Monday, October 11, 2010

അവനിയുടെ ഒരു ചോദ്യം

ഗൌരിയോടൊപ്പം കളിക്കാൻ വന്നതായിരുന്നു രണ്ടു വയസ്സു കൂടുതലുള്ള അവനി. ഞാനും അവരുടെ കൂട്ടത്തിൽ കൂടാമെന്നു വെച്ചു. അവനിയെ നേരത്തേ ഒന്നോ രണ്ടോ തവണയേ കണ്ടിരുന്നുള്ളു. പരിചയം ഉറപ്പിക്കാൻ വേണ്ടി ഞാൻ അവളോട് ഓരോന്നങ്ങനെ ചോദിച്ചു പോയി. പേര്? നാട്‌? ഭാഷ? അച്ഛൻ? അമ്മ? എന്റെ അന്വേഷണം തുടരുന്നതിനുമുമ്പ് അവനി തിരിച്ചടിച്ചു: “ഇതൊക്കെ എന്തിനറിയുന്നു?”

അവളെക്കാൾ ആറു പതിറ്റാണ്ട് ജീവിച്ച ആളാണ് ഞാൻ. അവളുടെ പ്രായം പത്തിൽ തഴെ. അവളോളം ചെറുപ്പമായ കുട്ടിയിൽനിന്നു മാത്രമല്ല എന്നെക്കാൾ പ്രായമേറിയ കിഴവനിൽനിന്നും അങ്ങനെയൊരു ചോദ്യം നേരിടാൻ എന്റെ മനസ്സ് ശീലിച്ചിട്ടില്ല. ഇതൊക്കെ എന്തിനറിയുന്നു എന്നല്ല, ഇതൊക്കെ എങ്ങനെ അറിയാതിരിക്കുന്നു എന്നാണ് എന്റെ ഉൾച്ചെവിയിൽ എന്നും കേൾക്കുന്ന ചോദ്യം. ഇതൊന്നും നിങ്ങളറിയേണ്ട എന്ന് ഒരു കുട്ടിയുടെ വായിൽനിന്നു കേട്ടപ്പോൾ, തമസ്ക്കരണത്തിന്റെ ആദിരൂപങ്ങളിലേക്കും ആധുനികഭാവങ്ങളിലേക്കും ഞാൻ കെട്ടി മറിഞ്ഞു വീണു. അറിയാൻ മെനക്കെടാതെ ജഡീഭവിക്കുകയും അറിവ് പങ്കുവെക്കാതെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വാസനയെപ്പറ്റി ഞാൻ ആലോചിച്ചു. കൌതുകം കുറയുകയും തൻപോരിമയിൽ മുഴുകുകയും ചെയ്യുന്ന വിപത്തിനെപ്പറ്റി ഭയപ്പെട്ടു.

അവനി പറഞ്ഞത് അതൊന്നും ആലോചിച്ചാവില്ല. അത്രക്കല്ലേ പ്രായമുള്ളു? പ്രായമുള്ളവർ പഠിപ്പിച്ചു കൊടുത്തുകാണും: “കണ്ടവരോടൊക്കെ സംസാരിക്കരുത്; ചോദിക്കുന്നതിനെല്ലാം മറുപടി പറയരുത്.”
ചാരന്മാരുടെയും അപസർപ്പകന്മാരുടെയും ലോകത്തിലെ പ്രമാണം തന്നെ ഇവിടെയും പ്രയോഗം: വേണ്ടത്ര വിവരം മാത്രം, വേണ്ടവർക്കു മാത്രം കൊടുക്കുക. വേണ്ടാത്തവർ വേണ്ടാത്ത വിവരം കിട്ടിയാൽ ആപത്ത് ഉണ്ടാക്കുമെന്ന പേടി തന്നെയാണ് അവനിയെ പഠിപ്പിക്കുന്നവർക്കും പ്രേരണ. എന്റെ കുട്ടിക്കാലത്ത് ആൾപ്പിടുത്തക്കാരെപ്പറ്റി കേട്ടിരുന്നു; കേട്ടിരുന്നതേയുള്ളു. പരിചയമില്ലാത്തവരെല്ലാം ആൾപ്പിടുത്തക്കാരാകുമെന്ന പേടിയാണ് ഇപ്പോഴത്തെ ഭാവം.

ഇതൊക്കെ എന്തിനറിയുന്നു എന്നു കുട്ടികളെക്കൊണ്ട്--മുതിർന്നവരെക്കൊണ്ടും-- ചോദിപ്പിക്കാൻ തോന്നിക്കുന്നത് അറിവു പങ്കിടുന്നതിലുള്ള പേടികൊണ്ടു മാത്രമല്ല. ഒരു പക്ഷേ പേടിയെക്കാൾ ശക്തമായിരിക്കും കനത്തു വരുന്ന സ്വകാര്യതയെപ്പറ്റിയുള്ള വ്യഗ്രത. നമ്മുടെ കാര്യം നാം മാത്രം അറിഞ്ഞാൽ മതി എന്ന രോഗപാകത്തിലുള്ള തൻപോരിമ കാരണം നമ്മെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നത് അവകാശവും മറ്റുള്ളവരെപ്പറ്റി ചോദിക്കാതിരിക്കുന്നത് ചുമതലയും ആയി മാറിയിരിക്കുന്നു. സ്വകാര്യതയെപ്പറ്റിയുള്ള ആ സങ്കല്പത്തിൽനിന്നുണ്ടാകുന്ന അവകാശവും ചുമതലയും നമുക്ക് പതിച്ചു തന്നത് നഗരവും പാശ്ചാത്യഭാവനയുമാണ്. നാളികേരപാകത്തിലുള്ള നാടൻ കർഷകർ പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അസൂയയും പേടിയുമില്ലാതെ, ഊരും പേരും ചോദിക്കും. അതിന്റെ പിന്നിൽ തികഞ്ഞ കൌതുകമേ ഉള്ളു; ആവശ്യമാണെങ്കിൽ, ആവുമെങ്കിൽ, എന്തെങ്കിലും സഹായം ചെയ്യാനുള്ള സന്തോഷവും. അവനിയെ വളർത്തിയെടുക്കുന്ന നഗരം ആ കർഷകരെ നാടന്മാരും അപരിഷ്കൃതരും ആക്കി മാറ്റിയിരിക്കുന്നു.

വിർജീനിയയിലെ ഒരു പട്ടണത്തിൽ വലിയ സൌകര്യങ്ങളുള്ള ഒരു വൃദ്ധസദനം കാണാൻ ഒരിക്കൽ മരുമകൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവശരായ പലരും അവശതയിൽ പരസഹായം പരമാവധി കുറച്ച് കഴിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, എനിക്ക് അത്ഭുതവും ആദരവും തോന്നി. ബന്ധുക്കൾ ആരെങ്കിലും വാരാന്ത്യത്തിൽ വന്നാലായി. ആരും അവരെ കാത്തിരിക്കുന്നില്ല, അല്ലെങ്കിൽ, കാത്തിരിക്കുന്നുവെന്ന ധാരണ ആരും വരുത്തിന്നില്ല. അവരുടെ കാര്യങ്ങൾ മറ്റുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങൾ അവരും ചോദിച്ചറിയാത്തത് ശീലവും നന്മയും ആക്കി മാറ്റിയെടുത്തിരുന്നു.

ചുരുട്ടിപ്പിടിച്ച കയ്യും കോടിയ മുഖവുമുള്ള ഒരു സ്ത്രീയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ എന്നോടെന്ന പോലെ പറഞ്ഞു പോയി, മസ്തിസ്കാഘാതം ഉണ്ടായതു പോലെ തോന്നുന്നല്ലോ, എന്നിട്ടും ഒട്ടൊക്കെ ഉശിരോടെ വീൽ ചെയറിൽ നടക്കുന്നു. ഇവരുടെ ബന്ധുക്കൾ? സുഹൃത്തുക്കൾ? സദനത്തിന്റെ സെക്രട്ടറി തുറിച്ചു നോക്കി, എന്റെ മരുമകൾ വല്ലാതായി. അങ്ങനെയൊന്നും ചോദിക്കാൻ പടില്ലായിരുന്നു. അതൊക്കെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും! ഞാൻ തർക്കിക്കാൻ നിന്നില്ല. പക്ഷേ എന്റെ ചിന്തയിൽ വേറൊരു തരം കടന്നുകയറ്റം ഉണ്ടായി. ആ സ്ത്രീയുടെ രഹസ്യങ്ങൾ ചുഴന്നറിഞ്ഞ് രസിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവരുടെ ദൈന്യത്തെപ്പറ്റി അനുഭാവപൂർവം ആലോചിച്ചുപോയതേയുള്ളു. അങ്ങനെ ഒരു ആലോചനയും സംസാരവും നിരോധിക്കുന്നതാണ് അഭാരതീയമായ നഗരസംസ്കൃതി. അവനിയെ പഠിപ്പിച്ചുവെച്ചിരിക്കുന്നതും അതു തന്നെ.

പടിഞ്ഞാറൻ നാടുകളിൽ പരിചയമില്ലാത്തവർ എതിരേ വരുമ്പോൾ, പരസ്പരം പുഞ്ചിരിച്ചു കടന്നു പോകും. “ഹൈ” എന്നോ “നല്ല കാലാവസ്ഥ” എന്നോ രണ്ടു കൂട്ടരും പറയും. പരിചയമുള്ള അയൽക്കാരും പരിചയം ആ വാക്കുകളിലും പുഞ്ചിരിയിലും ഒതുക്കും. അയൽ പക്കം സൌഹൃദമാകുന്നില്ല. സൌഹൃദം ഹ ൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമാകുന്നില്ല. സ്വകാര്യതയിലേക്കു കടന്നു കയറുന്ന സൌഹൃദങ്ങളെ എല്ലായിടത്തും ആളുകൾ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ, പരിചയമില്ലാത്തവർ, പുഞ്ചിരിക്കാനൊന്നും നിൽക്കാതെ, പരിചയമില്ലാത്തവരെപ്പോലെ കൈ വീശി കടന്നു പോകും. പടിഞ്ഞാറൻ സ്വകാര്യത നാം കടംകൊള്ളുമെങ്കിലും, പടിഞ്ഞാറൻ പുഞ്ചിരി നമ്മെക്കൊണ്ടാവില്ലെന്നു തോന്നുന്നു.

തൻപോരിമയുടെ തുരുത്തുകളെപ്പറ്റിയുള്ള ചിന്ത രോബിൻസൺ ക്രൂസോവിനോളം പഴയതാകുന്നു. അങ്ങനെ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ നമ്മുടെ കഥാസരിത്സാഗരത്തിൽ അത്ര തന്നെയില്ല. നമ്മുടെ താപസന്മാരും, തപസ്സിന്റെ കാലം കഴിഞ്ഞാൽ, കുടുംബത്തിന്റെയും ശിഷ്യന്മാരുടെയും കൂടെ സമധാനമായി കഴിഞ്ഞിരുന്നവരായിരുന്നു. ജീവിതത്തിന്റെ സാമൂഹികതയും പാരസ്പര്യവും അന്നേ അനുഭവപ്പെട്ടിരിക്കണം. മനുഷ്യനെ സാമൂഹ്യമൃഗമായി വാഴ്ത്തിയ ഒരു അരിസ്റ്റോട്ടിൽ ഇവിടെ അറിയപ്പെട്ടില്ലെന്നു മാത്രം. അരിസ്റ്റോട്ടിലിനുശേഷം രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും, ആ വചനത്തിന്റെ സാധുത തെളിയിക്കാനുള്ള പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇടപഴക്കത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട കുരങ്ങന്മാരുടെ പെരുമാറ്റം ഹാരി ഹാർലോ എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ പഠിക്കുകയുണ്ടായി. ആ പഠനം മനുഷ്യക്കുട്ടികളുടെ ഇടയിലും ആവർത്തിച്ചു. തമ്മിൽത്തമ്മിൽ ഇടപഴകുകയും മിണ്ടുകയും ചെയ്യാത്തവർ അസ്വസ്ഥരാകുമെന്നായിരുന്നു നിഗമനം.

ആ നിഗമനത്തിന്റെ താല്പര്യം പല തരത്തിൽ പല സന്ദർഭങ്ങളിൽ ആവിഷക്കരിക്കപ്പെടുന്നതു കാണാം. ഖുറാൻ മറിച്ചുനോക്കിയപ്പോൾ ഇങ്ങനെ ഒരു വചനം കണ്ടു: കൂട്ടുകാരെ ചിരിക്കുപ്പിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം. കൂട്ടുകാരെ ചിരിപ്പിക്കാൻ കഴിയാത്തവർക്ക് അവകാശപ്പെട്ടതെന്താണെന്നു വ്യക്തമാണല്ലോ. എന്നിട്ടും പരിചയങ്ങളെ പാത്തും പേടിച്ചും നടക്കുന്ന “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”

(മലയാളം ന്യൂസ് ഒക്റ്റോബർ 11)