Tuesday, April 14, 2015

ganga's son and his peccadilloes


april 14, 2015
സോമവാരം
ഗംഗയുടെ മകനും സ്ത്രീപീഡനവും
കെ ഗോവിന്ദൻ കുട്ടി

എന്റെയൊരു ഭാഗ്യം നോക്കൂ! കേരളത്തിൽ ഗീവർഗീസിന്റെയും ഇമാനുവലിന്റെയും സരിതയുടെയും സത്യവാചകം കൊഴുക്കുന്പോൾ ഞാൻ കാശിയിലായിരുന്നു. കാശിയിൽ എന്തോ കാരണത്താൽ "ലങ്ക" എന്നറിയപ്പെടുന്ന തിരക്കേറിയ സ്ഥലത്തേക്ക് കാർ ഇരച്ചുകയറ്റുന്പോൾ സാരഥി ജംഷേദ് പല്ലിളിച്ചുകൊണ്ടു പറഞ്ഞു: "കാശിയിൽ മോക്ഷവും മയക്കുമരുന്നും ആർക്കും എത്ര വേണമെങ്കിലും കിട്ടും."

ഞാൻ അയാളുടെ ഇളിച്ച പല്ലിന്മേലേക്കു നോക്കി. കറുത്തു തുരുന്പിച്ചിരിക്കുന്നു. ആർക്കും എവിടെയും കിട്ടുമെന്നു സൂചിപ്പിക്കപ്പെട്ട ആ മയക്കുമരുന്നു കലർന്നതായിരിക്കുമോ ജംഷേദിന്റെ പല്ലിൽ തേച്ചുപിടിപ്പിച്ച പാൻ മസാല? എന്തായാലും ഇത്ര സുലഭമായ മയക്കമരുന്ന് പരസ്യമായി വിൽക്കുന്ന ഒരു കടക്കാരനെ പരിചയപ്പെടുത്താൻ ഞാൻ ജംഷേദിനെ ചട്ടം കെട്ടി. "ഓഹോ, അതിനെന്താ, ഇവിടെ ഒരു പൊലിസും അവരെ പിടിക്കില്ല. ഏതാണ്ട് സർക്കാരി ഷാപ്പുകൾ പോലെയാണ് അവരുടെ പ്രവർത്തനം."

ശാപം വീണതുപോലെയായി ആ വചനം. അതു പറഞ്ഞു തീരും മുന്പേ ജംഷേദിന്റെ കാറിൽ മുന്നിൽനിന്നു വന്ന ഒരു ബൈക്ക് ഇടിച്ചു വീണു. ബൈക്കിലിരുന്ന രണ്ടു ചെറുക്കാന്മാർ ഉരുണ്ടു വീണു, പിടഞ്ഞെണീറ്റൂ. ഒരു നിമിഷം വഴി തെന്നിപ്പോയ മരണത്തെ നോക്കി ഞങ്ങൾ ശബ്ദമില്ലാതെ പിറുപിറുത്തു. അവർ മൂടും തട്ടി പോയി. മുറിവു പറ്റിയ തന്റെ കാറിന്റെ മുൻ വശം നോക്കി ജംഷേദ് മുഖം കുനിച്ചു. ചെറുക്കന്മാരെ അയാൾ കൈകാര്യം ചെയ്യുമെന്നു ഞാൻ കരുതി. ചുരുങ്ങിയത് പരുക്ക് മാറ്റാനുള്ള ചിലവെങ്കിലും വസൂലാക്കുമെന്നു കരുതി. ഒന്നുമുണ്ടായില്ല. അതാണ് കാശിയുടെ വഴി. അഴുക്കും പിഴച്ച വഴിയും അവിടെ ബഹളം ഉണ്ടാക്കുന്നില്ല. മലിനമായ ഗംഗ പിന്നെയും പിന്നെയും ശാന്തമായി ഒഴുകുന്നു.

ജംഷേദ് ഞങ്ങളെ ബനാറസ് ഹിന്ദു സർവകലാശാലയുടെ അതിഥി മന്ദിരത്തിലേക്കു കൊണ്ടുപോയി. സൗമ്യയുടെ കൂട്ടുകാരികൾ, അദിതിയും ഏകതയും, അവിടെ കാത്തുനില്പുണ്ടായിരുന്നു. ഗംഗയെപ്പോലെ നീണ്ടു നീണ്ടു കിടക്കുന്ന സർവകലാശാലയുടെ പരിസരം ആയിരത്തഞ്ഞൂറു ഏക്കർ വരുമെന്ന് ഗതാഗതത്തിൽ ഗവേഷണവിദ്യാർഥിനിയായ കീർത്തി പറഞ്ഞു. അവിടെ എവിടെയോ ആണ് ഗാന്ധിയുടെ ഇന്ത്യാപ്രവർത്തനം തുടങ്ങിയ വേദി. സർവകലാശാലക്ക് തുടക്കമിട്ട മദൻ മോഹൻ മാളവ്യ വിളിച്ചുകൂട്ടിയ ഒരു യോഗത്തിൽ, സുഖവും സൗകര്യവും ഉള്ള ഇന്ത്യക്കാരെ നോക്കി ഗാന്ധി പറഞ്ഞു, സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുക! അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആഹ്വാനം. അവിടം വരെ പോകാൻ അവസരമുണ്ടായില്ല.

സർവകലാശാലയിൽ കലാചരിത്രത്തിൽ ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന കൊല്ലത്തുകാരൻ ലിൻ എന്റെ മട്ടും മാതിരിയും കണ്ട് ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു. ഇനി ചിത്രകലയിൽ കൂടി ബിരുദാനന്തരബിരുദമെടുക്കണമെന്നാണ് ഉള്ളിൽ വലിയൊരു വർണരാജിയും കൊണ്ടു നടക്കുന്ന ലിനിന്റെ ആഗ്രഹം. അയാളും കീർത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു, അസ്സീ ഘട്ടിലെ ആരതി കാണണം. ഇരുണ്ട തിരക്കിലൂടെ ഞങ്ങൾ യുഗങ്ങളായി നടന്നുവരുന്ന ഗംഗാരാധന കാണാൻ പോയി.
ഗംഗയുടെ മാറുന്ന ഭാവങ്ങളെപ്പറ്റിയും ഗംഗേയന്റെ വികൃതികളെയും വീരത്വങ്ങളെയും പറ്റിയുള്ള എന്റെ അറിവുകേട് ഞാൻ വഴി നീളേ സൗമ്യയുമായി പങ്കുവെച്ചുകൊണ്ടിരുന്നു.

ഗംഗ കരുണാമയിയായിരുന്നു. ഭഗീരഥന്റെ യത്നംകൊണ്ടോ ശിവന്റെ ഒത്താശകൊണ്ടോ ഊഷരമായ ഒരു ഭൂവിഭാഗമൊക്കെ ഗംഗ വഴി ഫലഭൂയിഷ്ഠമായി. ഗംഗ നിയതിയുടെ ഒരു ഉപകരണമയിരുന്നു. സ്വന്തം മക്കളായ എട്ടു വസുക്കളെ ആ അമ്മ പിറന്നപാടേ തന്നിൽത്തന്നെ ലയിപ്പിച്ചു. ഗംഗ സുന്ദരിയായിരുന്നു. തന്നിൽ അനുരക്തനായ ശന്തനു ചക്രവർത്തിയെക്കൊണ്ട് ഏതു വ്യവസ്ഥയും പാലിക്കാമെന്നു വാക്കു പറയിച്ചു. ആ വാക്കു മാറിയപ്പോൾ ഉണ്ടായതാണ് ഗംഗേയനായ ഭീഷ്മർ. തന്റെ മകൻ മരണഭയമില്ലാതെ വളരട്ടെ എന്നാശീർവദിച്ചവളാണ് ഗംഗ എന്ന അമ്മ.

അഛന്റെയും അമ്മയുടെയും ഇടയിൽ കിടന്ന് ഭീഷ്മർ കഷണീച്ചു. അഛനുവേണ്ടി ശപഥം ചെയ്തു, താൻ ഭരണത്തിനില്ല, ഭർത്താവാകാനുമില്ല. ഷണ്ഡരായ സഹോദരന്മാരെ സഹായിക്കാനുള്ള തത്രപ്പാടിൽ, അദ്ദേഹം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. അവളിലൊരാൾ ആ പീഡനത്തിന്റെ പേരിൽ അദ്ദേഹത്തെ ശപിക്കുകയും ചെയ്തു. ഭീഷ്മരുടെ മരണകാരിണി ആയതും അവൾ തന്നെ. എന്തൊരു വിരോധാഭസമെന്നു നോക്കൂ! ഗംഗയുടെ മഹിമ അനുഭവപ്പെടുന്ന കാശിയിലെ രാജാവിന്റെ പെൺകിടാങ്ങളായിരുന്നു ഗംഗയുടെ മകൻ സഹോദരന്മാർക്കുവേണ്ടി വേട്ടു കൊണ്ടുപോയ വധുക്കൾ. ഒരു യുദ്ധത്തിന്റെ തുടക്കം അവിടെയായിരുന്നു. ഭൂമിയുടെ ഉള്ളുറപ്പിനെപ്പറ്റി പഠനം നടത്തുന്ന സൗമ്യക്ക് ഗംഗയുടെയും ഗംഗാപുത്രന്റെയും വിധുരതകളും യുദ്ധത്തിന്റെ ആദിപർവവും അത്ര പരിചിതമായിരുന്നില്ല.

പത്ത് അശ്വമേധയാഗം നടത്തിയാലും കിട്ടാത്ത പുണ്യം കിട്ടും ദശാശ്വമേധഘട്ടിൽ തർപ്പണം നടത്തിയാൽ. അവിടെ പോയേ തീരൂ എന്നായി അദിതിയും ഏകതയും. ഇങ്ങനെയൊരു യാഗോൽസുകത പെൺകുട്ടികളിൽ ഞാൻ അധികം കണ്ടിട്ടില്ല. ശവസംസ്കാരം നടക്കുന്ന ഹരിശ്ചന്ദ്രഘട്ടിലേക്കും മണികർണികഘട്ടിലേക്കും പോകേണ്ടെന്നുവെച്ചു. എം ടിയുടെ വാരാണസിയിൽ അവയെപ്പറ്റി വായിച്ചതോർക്കുന്നു. ഹരിശ്ചന്ദ്രഘട്ടിൽ കൊടുങ്ങല്ലൂർക്കാരൻ നാരായണമേനോൻ നാരായൺ ദീക്ഷിത് ആയി ജിവിക്കുന്നതിനെപ്പറ്റി എം ജി ശശിഭൂഷൺ എഴുതിയിരുന്നു. അതു പക്ഷേ രണ്ടു പതിറ്റാണ്ടു മുന്പായിരുന്നു. അന്നേ "ദീക്ഷിതി"ന് വയസ്സ് പത്തെഴുപതായിരിക്കും.

ഞാൻ വറ്റിയും വരണ്ടും വളഞ്ഞും വഷളായും ഒഴുകുന്ന ഗംഗയെ നോക്കി നിന്നു. തർപ്പണത്തിനും പ്രാർഥനക്കും എനിക്ക് താല്പര്യമുണ്ടായ്രിരുന്നില്ല. ഞങ്ങൾ പടവുകൾ കയറിയിറങ്ങി. മറ്റുള്ളവരുടെ മോക്ഷം തങ്ങളുടെ ഉപജീവനമാക്കി മാറ്റിയ മനുഷ്യർ വിടാതെ ഞങ്ങളുടെ പുറകേ കൂടി. കൗതുകവസ്തുക്കൾ എല്ലായിടത്തും വില്പനക്കുണ്ടായിരുന്നു. വഴുതക്കാട്ട് കിട്ടുന്ന സാധനം വാരാണസിയിൽ പോയി വാങ്ങെന്ന്ടെന്നു ഞാൻ ശഠിച്ചു. അതിനിടെ അദിതി--അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം ലഭിച്ചിരിക്കുന്ന കുട്ടി--ഒരു ബോർഡ് ചൂണ്ടിക്കാട്ടി: "ബനാറസ് സാരി ഫാക്റ്ററി." ഫാക്റ്ററി ആയതുകൊണ്ട് വില്പന വില കുറഞ്ഞിരിക്കുമെന്ന് ഭാര്യ കണക്കു കൂട്ടി. അതിനെക്കാൾ കുറക്കാമെന്നായി കടയുടമ, രാം ഗോപാൽ പാണ്ഡേ.

കടയുടെ മുകളിൽ വീടു കൂട്ടി താമസിക്കുന്ന രാം ഗോപാൽ കാശിയിലെ അറുപത്തിനാലു പുരോഹിതകുടുബങ്ങളിൽ പെട്ട ആളാണെന്ന് അവകാശപ്പെടുന്നു. പതിമൂന്നു തലമുറകളീലായി അദ്ദേഹത്തിന്റെ പരന്പര അവിടെ, കാശിയിലെ ഗലികളിൽ, വസിക്കുന്നു. ചിലർ പൗരോഹിത്യം വിട്ട് വാണിജ്യത്തിലേക്കും മറ്റും മറ്റും കടന്നിരിക്കുന്നു. "ഗലികളാണ്, പുണ്യാത്മൻ, കാശിയുടെ ജീവനും ശരീരവും," രാം ഗോപാൽ പറഞ്ഞു. അങ്ങനെ പല ഗലികൾ കടന്നുവേണം വിശ്വനാഥക്ഷേത്രത്തിലെത്താൻ. തിക്കും തിരക്കും ഗലികളെ ഗുഹകളാക്കും. അവിടവിടെ പൊലിസ് ബന്തവസ്സുണ്ട്. ചെരുപ്പ് സൂക്ഷിച്ചും പൂജക്കുള്ള സാധനങ്ങൾ വിറ്റും പണമുണ്ടാക്കുന്നവരുണ്ട്. വരി തെറ്റിച്ച് സൂത്രത്തിൽ തൊഴാൻ ചെല്ലുന്നവരെ കോവിലിൽ എത്തിക്കുന്ന ഉപപുരോഹിതന്മാരുണ്ട്. ഈ ഗലികളിൽ ബഹളമുണ്ടായാൽ രക്ഷപ്പെടാൻ എന്തു വഴി? എന്റെ അങ്കലാപ്പുകണ്ട് രാം ഗോപാൽ പറഞ്ഞു: "പുണ്യാത്മൻ, ഇത് നൂറ്റാണ്ടുകളായി നടന്നു വരുന്നു. ഇത് വിശ്വനാഥന്റെ വഴി. ഇതേ ശരണമുള്ളു.”

ഞാനോർത്തു, അങ്ങനെ പറഞ്ഞ ജഗന്നാഥ പണ്ഡിതന് എന്തായിരുന്നു അനുഭവം. ദാരാ ശുകോവിന്റെ കൂട്ടുകാരനായിരുന്നു ജഗന്നാഥ പണ്ഡിതൻ. ഗംഗാലഹരി എഴുതിയ ജഗന്നാഥൻ ഒരു അന്യമതസ്ഥയെ വേട്ടു. സമുദായം ഇളകിവശായി. പീഡിപ്പിക്കപ്പെട്ട വധൂവരന്മാർ ഗംഗാതിരത്ത് അഭയം തേടി. ഗംഗാലഹരി അവിടെ വെച്ച് രൂപം കൊള്ളുകയായിരുന്നു. ഓരോ ശ്ലോകം ചൊല്ലുന്പോഴും ഗംഗ ഒരു പടവു കേറി വന്നു. ഒടുവിൽ ഗംഗ ജഗന്നാഥ പണ്ഡിതനെയും പത്നിയെയും തന്റെ ലഹരീവലയത്തിൽ ഒതുക്കി സംരക്ഷിച്ചു.

ദശാശ്വ്വമേധഘട്ടിന്റെ പടവുകൾ കയറിയിറങ്ങുന്പോൾ ഞാൻ ഗംഗാലഹരിയുടെ വരികൾക്കുവേണ്ടി കാതോർത്തു. ജഗന്നാഥ പണ്ഡിതന്റെ മുഖഛായ ആരിലെങ്കിലും കാണുന്നുവോ എന്നു ഞാൻ അന്വേഷിച്ചു. എഞ്ജിനീയർമാരായ എന്റെ ആതിഥേയകൾ ചിത്രം വരക്കുന്നവരും ഛായാഗ്രാഹകരുമായിരുന്നു. ഗംഗാലഹരിയുടെയും ഭഗീരഥന്റെയും ഭീഷ്മരുടെയും വിഷണ്ഡനായ കാശി രാജാവിന്റെയും ദൈന്യവും ആവേഗവും അവരുടെ വിഷയമാകട്ടെ എന്നു ഞാൻ ആശംസിച്ചു. വിട പറയുന്പോൾ, ഒത്തുനോക്കാൻ ഒരു ശ്രമം ഉണ്ടായി. കാശിയിൽ മോക്ഷം കിട്ടിയോ? ഗീവർഗീസിന്റെയും ഇമാനുവലിന്റെയും സരിതയുടെയും സത്യവാചകം കൊഴുക്കുന്പോൾ മലയാളചാനലൗകളിൽനിന്നകന്നിരിക്കാൻ പറ്റിയതും ഒരു തരം മോക്ഷമല്ലേ?