Tuesday, July 5, 2011

രക്തസാക്ഷികളെ ആവശ്യമുണ്ട്!

വാനൊലി പോലെ ചില ചാനലുകളിൽ വരുന്ന പല വാർത്തകളും കേൾക്കുമ്പോൾ സംശയവും നീരസവും തോന്നും. സ്ഥാനമോ അടിസ്ഥാനമോ ഇല്ലാതെ, ആരു പറഞ്ഞെന്നോ എവിടന്നു കിട്ടിയെന്നോ വെളിപ്പെടുത്താനില്ലാതെ, റിപ്പോർട്ടറുടെ വെളിപാടു പോലെ വരുന്ന വാർത്ത കേൾക്കുമ്പോൾ അറയ്ക്കുക തന്നെ ചെയ്യും. ഒന്നുകിൽ ഏതോ തല്പരകക്ഷി വകതിരിവു കുറഞ്ഞ ലേഖകർ വഴി നട്ടു വളർത്താൻ നോക്കുന്ന കുരുക്കാത്ത നുണ. അല്ലെങ്കിൽ ഒളിക്കേണ്ട താല്പര്യത്തോടുകൂടി, കേൾക്കുന്നവരോടോ വസ്തുതകളോടോ ഉത്തരവാദിത്വമില്ലാതെ ലേഖകർ അടിച്ചുമിന്നിക്കുന്ന വാനൊലി. താല്പര്യം അഭിപ്രായമായും അഭിപ്രായം വാർത്തയായും അവർ വിറ്റഴിക്കാൻ നോക്കുന്നതു കാണുമ്പോൾ, കറുപ്പും വെളുപ്പും തിരിച്ചറിയുന്നവർക്ക് നീരസം തോന്നും. അങ്ങനെ തോന്നിപ്പിച്ച സൂര്യ വാർത്തകൾ നന്നേ കുറവല്ല.

കഴിഞ്ഞ ദിവസം പ്രകടനങ്ങളെപ്പറ്റി കേട്ട സൂര്യവാർത്തക്കും ആ വാനൊലിസ്വഭാവം ഒട്ടൊക്കെ ഉണ്ടായിരുന്നു. വിദ്യാർഥികൾ നടത്തുന്ന പ്രകടനങ്ങളിലെല്ലാം ഇരകളായി വീഴുന്നത് ദരിദ്രരായ ദലിതരാണെന്ന് ഒഴുക്കൻ മട്ടിൽ, സ്വയംസ്പഷ്ടമായ സത്യത്തിന്റെ ശബ്ദത്തിൽ സൂര്യ ഒരു കാച്ച് കാച്ചി. ജനസംഖ്യാപരമായ ആ വർഗ്ഗീകരണം ആരും കൂലങ്കഷമായി നടത്തിയതൊന്നുമല്ല. ഏതോ ഒരു ലേഖകനോ എഡിറ്റർക്കോ അങ്ങനെ ഒരു വെളിപാട് ഉണ്ടായി, അതങ്ങു തട്ടിമൂളിച്ചു. അത്ര തന്നെ. അതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യുകയല്ല; സത്യത്തെ അതായി, സത്യമായി, ഒരാളുടെ വെറും വെളിപാട് ആകാതെ അവതരിപ്പിക്കാതെ പോകുമ്പോഴത്തെ നീരസം പറയുന്നുവെന്നേയുള്ളു.

എന്നാലും കൂടുതൽ ഗവേഷണം നടത്താനും ആലോചിക്കാനും വക നൽകുന്നതായിരുന്നു ആ കഥ. എല്ലായിടത്തും എല്ലായ്പ്പോഴും എന്തെങ്കിലും വിഷയം വേണം വിദ്യാർഥികൾക്കും അല്ലാത്തവർക്കും പ്രതിഷേധിക്കാൻ. എങ്ങനെയെങ്കിലും ഒരു വഴി കാണണം പ്രതിഷേധം രക്തരൂഷിതമാക്കാൻ. ചോര ചൊരിയാനും വേദന സഹിക്കാനും ഭാവി കലക്കാനും തയ്യാറായ കുറെ പാവങ്ങൾ വേണം രക്തസാക്ഷികളാകാൻ. അത്രയും ഒപ്പിച്ചെടുത്താൽ ബാക്കിയെല്ലാം നേതാക്കൾ ഏറ്റു. ചോര പുരണ്ട ഉടുപ്പ് കാണിച്ച്, കിരാതഭരണത്തിനെതിരെ ഒച്ച വെച്ച്, നടുത്തളത്തിലേക്കും പുറത്തളത്തിലേക്കും ആടിയോടിയിറങ്ങി, അവർ നിയമസഭയും യമസഭയും മുഖരിതമാക്കിക്കൊള്ളും.

സൂര്യ വാർത്തകളിൽ മുഴങ്ങിക്കേട്ട ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ദലിതരും പാവപ്പെട്ടവരുമാണ് അടികൊള്ളാൻ നിയോഗിക്കപ്പെടുന്നവർ. സാധാരണ വിദ്യാർഥികളാണ്, മെഡിക്കൽ വിദ്യാർഥികളല്ല, മെഡിക്കൽ വിദ്യാഭ്യാസത്തിലെ കുഴപ്പത്തിനെതിരെ പ്രകടനം നടത്തുന്നവർ. എന്തിന്റെ പേരിലാണ് പ്രകടനം നടത്തുന്നതെന്ന് തിരിച്ചറിയാത്തവരാണ് അവരിൽ പലരും. സുരക്ഷിതമായി പ്രകടനത്തിനു നേതൃത്വം നൽകുന്നവർ പിന്നീട് അനിഷേധ്യനേതാക്കളായി ഉയരുമ്പോൾ, എല്ല് ഒടിയുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യുന്നവർ കൂലിപ്പണിക്കോ കൂലിയില്ലാത്ത പണിക്കോ പോകേണ്ടിവരും.

പഴയ ഒരു സ്മരാഭാസം ഓർക്കട്ടെ. ഇപ്പോൾ എല്ലാവരും സന്തോഷത്തോടെ സ്വീകരിച്ചിട്ടുള്ള പ്ലസ് ടു വിദ്യാഭാസക്രമം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ച എൺപതുകളുടെ ആദ്യപകുതിയാണ് കാലം. പ്രി ഡിഗ്രി ബോർഡ് ഏർപ്പെടുത്തുന്നതിനെതിരെ നാടെങ്ങും സമരമായി. ക്ലാസ് തുടങ്ങുന്നതിനുമുമ്പേ കുട്ടികൾ കൂട്ടം കൂട്ടമായി ക്ലാസ് വിട്ടിറങ്ങി, മുദ്രാവാക്യ വിളിച്ചു, കഴിയുമ്പോഴൊക്കെ കണ്ടതിനൊക്കെ കല്ലെറിഞ്ഞു. മറയ്ക്കാൻ വയ്യാത്ത കൌതുകത്തോടെ ഞാൻ എന്റെ മകൻ പഠിച്ചിരുന്ന മോഡൽ സ്കൂളിൽ നടമാടുന്ന സമരം കാണാൻ ഒരു ദിവസം ഇറങ്ങിത്തിരിച്ചു.

മുഖ്യാധ്യാപകൻ ഗോപിനാഥൻ ആചാരി അച്ചടക്കത്തിനു പേരു കേട്ട ആളായിരുന്നു. എപ്പോഴും അദ്ദേഹം കരുതിയിരുന്ന ചൂരലിന്റെ നീളത്തെക്കാൾ അല്പം കൂടുമായിരുന്നു അദ്ദേഹത്തിന്റെ ഉയരം. ഓങ്ങാനും വീശാനും മാത്രം ഉപയോഗിച്ചിരുന്ന ആ ചൂരൽ ആരുടെയെങ്കിലും ചന്തിക്ക് വീണതായി ചരിത്രമില്ല. പക്ഷേ ആചാരി സാറിന്റെ നിഴൽ കണ്ടാൽ മതി കുസൃതിക്കാർ പറ പറക്കും. അന്നു ഞാൻ കാണുമ്പോൾ വിഖ്യാതനായ ആ ആചാരി സാർ ഏകനും മൂകനും നിസ്സഹായനുമായി, ചൂരലിനെ തഴുകി, സ്കൂളിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിഴൽ കണ്ടാൽ വിരണ്ടിരുന്ന പിള്ളേർ നാലു പാടും എന്തൊക്കെയോ കൂവിക്കൊണ്ട് ആർത്തുതിമിർക്കുന്നു!

അവരിൽ ഒരാളെ ഞാൻ തടഞ്ഞുനിർത്തി. “എന്തിനാണ് ഈ ഓട്ടവും ചാട്ടവും അട്ടഹാസവും?“ ഞാൻ ചോദിച്ചു. ആ കുട്ടിക്ക് ചിരി വന്നു. ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും ചോദിക്കുമോ? മുദ്രാവാക്യം മുടങ്ങിപ്പോയ വിഷമത്തോടെ അവൻ പറഞ്ഞൊപ്പിച്ചു: “പ്രി ഡിഗ്രി ബോർഡ്...” അതെന്തു ബോർഡാണ് എന്നു ഞാൻ ചോദിച്ചുതീർക്കുമ്പോഴേക്കും അവൻ അടുത്ത മുദ്രാവാക്യത്തിനുള്ള തയാറെടുപ്പുമായി പാഞ്ഞുപോയി. എട്ടിലോ ഒമ്പതിലോ പഠിച്ചിരുന്ന ആ കുട്ടിക്ക് പ്രി ഡിഗ്രി ബോർഡിനോട് എതിർപ്പായിരുന്നു. ആ ബോർഡിന്റെ നിറം കറുപ്പാണോ വെളുപ്പാണോ എന്ന് അവന് അറിയുമായിരുന്നില്ല. സ്കൂളിനടുത്തുള്ള ചെങ്കൽ ചൂള എന്ന ചേരിയിൽ അലിഞ്ഞുചേരുമ്പോഴും ആ ചോദ്യം അവനു പ്രസക്തമായിരുന്നില്ല. ജീവിതത്തിൽ ഒരിക്കലും ആ ചോദ്യം അവനെ അലട്ടിയിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

അവന്റെ ഒരു നേതാവ് പ്രസ്താവനയുമായി എന്റെ ആപ്പീസിൽ വരുമായിരുന്നു. അദ്ദേഹം പിന്നീട് വലിയ നേതാവും മേയറും നിയമസഭാംഗവുമൊക്കെയായി. അദ്ദേഹത്തിന്റെ മുതിർന്ന നേതാക്കൾ സമരത്തിനുള്ള സന്നാഹമെല്ലാം ഒരുക്കിക്കൊടുത്തിരുന്നു. പ്രി ഡിഗ്രി ബോർഡിനെതിരെയുള്ള യുദ്ധം കൊഴുപ്പിക്കാൻ സർവകലാശാലയിലെ വിപ്ലവകാരികളായ ഗുമസ്തന്മാർ എത്രയോ ഉത്തരക്കടലാസുകളിൽ തിരിമറി നടത്തി. ജയിച്ചവരെ തോല്പിച്ചു, പരീക്ഷയെഴുതാത്തവർക്ക് വലിയ മാർക്ക് കൊടുത്തു. എല്ലാം സർക്കാരിനെയും സർവകലാശാലയെയും നാണം കെടുത്താനായിരുന്നു. വൈസ് ചാൻസലർ ഹബീബ് മുഹമ്മദിനെ വെട്ടിലാക്കി. പ്രൊ വൈസ് ചാൻസലർ സുകുമാരൻ നായർക്കെതിരെ പീഡനക്കഥ ഉണ്ടാക്കി. എത്ര കുട്ടികളുടെ ഭാവി ആ സമരത്തിൽ കലങ്ങിയെന്ന് കണക്കില്ല. ചിലർ നേതാക്കളായെന്നത് സത്യം. ഒടുവിൽ എന്തിനെതിരെ സമരം ചെയ്തുവോ അതിനെല്ലാം ഏവരും സ്വാഗതം അരുളുകയും ചെയ്തു. കമ്പ്യൂട്ടറിനെതിരെഉം മറ്റും അന്ത കാലത്തു നടത്തിയ സമരങ്ങൾ നമ്മുടെ വിപ്ലവത്തിന്റെ ഭാഗമാണല്ലോ.

സമരത്തിന്റെ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ, മാർഗ്ഗം അക്രമമായിരിക്കണം. കുറെ അടിപിടി വേണം. ബസ്സു കത്തിക്കണം. വഴി തടയണം. ചോര ചിന്തിയാൽ മതൊരു സമരത്തിനു കൂടി വഴിയായി. ഇതൊന്നും കുത്സിതമായി ആലോചിച്ചുറപ്പിക്കുന്നതല്ല. പരമ്പരാഗതമായി രൂപം കൊണ്ട ഒരു മാനസികവ്യവസ്ഥ അതിന്റെ പുറകിൽ കാണാം. പാർലമെന്റ് സംവിധാനവും നിയമത്തിന്റെ വാഴ്ചയും സമാധാനത്തിന്റെ
മാർഗ്ഗവും പിന്നെപ്പിന്നെ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ചത്തും കൊന്നും വേണം എന്തും നേടാൻ എന്ന പഴയ വർഗ്ഗയുദ്ധത്തിന്റെ തിയറി ഇപ്പോഴും അവിടവിടെ ദഹിക്കാതെ കിടപ്പുണ്ട്. ചോര ചിന്തുന്നവന് ഇപ്പോഴും നായകപരിവേഷം ഉണ്ട്. സുരേഷ് ഗോപിയും മമ്മുട്ടിയുമൊക്കെ സിനിമയിൽ കാട്ടുന്നതു പോലെ, ഒറ്റക്കൊരാൾക്ക് എതിരാളികളെ വെട്ടിവീഴ്ത്തി ധർമ്മം വീണ്ടെടുക്കാൻ പറ്റുമെന്ന മണ്ടത്തരം ഒരു മാറാരോഗമായി പടരുന്നത് അതുകൊണ്ടു തന്നെ. ചാവേറുകൾക്ക് എന്നും നല്ല മാർക്കറ്റാണെന്നു വ്യക്തം.

നിയമസഭയിൽ വഴി വിട്ടു പെരുമാറിയതിന് ഒരിക്കൽ ചില മാർക്സിസ്റ്റ് അംഗങ്ങളെ സസ്പെന്റ് ചെയ്യുകയുണ്ടായി. കർശനമായി സഭ നടത്തിയിരുന്ന സ്പീക്കർ വക്കം പുരുഷോത്തമൻ ഒന്നിനു നേരെയും കണ്ണടച്ചിരുന്ന ആളല്ല. അദ്ദേഹത്തിന്റെ കല്പനയെത്തന്നെ വെല്ലുവിളിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. അങ്ങനെ സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങൾ ബലമായി സഭയിൽ കേറുമെന്നായി. വിലക്കാൻ നോക്കിയ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളി മാറ്റാൻ നോക്കിയപ്പോൾ, അവർ സഭയുടെ വാതിൽ പൂട്ടി, ശാരീരികമായ വെല്ലുവിളിയെ ശാരീരികമായിത്തന്നെ നേരിട്ടു. സഭയുടെ പൂമുഖത്ത് ഉന്തും തള്ളൂം ബഹളവും. ചിലർ താഴെ വീഴുന്നു, ചിലരുടെ മുണ്ട് പോകുന്നു, ചിലർക്ക് കലി കേറുന്നു, ചോര വീഴുന്നു. ചോരക്ക് അപ്പോൾ ജനതയുടെ നിറമായിരുന്നു. കൃഷ്ണൻ കുട്ടിയുടെ വിരലുകൾ എങ്ങനെയോ മുറിഞ്ഞു. സാഹിത്യത്തിൽ പറഞ്ഞാൽ, സഭാമുഖം രക്തപങ്കിലമായി. പിന്നെ അതിന്റെ പേരിലായി ആക്രോശം. അനിവാര്യമെന്നോണം, ഒടുവിൽ കയ്യാങ്കളി വേണ്ടെന്നുവെച്ച്, ബലപ്രയോഗത്തിന്റെ വക്താക്കൾ ഗാന്ധിയുടെ സത്യഗ്രഹം കൊണ്ടു ചരിതാർഥരായി.

ചുരുക്കിപ്പറഞ്ഞാൽ, എന്തിനെതിരെ സമരം വേണമെന്നും എങ്ങനെ അതു ചെയ്യണമെന്നും ഇന്നും നമ്മുടെ വിപ്ലവകാരികൾക്ക് തീർത്തും പിടികിട്ടാത്തതു പോലെ തോന്നുന്നു. മാനസികമായ ആ അവ്യക്തതയും അപക്വതയും കാരണമാകാം “ഐതിഹാസികമായ അബദ്ധം” ആവർത്തിച്ചും അവസാനിക്കാത്ത ആത്മവിമർശനവും തെറ്റു തിരുത്തലും നടത്തിയും വിപ്ലവം നനഞ്ഞിഴഞ്ഞു തുടരുന്നു. ഈ ചിന്തകൾ ഉരുക്കൂടുമ്പോൾ, യാദൃച്ഛികമായി, ഞാൻ തോപ്പിൽ ഭാസിയുടെ “ഒളിവിലെ ഓർമ്മകൾ” വായിക്കുകയായിരുന്നു. അര നൂറ്റാണ്ടു മുമ്പിറങ്ങിയ പുസ്തകത്തിന്റെ രണ്ടാം വായന. ലക്ഷ്യത്തിന്റെ മായികതയും ആ ആവേശത്തിന്റെ ഉച്ഛൃംഖലതയും നിതാന്തമായ ധീരതയും, തിരിഞ്ഞുനോക്കുമ്പോൾ നീറിപ്പടരുന്ന ഒരു തരം വൈയർഥ്യബോധവും ആവിഷ്കരിക്കുന്ന ആ പുസ്തകം മലയാളത്തിന്റെ സമൂഹചേതനയുടെ ഉദ്വിഗ്നമായ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുന്നു. അതിലെ ചെറിയൊരു ഭാഗം, ഒരു സംഭവം, ഇവിടെ ഉദ്ധരിക്കട്ടെ:

“ഒരു ദിവസം ഒരു പരിപാടി നടപ്പാക്കാൻ എന്നെയും മാധവൻ പിള്ളയെഉം ഡി സി നിയോഗിച്ചു. ഞങ്ങളുടെ ജീവൻ പോകാൻ സാധ്യത്യൌള്ള ഒരു പരിപാടി. ഞങ്ങൾ ധൈര്യസമേതം പുറപ്പെട്ടു....എന്റെ മനസ്സിൽ ഒരു നേരിയ വിഷമം. മരിക്കൻ അരിഷ്ടക്കേട്...ഞാൻ മാധവൻ പിള്ളയോടു പറഞ്ഞു: “ഇതു കമ്യൂണിസമല്ല. ഇതിന്റെ പേർ ആത്മഹത്യയെന്നാണ്“ എന്റെ അഭിപ്രായവ്യത്യാസം കാരണം പരിപാടി നടന്നില്ല. മരണവും സംഭവിച്ചില്ല....എന്നെ പാർട്ടിയിൽനിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തു....പാർട്ടി തെറ്റുകൾ തിരുത്തിയപ്പോൾ പുതിയ സെന്റ്രൽ കമ്മിറ്റി സെക്റ്റേറിയൻ കാലഘട്ടത്തിലെ ശിക്ഷണനടപടികളെല്ലാം റദ്ദാക്കി. അതെല്ലാം കാർഡുകളിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാലും അന്നു ശിക്ഷണനടപടികൾക്കു വിധേറ്റ്യരായ ആളുകൾക്കും രാജി വെച്ച ആളുകൾക്കും സ്വയം അരധ:സ്ഥിതമനോഭവം ഉണ്ട്. ചില പാർട്ടി സഖാക്കളും ഒരു വിഭാഗം ജനങ്ങളും സ്വല്പം കളങ്കം പറ്റിയ ആളുകളെന്ന നിലയിൽ അവരെ നോക്കുന്നു. രാജി വെക്കുകയോ നടപടികൾക്കു വിധേയരാവുകയോ ചെയ്തവരോട് അത്തരം മനോഭാവം നമുക്കുണ്ടെങ്കിൽ അതിന്റെ അർഥം അന്നു നമ്മുടെ പാർട്ടിക്കു പറ്റിയ ഭയങ്കര തെറ്റിനെ നമ്മൾ കാണുന്നില്ലെന്നാണ്.”

ഇതൊക്കെ വായിച്ചുപോകുമ്പോൾ എന്റെ ചിന്ത ഒളിവിൽ പോയ നേതാക്കൾക്ക് “ഷെൽട്ടർ“ നൽകിയ സാധുക്കളെപ്പറ്റിയായിരുന്നു. ആപത്തിന് അഭയം നൽകിയ ആ പാവങ്ങളുടെ പിന്മുറക്കാർക്ക് എന്തു കിട്ടി? മായികമായ ലക്ഷ്യത്തിനുവേണ്ടി മരിക്കുകയോ മരണത്തിന്റെ ഓരത്തുകൂടെ നടക്കുകയോ ചെയ്തവരിൽ സ്മാരകവും ചരമക്കുറിപ്പും കിട്ടാത്തവർ എത്ര? അലോസരപ്പെടുത്തുന്ന ഈ ചോദ്യങ്ങൾക്കിടയിലും ഒരു കാര്യം നമ്മൾ പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു: രക്തസാക്ഷികൾ ഇനിയും വേണം.

(malayalam news july 4)