Monday, August 30, 2010

ഓണം ഒരു വർച്വൽ റിയാലിറ്റി

ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകളിൽനിന്നായിരുന്നുവെന്നാണ് ഓർമ്മ, ഹെലികോപ്റ്ററിൽ കയറി ധ്രുവപ്രദേശം കാണാൻ പോയി. കുറച്ചു പറന്നുകേറിയപ്പോൾ വല്ലാത്ത കുളിര് അനുഭവപ്പെട്ടു. വിറങ്ങലിപ്പിക്കുന്ന കാറ്റടിച്ചു. മഞ്ഞുതുള്ളികൾ മുഖത്ത് വീണു. എപ്പോഴോ വിമാനം എവിടെയോ ഇടിച്ചിറങ്ങുന്നതുപോലെ തോന്നി. വൈമാനികന്റെ സീൽക്കാരം കേട്ടു....

വാസ്തവത്തിൽ ഒന്നും സംഭവിച്ചിരുന്നില്ല. മഞ്ഞോ കാറ്റോ ധ്രുവപ്രദേശമോ വൈമനികനോ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ വരി വരിയായി കസാലയിൽ ഇരിക്കുകയായിരുന്നു. കസാല ഇളകിയാടി.
മുന്നിലെ ചുമരിൽ ധ്രുവപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിഞ്ഞു. ശബ്ദകോലാഹലത്തോടെ
യാത്രയുടെ വിവരണവും കേൾക്കാമായിരുന്നു. അതു തീർന്നപ്പോൾ എല്ലാം തീർന്നു. ഞങ്ങൾ കസാലയിൽനിന്ന് എഴുന്നേറ്റ് കെട്ടിടത്തിന്റെ ടെറസ്സിലെക്കു നീങ്ങി--അയഥാർഥമായ ഒരു ധ്രുവസവാരിയുടെ ഓർമ്മയുമായി.

ഞാൻ കടന്നുപോയ ഒരു, ഒരു പക്ഷേ ആദ്യത്തെ, വർച്വൽ റിയാലിറ്റി--Virtual Reality--അതായിരുന്നു.
ആലോചിച്ചുനോക്കിയപ്പോൾ, പലതും വർച്വൽ റിയാലിറ്റി ആകുകയാണെന്നു തോന്നി. തൃശ്ശൂർ പൂരത്തിലെയും മറ്റും കണ്ണഞ്ചിപ്പിക്കുകയും ഞെട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുന്നുമണിയുടെ ശബ്ദവും ദൃശ്യവും സിഡിയിലാക്കി കാണിച്ചാൽ പോരേ എന്ന് ഈയിടെ കോടതിയിൽനിന്ന് ചോദ്യമുണ്ടായി. അങ്ങനെയായാൽ പരിസദൂഷണം കാര്യമായി കുറക്കാമെന്നായിരുന്നു ഒരു വാദം. അത്രതന്നെ പ്രധാനമായി എനിക്കു തോന്നുന്നു, അതുവഴി മനുഷ്യന്റെ സൌന്ദബോധത്തിൽ ഉണ്ടാകുന്ന പരിണാമം. പുതിയ സാങ്കേതികവിദ്യ നമ്മുടെ ഉത്സവങ്ങളെ സ്വീകരണമുറിയിൽ ഒതുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. പടക്കം പൊട്ടിക്കാതെത്തന്നെ, വായുവിൽ പുക പരത്താതെത്തന്നെ,
പടക്കത്തിന്റെ ഒച്ചയും കാഴ്ചയും നമുക്ക് ഇഷ്ടമുള്ള അളവിൽ കാണാമെന്നായിരിക്കുന്നു.

ഇത്തവണ ഓണം വന്നപ്പോൾ ആ ചിന്ത ഒന്നുകൂടി ആഴത്തിൽ അനുഭവപ്പെട്ടു. വീട്ടിനുള്ളിലിരുന്ന്, കൂട്ടായ്മകളില്ലാതെ ഓണം കൊണ്ടാടുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് വിശേഷിച്ചൊരു സർവേയും നടത്താതെ പറയാം. ടെലിവിഷൻ അതു സാധ്യതയും സത്യവുമാക്കിയിരിക്കുന്നു. അങ്ങനെ പൂവില്ലാതെ പൂക്കളം കാണാം. ആടാനും പാടാനും ആളില്ലാതെ കൈകൊട്ടിക്കളിയാവാം. ഒരു ബട്ടൺ അമർത്തിയാൽ, ഇരുന്ന ഇരുപ്പിൽ, മത്സരത്തിൽ പങ്കാളിയാകാം. മോണിറ്ററിൽ കാണുന്ന വിശിഷ്ടഭോജ്യങ്ങൾ തിന്നാൻ പാകത്തിലല്ലെന്നു മാത്രം.

പുറത്തറങ്ങാതെയുള്ള, വർച്വൽ റിയാലിറ്റിയാകുന്ന, ഓണാഘോഷത്തെ തള്ളിപ്പറയുന്നവരാവും അധികവ,
പഴമക്കാരിൽ എല്ലാവരും. ഒരുമയാണ് ഓണം, പങ്കാളിത്തമാണ് ഓണം--എല്ലാ ഉത്സവങ്ങളെയും പോലെ. പങ്കാളിത്തമില്ലാതെ, മുറിയിൽ അടച്ചിരുന്നുള്ള കൊണ്ടാട്ടം ഒരു വഹ തന്നെ. പക്ഷേ ആ വഹകൊണ്ടു തൃപ്തിപ്പെടേണ്ട കാലവും അവസ്ഥയും വരും, വന്നിരിക്കുന്നു. സാങ്കേതികവിദ്യ നമ്മുടെ ആഘോഷരീതിയെ മാത്രമല്ല, അതിനു നിയാമകമായ സെൻസിബിലിറ്റിയെയും മാറ്റുക തന്നെ ചെയ്യും. അതുമായി പൊരുത്തപ്പെടാത്തവർ പരിതപിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് സ്വീകരണമുറിയിലെ ടെലിവിഷൻ ഓണത്തെ തിരുവൊണമാക്കുക. പുറത്തിറങ്ങാൻ വയ്യാത്തവർക്ക് അതിലും വലിയൊരു അനുഗ്രഹമുണ്ടോ?

പുറത്തിറങ്ങാൻ, പലതുകൊണ്ടും, മടിയുള്ള എനിക്കാകട്ടെ, ടെലിവിഷൻ ഓണം ഒരു മിശ്രിതാനുഗ്രഹമായേ തോന്നിയുള്ളു. ഒന്നാമതായി, കള്ളത്തരത്തെപ്പറ്റിയുള്ള ആലോചനയിൽ വഴുതി വീണു. ഓണത്തന്റെ ഉത്ഭവത്തിൽത്തന്നെ ഒരു കള്ളവും ചതിയും ഉണ്ടല്ലോ. കള്ളവേഷത്തിൽ വന്ന ഒരു ഭിക്ഷുവും ചതിക്കപ്പെട്ട ഒരു ചക്രവർത്തിയും ആണ് അതിലെ മുഖ്യകഥാപാത്രങ്ങൾ. രണ്ടാമതായി, സ്വീകരണമുറിയിലെ ആഘോഷത്തിൽ, വർച്വൽ റിയാലിറ്റിയിൽ, ഒരു തരം കള്ളമില്ലേ? മൂന്നാമതായി, പരിപാടികളുമായി മത്സരിച്ചു മുഴങ്ങുന്ന പരസ്യങ്ങൾ. അവയിൽ വീണുപോകുന്നവർ പോലും സത്യപ്രസ്താവമാണെന്നു കരുതാത്ത പരസ്യങ്ങളായിരിക്കുന്നു സ്വീകരണമുറിയിലെ ഓണത്തിന്റെ മുഖ്യവിഭവം. എല്ലാ പരിപാടികളും പരസ്യം കൊടുക്കാനുള്ള ഒഴികഴിവാണെന്നുപോലും പറയാം. പത്രങ്ങളെപ്പറ്റി സിനിസിസത്തോടുകൂടി പറയാറുണ്ട്, അവയിലെ പരസ്യങ്ങൾക്കിടയിൽ കൊടുക്കാനുള്ളതാണ് വാർത്ത. അല്പമൊന്നു കടുപ്പിച്ചു പറഞ്ഞാൽ, നമ്മുടെ മനസ്സും സ്വീകരണമുറിയും ഒരു മാർക്കറ്റ് ആക്കാൻ നാം നിന്നുകൊടുക്കുന്നു--ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒഴിവാക്കാൻ വയ്യാത്തതാണ് ഈ സ്ഥിതി. ഒഴിവാക്കാൻ പറ്റുന്ന ഒരു സ്ഥിതിയുണ്ട്: ഓണപ്പരിപാടിയുടെ ഉള്ളടക്കത്തിൽ സിനിമ കയറി മറയുന്നത്. അതു പക്ഷേ ഒഴിവാകുന്നില്ല, നമ്മൾ ഒഴിവാക്കുന്നില്ല. അതാണ് ഓണക്കാലത്ത് എല്ലാവരും കാത്തിരിക്കുന്ന വിശിഷ്ടഭോജ്യമെന്ന് പരിപാടി ഉണ്ടാക്കുന്നവരും, അതു കൊടുത്താലേ പരസ്യം കിട്ടുകയുള്ളൂവെന്ന് മാർക്കറ്റിംഗ് മേധാവികളും സുവിശേഷം പോലെ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട്, എല്ലാ ഉത്സവത്തിനും, ഓണമായാലും വിഷുവായാലും സ്വീകരണമുറിയിൽ നടക്കുന്ന എന്തു വർച്വൽ റിയാലിറ്റി ആഘോഷമായാ അവരൊക്കെക്കൂടി സിനിമ ഇറക്കും----പല ഈണങ്ങളീൽ, പല നിറങ്ങളിൽ, പല ചേരുവകളിൽ.

കരഞ്ഞും കിണുങ്ങിയും വീരപാണ്ഡ്യൻ ശൈലിയിൽ ആക്രോശിച്ചും എന്റെ മുറിയിൽ നിറയും. കഥാപാത്രങ്ങളായി ഞെളിയുകയും പിരിയുകയും ചെയ്യാത്തപ്പോൾ, അവർ തനി പാത്രങ്ങളാകും. ഊണു കഴിക്കുന്നതിനെപ്പറ്റി, കുളിക്കുന്നതിനെപ്പറ്റി, പ്രേമിക്കുന്നതിനെപ്പറ്റി, ആടുന്നതിനെയും പാടുന്നതിനെയും പറ്റി, ഓണത്തിനു വില്ലടിക്കുന്നതിനെപ്പറ്റി, കുട്ടിക്കാലത്ത് പൂ പറിക്കാതിരുന്നതിനെപ്പറ്റി, അങ്ങനെ എന്തിനെയൊക്കെയോ പറ്റി അവർ നമുക്ക് ചിന്തകളും ചാന്തുപൊട്ടുകളും സമ്മാനിക്കും--അഭിമുഖസംഭാഷണങ്ങളിലൂടെ. പലപ്പോഴും സംഭാഷണത്തിൽ ഒരാളേ കാണുകയുള്ളൂ. ചോദ്യം ചോദിക്കുന്ന ഭൂതത്തെ പ്രൊഡ്യൂസർ കുടത്തിൽ അടച്ചു വെക്കും. സിനിമക്കാരന്റെ--സിനിമക്കാരിയുടെ എന്നും യുക്തം പോലെ ചേർത്തു വായിക്കുക--ഓർമ്മകളിലും കിനാവുകളിലും മാത്രമേ കാണികൾക്കു താല്പര്യം കാണൂ എന്നാണ് അവരുടെ വിചാരം.

കൊല്ലം തോറും കാണുന്നതാണ് ഈ താരവിചാരം. കൊല്ലം തോറും പല വട്ടം എന്നു പറയണം. തരം കിട്ടുമ്പോഴെല്ലാം താരങ്ങളുടെ കിന്നാരം പല രൂപങ്ങളിൽ നമ്മെ അവർ കാണിച്ചു തന്നുകൊണ്ടിരിക്കും. ഇങ്ങനെ എപ്പോഴും താരങ്ങളുടെ മറകളിലേക്കും അറകളിലേക്കും കയറിച്ചെന്ന് ആണ്ടറുതി ആഘോഷിക്കാനാണോ ശരാശരി മലയാളീ പ്രേക്ഷകൻ കാത്തിരിക്കുന്നത്? പ്രേക്ഷകനിൽ വെറും ശ്രോതാവിനെയും ഉൾപ്പെടുത്തണം. കാരണം റേഡിയോവിലും താരതല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.
എന്തവസരം വന്നാലും താരങ്ങളുമായി സൊറ പറഞ്ഞുവേണം അതു കൊണ്ടാടാൻ എന്നു വരുത്തിത്തീർക്കുന്ന ടെലിവിഷൻ സെൻസിബിലിറ്റിയെപ്പറ്റി, ആർക്കുണ്ടായാലും, എനിക്ക് വലിയ മതിപ്പില്ല.

ആവശ്യത്തിനാവാം. വല്ലപ്പോഴുമാകാം. പക്ഷേ കാള പെറ്റെന്നു കേട്ടാലും മാനം മറിഞ്ഞുവീണെന്നു കേട്ടാലും സിനിമാസംസാരം ഇറക്കുന്നത്, മര്യാദയായി പറഞ്ഞാൽ, ബോറാണ്. അവർ അവതരിക്കുന്നത്
കഥാപാത്രങ്ങളായും പാത്രങ്ങളായും മാത്രമല്ല. എന്തെല്ലാമോ സാധനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശവാഹകരായും അവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. അമ്മമാർ മുലയൂട്ടണമെന്നു പറയാൻ, നികുതി കൊടുക്കണമെന്നു പറയാൻ, ചെരുപ്പും കുരിപ്പും ഭാഗ്യവും കുറിയും വിൽക്കാൻ, അവർ വരുന്നു. അങ്ങനെ എന്തിന്റെയും സന്ദേശം വഹിച്ചുകൊണ്ട് അവർ എത്തുന്നതിനെ നമ്മുടെ മുഖ്യൻ പോലും വിമർശിച്ചിരിക്കുന്നു. ടെലിവിഷനും സ്വീകരമുറിയും, ജീവിതം മൊത്തത്തിലും, സിനിമവൽക്കരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഒരു വിശാലവിചിന്തനമായി കണക്കാക്കണം വി എസ്സിന്റെ ആ പരാമർശത്തെ. അതും, ഓണം വിർച്വൽ റിയാലിറ്റിയായി മാറുന്നതിനെപ്പറ്റിയുള്ള എന്റെ ആലോചനയും ഒരേ നേരത്തുണ്ടായത് യാദൃച്ഛികം മാത്രം.

(മലയാളം ന്യൂസ് ആഗസ്റ്റ് 30)