Thursday, November 18, 2010

കടമ്മനിട്ടയിൽ വേദനയുടെ പടയണി

കടമ്മനിട്ടയിലെ കൊച്ചുകോവിലിനടുത്തൊരു വിട്ടിൽ പടയണിയുടെ വേദന പുളയുന്നതു കണ്ടു. ഞാൻ ഏറെ നേരം അനങ്ങാതെ, ഒന്നും മിണ്ടാനില്ലാതെ, നിന്നു. രാധാകൃഷ്ണൻ നായരുടെ മുറ്റത്ത് ഉശിരോടെ വളരുന്ന ചെമ്പരുത്തിയിലേക്കും നന്ത്യർവട്ടത്തിലേക്കും തുളസിയിലേക്കും രാമച്ചത്തിലേക്കും ഞാൻ അലസമായി കണ്ണയച്ചു. ആ ചെടികളുടെ ഉത്സാഹം പങ്കിടാൻ വയ്യാതെ അവ നട്ടുപിടിപ്പിച്ച രാധാകൃഷ്ണൻ നയർ അകത്തൊരു മുറിയുടെ ഇഴുകിയ ഇരുളിൽ എന്തിനെയോ കാത്തു കിടന്നു.

രാധാകൃഷ്ണൻ നായർ ഏറെക്കാലം ഗൾഫ് രാജ്യങ്ങളിലായിരുന്നു. അവിടന്നുണ്ടാക്കിയ പണത്തിലൊരു ഭാഗം കൊള്ളാവുന്നൊരു വീടുണ്ടാക്കാൻ ഉപയോഗിച്ചു. ബാക്കി പണം കൊച്ചിയിലെ ഒരു ആസ്പത്രിക്കാർക്ക് അവകാശപ്പെട്ടതു പോലെയായി. ഒരു മുന്നറിയിപ്പുമില്ലാതെ അർബ്ബുദം രാധാകൃഷ്ണൻ നായരുടെ ശ്വാസകോശത്തിൽ കുടിയിരിപ്പായി. അതിന്റെ ഒരു ഭാഗം മുറിച്ചു കളഞ്ഞു. എന്നിട്ടും പഴുപ്പ് അവശേഷിച്ചു. സമ്പദ്യം മുഴുവൻ ആസ്പത്രിയിൽ കൊടുത്തു കഴിഞ്ഞപ്പോൾ മിച്ചം വന്നത് ആ പഴുപ്പും വേദനയും പടരുന്ന രോഗവുമായിരുന്നു.

സന്ദർശകരെ ആകർഷിക്കുന്നതല്ല ആ വീട്ടിലെ അന്തരീക്ഷം. എന്നിട്ടും അഞ്ചുപത്താളുകൾ ഒരു വൈകുന്നേരം രാധാകൃഷ്ണൻ നായരെ തേടിച്ചെന്നു. ഒരു മൃതദേഹത്തിന് അകമ്പടിയായി ചെന്നതായിരുന്നു അവർ. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നയാളെ കാണിച്ച് സംസ്ക്കരിക്കാൻ കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ മകന്റെ മൃതദേഹം. മംഗലാപുരത്ത് ലോറി ഇടിച്ചു മരിച്ച മകൻ അന്നുവരെ മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യമുണ്ട്: ശമ്പളത്തിൽ ശേഷിക്കുന്നതെല്ലാം അഛന്റെ ചികിത്സക്കുവേണ്ടി അയച്ചു കൊടുക്കുക. അന്നത്തോടെ ആ വഴിയും അടഞ്ഞു.

അവിടേക്ക് പത്തു ദിവസം കൂടുമ്പോൾ കയറിച്ചെല്ലുന്ന മൂന്നു പേരാണ് ഏലിയാമ്മയും സൌമ്യയും ശശിധരൻ പിള്ളയും. ഏലിയാമ്മയും സൌമ്യയും രാധാകൃഷ്ണൻ നായരുടെ പുറത്തെ വ്രണങ്ങൾ വൃത്തിയാക്കി വീണ്ടും മരുന്നു വെച്ചു. ശശി രോഗിയെ പരിശോധിച്ചു, ഭാര്യയോടും മകളോടും കുശലം പറഞ്ഞു, പറ്റുന്ന വാക്കുകളിൽ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതിനു പറ്റുന്ന വാക്കുകൾ അധികം ഉണ്ടായിരുന്നില്ല.

സ്വകാര്യമായി അവരെ എന്തോ ഏല്പിച്ച് യാത്ര പറയുമ്പോൾ, വീണ്ടും സമാധാനിപ്പിക്കാൻ ശശി വാക്കുകൾ തേടുകയായിരുന്നു. “എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. വേണ്ടപ്പോൾ ഞങ്ങൾ എത്തും.” അത്രയും ഉറക്കെ പറഞ്ഞിട്ട് പതിഞ്ഞ സ്വരത്തിൽ എന്നോട് നിസ്സഹായത പങ്കിട്ടു. “ഏതു നേരവും അവർ വിളിച്ചേക്കാം. എത്ര ദിവസം അങ്ങനെ വിളിക്കേണ്ടി വരുമോ ആവോ?” ആ വാക്കുകൾ ഉച്ഛ്വസിക്കുമ്പോൾ ശശിയുടെ മുഖം ഒന്നു കൂടി ഇരുണ്ടു. പിന്നെയും ഇരുളാൻ ഇരിക്കുന്നതേയുള്ളൂവെന്ന് ഞാൻ അപ്പോൾ ധരിച്ചില്ല.

പന്ത്രണ്ടു കൊല്ലമായി കോഴഞ്ചേരിക്കാരൻ ഡോക്റ്റർ ശശിധരൻ പിള്ള ഈ പരിപാടി തുടർന്നു വരുന്നു. ഒന്നോ രണ്ടോ നഴ്സുമാരെയും കൂട്ടി പത്തനംതിട്ട ജില്ലയുടെ മുക്കിലും മൂലയിലും പരിഹാരമില്ലാത്ത രോഗവുമായി കഴിയുന്ന രോഗികളെ തേടി അദ്ദേഹം ദിവസവും എത്തുന്നു. അവരുടെ പട്ടികയിൽ പെടുത്തിക്കഴിഞ്ഞാൽ, എല്ലാ രോഗികളുടെയും കുടിലുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഒരിക്കലെങ്കിലും അവർ എത്തിയിരിക്കും. അടിയന്തരം വരുമ്പോൾ ഉടനെയും. മിക്ക വീടുകളിലും അവർ മാത്രമായിരിക്കും സന്ദർശകർ. ദിവസം ശരാശരി അവർ പിന്നിടുന്ന ദൂരം ഇരുനൂറ്റമ്പതു കിലോ മീറ്റർ.

അവർ പിന്നിടുന്ന ദൂരത്തെക്കാളും അനുഷ്ഠിക്കുന്ന അധ്വാനത്തെക്കാളും എത്രയോ വലുതാണ് അതു വഴിയുണ്ടാകുന്ന ആശ്വാസം. പുല്ലാട്ടും കുമ്പനാട്ടും ഏനാത്തും തട്ടയിലും ജീവിതത്തിന്റെ ഓരങ്ങളിലും കുത്തനെയുള്ള ഇറക്കങ്ങളിലും ഞരങ്ങിക്കഴിയുന്ന ആളുകളെ കണ്ടപ്പോൾ ഞാൻ ഓർത്തു: “ശശിയും സംഘവും ചെന്നില്ലെങ്കിൽ അവർ എന്തു ചെയ്യും?” ഒന്നും ചെയ്യാനില്ല, അനിവാര്യത വന്നെത്തും വരെ എന്നതാണ് പരമാർഥം.

ശശിയുടെ സംഘം ഓരോ വീട്ടിലും എത്തിയാലുടൻ ചിലർക്ക് വേണ്ട മരുന്ന് കൊടുക്കുന്നു, മറ്റു ചിലർക്ക് മരുന്ന് കുത്തിവെക്കുന്നു, ചിലരുടെ വ്രണം ഡ്രസ് ചെയ്യുന്നു, ചിലരുടെ വയറ്റിൽ നിറയുന്ന ദ്രവം വാർത്തുകളയുന്നു, എല്ലാവരോടും ആകാവുന്ന സാന്ത്വനവചനം പറയുന്നു. സാധാരണരീതിയിൽ ആസ്പത്രിയിൽ എത്തിച്ചാൽ മാത്രം ചെയ്യുന്ന ശുശ്രൂഷകളും പരിഹാരങ്ങളും ശശിയും സംഘവും രോഗികളുടെ കുടിലുകളിൽ വെച്ചു തന്നെ ചെയ്യുന്നു. മൂന്നും നാലും മണിക്കൂറുകൊണ്ടു തീരുന്ന ക്രിയയാണെങ്കിൽ, തുടങ്ങിയ കാര്യം അവസാനിപ്പിക്കാൻ അവർ അതേ ദിവസം വീണ്ടും എത്തുന്നു. പലപ്പോഴും അതു വേണ്ടി വരില്ല. തുടങ്ങിവെച്ച പണീ മുഴുമിക്കാൻ, ഒരു ട്യൂബ് എടുത്തു മാറ്റുകയോ ബാൻഡേജ് ഇടുകയോ ചെയ്യാൻ, രോഗിയുടെ ഒപ്പമുള്ളവരെ പരിശീലിപ്പിക്കുന്നു. എല്ലാറ്റിനും ഡോക്റ്ററും ആസ്പത്രിയും വേണമെന്നു ശഠിച്ചാൽ, കാട്ടിൻ ചരിവിലും മലമുകളിലുമൊക്കെ കഴിയുന്ന പാവങ്ങൾ കിടന്നിടത്തു കിടന്ന് നരകിക്കുകയേ ഉള്ളൂ. നരകത്തെ സഹനീയമാക്കുന്നതാണ് ശശിയുടെ പരിപാടി.

ഞാൻ ഡോക്റ്റർ മോഡിയെ ഓർത്തു. അറുപതുകളുടെ ഒടുവിൽ ദക്ഷിണേന്ത്യയിലെങ്ങും ഓടി നടന്ന് തിമിരശസ്ത്രക്രിയ നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. പള്ളിമൈതാനത്തും സ്കൂൾ അങ്കണത്തിലും കൂടാരം കെട്ടി നിരനിരയായി നിൽക്കുന്ന ആളുകളുടെ കണ്ണ് അതിശയകരമായ വേഗത്തിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മങ്ങിപ്പോയ ലോകത്തെ അദ്ദേഹം എത്രയോ ആയിരങ്ങൾക്ക് വീണ്ടെടുത്തു കൊടുത്തു. ഇന്നത്തെ സൌകര്യങ്ങളൊന്നും അദ്ദേഹത്തിനു വേണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൌജന്യശത്രക്രിയച്ചന്തയെ പരിഹസിച്ചിരുന്നവർക്ക് സങ്കല്പിക്കാൻ പോലും വയ്യാത്തതായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സൌമനസ്യവും.

ശശിധരൻ പിള്ളയുടെ സരംഭത്തിന് സർക്കാരുമായി വലിയ ബന്ധമൊന്നുമില്ല. അതാണ് അതിന്റെ ആർജ്ജവത്തിന്റെ രഹസ്യവും. പന്ത്രണ്ടുകൊല്ലം മുമ്പ് തിരുവനതപുരത്തെ പ്രാദേശിക അർബ്ബുദ കേന്ദ്രത്തിന്റെ സഹായത്തോടെ തുടങ്ങിയതാണ് ഇപ്പോൾ കോഴഞ്ചേരി മോഡൽ എന്നു പറയാവുന്ന നിലയിൽ എത്തിനിൽക്കുന്ന ശശിയുടെ സപര്യ. അവിടത്തെ ക്യാൻസർ സൊസൈറ്റി പടുത്തുയർത്തിയ സംവിധാനം അതിന്റെ അവശ്യത്തിനു വേണ്ടതിനെക്കാളേറെ വരുമാനം ഉണ്ടാക്കുന്നു. സർക്കാർ ആസ്പത്രിക്കു വേണ്ടി ചില സൌകര്യങ്ങൾ ഏർപ്പെടുത്താൻ പോലും അതിനു പ്രപ്തി ഉണ്ടായിരിക്കുന്നു.

അതോർക്കുമ്പോൾ, മറ്റു വള്ളങ്ങളെ പിന്നിലാക്കി, ലക്ഷ്യത്തിൽ കുതിച്ചെത്തുന്ന വള്ളത്തിന്റെ ക്യാപ്റ്റന്റെ മുഖത്തു തെളിയുന്ന ചാരിതാർഥ്യം ശശിയുടെ മുഖത്തും കാണാം. ഡോക്റ്ററാവുന്നതിനുമുമ്പും ഡോക്റ്ററായിട്ടും ഏറെക്കാലം ആറന്മുള വള്ളം കളിയിൽ ആണ്ടുതോറും പങ്കെടുക്കുന്ന കോഴഞ്ചേരി ബോട് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു ശശി. പിന്നീട് വമ്പ്ന്മാരെ പലരെയും തോല്പിച്ച്, ആറന്മുള പള്ളീയോടസംഘത്തിന്റെ അധ്യക്ഷനുമായി മരണം കാത്തിരിക്കുന്ന രോഗികളെ പരിചരിച്ചുകൊണ്ട് സ്വയം ഹരം പകരുന്ന ഡോക്റ്റർ ശശിധരൻ പിള്ള.

ഇങ്ങനെ എത്ര കാലം ഹരം പകരാൻ കഴിയും? ശശിക്ക് അസുഖം വന്നാൽ, അവധി എടുക്കേണ്ടി വന്നാൽ, അദ്ദേഹത്തിന്റെ പരിചരണത്തിൽ കഴിയുന്നവർ എന്തു ചെയ്യും? ആ വിടവ് നികത്താൻ ഇപ്പോഴേ ഒരു സംഘത്തെ പരിശീലിപ്പിച്ചുവെക്കണ്ടേ? ശശിയെ നിശ്ശബ്ദനാക്കുന്ന ഒരേയൊരു ചോദ്യം അതായിരിക്കും. അല്പനേരത്തെ മൌനത്തിനുശേഷം അദ്ദേഹം പറയും: “പരിശീലനമല്ല പ്രധാനം. ഇതൊക്കെ എന്നെപ്പോലത്തെ ഒരു സാധാരണ ഡോക്റ്റർക്കുപോലും ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഈ പണിക്ക് ആരു തയ്യാറാകും എന്നതാണ് പ്രശ്നം. ചാരിതാർഥ്യം മാത്രം പ്രതിഫലമായി കിട്ടാവുന്ന ഇതുപോലൊരു കാര്യത്തിന് പരിശീലനത്തെക്കാൾ വേണ്ടതാണ് സന്നദ്ധത.“

ആർക്കും വേണ്ടാത്തവരെ പരിഷ്കാരം എത്താത്ത കാട്ടുമുക്കുകളിൽ പോയി പരിചരിക്കാൻ സന്നദ്ധരായ ഡോക്റ്റർമാരെ എങ്ങനെ എവിടെ കണ്ടെത്താം? അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ശശി അവധിയിൽ പോയാൽ, എന്തുണ്ടാവും എന്ന ചിന്ത, പഴയ ആ രംഗം--കടമ്മനിട്ടയീലെ കൊചുകോവിലിനടുത്തൊരു വീട്ടിലെ പുളയുന്ന പടയണിയുടെ ഓർമ്മ--വീണ്ടും എന്റെ മനസ്സിലേക്കു കൊണ്ടു വന്നു.

(മലയാളം ന്യൂസ് നവമ്പർ 17)

...