Tuesday, February 19, 2013

അഛനെ അറിയാൻ



അഛനെ അറിയാൻ



ആദിവാസികൾക്കിടയിൽ അവിവഹിതരായ അമ്മമാർ പെരുകുന്നതിനെപ്പറ്റി വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു.  എത്ര കാലം ഈ സംസാരം തുടരും, പിന്നെ എത്ര ഇടവേളക്കു ശേഷം വീണ്ടും തുടങ്ങും എന്നു പറയാൻ വയ്യ.  ഇപ്പോഴത്തെ സംസാരത്തിൽ അമ്മമാരെക്കാൾ പ്രധാനം കുട്ടികളാണെന്നു തോന്നുന്നു.  അഛൻ ആരെന്നറിയാത്ത കുട്ടികളെ പുനരധിവസിപ്പിക്കാൻ ഏതാനും കോടി രൂപയുമായി ഒരു ഡി ഐ ജിയെ ചുമതലപ്പെടുത്തിയിരിക്കുന്നു.  എന്തുകൊണ്ട് ഡി ഐ ജി എന്ന് തെളിഞ്ഞുകിട്ടിയില്ല.  അറിയാത്ത അഛനു കുട്ടി ഉണ്ടായത് അമ്മയുടെ കുറ്റം ആണെന്നായിരിക്കാം.  

പതിന്നാലു കൊല്ലം മുമ്പ് ഇങ്ങനെയൊരു വാർത്ത വന്നപ്പോൾ ശ്രദ്ധാകേന്ദ്രം അഛൻ ആയിരുന്നു.  കെ രാധാകൃഷ്ണൻ എന്ന നല്ലവനായ മന്ത്രിയുടേതായിരുന്നു മുൻകൈ.  എത്രയോ ആദിവാസിക്കുട്ടികൾ അഛൻ ആരെന്നറിയാതെ കഴിയുന്നു എന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.  അദ്ദേഹം ഒരു നിർദ്ദേശം കൊടുക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്തു.  കുട്ടികളുടെ അഛന്മാരെ കണ്ടെത്തി ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തുമെന്നായിരുന്നു രാധാകൃഷ്ണന്റെ തീരുമാനം.  നല്ല തീരുമാനം.  നടപ്പാക്കാൻ അധികമാർക്കും ഉത്സാഹമില്ലാത്ത തീരുമാനം.  

അന്ന് ഇന്ത്യ ടുഡേയിൽ ആയിരുന്ന ഞാൻ എന്റെ പംക്തിയിൽ ഇങ്ങനെയൊരു തലക്കെട്ടിൽ ഒരു കുറിപ്പെഴുതി:  “തന്തയില്ലായ്മയുടെ ഏനക്കേട്.“  അഛൻ ആരെന്നറിയായ്ക എന്ന ദൈന്യമായിരുന്നു എന്റെ പ്രധാന ചിന്താബിന്ദു എങ്കിലും രാധാകൃഷ്ണന്റെ നിർദ്ദേശത്തിന്റെ നന്മയെയും അസാധ്യതയെയും ഞാൻ ഒട്ടൊക്കെ ഉള്ളിൽ കേറി പരിശോധിക്കുകയുണ്ടായി.  അനാഥമായ ബീജങ്ങളെപ്പോലെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഇഴഞ്ഞു നടന്നു.  ആരെയെല്ലാം എങ്ങനെ ഡി എൻ എ പരിശോധനക്കു വിധേയരാക്കും?  അവർ സമ്മതിക്കുമോ?  അമ്മമാരുടെ വാക്കിന്റെ പിൻ ബലത്തിൽ മാത്രം അഛന്മാരെന്നു സംശയിക്കുന്നവരെയൊക്കെ പരിശോധിക്കാൻ പറ്റുമോ? അഛന്മാരാകുമായിരുന്നവരിൽ  കരുത്തുള്ള ചിലരെങ്കിലും കോടതി വഴി അതിനു തടയിടുകയില്ലേ?  

പിന്നെയും ഉണ്ടായിരുന്നു ചോദ്യങ്ങൾ.  അഛന്മാരാണ് ചിലർ എന്നു സ്ഥാപിക്കപ്പെട്ടാൽ, അഛന്മാരുടെ ചുമതല മുഴുവൻ അവരെക്കൊണ്ട് എങ്ങനെ ചെയ്യിപ്പിക്കും? അവരുടെ വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം കുട്ടികളുടെ ചിലവിനു വേണ്ടി മാറ്റി വെപ്പിക്കാം.  അതിനും വലിയൊരു ബ്യൂറോക്രസി വേണ്ടിവരുമെന്നത് വേറെ കാര്യം.  ചിലവിനു കൊടുത്തില്ലെങ്കിലും കുട്ടികളുടെ പിതൃത്വം നിർബ്ബന്ധപൂർവം അവർക്ക് ഏറ്റെടുക്കേണ്ടിവരും എന്നത് തീർച്ചയായും നല്ല കാര്യം തന്നെ.  അഛൻ ആരെന്നറിയായ്ക എന്ന ദൈന്യത്തിൽനിന്ന് കുട്ടികൾ മോചിക്കപ്പെടുന്നു എന്നതു തന്നെ ആ കാര്യത്തിന്റെ നന്മ.  ഒരു സ്ത്രീയുടെ വയറു വീർപ്പിച്ച് കടന്നു കളയുന്ന ആണിനെ പരിശോധന വഴി പിടി കൂടാൻ പറ്റിയാലും, അയളെക്കൊണ്ട് കുട്ടിക്കും അമ്മക്കും ചിലവിനു കൊടുക്കാൻ അയാളെ നിർബ്ബന്ധിക്കാമെങ്കിലും, കുട്ടി അർഹിക്കുന്ന വാത്സല്യം അഛനാകാൻ മടിക്കുന്ന
ആളിൽനിന്നു കിട്ടില്ല.  നിയമം വഴി സ്നേഹം വളർത്താൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു!

നിയമം വഴി പിതൃത്വം ഉറപ്പു വരുത്താൻ നടത്തിയ രണ്ടു ശ്രമങ്ങൾ ഓർമ്മ വരുന്നു.  എന്റെ ഒരു ബന്ധുവിന്റേതെന്നു പറയപ്പെട്ട ഒരു കുട്ടിയുടെ അമ്മ നിയമപരമായി അഛനെ ഉറപ്പിക്കാൻ കേസു കൊടുത്തു.  അമ്മയെക്കാൾ പ്രബലനായിരുന്നു അഛനെന്നു പറയപ്പെട്ട ആൾ.  അതുകൊണ്ടാകാണം, രണ്ടു വർഷത്തെ വാദപ്രതിവാദതിനുശേഷം കേസു തീർപ്പായപ്പോൾ, ഏറെക്കുറെ എല്ലാവരും ണെരത്തേ കരുതിയ പോലെ, അഛൻ എന്നു പറയപ്പെട്ട ആൾ അഛൻ ആണെന്നു പറയാൻ വേണ്ട തെളിവില്ലെന്നായിരുന്നു വിധി.  അമ്മയുടെ അറിവ് തെളിവ് അല്ല.  പിന്നെ ആരാണ് അഛൻ എന്നു കണ്ടു പിടിക്കാൻ കോടതിക്ക് നേരമോ ചുമതലയോ ഇല്ല.  ആ പയ്യൻ ദിവ്യഗർഭത്തിന്റെ ഫലമായിരുന്നോ? എന്തായാലും അയാൾ അഛനില്ലാതെ ജീവിച്ചു മരിച്ചു, അല്ലെങ്കിൽ, മരിച്ചു ജീവിച്ചു.

സെക്രട്ടേറിയറ്റിലെ ഒരു ഛോട്ടാ കുലപതി അഛനാണെന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരൻ വന്നു.  അയാൾക്ക് അഛനെ കാണേണ്ട.  അചന്നിൽനിന്ന് ഒന്നും കിട്ടേണ്ട.  ഒരു തവണ, ഒറ്റ തവണ മാത്രം, അയാൾ അഛനെ അഛൻ എന്നു വിളിച്ചോട്ടേ?  കല്യാണക്കുറി അടിക്കുമ്പോൾ അഛന്റെ പേർ അടിച്ചോട്ടേ?  അത്രയേ ആഗ്രഹം ഉണ്ടായിരുന്നുള്ളു.  കല്യാണക്കുറി അടിച്ചു, അഛന്റെ പേർ വെച്ചു.  അഛൻ കോപിച്ചു.  തന്റെ മകനെന്ന അവകാശവാദവുമായി വന്ന ചെറുപ്പക്കാരനെതിരെ കേസു കൊടുക്കുമെന്നായി അഛൻ എന്നു പറയപ്പെട്ടയാൾ.  ഡി എൻ എ പരിശോധനയിലൂടെ സത്യം തെളിയിക്കാം എന്ന് ചില വക്കീൽമാർ വാദിച്ചു.  പക്ഷേ അതൊന്നുമുണ്ടായില്ല.  വക്കീൽമാരുടെ കീശ നിറഞ്ഞാലും, നിയമബിന്ധുക്കൾ വളർന്നു വലുതായാലും തന്തയില്ലായ്മ എന്ന ഏനക്കേട് തീരുകയില്ല.

എല്ലാ നാട്ടിലും എന്നും ഇതൊരു പ്രശ്നമായിരുന്നു.  മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൻ അദ്ദേഹത്തിന്റെ ഒരു അടിമയിൽ പിറന്ന കുട്ടിയുടെ അഛനായിരുന്നുവെന്ന വാദം ശക്തമായത് അദ്ദേഹം മരിച്ച് ഇരുന്നൂറു കൊല്ലം കഴിഞ്ഞായിരുന്നു.  അടിമയുടെ ഏറ്റവും ഒടുവിലത്തെ തലമുറയെയും ജെഫേഴന്റെ പിൻ തുടർച്ചക്കാരെയും ഡി എൻ എ പരിശോധനക്ക് വിധേയരാക്കി.  ഒടുവിൽ തെളിഞ്ഞതെന്തെന്നോ?  ഒരു ജെഫേഴ്സന്റെ ജീൻ അവിടെയൊക്കെ കിടന്നു കളിക്കുന്നു.  പക്ഷേ അതു പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സന്റേതാണെന്നു തറപ്പിച്ചു പറയാനാവില്ല.  അതാണ് പിതൃത്വത്തിന്റെ സ്വഭാവം, തറപ്പിച്ചു പറയാൻ പറ്റില്ല.

പിന്നെപ്പിന്നെ അമേരിക്കയിലും, മറ്റു പല നാടുകളിലും, അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടിക്കൂടി വന്നു.  അതിലുള്ള നാണക്കേട് കുറഞ്ഞു വന്നു.  എത്രയോ കുട്ടികൾ പ്രഖ്യാപിക്കപ്പെടാത്ത അഛന്മാരുടെ ഓർമ്മപ്പെടുത്തലായി വളർന്നു വന്നു.  ആചാരങ്ങളും മര്യാദകളും മൂല്യസങ്കല്പങ്ങളും മാറി മാറി വന്നു.  എന്നിട്ടും അഛൻ ആരെന്നറിയാനുള്ള മോഹം, അറിയാത്ത അഛനെച്ചൊല്ലിയുള്ള രോഷവും വേദനയും മാനഹാനിയും, അവിവാഹിതരായ അമ്മമാരുടെ മക്കൾ മറച്ചു വെച്ചാണെങ്കിലും അനുഭവിച്ചു പോന്നു.  ആ വേദനയുടെ ശബ്ദം,  ആരുടെ അവസാനത്തെ നിലപാട്  മഹായുദ്ധത്തിൽ നിർണായകമായോ സൂതന്റെ പുത്രനാകാതെ സൂതപുത്രനായ ആ കർണ്ണന്റെ ഓർമ്മയിൽ കേൾക്കാം.  അങ്ങനെ എത്രയോ കഥകളിൽ, കഥാപാത്രങ്ങളിൽ അതു വിഷയ്മായിരിക്കുന്നു.  ഇപ്പോൾ, ഇതാ, വീണ്ടും ആദിവാസികളായ അവിവാഹിതരായ അമ്മമാരുടെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ശ്രമത്തിലും അതിന്റെ ലാഞ്ഛന കാണാം.  എവിടെയും, എപ്പോഴും, എങ്ങനെയെങ്കിലും, പുരുഷൻ തടി തപ്പും, അല്ലേ?

No comments: