Wednesday, September 9, 2009

നിരോധനത്തിന്റെ നീളുന്ന വഴികള്‍

പറിഞ്ചു മാഷ് ഈണത്തില്‍ രണ്ടു വരി ചൊല്ലി. പിന്നെ അറച്ചുനിന്നു. അടുത്ത രണ്ടു വരിയില്‍ അക്ഷരങ്ങള്‍ ബന്ധമില്ലാത്ത ബിന്ദുക്കളായി മാറിയിരുന്നു. കാളിദാസന്‍ രോധിക്കപ്പെട്ടിരുന്നു. ബിന്ദുക്കളുടെ അര്‍ത്ഥം മാഷ് ഇങ്ങനെ പറഞ്ഞു: ശിവന്റെ ബീജം വഹിക്കാന്‍ പാര്‍വതിക്കേ കഴിയൂ. “കുട്ടികള്‍ അത് അറിയരുതെന്നാകും,“ എന്നു പറയുമ്പോള്‍ മാഷിന്റെ മുഖത്ത് ചിരി പോലെ ഒരു ചലനം കണ്ടു.

അഭിഭാഷകനായ അശോക് ദേശായി നിരോധനത്തിനെതിരെ ഉന്നയിച്ച വാദം അതായിരുന്നു. “സാങ്കല്പിക ബാലിക”ക്കു--Figurative Schoolgirl--വേണ്ടിയെഴുതുന്നതല്ല എല്ലാ പുസ്തകവും. പ്രശസ്തമായ ആ വാദം വിജയ് ടെണ്ടുള്‍ക്കറുടെ ‘സഖാറാം ബൈന്‍ഡര്‍‘ എന്ന നിരോധിക്കപ്പെട്ട നാടകത്തിന്റെ അവതാരികയിലും അദ്ദേഹം ആവര്‍ത്തിച്ചു. നാടകം രക്ഷപ്പെട്ടു.

എന്നാലും, ഞാന്‍ മുതിരുമ്പോള്‍ നിരോധനവും നിരോധും വളരുകയായിരുന്നു. ‘സൃഷ്ടിക്കൊരു തടസ്സം‘ എന്ന അര്‍ത്ഥത്തില്‍ ‘നിരോധ്‘ എത്ര മനോഹരമാ‍യ പദം! ആദിയില്‍ സൃഷ്ടി വചനത്തോടെയായിരുന്നു. വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തുന്നുവെന്നു പറഞ്ഞ്, ഓരോ തമാശക്കാര്‍ ഓരോ ഘട്ടത്തില്‍ അതു നിരോധിച്ചു. നിരോധിച്ചപ്പോള്‍ കരുത്തും കൌതുകവും കൂടി. അതുകൊണ്ടാകും, റുഷ്ദിയുടെ ‘സാത്താനിക പദ്യങ്ങള്‍‘ കണ്ടെടുത്തു നോക്കിയപ്പോള്‍, പത്തെഴുപതു പേജാകുമ്പോഴേക്കും ക്ഷീണം തോന്നി. കസാന്‍സാക്കിസ്സിനെ ഉപജീവിച്ചുള്ള പി എം ആന്റണിയുടെ ‘ആറാം തിരുമുറിവു‘ മറിച്ചുനോക്കിയപ്പോള്‍ ഉറങ്ങിപ്പോയി. അതു നിരോധിച്ചതു പക്ഷേ ഉറക്കം വരുത്തുന്നതുകൊണ്ടായിരുന്നില്ല.

നല്ല ശമരിയക്കാരനായിരുന്ന കസാന്‍സാക്കിസ്സിന്റെ ‘അന്ത്യപ്രലോഭനം‘ നിരോധിക്കാമെങ്കില്‍, പിന്നെ എന്തു നിരോധിച്ചുകൂടാ? സുവിശേഷം ചിലയിടങ്ങളില്‍ ചില ഘട്ടങ്ങളില്‍ നിരോധിച്ചിട്ടുണ്ടത്രേ. റിച്മണ്ട് നഗരത്തിലെ ഹെന്‍റൈക്കോ ലൈബ്രറിയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ അലമാര കണ്ടു. അതില്‍ ഓര്‍വെലിന്റെ കമ്യൂണിസ്റ്റ്വിരുദ്ധമെന്നു പേരു കേട്ട ‘മൃഗസങ്കേത‘വും ‘1984‘ഉം കണ്ടു. രണ്ടും സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടിരുന്നു. കുറച്ചിട അമേരിക്കയിലും!

‘ഫെബ്രുവരി 29‘ എന്ന തിയതി നിരോധിക്കപ്പെട്ടു, അടിയന്തരാവസ്ഥയില്‍. അന്നാണ് മൊറാര്‍ജി ദേശായിയുടെ പിറന്നാള്‍. ‘തുഗ്ലക്കി‘ല്‍ ചോ രാമസ്വാമി അത് അച്ചടിക്കാന്‍ നോക്കിയപ്പോള്‍, സെന്‍സര്‍ വെട്ടി. ചോ അത് ഷാ കമ്മിഷനില്‍ പറഞ്ഞപ്പോള്‍, ആരോ പാടി, “കരയുന്നൂ പുഴ ചിരിക്കുന്നൂ...”. കമ്മിഷനില്‍ ‘ഒപ്പിനിയന്‍’ എഡിറ്റര്‍ ഗോരേവാല എത്തിയത് ഗീതാശ്ലോകം വെട്ടിയെന്നു പറയാനായിരുന്നു. സന്യാസിയെപ്പോലിരുന്നു ഐ സി എസ്സുകാരനായ ഗോരേവാല. ചിരി വരാത്ത ജസ്റ്റിസ് ഷാ കണ്ണിറുക്കിച്ചോദിച്ചു: “ഭരണഘടനയുടെ ആമുഖം വെട്ടിയോ?” ഭരണഘടന തന്നെ വെട്ടിയില്ലേ?

‘പാകിസ്താനിലെ ജിന്ന’യെ വാഴ്ത്തുന്ന വോള്‍പെര്‍ട്ടിന്റെ പുസ്തകം പാകിസ്താനില്‍ നിരോധിക്കപ്പെട്ടു. ബി ജെ പിക്കാരന്റെ ജിന്നാപുസ്തകം ബി ജെ പി ദേശത്ത് നിരോധിക്കപ്പെട്ടു. നിരോധനത്തിന്റെ വഴി എന്നും അങ്ങനെയായിരിക്കും--ദുരൂഹം. ടി എന്‍ ശേഷനെയും തിരഞ്ഞെടുപ്പുവിശേഷത്തെയും പറ്റി ഞാന്‍ തല്ലിക്കൂട്ടിയ ഒരു പുസ്തകം ലോകമെങ്ങും നിരോധിക്കപ്പെട്ടു--തമിഴനെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍. തലൈവിയും കലൈഞ്ജരുമുള്‍പ്പടെ അഞ്ചു പേരായിരുന്നു ഹരജിക്കാര്‍. കേസ് സുപ്രിം കോടതിയിലെത്തിയപ്പോള്‍ എനിക്കു കിടിലോല്‍ക്കിടിലമായി.

പ്രകാശനം പാടില്ലെന്നായിരുന്നു ആദ്യത്തെ കല്പന. പ്രകശനമില്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. ജസ്റ്റിസ് എച് ആര്‍ ഖന്ന നയിച്ച ചര്‍ച്ചയില്‍ അഡ്വാനിയും അരുണ്‍ ശൌരിയും പങ്കെടുത്തു. ശൌരി പറഞ്ഞു: “കിട്ടാവുന്ന പുസ്തകമെല്ലാം വങ്ങിക്കൂട്ടി നിരോധനം പൊളിക്കണം.” അതു കേട്ടപ്പോള്‍, പണം മുടക്കിയ പ്രസാധകന്‍ കെ പി ആര്‍ നായര്‍, കറുത്ത താടിക്കിടയിലൂടെ വെളുത്ത പല്ലിന്റെ നിര കാട്ടി, ചിരിക്കുകയായിരുന്നു.

(സെപറ്റംബർ എട്ടിന് മനൊരമയിൽ പ്രസിദ്ധപ്പെടുത്തിയത്)