Saturday, February 23, 2013

നമുക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ






നമുക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ


നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൂറ് ഉപകരണങ്ങളുടെ പട്ടിക ടൈ വാരികയുടെ ടെക്നോളജി എഡിറ്റർ തയ്യാറാക്കിയിരിക്കുന്നു.  ഫോൺ, ക്യാമറ,  ഐപ്പോഡ് എന്നിങ്ങനെ.  ഓരോരുത്തരുടെയും  താല്പര്യം പോലെ  ആ പട്ടിക മാറ്റി മറിക്കാം.  ക്രമം തെറ്റിയേക്കാം.  ഉപകരണങ്ങൾ അതൊക്കെത്തന്നെയായിരിക്കും.  അവയിലൊന്നു പോലും ഞാൻ ഉപയോഗിക്കുന്നില്ല.  കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ, എന്റെ യന്ത്രവൽക്കരണത്തിന്റെ, അളവ് അതാണെന്നു പറയാം.  വളച്ചുകെട്ടാതെ പറഞ്ഞാൽ,  അത്രയും പഴഞ്ചനാണ് ഞാൻ എന്നർത്ഥം.  

ഞാൻ എന്റെ ദേഹം ഒന്നു കൂടി  പരിശോധിച്ചു.  ഇല്ല, പ്രകൃതിയുടേതല്ലാത്ത രണ്ടു സാധങ്ങളേ എന്റെ ദേഹത്തിൽ പറ്റിപ്പിടിച്ചിരിപ്പുള്ളൂ.  മോതിരവും കണ്ണടയും.  പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ശ്രമത്തിൽ, ഇലയും കമ്പും വെച്ച് വീടുണ്ടാക്കുകയും, കായ്കനികൾ ആഹാരമാക്കുകയും, മരവുരി ഉടുക്കുകയും ചെയ്തിരുന്ന ഋഷികളെ ഞാൻ ഓർത്തു.  ആ ജീവിതചര്യയുടെ വികൃതമായ ഓർമ്മയിലാകണം, ചില ക്രിയകൾക്കിരിക്കുമ്പോൾ തയ്യൽക്കാരൻ തൊടാത്ത മുണ്ട് ചുറ്റണമെന്ന നിബന്ധന ഇന്നും ചിലർ പാലിച്ചു പോരുന്നു.  അവരിൽ പലർക്കുമുൾപ്പടെ ആളുകൾക്ക് വന്നുചേർന്നിട്ടുള്ള യന്ത്രവൽക്കരണത്തെപ്പറ്റി ഞാൻ വീണ്ടും ആലോചിച്ചു.

എല്ലിലും പേശിയിലും കമ്പിയോ കമ്പ്യൂട്ടറോ പിടിപ്പിച്ചവർ.  മാറ്റിവെച്ച കണ്ണോ യന്ത്രം ഘടിപ്പിച്ച കാതോ ഉള്ളവർ.  കരളും വൃക്കയും ഹൃദയവും ശ്വാസകോശവും പുതുക്കിയെടുത്തവർ. ചോര മുഴുവൻ ചോർത്തിക്കളഞ്ഞ്, പുതിയ ചോരയോ മജ്ജയോ കുത്തിക്കേറ്റിയവർ.  മാറ്റിവെക്കാൻ വയ്യാത്തതായ മനുഷ്യാവയവം ഒന്നേയുള്ളുവെന്നു തോന്നുന്നു: മസ്തിഷ്കം.  അപ്പറഞ്ഞതും തീർത്തും ശരിയല്ല.  മസ്തിഷ്കത്തിലെ ചില കോശങ്ങളെ, ന്യൂറോട്രാൻസ്മിറ്ററുകൾ  എന്നറിയുന്ന  രാസപദാർത്ഥങ്ങളെ, ഡി എൻ എയെ, പുതുതായി ക്രമീകരിക്കാം. അതുവഴി ഓർമ്മയെയും ശരീരസ്വാധീനത്തെയും ബാധിക്കുന്ന രോഗങ്ങൾ മാറ്റാമെന്നുവരെ വന്നിരിക്കുന്നു.  ഇതിനെ മനുഷ്യന്റെ നവീകരണമെന്നോ യന്ത്രവൽക്കരണമെന്നോ പറയാം.  തന്നെത്തന്നെ മാറ്റി ദൈവം ചമയുന്ന മനുഷ്യന്റെ സ്വരൂപം കാണാൻ രസമായിരിക്കുന്നു.

തന്നെയും പരിസ്ഥിതിയെയും ഇത്രയേറെ യന്ത്രവൽക്കരിച്ച ജീവി  വേറെയില്ല.  ഒരു ഉദാഹരണം.   നടക്കാൻ ഉദ്ദേശിക്കപ്പെട്ട കാലിന്റെ ഉപയോഗം കാലക്രമത്തിൽ മാറി മറിഞ്ഞിരിക്കുന്നതു നോക്കുക.  മഞ്ചലിൽനിന്ന് ചക്രത്തിലേക്കും മോട്ടോറിലേക്കും മാറാൻ അര നൂറ്റാണ്ടുപോലും വേണ്ടി വന്നില്ല. കാലപുരുഷൻ വിചാരിച്ചാൽ പോലും കാലുകൊണ്ട് കടക്കാൻ പറ്റാത്ത ദൂരം നിന്ന നില്പിൽ ഇമ വെട്ടിത്തീരുമ്പോഴേക്കും പിന്നിടാമെന്നു വന്നിരിക്കുന്നു.  എഴുത്തും വായനയുമില്ലാതിരുന്നവർ, അര നൂറ്റാണ്ടുകൊണ്ട്, മണലും ഓലയും കടലാസും കളഞ്ഞ്, തൂവലും പെൻസിലും  ബാൾ പോയന്റും ഇല്ലാതെ, അക്ഷരങ്ങൾ തെളിയിക്കുകയും മായ്ക്കുകയും ചെയ്യുന്നു.  എഴുത്തില്ലാത്ത മനുഷ്യനെപ്പോലെ എഴുതുന്ന മനുഷ്യനും  കാലഹരണപ്പെട്ടിരിക്കുന്നു---എഴുത്ത്  യന്ത്രവൽക്കരിക്കപ്പെട്ടതോടെ.  എന്നിട്ടും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഏഴു വയസ്സുകാരി ഗൌരിയുടെ കയ്യക്ഷരം നന്നാക്കാൻ ഞാൻ ശ്രമിക്കുന്നതാണ് കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ പൊളിയുന്ന അളവ്.

അര നൂറ്റാണ്ടിനുള്ളിൽ എന്റെ ചുറ്റുവട്ടത്ത് കയറി വന്ന യന്ത്രങ്ങൾ കാളവണ്ടിയും പേനയും കമ്പ്യൂട്ടറും മാത്രമല്ല.  എന്റെ അടുക്കളയിൽ എന്നും എന്നെ വേദനിപ്പിച്ചിരുന്നത് അമ്മിയും ആട്ടുകല്ലുമാഇഡ്ഡല്യിഉടെയും ദോശയുടെയും പേരിൽ  എത്ര മനുഷ്യവർഷങ്ങളാണ് അവ ബലി കഴിച്ചിട്ടുള്ളത്!. ആട്ടുകല്ലിൽനിന്ന് ഗ്രൈന്ററിലേക്ക് നമ്മുടെ വീട്ടടുകളകൾ വളർന്നത് എന്റെ ചെറുപ്പത്തിലായിരുന്നു.  എന്തൊരു കുതിച്ചു ചാട്ടമായിരുന്നു അതെന്നോ!.  അഴുക്കുതുണി കല്ലിൽ വീഴുന്ന വേദനയും മഴു മരത്തിൽ കൊള്ളുന്ന ഹുംകാരവും നിലപ്പിച്ചുകൊണ്ട്  നിലവിൽ വന്ന വാഷിംഗ് മെഷിനും  ഗ്യാസ് സ്റ്റവ്വുമോ?  എനിക്ക് ഇഷ്ടമാണ് ഈ ഉപകരണങ്ങളെ, ഈ യന്ത്രങ്ങളെ.

ഞാൻ എന്നും ഭയപ്പാടോടെ ഓർക്കുന്നതാണ് ഒരു പുഴയുടെയും പാലത്തിന്റെയും കഥ.  കവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ ഒരു തെങ്ങിൻ തെങ്ങിൻ പൊളി.  പിന്നെ ഒരു പൊളി കൂടി.  പിന്നെയും ഒരു പൊളി.  പിന്നെ അക്കരെയായി.  ജീവിതതിനും മരണത്തിനുമിടയിലെ കടമ്പയായി
തോന്നിയിരുന്ന ഒരു പീറപ്പാലം.  ഓരോ കാൽ വെയ്പ്പിലും ഒരു ഭീഷണി പോലെ അതു ഞരങ്ങി.  പകുതി കടന്നു ചെല്ലുമ്പോൾ, എതിരേ ഒരാൾ വന്നാൽ, പുഴയിൽ വീഴാൻ തയ്യാറാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.  തെങ്ങിൻ പൊളിക്കു പകരം നാല്പതടി നീളവും പത്തടി വീതിയുമുള്ള
കോൺക്രീറ്റ് പാലം വന്നപ്പോൾ, ഞാൻ അതിലൂടെ പാട്ടും പാടി നടന്നു.  വിർജീനിയ ഉൾക്കടലിനു കുറുകെ, വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമായി, പണിതിരിക്കുന്ന 35 കിലോമീറ്റർ പാലത്തിലൂടെ പോയപ്പോഴത്തെ അത്ഭുതം ആ പാട്ടിൽ ധ്വനിച്ചിരുന്നതു തന്നെയാകണം.

കുറ്റിപ്പുറം പാലം വന്നപ്പോൾ പുതിയൊരു സഞ്ചാരയുഗം പിറക്കുകയായിരുന്നു.  എന്നിട്ടും, ഉല്പതിഷ്ണുവായ ഇടശ്ശേരി പോലും ഖിന്നനായി.  അദ്ദേഹത്തിന്റെ ചോദ്യത്തിൽ ആ പാലമുയർത്തിയ സംസ്ക്കാരത്തെച്ചൊല്ലി സംശയവും ഭയവും നിഴലിച്ചിരുന്നു.  കുറ്റിപ്പുറം പാലം എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു:

കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?

യന്ത്രത്തെപ്പറ്റിയുള്ള ഭയം കാറ്റാടിയന്ത്രങ്ങൾക്കെതിരെ പടക്കിറങ്ങിയ ഡോൺ ക്വിഹാട്ടെയെയും ഇടശ്ശേരിയും മാത്രമല്ല ഗാന്ധിയെയും സർവ്വപ്രകൃതിവാദികളെയും എന്നും അലട്ടിയിരുന്നു.  പലപ്പോഴും ഊഷരതയുടെ പേരിൽ വാഴ്ത്തപ്പെടുന്നതാണ് അതിനു പിന്നിലുള്ള ഗൃഹാതുരത. ആട്ടുകല്ലിൽ അരച്ചുണ്ടാക്കുന്ന മാവുകൊണ്ടുള്ള ദോശയുടെ സ്വാദ് ഒന്നു വേറെത്തന്നെയെന്നു വാദിക്കുന്ന കൃഷ്ണമൂർത്തി എടുത്തു വീശുന്നതും ആ ഗൃഹാതുരതയും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന സംവിധാനത്തോടുള്ള പരാങ്മുഖത്വവും തന്നെ.  മറ്റുള്ളവർ അധ്വാനിക്കട്ടെ, എന്റെ പഴയ സ്വർഗ്ഗം നില നിൽക്കട്ടെ എന്നാവും പ്രാർത്ഥന.

ഈ യന്ത്രവൽക്കരണം ഇങ്ങനെ പോയാൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന വാദത്തിൽ കഴമ്പില്ലാതില്ല.  മനുഷ്യൻ യന്തിരൻ ആയി മാറുന്നു.  ഇപ്പോൾ അത് വിനോദമയി തോന്നുന്നെങ്കിൽ, അടുത്തു തന്നെ അത് യാഥർഥ്യമായി മാറും.  അതിനെ ഭയപ്പെടേണ്ട.  ഭയപ്പെട്ടാൽത്തന്നെ, തടയാനൊട്ടാവുകയുമില്ല.  മനുഷ്യൻ മറ്റൊന്നായി പരിണമിക്കുകയാണെന്നു വാദിക്കുന്ന ചില ശാസ്ത്രജ്ഞരുണ്ട്, റോയൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന
ബ്രിട്ടിഷ് സ്ഥാപനത്തിന്റെ മേധാവിയായിരുന്ന സൂസൻ ഗ്രീൻബെർഗീനെപ്പോലെ.  പരിണമിക്കട്ടെ.  നീത്ഷേ എന്ന ദാർശനികൻ വിഭാവനം ചെയ്തപോലെ, മനുഷ്യൻ അതിമാനുഷൻ--superman--ആയി പരിണമിക്കുന്നതിന്റെ ഭാഗമായി കണക്കാക്കിയാൽ മതി ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വർദ്ധമാനമായ ഈ ഉപയോഗത്തെ.  

വീഴാനാണെങ്കിൽ, താജിലുമാകാം




വീഴാനാണെങ്കിൽ, താജിലുമാകാം
 
വീഴാനാണെങ്കിൽ,  കുണ്ടും കുഴിയും നിറഞ്ഞ വഴി വേണമെന്നില്ല.   നടപ്പാതയിൽ പൊടുന്നനവേ കാണാതാവുന്ന സിമന്റ് പലക വേണമെന്നില്ല.  വീഴാനാണെങ്കിൽ, എവിടെയും വീഴാം.  താജിന്റെ പുൽത്തകിടിയിൽ പോലും വീഴാം.  വീണു.  എല്ലൊടിഞ്ഞു.  രണ്ടെണ്ണം.  


വീഴ്ച കണ്ടുനിന്നിരുന്ന ഭാഷാശാസ്ത്രജ്ഞ്നായ ഒരാൾ പറഞ്ഞു:“വെറും വീഴ്ചയല്ല, പഞ്ചനക്ഷത്രപതനം.”  വാസ്തവത്തിൽ തെളിഞ്ഞ മാനത്തുനിന്ന് നക്ഷത്രങ്ങൾ വീഴുന്നതുപോലെത്തന്നെ തോന്നി.  കടൽത്തിരകൾ പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി, എന്റെ വീഴ്ച കണ്ട്.  ജപ്പാനിലെ കേമനായ ഒരു വാസ്തുശില്പി രൂപകല്പന ചെയ്തതാണത്രേ കോവളത്തെ താജിന്റെ പുൽത്തകിടി.  വീഴാനാണെങ്കിൽ അതും മതിയെന്ന് ഞാൻ വീണ്ടും ഓർത്തു.                         അപ്പോൾ  ആസ്പത്രിയിൽ എന്നെ കാണാൻ വന്ന അറിവുള്ള ഒരാൾ ഓർമ്മിപ്പിച്ചു:  എല്ലൊടിയാൻ വീഴണമെന്നില്ല.  കയ്യൊന്നു തിരിഞ്ഞാൽ മതി, കാലൊന്നു വലിഞ്ഞാൽ  മതി, എല്ലു പൊട്ടാം.  വീണാലും പൊട്ടണമെന്നില്ല.  താജിന്റെ പുൽത്തകിടിയിൽ വീണു കിടക്കുന്ന എന്നെ നോക്കാൻ ഓടിവന്ന ഒരാളും വീണിരുന്നു.  ഒന്നും പറ്റാതെ അയാൾ എണീറ്റു പോയി.  എനിക്കു ചിരിക്കാനായില്ല. അത്ഭുതമേ തോന്നിയുള്ളു.  വീണാലും എല്ലൊടിയാതിരിക്കാം.  വീഴാതെയും ഒടിയാം.  നമുക്ക് എന്തു ചെയ്യാൻ കഴിയും?                                                                                                                                                                                താജല്ലേ, വക്കീലിനെ ഇറക്കി വ്യവഹാരമാകാമെന്ന് ഒരാൾ പറഞ്ഞു.  അശ്രദ്ധ തെളിയിക്കാൻ പാടാകുമെന്ന് വേറൊരാൾ ഉപദേശിച്ചു.  ഉപഭോക്തൃനിയമം നിലവിൽ വന്ന കാലത്ത് മെഡിക്കൽ കോളെജിൽ അപകടം പിണഞ്ഞ ഒരാളുടെ കേസ്സുമായി ഡൽഹിയിൽ പോയതോർത്തു.  ഏറാടിയായിരുന്നു ന്യായാധിപൻ.  വക്കീലിനും കോടതിക്കുമൊഴിച്ചാൽ, ആർക്കും അതുകൊണ്ട്  ഒരു ഫലവുമുണ്ടായില്ല.  അശ്രദ്ധ തെളിഞ്ഞില്ല.                                                         വ്യവഹാരം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നില്ല.  ഓരോരോ ഞായം മനസ്സിൽ വന്നുകൊണ്ടിരുന്നു.  വീട്ടിൽ വരുന്നൊരാൾ പടിക്കൽ കെട്ടിമറിഞ്ഞുവീണാൽ, അയാളുടെ ഭാരം മുഴുവൻ ഞാൻ ഏൽക്കണോ?  ഞാൻ വിളിച്ചു വരുത്തി ജോലിക്കു വെച്ച ആളാണെങ്കിൽ, ശരി, ഭാരം ഞാനും താങ്ങേണ്ടിവരും.  അല്ലാത്ത അവസരത്തിൽ, ഒരു കാണിയുടെ ധാർമ്മികോത്തരവാദിത്വമല്ലേ എനിക്കുള്ളൂ?  അതല്ല, അമേരിക്കൻ രീതിയിൽ,  അറിഞ്ഞോ അറിയാതെയോ അപകടത്തിനു വേദിയൊരുക്കുന്ന ആർക്കും അതിന്റെ  ഉത്തരവാദിത്വത്തിനിന്ന്   ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന വാദവും മുഴങ്ങി. 
                                                                  പക്ഷേ എനിക്ക് വ്യവഹാരത്തിനു മനസ്സു വന്നില്ല.  എന്നെ ആസ്പത്രിയിൽ എത്തിച്ചു പോയ താജിലെ ഉദ്യോഗസ്ഥൻ പിന്നെ തിരിഞ്ഞു  നോക്കാത്തതിൽ കാലുഷ്യം തോന്നി.  എനിക്കു പരിചയമുള്ള വലിയൊരു മാനേജർ ഒഴിഞ്ഞുമാറിയതു കണ്ടപ്പോഴും വിഷമം തോന്നി.  പക്ഷേ അതിനെയൊക്കെ നിസ്സാരമാക്കുന്ന വിധത്തിൽ എന്റെയുള്ളിൽ നന്ദി നിറയുകയായിരുന്നു.  നന്ദി തോന്നുമ്പോൾ വ്യവഹാരത്തിനു മനസ്സു വരില്ല.                   അത്രയേറെ     അടുപ്പമൊന്നുമില്ലാത്ത   പലരും  സഹായത്തിനെത്തി.  റൂബിനും  ഗൌരിയും  നേരം പുലരും വരെ ആസ്പത്രിയിൽ കൂട്ടിരുന്നു.  എന്റെയൊപ്പം ഗൌരി ഒരിടക്ക് ജോലി ചെയ്തിരുന്നെന്നേയുള്ളു.  റൂബിനുമായി പരിചയപ്പെട്ടിട്ട് ഏറെക്കാലമായില്ല.  തമ്പാനെയാകട്ടെ, ഏതാനും മണിക്കൂർ മുമ്പ് കണ്ടിരുന്നതേയുള്ളു, ആദ്യമായി.  അവരുടെ  സൌമനസ്യത്തിന്റെ ഓർമ്മയിലും നന്ദിയിലും വ്യവഹാരചിന്ത കെട്ടുപോയി.  ഞാൻ ആവശ്യപ്പെടാത്ത സൌഹൃദങ്ങൾ കിട്ടിയാൽ, പിന്നെ എന്തു വേണം?                                                                                                                                                                                                                                                                                                                   അനന്തപുരി ആസ്പത്രിയിൽ എന്നെ കണ്ടപ്പോൾ ഡോ രാധാകുമാരി ഒരു തരത്തിൽ സന്തോഷിക്കുകയായിരുന്നു. ഞാൻ അനന്തപുരിയിലാണെന്നു കേട്ടപ്പോൾ, അവർ പേടിച്ചു: ഒന്നുകിൽ  മാർത്താണ്ഡ പിള്ളയെ കാണാനാകും, അല്ലെങ്കിൽ ബാഹുലേയനെ.  ഒന്നുകിൽ തലച്ചോറിനു കേട്, അല്ലെങ്കിൽ  ഹൃദയത്തിന്.  രണ്ടുമില്ല, എല്ലൊടിഞ്ഞതേയുള്ളു എന്നു മനസ്സിലായപ്പോൾ, എന്തിനോടെല്ലാമോ നന്ദി പറഞ്ഞു--അവരും ഞാനും.                                                                                                                                                                                                                                                                                                                                                                                                                                     എന്റെ പൊട്ടിയ എല്ലുകൾ കൂട്ടിച്ചേർത്ത ഡോ ഗോപാൽ ആസ്പത്രി രഹസ്യം പങ്കിടാൻ  എത്രയോ നേരം എന്റെ മുറിയിൽ തങ്ങി.  വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണു ഞാനെന്ന ധാരണ ഉളവാക്കി.  ആ ധാരണ നേടാൻ വേണ്ടിയല്ലേ എല്ലാവരും ജീവിതം മുഴുവൻ വിനിയോഗിക്കുന്നത്?  നഴ്സുമാർ എന്റെ കൂട്ടുകരായി.  അവർ എന്നെ അങ്കിൾ എന്നു വിളിക്കുന്നതു കേട്ടപ്പോൾ, ഒരു കരിയർ മുഴുവൻ  ആസ്പത്രിയിൽ, ഓപ്പറേഷൻ തിയേറ്ററിൽ, കഴിച്ച ഡോ മോഹനൻ  അത്ഭുതപ്പെട്ടു.  അവർ ജോലി ക്ഴിഞ്ഞു  പോകുമ്പോൾ, എന്നോട് പ്രത്യേകം യാത്ര പറഞ്ഞു.  പുതിയൊരു  പിതൃപുത്രീബന്ധം പിറന്നതുപോലെ.  ഓരോ ബന്ധത്തിന്റെയും പിറവിയുടെ പേരിൽ എനിക്ക് അകമഴിഞ്ഞ നന്ദി തോന്നി. 

                                                                                                                                 മുഷിഞ്ഞ ഒരു വൈകുന്നേരം എന്നെ കാണാൻ വന്ന ഡോ രാജശേഖരൻ നായർ കവിതയും മസ്തിഷ്കശാസ്ത്രവും മനുഷ്യന്റെ പരമമായ നിസ്സഹായതയും ഉപന്യസിക്കുന്ന കൂട്ടത്തിൽ,   ഊറിച്ചിരിച്ചുകൊണ്ടുതന്നെ ഇങ്ങനെയും പറഞ്ഞു: “ഇതല്ലേ?  ഇവിടേയല്ലേ?  നന്നായി.  താഴോട്ടോ മേലോട്ടോ ആയിരുന്നെങ്കിൽ, സംഗതി പോക്ക്. ഫീമറോ ഹിപ്പോ പൊട്ടിയെങ്കിൽ, ആറുമാസത്തിൽ കുറയാതെ കിടന്നേനെ.  ഇതു സാരമില്ല.  നന്ദി പറയുക.”  ഞാൻ നന്ദി പറഞ്ഞു, പറ്റാതെ പോയ ആയിരം അപകടങ്ങൾക്ക്. 

                                                                                              ഞാൻ പെട്ടെന്ന് വടക്കൻ വീരഗാഥ പാടി.  കണ്ണപ്പൻ ചേകവരെ ഓർത്തു.  കുട്ടികൾക്ക് സൌഭദ്രം എന്ന പുത്തൂരം അടവ് പറഞ്ഞുകൊടുക്കുമ്പോൾ, അദ്ദേഹം ഓർമ്മിപ്പിച്ചു: “മൂന്നു പന്തിപ്പഴുതു ഞാൻ കാണുന്നു.  ഏതിലും തല വീഴാം.  വീഴും.”  ഒന്നും പറ്റാതെ പോകുന്ന  പന്തിപ്പഴുതുകളുടെ പേരിൽ നന്ദി പറയുക

.        ഞാൻ പെട്ടെന്ന് അയ്യപ്പപ്പണിക്കരെയും ഓർത്തു.   ഞങ്ങൾ ഒരിക്കൽ നടത്താൻ ശ്രമിച്ച മസ്ത്ഷ്കപഠനകേന്ദ്രത്തിന്റെ യോഗത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു.  ഭ്രൂണത്തിന്റെ ഉത്ഭവത്തിനിടയിൽ, മസ്ത്ഷ്കത്തിന്റെ വികാസത്തിനിടയിൽ, വീഴ്ത്താതെ പോകുന്ന ആയിരം പന്തിപ്പഴുതുകളുടെ പേരിൽ ഞാൻ നന്ദി പറഞ്ഞു.  അയ്യപ്പപ്പണിക്കരുടെ കുസൃതി പൊട്ടി: “പതിവില്ലാതൊരു വിനയം കേൾക്കുന്നല്ലോ.  പ്രായമാകുകയാണോ?”  ആണോ?  നന്ദി തോന്നാൻ പ്രായമാകണോ?

Tuesday, February 19, 2013

അല്പം കൂടി മധ്യവിചാരം









അല്പം കൂടി മധ്യവിചാരം





മധ്യവിചാരം ബുദ്ധന്റെ വഴിയായിരുന്നു.  തികഞ്ഞ ലാലസയും തികഞ്ഞ നിരാസവും  വെടിഞ്ഞ്, മധ്യമാർഗ്ഗത്തിൽ ചരിക്കണമെന്നായിരുന്നു ബുദ്ധന്റെ ഉപദേശം.  അങ്ങനെ ഒരു മധ്യമാർഗ്ഗം മദ്യവിചാരത്തിലും സാധ്യമാകുമോ എന്നായിരുന്നു ശാസ്ത്രഗതിയുടെ ഏറ്റവും ഒടുവിലത്തെ ലക്കം കണ്ടപ്പോൾ എന്റെ വിചാരം.  മദ്യത്തിനെതിരെ എം എൻ ഗോകുൽദാസ്  എഴുതിയ വിശദമായ, പാണ്ഡിത്യം നിറഞ്ഞ, ലേഖനം മദ്യപാനികളെ ചിന്തിപ്പിക്കും.  മദ്യവിരോധികൾക്ക്  ലഹരി പിടിപ്പിക്കും.

ഗോകുൽദാസിന്റെ പ്രബന്ധത്തിൽ തെറ്റായ ഒരു വിവരവും കാണില്ല.  അദ്ദേഹം നിരത്തുന്ന വാദങ്ങളും കണക്കുകളൂം നമുക്ക് അതേ പടി സ്വീകരിക്കാം.  ഓണത്തിനും വിഷുവിനും വിറ്റഴിയുന്ന മദ്യത്തിന്റെ അളവും വിലയും എല്ലാ കൊള്ളവും മാധ്യമങ്ങൾക്ക് ആഘോഴിക്കാനുള്ള വാർത്തയാണ്.  ചാലക്കുടിയും കരുനാഗപ്പള്ളിയും മദ്യവില്പനയിൽ, ഉപഭോഗത്തിൽ, മത്സരിച്ചങ്ങനെ മുന്നേറുന്നു, കൊല്ലം തോറും.  അതിനെപ്പറ്റിയുള്ള വാർത്തയിൽ വീര്യം കലർത്താൻ, തയ്യാറാക്കുന്നവർ എന്തെങ്കിലും മരുന്നടിക്കാറുണ്ടോ ആവോ?

ശാസ്ത്രഗതി അവതരിപ്പിക്കുന്ന കുറച്ചു ഗണീതം ഉദ്ധരിക്കട്ടെ.  ദക്ഷിണേഷ്യയിലെ മദോല്പാദനത്തിന്റെ 65 ശതമാനം ഇന്തയിൽ നടക്കുന്നു.  ഇന്ത്യയുടെ ഇപ്പോഴത്തെ ഉല്പാദനം 670 കോടി ലിറ്റർ.  മൂന്നുകൊല്ലം കൊണ്ട് ഉപഭോഗം മൂഇരട്ടിയാകും.  വ്യാജോല്പന്നം ഇതിൽ പെടുന്നില്ല.  ഇരുപതു ശതമാനത്തോളം ഉല്പാദനം വ്യാജമാണെന്നു കരുതപ്പെടുന്നു.  ലോകത്തിൽ ഏറ്റവുമധികം വിസ്കി കുടിയന്മാർ ഇന്ത്യയിലാണ്.  വിസ്കിയിൽനിന്നുള്ള വരുമാനം 40, 500 കോടി.  അത് 2015 ആവുമ്പോഴേക്കും 54000 കോടിയാകും.

മദ്യപാനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ കേരളത്തിനു തന്നെ.  കുറെ കൊല്ലങ്ങളായി ആ പദവി തുടർന്നുപോരുന്നു.  ഇന്ത്യുയുടെ ഉല്പാദനത്തിന്റെ പതിനാറു ശതമാനം കുടിക്കുന്നത് കേരളക്കാരാണ്.  ഒറ്റയടിക്ക് നേർപ്പിക്കാത്ത മദ്യം വിഴുങ്ങുന്ന ആപൽക്കരമായ ശീലമുള്ള പുരുഷന്മാരുടെ സമൂഹമെന്ന് ചില അന്താരാഷ്ട്രനിരീക്ഷകർ കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നു.  ആരോഗ്യരംഗത്ത് കേരളം നേടിയ എല്ലാ നേട്ടങ്ങളെയും തകിടം മറിക്കാൻ മദ്യപാനം മതിയാകും എന്നാണ് വിദഗ്ധമതം.


കേരളത്തിലെ ആളോഹരി മദ്യോപഭോഗം 11 ലിറ്റർ ആണ്.  നല്ല കുടിയന്മാരെന്നു നാം കണക്കാക്കുന്ന പഞ്ചാബിലെ ആളോഹരി ഉപഭോഗം 7.9 ലിറ്ററേ വരുന്നുള്ളു.  ഈ കണക്കിലും അല്പം അവാസ്തവികതയുണ്ട്.  ആളോഹരി കൂട്ടുന്നത് കുട്ടികളെയും സ്ത്രീകളെയും പ്രായം ചെന്നവരെയും ഉൾപ്പെടുത്തിയാണ്.  അവരെയെല്ലാം ഒഴിവാക്കി ആളോഹരി കണക്കാക്കിയാൽ, കേരളം കുടിച്ചുതീർക്കുന്ന മദ്യത്തിന്റെ അളവു കേട്ട് ആരും കിറുങ്ങിപ്പോകും.  രോഗം മാത്രം നേടിത്തരുന്ന ഈ ലഹരിയുടെ വിലയെന്ത്?
അത് ആരോഗ്യകരമായ ഉപയോഗങ്ങൾക്കുവേണ്ടി നീക്കിവെച്ചാൽ നേട്ടമെന്തായിരിക്കും?  ലഹരി പിടിക്കാത്ത ലോകം ഉന്നയിക്കുന്ന ചോദ്യം തീർത്തും യുക്തിസഹം തന്നെ.  അതൊക്കെ ബോധ്യമുണ്ടായിട്ടും ആരും കുടി കുറക്കുന്നില്ല.

ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ ഒന്ന് മദ്യവർജ്ജനം ആണല്ലോ.  ഗാന്ധിയോട് കടുത്ത ആരാധനയുള്ള ചിലർ മദ്യവർജ്ജകരായി രംഗത്തുണ്ട്, ഇന്നും.
അവരിൽ ചിലർ ചിലപ്പോൾ മദ്യമന്ത്രിമാരായി വിളങ്ങുന്നതും കാണാം.  പക്ഷേ അതുകൊണ്ടൊന്നും മദ്യോപഭോഗം കുറയുന്നില്ലെന്നു മാത്രമല്ല, കൂടുന്നുണ്ടു താനും.  ദോഷം പറയരുതല്ലോ, സംസ്ഥാനത്തിന്റെ വരുമാനത്തിൽ നല്ലൊരു പങ്ക് മദ്യത്തിന്മേലുള്ള നികുതിയും മദ്യം വിറ്റുള്ള ലാഭവും ചേർന്നതാണ്.  അതു മുഴുവൻ വേണ്ടെന്നു വെച്ചാൽ, കമ്മി എങ്ങനെ നികത്തും?  സംസ്ഥാ‍നത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ പല സംരംഭങ്ങൾക്കും ഉദാരമായി സംഭാവന ചെയ്യുന്ന ആളുകൾ,
കള്ളുകച്ചവടം നിർത്തിയാൽ, ആ ഔദാര്യം പിന്നെ എങ്ങനെ പ്രകടിപ്പിക്കും.?  നമ്മുടെ രാഷ്ട്രീയത്തിന്റെ എറ്റവും വലിയ ധനസ്രോതസ്സുകളിൽ ഒന്ന് മദ്യവ്യാപാരമാണെന്നോർക്കണം.

മദ്യവർജ്ജനത്തിനോ മദ്യനിരോധനത്തിനോ അനുകൂലമായി മാത്രമേ വാദങ്ങൾ നിരത്താനുള്ളുവെങ്കിലും മലയാളി കുടി കാര്യമായി തുടരുന്നു.  ഏതാണ്ടൊരു പ്രവചനത്തിന്റെ ഈണത്തിൽത്തന്നെ പറയാം,  കുടി മുട്ടുകയില്ല, കൂടുകയേ ഉള്ളു.  ആവശ്യമില്ലാത്ത, ആപൽക്കരമായ ഒരു ശീലം ഏറെ പണം മുടക്കി തുടരുന്നതിലെ അയുക്തികത അത്ഭുതപ്പെടുത്തുന്നതാകുന്നു.  വാസ്തവത്തിൽ, എല്ലാം യുക്തിപൂർവം മാത്രം കാണണമെന്നു നിർബ്ബന്ധമുള്ള മൃഗമല്ല മനുഷ്യൻ എന്ന് ഈ ഘട്ടത്തിൽ മനസ്സിലാക്കണം.   വല്ലപ്പോഴും ഒന്നു മിനുങ്ങാൻ, ചിലപ്പോൾ ഒന്നു ഫിറ്റാവാൻ, അപൂർവം അവസരങ്ങളീൽ അവനവനിൽനിന്ന് അകന്നുമാറാൻ മനുഷ്യനുള്ള പ്രേരണ ഏറെ ശക്തമാണെന്നതാണ് വാസ്തവം.

“വൈകീട്ടെന്താ പരിപാടി?” എന്ന ചോദ്യം ശാസ്ത്രഗതിയിലെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്.  ആ ചോദ്യം മനസ്സിലാകുന്നവരുടെ ഇടയിൽ “പരിപാടി” ഒന്നേ ഉള്ളു.  വൈകീട്ടത്തെ പരിപാടിക്കായാലും പ്രത്യേകാഘോഷങ്ങൾക്കായാലും ഏർപ്പാട്
ഒന്നു തന്നെ.  ഒരു തരം ലാഘവം ആഗ്രഹിക്കുന്നവരാ‍ാണ് പലരും.  കുടിക്കില്ലെന്നു ശപഥം ചെയ്തവർ പോലും കഥയിലും കവിതയിലും മദ്യത്തിന്റെ ലഹരി അനുഭവിക്കുന്ന രംഗം ചിത്രണം ചെയ്യുന്നതു നോക്കുക.  വളരെ മുതിർന്ന കവികൾ, അവരിൽ തികഞ്ഞ സാത്വികന്മാർ  പോലും, മദ്യത്തിന്റെയും ലഹരിയുടെയും ബിംബകങ്ങൾ അവതരിപ്പിക്കുന്നതു കാണാം.  ആനന്ദലഹരി എന്നു പറയുമ്പോൾ ആധ്യാത്മികാനന്ദത്തിന്റെ ലഹരി ആണെന്നു വാദിച്ചു നോക്കാം.  അതല്ലാത്ത ലഹരിയുടെ അനുഭവങ്ങൾ മദ്യവിരോധികളായ കവികൾ ചിത്രീകരിക്കുമ്പോൾ, അവരുടെ ധൈഷണീകസത്യസന്ധതയെ സംശയിക്കണോ, അതോ മദ്യത്തിന് അപ്രതീക്ഷിതമായി കൈവരുന്ന ഒരു അംഗിക്കാരമായി അതിനെ കൂട്ടണോ?

പിന്നെ, യുക്തിയുടെ കാര്യം എടുത്താൽ, എന്തെല്ലാം അയുക്തികമായി തോന്നും?  മനുഷ്യൻ മനുഷ്യനെ ഇഷ്ടപ്പെടുന്നതാണ് യുക്തി.  യുക്തിക്കനുസരിച്ച് മനുഷ്യൻ  പെരുമാറിയിരുന്നെങ്കിൽ, ഇപ്പോഴത്തെ ബദ്ധപ്പാടൊന്നും ഉണ്ടാകുമായിരുന്നില്ല.
മലയാളി കഴിഞ്ഞ നൂറുകൊല്ലത്തിനുള്ളിൽ ശീലിച്ച ചായകുടി നിർത്തിയാൽ എത്ര കോടി രൂപ ലാഭിക്കാം?  സ്വർണ്ണത്തോടുള്ള ഭ്രമം ഇല്ലാതായാൽ,  സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട്  കല്യാണം മുടങ്ങിപ്പോകുന്ന എത്രയോ കുട്ടികളുടെ അഛനമ്മമാർക്ക് എത്ര സമാധാനം ഉണ്ടാകും?  നരച്ച മുടി കറുപ്പിക്കുന്ന ഏർപ്പാട് വേണ്ടെന്നു വെച്ചാൽ, എത്ര പണച്ചിലവ് ഒഴിവാക്കാം? ദേഹം നിറം പിടിപ്പിക്കാനുപയോഗിക്കുന്ന സാധനങ്ങൾ വേണ്ടെന്നുവെച്ചാൽ, ഉണ്ടാകുന്ന മിച്ചം എത്ര?  ആവശ്യമില്ലാതെ കരുതിവെക്കുന്ന പണത്തിൽ ഒരു പങ്ക്  പട്ടിണീ കിടക്കുന്നവർക്ക് കൊടുത്താൽ ഉണ്ടാകുന്ന നന്മ എത്ര?

ഇതൊക്കെ യുക്തിക്കു ചേർന്ന പ്രവൃത്തികളാണ്.  ആരും ഇതൊന്നും ചെയ്തുകൂടെന്നു പറയുകയില്ല.  പക്ഷേ ആരും യുക്തി നോക്കിയല്ലല്ലോ അതൊക്കെ ചെയ്യാതിരിക്കുന്നത്.  കള്ളു കുടിച്ചാൽ കരൾ വീങ്ങുമെന്നും കാശ് പൊലിയുമെന്നും തല തിരിയുമെന്നും വക്കാണത്തിനു കാരണമാകുമെന്നും ഒക്കെ അറിയാവുന്നവർ തന്നെ കുടിയന്മാരും കുടിക്കാത്തവരും.  എന്നിട്ടും, ഗോകുൽദാസിന്റെ കണക്കുകളും വാക്കുകളും വായിച്ചിട്ടും, കുടി തുടരുന്ന മനുഷ്യൻ യുക്തിക്കനുസരിച്ചു നീങ്ങാത്ത മൃഗമാണെന്നു കരുതാമോ?  അതോ മറ്റൊരാളാവാനുള്ള പ്രേരണകൊണ്ട് അല്പം മരുന്നടിച്ച് ലഹരി ഉണ്ടാക്കുന്നതുകൊണ്ടോ?  ജീവിതം സഹനീയമാക്കാൻ പറ്റുന്നതെന്ന്  കരുതി ഓരോരുത്തർ ഓരോരോ അടവ് പയറ്റുന്നു.  വൈലോപ്പിള്ളി പറഞ്ഞ പോലെ, ചിലർ ചീട്ടു കളിക്കുന്നു, ചിലർക്ക്   “ആകണ്ഠപാനം പ്രിയം”, ചിലർ നാമം ജപിക്കുന്നു, ചിലർ ശ്ലോകം ചൊല്ലിയിരിപ്പൂ, “ലോകം വിഭിന്നോത്സവം.”

ജോണ്‍ മാഷ് എന്തിനു കയര്‍ക്കുന്നു?





ജോണ്‍ മാഷ് എന്തിനു കയര്‍ക്കുന്നു?
 

ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ മുന്നൂറു കൊല്ലം മുമ്പ് വടക്കാഞ്ചേരിക്കടുത്ത വേലൂരിലെ വെങ്ങലശ്ശേരിക്കുന്നിന്‍ ചരിവില്‍ ‍പണിതുകൊടുത്തതാണെന്നു കരുതപ്പെടുന്നു അര്‍ണോസ് പാതിരിയുടെ മാളിക. കാലത്തിന്റെ വേഗവും പരിഷ്കാരത്തിന്റെ ധാര്‍ഷ്ട്യവും അതിന്റെ രൂപവും ഭാവവും ഏറെ മാറ്റിയിരിക്കുന്നു.  ആ ഓര്‍മ്മയുടെ തിണ്ണയില്‍, അര്‍ണോസ് ഉണ്ടാക്കിയ പള്ളിയുടെ മതിലിനോട് ചേര്‍ന്ന് ജോണ്‍ മാഷ് നിന്നു.  പൊക്കം കുറഞ്ഞ ആ മനുഷ്യരൂപത്തില്‍നിന്ന് ആയിരം സൂര്യന്മാരുടെ രോഷം വികിരണം ചെയ്യപ്പെട്ടു.

പള്ളിച്ചുമരിലെ വചനങ്ങള്‍ ‍ഉറക്കെ ഉച്ചരിച്ചുകൊണ്ട് ജോണ്‍ മാഷ് പറഞ്ഞു: “അതിന്റെ ശീലും ശൈലിയും നോക്കൂ.  എഴുത്തഛന്റെ കാവ്യഹൃദയം അതില്‍ സ്പന്ദിക്കുന്നതു കേള്‍ക്കാം. ഹൈന്ദവസംസ്കൃതി ഉള്‍ക്കൊണ്ട ആളായിരുന്നു അര്‍ണോസ്.  ഉദയമ്പേരൂര്‍ സുന്നഹദോസ് വഴി മെനെസസ് മെത്രാന്‍ നല്‍കിയ തീട്ടൂരം തള്ളിക്കളഞ്ഞ്, ഈ മണ്ണിന്റെ മണവും സ്വരവും തന്റെ രചനകളില്‍ അവ്വഹിച്ച ജര്‍മ്മന്‍ പാതിരിയായിരുന്നു അര്‍ണോസ്....”

അക്ഷമനായി ജോണ്‍ മാഷ് സംസാരിച്ചുപോയപ്പോള്‍, ഞാന്‍ അര്‍ണോസിന്റെ വരികളിലൂടെ കടന്നുപോയി.  രാമായണത്തിലും ജ്ഞാനപ്പാനയിലും കൃഷണഗാഥയിലും വിളങ്ങിനില്‍ക്കുന്ന ഒരു പദസംസ്കാരം അദ്ദേഹത്തിന്റെ പുത്തന്‍പാനയില്‍
മഹിതോദാരമായ ദിവ്യസ്നേഹത്തിന്റേയും സാഹിത്യസേവനത്തിന്റേയും ഓര്‍മ്മ ചുരത്തുന്ന വെങ്ങലശ്ശേരിക്കുന്നിലെ എടുപ്പുകള്‍ മാറിമാറിവന്ന ചില വൈദികരുടെേയും അവരുടെ വൈതാളികരുടെയും ചരിത്രവിരോധത്തില്‍ തകര്‍ന്നുവീണു. നവീനശൈലികളും സാമഗ്രികളും നിര്‍മ്മിതികളും ആയിരുന്നു, അര്‍ണോസിന്റെ പൈതൃകത്തേക്കാളേറെ, അവര്‍ക്കിഷ്ടം. തികഞ്ഞ അഭിനിവേശത്തോടെ അവര്‍ അദ്ദേഹം സ്വരൂപിച്ച തങ്കക്കാസ കുറേ നാണയങ്ങള്‍ക്ക് വിറ്റു.  അഞ്ചു താക്കോലുകള്‍കൊണ്ടു തുറക്കാവുന്ന ഏഴു പൂട്ടുകളുള്ള പള്ളിയിലെ രഹസ്യ അറ അവര്‍ പൊളിച്ചു.  അതിന്റെ പലകകള്‍ മീഞ്ചന്തയിലേക്കും മറ്റും സൌകര്യപൂര്‍വം കടത്തി. എന്നിട്ട് അവര്‍ ജോണ്‍ മാഷെ മുദ്ര കുത്തി: “പള്ളി പൊളിച്ച കള്ളന്‍.” ആ അസഭ്യം കേള്‍ക്കുന്നത് അര്‍ണോസ് പതിരിയുടെ പുതിയ പ്രവാചകന് എന്നും ഹരം ആയിരുന്നു.

ജോണ്‍ മാഷിന്റേയും മറ്റും നീണ്ട ദൌത്യത്തിന്റെ പരിണാമമായിരുന്നു വെങ്ങലശ്ശേരിക്കുന്നിലെ ദേവാലയം പുരാവസ്തുവാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. അതു നന്നാക്കാന്‍ കുറെ സര്‍ക്കാര്‍ പണവും ചിലവായി.  അങ്ങനയിരിക്കെ അര്‍ണോസ് പാതിരിയുടെ ഓര്‍മ്മയെ സര്‍ക്കാരിന്റേയോ സമൂഹത്തിന്റേയോ സംരക്ഷണത്തില്‍ വിടുന്നതിനോടെതിര്‍പ്പുള്ളവര്‍ പുതിയ അടവുകളുമായി രംഗത്തെത്തി.  ഒരു ദിവസം ആരെല്ലമോ ചേര്‍ന്ന് വാസ്തുവിദ്യാപ്രാധാന്യമുള്ള പള്ളിമതിലിന്റെ ഒരു ഭാഗം പൊളിച്ചുകളഞ്ഞു.  ക്ഷേത്രശില്‍പത്തില്‍നിന്ന് മാതൃക സ്വീകരിച്ചുകൊണ്ട് പള്ളി പണീതിരുന്ന ആളാണത്രേ അര്‍ണോസ്. മതില്‍ രണ്ടുതരമാണ്: കുടം പള്ള(ഘടോദരം), ആനപ്പള്ള(ഗജോദരം).  രണ്ടും ചേര്‍ത്തായിരിക്കും മിക്ക മതിലുകളും. വേലൂര്‍ പള്ളിയില്‍ മുഴുവന്‍ ഗജോദരമായിരുന്നത്രേ. അതിന്റെ ഒരു ഭാഗം, കാറു കേറ്റാനുള്ള സൌകര്യത്തിനുവേണ്ടിയോ എന്തോ, ആരോ പൊളിച്ചുകളഞ്ഞു. അതൊക്കെ പുരാവസ്തുവിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുമ്പോഴാണിതെന്നോര്‍ക്കണം.  കേസായി.  പക്ഷേ സാക്ഷി ഇല്ലാതെ കേസ് തള്ളിപ്പോയി. ചരിത്രത്തിന്റെ നിതാന്തവിശുദ്ധിയില്‍ അഭിരമിക്കുന്ന ജോണ്‍ മാഷ് എങ്ങനെ കയര്‍ക്കാതിരിക്കും? കഴിഞ്ഞ അമ്പതു കൊല്ലത്തിനുള്ളില്‍ നാം നശിപ്പിച്ചുകളഞ്ഞ ദേവാലയങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അദ്ദേഹം. 

ചരിത്രം എവിടെ ആക്രമിക്കപ്പെടുമ്പോഴും ജോണ്‍ മാഷ് കയര്‍ക്കും. കുന്നംകുളത്തുനിന്ന് തൃശൂര്‍ക്കു പോകുമ്പോള്‍ ഒരു പ്രഭാതത്തില്‍ ജോണ്‍ കയര്‍ത്തത് വെടിയൊച്ച കേട്ടപ്പോഴായിരുന്നു.  ചൂണ്ടല്‍ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം.  പാറപ്പുറത്തുള്ള ഒരു വിഷ്ണുക്ഷേത്രത്തിന്റെ ഓരത്ത് ജോസ് എന്ന ഒരു കരാറുകാരന്‍ പാറ വെടിവെച്ചുപൊട്ടിക്കുകയായിരുന്നു.  ബസ്സില്‍നിന്ന് വെളിച്ചപ്പാടിനെപ്പോലെ ചാടിയിറങ്ങിയ ജോണ്‍ മാഷ് സംഗതി മനസ്സിലാക്കി, ഒരു സമരത്തിനുള്ള മരുന്നിട്ടതിനുശേഷമേ യാത്ര തുടര്‍ന്നുള്ളു. ഹരികന്യകപുരത്തെ ദീവീക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായും ഈയിടെ അദ്ദേഹം ബന്ധപ്പെടുകയുണ്ടായി.  ക്ഷേത്രമായാലും പള്ളിയായാലും, പഴമയും പുരാവൃത്തവുമുണ്ടെങ്കില്‍, ആരാധകനും പ്രവാചകനുമായി ജോണ്‍ മാഷ് അവിടെ എത്തിയിരിക്കും. പഴമയാകുന്നു ദിവ്യത്വത്തിന്റെ ഒരംശം. 

സംസാരിച്ചുമുന്നോട്ടുപോകുന്നതിനിടയില്‍, തനിക്കു പങ്കെടുക്കേണ്ടിയിരുന്ന കല്യാണം ജോണ്‍ മാഷ് മറന്നു. ഒര്‍ത്തപ്പോള്‍, തന്റെ  പ്രാരാബ്ധം പറഞ്ഞൂകേള്‍പ്പിക്കാന്‍ ഒരാളെക്കൂടി കിട്ടിയ സന്തോഷത്തില്‍, അതൊക്കെ മറന്നതുനന്നായെന്നായി. ഞങ്ങള്‍ പിരിയുമ്പോള്‍്, ജോണ്‍ മാഷ് കൈകള്‍ ആകാശത്തിലേക്കുയര്‍ത്തിക്കൊണ്ട്, പുരോഹിതന്‍മാരെ പരിഹസിക്കുന്ന യേശുവിന്റെ വചനം ഉറക്കെ ഉരുവിടുകയായിരുന്നു. ആകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു ആ ജപം എന്നു തോന്നി.  

അനുശോചനത്തിന്റെ ആവശ്യമെന്ത്?







അനുശോചനത്തിന്റെ ആവശ്യമെന്ത്?



നാല്പതു വയസ്സിൽ കുറഞ്ഞവർക്ക് , എൻ ജെ നാൻപോറിയയുടെ മരണം—ജീവിതവും—ഓർക്കപ്പെടേണ്ടതായിരിക്കണമെന്നില്ല.  എൺപത്തെട്ടിലെ മരണം വിരസമായ ഒരു അനിവാര്യതയായി മാത്രമേ കണക്കാക്കപ്പേടാൻ ഇടയുള്ളു.  ഉണ്ടായതും അങ്ങനെത്തന്നെ.  ടൈംസ് ഒഫ് ഇന്ത്യയിലും ആ മരണം റിപ്പോർട് ചെയ്യപ്പെട്ടില്ലെന്ന് ആ പത്രം പതിവായി വായിക്കുന്ന ഒരാൾ എഴുതിക്കണ്ടു.  സ്റ്റേറ്റ്സ്മാൻ എന്ന പത്രത്തിലും നാൻപോറിയയുടെ മരണം പരാമർശിക്കപ്പെട്ടിരിക്കില്ല.  അദ്ദേഹം ആ രണ്ടു പത്രങ്ങളുടെയും എഡിറ്റർ ആയിരുന്നല്ലോ.

അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കവും എന്റെ വായനയിൽ നാൻപോറിയയുടെ പംക്തിയും ഉൾപ്പെട്ടിരുന്നു.  ടൈംസ് ഒഫ് ഇന്ത്യയിൽ അദ്ദേഹം എഴുതിയിരുന്ന Sunday Soliloquies എന്റെ ഭാഷയിൽ, എനിക്കിഷ്ടപ്പെട്ട, ഞായർ ഞായം ആയിരുന്നു.  നിഷ്കൃഷ്ടമായ ശൈലി.  ഔപചാരികത്വം ഏറും.  ഗഹനമായ വിഷയങ്ങളെപ്പറ്റിയേ എഴുതൂ.  കാഴ്ചപ്പാടിന് ഒരു ലിബറൽ സ്വഭാവമുണ്ട്.  ആ പംക്തിയിൽ മാത്രമേ അദ്ദേഹത്തിന്റെ ബൈലൈൻ കാണൂ.  പിന്നെ പത്രത്തിന്റെ പിന്നിലെ പേജിൽ അടിയിലായി എഡിറ്ററുടെ പേർ എഴുതേണ്ടയിടത്തും.

സ്ടേറ്റ്സ്മാനിൽ നാൻപോറിയ എഴുതിയിരുന്നത്  One Man’s View ആയിരുന്നു.  NJN എന്ന ത്ര്യക്ഷരി ആയിരുന്നു അദ്ദേഹത്തിന്റെ ബൈലൈൻ.  വലിയ വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത, രാഷ്ട്രീയത്തിൽ ലാഭകരമായ  സൌഹൃദങ്ങളൊന്നും ഉണ്ടാക്കാത്ത നാൻപോറിയയുടെ പംക്തിയിൽ മാന്യതക്കു ചേരാത്ത എരിവോ പുളിയോ മണമോ ഉണ്ടായിരുന്നില്ല.  അതുകൊണ്ടു തന്നെ ഓർക്കാനും മറക്കാനും അധികമാർക്കും  താല്പര്യമോ അവസരമോ ഉണ്ടായില്ല.

അദ്ദേഹം  എഡിറ്റർ ആയിരുന്ന രണ്ടു പത്രങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ പറഞ്ഞുകേട്ടതോർക്കുന്നു.  ടൈംസ് ഒഫ് ഇന്ത്യയിൽ ഉടമസ്ഥൻ ജയിൻ നിസ്സാരമായ കാര്യത്തിൽ പോലും ഇടപെട്ടിരുന്നതിനെപ്പറ്റി രഹസ്യമായി നാൻ പോറിയ  പ്രധാനമന്ത്രി നെഹ്രുവിനെഴുതി.  അന്ന്  നാൻപോറിയ എഡിറ്റർ ആയിക്കഴിഞ്ഞിരുന്നില്ല.  ജയിൻ ആ രഹസ്യപത്രത്തെപ്പറ്റി അറിഞ്ഞിരുന്നുമില്ല.  ഏതായാലും  അധികം കഴിയും മുമ്പ് താൻ ആരെ അപഹസിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെഴുതിയോ  ആ ആൾ അദ്ദേഹത്തെ എഡിറ്റർ ആക്കി.  അത് ജയിന്റെ മേന്മയായിരുന്നുവെന്നു കരുതേണ്ട.  പിന്നീടൊരു ജയിൻ ആത്മഗൌരവമുള്ള ഒരു എഡിറ്ററെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരുന്നു.  എന്നെ പത്രത്തിൽ എടുക്കാൻ നിശ്ചയിച്ച വേറൊരു എഡിറ്ററെ,  ആ നിശ്ചയം എടുത്തുകൊണ്ടിരിക്കുന്ന നിമിഷത്തിൽ, പുറത്താക്കാൻ പയ്യൻ ജയിൻ കോപ്പു കൂട്ടുകയായിരുന്നു.

സി ആർ ഇറാനി എന്ന ഏകഛത്രാധിപതിയായിരുന്നു ഏറെക്കാലം സ്റ്റേറ്റ്സ്മാന്റെ ഭരണാധികാരി.  ഇറാനിയുമായി ഏറ്റുമുട്ടാതിരിക്കണമെങ്കിൽ എഡിറ്റർക്ക് ആത്മാഭിമാനം തീരെ കുറഞ്ഞിരിക്കണം.  കുൽദീപ്  നയ്യാരെ  ഒരിക്കൽ ഇറാനി കശക്കാൻ നോക്കി.  പദവി മറ്റി.  ഫോൺ പിൻ വലിച്ചു.  പിന്നെ അദ്ദേഹത്തിന്റെ പംക്തി നിർത്താൻ നോക്കി.  അപ്പോൾ എഡിറ്റർ ആയിരുന്ന നാൻപോറിയ ഇടപെട്ടു.  പംക്തി നിർത്താൻ പറ്റില്ല.  അത്രക്കായതു തന്നെ ഭാഗ്യം.  രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ നാൻപോറിയയുടെ കാലാവധി തീർന്നു.  ഒരു കൊല്ലം കൂടി നീട്ടുമെന്ന് ശ്രുതി പരന്നു.  പക്ഷേ ഉത്തരവ് ഇറങ്ങിയില്ല.  അവസാനദിവസം വരെ
നാൻപോറീയ കാത്തു.  എന്നിട്ടും ഉത്തരവ് വന്നില്ല.  അങ്ങനെ ഒന്നും മിണ്ടാതെ നാൻപോറിയ പടി ഇറങ്ങി.

പകുതി പാഴ്സിയും പകുതി ജാപ്പനീസുമായ നാൻപോറിയയെപ്പറ്റിയുള്ള പല ‘പരാതി‘കളും ഒരുമിച്ചു ജോലി ചെയ്യുകയും പിന്നീ‍ട്  സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ ആകുകയും ചെയ്ത സുനന്ദ ദത്ത റായ്  ശരി വെച്ചിട്ടുണ്ട്.  നല്ല അറിവുള്ള ആളായിരുന്നു എൻ ജെ എൻ എന്നായിരുന്നു ഒരു പരാതി.  മറ്റു പലരെയും പോലെ, തന്നെത്തന്നെ എപ്പോഴും ശ്രദ്ധാകേന്ദ്രമാക്കാൻ  എൻ ജെ എൻ ശ്രമിച്ചിരുന്നില്ല എന്നായിരുന്നു വേറൊരു പരാതി.  ആ പരാതിയൊക്കെ ശരിയായതുകൊണ്ടാകാം, ദത്ത റായ് പറയുന്നു, എഡിറ്റർ പദം ഒഴിഞ്ഞതോടെ ഒരു പത്രത്തിനും അദ്ദേഹത്തിന്റെ പംക്തി വേണ്ടെന്നായി.  ഡെക്കാൻ ഹെരൾഡിലും ടെലഗ്രാഫിലും കുറച്ചിട അദ്ദേഹത്തിന്റെ പംക്തി എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന വിഷയം ഗവേഷണത്തിനുതകും.

എൻ ജെ എൻ സ്തുത്യർഹമായ രീതിയിൽ നേടിയെടുത്ത മറ്റൊരു പരാതി അദ്ദേഹം ഒപ്പം ജോലി ചെയ്തിരുന്നവരെ കടയിൽ വെച്ചോ കളിക്കളത്തിൽ വെച്ചോ കണ്ടുമുട്ടിയാൽ തിരിച്ചറിയില്ലെന്നായിരുന്നു.  അഥവാ ആരെങ്കിലും അദ്ദേഹത്തെ ബഹുമാനപുരസ്സരം സംബോധന ചെയ്ത്, സംഭാഷണം തുടരാൻ ശ്രമിച്ചാൽ, എൻ ജെ എൻ തന്റെ വശം ഒരു “ഹല്ലോ”യിൽ ഒതുക്കും.  പക്ഷേ ഈ പരാതി അത്ര ശരിയല്ലെന്നും അറിവുള്ളവർ പറയുന്നു.

ഒരിക്കൽ റായിയുടെ മുറിയിൽ എഡിറ്റർ നാൻപോറീയ എന്തോ ആവശ്യത്തിന് എത്തി.  ഒരു ജൂനിയർ സഹപ്രവർത്തകൻ മുറിയിൽ വന്ന് റായിയോട് എന്തോ പറഞ്ഞിട്ടുപോയി.  അയാൾ പോകുന്നത് ജനലിലൂടെ നോക്കി നിന്നു എഡിറ്റർ എൻ ജെ എൻ.   അയാളെ എൻ ജെ എൻ അറിയില്ലെന്നായിരുന്നു എല്ലാവരുടെയും ധാരണ.  അയാൾ ആയിടക്ക് എന്തോ പാരിതോഷികം നേടിയിരുന്നു.  അവർഡിനർഹനായ സഹപ്രവർത്തകൻ പോയപ്പോൾ, അതിനെപ്പറ്റി റായ് എഡിറ്ററോട് പറയാൻ തുടങ്ങി.  അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.  അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു.  പിനെ എന്തുകൊണ്ട് അവാർഡ്  ജേതാവിനെ തിരിച്ചറിയുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല? അഭിനന്ദിച്ചാൽ വേതനവർദ്ധനയെപ്പറ്റി പ്രതീക്ഷ ഉയർത്തുമെന്നായിരുന്നു പേടി.!

വ്യത്യസ്തമായ ഒരു സന്ദർഭം ചൂണ്ടിക്കാട്ടാം.  ഓണം വിശേഷാൽ പ്രതികൾ പലതും ഞാൻ കണ്ടു.  ധാരാളം പരസ്യങ്ങൾ.  അതിനിടെ മാതൃഭൂമിയുടെ വഴി രസകരമായി തോന്നി.  ചരിത്രത്തിൽനിന്ന് ഒരു കഥ.  ആ കഥ എഴുതിയ പശ്ചാത്തലം.  ആ പ്രകരണത്തിൽ ഇരുട്ടിന്റെ ആത്മാവ് എന്ന കഥ എഴുതിയ പശ്ചാത്തലം വിവരിച്ചു എം ടി വാസുദേവൻ നായർ.  അദ്ദേഹം മാതൃഭൂമി വാരികയിൽ സഹപത്രാധിപരായിരുന്നു.  എൻ വി കൃഷ്ണവാര്യർ പത്രാധിപർ.  മാതൃഭൂമിയിൽ തന്നെ കഥ അച്ചടിച്ചു വരികയും ചെയ്തു.  എത്രയോ ആളുകൾ കഥയെ അഭിനന്ദിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു.

എൻ വി എന്തു പറഞ്ഞു?  അതായിരുന്നു എം ടിയുമായി അഭിമുഖം നടത്തിയ ആളുടെ ചോദ്യം.  എം ടിയുടെ ഉത്തരം ഇങ്ങനെ പോയി: “അങ്ങനെ ഒരു പതിവില്ല.”  സഹപ്രവർത്തകന്റെ കഥയെപ്പറ്റി ഒരു അഭിപ്രായം പറയുന്ന പതിവില്ലെന്ന്!  എൻ വിക്ക് ഏറെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അച്ചടിക്കില്ല.  പക്ഷേ അങ്ങനെ ഇഷ്ടപ്പെട്ടു എന്ന് അത് എഴുതിയ സഹപ്രവർത്തകനോട് പറയില്ലത്രേ.  ആ വൈരുധ്യം നോക്കൂ.  എത്രയോ കവികളെയും കാഥികരെയും വായനക്കാർക്ക് പരിചയപ്പെടുത്തിയിരുന്ന ആളാണ് എൻ വി.  അവരുടെ കൃതികൾ വെളിച്ചത്തുകൊണ്ടുവന്ന പത്രാധിപർ ആയിട്ടു മാത്രമല്ല, അവയെ വിലയിരുത്തുന്ന സൂക്ഷ്മഗ്രാഹിയായ നിരൂപകനായിട്ടും.  പക്ഷേ നല്ല ഒരു കൃതി സഹപ്രവർത്തകൻ കയ്യിൽ കൊടുത്തപ്പോൾ, ഒരക്ഷരം മിണ്ടാനില്ല.

വീണ്ടും നാൻപോറിയയുടെ മരണത്തിലേക്കു വരാം.  മരിച്ച വിവരം ടൈംസ് ഒഫ് ഇന്ത്യയുടെയോ സ്റ്റേറ്റ്സ്മാന്റെയോ ന്യൂസ് ഡസ്ക് വരെ എത്താതിരുന്നിട്ടാവില്ല.  ഡസ്കിലുള്ളവർക്കൊന്നും അദ്ദേഹത്തെ കാണാൻ ഇടവന്നിരിക്കില്ല.  കണ്ടതിനെയും കേട്ടതിനെയും മാത്രമേ വാർത്തക്കു വിഷയമാക്കൂ എന്നൊരു നിർബ്ബന്ധം വന്നാൽ വായനക്കാരൻ കുഴഞ്ഞു.  പണ്ടൊരിക്കൽ ഇങ്ങനെയുമൊരു എഡിറ്റർ ഉണ്ടായിരുന്നു എന്നു പറയാമായിരുന്നു.  അതിനും വേണ്ടേ ഒരു സൊമനസ്യവും ഭാവവിശാലതയും?

മരിച്ചാൽ കിട്ടുന്ന ഉദകക്രിയയുടെ വൈപുല്യം ജീവിതത്തിലെ കേമത്തത്തിന്റെ സൂചനയായിരിക്കാം.  അതുകൊണ്ടാകാം ബെർണാർഡ് ഷാ പഴയ മൊഴിയെ തിരുത്തി: മരണം എല്ലാവരെയും സമീകരിക്കുകയല്ല, ആളുകൾ തമ്മിലുള്ള അന്തരം തെളിയിക്കുകയാണെന്ന്.  ആർ മരിച്ചാൽ എത്ര കാളം വാർത്ത വരും?  എത്ര ആചാരവെടി മുഴങ്ങും?  എത്ര പ്രതിമകൾ കെട്ടിപ്പൊക്കും?  ഇതൊക്കെ ഉണ്ടായാലും എത്ര പേർ എത്ര നാൾ ഓർമ്മിക്കപ്പെടും?  ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ മറക്കപ്പെടാവുന്നതേ ഉള്ളു മിക്കവരുടെയും മഹത്വം  എന്നറിയുന്നവർ ചുരുക്കം.
അവരിലൊരാൾ, കുഞ്ഞുണ്ണി മാഷ്, പറഞ്ഞു:  ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!

അനുകരണത്തിന്റെ സംസ്ക്കാരം









അനുകരണത്തിന്റെ സംസ്ക്കാരം

മഴവിൽ മനോരമയിൽ പുതിയ മൂന്നു പരിപാടികൾ വരുന്നു.  എല്ലാം പഴയതു തന്നെ.  നിമിഷം തോറും എന്താണോ പുതുതായി തോന്നുന്നത്, അതാണ് സൌന്ദര്യത്തിന്റെ രൂപമെന്ന് പണ്ടൊരു കവി പറഞ്ഞുവെച്ചിരുന്നു.  നമ്മുടെ ദൃശ്യമാധ്യമം കവിയെ വികലമാക്കിക്കൊണ്ട്, പുതിയതിനെയെല്ലാം പഴയതാണെന്നു തോന്നിക്കുന്ന ഒരു തരം സൌന്ദര്യരസതന്ത്രം പ്രയോഗിച്ചു നോക്കുന്നു.  ദൃശ്യമാധ്യമം എന്ന ഏകവചനം എല്ലാ ചാനലുകളെയും ഉൾക്കൊള്ളാ‍ൻ ഉദ്ദേശിച്ചുള്ളതാണ്.
ആദ്യം  വരാൻ പോകുന്ന മൂന്നു പരിപാടികളെപ്പറ്റി ആലോചിക്കാം.  ഒന്നിന്റെ വിഷയം  കണ്ടും കേട്ടും പഴകിയ അമ്മായിയമ്മപ്പോരാണ്.  ഏതോ ഒരു ചാനൽ തമ്മിലടിക്കുന്ന അമ്മായിയമ്മയെയും മരുമകളെയും വെച്ചുകൊണ്ട്  നീണ്ടുനീണ്ടുപോയ പരിപാടി അവതരിപ്പിച്ചിട്ട് ഏറെ ആയില്ല.  ഹാസ്യം എന്ന പേരിൽ, ഊഹിക്കാവുന്ന നടികളെ വെച്ചുകൊണ്ട് അവതരിപ്പിച്ച ആ പരിപാടി നിന്നുപോയത്  പരസ്യം കിട്ടാത്തതുകൊണ്ടായിരിക്കും.  അങ്ങനെയിരിക്കേ, അതാ വരുന്നു വീണ്ടും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അങ്കം.
വിവാഹം എന്ന സ്ഥാപനം ഉണ്ടാകുമ്പോൾ ഉണ്ടായിരുന്നിരിക്കും അമ്മയിയമ്മയും മരുമകളും തമ്മിലുള്ള പോര്.  അതിനെ ആരൊക്കെ എങ്ങനെയൊക്കെ ചിത്രീകരിച്ചിരിക്കുന്നു, നൂറ്റാണ്ടുകളിലൂടെ? പൊതുവേ അമ്മായിയമ്മ ബഹളക്കാരിയും  മരുമകൾ ദുരിതം സഹിക്കുന്നവളുമായാണ് ചിത്രീകരിക്കാറ്.  എല്ലാറ്റിലും സന്തുലനം വേണമെന്ന നിർബ്ബന്ധം കാരണം രണ്ടു പേരും ഒരു പോലെ കിണ്ണവും കുടവുമെടുത്ത് തമ്മിലടിക്കുന്നതായി കാണിക്കുന്നുവെന്നേയുള്ളു. ചിത്രീകരിച്ചു ചിത്രീകരിച്ച്, അത് നമ്മുടേ സമൂഹസ്മൃതിയുടെ ഭാഗമായിരിക്കുന്നു, ഭാഷയിലെ ഒരു പ്രയോഗമായിരിക്കുന്നു.
പക്ഷേ കുടുംബബന്ധങ്ങളിൽ വന്ന മാറ്റങ്ങളോടൊപ്പം അമ്മായിയമ്മയുടെ സ്ഥാനത്തിനും മരുമകളുടെ വീക്ഷണത്തിനും എത്രയോ മാറ്റം വന്നിട്ടുണ്ട്.   അമ്മായിയമ്മക്കും മരുമകൾക്കും അടി കൂടാനുള്ള അവസരം തന്നെ ഏറെ ചുരുങ്ങിയിരിക്കുന്നു.   ഒന്നുകിൽ അവർ ഒരേ വീട്ടിൽ താമസിക്കുന്നുണ്ടാവില്ല.  അല്ലെങ്കിൽ, ഒരിക്കൽ അലോഹ്യം തോന്നിയാൽ, പിന്നെ തമ്മിൽത്തമ്മിൽ കണ്ടെന്നു തന്നെ വരില്ല. പിന്നെ ക്ലാസിക്കൽ രീതിയിലുള്ള അമ്മായിയമ്മ-മരുമകൾ പോരിനെവിടെ സ്ഥാനം?  കുടുംബകലഹത്തിന്റെ പ്രധാന കക്ഷികളായി അവരെ അവതരിപ്പിക്കുന്നതുതന്നെ ശരിയാവില്ല.  എന്നാലും നമ്മുടെ മാധ്യമവീരന്മാർക്ക്, പണ്ടത്തെ കേട്ടുകേൾവിയുടെ ഓർമ്മ പുതുക്കുന്ന പഴയ വിഭവം തന്നെ മതി കാണികളെ സൽക്കരിക്കാൻ.
വേറൊന്നാണ് കോമഡി.  ഈടുറ്റ ഹാസ്യപാരമ്പര്യമുള്ള സമൂഹമാണ് മലയാളം.  ഇവിടെ ആഘോഷിക്കപ്പെട്ടവരാണ് തോലനും വെണ്മണിയും നമ്പ്യാരും സഞ്ജയനും.  ചിരിക്കാനും കളിയാക്കാനും കേളി കേട്ടതാണ്  മലയാളത്തിന്റെ സംവേദനശീലം.  വിനോദഭാവന നമുക്ക് വിപ്ലവവീര്യത്തോളമുണ്ട്.  ഇങ്കിലാബ് വിളിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും നമുക്ക് ഒന്നിച്ചാവാം.  കാർട്ടൂൺ വരക്കാനുള്ള നമ്മുടെ കഴിവ്  യാഥാർഥ്യത്തെ തല കീഴാക്കി നിർത്തി ഊറിച്ചിരിക്കാനുള്ള താല്പര്യത്തെ എടുത്തോതുന്നു.  ആ ഹാസ്യപാരമ്പര്യം വന്നവസാനിച്ചിരിക്കുന്നതോ സുരാജ് വെഞ്ഞാറമൂട്ടിലും.  മുതുകുളവും എസ് പി പിള്ളയും പല വേഷത്തിൽ, പല ഭാവത്തിൽ, എപ്പോഴും നമ്മുടെ സ്വീകരണമുറികളിൽ ഉരുണ്ടുകളിക്കുന്നതുപോലെ.
അതൊക്കെ കാണിക്കാൻ പുതിയൊരു ഹാസ്യപരിപാടി ഒരു ചാനൽ പ്രഖ്യാപിച്ചിരിക്കുന്നു.  ഹാസ്യാനുകരണമാണ് നമുക്ക് പഥ്യം.  പരിചയമുള്ള ആരെയെങ്കിലും അനുകരിച്ചു കാണിച്ചാൽ  ഹാസ്യമായി.  അതിൽ വിശേഷിച്ചൊരു സാമൂഹ്യവിമർശനമൊന്നും വേണമെന്നില്ല.  ഒരാൾ നടക്കുന്നതും നോക്കുന്നതും ഇളിക്കുന്നതും എല്ലാം അതേ പോലെ കാണിച്ചാൽ കാണീകൾ ചിരിയായി.  അതുകൊണ്ടാണല്ലോ അച്യുതാനന്ദനെക്കാൾ നന്നായി അദ്ദേഹത്തിന്റെ അനുകർത്താവ് അച്യുതാനന്ദനായി വിലസുന്നത്.  ഏതു ചാനലായാലും അര മണിക്കൂറെങ്കിലും മിമിക്രിക്കുവേണ്ടി മാറ്റി വെക്കും.  കണ്ടും കേട്ടും മടുത്ത നമ്പറുകൾ പുതിയ പേരിൽ നിഴലായും വെളിച്ചമായും അവതരിക്കും.
അതിന്റെ ഉപോല്പന്നമായി, രസം തോന്നിയ ഒന്നുണ്ടായി.  സുകുമാർ അഴിക്കോടും അദ്ദേഹത്തെ അനുകരിച്ചിരുന്ന ജയരാജ് വാര്യരും ഒരുമിച്ച്  ഒരിടത്ത് സംസാരിക്കാൻ പോകേണ്ട അവസരമുണ്ടായി.  അപ്പോൾ അഴിക്കോട് വാര്യരോടു പറഞ്ഞു: “നമ്മളിൽ ഒരാൾ പോയാൽ മതി അഴിക്കോടാവാൻ.” വാര്യരുടെ നമ്പർ മാതമായിരുന്നോ അത് എന്നറിയില്ല.  നമുക്ക് അറിയാവുന്ന കര്യം ഇത്രമാത്രം:  കോമഡി പരിപാടികൾ കണ്ടു കണ്ട് കരച്ചിൽ വന്നു തുടങ്ങിയിരിക്കുന്നു.  ഇന്നിയുമിനിയും കരയാൻ അവസരം  ഉണ്ടാകുമെന്നാണ്  പുതിയ പരിപാടികളുടെ വിളംബരത്തിൽനിന്നു കിട്ടുന്ന സൂചന.
മൂന്നാമത്തെ പുതിയ പരിപാടി കോടീശ്വരൻ.  കോടീശ്വരന്മാരെ ഉണ്ടാക്കാനുള്ള മലയാളിയുടെ ദൌത്യം പി കെ കുഞ്ഞിന്റെ കാലത്ത് തുടങ്ങിയതാണ്.  ആദ്യത്തെ ഭാഗ്യക്കുറി അദ്ദേഹത്തിന്റെ വക ആയിരുന്നു പോലും.  അതിനു മുമ്പ് ആന ഒന്നാം സമ്മാനമായുള്ള ഭാഗ്യക്കുറി പത്രപ്രവർത്തകയൂണീയൻ സംഘടിപ്പിച്ചിരുന്നുവത്രേ.  എട്ടണക്ക് ടിക്കറ്റ് വാങ്ങിയ ആൾക്ക് ആനയെ കിട്ടിയിരുന്നെങ്കിൽ എവിടെ കൊണ്ടുപോയി കെട്ടുമായിരുന്നു!  ഭാഗ്യം, ഒന്നാം സമ്മാനത്തിന് ആർക്കും നറുക്ക് വീണില്ല.  പിന്നെ കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള കോലാഹലമായി.  സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ആളുകൾ വന്നു, മലയാളികളെ കോടീശ്വരന്മാരാക്കാൻ.
ചുളുവിൽ കോടീശ്വരനാകാനുള്ള ആ അഭിവാഞ്ഛ അസ്സലായും, മലയാളിയുടെ അതിശയോക്തിയോടെയും പ്രതിഫലിപ്പിച്ചിരിക്കുന്നു ഓരോ ചാനലും ഇറക്കുന്ന കോടീശ്വരപരിപാടിയുടെ പരിഷ്ക്കരിച്ച പതിപ്പുകളിൽ.  തുടങ്ങിവെച്ചത് അമിതാഭ് ബച്ചനായിരുന്നു.  മലയാളത്തിലല്ലാത്ത ഒരു പരിപാടി മലയാളത്തിൽ ഏറ്റവുമധികം കണ്ടത് ബച്ചന്റെ കോടീശ്വരനായിരുന്നു.  ബച്ചൻ ചെയ്താൽ എന്തും നന്നാവും.  ഗോവിന്ദനെപ്പറ്റി ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞത് ഓർമ്മ വരുന്നു.: ഗോവിന്ദൻ ചെയ്‌വതെന്താകിലുമതു മുഴുവൻ ഭംഗിയായി തീർന്നിടുന്നു.  ബച്ചൻ ചെയ്തതെല്ലാം ഭംഗിയായി.  ഒരു കോടീശ്വരനുണ്ടായി.  പിന്നെ കുറെ  കാൽ-അരക്കാൽ കോടീശ്വരന്മാരും.  ചാനലും പരസ്യക്കാരും ബച്ചനും എത്ര കോടി ഉണ്ടാക്കിയെന്ന കണക്ക് ആരും അന്വേഷിച്ചില്ല.
ബച്ചൻ അനുകരിക്കുകയായിരുന്നുവെന്നു പറഞ്ഞുകൂടാ.  പക്ഷേ അദ്ദേഹത്തിന്റെ പരിപാടിയുടെ മൂലരൂപം അമേരിക്കയിൽ പയറ്റിത്തെളിഞ്ഞതായിരുന്നു.  കോടീശ്വരനാകാനുള്ള ആളുകളുടെ ത്വര.  ചോദ്യം ചോദിക്കാൻ ഒരു താരം.  ഉത്തരം ആലോചിക്കാനും പറയാനും കാണികൾക്കുള്ള അവസരം.  മത്സരത്തിന്റെ ഹരം.  എല്ലാം കൂടിയായപ്പോൾ പരിപാടി പൊടിപൊടിച്ചു.  ബച്ചനല്ലേ, പൊടിഒപൊടിക്കതെ വയ്യ.
പിന്നെ ആ വഴിക്കായി തിരക്കിട്ട നീക്കം.  “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി“  എന്ന അക്കിത്തത്തിന്റെ വരികൾ അവരൊന്നും കേട്ടിട്ടേ ഉണ്ടാവില്ല.  എന്നിട്ടു വേണ്ടേ അനുസരിക്കുന്ന കാര്യം ആലോചിക്കാൻ.  മുകേശ് അതു പോലൊരു പരിപാടിയുമായി വന്നു.  അനുകരണം കയ്യടി നേടാണമെങ്കിൽ അസ്സലിനെക്കാൾ കേമമാ‍കണം.  കോടീശ്വരന്മാരെ ഉണ്ടാക്കാനുള്ള വേറൊരു പരിപാടി വേറൊരു ഫോമാറ്റിൽ മുകേശ് അവതരിപ്പിച്ചപ്പോൾ ഹിറ്റായി.   ആ പരിപാടി തീരാറായപ്പോൾ ഇതാ വരുന്നു മമത മോഹൻ ദാസ്,  കയ്യിൽ ഒരു കോടി,  ആർ യു റെഡി എന്ന ചോദ്യവുമായി.  പിന്നെ വെട്ടുകയും തട്ടുകയും വീരപ്രസംഗം വർഷിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ ഊഴമായി, നിങ്ങൾക്കുമാകാം കോടീശ്ഡബ്ലിയുഅരൻ എന്നു വിളിച്ചു കൂവാൻ.  അതുകൊണ്ടൊന്നുമായില്ലെന്ന മട്ടിൽ വേറൊരു ചാനൽ പുതിയൊരു കോടീശ്വരൻ പരിപാടി ഇറക്കാൻ പോകുന്നു.  സിദ്ദിഖ് ആണത്രേ അവതാരകൻ.  താരമല്ലാതെ തരമില്ലല്ലോ.  .
തൃശൂർ പൂരത്തിലെ കുടമറ്റം പോലെ അതങ്ങനെ ഏറിയും മാറിയും മുന്നോട്ടു പോകുന്നു.  കോടീശ്വരൻ പരിപാടികളും കോമഡികളും അടുത്തൊന്നും നമ്മെ വിട്ടുപോവില്ല.  ചോദ്യോത്തരപംക്തി പോലെ  ക്വിസ് പരിപാടികൾ വന്നു.  ഒരു ചാനൽ തുടങ്ങിയാൽ, മ്റ്റൊരു ചാനലിനു തുടങ്ങാതെ വയ്യെന്നായി.  ഇംഗ്ലിഷും മലയാളവും കലർത്തി പറയുന്ന അവതാരകയെ ഒരു കൂട്ടർ ഇറക്കിയാൽ, മലയാളം ഇംഗ്ലിഷ് പോലെ പറയുന്ന അവതാരകയെ ഇറക്കുകയായി മറ്റൊരു കൂട്ടർ.  മലയാളം അറിയില്ലെന്നു നടിക്കുന്നവരെ കയ്യടിച്ചു സ്വീകരിക്കുന്നു മലയാളിസമൂഹം  എന്ന ദുരന്തമാണ് ഇതിലൂടെ തെളിയുന്ന ഒരു സത്യം.  മറ്റൊരു സത്യം സംവേദനശീലത്തിന്റെ ഏറ്റവും അശിക്ഷിതമായ തലത്തിൽ മാത്രം വ്യാപരിക്കുന്നതാണ് ചാനൽ ചിന്ത എന്നതാണ്. നമ്മുടെ സമീപകാലത്തെ ദൃശ്യശ്രാവ്യാനുഭവത്തിന്റെ കണക്കെടുത്താൽ എന്തായിരിക്കും കണ്ടെത്തുക?  തമ്മിൽത്തമ്മിൽ അനുകരിക്കുന്ന,  അവനവനെത്തന്നെ അനുകരിക്കുന്ന, ആവർത്തിക്കുന്ന  പ്രവണതയുടെ തീവ്രതയും തുടർച്ചയും തന്നെ.

അനിശ്ചിതത്വം അളക്കാൻ ഒരു ശ്രമം അതിലും കടന്നിരുന്നു ഒന്നിനും ഒരു നിശ്ചയവുമില്ല എന്ന ചിന്ത. ആ ചിന്ത വരാൻ ഏറെ കാലമെടുക്കും. ആദ്യമൊക്കെ എല്ലാം തനിക്കോ മറ്റുള്ളവർക്കോ അറിയാമെന്ന മട്ടിലാവും വാക്കും വഴക്കവും. ഒന്നും നിശ്ചിതമല്ല എന്നു തിരിച്ചറിയുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കും. ഏതായാലും എല്ലാം നിശ്ചിതമാണെന്ന ധാരണയോടെ ആയിരുന്നു വേലായുധൻ നായരെ തേടി ആസ്പത്രിയിൽ പോയത്. വേലായുധൻ നായർ ഞങ്ങളുടെ അയൽക്കരനാണ്. വയോധികൻ. കടുത്ത ശ്വാസം മുട്ട് സഹിക്കുന്നയാൾ. സഹിക്കാൻ വയ്യാതാകുമ്പോൾ രണ്ടു ദിവസം ആസ്പത്രിയിലാവും. പിന്നെ പുറത്തിറങ്ങും. വീണ്ടും കയറും കുറേ ആഴ്ച കഴിയുമ്പോൾ. അങ്ങനെ ഒരു ദിവസം കയറിയതായിരുന്നു തൊട്ടടുത്തുള്ള ആസ്പത്രിയിൽ. അസുഖമാണെന്നും ആസ്പത്രിയിലാണെന്നും നിശ്ചയമായും അറിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ ഒന്നു പോയി കാണാൻ തന്നെ നിശ്ചയിച്ചു. എല്ലാറ്റിനും നിശ്ചയമുണ്ടായിരുന്നു, ആസ്പത്രിയിൽ എത്തുന്നതു വരെ. ആസ്പത്രിയുടെ സ്വീകരണസ്ഥലത്തെത്തിയപ്പോൾ തന്നെ തല തിരിയാൻ തുടങ്ങി. മേശക്കു പിന്നിൽ കസാലയിൽ ഇരുന്ന് അന്വേഷണത്തിനു മറുപടി പറയേണ്ടയാളെ കാണാനില്ല. ഒരു നിശ്ചയമില്ലയൊന്നിനും, ഞാൻ പിറുപിറുത്തു. മേശക്കു മുന്നിൽനിന്ന് റജിസ്റ്ററിൽ എന്തോ തിരഞ്ഞിരുന്നയാൾ എന്നെപ്പോലെ ഉദ്യോഗസ്ഥനെ കാത്തുനിന്നു മുഷിഞ്ഞ സന്ദർശകൻ ആകുമെന്നേ കരുതിയുള്ളു. അങ്ങനെ ഒന്നും ഉറപ്പിച്ചു കരുതരുത്. അയാൾ വാസ്തവത്തിൽ സന്ദർശകനായിരുന്നില്ല. സാക്ഷാൽ റിസപ്ഷൻ ഓഫിസർ തന്നെ ആയിരുന്നു പുള്ളിക്കാരൻ. ഏതോ ജന്മവാസനയാൽ സ്ഥലം മാറി നിന്നുവെന്നേയുള്ളു. അതു മനസ്സിലാകാൻ അദ്ദേഹം, ആകാശം മുഴുവൻ കറങ്ങുന്ന നക്ഷത്രം സ്വസ്ഥാനത്തേക്കെത്തുന്നതു പോലെ, തന്റെ കസാലയിൽ ഗമയോടെ ചെന്നിരിക്കേണ്ടി വന്നു. അപ്പോൾ ഞാൻ ചോദിച്ചു, “വേലായുധൻ നായർ എവിടെ?” ഒരു നിശ്ചയവുമില്ല. ഏതു വേലായുധൻ നായർ? പ്രായം പറഞ്ഞു. വിലാസം പറഞ്ഞു. രോഗം പറഞ്ഞു. പറയാനറിയാവുന്നതെല്ലാം പറഞ്ഞു. വീണ്ടും തിരക്കിൽ പെട്ട ഓഫിസർ ഉദാരതയോടെ പറഞ്ഞു: ഇതാണ് മുറി. ഇതാണ് വഴി. മാർഗനിർദ്ദേശമനുസരിച്ച് ഭാര്യയും ഞാനും എല്ലാം സുനിശ്ചിതമാണെന്ന ധാരണയോടെ മുറിയുടെ മുന്നിൽ എത്തി. അവിടെ ആളുകൾ കൂടി നിന്നിരുന്നു. പരിചയമില്ലാത്ത ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒന്നും നിശ്ചയമില്ലാത്തതു പോലെ തോന്നി. സംശയം ഭേദിച്ചുകൊണ്ട് ഞങ്ങൾ അകത്തു കയറി. വേലായുധൻ നായർ എവിടെ? ഒരു നിശ്ചയവുമില്ല. അടുത്തുള്ള നഴ്സിംഗ് സ്റ്റേഷനിലെ പെൺകൊടികൾ എല്ലാം നിശ്ചയമുള്ളവരായിരിക്കുമെന്നു കരുതി അവരുടെ സന്നിധിയിൽ ഞങ്ങൾ സ്തുതി പാടി. സ്നേഹവായ്പോടെ അവർ രജിസ്റ്ററുകൾ--ബഹുവചനം വേണം--പരിശോധിച്ചു. വീണ്ടും വീണ്ടും പരിശോധിച്ചു. ഞങ്ങൾക്ക് പേരു തെറ്റിയതാകുമോ? സംശയം നിശ്ചിതത്വത്തെ താറുമാറാക്കുന്നതു കണ്ടോ? അങ്ങനെയും ആകാം എന്ന മട്ടിൽ അവർ വേൽ ആയുസ്സായുള്ള പലരെയും തിരക്കി നോക്കി. ഒന്നും ശരിപ്പെടുന്നില്ല. എവിടെ വേലായുധൻ നായർ? ഒരു നിശ്ചയമില്ലയൊന്നിനും. അരിശത്തോടെ ഞാൻ എന്നോടു തന്നെ പറയുകയായിരുന്നു--ഭാര്യ കേൾക്കാതെ. പിന്നെ സുനിശ്ചിത്മായ രീതിയിൽ അരിശം വന്നു. ഇത്ര വലിയ ആസ്പത്രി. ഇത്രയേറെ സൌകര്യങ്ങൾ. ഇത്രയൊക്കെയായിട്ടും പ്രാഥമികമായ ഒരു കാര്യം, ഏതു രോഗി എവിടെ കിടക്കുന്നുവെന്ന വിവരം, അറിയാതിരിക്കുക! അനുവദിക്കാൻ വയ്യാത്തതാണ് ആ സ്ഥിതി. നിശ്ചയമായും അതവസാനിപ്പിക്കണം,ഒന്നിനും നിശ്ചയമില്ല എന്ന സ്ഥിതി വരുത്തിവെച്ചവരെ നിർത്തിപ്പൊരിക്കണം...ഞാൻ എന്തൊക്കെയോ പുലമ്പി. എന്തൊക്കെ പുലമ്പിയെന്ന്` ഒരു നിശ്ചയവുമില്ല. മാലാഖമാരിൽ ഒരാൾ മൊഴിഞ്ഞു: ഇവിടെത്തന്നെയാണോ? അതു കടന്ന ചോദ്യമായി. എന്റെ അറിവാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്!. എല്ലാം നിശ്ചയമായും അറിയുന്ന എന്റെ ഭാര്യ വേലായുധൻ നായരുടെ മകളിൽ നിന്നു ശേഖരിച്ച വിവരമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്! അങ്ങനെ ഒര നിശ്ചയവും ഒന്നിനുമില്ലെന്നു സമ്മതിച്ചുകൊടുക്കാമോ? എന്റെ ഒച്ച ഉയർന്നു, താടി വിറച്ചു. താണ്ഡവമാടാൻ ഞാൻ കൈലാസം അന്വേഷിച്ചു. എവിടെ കൈലാസം? മാലാഖമാർ അവരുടെ പണിക്കു പോയി. എന്നെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങുമ്പോൾ, അല്പസ്വല്പം പരിചയമുള്ള ആസ്പത്രി ഉടമസ്ഥൻ നേരേ മുന്നിൽ നിൽക്കുന്നു. അറിയാവുന്ന തെറിയെല്ലാം പറയാൻ ഉന്നി. അപ്പോഴേക്കും അദ്ദേഹം പഴയ വർത്തമാനങ്ങളും എത്രയോ കാലമായി എന്നെ കാണാതിരുന്നതിലുള്ള വേദനയുമെല്ലാം കെട്ടഴിച്ചു. ഞാൻ തണുത്തു. വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമുണ്ടായില്ലെന്ന കാര്യം ഞാൻ എടുത്തിട്ടു. ഉടമസ്ഥനായ എം ഡി ആസ്പത്രി മുഴുവൻ അരിച്ചു പെറുക്കി. വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമില്ല. ഇവിടെത്തന്നെയാണോ? അല്ലെന്ന വിശ്വാസം മര്യാദക്കുവേണ്ടി അദ്ദേഹം ആണോ എന്ന ചോദ്യത്തിൽ പൊതിഞ്ഞ് എന്റെ ചെവിയിൽ തിരുകി. ഭാര്യയുടെ ഉറപ്പിന്റെ മറുമൊഴി പോലെ ഞാൻ ചോദിച്ചു: പിന്നല്ലാതെ. പക്ഷേ ആ ആസ്പത്രിൽ ഉണ്ടെങ്കിലല്ലേ ഉടമസ്ഥന് വേലായുധൻ നായരെ എന്റെ ഹേബിയസ് കോർപസ് ഹരജിക്കു മുന്നിൽ ഹാജരാക്കാൻ പറ്റുകയുള്ളു? ഞങ്ങൾ ഒരു നിശ്ചയവുമില്ലാത്ത ആസ്പത്രിയെ പഴിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു--വേലായുധൻ നായരുടെ വീട്ടിലേക്ക്. കഠിനമായ ശ്വാസരോഗം പിടിപെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മകൾ ഞങ്ങളുടെ ദൈന്യം കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു. വേലായുധൻ നായർ പതിവായി അവിടെ പോകാറുണ്ടെങ്കിലും ഇത്തവണ ശരണം പ്രാപിച്ചത് വേറൊരു ആസ്പത്രിയെ ആയിരുന്നു. ആർ എവിടെ ശരണം തേടുമെന്ന് ഒരു നിശ്ചയവുമില്ല എന്നെങ്കിലും ഉറപ്പായല്ലോ. ഒന്നു കൂടി ഞാൻ ഉള്ളിൽ ഉറപ്പിച്ചു: ഭാര്യ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ച് ഒന്നിനും ചാടിപ്പുറപ്പെടരുത്. പറയുന്നതു പലതും തെറ്റാകാം, മിക്കതും ഊഹവും അനിശ്ചിതവുമാകാം. ഒരു നിശ്ചയമില്ലയൊന്നിനും എന്നു ഞാൻ അത്നൊരാഴ്ചമുമ്പ് മനസ്സിലാക്കിയതേയുള്ളു. കൊച്ചിയിൽ ഗുണനിലവാരം ഉയർത്താനുള്ള ബദ്ധപ്പാടിലാണ് എന്റെ സ്നേഹിതൻ ടി ഏ വർക്കി. എല്ലാ ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണം പരമാവധി ഉയർത്തുകയാണ് സ്വയം ഉത്തരവാദിത്വമുള്ള ഏതു സമൂഹത്തിന്റെയും ചുമതലയും അവകാശവും. ആസ്പത്രിയിലെ സൌകര്യങ്ങളിലായാലും റോഡു പണിയിലായാലും വണ്ടിയിൽ വിതരണം ചെയ്യുന്ന ഇഡ്ഡലിയിലായാലും ആകാവുന്നത്ര ഉയർന്ന ഗുണനിലവരം ഉണ്ടാകുന്നതാണ് ഭംഗി. അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിച്ച ഒരു സെമിനാറിന്റെ വിഷയമായിരുന്നു: അനിശ്ചിതത്വത്തിന്റെ അളവ്. Measuring Uncertainty. ഞാൻ ആദ്യം കേൾക്കുകയായിരുന്നു അതിനെപ്പറ്റി. എന്തെടുത്താലും, എന്തിന്റെ അളവായാലും, അല്പം പിഴവുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പം. എല്ലാം ഭദ്രവും നിശ്ചിതവുമാണെന്ന വിചാരത്തിൽ തീരുമാനവും നടപടിയും എടുത്താൽ, ഫലം മറിച്ചാകാം. രോഗം മാറാതിരിക്കം. പ്രശ്നം തീരാതിരിക്കാം. അളവു തെറ്റാകാം, പല രീതിയിൽ. ആ തെറ്റുകളെയും അനിശ്ചിതത്വങ്ങളെയും കണക്കിലെടുക്കാനും എന്നിട്ട് വസ്തുസ്ഥിതിയെപ്പറ്റി പുതിയൊരു അളവ് കണ്ടെത്താനുമുള്ള ഗണിതശാസ്ത്രപരമായ വഴിയാണ് അനിശ്ചിതത്വത്തിന്റെ അളവ്. .







സോമവാരം
അനിശ്ചിതത്വം അളക്കാൻ ഒരു ശ്രമം
കെ ഗോവിന്ദൻ കുട്ടി

എന്നു മുതലോ പാടിപ്പോന്നിട്ടുള്ളതാണ് “ഒരു നിശ്ചയമില്ലയൊന്നിനും“ എന്ന വരികൾ.
ആശാൻ 1924ൽ മുങ്ങിമരിക്കുന്നതിനുമെത്രയോ മുമ്പ് എഴുതിയത്.  അതിലും കടന്നിരുന്നു
ഒന്നിനും ഒരു നിശ്ചയവുമില്ല എന്ന ചിന്ത.  ആ ചിന്ത വരാൻ ഏറെ കാലമെടുക്കും.  
ആദ്യമൊക്കെ എല്ലാം തനിക്കോ മറ്റുള്ളവർക്കോ അറിയാമെന്ന മട്ടിലാവും വാക്കും
വഴക്കവും.  ഒന്നും നിശ്ചിതമല്ല എന്നു തിരിച്ചറിയുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കും.  
ഏതായാലും എല്ലാം നിശ്ചിതമാണെന്ന ധാരണയോടെ ആയിരുന്നു വേലായുധൻ നായരെ
തേടി ആസ്പത്രിയിൽ പോയത്.

വേലായുധൻ നായർ ഞങ്ങളുടെ അയൽക്കരനാണ്.  വയോധികൻ.  കടുത്ത ശ്വാസം മുട്ട്
സഹിക്കുന്നയാൾ. സഹിക്കാൻ വയ്യാതാകുമ്പോൾ രണ്ടു ദിവസം ആസ്പത്രിയിലാവും. പിന്നെ
പുറത്തിറങ്ങും.  വീണ്ടും കയറും കുറേ ആഴ്ച കഴിയുമ്പോൾ.  അങ്ങനെ ഒരു ദിവസം കയറിയതായിരുന്നു തൊട്ടടുത്തുള്ള ആസ്പത്രിയിൽ.  അസുഖമാണെന്നും ആസ്പത്രിയിലാണെന്നും നിശ്ചയമായും  അറിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ ഒന്നു പോയി കാണാൻ തന്നെ നിശ്ചയിച്ചു.  എല്ലാറ്റിനും  നിശ്ചയമുണ്ടായിരുന്നു, ആസ്പത്രിയിൽ എത്തുന്നതു വരെ.

ആസ്പത്രിയുടെ സ്വീകരണസ്ഥലത്തെത്തിയപ്പോൾ തന്നെ തല തിരിയാൻ തുടങ്ങി.  മേശക്കു
പിന്നിൽ കസാലയിൽ ഇരുന്ന്  അന്വേഷണത്തിനു മറുപടി പറയേണ്ടയാളെ കാണാനില്ല.  
ഒരു നിശ്ചയമില്ലയൊന്നിനും, ഞാൻ പിറുപിറുത്തു.  മേശക്കു മുന്നിൽനിന്ന് റജിസ്റ്ററിൽ എന്തോ
തിരഞ്ഞിരുന്നയാൾ എന്നെപ്പോലെ ഉദ്യോഗസ്ഥനെ കാത്തുനിന്നു മുഷിഞ്ഞ സന്ദർശകൻ
ആകുമെന്നേ കരുതിയുള്ളു.  

അങ്ങനെ ഒന്നും ഉറപ്പിച്ചു കരുതരുത്.  അയാൾ വാസ്തവത്തിൽ സന്ദർശകനായിരുന്നില്ല.
സാക്ഷാൽ റിസപ്ഷൻ ഓഫിസർ തന്നെ ആയിരുന്നു പുള്ളിക്കാരൻ.  ഏതോ ജന്മവാസനയാൽ
സ്ഥലം മാറി നിന്നുവെന്നേയുള്ളു.  അതു മനസ്സിലാകാൻ അദ്ദേഹം, ആകാശം മുഴുവൻ കറങ്ങുന്ന
നക്ഷത്രം സ്വസ്ഥാനത്തേക്കെത്തുന്നതു പോലെ, തന്റെ കസാലയിൽ ഗമയോടെ ചെന്നിരിക്കേണ്ടി
വന്നു.  അപ്പോൾ ഞാൻ ചോദിച്ചു, “വേലായുധൻ നായർ എവിടെ?”

ഒരു നിശ്ചയവുമില്ല.  ഏതു വേലായുധൻ നായർ?  പ്രായം പറഞ്ഞു.  വിലാസം പറഞ്ഞു.  
രോഗം പറഞ്ഞു.  പറയാനറിയാവുന്നതെല്ലാം പറഞ്ഞു.  വീണ്ടും തിരക്കിൽ പെട്ട ഓഫിസർ
ഉദാരതയോടെ പറഞ്ഞു:  ഇതാണ് മുറി.  ഇതാണ് വഴി.  മാർഗനിർദ്ദേശമനുസരിച്ച് ഭാര്യയും
ഞാനും  എല്ലാം സുനിശ്ചിതമാണെന്ന ധാരണയോടെ മുറിയുടെ മുന്നിൽ എത്തി. അവിടെ ആളുകൾ
കൂടി നിന്നിരുന്നു.  പരിചയമില്ലാത്ത ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒന്നും നിശ്ചയമില്ലാത്തതു പോലെ തോന്നി.  സംശയം ഭേദിച്ചുകൊണ്ട് ഞങ്ങൾ അകത്തു കയറി.  വേലായുധൻ നായർ എവിടെ? ഒരു നിശ്ചയവുമില്ല.

അടുത്തുള്ള നഴ്സിംഗ് സ്റ്റേഷനിലെ പെൺകൊടികൾ എല്ലാം നിശ്ചയമുള്ളവരായിരിക്കുമെന്നു കരുതി
അവരുടെ സന്നിധിയിൽ ഞങ്ങൾ സ്തുതി പാടി.  സ്നേഹവായ്പോടെ അവർ രജിസ്റ്ററുകൾ--ബഹുവചനം വേണം--പരിശോധിച്ചു.  വീണ്ടും വീണ്ടും പരിശോധിച്ചു. ഞങ്ങൾക്ക് പേരു തെറ്റിയതാകുമോ?  സംശയം നിശ്ചിതത്വത്തെ താറുമാറാക്കുന്നതു കണ്ടോ?  അങ്ങനെയും ആകാം എന്ന മട്ടിൽ അവർ വേൽ ആയുസ്സായുള്ള പലരെയും തിരക്കി നോക്കി.  ഒന്നും ശരിപ്പെടുന്നില്ല.  എവിടെ വേലായുധൻ നായർ?  ഒരു നിശ്ചയമില്ലയൊന്നിനും.
അരിശത്തോടെ ഞാൻ എന്നോടു തന്നെ പറയുകയായിരുന്നു--ഭാര്യ കേൾക്കാതെ.

പിന്നെ സുനിശ്ചിത്മായ രീതിയിൽ അരിശം വന്നു.  ഇത്ര വലിയ ആസ്പത്രി.  ഇത്രയേറെ സൌകര്യങ്ങൾ.  ഇത്രയൊക്കെയായിട്ടും പ്രാഥമികമായ ഒരു കാര്യം, ഏതു രോഗി എവിടെ കിടക്കുന്നുവെന്ന വിവരം, അറിയാതിരിക്കുക!  അനുവദിക്കാൻ വയ്യാത്തതാണ് ആ സ്ഥിതി.  നിശ്ചയമായും അതവസാനിപ്പിക്കണം,ഒന്നിനും നിശ്ചയമില്ല എന്ന സ്ഥിതി വരുത്തിവെച്ചവരെ നിർത്തിപ്പൊരിക്കണം...ഞാൻ എന്തൊക്കെയോ പുലമ്പി.  എന്തൊക്കെ പുലമ്പിയെന്ന്` ഒരു നിശ്ചയവുമില്ല.   

മാലാഖമാരിൽ ഒരാൾ മൊഴിഞ്ഞു:  ഇവിടെത്തന്നെയാണോ?  അതു കടന്ന ചോദ്യമായി.  എന്റെ
അറിവാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്!. എല്ലാം നിശ്ചയമായും അറിയുന്ന എന്റെ ഭാര്യ വേലായുധൻ നായരുടെ മകളിൽ നിന്നു ശേഖരിച്ച വിവരമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്! അങ്ങനെ ഒര നിശ്ചയവും ഒന്നിനുമില്ലെന്നു സമ്മതിച്ചുകൊടുക്കാമോ? എന്റെ ഒച്ച ഉയർന്നു, താടി വിറച്ചു.  താണ്ഡവമാടാൻ ഞാൻ കൈലാസം അന്വേഷിച്ചു.  എവിടെ കൈലാസം?  മാലാഖമാർ അവരുടെ പണിക്കു പോയി.

എന്നെത്തന്നെ തള്ളിപ്പറഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങുമ്പോൾ, അല്പസ്വല്പം പരിചയമുള്ള
ആസ്പത്രി ഉടമസ്ഥൻ നേരേ മുന്നിൽ നിൽക്കുന്നു.  അറിയാവുന്ന തെറിയെല്ലാം പറയാൻ ഉന്നി.
അപ്പോഴേക്കും അദ്ദേഹം പഴയ വർത്തമാനങ്ങളും എത്രയോ കാലമായി എന്നെ കാണാതിരുന്നതിലുള്ള വേദനയുമെല്ലാം കെട്ടഴിച്ചു.  ഞാൻ തണുത്തു.  വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമുണ്ടായില്ലെന്ന കാര്യം ഞാൻ എടുത്തിട്ടു.  ഉടമസ്ഥനായ എം ഡി ആസ്പത്രി മുഴുവൻ അരിച്ചു പെറുക്കി.  വേലായുധൻ നായരെപ്പറ്റി ഒരു നിശ്ചയവുമില്ല.  

ഇവിടെത്തന്നെയാണോ?  അല്ലെന്ന വിശ്വാസം മര്യാദക്കുവേണ്ടി അദ്ദേഹം ആണോ എന്ന
ചോദ്യത്തിൽ പൊതിഞ്ഞ് എന്റെ ചെവിയിൽ തിരുകി.  ഭാര്യയുടെ ഉറപ്പിന്റെ മറുമൊഴി പോലെ
ഞാൻ ചോദിച്ചു:  പിന്നല്ലാതെ. പക്ഷേ ആ ആസ്പത്രിൽ ഉണ്ടെങ്കിലല്ലേ ഉടമസ്ഥന് വേലായുധൻ
നായരെ എന്റെ ഹേബിയസ് കോർപസ് ഹരജിക്കു മുന്നിൽ ഹാജരാക്കാൻ പറ്റുകയുള്ളു? ഞങ്ങൾ
ഒരു നിശ്ചയവുമില്ലാത്ത ആസ്പത്രിയെ പഴിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു--വേലായുധൻ നായരുടെ വീട്ടിലേക്ക്.

കഠിനമായ ശ്വാസരോഗം പിടിപെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ മകൾ ഞങ്ങളുടെ ദൈന്യം
കേട്ടപ്പോൾ പൊട്ടിച്ചിരിച്ചു.  വേലായുധൻ നായർ പതിവായി അവിടെ പോകാറുണ്ടെങ്കിലും
ഇത്തവണ ശരണം പ്രാപിച്ചത് വേറൊരു ആസ്പത്രിയെ ആയിരുന്നു.  ആർ എവിടെ ശരണം
തേടുമെന്ന് ഒരു നിശ്ചയവുമില്ല എന്നെങ്കിലും ഉറപ്പായല്ലോ.  ഒന്നു കൂടി ഞാൻ ഉള്ളിൽ ഉറപ്പിച്ചു:
ഭാര്യ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ച് ഒന്നിനും ചാടിപ്പുറപ്പെടരുത്.  പറയുന്നതു പലതും
തെറ്റാകാം, മിക്കതും ഊഹവും അനിശ്ചിതവുമാകാം.  

ഒരു നിശ്ചയമില്ലയൊന്നിനും എന്നു ഞാൻ അത്നൊരാഴ്ചമുമ്പ് മനസ്സിലാക്കിയതേയുള്ളു.  
കൊച്ചിയിൽ ഗുണനിലവാരം ഉയർത്താനുള്ള ബദ്ധപ്പാടിലാണ് എന്റെ സ്നേഹിതൻ ടി ഏ
വർക്കി.  എല്ലാ ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും ഗുണം പരമാവധി ഉയർത്തുകയാണ്
സ്വയം ഉത്തരവാദിത്വമുള്ള ഏതു സമൂഹത്തിന്റെയും ചുമതലയും അവകാശവും.  ആസ്പത്രിയിലെ
സൌകര്യങ്ങളിലായാലും റോഡു പണിയിലായാലും വണ്ടിയിൽ വിതരണം ചെയ്യുന്ന
ഇഡ്ഡലിയിലായാലും ആകാവുന്നത്ര ഉയർന്ന ഗുണനിലവരം ഉണ്ടാകുന്നതാണ് ഭംഗി.  

അതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം സംഘടിപ്പിച്ച ഒരു സെമിനാറിന്റെ
വിഷയമായിരുന്നു: അനിശ്ചിതത്വത്തിന്റെ അളവ്. Measuring Uncertainty.  ഞാൻ ആദ്യം
കേൾക്കുകയായിരുന്നു അതിനെപ്പറ്റി.  എന്തെടുത്താലും, എന്തിന്റെ അളവായാലും,
അല്പം പിഴവുണ്ടാകുമെന്നതാണ് ആദ്യത്തെ സങ്കല്പം.  എല്ലാം ഭദ്രവും നിശ്ചിതവുമാണെന്ന
വിചാരത്തിൽ തീരുമാനവും നടപടിയും എടുത്താൽ, ഫലം മറിച്ചാകാം.  രോഗം മാറാതിരിക്കം.
പ്രശ്നം തീരാതിരിക്കാം. അളവു തെറ്റാകാം, പല രീതിയിൽ.  ആ തെറ്റുകളെയും അനിശ്ചിതത്വങ്ങളെയും  കണക്കിലെടുക്കാനും  എന്നിട്ട് വസ്തുസ്ഥിതിയെപ്പറ്റി പുതിയൊരു അളവ് കണ്ടെത്താനുമുള്ള ഗണിതശാസ്ത്രപരമായ വഴിയാണ് അനിശ്ചിതത്വത്തിന്റെ അളവ്.  എനിക്കൊന്നും മനസ്സിലായില്ല. ഒരു നിശ്ചയമില്ലയൊന്നിനും എന്നു മാത്രം തിരിഞ്ഞു.  

അനാഥത്വത്തിന്റെ അനുഭവം








അനാഥത്വത്തിന്റെ അനുഭവം



അഖില വാര്യരോട് സാമാന്യമര്യാദയുടെ പേരിൽ ചോദിച്ചതേയുള്ളു. പക്ഷേ അത് ഉള്ളിൽ പടർന്നുകയറിയ തീ കൊളുത്താൻ പോന്നതയായിരുന്നു.  ഞങ്ങളുടെ മുറി കാണിച്ചു തന്ന അഖിലയോട് നന്ദി പറന്ന്യുന്ന കൂട്ടത്തിൽ ഇത്ര കൂടി ചോദിച്ചു: “എവിടെയാണ് വീട്?”  മറുപടി മറിച്ചൊരു രീതിയിലായിരുന്നു: “വളർന്നത് അധികവും മൈസൂറിലായിരുന്നു.”  “അഛന് അവിടെയായിരുന്നോ ജോലി?” “ജനിച്ച സ്ഥലം എന്നു പറഞ്ഞാൽ കോഴിക്കോട്ടെ ഗോവിന്ദപുരമാകും.”  

ഗോവിന്ദപുരമോ?  നാല്പതു കൊല്ലം മുമ്പ് ഞാൻ താമസിച്ച അതേ ഗോവിന്ദപുരമോ?  പുതിയപാലം എന്നറിയപ്പെടുന്ന പഴയ പാലം കടന്നെത്തുന്ന ഗ്രാമമായ പുരം.  പുതിയപാലം തന്നെ പോയി അവിടെയൊക്കെ നാലുചക്രവാഹനങ്ങൾക്ക് പോകാവുന്ന സ്ഥിതിയായിട്ടുതന്നെ ഏറെക്കാലമായെന്നു കേട്ടു.  കഴിഞ്ഞ തവണ കോഴിക്കോട്ടു പോയപ്പോൾ തളി വരെ പോയെങ്കിലും ഗോവിന്ദപുരത്തെത്തിയില്ല.  ആ ചിന്ത അനാഥമായി ഉള്ളിൽ കിടക്കുമ്പോഴായിരുന്നു ഗോവിന്ദപുരത്തുകാരി അഖില വാര്യരുമായി സംസാരിക്കാനുണ്ടായ അവസരം.

കോയമ്പത്തൂരിൽനിന്ന് മുപ്പതു കിലോമീറ്റർ അകലെ സുലൂരിൽ പതിനഞ്ചുകൊല്ലം മുമ്പ് സ്ഥാപിക്കപ്പെട്ട മൈക്കേൽ ജോബ് സെന്ററിലെ കോളേജിൽ ബിരുദവിദ്യാർഥിനിയാണ് അഖില.  സംസാരം ഒരു ഘട്ടമെത്തിയപ്പോൾ എന്തുകൊണ്ടോ എനിക്കു തോന്നി, ഇനി കൂടുതൽ ചുഴിഞ്ഞറിയാൻ നോക്കേണ്ട.  അടുത്ത ദിവസം കാണാൻ വരുന്ന അഛനമ്മമാരോടുകൂടി മംഗളം പറയാൻ ഏല്പിച്ചിട്ട് ഞാൻ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.  

തന്റെ പേരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉയരുമെന്ന് മൈക്കേൽ ജോബ് കരുതിയിരിക്കില്ല മരിക്കുമ്പോൾ.  ഡൽഹിയിൽ ഏതോ വാഹനം ഇടിച്ചു വീണു മരിക്കുകയായിരുന്നു മൈക്കേൽ.  അതിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഇനിയും മാഞ്ഞിട്ടില്ല.  അനന്തമായി ആവർത്തിച്ചുകൊണ്ടിരുന്നിട്ടും ദുരൂഹമായി തുടരുന്ന മരണത്തെപ്പറ്റി കത്തിപ്പടർന്ന എന്റെ ആലോചനക്ക് നാഥനില്ലായിരുന്നു.  തണുത്തുറഞ്ഞ ഡൽഹിയിലെ രാത്രിയിൽ, മൈക്കേൽ ജോബ് മരണത്തിലേക്ക് വീണ മണിക്കൂറുകൾ സനാഥമായിരുന്നോ?  ഏതായാലും തന്റെ മരണത്തിലൂടെ, നൂറു കണക്കിനു ജന്മങ്ങൾ സനാഥമാക്കാനുള്ള സംരംഭത്തിനു കാരണമാകുകയായിരുന്നു മൈക്കേൽ.  

മൈക്കേലിന്റെ അഛൻ ജോബ് ഉപദേശി ആയിരുന്നു.  നന്മയുടെ സന്ദേശം പറഞ്ഞു നടന്ന അദ്ദേഹത്തിന്റെ രണ്ടു മക്കളും അപകടത്തിൽ മരിച്ചു.  ആദ്യം മൈക്കേൽ, പിന്നെ ജോൺ.  ഒടുവിൽ “മുരളീരാഗമധുരമുഖനാം ഒരു യാത്രികൻ” എന്ന് ജി ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച മരണം ജോബിനെയും കീഴ്പ്പെടുത്തി.  ജിയുടെ വിശേഷണം ജോബ് അംഗീകരിച്ചിരുന്നോ എന്നറിയില്ല.  കവിതയിൽ കേറ്റിച്ചൊല്ലാമെന്നല്ലാതെ അങ്ങനെയൊരു രാഗമാധുര്യമൊക്കെ മരണത്തിനുണ്ടോ?  ഒരുപക്ഷേ ഉണ്ടാവാം, മൈക്കേൽ ജോബ് സെന്ററിൽ അഭയം കണ്ടെത്തുന്നവരെപ്പോലുള്ളവരിൽ, ജീവിതം തീർത്തും അനാഥമാണെന്ന ഭയം പുകഞ്ഞുപടരുമ്പോൾ.

സുലൂരിൽ ചെറുതായി തുടങ്ങിയ മൈക്കേൽ ജോബ് സെന്റർ അടുത്തുള്ള അമ്പതേക്കറിലേക്കും ഏതാനും കെട്ടിടങ്ങളിലേക്കും വളരാൻ പത്തു പന്ത്രണ്ടു കൊല്ലമെടുത്തു.  സ്കൂൾ പ്രായമാകാത്തവരും ബിരുദാനന്തരബിരുദത്തിനുവേണ്ടി പഠിക്കുന്നവരും അവിടെയുണ്ട്.  പുറമേ താമസിച്ച് ഫീസ് കൊടുത്ത് പഠിക്കാൻ എത്തു ഭാഗ്യശാലികൾ ഒരു വിഭാഗം.  അഛനും അമ്മയും  ആരെന്നറിയാതെ പോകുന്നതുമുതൽ പല തലത്തിലുള്ള അനാഥത്വം അനുഭവിക്കുന്ന വിദ്യാർഥികൾ വേറൊരു വിഭാഗം.  ഒരർഥത്തിൽ പരമമായ പ്രപഞ്ചകാരുണ്യം അറിയാൻ പോന്ന ഭാഗ്യം ചെയ്തവരാണ് അവരെന്നും പറയാം.  പക്ഷേ അതൊക്കെ അവരുടെ കഥയിലെ ദൈന്യം സഹനീയമാക്കാനുള്ള സർഗ്ഗസംവാദമേ ആകൂ.

ഗുരുവായൂർക്കു പോകുന്ന വഴിയിൽ, ഉണ്ടത്തെച്ചി ഇടതൂർന്നു വളരുന്ന മുറ്റത്തോടുകൂടിയ കന്യാസ്ത്രീമഠത്തിന്റെ അനുബന്ധമായി ഒരു അനാഥാലയം ഉണ്ടായിരുന്നു.  അതായിരുന്നു ഞാൻ കണ്ട ആദ്യത്തെ അനാഥാലയം.  ആലയം എന്ന വാക്കുപോലെ അപരിചിതമായിരുന്നു അന്നൊക്കെ അനാഥത്വത്തിന്റെ അനുഭവവും.  കല്യാണം കഴിക്കാത്ത അമ്മുക്കുട്ടിയുടെ മകൻ, അമ്മയുള്ളതുകൊണ്ട്, തീർത്തും അനാഥനായിരുന്നില്ല.  എന്നാലും അഛന്റെ പേരു പറയാൻ അവസരം വരുമ്പോൾ കൊഞ്ഞനം കാട്ടിയോ മുഖം കുനിച്ചോ നിൽക്കേണ്ടിവരുന്നവരുടെ രോഷവും വിഷമവും അന്നും എന്നിൽ വിഷം വിതച്ചിരുന്നു.  തന്റെ മകന്റെ അഛൻ ആരാണെന്ന് ഉറപ്പുവരുത്താൻ കേസ്സു കൊടുത്ത് തോറ്റുപോയ സ്ത്രീ എന്നും എന്നെ അലോസരപ്പെടുത്തി. കല്യാണത്തിന്റെ കുറി അടിക്കുമ്പോൾ അഛന്റെ പേരിൽ ആകണമെന്നു മാത്രം ആഗ്രഹിച്ച അകനെ തള്ളിപ്പറഞ്ഞ അഛൻ ഹജൂരാപ്പീസ്സിലെ പൊക്കം കൂടിയ കസാരയിൽ ഞെളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

അവരുടെ അവസ്ഥയോട് ഇട തട്ടിക്കാവുന്നതല്ല മദർ തെരേസയുടെ അനുയായികൾ തിരുവനന്തപുരത്ത് സർവകലാശാലക്കടുത്തു നടത്തുന്ന സ്ഥാപനത്തിലെ കുട്ടികളുടേത്.  ഒരു ദിവസം അവരെ കാണാൻ ഞങ്ങൾ പോയി. നിര നിരയായി ഇട്ടിട്ടുള്ള തൊട്ടിലുകളിൽ കയ്യും കാലും ഇട്ടടിക്കുന്ന കുരുന്നുകൾ.  പ്രസവം കഴിഞ്ഞ് ആസ്പത്രിയിൽനിന്നോ വീട്ടിൽനിന്നോ നേരേ ആ സ്ഥാപനത്തിലെത്തിക്കപ്പെടുന്നവരായിരുന്നു ആ കുരുന്നുകൾ.  മനുഷ്യർ ഉപേക്ഷിച്ചുപോയ ആ കുർന്നുജീവനുകളെ സനാഥമാക്കുന്നതാണ് മദർ തെരേസയുടെ അനുയായികളുടെ അവിടാത്തെ ദൌത്യം.  ഏറെ കുട്ടികൾക്കും നാഥന്മാരായി ആരെങ്കിലും എത്തും.  എന്നുവെച്ചാൽ ആരെങ്കിലും അവരെ ദത്തെടുക്കും.  രണ്ടു മാസത്തിനുള്ളിൽ ദത്തെടുത്തുപോകുന്നവരാകും ഏറെയും.  ദത്തെടുക്കാൻ വൈകിയാൽ എന്തെങ്കിലും പോരായ്മ ഉണ്ടെന്നു കരുതാം.  അവർ മദർ തെരേസയുടെ കാരുണ്യത്തിൽ അവിടെത്തന്നെ കഴിഞ്ഞുകൂടുന്നു.  

അങ്ങനെ അനാഥമായോ ദത്തെടുക്കപ്പെട്ടോ  വളർന്നു വരുന്ന കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ പെരുമാറുന്നു, എങ്ങനെ സമൂഹത്തിനു വേണ്ടതെന്തെങ്കിലും ചെയ്യുന്നു എന്ന്  അന്വേഷിച്ചറിയുന്നത് കൌതുകമായിരിക്കും.  അവരുടെ മനശ്ശാസ്ത്രം രൂപപ്പെടുന്നത് എങ്ങനെ എന്നറിയുന്നത് സമൂഹത്തിനെ ആവശ്യമായിരിക്കും.  അവരുടെ സ്വകാര്യതകളെ ഒട്ടും മുറിപ്പെടുത്താതെ, അനാഥരെന്നു നാം ഒട്ടൊക്കെ അനുതാപത്തോടെ വിളിക്കുന്ന ആളുകളുടെ രീതി മനസ്സിലാക്കാൻ പഠനം വേണം.  അങ്ങനെ ഒരു നിർദ്ദേശം ഉന്നയിക്കുമ്പോൾത്തന്നെ അതിനെതിരെ ഉന്നയിക്കാവുന്ന വാദവും മനസ്സിൽ വരുന്നു.  ലോകത്തിലെ ഏറ്റവും അധികം മൂല്യവർദ്ധനവു നേടിയ കമ്പ്യൂട്ടർസ്ഥാപനമായ ആപ്പിളീന്റെ സ്ഥാപകൻ സ്റ്റീവ് ജോബ് സ്  ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നു.  തന്നെ വളർത്തിയവർ ജീവശാസ്ത്രീയമായി തന്റെ മാതാപിതാക്കളല്ലെന്ന് സ്റ്റീവ് നേരത്തേ മനസ്സിലാക്കിയിരുന്നു.  അതൊന്നും ധിഷണയുടെ മണ്ഡലത്തിൽ സ്റ്റീവ് നടത്തിയ അശ്വമേധത്തിനു തടസ്സമല്ലായിരുന്നു.  പിന്നെ, നാമൊക്കെ സ്തുതിക്കുന്ന മാതൃത്വത്തിന്റെ പാവനത്വം പോലും സമൂഹശാസ്ത്രീയമായ ശീലം മാത്രമണെന്നു വാദിക്കുന്നു ഒരു കൂട്ടം സ്ത്രീവാദികൾ.  അവരുടെ നോട്ടത്തിൽ അനാഥത്വം പ്രശ്നമായേക്കില്ല.

പക്ഷേ അതു പ്രശ്നം തന്നെയാണെന്നറിയണമെങ്കിൽ മൈക്കേൽ ജോബ് സെന്ററിലേതുപോലുള്ള കുട്ടികളുമായി ഇടപഴകണം.  അതായിരിക്കുന്നു ഏണസ്റ്റ് & യങ് എന്ന ആഗോളസ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന തമ്പി കോശിയുടെ നിയോഗം.  പെങ്ങളുടെ ഭർതാവായ ജോബ് മരിച്ചപ്പോൾ അനാഥമായ അനാഥാലയവും അനുബന്ധസ്ഥാപനങ്ങളും കൊണ്ടുനടത്തുക തമ്പി കോശിയുടെ ജോലിയായി.  എഞ്ചിനീയറിം ബിരുദവും മാനേജ്മെന്റ് ബിരുദാനന്തരബിരുദവും പകരുന്നതിൽനിന്നു വ്യത്യസ്തമായ യോഗ്യത വേണ്ടതാണ് ആ ജോലി. പേരറിയാത്ത എത്രയോ മനുഷ്യാത്മാക്കൾക്ക് ഒരു വിധം സനാഥത്വം പകരുന്ന ജോലിയും ആഗോളസ്ഥാപനത്തിന്റെ ബിസിനസ്സും തമ്മിൽ അദ്ദേഹം തന്റെ സമയം പങ്കുവെക്കുന്നു.  കൂട്ടിനായി സതീർഥ്യരായ രണ്ടു മാനേജ്മെന്റ് വിദഗ്ധരെയും ചേർത്തു:  സജുവും മാത്യുവും.  കുട്ടികളെ നോക്കുന്ന ജോലിയുടെ വലുപ്പവും വൈവിധ്യവും മാനേജ് മെന്റ് ശാസ്ത്രത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ലെന്ന് അവർ അറിയുന്നു.