Tuesday, February 19, 2013

അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ





അത്ഭുതത്തിന്റെയും പ്രവചനത്തിന്റെയും വഴികൾ


തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ തുടങ്ങിയതാണ് പ്രവചനം.  എല്ലാവരും അവനവന്റെ ഇഷ്ടവും യുക്തിയുമനുസരിച്ച് അവരവരുടെ പ്രവചനം നടത്തി, ഓരോരോ ഘട്ടത്തിൽ.  മുച്ചീട്ടുകളിക്കാരൻ കമിഴ്ത്തിയോ, മന:പൂർവം മലർത്തിയോ, നിലത്തിടുന്ന ശീട്ടിന്റെ മുകളിൽ നാണ്യം വെച്ചു ഭാഗ്യം പരീക്ഷിക്കുന്ന കുട്ടിയുടെ അഭിനിവേശത്തോടെ എല്ലാവരും ഓരോന്നു പ്രവചിച്ചു.  ചിലർ ഉറക്കെ പറഞ്ഞു; പ്രവചനം സമർഥിക്കാൻ ശ്രമിച്ചു.  ചിലർ പ്രവചനം ഉള്ളിലൊതുക്കി കാത്തിരുന്നു, ഫലം വരുമ്പോൾ അതു തന്നെ തങ്ങൾ പറഞ്ഞിരുന്നതെന്നു മേനി നടിക്കാൻ.  

വാസ്തവത്തിൽ സഹനശീലമുള്ള മനുഷ്യന് എന്തും അടക്കാൻ കഴിയും, പ്രവചിക്കാനുള്ള വാസന ഒഴികെ.  തിരഞ്ഞെടുപ്പിനു മുമ്പ് പല ഘട്ടങ്ങളായി പ്രവചനം വന്നു.  വോട്ടു രേഖപ്പെടുത്തി പോകുന്നവരെ തടഞ്ഞുനിർത്തി ഓരോന്നു ചോദിച്ച് പിന്നെയും പ്രവചനം നടത്തി.  അതിനുശേഷം വോട്ട് എണ്ണുന്നതു വരെ ഓരോ തരം ഗണിതവും പ്രവചനവും പഠനമുറികളിലും പ്രസംഗപീഠങ്ങളിലും കേൾക്കാമായിരുന്നു.  കഴിഞ്ഞ വെള്ളിയാഴ്ച വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ചില പണ്ഡിതർ പ്രവചിച്ചു: “ഒരു കാര്യം ഉറപ്പിക്കാം.  തൂക്കു നിയമസഭ ഉണ്ടാവില്ല.  ജനവിധി അസന്ദിഗ്ധമാകുന്നു.“  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മട്ടു മാറ്റി.  “ഈ മട്ടു പോയാൽ, കേരളം അടുത്തൊന്നും കാണാത്ത മട്ടിൽ, രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം 70-70 ആയി നില കൊള്ളാം.“  പിന്നെ അതും മാറി.  ഒരു മുന്നണി 72ഉം മറ്റേ മുന്നണി 68ഉം ആയി.  നന്നേ നേരിയ ആ ബലാബലം വരുത്തിവെക്കാവുന്ന രാഷ്ട്രീയസംഘർഷം പ്രവചനാതീതമെന്ന് അവർ വീണ്ടും പ്രവചിച്ചു.

അവരെ കുറ്റം പറയുകയല്ല.  പ്രവചിക്കാനുള്ള വാസന,  നിയന്ത്രണാതീതമായിരിക്കുന്നതു പോലെ, ബഹുമാന്യവുമാകുന്നു.  കവിടി നിരത്തി, വെറ്റില നിവർത്തി, മഷി നോക്കി, ഗൌളിയുടെ ശബ്ദം ശ്രദ്ധിച്ച്, ശകുനം തിരിച്ചറിഞ്ഞ്, അല്ലെങ്കിൽ ഉള്ളം കയ്യിലെ വരകളോ മുഖത്തെ വളവുകളോ വായിച്ചെടുത്ത്, വരാനിരിക്കുന്നത് നേരത്തേ കണ്ടു പറയുന്നവർ എവിടെയും ആദരിക്കപ്പെടുന്നു.  തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ, നക്ഷത്രം നോക്കിയോ കൈവര കണ്ടോ ഫലം പറയാൻ നിങ്ങൾക്ക് അറിയുമെന്ന് പുളു അടിച്ചു നോക്കുക.  മലർക്കെ തുറന്ന പത്തു കൈകളെങ്കിലും നിങ്ങൾക്കു നേരെ നീളും.  അവയിൽ പലതും ഉല്പതിഷ്ണുഹസ്തങ്ങളുമാകും.  നീളുന്ന ഓരോ കയ്യിന്റെ പിന്നിലും വെമ്പുന്ന ഒരു ഹൃദയവും കുനിയുന്ന ഒരു തലയും ഉണ്ടായിരിക്കും.  

ഞാനൊരിക്കൽ ഭാര്യയുമൊത്ത് പല്ലനയിൽ പോയി, ഭാവി വർത്തമാനത്തിൽ അറിയാൻ.  മനുഷ്യരുടെ പ്രശ്നങ്ങളെല്ലാം അഞ്ചോ ആറോ ആയി തിരിക്കാമെന്നും അതിൽ പെടാത്തതല്ല എന്റെ വിഷമം എന്നും അറിയാമായിരുന്നു.  എന്നാലും എന്റെ കാര്യം വേറൊരാളുടെ മുഖത്തുനിന്ന് കേൾക്കുമ്പോൾ എന്തോ ഒരു സമാധാനം.  അതു കേൾക്കുന്ന പാടേ, അതു പറയുന്ന മുഖത്തിന് ദിവ്യത്വം കിട്ടും.  കുമാരനാശാന്റെ ബോട്ടു മറിഞ്ഞ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാതെ ഒരു വീട്ടിൽ അക്കാലത്ത് ആരുടെയും ഭാവി ചെറിയ ചിലവിൽ പറഞ്ഞു കൊടുക്കാൻ കഴിവുള്ള ഒരാൾ പ്രത്യക്ഷപ്പെട്ടിരുന്നു.  എനിക്കു വശമില്ലാത്ത തമിഴിലായിരുന്നു പ്രവചനം.  വീരപാണ്ഡ്യകട്ടബൊമ്മനിൽ ശിവാജി ഗണേശൻ മൊഴിഞ്ഞിരുന്ന വാക്കുകളുടെ ഗതിയിൽ എന്തൊക്കെയോ കേട്ടു, നമ്രശിരസ്കരായിരിക്കുന്ന ഭാര്യയും ഞാനും.  ഉത്തരം കേട്ടാൽ മതി, ചോദ്യരൂപത്തിൽ അത് അങ്ങോട്ടു പറഞ്ഞുകൊടുക്കേണ്ടേന്നു മാത്രം ഞാൻ ഭാര്യയെ ബോധ്യപ്പെടുത്തി.
സംശയം ചോദിക്കാൻ എന്റെ ഊഴമായപ്പോൾ,  സംശയമില്ലാതെ ഞാൻ മിണ്ടാതിരുന്നു.  എന്റെ വിനയവും എന്റെ മൌനവും വാസ്തവത്തിൽ ഒരു പ്രകോപനമായിരുന്നു.  പ്രവാചകൻ എന്നെ ശപിച്ചു:  “നീ മുടിഞ്ഞുപോകും...!“ ഭാര്യ ക്ഷുഭിതയായി.

ഭാര്യയെ സമധാനിപ്പിക്കാൻ അന്ന് എനിക്ക് എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.  എല്ലാം പ്രവചിച്ചുകളായമെന്ന അഹന്തയെ നോവിക്കുമ്പോൾ പ്രവാചകർ മുഷിയും.  കാര്യമാക്കേണ്ട.  പക്ഷേ ആ വാക്കുകൾ ഭാര്യയുടെ ഈർഷ്യക്ക് ഉത്തരമായില്ല.  അന്നാകട്ടെ, എനിക്ക് മാർടിൻ റീസിനെപ്പോലുള്ള ശാസ്ത്രജ്ഞ്നമാരുടെ ഗീർവാണം അറിയുമായിരുന്നുമില്ല.  വാനനിരീക്ഷണത്തിൽ വിശേഷിച്ചും ശാസ്ത്രത്തിൽ പൊതുവേയും മുഴുകിക്കഴിയുന്ന ബ്രിട്ടിഷ് ബുദ്ധിജീവിയായ മാർട്ടിൻ റീസ്, ശാസ്ത്രത്തിന്റെ വെല്ലുവുളികൾ എന്ന തന്റെ പ്രശസ്തമായ പ്രഭാഷണപരമ്പരയിൽ ഒരു ഭാഗത്തെ പേരിട്ടത് “നമുക്ക് ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങൾ” എന്നായിരുന്നു.

ഞാൻ അദ്ദേഹത്തിന്റെ ചില ആശയങ്ങൾ കുറിച്ചു വെച്ചു.  നമ്മുടെ കമ്പ്യൂട്ടർ എത്ര ശക്തമായാലും, ഭാവിയുടെ സ്വഭാവം അറിയാവുന്നതിന് പരിധിയുണ്ട്.  വാച്ചിന്റെ ഭാഗങ്ങളെല്ലാം അഴിച്ചുനോക്കിയാലും, സമയത്തിന്റെ സ്വഭാവം മനസ്സിലാവില്ല.  ഒരു അണുവിനെക്കാൾ, ഒരു നക്ഷത്രത്തെക്കാൾ, എത്രയോ സങ്കീർണ്ണമായിരിക്കുന്നു ഔരു കീടത്തിന്റെ ഘടന.  ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും നേരത്തേ ചോദിക്കാൻ സാധ്യമല്ലാതിരുന്ന കുറെ ചോദ്യങ്ങൾ തുറന്നു വിടുന്നു.  ഉത്തരമില്ലാത്ത ചോദ്യങ്ങളെയും അറിയാൻ വയ്യാത്ത ഭാവിയെയും പറ്റി അന്ന് ഞാൻ ഭാര്യയോടു സംസാരിച്ചിരുന്നെകിൽ, എന്നെ ശപിച്ച സിദ്ധന്റെ കോപത്തിനു മറുപടിയാകുമായിരുന്നോ?  അറിയില്ല.

പ്രവചനം വാസനയും മാന്യതയും ആയിരിക്കുന്നതു പോലെത്തന്നെ മനുഷ്യവ്യക്തിത്വത്തെ സ്വാധീനിക്കുന്നതാണ് ഇല്ലായ്മയിൽനിന്ന് എന്തെങ്കിലും കണ്ടെടുക്കാനുള്ള സിദ്ധി.  ഇല്ലാത്തത് ഉണ്ടെന്നു വരുത്തുമ്പോൾ, ഓരോ തവണയും, അത്ഭുതം മുളപൊട്ടി വളരുന്നു.  ആളുകളെ ആകർഷിക്കാൻ അത്ഭുതം കാട്ടാമെന്ന് യേശു നമ്മെ ഓർമ്മിപ്പിക്കുന്നു.  ആദ്യമാദ്യം സായി ബാബ ഭസ്മവും മോതിരവുമൊക്കെ വായുവിൽനിന്ന് കണ്ടെടുത്തിരുന്നുവത്രേ. അതൊക്കെ തനിക്കുമാവാമെന്ന് യുക്തിവാദിയായ എ റ്റി കോവൂർ പറഞ്ഞു.  ബംഗളൂരിലെ ഒരു ഇംഗ്ലിഷ് പ്രൊഫസർ, എച് ഡി നരസിംഹയ്യ, സായി ബാബയെ വെല്ലുവിളിച്ചു.  ബാബ ഗൌനിച്ചതേയില്ല.  അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം വർദ്ധിച്ചുകോണ്ടേ പോയി.  എന്റെ ഒരു എഡിറ്റർ ജീവിതകാലം മുഴുവൻ അദ്ദേഹത്തിന്റെ അന്തേവാസിയായി പുട്ടപ്പർതിയിൽ കൂടി.  ഞങ്ങൾ ഒരിക്കൽ ബാബയെ വൈറ്റ് ഫീൽഡിൽ കണ്ടപ്പോൾ, പ്രശനമെഴുതിയ കുറിപ്പ് അദ്ദേഹത്തിനു കൈമാറുകയോ അദ്ദേഹം ഞങ്ങൾക്ക് വായുവിൽനിന്നു കണ്ടെടുത്ത എന്തെങ്കിലും തരികയോ ഉണ്ടായില്ല.  ഗോപിനാഥ്  മുതുകാട് അരങ്ങു തകർക്കാൻ തുടങ്ങിയപ്പോഴേക്കും വായുഭസ്മത്തിന്റെ കാലം കഴിഞ്ഞിരുന്നു.  

സായി ബാബയെയെന്നല്ല ആരെയും വെല്ലുവിളിക്കുന്ന കൂട്ടത്തിലല്ല മുതുകാട്.  ആളുകളെ അത്ഭുതപ്പെടുത്തിപ്പോകുക.  ഉള്ളത് ഇല്ലെന്നു തോന്നിക്കുക.  ഇല്ലാത്തത് ഉണ്ടെന്നു തോന്നിക്കുക.  അത്രയേ അദ്ദേഹത്തിനുദ്ദേശമുള്ളൂ.  അതാകട്ടെ വലിയ  കാര്യവുമാകുന്നു.  വേണമെങ്കിൽ, അത് ദിവ്യസിദ്ധികൊണ്ട് സാധിക്കുന്നതാണെന്നും പറയാം.  ഇല്ലാത്തത് ഉണ്ടാക്കുന്നതിൽ ഒരു തരം അമാനുഷത്വം കാണാനാണ് മനുഷ്യവാസന.  ഇല്ലാത്ത ഒരു സാധനം, ഇല്ലെന്നറിയുന്നവർക്കു പോലും, ഉണ്ടെന്നു തോന്നിക്കുന്ന മസ്തിഷ്കവ്യാപാരമായിരുന്നു ഒരു തവണ കാലിഫോർണിയയിലെ മനശ്ശാസ്ത്രഗവേഷകനായ മൈക്കേൽ ഗസനിഗ സംഘടിപ്പിച്ച സമ്മേളനത്തിലെ വാദവിഷയം.  

അത്ഭുതം എങ്ങനെ ഉണ്ടാകുന്നു?  എല്ലാവർക്കും ലഭ്യമായ നിറക്കൂട്ടുകൊണ്ട് വേറെ
ആർക്കും സാധ്യമല്ലാത്ത രീതിയിൽ ചിത്രം വരച്ച് ലോനാർഡോ ഡാ വിഞ്ചി ലോകത്തെ അത്ഭുതപ്പെടുത്തി.  നിങ്ങൾക്കും എനിക്കും അറിയാവുന്ന വാക്കുകൾ ചേർത്ത് നസ്രുൾ ഇസ്ലാം ഉണ്ടാക്കിയ പദജാലം പറഞ്ഞറിയിക്കാൻ വയ്യാത്ത ഭക്തിയും സ്നേഹവും ഉളവാക്കി.  നമുക്ക് അറിയാത്ത ഏതോ അത്ഭുതപ്രക്രിയയിൽ പല നിറങ്ങളുള്ള മേഘങ്ങളും ചെടികളും പല കാമനകളുള്ള പ്രാണികളും ഉണ്ടായി.  പക്ഷേ അവയെക്കാൾ കൂടുതൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്  വാഴക്കുന്നത്തിന്റെയും മുതുകാടിന്റെയും ചെപ്പടിവിദ്യകളും സായി ബാബയുടെ ആശീർവാദങ്ങളുമാണെന്നു മാത്രം.  ഏതു വഴിക്കായാലും ഓരോ തവണ നാം അത്ഭുതം കൂറുമ്പോഴും മസ്തിഷ്കത്തിലെ ചില സവിശേഷകോശങ്ങൾ കൂടുതൽ ഉന്മിഷിത്താകുന്നുവെന്നാണ് ശാസ്ത്രമതം.  അത്ഭുതം തോന്നിക്കുന്നതിനെ, ഭവിയുടെ സ്വരൂപം നേരത്തേ പറയുന്നവനെ, നമ്മൾ ആരാധിക്കുന്നു.

No comments: