Monday, March 7, 2011

എനിക്കു ദേഷ്യം വരുന്നു

സുകുമാരൻ എന്നെ ഓരോ ഇടത്ത് അങ്ങനെ കൊണ്ടുപോകുന്നു. ഒരിക്കൽ പോത്തങ്കോട്ടെ ഒരു ആശ്രമത്തിൽ. മറ്റൊരിക്കൽ ഒരു വൃദ്ധസദനത്തിൽ. പിന്നെ, കഴിഞ്ഞയാഴ്ച, റോട്ടറി ക്ലബിൽ പ്രസംഗിക്കാൻ. ഞാൻ പ്രസംഗത്തിന്റെ ആളല്ല. എന്നാലും കൊണ്ടുപോയി. വിഷയം പലതും നിർദ്ദേശിച്ചു. മാധ്യമധർമ്മം. മൂല്യച്യുതി. ഇന്ത്യയുടെ ഭാവി. ആഗോളവൽക്കരണത്തിന്റെ അർഥവ്യാപ്തി. തിരഞ്ഞെടുപ്പു പരിഷ്ക്കാരങ്ങൾ....അങ്ങനെ പ്രവചനീയമായ പലതും കേട്ടപ്പോൾ, എനിക്കു ദേഷ്യം വന്നു. ഞാൻ പറഞ്ഞു: എനിക്കു ദേഷ്യം വരുന്നതിനെപ്പറ്റി സംസാരിക്കാം.

സുകുമാരൻ ഒരു നിമിഷം മിണ്ടാതായി. എന്നിട്ട് ഒരു മുന്നറിയിപ്പെന്നോണം പറഞ്ഞു: റോട്ടറി ക്ലബ്ബാണ്. വഴിവിട്ട് ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ സൂക്ഷിക്കണം. കേൾവിക്കാരൊക്കെ കേമന്മാരും വട്ടവും ചിട്ടയും കാത്തുസൂക്ഷിക്കുന്നവരുമാണ്. ദേഷ്യം വരുന്നതിനെപ്പറ്റി പ്രസംഗിച്ചാൽ അവർക്ക് ദേഷ്യം വരുമോ? നോക്കാമെന്നായി ഞാൻ.

സദസ്സിന്റെ നടുവിൽ ഇരിക്കുന്ന എന്റെ ഭാര്യയെ ചോ‍ാണ്ടിയായിരുന്നു പ്രസംഗത്തിന്റെ തുടക്കം. ആത്മാവിനെയും ശരീരത്തെയും തണുപ്പിക്കേണ്ടതാണ് പ്രഭാതം. പക്ഷേ പല പ്രഭാതങ്ങളിലും ഭാര്യ പിറുപിറുക്കും. പുറം തിരിഞ്ഞു നിൽക്കുന്ന എന്നെ വിളിച്ചു കാണിക്കും: “ദാ, ഇതു കണ്ടോ....” അയൽ പക്കത്തെ അയയിൽ രാവിലെ കാണാൻ കൊള്ളാത്ത ഒരു തുണി നനച്ചിട്ടിരിക്കുന്നതു കണ്ടാൽ ആർക്കും അരിശം വരും. പക്ഷേ എന്തു ചെയ്യാൻ? അങ്ങോട്ടു നോക്കാതിരുന്നാൽ പോരേ എന്നു ഞാൻ ചോദിച്ചാൽ അരിശം കൂടുകയേ ഉള്ളു. പ്രഭാതം കോപാകുലമാക്കാൻ അങ്ങനെ എത്ര വഴി കിടക്കുന്നു! ഏതു വഴിയേയും നാം കടന്നു പോകുന്നു, നിസ്സഹായരായി!

ബംഗളൂരിൽ എനിക്കു താമസിക്കാൻ സ്ഥലം തന്ന ഭാസ്കരൻ രാവിലെ തർക്കം പറയുമായിരുന്നു. പലപ്പോഴും പ്രാണായാമം കഴിഞ്ഞു വരുമ്പോഴായിരിക്കും ഭാസ്കരൻ പൊട്ടിത്തെറിക്കുക. കാരണം എന്തുമാകാം. പൈപ്പിൽ വേണ്ടത്ര വെള്ളം വരുന്നില്ല. പത്രം ഇടുന്ന പയ്യൻ അത് എവിടേക്കോ വലിച്ചെറിഞ്ഞു. അർജ്ജുൻ എന്ന വളർത്തുനായ മുറ്റം മുഴുവൻ പതിവില്ലാതെ വൃത്തികേടാക്കി. മേഘം മൂടി, സൂര്യന്റെ വെളിച്ചം വരാൻ വൈകുന്നു...അങ്ങനെ എന്തും ദേഷ്യത്തിനു കാരണമാകാം. ഓരോന്നുകൊണ്ടും ഭാസ്കരൻ ക്ഷുഭിതനാകുന്നു; ക്ഷോഭം പടരുന്നു. എല്ലാവരും നിസ്സഹായരാകുന്നു.

പ്രകൃതിയോടും മനുഷ്യരോടും മൃഗങ്ങളോടും ദേഷ്യം വരുന്നവരെ ഞാൻ ഓർക്കുന്നു. അകരണമല്ലാതെ, നിസ്സഹായമായി ദേഷ്യം വരുന്നവർ. വഴിയിൽ തിരക്കു കാണുമ്പോൾ ദേഷ്യം, കുറുകേ ഓടുന്ന പട്ടിയോടു ദേഷ്യം, മരണവേഗത്തിൽ കടന്നു കേറുന്ന വാഹനത്തോടു ദേഷ്യം, അതിനോടൊപ്പമെത്താൻ ശ്രമിച്ച് പിന്തള്ളപ്പെടുന്ന തന്നോടു തന്നെ ദേഷ്യം. എവിടെ നോക്കിയാലും ദേഷ്യപ്പെടാൻ ഒരു കാരണവും ഒരു മുഖവും കാണും. അതു കാണുമ്പോൾ മുഖം തുടുക്കുന്നു, ചുണ്ടു വിറക്കുന്നു, തൊണ്ട വരളുന്നു, ഗാണ്ഡീവം താഴെ വീഴുന്നു. പിന്നെ ഗീത കൂട്ടിച്ചേർത്താൽ മതി.

സംഗത്തിൽനിന്ന് കാമവും കാമത്തിൽനിന്ന് ക്രോധവും ക്രോധത്തിൽനിന്ന് സമ്മോഹവും ഉണ്ടാകുന്നുവെന്നാണ് ഗീതയിലെ നിഗമനം. സമ്മോഹം ഓർമ്മയെ തകർക്കുന്നു. ഓർമ്മ തകർന്നാൽ ബുദ്ധി നശിക്കുന്നു. ബുദ്ധിനാശത്തോടെ എല്ലാം നശിച്ചുപോകും. ആ നാശത്തിന്റെ പ്രക്രിയയിൽ നടുവിൽത്തന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ദേഷ്യം. ആധ്യാത്മികമായി ഉയർന്ന ആളുകളെപ്പോലും ദേഷ്യം കൈ വിടാറില്ല. രണ്ട് ഉദാഹരണം മാത്രം. ഒന്ന് ദുർവാസാവ്. എവിടെച്ചെന്നാലും പുള്ളിക്കാരൻ കോപിക്കും. താൻ കൊടുത്ത മാല വേണ്ട പോലെ സൂക്ഷിക്കാതെ കൊണ്ടുനടന്ന ദേവേന്ദ്രനോടുള്ള ദേഷ്യം അമരന്മാരെ ജരാനരക്കു വിധേയരാക്കി. കാമുകന്റെ ഓർമ്മയിൽ തന്നെ സൽക്കരിക്കാൻ വൈകിയ ശകുന്തളയോടുള്ള ദേഷ്യം ദുഷ്യന്തന്റെ സ്മൃതിഭ്രംശത്തിനു കാരണമായി. ദേഷ്യതിന്റെ മുനിരൂപമായിരുന്നു ദുർവാസാവ്. രണ്ട് പരശുരാമൻ. ദേഷ്യവും പകയും കത്തിക്കേറിയപ്പോൾ അദ്ദേഹം ഇരുപത്തൊന്നു വട്ടം ശത്രുക്കളെ വെട്ടിനിരത്തി. എത്ര ചോര ഒഴുകിക്കാണും പരശുരാമക്ഷേത്രമായ കേരളത്തിൽ? പരശുരാമന്റെ ദേഷ്യം ഇന്നും എന്തിനും മുഷ്ടി ചുരുട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന കേരളത്തിന്റെ പൈതൃകമായി വാഴുന്നുണ്ടോ?

ദേഷ്യത്തിന്റെ ശരീരശാസ്ത്രം പഠിച്ച ഒരാളാണ് ഡോക്റ്റർ ജോൺ ഹൺടർ. ശരീരത്തിന്റെ ആയിരം കരണങ്ങളെയും പ്രതികരണങ്ങളെയും പലതരം പരീക്ഷണങ്ങൾക്കു വിധേയമാക്കിയ ഗവേഷകനായിരുന്നു ഹൺടർ. ഹൃദ്രോഗം വരുമ്പോൾ രോഗി എങ്ങനെ പെരുമാറുമെന്നറിയാൻ, അദ്ദേഹം തനിക്കു തന്നെ രോഗം വരുത്തിയത്രേ. എന്നിട്ട് അതിനെപ്പറ്റി കവിക്കുമാത്രം വഴങ്ങുന്ന ഭാഷയിൽ എഴുതുകയും ചെയ്തു. ദേഷ്യത്തിന്റെ ശരീരശാസ്ത്രം പരിശോധിച്ചറിഞ്ഞിട്ട് അദ്ദേഹം എഴുതി: “എന്നെ ദേഷ്യം പിടിപ്പിക്കാവുന്ന ഓരോ ശത്രുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ തവണ ദേഷ്യം വരുമ്പോഴും ഞാൻ മരണത്തോട് ഒരടി കൂടി അടുക്കുന്നു.” ഹണ്ടറുടെ നിഗമനം പതിന്നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ ശൃംഗേരിശങ്കരപീഠത്തിന്റെ അധിപതിയായിരുന്ന വിദ്യാരണ്യന്റെ വാക്കുകളിൽ ഞാൻ വായിച്ചറിഞ്ഞു. എത്രയോ മനനത്തിനും നിരീക്ഷണത്തിനും ശേഷമായിരിക്കണം, വിദ്യാരണ്യൻ പറഞ്ഞു: “ദേഷ്യം വരുമ്പോൾ നിങ്ങൾ മരണത്തിന്മുമ്പേ നരകം അനുഭവിക്കുന്നു. അതുകൊണ്ട് ദേഷ്യത്തെ നിങ്ങളുടെ ബദ്ധവൈരിയായി കൂട്ടുക.”

എപ്പോഴും തമ്മിൽത്തമ്മിൽ ദേഷ്യപ്പെടുന്ന ഒരു ദമ്പതികളെ സരസമായി കൈകാര്യം ചെയ്യുന്ന പരുക്കനായ മൈക്കി എന്ന ഒരു കഥാപാത്രമുണ്ട് ജയരാജിന്റെ ലൌഡ് സ്പീക്കർ എന്ന സിനിമയിൽ. ഭർത്താവ് വീട്ടിൽ കയറുമ്പോൾ, ഉടനേ വെള്ളം കവിൾക്കൊള്ളാനായിരുന്നു ഭാര്യക്ക് മൈക്കി കൊടുത്ത ഉപദേശം. ഭർത്താവ് വീട്ടിലുള്ളിടത്തോളം, വെള്ളം ഇറക്കുകയോ തുപ്പുകയോ ചെയ്യരുത്. നിർദ്ദേശത്തിനു ഫലമുണ്ടായി. ഭർത്താവ് ഓരോന്നു പറഞ്ഞ് ഞോണ്ടുമ്പോൾ, വായിൽ വെള്ളം ഉള്ളതുകൊണ്ട് ഭാര്യക്ക് ഒന്നും പറയാനാവുന്നില്ല. തിരിച്ചടി കേൾക്കാത്തതുകൊണ്ട് ഭർത്താവ് ഞോണ്ടൽ നിർത്തുന്നു. അങ്ങനെ രണ്ടു പേരും ചങ്ങത്തം വീണ്ടെടുക്കുന്നു. ഇതു പണ്ടേ ഞാൻ എന്റെ അമ്മയിൽനിന്നു കേട്ടിരിക്കുന്നു. അമ്മയുടെ അമ്മ കൊടുത്ത ഉപദേശമായിരുന്നു. ദേഷ്യം വരുമ്പോൾ ഒരു കവിൾ വെള്ളം കുടിക്കുക. അങ്ങനെ മുൻ ശുണ്ഠിക്കാരിയായിരുന്ന അമ്മയുടെ ദേഷ്യം പലപ്പോഴും തണുത്തിരുന്നത്രേ.

സെനെക്കയാണ് ഇക്കാര്യത്തിൽ എന്റെ ഗുരു. സെനെക്ക പറഞ്ഞു: “ദേഷ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് അമാന്തമാകുന്നു.” ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കാൻ ഒരു നിമിഷം വൈകിക്കുക. പിന്നെ ഒന്നും പൊട്ടിത്തെറിച്ചെന്നു വരില്ല. അങ്ങനെ പറഞ്ഞുനിർത്തിയപ്പോൾ കേൾവിക്കാരായ റോട്ടറി അംഗങ്ങൾ പൊട്ടിത്തെറിച്ചില്ലെങ്കിലും പൊട്ടിച്ചിരിച്ചുമില്ല. ഒരാൾ എന്റെ ഭാര്യയെ പഴയ രംഗത്തേക്കു കൂട്ടിക്കൊണ്ടുപോയി. രാവിലെ അയൽ പക്കത്തെ അയയിൽ തൂങ്ങുന്ന കാണാൻ കൊള്ളാത്ത തുണിയെപ്പറ്റിയായിരുന്നു അന്വേഷണം. അതിനെപ്പറ്റി ഞാൻ പറഞ്ഞതൊക്കെ ശരിയാണോ? അവരെ ദേഷ്യപ്പെടുത്താതിരിക്കാൻ എന്തു പറയണമെന്നായിരുന്നു അപ്പോൾ ഞങ്ങളുടെ ഗവേഷണം.