും
ന്യൂ ഡൽഹിയിലെയും മാർക്സിസ്റ്റ് പാർട്ടി കേന്ദ്രവുമായി ഞാൻ ഒട്ടൊക്കെ അടുത്തിടപഴകിയിരുന്ന കാലത്ത് വിജയന്റെ നേതൃത്വം വടക്കൻ കേരളത്തിൽ ഒതുങ്ങിയതായിരുന്നു. അകലെനിന്നു നോക്കിയപ്പോൾ, പാരുഷ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ പുളിച്ചുതികട്ടുന്നതു കണ്ടു. ഫയലിലായാലും പ്രസംഗവേദിയിലായാലും പദങ്ങൾ പലപ്പോഴും പൊള്ളുന്നതായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കോലാഹലം ഒഴിവാക്കാവുന്ന കാര്യം മറ്റൊരു വിധത്തിൽ പറയേണ്ടെന്നു തീരുമാനിച്ചിട്ടുതന്നെയാകും അദ്ദേഹത്തിന്റെ പ്രയോഗം. പൊള്ളിക്കാൻ തന്നെയാകും അദ്ദേഹത്തിന്റെ നിശ്ചയം.

അതോടൊപ്പം ഒന്നു കൂടി പറയണം. അർഥം പൊള്ളുന്നതാണെങ്കിലും അക്ഷരത്തിന്റെ ഉച്ചാരണത്തിൽ വികാരത്തിന്റെ വേലിയേറ്റവും വേലിയിറക്കവും പ്രതിഫലിക്കാതിരിക്കാൻ അദ്ദേഹം ശീലിച്ചിരിക്കുന്നു. ഉദ്ദേശിക്കപ്പെടുന്ന പാരുഷ്യത്തിനു ചേർന്നതാവില്ല പലപ്പോഴും അംഗവിക്ഷേപം. ശരീരചലനത്തിലും സ്വരത്തിന്റെ ആരോഹണത്തിലും അവരോഹണത്തിലും, അറിഞ്ഞോ അറിയാതെയോ, ഒരു തരം അക്ഷോഭ്യത അദ്ദേഹം നിലനിർത്തിപ്പോരുന്നു. പാർവതീപരമേശ്വരന്മാരെപ്പോലെ ചേർന്നിരിക്കുന്നതാകണം വാക്കും അർഥവും എന്നാണ് കാളിദാസമതം. പിണറായി വിജയന്റെ ഉച്ചരിക്കപ്പെടുന്ന വാക്കിന്റെ കാര്യത്തിൽ അതങ്ങനെയല്ലെന്നു തോന്നുന്നു. ഇത്ര സ്പഷ്ടമായും വേഗവും സ്വരവും ക്രമീകരിച്ചും സംസാരിക്കുന്നവർ കുറവാകും. സംസാരത്തിലെ ആ തെളിച്ചവും സ്വരത്തിൽ ഓളം വെട്ടാത്ത ആ പാരുഷ്യവും, അഭ്യാസത്തിന്റെ മികവ്‌ എന്ന നിലക്ക്, ഞാൻ ഏറെ ഇഷ്ടപ്പെട്ടു പോകുന്നു.

അതേ സമയം ഞാൻ ഇതു കൂടി മനസ്സിലാക്കുന്നു: പൂർവസൂരികളും സമകാലികരുമായ മറ്റു നേതാക്കളുമായി അദ്ദേഹം മികച്ച രീതിയിൽ പങ്കിടുന്ന വികാരമാണ് മാധ്യമങ്ങളോടുള്ള അക്ഷമ. മാധ്യമങ്ങളെ ഭർത്സിക്കുമ്പോൾ കൂടുതൽ ഭർത്സനം ന്യായീകരിക്കാവുന്ന വിധത്തിലുള്ള പെരുമാറ്റം അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം മനസ്സിലാക്കായ്കയല്ല. ഇഷ്ടമില്ലാത്തതും, ഒരു പക്ഷേ തെറ്റുമായ, വാർത്തകളെച്ചൊല്ലി അദ്ദേഹം ശുണ്ഠിയെടുക്കുമ്പോൾ, കൂടുതൽ ശണ്ഠക്ക് വഴിയൊരുങ്ങുന്നു. മുഖ്യമായും ശണ്ഠയാണല്ലോ മാധ്യമങ്ങളുടെ സൌരോർജ്ജം. കിട്ടുന്ന പാടേ അവർ അത് അകത്താക്കുകയും ഉഛ്വസിക്കുകയും ചെയ്യും. ചൂടാകുന്ന ഒരു നേതാവിനെ കിട്ടിയാൽ കുശാലായി. അദ്ദേഹത്തെ ചൂടാക്കിക്കൊണ്ടേയിരിക്കും; വാർത്ത ചൂടോടെ വന്നുകൊണ്ടേയിരിക്കും.

ഇതുമായി ചേർത്തു വായിക്കേണ്ടതാണ് വിമർശനം വെറുത്തും സ്വയംന്യായീകരണം പ്രമാണമാക്കിയും വളർന്നുവന്നിട്ടുള്ള മാധ്യമസംവേദനശീലം. ലോകവിമർശനമാണ് അവരുടെ മൌലികാവകാശം. അവരെ ആരെങ്കിലും വിമർശിച്ചുനോക്കട്ടെ, ആകാശം ഇടിഞ്ഞുവീഴുകയായി. ആ മനശ്ശാസ്ത്രം ഓർക്കാതെ, വേണ്ടതോ വേണ്ടാത്തതോ ആയ കാരത്തിന്, പാരുഷ്യം പുളിച്ചുവരുന്ന പ്രയോഗങ്ങൾ മാധ്യമങ്ങൾക്കെതിരെ എറിഞ്ഞാൽ നിലക്കാത്ത കല്ലേറിനേ അതു വഴി വെക്കുകയുള്ളു. ഇതും പിണറായി വിജയന് അറിയായ്കയല്ല. ശീലം കൊണ്ട് പറഞ്ഞുപോകുന്നുവെന്നേയുള്ളു.

ഒരു പത്രാധിപരെ പേരെടുത്തു വിളിച്ച് അടങ്ങിയൊതുങ്ങി കഴിയാൻ പറഞ്ഞതായിരുന്നു വിജയന്റെ ആദ്യത്തെ ആക്രമണം. അതു കേട്ടപ്പോൾ അധിപർക്കു കലി കേറി.
സർവതന്ത്രസ്വതന്ത്രരെന്നു കരുതുന്ന പത്രക്കാർ അടങ്ങിയൊതുങ്ങിക്കഴിയാൻ ഭാവമില്ലെന്നായി. ഒരാളുടെ പേരു പറഞ്ഞു വിളിച്ചാൽ ഇത്രയൊക്കെയേ വരാനുള്ളുവെന്ന് അവർ സമ്മതിച്ചില്ല. ഈ നിസ്സാരനായ എന്നെപ്പോലും ആരോ, ഒ ഭരതനാണെന്നു തോന്നുന്നു, ഒരിക്കൽ നിയമസഭയിൽ പേരെടുത്ത് ആക്ഷേപിച്ചതോർക്കുന്നു. ആക്ഷേപം എന്നു പറഞ്ഞാൻ അവർക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ഭർത്സിക്കുന്നുവെന്നേ
അർഥമുള്ളൂ.

മാധ്യമസിൻഡീക്കേറ്റ് എന്ന് വിജയൻ ഓമനപ്പേരിട്ടു വിളിക്കുന്നതിനും എത്രയോ മുമ്പ് അതിനെക്കാൾ മ്ലേഛമായ പല പേരുകളും കേട്ടിരിക്കുന്നു. സ്ഥിരമായ ഒരു പ്രിയപ്രയോഗം ഇതാ: “കൂലി എഴുത്തുകാർ.” “നീ ആർക്കൊക്കെ വേണ്ടിയാ എഴുതുന്നതെന്നൊക്കെ എനക്കറിയാം“ എന്ന് പരസ്യമായി തട്ടിമൂളിക്കാറുള്ള ഒരു വയോധികനെ നമുക്കറിയാം. “കൂലി എഴുത്തുകാർ“ എന്ന വിളി സഹിക്ക വയ്യാതെ ഒരിക്കൽ പ്രശസ്തകമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന് കെ ആർ ചുമ്മാർ ഒരിക്കൽ എന്നോടു ചോദിച്ചു: “ഗോവിന്ദൻ കുട്ടീ, നമ്മളൊക്കെ കൂലിക്കുവേണ്ടി എഴുതുന്നു. ഈ ദേശാഭിമാനിക്കാരോ, അവർ കൂലി വാങ്ങാതെ സൌജന്യസേവനം ചെയ്യുകയാണോ?” എല്ലാ ലേഖകരും പത്രം ചിട്ടപ്പെടുത്തിയ ചില ആദർശരേഖകൾക്കകത്തുനിന്നുകൊണ്ടേ എഴുതുകയുള്ളു. മറിച്ചൊരു സ്വാതന്ത്ര്യത്തെപ്പറ്റി വാചകമടിക്കുന്നത് വളയമില്ലാത്ത ചാട്ടത്തെപ്പറ്റി പറയുന്നതുപോലെയാണ്. വളയമില്ലെങ്കിൽ, ചാടിയാലും ചാടിയില്ലെങ്കിലും ഒരുപോലെത്തന്നെ.

ഏറ്റവും ഒടുവിൽ വിജയൻ ചൊടിച്ചത് ബെർലിൻ കുഞ്ഞനന്തൻ നായരുടെ സ്ഥാനത്തെപ്പറ്റി പത്രങ്ങൾ എഴുതിയതിനെപ്പറ്റിയാണ്. ബെർലിൻ പാർട്ടിയുടെ സ്ഥാപകാംഗം ആണെന്നും അല്ലെന്നും ചിലർ തർക്കത്തിനു തിരിഞ്ഞിരിക്കുന്നു. ഇതിനെ അപഹാസ്യമെന്നു പറഞ്ഞ് കൊടുമ്പിരി കൊള്ളാനൊന്നും വിജയൻ പോകേണ്ടിയിരുന്നില്ല. അത് അപഹാസ്യം തന്നെയാണെന്ന് ബെർലിനെ
അറിയുന്നവർക്കെല്ലാം അറിയാം. അറിയാത്ത എനിക്കുകൂടി ചിലതൊക്കെ അറിയാം. എന്റെ നിറം കാണുകയോ നാമം കേൾക്കുകയോ ചെയ്യാത്ത ബെർലിൻ ഒരിക്കൽ എനിക്ക് പാർട്ടി വാർത്ത തന്നത് പി ഗോവിന്ദ പിള്ളയാണെന്ന് പറഞ്ഞു പരത്തി. പി ജി ഒരു ഘട്ടത്തിൽ സി ഐ എ ഏജന്റായിരുന്നുവെന്നും കൂട്ടിയടിച്ചു. രണ്ടാമത്തെ കാര്യം അന്വേഷിച്ചറിയാനുള്ള പ്രാപ്തി എനിക്കില്ല. ആദ്യത്തെ വിഷയത്തിൽ, അല്പം ആധികാരികതയോടെ ഞാൻ പറഞ്ഞു, പി ജി എനിക്ക് പാർട്ടിക്കാര്യം ചോർത്തിത്തന്നിട്ടില്ല. നിർബ്ബന്ധമാണെങ്കിൽ പറയാം, എന്റെ വിവരത്തിന്റെ ഉറവിടം മാക്കിനേനി ബസവപ്പുന്നയ്യ ആയിരുന്നു. എന്തുകൊണ്ടൊ, അദ്ദേഹത്തിന് എന്നെ ഒട്ടൊക്കെ ഇഷ്ടമായിരുന്നുവെന്നു തോന്നുന്നു.

ഇങ്ങനെ ഒരു വിശദീകരണം കൊടുക്കുന്നതിനുമുമ്പേ ബെർലിൻ എന്ന പേരു കേട്ടാൽ ഞാൻ ചിരി തുടങ്ങുമായിരുന്നു. എന്റെ ചെറുപ്പകാലത്ത് ബെർലിനെ ഞാൻ കമ്യൂണിസ്റ്റ് പത്രപ്രവർത്തകർക്കിടയിലെ ഇംഗ്ലിഷ് ലേഖകരിൽ പ്രമുഖനായി കണ്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആത്മകഥയിലെ അവകശവാദം കേട്ടപ്പോൾ ചിരി തുടങ്ങി. നാല്പതുകളുടെ ഒടുവിൽ ഇന്ത്യൻ വിപ്ലവം വഴി മുട്ടി നിന്നപ്പോൾ, സ്റ്റാലിന്റെ ഉപദേശം തേടാൻ ഒരു നാൽവർ കൂട്ടം മോസ്കോവിലേക്കു പോയിരുന്നു. കെ ജി ബിയുടെ സഹായത്തോടെ ഒരു മുങ്ങിക്കപ്പലിൽ കൊൽക്കത്തയിൽനിന്നു പോയ അവരെ യാത്രയാക്കിയത് ബെർലിനും നിഖിൽ ചക്രവർത്തിയും കൂടിയായിരുന്നുവത്രേ. നിഖിൽദാ ഇപ്പോഴില്ല. നാൽവരും മൺമറഞ്ഞു, സാധാരണ സഖാക്കളെപ്പോലെ. അപ്പോൾ പിന്നെ വാർത്തയുടെ ഉറവിടം ബെർലിൻ മാത്രം. ഉറവിടം ഒന്നുമാത്രമായ വാർത്ത അപ്പാടെയങ്ങു വിശ്വസിക്കരുതെന്നാണ് ഞാൻ പഠിച്ച പത്രപ്രവർത്തനത്തിന്റെ ആദ്യപാഠം.

അങ്ങനെ തമാശക്കഥ കൊരുക്കുന്ന ബെർലിനെ ഹീറോ ആക്കുന്നതു കാണുമ്പോൾ പലരും ചിരിക്കും, വിജയൻ ചൊടിക്കും. ചൊടിച്ചാൽ സംഗതി കൂടുതൽ വഷളാകുമെന്നു മാത്രം. ബെർലിനെ മാധമങ്ങൾ വാഴ്ത്തിയിരിക്കാം. പക്ഷേ ബെർലിനെ വാഴ്ത്തി, ഇപ്പോൾ അദ്ദേഹം കരിതീച്ചു കാണിക്കുന്ന പാർട്ടിയെ ആക്രമിക്കാൻ കൂപ്പുകൂട്ടിയിറങ്ങുകയാണ് മാധ്യമങ്ങൾ എന്ന വിജയന്റെ അനുമാനം എന്നാലും പാളിപ്പോയി. മാർക്സിസ്റ്റ് പാർട്ടിയെ തിരഞ്ഞിട്ടും വളഞ്ഞിട്ടും ആക്രമിക്കുകയാണ്
ബൂർഷ്വാമാധ്യമങ്ങളുടെ സുചിന്തിതപദ്ധതിയെന്ന പഴയ മൊഴിയുടെ തുടർച്ചയാണ് ഇത്.

ഇന്ത്യയിലെ ഒന്നൊന്നര സംസ്ഥാനത്ത് ഒതുങ്ങുന്ന ഒരു പാർട്ടിയെ വക വരുത്തുന്നത് ജീവൽപ്രശ്നമായി ഒരു മാധ്യമത്തിനും കരുതേണ്ടതില്ല. അന്നന്നത്തെ അഷ്ടിക്കു വക തേടി നടക്കുന്ന ലേഖകർക്ക് ബെർലിൻ ഒന്നു രണ്ടു ദിവസത്തെ വിനോദമായിരിക്കും. അതിന്റെ പേരിൽ വിജയൻ ചൊടിച്ചാൽ, വിനോദം ഇരട്ടിക്കും. ചൊടിക്കുന്നവരെ ചൊടിപ്പിച്ചു രസിക്കുകയാണല്ലോ മനുഷ്യസ്വഭാവം. രഹസ്യമാക്കിവെക്കാൻ ആരെങ്കിലും എവിടെയെങ്കിലും ശ്രമിക്കുന്നത് ചുഴിഞ്ഞെടുക്കുന്നതാണ് മാധ്യമശീലം. അതിൽ പലപ്പോഴും പിശകുണ്ടാകും. അത് പൊളിച്ചുകാണിക്കുന്നതിനു പകരം, മാധ്യമങ്ങളുടെ അജണ്ടയെ സംശയിക്കുകയും അവരോട് കെറുവിക്കുകയും ചെയ്താൽ, ഫലം വിപരീതമാകുകയേ ഉള്ളുവെന്നാണ് ചരിത്രത്തിന്റെ സാക്ഷ്യം.

(malayalam news aug 9)