Tuesday, September 1, 2009

കൊഞ്ചിക്കാന്‍ ഒരു മലയാളംചിരിക്കാന്‍ എനിക്കു മലയാളം വേണം. കരയാനും. എന്റെ മകന്റെ മലയാളം അറിയാത്ത മകളെ ഞാന്‍ കൊഞ്ചിക്കാറില്ല. കൊഞ്ചിക്കാന്‍ എനിക്കു മലയാളം വേണം. ഓണം വരുമ്പോള്‍ ആര്‍പ്പു വിളിക്കാനും, “വീരാ വിരാടാ കുമാരാ വിഭോ“ എന്ന കൈകൊട്ടിക്കളിപ്പാട്ടു കേള്‍ക്കാനും മലയാളം വേണം. ഇംഗ്ലിഷില്‍ കൈകൊട്ടിക്കളിയില്ല. എന്നിട്ടും, തരം കിട്ടുമ്പോഴൊക്കെ ഞാന്‍ എനിക്കു വഴങ്ങുന്നതോ വഴങ്ങാത്തതോ ആയ ഇംഗ്ലിഷ് കാച്ചുന്നു. ഇംഗ്ലിഷ് കാച്ചുമ്പോള്‍, എന്റെ ചുണ്ടു ചുളിയുന്നു, നാവു കുഴയുന്നു, കണ്ണു വിടരുന്നു.

ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇംഗ്ലിഷേ കാച്ചൂ. വിലകൂടിയ ഭക്ഷണം വിളമ്പുന്നയിടങ്ങളില്‍ ചെന്നാല്‍, മലയാളം നാണക്കേടാകും. പൊലിസായി കള്ളനെ പിടിക്കാനിറങ്ങുന്ന താരരാജന്‍ ഇംഗ്ലിഷിലേ പറയൂ: പോക്കറ്റടിക്കാരനോട് “You're under arrest!" എന്ന്, പൊലിസുകാരനോട് “Come on, moooove!" എന്ന്. വികാരം വരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും മലയാളം തിരിയില്ല. നിയമസഭയില്‍ അധ്യക്ഷന്റെ കസാലയില്‍ കേറിയാല്‍, പിന്നെ ആംഗലമേ വരൂ: Order, Order! ടെലവിഷനില്‍ “എഴുത്തച്ഛനെടുത്ത ഭാഷക്കണക്കു” കൊള്ളില്ല, ആംഗലഭംഗി തന്നെ വേണം. ക്വിസ് പരിപാടിക്കു വരുന്നവരെ കണ്ടിട്ടില്ലേ, ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഇടക്കും തലക്കും അവര്‍ ഓരോ OK കൊളുത്തിയിടും. ആളുകളെ തരം തിരിക്കാന്‍, ഒറ്റ വീര്‍പ്പില്‍ നാലു ഗണത്തിലായി, എട്ട് OK പറഞ്ഞിരുന്നു തോമസ് ഹാരിസ് എന്ന മനോരോഗചികിത്സകന്‍. ഒടുവിലത്തെ തരത്തില്‍ പെടുത്തിയവര്‍, തന്നെത്തന്നെ കൊല്ലാന്‍ കാത്തിരിക്കുന്നവരായിരുന്നു: I'm not OK, You're not OK."

ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കാനാണ് ഇപ്പോഴത്തെ ജ്വരം. പഠിപ്പിക്കുന്നതാണ് വലിയ വ്യാപാരം. സംസാരമാം സാഗരം പല തരം കാണാം: Spoken English, Communicative English, Professional English. എല്ലാം സംസാരം തന്നെ. തൊണ്ണൂറു മണിക്കൂറു കൊണ്ട് പഠിപ്പിച്ചുകൊടുക്കാമെന്നു പറയുന്നു ഒരു ബന്ധു. തൊള്ളായിരം മാസം കൊണ്ട് മലയാളം തന്നെ വിഷമം എന്നാണ് അനുഭവം. ഇപ്പോഴും ദീര്‍ഘം വേണോ ഹ്രസ്വം വേണോ എന്നു സംശയം വരുമ്പോള്‍, പന്മന രാമചന്ദ്രന്‍ നായരെ വിളിക്കും. ഭാഷയുടെ കാര്യത്തിലൊഴിച്ചാല്‍, ‘എന്റെ’ ദീര്‍ഘമായും ‘നിന്റെ’ ഹ്രസ്വമായും ഉപയോഗിക്കാമെന്നു വെച്ചിരിക്കുന്നു.

മലയാളം പറയരുത്; പറയുന്നെങ്കില്‍ തെറ്റിച്ചു പറയണം; പോത്തന്‍ ജോസഫിന്റെ വാക്ക് കടം കൊണ്ടാല്‍, ഭാര്യയെ മാനഭംഗപ്പെടുത്തുന്ന മട്ടില്‍ പറയണം. ഓണത്തെ ഓനം ആക്കണം. അങ്ങനെ പറയുന്നവര്‍ വാഴുന്നു, അങ്ങനെ പറയുന്നവരെ മാമുനിമാര്‍ വാഴ്ത്തുന്നു. അതാണ് പുതിയ മലയാളി ഭാവുകത്വം. ഞാന്‍ ഞാനാണെന്നു പറയാനുള്ള നാണമാണ് അതിന്റെ സ്ഥായീഭാവം. പരിഹസിക്കേണ്ടാ, ലോകം “ഇത്തിരി വട്ടം മാത്രം കാണ്മവര്‍, ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍” അല്ലാതാകുന്നു, ഒന്നായിക്കൊണ്ടിരിക്കുന്നു എന്നു അഭിമാനിക്കുക. അങ്ങാടിയില്‍ വില്പനക്കു വരാത്തതും പണം കൊണ്ടു വാങ്ങാന്‍ പറ്റാത്തതുമായ പഴഞ്ചന്‍ മലയാളിമൊഴി ഇനി ചിലവാവില്ല.

ആറായിരം ഭാഷകള്‍ അര നൂറ്റാണ്ടിനകം ഇല്ലാതാകും. മൂന്നു കോടി ആളുകള്‍ മുക്കുകയും മൂളുകയും ചെയ്യുന്ന മലയാളം അവയില്‍ പെടണമെങ്കില്‍ ഒരു സുനാമി തന്നെ വഴി വിട്ടു വരണം. പക്ഷേ രക്ഷപ്പെടുന്ന മലയാളവും മാറും. ഊണും ഉടുപ്പും കളിയും കുളിയുമെല്ലാം മാറിയില്ലേ? മാറാത്തതെന്തുണ്ട്? കവിഞ്ഞാല്‍, കൃഷ്ണന്റെ പീലിയും കലിക്കോലും പീതാംബരമാരാരും! പിന്നെ? പിന്നെയൊന്നുമില്ല. മലയാളം മാറുമ്പോള്‍, അക്ഷരവും ആംഗ്യവും ആംഗലീകരിക്കപ്പെടും. ഓണം വരുമ്പോള്‍, തോളു കുലുക്കി, ചുണ്ടു വിഴുങ്ങി, നമ്മള്‍ പറയും: ഓനം. പഴുത്തുപോയവര്‍ പറയുന്നെങ്കില്‍, സാരമില്ല, പറയട്ടെ: നമ്മുടെ അക്ഷരങ്ങളാണ് നമ്മള്‍, നമ്മുടെ ആംഗ്യങ്ങളാണ് നമ്മള്‍.

(മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ സപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ചത്)