Thursday, June 23, 2011

കാലസ്ഥലികളിൽ മറുപിറവി

ഹുമായൂണിന്റെ ശവകുടീരത്തിനുമുമ്പിൽ ഷാൻ മറി അന്തിച്ചു നിന്നു. നാലു നൂറ്റാണ്ടിനപ്പുറം നടന്ന മരണത്തെപ്പറ്റി എന്റെ ഗീർവാണം നീണ്ടുപോയപ്പോൾ കനഡക്കാരനായ ആ സ്നേഹിതനു വീർപ്പു മുട്ടി. മുന്നൂറുകൊല്ലത്തിലേറെയൊന്നും തന്റെ നാടിന്റെ ചരിത്രം നീളുന്നില്ലല്ലോയെന്ന് മറി മന്ത്രിക്കുന്നതു കേട്ടു. ഇംഗ്ലിഷുകാരും ഫ്രഞ്ചുകാരും വെട്ടിപ്പിടിച്ച കനഡയിൽ പഴമയുടെ ഓർമ്മയായി ഇനിയും നിലനിൽക്കുന്നത് ചില പേരുകൾ മാത്രം. മിസിസ്വാഗ, ടൊറൊന്റൊ, ഓട്ടവ, എന്നൊക്കെ കുറെ സ്ഥലനാമങ്ങൾ പൈതൃകത്തിന്റെ ശബ്ദമായി, അനാംഗലീകൃതമായി, ഇന്നും കേൾക്കുന്നു.

അതിനപ്പുറം ഓർമ്മ നീളാത്ത മറിയെ ഞാൻ മുഗളർക്കുമുമ്പുള്ള ലോദിയുടെ സ്മാരകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നെ പതിമൂന്നം നൂറ്റാണ്ടിലെ അടിമവംശത്തിന്റെ മീനാരങ്ങൾ കണ്ടു. കാലത്തിന്റെ ചക്രവാളം തൊട്ടുകിടക്കുന്ന ചരിത്രത്തിന്റെ നേർ അവകാശിയെന്ന കേമത്തം എന്റെ ഉള്ളിൽ വിങ്ങി. പിന്നെ ഞാൻ ചൂളുന്ന ഇരയെ പീഡിപ്പിക്കുന്ന കൌതുകത്തോടെ മറി കാണാത്ത കേരളത്തെപ്പറ്റി പറഞ്ഞു. ദൈവപുത്രന്റെ വരവിനുമുമ്പത്തെ കേരളത്തെപ്പറ്റി കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ അവിശ്വാസംകൊണ്ടു തിളങ്ങി.

ബുദ്ധന്റെയും മഹാവീരന്റെയും സാക്ഷ്യസങ്കേതങ്ങൾ സംസാരവിഷയമായി. എന്തൊക്കെയോ വാങ്ങാനും വിൽക്കാനും കേരളക്കരയിൽ വന്നുപോയിരുന്നവരെപറ്റി പറഞ്ഞു. ഗ്രീക്കുകാർ, റോമക്കാർ, മധ്യേഷ്യക്കാർ. അവരിൽ ചിലർ അതിനെ മലബാർ എന്നു വിളിച്ചു. മറ്റു ചിലർക്ക് അത് മുസിരിസ് ആയിരുന്നു. അതുതന്നെയായിരുന്നുവത്രേ രാമായണത്തിലെയും ഭാരതത്തിലെയും മുരചിപ്പട്ടണം. ലോകനാഗരികതകൾക്ക് വിനിമയവേദി ഒരുക്കിയ മുരചിയെന്ന ഇതിഹാസകേന്ദ്രത്തിന്റെ കഥ കേട്ടുകേൾവിയല്ല.

മുരചിയുടെ പെരുമയും പഴമയും ചരിത്രവും പൈതൃകവും തിരഞ്ഞുവരുന്ന പുതിയ ലോകസഞ്ചാരിക്കുവേണ്ടി കാഴ്ചക്കൊരുക്കാൻ കഴിഞ്ഞ കേരളസർക്കാർ ഒരു പരിപാടി സ്വപ്നസൌരഭമുള്ള തയ്യാറാക്കുകയുണ്ടായി. ധനവിനിയോഗത്തെപ്പറ്റി ആലോചിക്കാത്ത നേരത്തൊക്കെ തോമസ് ഐസക് അതിനെപ്പറ്റി കിനാവു കണ്ടു. കേന്ദ്രസർക്കാർ അതിനുവേണ്ടി വൻ തോതിൽ പണം വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസംഘടന അതിൽ താല്പര്യം കാണിച്ചു. പക്ഷേ നിർവഹണത്തിനുവേണ്ട സ്ഥിരം സംവിധാനം ഉണ്ടാക്കാതിരുന്നതുകൊണ്ട്, സെക്രട്ടേറിയറ്റിൽ ഫയൽ തള്ളുകയും മുക്കുകയും ചെയ്യുന്ന വേന്ദ്രന്മാർ അതിനെയും ഒരു വിനോദമാക്കി. ഭരണം മാറിയപ്പോൾ മുൻ ഗണനാക്രമം മാറി, മുസിരിസ് പൈതൃകപദ്ധതി പഴതായിപ്പോയി.

പരപുഛവും അഭ്യസൂയയും കരളിൽ കുടിവെച്ചുനടക്കുന്ന നമ്മുടെ സർക്കാർ
സ്ഥാപനങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല ഇത്തരം ബൃഹത്തായ, ഭാവനയും കാര്യക്ഷമതയും ഒരുപോലെ ആവശ്യപ്പെടുന്ന പദ്ധതികൾ. ലോകത്തെ മുഴുവൻ നമ്മുടെ മുറ്റത്തു വരുത്താൻ പോരുന്നതാണ് മുസിരിസ് പൈതൃകപദ്ധതി. എത്രയോ രാജ്യങ്ങളുടെ തനിമയും ഓർമ്മയുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. അവരൊക്കെ തുടക്കത്തിലേ താല്പര്യം കാണിക്കുകയുമുണ്ടായി. പക്ഷേ തൻപോരിമയും അസൂയയും തികഞ്ഞ ഭാവനാരാഹിത്യവും കൈമുതലായുള്ളവർ അവർ വഴിയേ ഈ പരിപാടി കെട്ടുപോകാവൂ എന്നു നിർബ്ബന്ധിക്കുകയായിരുന്നു. സമഗ്രവും സൂക്ഷംവുമായ ആസൂത്രണവും
നിർവഹണവുമുണ്ടെങ്കിൽ മഹത്തായ ഒരു ലോകസംരംഭമാകാമായിരുന്ന ഒരു പദ്ധതി അങ്ങനെ, കവി പറഞ്ഞ പോലെ, ആശയത്തിന്റെയും യാഥാർഥ്യത്തിന്റെയും നടുവിൽ വീഴുന്ന വെറും നിഴലായി ഒതുങ്ങിപ്പോകുന്നു.

എല്ലാ പതനങ്ങളിൽനിന്നും എന്തെങ്കിലുമൊരു നന്മ ഉയർന്നുവരാം; എല്ലാ അപഭ്രംശങ്ങളിൽനിന്നും പുതിയൊരു താളവും ലയവും ഉരുത്തിരിയാം. എന്നും തീർത്തും ശരിയായില്ലെങ്കിലും, അതാണല്ലോ പഴയ സങ്കല്പം. മുരചിപ്പട്ടണത്തിന്റെ കാര്യത്തിൽ അതു ശരിയായിരിക്കുന്നുവെന്നു പറയണം. പുരാവൃത്തത്തിൽ പൊതിഞ്ഞ അതിന്റെ മായികതയും ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും അധിഷ്ഠിതമായ വാസ്തവികതയും ആവാഹിച്ചെടുത്ത ഒരു പുസ്തകം ഉണ്ടായിരിക്കുന്നു മുരചിപ്പട്ടണത്തെപ്പറ്റി. പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, പല മൊഴികളിൽ മുരചി ഒരു എഴുത്തുകാരനെ ആവേശിച്ചതിന്റെ നഖചിത്രങ്ങളുടെ സഞ്ചയമാണ് സേതുവിന്റെ പുതിയ നോവലായ മറുപിറവി എന്ന ആ പുസ്തകം.

ഇതിഹാസസമാനമായ കാലവും പ്രമേയവും മറുപിറവി കൈകാര്യം ചെയ്യുന്നു. മൂവായിരം കൊല്ലം മുന്നൂ‍റ്റിയെഴുപതു പേജിൽ അവതരിക്കുന്നു. ഒരു ലക്ഷം ശ്ലോകത്തിന്റെ ധാരാളിത്തം കുരുക്ഷേത്രത്തിന്റെ കഥ പറയാൻ നിയോഗിക്കപ്പെട്ട കൃഷ്ണദ്വൈപായനന് അനുവദിക്കപ്പെട്ടിരുന്നു. ആയിരം കഥാപാത്രങ്ങളും അതിലുമേറെ ഉപാഖ്യാനങ്ങളുമായി, യുദ്ധത്തിന്റെ ദാരുണമായ പരിണാമത്തിൽ ഊന്നിയ പുരാണം അദ്ദേഹം പാടിപ്പോയി. സേതുവിന്റെ മറുപിറവി മുഴുവൻ ഉപാഖ്യാനങ്ങളാണ്; കേന്ദ്രീകൃതമായ ഒരു കഥാഖ്യാനമില്ല; മുഖ്യകഥാപാത്രം എന്നു പറയാവുന്ന ഒരാളും അതിലില്ല. ഉപാഖ്യാനങ്ങളാകട്ടെ, ഒന്നിനൊന്നു പ്രധാനവും, മുരചിയിലെ കാലപ്രവാഹത്തിനിടയിൽ അപ്രധാനവും, ആകുന്നു. പ്രധാനമായതൊന്നേയുള്ളു--കോലം മാറുകയും എന്നിട്ടും അലങ്കോലമാകാത്ത അനുസ്യൂതത്വത്തോടുകൂടി നിലകൊള്ളുകയും ചെയ്യുന്ന മുരചിപ്പട്ടണം എന്ന മുസിരിസ്.

മലയാളത്തിലെ ആഖ്യായികകളിൽ കൈകാര്യം ചെയ്യപ്പെടുന്ന കാലവും സ്ഥലവും വിദൂരമോ വിശാലമോ ആകാറില്ല. കൊച്ചുകേരളത്തിലും ചുറ്റുവട്ടത്തും കടന്നുപിടിച്ചൊതുക്കാവുന്ന കാലഖണ്ഡത്തിലും പ്രതിഷ്ഠിക്കപ്പെട്ട പാത്രങ്ങളും സംഭവങ്ങളുമാണ് പൊതുവേ അവയുടെ അസംസ്കൃതവസ്തുക്കൾ. മറുപിറവി മുരചിപ്പട്ടണം വരെ വ്യപിച്ചുകിടക്കുന്നതു കാണാം. ജീവിതം ചേന്ദമംഗലത്തൊതുങ്ങുന്ന അച്ചുമാനും കടൽ എത്തിക്കുന്ന തുറകളെല്ലാം സന്ദർശിക്കുന്ന അഡ്രിയാനും നൈലിന്റെ കരയിലിരുന്ന് ലോകവിനോദസഞ്ചാരം സംഘടിപ്പിക്കുന്ന ആസാദും യരൂശലേമിലെ മരുഭൂമിയിൽ പൂക്കൃഷി പരീക്ഷിച്ചു വിജയിപ്പിച്ച ബസലേലും ഒക്കെ ബൃഹത്തായ ഒരു സ്ഥലകാലസമുച്ചയം ഒരുക്കുന്നു. അവരെപ്പോലെ എത്രയോ കഥാപാത്രങ്ങൾ അവരവരുടെ കൊച്ചുവേഷങ്ങൾ ആടിത്തകർത്ത്, ആദിമധ്യാന്തപ്പൊരുത്തം തീർക്കാൻ കാത്തുനിൽക്കാതെ, വരുന്നു, വന്നപോലെ പോകുന്നു.

മുരചി കൂടാതെ, ആദ്യന്തം കാണുന്ന ഒരു കഥാപാത്രമേയുള്ളു മറുപിറവിയിൽ--‍അറുപതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന ചേന്ദമംഗലത്തുകാരൻ അരവിന്ദൻ. അയാളുടെ ഓർമ്മയിലൂ‍ടെ, വായനയിലൂടെ, ഭാവനയിലൂടെ മുരചി ഇതൾ വിടർത്തുന്നു. ചേരചരിതം, കുരുമുളകു കൃഷി, ചവിട്ടുനാടകം, നാവികസദാചാരം, നെയ്ത്തിന്റെ ഉത്ഭവം, ഗോവിന്ദൻ വലിയച്ചന്റെ ദൈന്യത്തിൽ കലാശിച്ച വീരസാഹസികത്വം, പാലിയം സത്യാഗ്രഹം, കമ്യൂണിസത്തിന്റെ അപചയം, പട്ടണം ഉദ്ഖനനം--അങ്ങനെ പരസ്പരബന്ധം ആവശ്യമില്ലാത്ത സംഭവങ്ങളുടെ ഒരു ഘോഷയാത്രക്ക് മനസ്സുകൊണ്ട് സാക്ഷിയാകുകയാണ് അരവിന്ദൻ. അപ്പപ്പോഴത്തെ ആവശ്യത്തിനുള്ള കഥകളും പാത്രങ്ങളും അരവിന്ദന്റെ കല്പനയിൽ അവതരിക്കുന്നുവെന്നു മാത്രം.

ഫെർണാണ്ടോ പെസൊവ എന്ന പോർട്ടുഗീസ് എഴുത്തുകാരൻ പ്രയോഗിച്ചുനോക്കിയ ഭ്രമജനകമായ ഒരു തന്ത്രമുണ്ട്: ഒരാളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന പല ആളുകളെ പുറത്തിറക്കുക, അവരെ തമ്മിൽ ഇടപഴക്കുക. ബഹുകർതൃത്വം എന്ന് അർഥം പറയാവുന്ന heteronym എന്ന സങ്കേതമനുസരിച്ച് ഒരാൾ പലരായി കഥ പറാഞ്ഞുപോകുന്നു. സേതുവിന്റെ നോവലിലെ കപ്പൽ കമ്പനി ജോലിക്കാരനായിരുന്ന അരവിന്ദൻ, മുരചിയുടെ ആവേശത്തിൽപെട്ട് എഴുത്തു തുടങ്ങുന്നു. അരവിന്ദന്റെ രചനയാണ് മറുപിറവിയിലെ ഒരു ഖണ്ഡം. അതാകട്ടെ ഘടനയിലും ശൈലിയിലും നോവലിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വേറിട്ടുനിൽക്കുകയും ചെയ്യുന്നു.

പുതിയ ജീവിതത്തിന്റെ ശീലുകളും പഴമയുടെ സങ്കല്പങ്ങളും തമ്മിൽ ഉരസുന്നതുകാണാം മറുപിറവിയുടെ ഓരങ്ങളിൽ. മെഡിക്കൽ ബുള്ളറ്റിനു കാതോർത്തു ജീവിക്കേണ്ടിവരുന്ന സായന്തനത്തിൽ മാത്രം കഴിഞ്ഞ കാലത്തെ ഓർത്തെടുക്കാൻ വേണ്ടി നാട്ടിലെത്തുന്ന അരവിന്ദന്റെ മുരചിപ്പട്ടണത്തിലേക്കും അതിനുചുറ്റുമുള്ള സ്മൃതിസഞ്ചാരമാണ് മറുപിറവി. കണ്ടോ കാണാതെയോ മറന്ന കാലത്തിലേക്കും സ്ഥലത്തിലേക്കും തിരിഞ്ഞുനോക്കാനുള്ള മനുഷ്യവാസനയുടെ ആവിഷ്ക്കാരത്തിന് പുതിയൊരു രൂപം കൊടുത്തതാണ് അതിന്റെ വിശേഷത.

ആ വാസനയുടെ പ്രേരണകൊണ്ടെഴുതിയ ഈ നോവൽ, അതിന്റെ നിയോഗം സംക്ഷേപിച്ചുകൊണ്ട്, ഇങ്ങനെ കാവ്യാത്മകമായി അവസാനിക്കുന്നു: “ഇത് ഏതോ പൂർവികൻ കൊതിച്ച മടക്കയാത്രയാണ്. ആരൊക്കെയോ ബാക്കിവെച്ചുപോയ മോഹങ്ങളുടെ ഭണ്ഡവും പേറി വരുന്നവന്റെ സാഫല്യം ഈ കാഴ്ചകളാണ്, ഈ ചിത്രങ്ങളാണ്. അവയെ വരും തലമുറക്കായി കാത്തുവെച്ച് അയാൾ കപ്പൽ കയറുമ്പോൾ, ആദ്യകാലസഞ്ചാരികളെ വരവേറ്റ കടപ്പുറം പതിയെ കൈ വീശുന്നുണ്ടാകും. കടൽക്കാറ്റിൽ ഏതോ നേർത്ത ഈണവും. പക്ഷേ അത് അയാളിൽ അവസാനിച്ചേക്കില്ല. പിന്നീടെന്നോ ഒർ എഴുത്തുകാരൻ, ശില്പി, പാട്ടുകാരൻ, അങ്ങനെ ആരൊക്കെയോ ഒരിക്കലും മുറിയാത്ത കണ്ണീകൾ ഇണക്കിച്ചേർക്കാനായി കാലത്തിന്റെ ഉൾവിളി കേട്ട്....”

(malayalam news june 20)