Tuesday, December 14, 2010

കല്യാണവും ദുർഗ്ഗയും യുക്തിചിന്തയും

എഴുതുന്നതും വായിക്കുന്നതും കരുതിവെക്കാൻ ഞാൻ ഉപയോഗിക്കുന്നതാണ് ബ്ലോഗും ഫേസ്ബുക്കും. ആരുമായും ഇടപഴക്കത്തിനുള്ള ഇടമാകാറില്ല അതു രണ്ടും, എന്നെ സംബന്ധിച്ചിടത്തോളം. എന്നുവെച്ചാൽ, എന്റെ ബ്ലോഗിലും ഫേസ്ബുക്കിലും എന്തെങ്കിലും അഭിപ്രായം പറയാൻ കയറിക്കൂടുന്നവർ ഇല്ലെന്നർത്ഥം. പക്ഷേ കഴഞ്ഞ ആഴ്ച സിഡ്നിയിലുള്ള ദുർഗ്ഗാദത്ത് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ആറു വട്ടം കയറി വന്നു, ചൂടും വെളിച്ചവുമുള്ള അഭിപ്രായവുമായി.

പലപ്പോഴും ചൂടാകുന്ന കൂട്ടത്തിലാണ് ഡൽഹിയിൽനിന്ന് ഞാൻ പരിചയപ്പെട്ട, മലയാളം അധികം സംസാരിക്കാത്ത കോഴിക്കോട്ടുകാരനായ ദുർഗ്ഗദത്ത്. പത്രസംബന്ധമായ കമ്പ്യൂട്ടർ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നത് ദുർഗ്ഗക്ക് ഒരു ഹരമാണ്. ദുർഗ്ഗക്ക് തീർക്കാൻ കഴിയാത്ത ഒരു പ്രശ്നമില്ല, പ്രവൃത്തിയുടെ കാര്യത്തിൽ. സാധാരണ ജീവിതപ്രശ്നങ്ങളായിരുന്നു എന്നും ദുർഗ്ഗയുടെ മുന്നിലെ കീറാമുട്ടികൾ. തന്നോടൊപ്പം അതിവേഗം മുന്നോട്ടുനീങ്ങാൻ പറ്റാത്തവരോടുള്ള അക്ഷമയായിരുന്നു ഒരു പ്രശ്നം.

സിഡ്നിയിലേക്കു മാറിയ ശേഷം ദുർഗ്ഗ വല്ലപ്പോഴും ഒരു ചിത്രമയച്ചു തരും. അല്ലെങ്കിൽ മൂന്നു വാചകത്തിലേറെയാകാത്ത ഒരു സന്ദേശം. കഴിഞ്ഞയാഴച ആറു തവണ ഏറെക്കുറെ നീണ്ട കുറിപ്പുകൾ
എഴുതാൻ ദുർഗ്ഗയെ പ്രകോപിപ്പിച്ചത് ഞാൻ വായിച്ച ഒരു ലേഖനവും അതിനെപ്പറ്റി ഞാൻ രേഖപെടുത്തിയ അഭിപ്രായവുമായിരുന്നു. വിവാഹം എന്ന സ്ഥാപനം ഇടിഞ്ഞുപൊളിയുന്നതിനെപ്പറ്റിയായിരുന്നു ലേഖനം. തന്തയില്ലായ്മ ശകാരവിഷയമായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യമായിരുന്നു എന്റെ അഭിപ്രായം. അതു വായിച്ചുപോയപ്പോൾ ദുർഗ്ഗ ചൂടായി.

താമസിക്കാനെത്തിയ ഹോട്ടലിൽ ഏതോ ഫോറം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛന്റെ പേർ എഴുതണമായിരുന്നു. ആരും ഒന്നും ആലോചിക്കാതെ അതെഴുതിക്കൊടുക്കുന്നു. അച്ഛന്റെ പേർ എന്തിനെഴുതണം? എന്റെ പേർ പോരേ? ആളുകളെ എന്തിന് അച്ഛന്റെ ചെലവിൽ എഴുതിവിടുന്നു? ദുർഗ്ഗ തർക്കമായി. വാസ്തവത്തിൽ, ദുർഗ്ഗ പറഞ്ഞതിൽ കാര്യമില്ലാതില്ല. ആളുകളെ കാലത്തിലും സ്ഥലത്തിലും ഉറപ്പിച്ചുനിർത്താൻ വേണ്ടിയാണ് അച്ഛന്റെ പേർ കൂട്ടിച്ചേർക്കുന്നത്. പക്ഷേ തിരിച്ചറിവിന്റെ പുതിയ ഉപാധികൾ പലതും ഉള്ളപ്പോൾ, അച്ഛന്റെ പേർ വിളമ്പുന്നതെന്തിനെന്നായിരുന്നു ദുർഗ്ഗയുടെ ചോദ്യം. തിരിച്ചറിവിനാണെങ്കിൽ, അമ്മയുടെ പേരല്ലേ കൂടുതൽ വിശ്വസനീയമാകുക? അച്ഛനെപ്പറ്റി വല്ലപ്പോഴുമൊക്കെ രണ്ടഭിപ്രായം ഉണ്ടാകാം. അഭിപ്രായം ഒരിക്കലും രണ്ടാകാൻ വയ്യാത്ത ഒരേ കാര്യം അമ്മ ആരെന്നതായിരിക്കും.

എന്നിട്ടും ഒരാളെ അയാളുടെ അച്ഛനാരാണെന്ന സംശയത്തിന്റെ പേരിൽ നാം ഇപ്പോഴും അസഭ്യം പറയുന്നു. നാം വികസിപ്പിച്ചെടുത്തിട്ടുള്ള ശകാരകോശത്തിൽ, രതിനിഷ്ഠമായ പദങ്ങൾ കഴിച്ചാൽ, ഏറ്റവും മുന്നിൽ വരുന്ന തെറിയായിരിക്കും തന്തയില്ലായ്മ. മിക്ക ഭാഷകളിലും അതങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ആ വഴിക്ക് ഞാൻ ആലോചിച്ചു പോയത് വിവാഹം എന്ന സ്ഥാപനം തകരുന്നതിനെപ്പറ്റി വായിച്ചപ്പോഴായിരുന്നു. ഈയിടെയായി അതിനെപ്പറ്റി ഏറെ വായിക്കാൻ ഇട വന്നിരിക്കുന്നു. തർച്ച മൂർഛിക്കുന്നതുകൊണ്ടാകാം. പേരിനു ചില കണക്കുകൾ ചേർക്കട്ടെ.

അര നൂറ്റാണ്ടു മുമ്പ് അമേരിക്കയിൽ എഴുപതു ശതമാനം ആളുകൾ കല്യാണം കഴിച്ചിരുന്നു.
ഇപ്പോൾ അത് അമ്പതു ശതമാനമായിരിക്കുന്നു. ഇരുപതിനും മുപ്പതിനുമിടക്കുള്ളവരിൽ മൂന്നിൽ രണ്ടു പേർ അന്ന് വിവാഹിതരായിരുന്നു. ഇപ്പോൾ അവരുടെ എണ്ണം ഇരുപത്താറു ശതമാനം മാത്രം. പക്ഷേ കുട്ടികൾ ഉണ്ടാകുന്നതും കല്യാണവുമായി ബന്ധമുണ്ടാകണമെന്നില്ല. കല്യാണം കഴിക്കാതെ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം എട്ടു മടങ്ങായിരിക്കുന്നുവത്രേ. വിശ്വസിക്കാൻ മടി തോന്നിക്കുന്ന ഈ കണക്കുകൾ അമേരിക്കയിലേതാണ്. നമ്മുടെ നാട്ടിലും കല്യാണം ശല്യമാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നുവെന്ന് സ്പഷ്ടം, അതിന്റെ കാനേഷുമാരി എന്റെ കയ്യിലില്ലെന്നേയുള്ളൂ.

ഒന്നുകിൽ കല്യാണം കഴിക്കാതിരിക്കുക. അല്ലെങ്കിൽ, കഴിച്ച് ഏറെയാകും മുമ്പ് കല്യാണം റദ്ദാക്കുക. രണ്ടും കണ്ടു വരുന്ന, കാരണമെന്തായാലും. കാരണം അവിടെ നിൽക്കട്ടെ. തൽക്കാലം കാര്യം മാത്രം ചർച്ച ചെയ്യാം. പണ്ടും ഇതൊക്കെയുണ്ടായിരുന്നു. കല്യാണമില്ലാതെ ഒരു ബന്ധം ഉണ്ടാകുക. അതിൽ ഒരു കുട്ടി ജനിക്കുക. പിന്നെ അതിനെ പിറപ്പിച്ചവർ തമ്മിലോ അല്ലാതെയോ കല്യാണം നടക്കുക. കല്യാണം കഴിച്ച ആൾ പിന്നെ ഭാര്യയെ കാണാൻ ചെല്ലാതാകുക. വിവാഹമ്മോചനം എന്ന കടുപ്രയോഗം അന്നുണ്ടായിരുന്നില്ല. “വേണ്ടെന്നു വെച്ചു” എന്നേ പറയാറുള്ളു. അതിലെ ആ ലാഘവം ഒന്നു
വേറെത്തന്നെ. വിവാഹം സർക്കാർ കടലാസ്സിൽ എഴുതിവെക്കുന്ന ഏർപ്പാടായിട്ട് അര നൂറ്റണ്ടായിട്ടേയുള്ളു.

കല്യാണം വേണ്ടെന്നു വെക്കുന്നവരുടെയും കഴിച്ച കല്യാണം പെട്ടെന്നങ്ങു റദ്ദാക്കുന്നവരുടേയും കല്യാണത്തിനു പുറത്ത് ഉണ്ടാകുന്ന കുട്ടികളുടെയും എണ്ണം കൂടിയോ കുറഞ്ഞോ എന്നു നമ്മളും കണക്കാക്കണം. കല്യാണം എന്ന സ്ഥാപനം തന്നെ നില നിൽക്കുമോ, നില നിൽക്കുമെങ്കിൽ ഏതു രൂപത്തിൽ എന്നൊക്കെ ചർച്ച ചെയ്യണമെങ്കിൽ, അത്തരമൊരു കാനേഷുമാരി കൂടിയേ തീരൂ. എന്റെ മക്കളുടെ മക്കൾ മുത്തശ്ശിമാരും മുത്തശ്ശാന്മാരും ആകുമ്പോൾ, കല്യാണത്തിന്റെ സ്വരൂപം എന്തായിരിക്കുമെന്ന് ആലോചിക്കാൻ വയ്യ. അതുകൊണ്ട് ആ ആലോചന അവർക്കു വിടുന്നു.

പക്ഷേ കല്യാണത്തിനു പുറത്തുണ്ടാകുന്ന കുട്ടികളുടെ അച്ഛന്മാരുടെ അനിശ്ചിതത്ത്വത്തിന്റെ പേരിൽ അവർ ആക്ഷേപിക്കപ്പെടുന്ന കാര്യം ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു. കല്യാണം കഴിക്കാത്ത സ്ത്ര്രീയുടെ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അഛന്റെ പേരായി എന്തു രേഖപ്പെടുത്തുമെന്ന് ഞാൻ കുട്ടിക്കാലം മുതലേ ഞാൻ ആലോചിച്ചു പോരുന്നതാണ്. തനിക്ക് ഒരു പങ്കുമില്ലാത്ത കാര്യത്തിന്, അമ്മക്കോ അച്ഛനോ മാത്രം ഉഅത്തരവാദിത്വമുള്ള കാര്യത്തിന്, കുട്ടി ആക്ഷേപിക്കപ്പെടുക. ആ ആക്ഷേപം, കല്യാണം ഇല്ലാത്ത കാലത്തും, ആക്ഷേപമായി തുടരുമോ?

ദുർഗ്ഗ ചൂടായത് അതങ്ങനെ ആക്ഷേപമായി തുടരുന്നതോർത്തിട്ടായിരുന്നോ? ദുർഗ്ഗയുടെ യുക്തി എനിക്കു മനസ്സിലാകുന്നു. വേണ്ടിടത്തും വേണ്ടാത്തിടത്തും അച്ഛന്റെ--അമ്മയുടെയും--പേർ എന്തിനു വലിച്ചിഴക്കുന്നു? ആളെ തിരിച്ചറിയാൻ അവരുടെ പേരുകൾ വേണമെന്നില്ല. അവരുടെ പേരിൽ ആക്ഷേപം ചൊരിയുന്നതും യുക്തിയല്ല. എന്നിട്ടും നമ്മൾ അങ്ങനെയൊക്കെ ചെയ്തു പോകുന്നു. ജീവിതം യുക്തി മാത്രമല്ല എന്നൊരു യുക്തി മാത്രമേ എനിക്കു തോന്നുന്നുള്ളു.

(മലയാളം ന്യൂസ് ഡിസംബർ 13)

Wednesday, December 8, 2010

ലോറിക്കാരെപ്പറ്റി ഒരു ചിത്രീകരണം

പലപ്പോഴും അങ്ങനെ തോന്നും. ഒറ്റ നോട്ടത്തിൽ ഒന്നിനൊന്നു ബന്ധപ്പെടാത്തതാണെന്നു തോന്നുന്ന കാര്യങ്ങൾ ഓർമ്മയിൽ വരും. രണ്ടാം വായനയിൽ അതിനെയൊക്കെ ഇഴ ചേർത്തെടുക്കാൻ കഴിയുകയും ചെയ്യും. ലോറിക്കാരെപ്പറ്റിയുള്ള ഡിസ്കവറി ചാനലിലെ ചിത്രീകരണം കണ്ടപ്പോഴുണ്ടായ ഓർമ്മക്കലക്കം ആ ഇനത്തിൽ പെടുത്താം. ലോറിക്കാരന്റെ വിശേഷം കണ്ടുകൊണ്ടിരുന്നപ്പോൾ സോമൻ സാറിനെ ഓർത്തത് അങ്ങനെയായിരുന്നു.

പെരുന്നക്കാരൻ സോമൻ സാറിനെ അന്ന് കാണാൻ പോകാൻ വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നില്ല. ഒരു ദിവസം അങ്ങു പോയി. അത്ര തന്നെ. അദ്ദേഹത്തിന്റെ വീട്ടിനടുത്ത് ഓട്ടോ റിക്ഷ നിർത്തിയപ്പോൾ, തൊട്ടയല്പക്കമാണ് പെരുന്നയിലെ ചരിത്രപ്രസിദ്ധമായ ദേവലയം എന്ന കാര്യം ശ്രദ്ധയിൽ പെട്ടു. പല സാമൂഹ്യപ്രധാനസംഭവങ്ങൾക്കും അതു വേദിയായിരുന്നു. അതിനെപ്പറ്റിയൊക്കെ കളിയായും ഒട്ടൊക്കെ കാര്യമായും ഓട്ടോ റിക്ഷക്കാരനോടു ചോദിച്ചു. അതു ചോദിക്കേണ്ടത് ഓട്ടോ റിക്ഷക്കാരനോടല്ല; തീർച്ചയായും റിക്ഷയിൽനിന്ന് ഇറങ്ങുന്ന നേരത്തല്ല. പക്ഷേ അങ്ങനെ നേരം നോക്കിയേ വർത്തമാനം പറയുകയുള്ളുവെന്ന് ശീലിക്കാത്ത ഞാൻ ഓരോന്നു ചോദിച്ചുപോയപ്പോൾ റിക്ഷക്കാരൻ ചിരിച്ചു. ഞാനും ചിരിച്ചു.

ചിരിയിൽ അവസാനിച്ച യാത്ര നോക്കി പടിക്കൽ നിൽക്കുകയായിരുന്നു സോമൻ സാർ. അദ്ദേഹത്തിന് അത്ഭുതമായി. യാത്ര അവസാനിക്കുമ്പോൾ യാത്രക്കാരനും ഓട്ടോ റിക്ഷക്കാരനും ചിരി പങ്കിടുകയോ? അദ്ദേഹത്തിന് അതൊരു പുതുമയായിരുന്നു. തനിക്കു മാത്രമല്ല, എല്ലാവർക്കും അതൊരു പുതുമ തന്നെയെന്ന് പിന്നീട് അല്പമൊന്ന് ഉല്ലസിക്കാനിരുന്നപ്പോൾ അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. യാത്രയുടെ അവസാനം യാത്രക്കാരനും ഓട്ടോ റിക്ഷക്കാരനും വഴക്കിട്ടതായേ ഇതു വരെ ചരിത്രമുള്ളു. കൂലി കൂടിയെന്ന് യാത്രക്കാരൻ, തീരെ കുറഞ്ഞെന്ന് റി്ക്ഷക്കാരൻ. രണ്ടു പേരുടെയും പ്രാപ്തിയും പദാവലിയുമനുസരിച്ച് തർക്കം മൂക്കും. അതാണ് ചരിത്രം. ഇവിടെ ഇതാ റിക്ഷക്കാരനും യാത്രക്കാരനും ചിരിക്കുന്നു. കവിതയും സൌന്ദര്യശാസ്ത്രവും പഠിച്ച സോമൻ സാർ ആ അനുഭവത്തിലെ പുതുമ ഉൾക്കൊണ്ടുകൊണ്ട് ഏറെ നേരം
നിന്നു, പിന്നെ ഉല്ലാസത്തിൽ മുഴുകി.

ഇവിടെ ഞാൻ റിക്ഷക്കാരനെ ഡിസ്കവറി ചാനലിലെ ലോറിക്കാരനുമായി ബന്ധപ്പെടുത്തട്ടെ. ഡിസ്കവറി ചാനൽ ഇന്ത്യയിലെ ശരാശരി ലോറിക്കാരനു കൊടുത്ത പരിഗണന ഇന്നേ വരെ കിട്ടാതെ പോയ ആളാണ് റിക്ഷക്കാരൻ. കരുതിയിരിക്കാതെ കാണാൻ ഇട വന്നതാണ് ഡിസ്കവറി പരിപാടി. അതോ വേറെ ഏതെങ്കിലും പരിപാടിയോ കാത്തിരുന്നു കാണുന്ന പതിവില്ല. കണ്ടപ്പോൾ കൌതുകം തോന്നി. ലോറിക്കാരെപ്പറ്റിപ്പോലും ഇത്ര കൌതുകമുണർത്തുന്ന ഒരു പരിപാടി ഉണ്ടാക്കാൻ കഴിയുന്നല്ലോ. സിനിമാനടിയുടെ മുഖവും ആട്ടവും പാട്ടും വീട്ടുവഴക്കും കൂട്ടത്തല്ലുമൊന്നുമില്ലാതെയും നല്ലൊരു പരിപാടി കാണാൻ പറ്റുന്നല്ലോ എന്നോർത്തപ്പോൾ എനിക്കും അത്ഭുതം തോന്നി.

നീണ്ടു നീണ്ടു പോകുന്ന യാത്രകൾ. വീട്ടിൽനിന്നും കുട്ടികളിൽനിന്നും അകന്നു കഴിയുന്ന ആഴ്ചകൾ. ചരക്ക് നേരത്ത് പറഞ്ഞിടത്ത് എത്തിക്കണമെന്ന മുന്നറിയിപ്പുകൾ. ശകാരങ്ങൾ. പൊലിസിന്റെ വിരട്ടലുകൾ. വഴിയിലെ പീഡനങ്ങളും പ്രീണനങ്ങളും. എളുപ്പം കീഴ്പ്പെടുത്തുകയും പിന്നെ അപകടത്തിൽ എത്തിക്കുകയും ചെയ്യുന്ന പ്രലോഭനങ്ങൾ. രോഗങ്ങൾ....ഒരു ലോറിക്കാരനും തന്റെ മകൻ ലോറിക്കരനാകണമെന്ന് ആഗ്രഹിക്കുന്നഅപകടങ്ങളിൽ പകുതിയിലും ലോറികൾ ഉൾപ്പെട്ടിരിക്കുന്നു. “ഡ്രൈവർ മദ്യപിച്ചിരുന്നു” എന്ന വാക്കുകളോടെയുള്ള മരണത്തിന്റെ ചിത്രം മിക്കപ്പോഴും സത്യമത്രേ. അസുഖം പകരുന്ന ദിനാന്തബന്ധങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ സ്ഥാപിക്കുകയും അതു തടയാനുള്ള വഴികൾ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതിന്റെ മനസ്സാസ്ത്രം....അങ്ങനെ എന്തൊക്കെ ഞാൻ അര മണിക്കൂറിനുള്ളിൽ മനസ്സിലാക്കി. സിനിമയിൽ കാണുന്ന കഥാപാത്രങ്ങളുടെ അസ്സലുകൾ മാത്രമല്ല ലോറിക്കാർ എന്നും ഞാൻ മനസ്സിലാക്കി.

ലോറിക്കാരെക്കാൾ ചീത്തപ്പേരുള്ളവരാണ് റിക്ഷക്കാരും ചുമട്ടുകാരും. ഓടയിൽനിന്നു വരുന്ന കേശവദേവിന്റെ റിക്ഷക്കാരനെയൊ എം ജി ആർ അഭിനയിച്ചു തകർത്ത റിക്ഷക്കാരനെയോ പോലെ ഭാഗ്യം ചെയ്തവരല്ല ഇന്നത്തെ ഒട്ടോ റിക്ഷക്കാർ. മീറ്ററിൽ കാണിച്ചതെടുത്ത് ബാക്കി യാത്രക്കാരനു തിരികെ കൊടുക്കുന്ന റിക്ഷക്കാരനെ കോഴിക്കോട്ടു കാണമെന്നും മറ്റും ചിലർ പറയുന്നതൊഴിച്ചാൽ, പൊതുവേ വഴക്കാളികളും വിശ്വസിക്കാൻ കൊള്ളാത്തവരുമായി അവരെ ചിത്രീകരിക്കാനാണ് എല്ലാവർക്കും ഇഷ്ടം.
അവരെ ഹരിശ്ചന്ദ്രന്മാരും ഹീറോകളും ആക്കി അവതരിപ്പിക്കണമെന്നില്ല. എന്നാലും അവർ കാണിക്കുന്ന മീറ്റർ തിരിമറികളും അവർ ഉണ്ടാക്കുന്ന വഴക്കുകളും പൊടിപ്പും തൊങ്ങലും ചേർത്തു വിവരിക്കുന്നതോടൊപ്പം, പറ്റുമെങ്കിൽ കൂലി കൊടുക്കാതെ യാത്ര ചെയ്യാൻ നോക്കുന്നവരുടെ വഴികൾ അടയാആളപ്പെടുത്തുകയും ചെയ്യുന്ന ഒരു പരിപാടി നമുക്ക് ഉണ്ടാകത്തതെന്തുകൊണ്ട്? കൂലിക്കു പുറമേ ചില്ലറ ബാക്ശിശും കൊടുക്കുന്ന ഒരാളെ--പഴയ സഹപ്രവർത്തകൻ അസീം ചൌധരിയെ--മാത്രമേ എനിക്കറിയുള്ളൂ.

ചുമട്ടുതൊഴിലാളികളാണ് കേരളത്തിന്റെ വികസനം സ്തംഭിപ്പിക്കുന്നതെന്ന് പണ്ടു മുതലേ ഒരു കഥ പ്രചാരത്തിലിരിക്കുന്നു. മുഖപ്രസംഗത്തിന്റെ ഭാഷയിൽ സംസാരിക്കുന്നവരോ രന്തിദേവന്റെ പരിത്യാഗശീലമുള്ളവരോ അല്ല അവർ. അവരുടേതായി പറയുന്ന കൃതികളും വികൃതികളും എല്ലാം അക്ഷരം പ്രതി നടക്കുന്നതാണെന്നും സമ്മതിക്കാം. കൂലി കുറഞ്ഞതുകൊണ്ട് ശവപ്പെട്ടി തടഞ്ഞുവെച്ച ചുമട്ടുകാർ കഥാപാത്രങ്ങളല്ല, ജീവിച്ചിരിപ്പുള്ളവർ തന്നെയാകാം. അവരോടൊപ്പം ചേർത്തു കാണേണ്ടവരാണ്, ശവപ്പെട്ടിക്കു മുന്നിൽ ചുമട്ടു കൂലി കൂടുന്നതിൽ വിറളി പിടിച്ചുനിൽക്കുന്ന ബന്ധുക്കളെയും.

ചിട്ടയില്ലാത്ത ജോലിയും, കാത്തിരിപ്പിന്റെ നീണ്ടതും പലപ്പോഴും വിഫലവുമായ ഇടവേളകളും, കൂലിക്കുവേണ്ടിയുള്ള കശപിശകളും, പിന്നീടൊരിക്കൽ കണ്ടുമുട്ടേണ്ടിവരുമെന്ന് ഉറപ്പില്ലാത്തവരായ ഇടപാടുകാരും ഒക്കെയായാൽ, പെരുമാറ്റം വഷളാകും. അതൊക്കെ എങ്ങനെ സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാൻ അവസരമുണ്ടായാൽ സംഘർഷം അല്പം കുറഞ്ഞേക്കാം. സംഘർഷം കുറഞ്ഞില്ലെങ്കിൽത്തന്നെ, ആ ചിത്രീകരണം കാണാൻ ഇമ്പമായിരിക്കും--ആട്ടക്കാരികളെയും പാട്ടുകാരെയും കരയുന്ന പൈങ്കിളികളെയും വെട്ടുകയും വാൾ വീശുകയും ചെയ്യുന്ന സംഹങ്ങളെയും പോലെ പിടിച്ചിരുത്തുന്നതല്ലെങ്കിൽ പോലും. പക്ഷേ അതിനും ഡിസ്കവറി വേണ്ടി വരുമായിരിക്കും.


(മലയാളം ന്യൂസ് ഡിസമ്പർ 6)

Monday, November 29, 2010

ഗോപീകൃഷ്ണനെ എനിക്കറിയാം

ജെ ഗോപീകൃഷ്ണനെ എനിക്കറിയാം. ഞങ്ങൾ കുറച്ചിട ഒരുമിച്ച് ജോലി ചെയ്യുകയുണ്ടായി. ചൂഴ്ന്നും തുരന്നും വാർത്ത കൊണ്ടുവരാൻ മിടുക്കൻ. വഴി ഒന്നു ചൂണ്ടിക്കാണിച്ചുകൊടുത്താൽ മതി, പിന്നെ കരുത്തന്മാരെ ആരെയെങ്കിലും അലോസരപ്പെടുത്തുന്ന ചെറുതും വലുതുമായ വാർത്തയുമായി ആ തലശ്ശേരി-തിരുവനനന്തപുരത്തുകാരൻ വന്നുകൊള്ളും. അത് പത്രത്തിന്റെ നിത്യനിദാനം നടത്തിയിരുന്ന ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഞാനുമായുള്ള ചങ്ങാത്തവും ഗോപിക്ക് വിനയായി.

നിത്യനിദാനക്കാരൻ ഏതോ ഒരു സർക്കാർ സ്ഥാപനത്തിൽ ഗുമസ്തനായിരുന്നുവെന്ന് പിന്നീട് കേട്ടു. ഒരിടക്ക് അവധിയെടുത്ത് പത്രം നടത്താൻ പൂതി മൂത്തു. തഞ്ചത്തിന് പണം മുടക്കാൻ ഒരു മുതലാളിയെയും കിട്ടി. മുതലാളി നേരത്തേ പതിവായി പത്രം വായിച്ചിരുന്നോ എന്നറിയില്ല. കാശുണ്ടാക്കുന്ന തിരക്കിനിടയിൽ അദ്ദേഹത്തിന് അല്പം ചീത്തപ്പേരും കഷ്ടപ്പാടും വന്നു ചേർന്നു. അതു കഴുകിക്കളയാനും അധികാരമുള്ള കൂട്ടുകാരെ ഉണ്ടാക്കാനും പറ്റിയ വഴി പത്രത്തിന്റെ ഉടമയാകുകയാണെന്ന് ആരോ ഉപദേശിച്ചു. അങ്ങനെ തുടങ്ങിയ സ്ഥാപനത്തിൽ ഉപദേശകനായി എന്റെ ചങ്ങാതിയും പയനീർ എന്ന പത്രത്തിന്റെ എഡിറ്റർ-ഉടമയുമായ ചന്ദൻ മിത്ര എന്നെയും വലിച്ചിട്ടു. ഞങ്ങൾക്ക് രണ്ടുപേർക്കും പാരയായിപ്പോയ ആ നടപടി വേറൊരു സ്വകാര്യകഥ. പത്രപ്രവർത്തനത്തിന്റെ ഉത്ഭവവും വഴിയും മനസ്സിലാക്കാൻ ആ കഥയും ഉപകരിക്കുമെന്നു മാത്രം പറഞ്ഞു നിർത്തട്ടെ.

ആ മാസങ്ങളിൽ ഗോപി പുറത്തുവിട്ട വാർത്തകളെപ്പറ്റി ചന്ദൻ അറിഞ്ഞില്ല. ഏതു വാർത്തയും ദേശീയവിവാദമാകണമെങ്കിൽ, കേരളത്തിന്റെ ഒരു മൂലയിൽനിന്ന് പൊട്ടിച്ചാൽ പോര. കൊള്ളാവുന്ന ഒരു ആത്മഹത്യ പോലും പത്രത്തിൽ ഏശണമെങ്കിൽ ഡൽഹിയിൽനിന്നു പൊട്ടിക്കണം. അതിനു ഗോപിക്ക് അവസരം കിട്ടിയത് ഡൽഹി പയനീറിൽ ചേർന്നപ്പോഴായിരുന്നു. ഡി രാജയുടെ രാജകീയമായ ടെലികോം തിരുമറികളെപ്പറ്റി ഇടതടവില്ലാതെ എഴുതി അങ്ങനെയൊന്ന് പൊട്ടിക്കുകയും ചെയ്തു.

എന്റെ ഗുരുത്വവും ഭാഗ്യവുമെന്നു പറയട്ടെ, രാജപർവത്തിന്റെ തുടക്കം മുതലേ, പുതിയ വഴിത്തിരിവിൽ ഓരോന്നിലെത്തുമ്പോഴും, ആവേശം പങ്കിടാൻ ഗോപി എന്നെ വിളിക്കുമായിരുന്നു. ഗോപിയെ ഉള്ളു തുറന്ന് അനുമോദിക്കുമ്പോഴും, മിശിഹ ചമയാനും സ്വയം ആവർത്തിക്കാനും ഉത്സാഹശാലിയായ പത്രപ്രവർത്തകനുണ്ടാകാറുള്ള ദൌർബ്ബല്യത്തെപ്പറ്റി ഞാൻ ഗോപിക്ക് മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു.

കൊള്ളാവുന്ന ഒരു കഥ കൊടുത്താൽ, നിവൃത്തിയുണ്ടെങ്കിൽ മറ്റു പത്രങ്ങൾ കണ്ടില്ലെന്നു നടിക്കും. അല്ലെങ്കിൽ അതു തെറ്റണെന്നു വരുത്തിത്തീർക്കാൻ നോക്കും. അപ്പോൾ വാശിയോടെ നമ്മുടെ ലേഖകൻ പിന്നെയും പിന്നെയും എഴുതും. അതേ പത്രത്തിലെത്തന്നെ ചില ലേഖകർ അക്ഷമ നടിക്കുകയും വായനക്കാർ മുഷിഞ്ഞു തുടങ്ങിയെന്ചരിപ്പിക്കുഅക്യും ചെയ്യും. ഒടുവിൽ, നല്ലവണാണെങ്കിൽ പോലും, എഡിറ്ററും പറയും: “ഇതെങ്ങുമെത്തുന്നില്ല. നമുക്ക് ഇതു മാത്രം പോരല്ലോ. ഇനി വേറെ കഥകളാകട്ടെ....”

ഗോപിയുടെ എഡിറ്ററുടെയും ക്ഷമ കെട്ടുതുടങ്ങിയപ്പോഴാണ്, കോടതിയും സി എ ജിയും ഇടപെട്ടതും, രാജ രാജി വെച്ചതും, അതിനു കാരണമായ റിപ്പോർട്ടുകൾ രണ്ടരക്കൊല്ലമായി എഴുതിക്കൊണ്ടിരുന്ന ലേഖകൻ ശ്ലാഘിക്കപ്പെട്ടതും. ഭാഗ്യത്തിന്റെ തിളക്കം അതിലും കാര്യമായി കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, ഗോപിയുടെ ശ്രമങ്ങളെ കൊഞ്ഞനം കാട്ടുന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങിയത്. ഗോപി ചിത്രീകരിച്ച രീതിയിലുള്ള വിക്രിയകൾ കാണീച്ച ഒരാളെ എങ്ങനെ ശിക്ഷിക്കണമെന്നായിരുന്നു ആലോചിക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നതോ പോകട്ടെ, ആ ആളെ വീണ്ടും അതേ വകുപ്പിൽ മന്ത്രിയാക്കുകയും ചെയ്തു. അങ്ങനെ നിസ്സഹായതയുടെ പേരിലും ശുദ്ധനെന്നു പേരെടുത്ത മൻ മോഹൻ സിംഗ് വീണ്ടും ശോഭിച്ചു.

ഗോപിയുടെ റിപ്പോർട്ടുകൾ വലിയൊരു വിവാദമാക്കാൻ ആരും ശ്രദ്ധിച്ചില്ല. പേരിന് ഓരോ പ്രസ്താവന ഇടക്കും തലക്കും ഇറങ്ങിമറ്റു പത്രങ്ങളും ചാനലുകളും കണ്ണടച്ചു. തന്റെ കുത്സിതമായ രാഷ്ട്രീയതാല്പര്യം വെച്ചുകൊണ്ട് ജയലളിതമാത്രം കൂടെക്കൂടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കോടതിയുടേയും സി എ ജിയുടെയും നടപടികൾ വന്നതോടെ എല്ലാം കയറ്റുപായക്കടിയിൽ തൂത്തൊതുക്കാൻ വയ്യാത്ത സ്ഥിതിയായി.

എന്നിട്ടും രാജ സുരക്ഷിതനായി വിളങ്ങുന്നു. അദ്ദേഹത്തിന്റെ വഴി വിട്ട തീരുമാനങ്ങൾ വരുത്തിവെച്ചിട്ടുള്ളത് ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണത്രേ. അതിനാരെല്ലാം അരു നിന്നു? അതിനുള്ള ശിക്ഷയെന്ത്? രാജ രാജിവെക്കുകയും ഒരു പാർലമെന്ററി അന്വേഷണം ഏർപ്പെടുത്തുകയും ചെയ്താൽ എല്ലാവരും തൃപ്തിപ്പെടുമെന്നു തോന്നുന്നു. അത്ര ഗൌരവമേ നമ്മൾ അതിനു കല്പിക്കുന്നുള്ളുവെന്നർത്ഥം.

ആ ഉദാസീനതയിൽ, ആ മൌനത്തിൽ, ദേശീയമായ ഒരു പങ്കാളിത്തമുണ്ടെന്നു തോന്നുന്നു.

രണ്ടു-രണ്ടര കൊല്ലം മുമ്പ് ഗോപിയുടെ റിപ്പോർട്ടുകൾ, കാര്യമായി ചോദ്യം ചെയ്യപ്പെടാതെ പയനീറിന്റെ പേജുകളിൽ വന്നുകൊണ്ടിരുന്നപ്പോൾ, നമ്മുടെ നേതാക്കൾ ഇളകിയാടാതിരുന്നതെന്തേ? “അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു” എന്ന കഥയെപ്പറ്റിയൊക്കെ സജീവവും നിർജ്ജീവവുമായ ചർച്ച അനവരതം സംഘടിപ്പിക്കുന്ന ചാനലുകൾക്ക് നാവിറങ്ങിപ്പോയതെന്തേ? അവരതൊന്നും ഉദാസീനതകൊണ്ടു ചെയ്തതല്ലെന്നു തെളിയിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്.

രാജക്കുവേണ്ടി ആരെല്ലാം വക്കാലത്തുമായി ഇറങ്ങിയിരിക്കുന്നു! ആരും ഇപ്പോൾ ഉറക്കെ പറയുന്നില്ലെന്നേയുള്ളു. മാധ്യമപ്രവർത്തകന് ആരുമായും ബന്ധപ്പെടേണ്ടി വരും, കൊലയാളിയും കൂട്ടിക്കൊടുപ്പുകാരനും കാവിധാരിയും, ആരുമായും. അങ്ങനെ ഒരു വാദം ഉയർത്തിയാണ് ചിലർ തടി ഊരാൻ നോക്കുന്നത്. അവരൊക്കെ തടി ഊരിയേക്കാം. പക്ഷേ അവരുടെയൊക്കെ സൌഹൃദങ്ങളെപ്പറ്റിയും സ്വാമിഭക്തിയെപ്പറ്റിയും ആളുകൾക്ക് ഒട്ടൊരു രൂപവും കിട്ടിയേക്കും. രാഷ്ട്രീയനേതൃത്വത്തിന്റെ കര്യവും അങ്ങനെത്തന്നെ. പെൻസിൽക്കഷണം പോലുള്ള ഒരാൾക്ക് ഒറ്റക്ക് ചെയ്തുതീർക്കാൻ പറ്റുന്നതാണോ രാജ കാട്ടിക്കൂട്ടിയിരിക്കുന്ന വിക്രിയ? മുട്ടു വിറച്ചും മിണ്ടാൻ മടിച്ചും പല രാഷ്ട്രീയസൂര്യന്മാരും രാജസംഭവത്തോടു പ്രതികരിച്ച രീതി നോക്കുമ്പോൾ, എന്തൊക്കെയോ ചീഞ്ഞു നാറുന്നത് ഡെന്മാർക്കിൽ മാത്രമല്ലെന്നു വ്യക്തമാകുന്നു.

(മലയാളം ന്യൂസ് നവമ്പർ 29)

Monday, November 22, 2010

ചിരിക്കാൻ ഒരു നേരം

“നിങ്ങൾ എഴുതണം. കള്ളവും നേരായി തോന്നിക്കാൻ നിങ്ങൾക്കു കഴിയും.” കഴിഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു കീർത്തി ആരും എനിക്ക് അതുവരെ ചാർത്തിത്തന്നിരുന്നില്ല. അതു കേട്ടപ്പോൾ ചൂടാകണോ ചിരിക്കണോ? എനിക്ക് ചിരി വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാലും കള്ളം പറയുന്നെന്നേ അവർ കരുതൂ.” സ്ഥാനത്തിന്റെയും പ്രായത്തിന്റെയും വ്യത്യാസം നോക്കാതെ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

ക്രിസോസ്റ്റം തിരുമേനിക്ക് എന്നെക്കാൾ ഇരുപത്തഞ്ചു വയസ്സ് കൂടും. പൌരോഹിത്യത്തിൽനിന്ന് പിരിഞ്ഞ് പമ്പയുടെ തീരത്ത് വിശ്രമിക്കുന്ന തിരുമേനിയുടെ കണക്കിൽ, ചിരിക്കാനുള്ള കാരണങ്ങളാണെങ്കിൽ, അതിലുമെത്രയോ കൂടും. കണ്ടപാടേ ഞാൻ ഒന്ന് ഇളക്കി നോക്കി: “ദൈവം ചിരിക്കാറില്ലല്ലോ?” നരച്ച കൺപീലികൾക്കടിയിലൂടെ എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ എന്റെ നാട്ടിനെപ്പറ്റി പറഞ്ഞു, തോമാശ്ല്ലീഹ ആദ്യം പണിത പാലയൂർ പള്ളിയെപ്പറ്റി പറഞ്ഞു, ചെന്നെയിലെ സാന്തോം ബസിലിക്കയിൽ കണ്ട പുണ്യവാളന്റെ എല്ലിൻ കഷണത്തെപ്പറ്റി പറഞ്ഞു. പുണ്യവാളൻ വന്ന വഴി അടയാളപ്പെടുത്തിയ സ്നേഹിതൻ ബ്രിഗേഡിയർ വർഗീസിനെപ്പറ്റി പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, കണ്ണുകളിൽ ചിരി തെളിയിച്ച്, എന്റെ അറിവിനെയോ അറിവില്ലായ്മയെയോ അളന്നു നോക്കുന്ന മട്ടിൽ, ഞാൻ താണ്ടിയ ദൂരത്തെക്കാൾ ആയിരം നാഴിക അപ്പുറം കടന്ന്, തിരുമേനി പതുക്കെപ്പതുക്കെ പറഞ്ഞു: “അതൊക്കെ എനിക്കറിയാം. പക്ഷേ തെളിവു വേണ്ടേ?” പറയുന്നത് തോമാശ്ലീഹയുടെ പാരമ്പര്യം ശേഷിപ്പും ആസ്തിയുമായുള്ള ഒരു സഭയുടെ പിതാവാണല്ലോ എന്ന ചിന്തയിൽ ഞാൻ അന്തം വിട്ടു നിന്നു.

ഞാൻ അദ്ദേഹത്തിന്റെ തന്നെ പേരെടുത്തിട്ടു. അതിനുവേണ്ടി പോൾ ജോൺസൺന്റെ ക്രൈസ്തവചരിത്രം ഉദ്ധരിച്ചു. നാലാം നൂറ്റാണ്ടിലെ ക്രിസോസ്റ്റം പുണ്യവാളൻ അധികാരവുമായി കോർത്തുനിന്ന ആളായിരുന്നു. അധികാരത്തിലെയും പൌരോഹിത്യത്തിലെയും അഴിഞ്ഞാട്ടത്തെ അദ്ദേഹം എതിർത്തിരുന്നു. എന്റെ ആ പരാമർശവും ക്രിസോസ്റ്റം തിരുമേനിയിൽ ഏശിയില്ല. ഞാൻ ചോദിച്ചു: “ആ പേർ എങ്ങനെ കൈക്കൊണ്ടു?” തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു: “ അത് എന്നെ അവരോധിച്ച ആളുടെ തീരുമാനമായിരുന്നു.” ആ വഴിയും അവിടെ മുട്ടി.

ദൈവത്തിന്റെ വിശേഷത്തെക്കാൾ കൂടുതൽ മനുഷ്യന്റെ ദുരിതത്തെപ്പറ്റി സംസാരിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. വർദ്ധിച്ചുവരുന്ന അർബ്ബുദത്തെപ്പറ്റിയും, അതിനെക്കാൾ വർദ്ധിക്കുന്ന ചെലവിനെപ്പറ്റിയും അദ്ദേഹം അമ്പരപ്പോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഇങ്ങനെയും പറഞ്ഞു: “ഡോക്റ്റർ ചികിത്സിച്ചാൽ രോഗി രക്ഷപ്പെടും; പക്ഷേ കുടുംബം തുലയും. ചികിത്സിച്ചില്ലെങ്കിൽ രോഗി പോകും; കുടുംബം രക്ഷപ്പെടും. ഏതാവും ഭേദം?” വേദനയിലും ധർമ്മസങ്കടത്തിലും ചിരി മുളക്കാം. ചിരിക്കണോ ഗൌരവം നടിക്കണോ എന്നറിയാതെ ഞാൻ ഇരിക്കേ, അദ്ദേഹം തനിക്കു തന്നെ രോഗവുമായുണ്ടായ ഇടപഴക്കത്തെ ഒന്നു സൂചിപ്പിച്ചിട്ട്, ആശ്രമത്തിനു ചുറ്റുമുള്ള രോഗികൾക്ക് ആഹാരം എത്തിക്കാനുള്ള പരിപാടിയെപ്പറ്റി പറയാൻ തുടങ്ങി.

ആഹാരവാഹനം എന്നാണ് പരിപാടിയുടെ പേർ. Meals on Wheels. നടക്കാൻ വയ്യാത്ത രോഗികൾക്ക് വണ്ടിയിൽ ഭക്ഷണം എത്തിക്കുക. ബന്ധുക്കൾക്ക് വരുമാനം ഉണ്ടാക്കാൻ വഴി ഒരുക്കുക. രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും അവരെ പറഞ്ഞു മനസ്സിലാക്കുക. അതൊക്കെത്തന്നെ പരിപാടി. അതിനു പണം വേണം. പണം ഉള്ളവർ ഇല്ലാഞ്ഞിട്ടല്ല, ഉള്ളവർക്ക് പലപ്പോഴും കൊടുക്കാൻ മടിയാകും. അതായിരുന്നു എന്നെ തിരുമേനി ഒന്നു താങ്ങിയ അവസരം. ഞാൻ അതിനെപ്പറ്റി ഒന്നെഴുതണം. കള്ളം സത്യമായി എഴുതാൻ കഴിയുന്ന പുള്ളിയല്ലേ...? ഞാൻ ഞെളിയണോ ചൂളണോ? ഞാൻ അലിഞ്ഞില്ലാതാകുന്നതായിരുന്നു സന്ദർഭം.

ആലോചിക്കാതിരിക്കേ സൂപ്പ് വന്നു. അച്ചപ്പവും കേക്കും വന്നു. അതിൽ ഒരു കഷണം എടുക്കുമ്പോൾ തിരുമേനിയുടെ വിറയാർന്ന വിരലുകൾക്ക് ദിശാബോധം തെല്ലും കുറവല്ലായിരുന്നു. വിറച്ചിരുന്നത് എന്റെ വിരലുകളായിരുന്നു. ഞങ്ങളുടെ വിലാസം എഴുതിക്കൊടുക്കുമ്പോൾ, പതിവു പോലെ, ഭാര്യ എന്നെ ഓർമ്മിപ്പിച്ചു: “ആളുകൾക്ക് വായിക്കാൻ പറ്റണം.” നൃത്തം ചെയ്യുന്ന എന്റെ വിരലുകളിൽ നോക്കിയിരുന്ന തിരുമേനിയോട് ഞാൻ കാര്യം പറഞ്ഞു, ഭാര്യയുടെ ഇണ്ടാസിനെപ്പറ്റി. അദ്ദേഹം ഊറിച്ചിരിച്ചു. “നിങ്ങൾ ചേരുമല്ലോ. ഇങ്ങനെ ഉറക്കെ പറയാൻ പറ്റിയാൽ എല്ലാം എവിടെയും നേരെയാവും.” നേരെയാവട്ടെ എന്ന് മനസ്സു മന്ത്രിച്ചു.

പോരാൻ നേരത്ത് ഞങ്ങൾക്കായി പേരെഴുതിയ, കയ്യൊപ്പിട്ട, ഓരോ പുസ്തകം തന്നു. “കഥ പറയും കാലം”, “ക്രിസോസ്റ്റം ചിരിപ്പിക്കുന്നു.“ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആളെ നോക്കി പറഞ്ഞു: “ഡോക്റ്റർക്ക് തരുന്നില്ല. തന്നാൽ ഇനി വന്നില്ലെങ്കിലോ?” ഭാര്യയും ഞാനും പിന്നെ ചെല്ലില്ലെന്നാണോ നിഗമനം എന്ന ചിരി കലർന്ന ചോദ്യം എന്റെ നാവിൽ ഉരുണ്ടു കളിച്ചു.... ഭാര്യ തിരുമേനിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ, ഞാൻ മിഴിച്ചു നിന്നു. എനിക്ക് അപ്പോഴും ഘനം ഉണ്ടായിരുന്നു.

ഒന്നര മണിക്കൂർ നീണ്ട ലാത്തിക്കു ശേഷം ഞങ്ങൾ ഇറങ്ങുമ്പോൾ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: “എനിക്ക് എഴുന്നൽക്കാൻ വയ്യ. രാവിലെ ഏഴരക്ക് തുടങ്ങിയതാണ് സംസാരം. മുഷിഞ്ഞു, തളർന്നു. നിങ്ങളെ കണ്ടപ്പോൾ ഫ്രഷ് ആയി....എനിക്ക് അങ്ങനെയാണ്, മനുഷ്യരെ കണ്ടാൽ രസമാവും.“ പിന്നെ, കണ്ണിറുക്കിക്കൊണ്ട്, ഒരു വാക്ക് ആവർത്തിച്ചു: “...മനുഷ്യരെ....” എന്റെ തൂക്കം ഒറ്റയടിക്ക് പിന്നെയും കൂടിയതായി തോന്നി.

താഴെ പമ്പയിൽ നിലാവ് നിറഞ്ഞിരുന്നു.

(മലയാളം ന്യൂസ് നവമ്പർ 22)

Thursday, November 18, 2010

കടമ്മനിട്ടയിൽ വേദനയുടെ പടയണി

കടമ്മനിട്ടയിലെ കൊച്ചുകോവിലിനടുത്തൊരു വിട്ടിൽ പടയണിയുടെ വേദന പുളയുന്നതു കണ്ടു. ഞാൻ ഏറെ നേരം അനങ്ങാതെ, ഒന്നും മിണ്ടാനില്ലാതെ, നിന്നു. രാധാകൃഷ്ണൻ നായരുടെ മുറ്റത്ത് ഉശിരോടെ വളരുന്ന ചെമ്പരുത്തിയിലേക്കും നന്ത്യർവട്ടത്തിലേക്കും തുളസിയിലേക്കും രാമച്ചത്തിലേക്കും ഞാൻ അലസമായി കണ്ണയച്ചു. ആ ചെടികളുടെ ഉത്സാഹം പങ്കിടാൻ വയ്യാതെ അവ നട്ടുപിടിപ്പിച്ച രാധാകൃഷ്ണൻ നയർ അകത്തൊരു മുറിയുടെ ഇഴുകിയ ഇരുളിൽ എന്തിനെയോ കാത്തു കിടന്നു.

രാധാകൃഷ്ണൻ നായർ ഏറെക്കാലം ഗൾഫ് രാജ്യങ്ങളിലായിരുന്നു. അവിടന്നുണ്ടാക്കിയ പണത്തിലൊരു ഭാഗം കൊള്ളാവുന്നൊരു വീടുണ്ടാക്കാൻ ഉപയോഗിച്ചു. ബാക്കി പണം കൊച്ചിയിലെ ഒരു ആസ്പത്രിക്കാർക്ക് അവകാശപ്പെട്ടതു പോലെയായി. ഒരു മുന്നറിയിപ്പുമില്ലാതെ അർബ്ബുദം രാധാകൃഷ്ണൻ നായരുടെ ശ്വാസകോശത്തിൽ കുടിയിരിപ്പായി. അതിന്റെ ഒരു ഭാഗം മുറിച്ചു കളഞ്ഞു. എന്നിട്ടും പഴുപ്പ് അവശേഷിച്ചു. സമ്പദ്യം മുഴുവൻ ആസ്പത്രിയിൽ കൊടുത്തു കഴിഞ്ഞപ്പോൾ മിച്ചം വന്നത് ആ പഴുപ്പും വേദനയും പടരുന്ന രോഗവുമായിരുന്നു.

സന്ദർശകരെ ആകർഷിക്കുന്നതല്ല ആ വീട്ടിലെ അന്തരീക്ഷം. എന്നിട്ടും അഞ്ചുപത്താളുകൾ ഒരു വൈകുന്നേരം രാധാകൃഷ്ണൻ നായരെ തേടിച്ചെന്നു. ഒരു മൃതദേഹത്തിന് അകമ്പടിയായി ചെന്നതായിരുന്നു അവർ. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നയാളെ കാണിച്ച് സംസ്ക്കരിക്കാൻ കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ മകന്റെ മൃതദേഹം. മംഗലാപുരത്ത് ലോറി ഇടിച്ചു മരിച്ച മകൻ അന്നുവരെ മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യമുണ്ട്: ശമ്പളത്തിൽ ശേഷിക്കുന്നതെല്ലാം അഛന്റെ ചികിത്സക്കുവേണ്ടി അയച്ചു കൊടുക്കുക. അന്നത്തോടെ ആ വഴിയും അടഞ്ഞു.

അവിടേക്ക് പത്തു ദിവസം കൂടുമ്പോൾ കയറിച്ചെല്ലുന്ന മൂന്നു പേരാണ് ഏലിയാമ്മയും സൌമ്യയും ശശിധരൻ പിള്ളയും. ഏലിയാമ്മയും സൌമ്യയും രാധാകൃഷ്ണൻ നായരുടെ പുറത്തെ വ്രണങ്ങൾ വൃത്തിയാക്കി വീണ്ടും മരുന്നു വെച്ചു. ശശി രോഗിയെ പരിശോധിച്ചു, ഭാര്യയോടും മകളോടും കുശലം പറഞ്ഞു, പറ്റുന്ന വാക്കുകളിൽ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതിനു പറ്റുന്ന വാക്കുകൾ അധികം ഉണ്ടായിരുന്നില്ല.

സ്വകാര്യമായി അവരെ എന്തോ ഏല്പിച്ച് യാത്ര പറയുമ്പോൾ, വീണ്ടും സമാധാനിപ്പിക്കാൻ ശശി വാക്കുകൾ തേടുകയായിരുന്നു. “എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. വേണ്ടപ്പോൾ ഞങ്ങൾ എത്തും.” അത്രയും ഉറക്കെ പറഞ്ഞിട്ട് പതിഞ്ഞ സ്വരത്തിൽ എന്നോട് നിസ്സഹായത പങ്കിട്ടു. “ഏതു നേരവും അവർ വിളിച്ചേക്കാം. എത്ര ദിവസം അങ്ങനെ വിളിക്കേണ്ടി വരുമോ ആവോ?” ആ വാക്കുകൾ ഉച്ഛ്വസിക്കുമ്പോൾ ശശിയുടെ മുഖം ഒന്നു കൂടി ഇരുണ്ടു. പിന്നെയും ഇരുളാൻ ഇരിക്കുന്നതേയുള്ളൂവെന്ന് ഞാൻ അപ്പോൾ ധരിച്ചില്ല.

പന്ത്രണ്ടു കൊല്ലമായി കോഴഞ്ചേരിക്കാരൻ ഡോക്റ്റർ ശശിധരൻ പിള്ള ഈ പരിപാടി തുടർന്നു വരുന്നു. ഒന്നോ രണ്ടോ നഴ്സുമാരെയും കൂട്ടി പത്തനംതിട്ട ജില്ലയുടെ മുക്കിലും മൂലയിലും പരിഹാരമില്ലാത്ത രോഗവുമായി കഴിയുന്ന രോഗികളെ തേടി അദ്ദേഹം ദിവസവും എത്തുന്നു. അവരുടെ പട്ടികയിൽ പെടുത്തിക്കഴിഞ്ഞാൽ, എല്ലാ രോഗികളുടെയും കുടിലുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഒരിക്കലെങ്കിലും അവർ എത്തിയിരിക്കും. അടിയന്തരം വരുമ്പോൾ ഉടനെയും. മിക്ക വീടുകളിലും അവർ മാത്രമായിരിക്കും സന്ദർശകർ. ദിവസം ശരാശരി അവർ പിന്നിടുന്ന ദൂരം ഇരുനൂറ്റമ്പതു കിലോ മീറ്റർ.

അവർ പിന്നിടുന്ന ദൂരത്തെക്കാളും അനുഷ്ഠിക്കുന്ന അധ്വാനത്തെക്കാളും എത്രയോ വലുതാണ് അതു വഴിയുണ്ടാകുന്ന ആശ്വാസം. പുല്ലാട്ടും കുമ്പനാട്ടും ഏനാത്തും തട്ടയിലും ജീവിതത്തിന്റെ ഓരങ്ങളിലും കുത്തനെയുള്ള ഇറക്കങ്ങളിലും ഞരങ്ങിക്കഴിയുന്ന ആളുകളെ കണ്ടപ്പോൾ ഞാൻ ഓർത്തു: “ശശിയും സംഘവും ചെന്നില്ലെങ്കിൽ അവർ എന്തു ചെയ്യും?” ഒന്നും ചെയ്യാനില്ല, അനിവാര്യത വന്നെത്തും വരെ എന്നതാണ് പരമാർഥം.

ശശിയുടെ സംഘം ഓരോ വീട്ടിലും എത്തിയാലുടൻ ചിലർക്ക് വേണ്ട മരുന്ന് കൊടുക്കുന്നു, മറ്റു ചിലർക്ക് മരുന്ന് കുത്തിവെക്കുന്നു, ചിലരുടെ വ്രണം ഡ്രസ് ചെയ്യുന്നു, ചിലരുടെ വയറ്റിൽ നിറയുന്ന ദ്രവം വാർത്തുകളയുന്നു, എല്ലാവരോടും ആകാവുന്ന സാന്ത്വനവചനം പറയുന്നു. സാധാരണരീതിയിൽ ആസ്പത്രിയിൽ എത്തിച്ചാൽ മാത്രം ചെയ്യുന്ന ശുശ്രൂഷകളും പരിഹാരങ്ങളും ശശിയും സംഘവും രോഗികളുടെ കുടിലുകളിൽ വെച്ചു തന്നെ ചെയ്യുന്നു. മൂന്നും നാലും മണിക്കൂറുകൊണ്ടു തീരുന്ന ക്രിയയാണെങ്കിൽ, തുടങ്ങിയ കാര്യം അവസാനിപ്പിക്കാൻ അവർ അതേ ദിവസം വീണ്ടും എത്തുന്നു. പലപ്പോഴും അതു വേണ്ടി വരില്ല. തുടങ്ങിവെച്ച പണീ മുഴുമിക്കാൻ, ഒരു ട്യൂബ് എടുത്തു മാറ്റുകയോ ബാൻഡേജ് ഇടുകയോ ചെയ്യാൻ, രോഗിയുടെ ഒപ്പമുള്ളവരെ പരിശീലിപ്പിക്കുന്നു. എല്ലാറ്റിനും ഡോക്റ്ററും ആസ്പത്രിയും വേണമെന്നു ശഠിച്ചാൽ, കാട്ടിൻ ചരിവിലും മലമുകളിലുമൊക്കെ കഴിയുന്ന പാവങ്ങൾ കിടന്നിടത്തു കിടന്ന് നരകിക്കുകയേ ഉള്ളൂ. നരകത്തെ സഹനീയമാക്കുന്നതാണ് ശശിയുടെ പരിപാടി.

ഞാൻ ഡോക്റ്റർ മോഡിയെ ഓർത്തു. അറുപതുകളുടെ ഒടുവിൽ ദക്ഷിണേന്ത്യയിലെങ്ങും ഓടി നടന്ന് തിമിരശസ്ത്രക്രിയ നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. പള്ളിമൈതാനത്തും സ്കൂൾ അങ്കണത്തിലും കൂടാരം കെട്ടി നിരനിരയായി നിൽക്കുന്ന ആളുകളുടെ കണ്ണ് അതിശയകരമായ വേഗത്തിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മങ്ങിപ്പോയ ലോകത്തെ അദ്ദേഹം എത്രയോ ആയിരങ്ങൾക്ക് വീണ്ടെടുത്തു കൊടുത്തു. ഇന്നത്തെ സൌകര്യങ്ങളൊന്നും അദ്ദേഹത്തിനു വേണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൌജന്യശത്രക്രിയച്ചന്തയെ പരിഹസിച്ചിരുന്നവർക്ക് സങ്കല്പിക്കാൻ പോലും വയ്യാത്തതായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സൌമനസ്യവും.

ശശിധരൻ പിള്ളയുടെ സരംഭത്തിന് സർക്കാരുമായി വലിയ ബന്ധമൊന്നുമില്ല. അതാണ് അതിന്റെ ആർജ്ജവത്തിന്റെ രഹസ്യവും. പന്ത്രണ്ടുകൊല്ലം മുമ്പ് തിരുവനതപുരത്തെ പ്രാദേശിക അർബ്ബുദ കേന്ദ്രത്തിന്റെ സഹായത്തോടെ തുടങ്ങിയതാണ് ഇപ്പോൾ കോഴഞ്ചേരി മോഡൽ എന്നു പറയാവുന്ന നിലയിൽ എത്തിനിൽക്കുന്ന ശശിയുടെ സപര്യ. അവിടത്തെ ക്യാൻസർ സൊസൈറ്റി പടുത്തുയർത്തിയ സംവിധാനം അതിന്റെ അവശ്യത്തിനു വേണ്ടതിനെക്കാളേറെ വരുമാനം ഉണ്ടാക്കുന്നു. സർക്കാർ ആസ്പത്രിക്കു വേണ്ടി ചില സൌകര്യങ്ങൾ ഏർപ്പെടുത്താൻ പോലും അതിനു പ്രപ്തി ഉണ്ടായിരിക്കുന്നു.

അതോർക്കുമ്പോൾ, മറ്റു വള്ളങ്ങളെ പിന്നിലാക്കി, ലക്ഷ്യത്തിൽ കുതിച്ചെത്തുന്ന വള്ളത്തിന്റെ ക്യാപ്റ്റന്റെ മുഖത്തു തെളിയുന്ന ചാരിതാർഥ്യം ശശിയുടെ മുഖത്തും കാണാം. ഡോക്റ്ററാവുന്നതിനുമുമ്പും ഡോക്റ്ററായിട്ടും ഏറെക്കാലം ആറന്മുള വള്ളം കളിയിൽ ആണ്ടുതോറും പങ്കെടുക്കുന്ന കോഴഞ്ചേരി ബോട് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു ശശി. പിന്നീട് വമ്പ്ന്മാരെ പലരെയും തോല്പിച്ച്, ആറന്മുള പള്ളീയോടസംഘത്തിന്റെ അധ്യക്ഷനുമായി മരണം കാത്തിരിക്കുന്ന രോഗികളെ പരിചരിച്ചുകൊണ്ട് സ്വയം ഹരം പകരുന്ന ഡോക്റ്റർ ശശിധരൻ പിള്ള.

ഇങ്ങനെ എത്ര കാലം ഹരം പകരാൻ കഴിയും? ശശിക്ക് അസുഖം വന്നാൽ, അവധി എടുക്കേണ്ടി വന്നാൽ, അദ്ദേഹത്തിന്റെ പരിചരണത്തിൽ കഴിയുന്നവർ എന്തു ചെയ്യും? ആ വിടവ് നികത്താൻ ഇപ്പോഴേ ഒരു സംഘത്തെ പരിശീലിപ്പിച്ചുവെക്കണ്ടേ? ശശിയെ നിശ്ശബ്ദനാക്കുന്ന ഒരേയൊരു ചോദ്യം അതായിരിക്കും. അല്പനേരത്തെ മൌനത്തിനുശേഷം അദ്ദേഹം പറയും: “പരിശീലനമല്ല പ്രധാനം. ഇതൊക്കെ എന്നെപ്പോലത്തെ ഒരു സാധാരണ ഡോക്റ്റർക്കുപോലും ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഈ പണിക്ക് ആരു തയ്യാറാകും എന്നതാണ് പ്രശ്നം. ചാരിതാർഥ്യം മാത്രം പ്രതിഫലമായി കിട്ടാവുന്ന ഇതുപോലൊരു കാര്യത്തിന് പരിശീലനത്തെക്കാൾ വേണ്ടതാണ് സന്നദ്ധത.“

ആർക്കും വേണ്ടാത്തവരെ പരിഷ്കാരം എത്താത്ത കാട്ടുമുക്കുകളിൽ പോയി പരിചരിക്കാൻ സന്നദ്ധരായ ഡോക്റ്റർമാരെ എങ്ങനെ എവിടെ കണ്ടെത്താം? അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ശശി അവധിയിൽ പോയാൽ, എന്തുണ്ടാവും എന്ന ചിന്ത, പഴയ ആ രംഗം--കടമ്മനിട്ടയീലെ കൊചുകോവിലിനടുത്തൊരു വീട്ടിലെ പുളയുന്ന പടയണിയുടെ ഓർമ്മ--വീണ്ടും എന്റെ മനസ്സിലേക്കു കൊണ്ടു വന്നു.

(മലയാളം ന്യൂസ് നവമ്പർ 17)

...

Tuesday, November 9, 2010

നമുക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൂറ് ഉപകരണങ്ങളുടെ പട്ടിക ടൈ വാരികയുടെ ടെക്നോളജി എഡിറ്റർ തയ്യാറാക്കിയിരിക്കുന്നു. ഫോൺ, ക്യാമറ, ഐപ്പോഡ് എന്നിങ്ങനെ. ഓരോരുത്തരുടെയും താല്പര്യം പോലെ ആ പട്ടിക മാറ്റി മറിക്കാം. ക്രമം തെറ്റിയേക്കാം. ഉപകരണങ്ങൾ അതൊക്കെത്തന്നെയായിരിക്കും. അവയിലൊന്നു പോലും ഞാൻ ഉപയോഗിക്കുന്നില്ല. കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ, എന്റെ യന്ത്രവൽക്കരണത്തിന്റെ, അളവ് അതാണെന്നു പറയാം. വളച്ചുകെട്ടാതെ പറഞ്ഞാൽ, അത്രയും പഴഞ്ചനാണ് ഞാൻ എന്നർത്ഥം.

ഞാൻ എന്റെ ദേഹം ഒന്നു കൂടി പരിശോധിച്ചു. ഇല്ല, പ്രകൃതിയുടേതല്ലാത്ത രണ്ടു സാധങ്ങളേ എന്റെ ദേഹത്തിൽ പറ്റിപ്പിടിച്ചിരിപ്പുള്ളൂ. മോതിരവും കണ്ണടയും. പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ശ്രമത്തിൽ, ഇലയും കമ്പും വെച്ച് വീടുണ്ടാക്കുകയും, കായ്കനികൾ ആഹാരമാക്കുകയും, മരവുരി ഉടുക്കുകയും ചെയ്തിരുന്ന ഋഷികളെ ഞാൻ ഓർത്തു. ആ ജീവിതചര്യയുടെ വികൃതമായ ഓർമ്മയിലാകണം, ചില ക്രിയകൾക്കിരിക്കുമ്പോൾ തയ്യൽക്കാരൻ തൊടാത്ത മുണ്ട് ചുറ്റണമെന്ന നിബന്ധന ഇന്നും ചിലർ പാലിച്ചു പോരുന്നു. അവരിൽ പലർക്കുമുൾപ്പടെ ആളുകൾക്ക് വന്നുചേർന്നിട്ടുള്ള യന്ത്രവൽക്കരണത്തെപ്പറ്റി ഞാൻ വീണ്ടും ആലോചിച്ചു.

എല്ലിലും പേശിയിലും കമ്പിയോ കമ്പ്യൂട്ടറോ പിടിപ്പിച്ചവർ. മാറ്റിവെച്ച കണ്ണോ യന്ത്രം ഘടിപ്പിച്ച കതോ ഉള്ളവർ. കരളും വൃക്കയും ഹൃദയവും ശ്വാസകോശവും പുതുക്കിയെടുത്തവർ. ചോര മുഴുവൻ ചോർത്തിക്കളഞ്ഞ്, പുതിയ ചോരയോ മജ്ജയോ കുത്തിക്കേറ്റിയവർ. മാറ്റിവെക്കാൻ വയ്യാത്തതായ മനുഷ്യാവയവം ഒന്നേയുള്ളുവെന്നു തോന്നുന്നു: മസ്തിഷ്കം. അപ്പറഞ്ഞതും തീർത്തും ശരിയല്ല. മസ്തിഷ്കത്തിലെ ചില കോശങ്ങളെ, ന്യൂറോട്രാൻസ്മിറ്ററുകൾ എന്നറിയുന്ന രാസപദാർത്ഥങ്ങളെ, ഡി എൻ എയെ, പുതുതായി ക്രമീകരിക്കാം. അതുവഴി ഓർമ്മയെയും ശരീരസ്വാധീനത്തെയും ബാധിക്കുന്ന രോഗങ്ങൾ മാറ്റാമെന്നുവരെ വന്നിരിക്കുന്നു. ഇതിനെ മനുഷ്യന്റെ നവീകരണമെന്നോ യന്ത്രവൽക്കരണമെന്നോ പറയാം. തന്നെത്തന്നെ മാറ്റി ദൈവം ചമയുന്ന മനുഷ്യന്റെ സ്വരൂപം കാണാൻ രസമായിരിക്കുന്നു.

തന്നെയും പരിസ്ഥിതിയെയും ഇത്രയേറെ യന്ത്രവൽക്കരിച്ച ജീവി വേറെയില്ല. ഒരു ഉദാഹരണം. നടക്കാൻ ഉദ്ദേശിക്കപ്പെട്ട കാലിന്റെ ഉപയോഗം കാലക്രമത്തിൽ മാറി മറിഞ്ഞിരിക്കുന്നതു നോക്കുക. മഞ്ചലിൽനിന്ന് ചക്രത്തിലേക്കും മോട്ടോറിലേക്കും മാറാൻ അര നൂറ്റാണ്ടുപോലും വേണ്ടി വന്നില്ല. കാലപുരുഷൻ വിചാരിച്ചാൽ പോലും കാലുകൊണ്ട് കടക്കാൻ പറ്റാത്ത ദൂരം നിന്ന നില്പിൽ ഇമ വെട്ടിത്തീരുമ്പോഴേക്കും പിന്നിടാമെന്നു വന്നിരിക്കുന്നു. എഴുത്തും വായനയുമില്ലാതിരുന്നവർ, അര നൂറ്റാണ്ടുകൊണ്ട്, മണലും ഓലയും കടലാസും കളഞ്ഞ്, തൂവലും പെൻസിലും ബാൾ പോയന്റും ഇല്ലാതെ, അക്ഷരങ്ങൾ തെളിയിക്കുകയും മായ്ക്കുകയും ചെയ്യുന്നു. എഴുത്തില്ലാത്ത മനുഷ്യനെപ്പോലെ എഴുതുന്ന മനുഷ്യനും കാലഹരണപ്പെട്ടിരിക്കുന്നു---എഴുത്ത് യന്ത്രവൽക്കരിക്കപ്പെട്ടതോടെ. എന്നിട്ടും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഏഴു വയസ്സുകാരി ഗൌരിയുടെ കയ്യക്ഷരം നന്നാക്കാൻ ഞാൻ ശ്രമിക്കുന്നതാണ് കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ പൊളിയുന്ന അളവ്.

അര നൂറ്റാണ്ടിനുള്ളിൽ എന്റെ ചുറ്റുവട്ടത്ത് കയറി വന്ന യന്ത്രങ്ങൾ കാളവണ്ടിയും പേനയും കമ്പ്യൂട്ടറും മാത്രമല്ല. എന്റെ അടുക്കളയിൽ എന്നും എന്നെ വേദനിപ്പിച്ചിരുന്നത് അമ്മിയും ആട്ടുകല്ലുമാഇഡ്ഡല്യിഉടെയും ദോശയുടെയും പേരിൽ എത്ര മനുഷ്യവർഷങ്ങളാണ് അവ ബലി കഴിച്ചിട്ടുള്ളത്!. ആട്ടുകല്ലിൽനിന്ന് ഗ്രൈന്ററിലേക്ക് നമ്മുടെ വീട്ടടുകളകൾ വളർന്നത് എന്റെ ചെറുപ്പത്തിലായിരുന്നു. എന്തൊരു കുതിച്ചു ചാട്ടമായിരുന്നു അതെന്നോ!. അഴുക്കുതുണി കല്ലിൽ വീഴുന്ന വേദനയും മഴു മരത്തിൽ കൊള്ളുന്ന ഹുംകാരവും നിലപ്പിച്ചുകൊണ്ട് നിലവിൽ വന്ന വാഷിംഗ് മെഷിനും ഗ്യാസ് സ്റ്റവ്വുമോ? എനിക്ക് ഇഷ്ടമാണ് ഈ ഉപകരണങ്ങളെ, ഈ യന്ത്രങ്ങളെ.

ഞാൻ എന്നും ഭയപ്പാടോടെ ഓർക്കുന്നതാണ് ഒരു പുഴയുടെയും പാലത്തിന്റെയും കഥ. കവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ ഒരു തെങ്ങിൻ തെങ്ങിൻ പൊളി. പിന്നെ ഒരു പൊളി കൂടി. പിന്നെയും ഒരു പൊളി. പിന്നെ അക്കരെയായി. ജീവിതതിനും മരണത്തിനുമിടയിലെ കടമ്പയായി
തോന്നിയിരുന്ന ഒരു പീറപ്പാലം. ഓരോ കാൽ വെയ്പ്പിലും ഒരു ഭീഷണി പോലെ അതു ഞരങ്ങി. പകുതി കടന്നു ചെല്ലുമ്പോൾ, എതിരേ ഒരാൾ വന്നാൽ, പുഴയിൽ വീഴാൻ തയ്യാറാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെങ്ങിൻ പൊളിക്കു പകരം നാല്പതടി നീളവും പത്തടി വീതിയുമുള്ള
കോൺക്രീറ്റ് പാലം വന്നപ്പോൾ, ഞാൻ അതിലൂടെ പാട്ടും പാടി നടന്നു. വിർജീനിയ ഉൾക്കടലിനു കുറുകെ, വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമായി, പണിതിരിക്കുന്ന 35 കിലോമീറ്റർ പാലത്തിലൂടെ പോയപ്പോഴത്തെ അത്ഭുതം ആ പാട്ടിൽ ധ്വനിച്ചിരുന്നതു തന്നെയാകണം.

കുറ്റിപ്പുറം പാലം വന്നപ്പോൾ പുതിയൊരു സഞ്ചാരയുഗം പിറക്കുകയായിരുന്നു. എന്നിട്ടും, ഉല്പതിഷ്ണുവായ ഇടശ്ശേരി പോലും ഖിന്നനായി. അദ്ദേഹത്തിന്റെ ചോദ്യത്തിൽ ആ പാലമുയർത്തിയ സംസ്ക്കാരത്തെച്ചൊല്ലി സംശയവും ഭയവും നിഴലിച്ചിരുന്നു. കുറ്റിപ്പുറം പാലം എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു:

കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?

യന്ത്രത്തെപ്പറ്റിയുള്ള ഭയം കാറ്റാടിയന്ത്രങ്ങൾക്കെതിരെ പടക്കിറങ്ങിയ ഡോൺ ക്വിഹാട്ടെയെയും ഇടശ്ശേരിയും മാത്രമല്ല ഗാന്ധിയെയും സർവ്വപ്രകൃതിവാദികളെയും എന്നും അലട്ടിയിരുന്നു. പലപ്പോഴും ഊഷരതയുടെ പേരിൽ വാഴ്ത്തപ്പെടുന്നതാണ് അതിനു പിന്നിലുള്ള ഗൃഹാതുരത. ആട്ടുകല്ലിൽ അരച്ചുണ്ടാക്കുന്ന മാവുകൊണ്ടുള്ള ദോശയുടെ സ്വാദ് ഒന്നു വേറെത്തന്നെയെന്നു വാദിക്കുന്ന കൃഷ്ണമൂർത്തി എടുത്തു വീശുന്നതും ആ ഗൃഹാതുരതയും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന സംവിധാനത്തോടുള്ള പരാങ്മുഖത്വവും തന്നെ. മറ്റുള്ളവർ അധ്വാനിക്കട്ടെ, എന്റെ പഴയ സ്വർഗ്ഗം നില നിൽക്കട്ടെ എന്നാവും പ്രാർത്ഥന.

ഈ യന്ത്രവൽക്കരണം ഇങ്ങനെ പോയാൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന വാദത്തിൽ കഴമ്പില്ലാതില്ല. മനുഷ്യൻ യന്തിരൻ ആയി മാറുന്നു. ഇപ്പോൾ അത് വിനോദമയി തോന്നുന്നെങ്കിൽ, അടുത്തു തന്നെ അത് യാഥർഥ്യമായി മാറും. അതിനെ ഭയപ്പെടേണ്ട. ഭയപ്പെട്ടാൽത്തന്നെ, തടയാനൊട്ടാവുകയുമില്ല. മനുഷ്യൻ മറ്റൊന്നായി പരിണമിക്കുകയാണെന്നു വാദിക്കുന്ന ചില ശാസ്ത്രജ്ഞരുണ്ട്, റോയൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന
ബ്രിട്ടിഷ് സ്ഥാപനത്തിന്റെ മേധാവിയായിരുന്ന സൂസൻ ഗ്രീൻബെർഗീനെപ്പോലെ. പരിണമിക്കട്ടെ. നീത്ഷേ എന്ന ദാർശനികൻ വിഭാവനം ചെയ്തപോലെ, മനുഷ്യൻ അതിമാനുഷൻ--superman--ആയി പരിണമിക്കുന്നതിന്റെ ഭാഗമായി കണക്കാക്കിയാൽ മതി ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വർദ്ധമാനമായ ഈ ഉപയോഗത്തെ.

Monday, November 1, 2010

മൂന്നാറിൽ ചൂടില്ല

മൂന്നാറിൽ ചെല്ലുമ്പോൾ സന്തോഷമോ രോഷമോ തോന്നേണ്ടതായിരുന്നു. ഒന്നൊന്നര നൂറ്റാണ്ടു മുമ്പ് ഒരു കുന്നിൻ പുറം മുഴൂവൻ കുതിരപ്പുറത്ത് ചുറ്റിയടിച്ച്, നമുക്കു വേണ്ടാത്തതാണെങ്കിലും, പുതിയൊരു ചായശീലം കൃഷി ചെയ്ത ഇംഗ്ലിഷുകാരന്റെ കാര്യപ്രാപ്തിയോർത്തുള്ള സന്തോഷം. നാട്ടുകാർക്കവകാശപ്പെട്ട ഭൂമി മുഴുവൻ വെട്ടിയെടുത്തവരെ ചോദ്യം ചെയ്യാൻ മുട്ടു വിറച്ചുകൊണ്ട് സർക്കാർ തുടങ്ങിവെച്ച നടപടി തുടക്കത്തിലേ പൊളിഞ്ഞുപോയതിലുള്ള രോഷം. അതിനെക്കാളൊക്കെ അനുഭവപ്പെട്ടത് ചിലവേറിയ സ്കൂൾ നടത്തുന്ന ആ പാതിരിയുടെ പെരുമാറ്റത്തിലെ തണുപ്പായിരുന്നു.

ഒഴിവുസമയത്ത് ആനകളുമായി ഇടപഴകാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന വിദ്യാലയം എന്ന പ്രചരണത്തിൽ പെട്ടു പോയതായിരുന്നു ഫെലിക്സ് അച്ചനും സിസ്റ്റർ എലൈസും ഞാനും. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ വളർത്താൻ ഓരോരോ പുതിയ വഴികൾ തേടുന്ന അവർക്ക് മൂന്നാറിലെ ഗജപരീക്ഷണത്തെപ്പറ്റി കേട്ടപ്പോൾ ഉത്സാഹമായി. കാടും കാട്ടുമൃഗങ്ങളുമായി കുട്ടികൾ എങ്ങനെ ഇടപെട്ടുവളരുന്നു എന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടു. “അച്ചൻ ഇങ്ങു പോരേ” എന്ന ക്ഷണം കൂടി കേട്ടപ്പോൾ, ആളൂകളെ അളക്കുന്ന കാര്യത്തിൽ പിഴക്കാത്ത ഫെലിക്സ് അച്ചന് ആദ്യത്തെ അമളി പറ്റി. ഞങ്ങൾ സ്കൂൾ അങ്കണത്തിലേക്ക് വണ്ടി ഇരച്ചു കയറ്റി. വണ്ടി ചൂടായെങ്കിലും അങ്കണം തണുത്തുറഞ്ഞതു പോലെ തോന്നി.

ഞങ്ങളെ കണ്ട പാടെ ളോഹയണിഞ്ഞ സ്കൂൾ മേധാവി, ഞങ്ങളുടെ ആതിഥേയൻ, വിദൂരതയിലേക്കെങ്ങോ കണ്ണയച്ചു നില്പായി. വിദൂരതയിലും സമീപത്തും മൂടൽ മഞ്ഞു മാത്രമേ കാണാമായിരുന്നുള്ളൂ. ചെറുപ്പക്കാരനായ ഒരു കൊച്ചച്ചൻ ചുരുങ്ങിയ വാക്കുകളിൽ ഞങ്ങളോട് സംസാരിക്കാൻ വന്നു. വലിഞ്ഞുകയറിച്ചെന്നവർക്കെന്നപോലെ അദ്ദേഹം മൂന്നു മുറികൾ കാണിച്ചു തന്നു; പിന്നെ തന്റെ വഴിക്കു പോയി. വികാരിയെ കാണാൻ ഞങ്ങൾ വലിഞ്ഞു കയറിച്ചെന്നപ്പോൾ, അദ്ദേഹം തിരക്കു നടിച്ചു. വിശേഷിച്ചൊന്നും എഴുതിയതായി തോന്നാത്ത ഏതോ കടലാസു വായിച്ചുകൊണ്ടിരുന്നു. ആനകളെയോ കുട്ടികളെയോ പറ്റി ഞങ്ങളോട് ബഡായി പറയാൻ അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ല. തൊലിയിൽ ഏശുന്ന മൂന്നാർ തണുപ്പിനെക്കാൾ മരവിപ്പിക്കുന്നതായിരുന്നു ആ പുരോഹിതന്റെ പെരുമാറ്റം. ദേവാലയത്തിൽനിന്ന് വില പിടിച്ച വിളക്കുകൾ കട്ടുകൊണ്ടുപോയ ആളെ പൊലിസ് പിടി കൂടിയപ്പോൾ, അതൊക്കെ അയാൾക്ക് താൻ സംഭാവനയായി കൊടുത്തതാണെന്നു പറഞ്ഞ് അയാളെ രക്ഷിച്ച “പാവങ്ങളി”ലെ പുരോഹിതന്റെ ഹൃദയത്തിലെ ഊഷ്മളത ഞാൻ ഓർത്തു പോയി.

വിഷണ്ണരായി, നേരു പറഞ്ഞാൽ, ഷണ്ഡരെപ്പോലെ, ഞങ്ങൾ തിരിഞ്ഞു നടന്നു. പള്ളി മേടയിൽ പറഞ്ഞു വെച്ച സ്ഥലം വേണ്ടെന്നു വെച്ച്, വേറൊരിടത്ത് താമസമാക്കിയാലോ എന്നു വരെ ഞാൻ ആലോചിച്ചു. ആദ്യത്തെ തണുപ്പിനുശേഷം വികാരിയുടെ പെരുമാറ്റത്തിൽ ചൂടനുഭവപ്പെടുമെന്ന് എന്റെ ഒപ്പമുണ്ടായിരുന്നവർ, ഏതോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഉറപ്പിച്ചു. രാത്രി വീണ്ടും കണ്ടപ്പോൾ, മഞ്ഞ് ഉരുകിയിരുന്നില്ല. ഉറച്ചിരുന്നേയുള്ളൂ.

മുഷിപ്പൻ ആതിഥേയരെ ഞാൻ ഏറെ കണ്ടിട്ടില്ല. സൂക്ഷിച്ചു മാത്രം ആതിഥ്യം തേടി പോകുന്നതു കൊണ്ടാകാം. ആതിഥേയൻ മുഷിപ്പു കാണിക്കാൻ ഇടയുണ്ടെന്ന സൂചന കിട്ടുമ്പോഴേക്കും സ്ഥലം കാലിയാക്കുന്നതുകൊണ്ടുമാകാം. രണ്ടായാലും, മുഖം കറുപ്പിക്കുന്ന ആതിഥേയന്റെ മുന്നിലും പിന്നിലും പരുങ്ങിയും പമ്മിയും കഴിഞ്ഞുകൂടേണ്ട ഗതികേട് അനുഭവിക്കേണ്ടി വരാത്തതാണ് എന്റെ ഒരു ഭാഗ്യം. ഒരിക്കൽ അകലെനിന്ന് എന്നെ കണ്ടപ്പോൾ വീട്ടുകാരൻ ഉറക്കത്തിലായി. വേറൊരിക്കൽ സ്വീകരണമുറിയിൽ ഞാൻ ഇരിപ്പുറപ്പിച്ചപ്പോൾ, വീട്ടുകാരൻ മുകളിലെ നിലയിൽ അഭയം തേടി. ഉള്ളാലെ ഞാൻ ചിരിച്ചു, സ്വന്തം വീട്ടിൽ വെളിച്ചത്തു വരാൻ പേടിക്കുന്ന വീട്ടുകാരുടെ ദൈന്യം ഓർത്ത്.

വായ്പക്കാര്യവുമായി വരുന്നവരെക്കണ്ടാൽ ചിലർ ഒളിക്കും. ഒന്നുകിൽ വായ്പ കൊടുക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട്. അല്ലെങ്കിൽ വാങ്ങിയ വായ്പ മടക്കാൻ മടിയായതുകൊണ്ട്. തന്റെ നിലക്കൊത്തവനല്ല അതിഥി എന്നു കരുതുന്നവരും അതിഥിയുടെ മുന്നിൽ വളയുകയും പിരിയുകയും മുക്കുകയും മൂളുകയും ചെയ്യും. ഉദ്യോഗസ്ഥലോകത്തിന്റെ കഥ പറയുന്ന യന്ത്രം എന്ന നോവലിൽ മലയാറ്റൂർ രാമകൃഷ്ണൻ വരക്കുന്ന ഒരു ചിത്രം ഇങ്ങനെ: അയൽ വാസിയായ മുതിർന്ന ധ്വരയെ കാണാൻ പോയതാണ് പയ്യൻ ആപ്പീസർ. പയ്യൻ ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ മുതിർന്ന ധ്വര ഒന്നു മുരണ്ടു. അത്ര മാത്രം. ഏറെ നീണ്ട അഞ്ചു നിമിഷത്തിനുശേഷം പയ്യൻ കേണു: “സർ, യു വിൽ ബി ബിസി, സർ...” ധ്വര അരുളിച്ചെയ്തു: “യെസ്, ഏസ് ആൾവേയ്സ്...” സമാഗമം തീർന്നു.

ഇതു രണ്ടുമായിരുന്നില്ല മൂന്നാറിലെ തണുപ്പിനു കാരണമെന്നു ഞാൻ ഫെലിക്സ് അച്ചനുമായി വാദിച്ചു. പലരും പെരുമാറ്റം കർക്കശമോ തണുപ്പനോ ആക്കുന്നത് പൂച്ച് പുറത്താകുമെന്നു പേടിച്ചായിരിക്കും. മൂന്നാറിലെ സ്കൂളിൽ, പ്രചരിച്ചപോലെ, മാതംഗലീലയൊന്നും അഭ്യസിപ്പിക്കുന്നതായി എനിക്കു തോന്നിയില്ല. വാടകക്കെടുത്ത സ്ഥലത്ത്, വാടകക്കെടുത്ത ആനകളുടെ പുറത്ത് വിനോദസഞ്ചാരികൾക്ക് സവാരി ചെയ്യാം--മിതമായ നിരക്കിൽ. സ്ഥലത്തിന്റെ വാടക സ്കൂളിനു കിട്ടും. വിനോദം പണം മുടക്കാനുള്ള സഞ്ചാരികൾക്കും. ആ വിദ്യയും ഒരു തരം അഭ്യാസമാണല്ലോ.

അങ്ങനെ പുതിയൊരു രീതിയിൽ ആതിഥേയരെ കാണാമെന്നു വന്നപ്പോൾ, ഞങ്ങളുടെ ഉള്ളിൽ ചൂടായി. മറച്ചുവെക്കുകയും ഒളിച്ചുപോകുകയും ചെയ്യുന്ന ആതിഥേയരുടെ പെരുമാറ്റം കണ്ട് അതിഥികൾ ബേജാറാവേണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. ഓരോ അതിഥിയെയും മുഷിപ്പിക്കുമ്പോൾ, ആതിഥേയൻ ഉലയുകയും ഉണങ്ങുകയും ചെയ്യുന്നു. ഓരോ അതിഥിയെയും ദൈവമായി സ്വീകരിക്കുമ്പോൾ, ആതിഥേയൻ പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കുയരുന്നു. അതുകൊണ്ട് അതിഥികളെ കാണുമ്പോൾ മൂക്കു വിയർക്കുകയോ മുഖം വീർപ്പിക്കുകയോ ചെയ്യുന്ന കൂട്ടരെ അവരുടെ നശിച്ച വഴിക്ക് വിടുക.

അങ്ങനെ പറഞ്ഞുകൊണ്ട് ഞങ്ങൾ മൂന്നാറിനടുത്ത് ദേവികുളത്തെ ആളൊഴിഞ്ഞ ആകാശവാണീനിലയം കാണാൻ പോയി. കുറഞ്ഞ പ്രക്ഷേപണസൌകര്യം. അതിലും കുറഞ്ഞ ശ്രോതൃശൃംഖല. അവിടത്തെ നിയമനം പൊതുവേ ഒരു ശിക്ഷയായി കണക്കാക്കപ്പെട്ടുവരുന്നു. കാടും പടലുമുള്ള വഴിയിലൂടെ, മൂർഖന്മാരെ പ്രതീക്ഷിച്ച്, ഞങ്ങൾ നിലയത്തിലേക്ക് ചെന്നു. പടിക്കൽ രണ്ടു കാവൽക്കാർ അവിടെ മുഷിഞ്ഞിരിക്കുന്നു. ഉള്ളിൽ ആരുമില്ല. ഉള്ള ഒരു എഞ്ചിനീയർ, പുറത്ത് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഉള്ളിൽ ചെന്നിരിക്കുന്നുവെന്നു മാത്രം. വയ്യാവേലികളെ വലിച്ചുവെക്കാൻ അദ്ദേഹം മെനക്കെടുകയില്ലെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ മണി മുട്ടി. വാതിൽ തുറന്നു. പിന്നെ, നീണ്ട സംസാരമായി. യുഗങ്ങളിലൂടെ പുതുക്കപ്പെടുന്ന സൌഹൃദത്തിന്റെ അനുഭവമായി. വീണ്ടും, നേരത്തേ പരിചയമില്ലാത്ത ആതിഥേയനും അതിഥിയും ദൈവമാകുന്നതുപോലെയായി.

(മലയാളം ന്യൂസ് നവംബർ 1)

Monday, October 25, 2010

ഒരു വരവേല്പിനുള്ള ഒരുക്കം

ഉമയെ വരവേൽക്കാൻ വീടൊരുക്കുമ്പോൾ, ഭാര്യയും ഞാനും പതിവുപോലെ വഴക്കായി. പുതുമയാണ് ഉമ. ഇരുപത്തെട്ടു തികയാത്ത പുതുമ. പുതുമക്കു വേണ്ടി പഴയ വീട് പുതുക്കണം. പുതിയതെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ, രണ്ടഭിപ്രായവുമായി പൊരുതുകയാണ് ഭാര്യയുടെയും എന്റെയും പതിവ്. ഒടുവിൽ, മിക്കപ്പോഴും, എന്റെ വാക്ക് നിയമമാകും വരെ, വഴക്ക് തുടരും. അന്നും അതുപോലെ തുടർന്നു. പക്ഷേ എന്റെ വക്ക് വെറും വാക്കായതേയുള്ളു.

എന്തു പുതുക്കണം, പഴയതെന്തെല്ലാം പിഴുതെറിയണം എന്നതായിരുന്നു തർക്കം. ഉപയോഗിക്കാൻ ആളും നേരവുമില്ലാതെ കിടന്നിരുന്ന മുറികളിലും മുറ്റത്തും രണ്ടു വിരൽ കനത്തിൽ പൊടി പിടിച്ചിരുന്നു--മനസ്സിലെപ്പോലെ. മെയ്യനക്കാൻ എന്നും മടിയായിട്ടുള്ള ഞാൻ പിറുപിറുത്തു: “വേണ്ടാത്ത സ്ഥലം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും.”

ആർക്കൊക്കെയോ വേണ്ടി സൌകര്യം ഒരുക്കിയിട്ട്, അവിടെ താമസിക്കാൻ ഒന്നോ രണ്ടോ പേർ മാത്രം ശേഷിക്കുന്ന അനുഭവം ഞങ്ങളുടേതു മാത്രമല്ല. ഒരു കൂട്ടുകുടുംബത്തിനുവേണ്ട താമസസ്ഥലം ഇപ്പോഴും ഓരോ അണുകുടുംബവും പണിതുവെക്കുന്നു. ആകുന്നവർക്കതൊരു ആർഭാടമാകുന്നു; ആകാത്തവർക്ക് ഒരു അത്യാവശ്യവും. അത്യാവശ്യം വേണ്ട താമസസ്ഥലമേ ഉണ്ടാക്കാൻ പാടുള്ളു എന്നൊരു നിയമമുണ്ടായാൽ, പണത്തിനു ഞെരുക്കമുള്ള എത്രയോ ആളുകൾക്ക് ആശ്വാസമാകും--അവർ അങ്ങനെ സമ്മതിച്ചില്ലെങ്കിലും. പക്ഷേ താമസസ്ഥലം താമസിക്കാൻ മാത്രമുള്ളതല്ലല്ലോ. നമ്മുടെ വീട് ഒരു വീടാകണമെങ്കിൽ, അയൽക്കാരെ അസൂയപ്പെടുത്തണം എന്ന സിദ്ധാന്തം ഞാൻ എന്നേ എന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നു.

പിറുപിറുപ്പോടെ അടുച്ചു തളി നടക്കുമ്പോൾ, ഓരോ സധനം എടുത്തു മാറ്റുമ്പോഴും മുറുമുറുപ്പായി. ഭാരമുള്ള ഒരു ചാക്കു തുറന്നുനോക്കിയപ്പോൾ കുറെ പൂട്ടുകൾ കണ്ടു. പഴയ പുതിയ പൂട്ടുകൾ. പതിനെട്ടു കൊല്ലം മുമ്പ് വസീർ മാഥുറും ഞാനും കൂടി സദർ ബാസാറിൽനിന്നു വാങ്ങിയതായിരുന്നു. ഭംഗിയുള്ള ആ പൂട്ടുകൾ. തിരുവനന്തപുരത്തെത്തിച്ചപ്പോൾ, ഞങ്ങളുടെ പുതിയ വീട്ടിലെ വാതിലുകൾക്ക് അവ ചേരില്ലെന്നു കണ്ടു. ചാക്കിലാക്കി ഒതുക്കി വെച്ചു.

ഓരോ തവണയും ശുചീകരണം നടക്കുമ്പോൾ, ഞാൻ പറയും : “പറ്റേണ്ടതു പറ്റി. ഇനി ഇത് ആർക്കെങ്കിലും കൊടുത്തുകളയാം. ആറ്റിൽ തള്ളാം....” എത്ര വില കൊടുത്തു വാങ്ങിയതണ്? വെറുതേ കളയാൻ പറ്റുമോ? എപ്പോഴെങ്കിലും ഉപയോഗം വന്നാലോ? ആലോചന അങ്ങനെ ചക്രവാളം വരെ നീളുകയും, സ്ഥലം മുടക്കുകയും എന്നെ മുഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ആ പൂട്ടുകൾ പതിനെട്ടുകൊല്ലമായി ചാക്കിൽ ഉറങ്ങുകയും ചെയ്തു. അവ ഒരിക്കലും ഉണരില്ല. ഞങ്ങൾ അവയെ മറവു ചെയ്യുകയുമില്ല.

ഒരു കൊല്ലം ഉപയോഗിക്കതെ കിടക്കുന്ന മിക്ക സാധനങ്ങളൂം വലിച്ചെറിയേണ്ടവയാണെന്ന എന്റെ വാദം തീവ്രവാദം പോലെ അപലപിക്കപ്പെട്ടുവരുന്നു. ഉമയുടെ അമ്മ സ്കൂളിൽ കൊണ്ടു പോയിരുന്ന അലുമിനിയം പെട്ടിയും നൂറു കണക്കിനു കുപ്പികളും മഞ്ഞളിച്ച് വായിക്കാൻ വയ്യാതായിരിക്കുന്ന നോട്ടു പുസ്തകങ്ങളും ഉൾപ്പടെ എത്രയോ ആവശ്യം തീരെയില്ലാത്ത സാധനങ്ങൾ, ഒരിക്കലും ബഹിഷ്കരിക്കപ്പെടാതെ, അപ്പപ്പോൾ പൊടിയടിക്കാൻ കാത്തു കെട്ടിക്കിടക്കുന്നു. ആവശ്യമില്ലാത്തതൊഴിവാക്കണമെന്ന നിർദ്ദേശം തീവണ്ടി യാത്രക്കാർക്കു മാത്രമല്ല, അടച്ചുറപ്പുള്ള വീട്ടിൽ പൊറുക്കുന്നവർക്കും ബാധകമാണെന്ന് ഞാൻ പല വട്ടം പറഞ്ഞു നോക്കി. ഒരിക്കൽ ഒരു മൂച്ചിന് അങ്ങനെ ചിലത് ഞാൻ ഏകപക്ഷീയമായി വലിച്ചെറിഞ്ഞു. അതിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പെട്ടു പോയതോടെ, ഒന്നും എടുത്തു മറ്റാനോ കളയാനോ
എനിക്ക് അധികാരമില്ലാതായി.

ഞാൻ കൂടെക്കൂടെ നവീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. വീട്ടുസാമാനങ്ങൾ നൈഇകരിക്കപ്പെടുന്നു, ശരീരകോശങ്ങൾ നവീകരിക്കപ്പെടുന്നു, പുഴയും കടലും നവീകരിക്കപ്പെടുന്നു, ബന്ധങ്ങൾ നവീകരിക്കപ്പെടുന്നു, വിശ്വാസം നവീകരിക്കപ്പെടുന്നു...ഭാവി വേഗം വന്നെത്തുമ്പോൾ, അത്തരം നവീകരണം അനിവാര്യമാകുന്നു എന്നു പറയുന്ന ആൾവിൻ ടോഫ്ലറുടെ ഫ്യൂച്ചർ ഷോക് എന്ന പുസ്തകം വന്നിട്ടു തന്നെ അര നൂറ്റാണ്ടായി. ഇപ്പോൾ ഭാവി ഭൂതമായിക്കഴിഞ്ഞ പോലെയുണ്ട്. അങ്ങനെയിരിക്കേ, അത്യാവശ്യമില്ലാത്ത സാധനങ്ങൾ കരുതിവെക്കുന്ന വകതിരിവില്ലായ്മയെപ്പറ്റി ഞാൻ ഉപന്യസിച്ചു. ആ ഉപന്യാസം ഭാര്യ കേട്ടുവെന്നു പോലും തോന്നിയില്ല.

ഞാൻ മട്ടു മാറ്റി. സുവിശേഷം ഉദ്ധരിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല, പത്തായത്തിൽ കരുതിവെക്കുന്നില്ല എന്ന വചനം അപഗ്രഥിച്ചു. വിതയും കൊയ്ത്തും വേണ്ടി വരും. ആ വചനത്തിലെ കാതലായ ഭാഗം ഒടുവിലത്തേതാണ്. എന്നുവെച്ചാൽ, ഉടനേ വേണ്ടാത്തതൊന്നും കുമിഞ്ഞുകൂടാൻ അനുവദിക്കരുത് എന്ന് ഗാന്ധിയെക്കൂടി കൂട്ടുപിടിച്ചുകൊണ്ട് ഞാൻ വാദിച്ചു. വാദം അവസാനിപ്പിക്കുന്ന മട്ടിൽ അശരീരി ഉണ്ടായി: “വേദോപദേശം മതി.” ഞാൻ മതിയാക്കി. പഴയതെന്തെല്ലാം കളയണമെന്നു പിന്നീട് തീരുമാനിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ ഉമയെ വരവേറ്റു. ആ തീരുമാനം നടപ്പാക്കാൻ ഇനി ഒരു വരവേല്പു വേണ്ടിവരും.

(മലയാളം ന്യൂസ് ഒക്റ്റോബർ 25)

Monday, October 18, 2010

ബാലചന്ദ്ര മേനോൻ ഹൈദരാബാദിലാണ്

നടൻ-സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള മനോരമയിൽ കഴിഞ്ഞ ആഴ്ചയിൽ ചിലത് എഴുതിക്കണ്ടു. തിരുവനന്തപുരത്തെ വീടു പൂട്ടി, അദ്ദേഹം ഹൈദരാബാദിൽ ജോലിയുള്ള മകന്റെ ഫ്ലാറ്റിൽ താമസമാക്കിയിരീക്കുന്നു. ചികിത്സക്കും മറ്റുമായി പോയ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെപ്പറ്റി ആരോ എന്തോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു പോലും. സമൂഹത്തിന്റെ ഒരു ക്രൂരത! “കുഞ്ഞുകൂരമ്പുകൾ” എന്നാണ് പ്രയോഗം. കൂരമ്പായാലും കുഞ്ഞല്ലേ എന്നു സമാധാനിക്കാം.

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം. ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ. കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ, നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല. പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല. മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല. കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ, താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ, മസിലു പിടിക്കേണ്ടതില്ല. വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം.

നടൻ-സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം. എവിടെച്ചെന്നാലും എല്ലാവരും നോക്കും. ചിലർ അടുത്തു വന്ന് കുശലം പറയും, ഓട്ടോഗ്രാഫ് വാങ്ങും, ചിലർ തമ്മിൽത്തമ്മിൽ, ഒളികണ്ണിട്ട്, അടക്കം പറയും. അതൊക്കെ കാണുമ്പോൾ, രസം തന്നെ. കണ്ടില്ലെങ്കിൽ നീരസവും. നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു. കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും. വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ, സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല. കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു: “എന്നെ അറിയില്ലേ? ഞാൻ സിനിമാതാരം ദിലീപ് കുമാർ.“ മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു: “അറിഞ്ഞില്ല. സിനിമ കാണാറില്ല. ഞാൻ ഘനശ്യാംദാസ് ബിർള.”

എല്ലാവരും ദിലീപ് കുമാർമാരല്ല. എല്ലാവരും ജി ഡി ബിർളമാരുമല്ല. തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ആരും തിരിച്ചറിയാതെ, അനന്തമായ അറിയപ്പെടായ്മയിലൂടെ, “പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ” എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും. തിരിച്ചറിയപ്പെടുമ്പോഴാകട്ടെ, തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ. വേറൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം. അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും.

താരമൊന്നുമാകേണ്ട, എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക. അലസമായി, കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും, ആരോ വരുന്നു. ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു, മുടി മാടിയൊതുക്കുന്നു. ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ, വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ. എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ്. അങ്ങനെയാവുമ്പോൾ, മസിലു പിടിക്കേണ്ടി വരുന്നു. ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ, മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ?

പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും. അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി, വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം. എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം. തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം. സാധാരണ മനുഷ്യരെപ്പോലെ, സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ്
പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും. സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ, മിണ്ടില്ല. മിണ്ടിയാൽ, മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ. പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ. മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ, ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും. പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല.

നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം. ഭരിക്കാൻ രാജ്യമില്ലെങ്കിലും, അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട്. എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെയാണെന്നു തോന്നുന്നു, അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽ‌പ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു. എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം. നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു. അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക.

ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു. കേമനായ അദ്ദേഹം കേമനാണെന്ന്‌ അദ്ദേഹത്തിനറിയാം. നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും. പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല. അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം.

അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല. ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം. മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു. രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു. പരിചയം ഒരു ചിരിയിൽ ഒതുക്കി. തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ, തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല. ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു.

എളുപ്പമല്ല ആ പണി. അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം. ഒരു തരം അന്യവൽക്കരണം. അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം, അഭിനയം കലയായി വാഴ്ത്തപ്പെടുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം. തന്റെ സ്വഭാവം മറച്ചു വെച്ച്, മറ്റൊരാളായി തൽക്കാലത്തേക്കു മാറുക. തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക. രണ്ടും ഏറെക്കുറെ ഒന്നു തന്നെ. രണ്ടും ഒരു പോലെ ആയാസകരവും. ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം. അവനവനായിരിക്കുന്നതാണ് സുഖം.

(മലയാളം ന്യൂസ് ഒക്റ്റോബർ 18)

Monday, October 11, 2010

അവനിയുടെ ഒരു ചോദ്യം

ഗൌരിയോടൊപ്പം കളിക്കാൻ വന്നതായിരുന്നു രണ്ടു വയസ്സു കൂടുതലുള്ള അവനി. ഞാനും അവരുടെ കൂട്ടത്തിൽ കൂടാമെന്നു വെച്ചു. അവനിയെ നേരത്തേ ഒന്നോ രണ്ടോ തവണയേ കണ്ടിരുന്നുള്ളു. പരിചയം ഉറപ്പിക്കാൻ വേണ്ടി ഞാൻ അവളോട് ഓരോന്നങ്ങനെ ചോദിച്ചു പോയി. പേര്? നാട്‌? ഭാഷ? അച്ഛൻ? അമ്മ? എന്റെ അന്വേഷണം തുടരുന്നതിനുമുമ്പ് അവനി തിരിച്ചടിച്ചു: “ഇതൊക്കെ എന്തിനറിയുന്നു?”

അവളെക്കാൾ ആറു പതിറ്റാണ്ട് ജീവിച്ച ആളാണ് ഞാൻ. അവളുടെ പ്രായം പത്തിൽ തഴെ. അവളോളം ചെറുപ്പമായ കുട്ടിയിൽനിന്നു മാത്രമല്ല എന്നെക്കാൾ പ്രായമേറിയ കിഴവനിൽനിന്നും അങ്ങനെയൊരു ചോദ്യം നേരിടാൻ എന്റെ മനസ്സ് ശീലിച്ചിട്ടില്ല. ഇതൊക്കെ എന്തിനറിയുന്നു എന്നല്ല, ഇതൊക്കെ എങ്ങനെ അറിയാതിരിക്കുന്നു എന്നാണ് എന്റെ ഉൾച്ചെവിയിൽ എന്നും കേൾക്കുന്ന ചോദ്യം. ഇതൊന്നും നിങ്ങളറിയേണ്ട എന്ന് ഒരു കുട്ടിയുടെ വായിൽനിന്നു കേട്ടപ്പോൾ, തമസ്ക്കരണത്തിന്റെ ആദിരൂപങ്ങളിലേക്കും ആധുനികഭാവങ്ങളിലേക്കും ഞാൻ കെട്ടി മറിഞ്ഞു വീണു. അറിയാൻ മെനക്കെടാതെ ജഡീഭവിക്കുകയും അറിവ് പങ്കുവെക്കാതെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വാസനയെപ്പറ്റി ഞാൻ ആലോചിച്ചു. കൌതുകം കുറയുകയും തൻപോരിമയിൽ മുഴുകുകയും ചെയ്യുന്ന വിപത്തിനെപ്പറ്റി ഭയപ്പെട്ടു.

അവനി പറഞ്ഞത് അതൊന്നും ആലോചിച്ചാവില്ല. അത്രക്കല്ലേ പ്രായമുള്ളു? പ്രായമുള്ളവർ പഠിപ്പിച്ചു കൊടുത്തുകാണും: “കണ്ടവരോടൊക്കെ സംസാരിക്കരുത്; ചോദിക്കുന്നതിനെല്ലാം മറുപടി പറയരുത്.”
ചാരന്മാരുടെയും അപസർപ്പകന്മാരുടെയും ലോകത്തിലെ പ്രമാണം തന്നെ ഇവിടെയും പ്രയോഗം: വേണ്ടത്ര വിവരം മാത്രം, വേണ്ടവർക്കു മാത്രം കൊടുക്കുക. വേണ്ടാത്തവർ വേണ്ടാത്ത വിവരം കിട്ടിയാൽ ആപത്ത് ഉണ്ടാക്കുമെന്ന പേടി തന്നെയാണ് അവനിയെ പഠിപ്പിക്കുന്നവർക്കും പ്രേരണ. എന്റെ കുട്ടിക്കാലത്ത് ആൾപ്പിടുത്തക്കാരെപ്പറ്റി കേട്ടിരുന്നു; കേട്ടിരുന്നതേയുള്ളു. പരിചയമില്ലാത്തവരെല്ലാം ആൾപ്പിടുത്തക്കാരാകുമെന്ന പേടിയാണ് ഇപ്പോഴത്തെ ഭാവം.

ഇതൊക്കെ എന്തിനറിയുന്നു എന്നു കുട്ടികളെക്കൊണ്ട്--മുതിർന്നവരെക്കൊണ്ടും-- ചോദിപ്പിക്കാൻ തോന്നിക്കുന്നത് അറിവു പങ്കിടുന്നതിലുള്ള പേടികൊണ്ടു മാത്രമല്ല. ഒരു പക്ഷേ പേടിയെക്കാൾ ശക്തമായിരിക്കും കനത്തു വരുന്ന സ്വകാര്യതയെപ്പറ്റിയുള്ള വ്യഗ്രത. നമ്മുടെ കാര്യം നാം മാത്രം അറിഞ്ഞാൽ മതി എന്ന രോഗപാകത്തിലുള്ള തൻപോരിമ കാരണം നമ്മെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നത് അവകാശവും മറ്റുള്ളവരെപ്പറ്റി ചോദിക്കാതിരിക്കുന്നത് ചുമതലയും ആയി മാറിയിരിക്കുന്നു. സ്വകാര്യതയെപ്പറ്റിയുള്ള ആ സങ്കല്പത്തിൽനിന്നുണ്ടാകുന്ന അവകാശവും ചുമതലയും നമുക്ക് പതിച്ചു തന്നത് നഗരവും പാശ്ചാത്യഭാവനയുമാണ്. നാളികേരപാകത്തിലുള്ള നാടൻ കർഷകർ പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അസൂയയും പേടിയുമില്ലാതെ, ഊരും പേരും ചോദിക്കും. അതിന്റെ പിന്നിൽ തികഞ്ഞ കൌതുകമേ ഉള്ളു; ആവശ്യമാണെങ്കിൽ, ആവുമെങ്കിൽ, എന്തെങ്കിലും സഹായം ചെയ്യാനുള്ള സന്തോഷവും. അവനിയെ വളർത്തിയെടുക്കുന്ന നഗരം ആ കർഷകരെ നാടന്മാരും അപരിഷ്കൃതരും ആക്കി മാറ്റിയിരിക്കുന്നു.

വിർജീനിയയിലെ ഒരു പട്ടണത്തിൽ വലിയ സൌകര്യങ്ങളുള്ള ഒരു വൃദ്ധസദനം കാണാൻ ഒരിക്കൽ മരുമകൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവശരായ പലരും അവശതയിൽ പരസഹായം പരമാവധി കുറച്ച് കഴിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, എനിക്ക് അത്ഭുതവും ആദരവും തോന്നി. ബന്ധുക്കൾ ആരെങ്കിലും വാരാന്ത്യത്തിൽ വന്നാലായി. ആരും അവരെ കാത്തിരിക്കുന്നില്ല, അല്ലെങ്കിൽ, കാത്തിരിക്കുന്നുവെന്ന ധാരണ ആരും വരുത്തിന്നില്ല. അവരുടെ കാര്യങ്ങൾ മറ്റുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങൾ അവരും ചോദിച്ചറിയാത്തത് ശീലവും നന്മയും ആക്കി മാറ്റിയെടുത്തിരുന്നു.

ചുരുട്ടിപ്പിടിച്ച കയ്യും കോടിയ മുഖവുമുള്ള ഒരു സ്ത്രീയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ എന്നോടെന്ന പോലെ പറഞ്ഞു പോയി, മസ്തിസ്കാഘാതം ഉണ്ടായതു പോലെ തോന്നുന്നല്ലോ, എന്നിട്ടും ഒട്ടൊക്കെ ഉശിരോടെ വീൽ ചെയറിൽ നടക്കുന്നു. ഇവരുടെ ബന്ധുക്കൾ? സുഹൃത്തുക്കൾ? സദനത്തിന്റെ സെക്രട്ടറി തുറിച്ചു നോക്കി, എന്റെ മരുമകൾ വല്ലാതായി. അങ്ങനെയൊന്നും ചോദിക്കാൻ പടില്ലായിരുന്നു. അതൊക്കെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും! ഞാൻ തർക്കിക്കാൻ നിന്നില്ല. പക്ഷേ എന്റെ ചിന്തയിൽ വേറൊരു തരം കടന്നുകയറ്റം ഉണ്ടായി. ആ സ്ത്രീയുടെ രഹസ്യങ്ങൾ ചുഴന്നറിഞ്ഞ് രസിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവരുടെ ദൈന്യത്തെപ്പറ്റി അനുഭാവപൂർവം ആലോചിച്ചുപോയതേയുള്ളു. അങ്ങനെ ഒരു ആലോചനയും സംസാരവും നിരോധിക്കുന്നതാണ് അഭാരതീയമായ നഗരസംസ്കൃതി. അവനിയെ പഠിപ്പിച്ചുവെച്ചിരിക്കുന്നതും അതു തന്നെ.

പടിഞ്ഞാറൻ നാടുകളിൽ പരിചയമില്ലാത്തവർ എതിരേ വരുമ്പോൾ, പരസ്പരം പുഞ്ചിരിച്ചു കടന്നു പോകും. “ഹൈ” എന്നോ “നല്ല കാലാവസ്ഥ” എന്നോ രണ്ടു കൂട്ടരും പറയും. പരിചയമുള്ള അയൽക്കാരും പരിചയം ആ വാക്കുകളിലും പുഞ്ചിരിയിലും ഒതുക്കും. അയൽ പക്കം സൌഹൃദമാകുന്നില്ല. സൌഹൃദം ഹ ൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമാകുന്നില്ല. സ്വകാര്യതയിലേക്കു കടന്നു കയറുന്ന സൌഹൃദങ്ങളെ എല്ലായിടത്തും ആളുകൾ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ, പരിചയമില്ലാത്തവർ, പുഞ്ചിരിക്കാനൊന്നും നിൽക്കാതെ, പരിചയമില്ലാത്തവരെപ്പോലെ കൈ വീശി കടന്നു പോകും. പടിഞ്ഞാറൻ സ്വകാര്യത നാം കടംകൊള്ളുമെങ്കിലും, പടിഞ്ഞാറൻ പുഞ്ചിരി നമ്മെക്കൊണ്ടാവില്ലെന്നു തോന്നുന്നു.

തൻപോരിമയുടെ തുരുത്തുകളെപ്പറ്റിയുള്ള ചിന്ത രോബിൻസൺ ക്രൂസോവിനോളം പഴയതാകുന്നു. അങ്ങനെ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ നമ്മുടെ കഥാസരിത്സാഗരത്തിൽ അത്ര തന്നെയില്ല. നമ്മുടെ താപസന്മാരും, തപസ്സിന്റെ കാലം കഴിഞ്ഞാൽ, കുടുംബത്തിന്റെയും ശിഷ്യന്മാരുടെയും കൂടെ സമധാനമായി കഴിഞ്ഞിരുന്നവരായിരുന്നു. ജീവിതത്തിന്റെ സാമൂഹികതയും പാരസ്പര്യവും അന്നേ അനുഭവപ്പെട്ടിരിക്കണം. മനുഷ്യനെ സാമൂഹ്യമൃഗമായി വാഴ്ത്തിയ ഒരു അരിസ്റ്റോട്ടിൽ ഇവിടെ അറിയപ്പെട്ടില്ലെന്നു മാത്രം. അരിസ്റ്റോട്ടിലിനുശേഷം രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും, ആ വചനത്തിന്റെ സാധുത തെളിയിക്കാനുള്ള പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇടപഴക്കത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട കുരങ്ങന്മാരുടെ പെരുമാറ്റം ഹാരി ഹാർലോ എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ പഠിക്കുകയുണ്ടായി. ആ പഠനം മനുഷ്യക്കുട്ടികളുടെ ഇടയിലും ആവർത്തിച്ചു. തമ്മിൽത്തമ്മിൽ ഇടപഴകുകയും മിണ്ടുകയും ചെയ്യാത്തവർ അസ്വസ്ഥരാകുമെന്നായിരുന്നു നിഗമനം.

ആ നിഗമനത്തിന്റെ താല്പര്യം പല തരത്തിൽ പല സന്ദർഭങ്ങളിൽ ആവിഷക്കരിക്കപ്പെടുന്നതു കാണാം. ഖുറാൻ മറിച്ചുനോക്കിയപ്പോൾ ഇങ്ങനെ ഒരു വചനം കണ്ടു: കൂട്ടുകാരെ ചിരിക്കുപ്പിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം. കൂട്ടുകാരെ ചിരിപ്പിക്കാൻ കഴിയാത്തവർക്ക് അവകാശപ്പെട്ടതെന്താണെന്നു വ്യക്തമാണല്ലോ. എന്നിട്ടും പരിചയങ്ങളെ പാത്തും പേടിച്ചും നടക്കുന്ന “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”

(മലയാളം ന്യൂസ് ഒക്റ്റോബർ 11)

Monday, October 4, 2010

ഞാൻ എന്ന ഭാരം

എന്റെ മകളുടെ രണ്ടാമത്തെ മകൾ ഉമ പിറന്നപ്പോൾ ഞങ്ങൾ, ഞാനും മകളും, വീണ്ടും മത്സരമായി. ഗൌരി വന്നപ്പോഴേ ഉണ്ടായിരുന്നു; പക്ഷേ അത്ര കാര്യമായില്ല. അവളെ വളർത്തിയ പരിചയം കൂടിയായപ്പോൾ, അവളുടെ അമ്മക്ക് എന്നോട് അരക്കൈ നോക്കാമെന്നായി. അങ്ങനെ മത്സരത്തിന് വേദി ഒരുങ്ങി. പഴയ പുതിയ മത്സരം തന്നെ: ഞാനോ നീയോ?

കുട്ടിയെ തൊടാൻ പോയപ്പോൾ അമ്മ ചോദിച്ചു: “അച്ഛൻ കൈ കഴുകിയോ?” “പിന്നെ എനിക്കറിയില്ല്ലേ?” എന്ന അർത്ഥത്തിൽ എന്റെ നോട്ടം ഒരു നിമിഷം ഉയർന്നുതാഴ്ന്നു. കുട്ടിയെ എടുക്കമ്പോൾ അമ്മ മുന്നറിയിപ്പു നൽകി: “അച്ഛാ, സൂക്ഷിക്കണം.” “ഞാൻ അശ്രദ്ധ കാണിക്കുമോ“ എന്ന ചോദ്യം എന്റെ ഉള്ളിൽ മുരണ്ടു. “നിന്നെക്കാൾ മുമ്പേ ഞാൻ കുട്ടികളെ കണ്ടിരിക്കുന്നു” എന്നൊരു പ്രഖ്യാപനം, വീഴാൻ തക്കം പാർത്ത്, എന്റെ നാവിൽ ഉരുണ്ടു കളിച്ചു.

എന്നോടു മത്സരിക്കാൻ ഒരാൾ എത്തിയിരിക്കുന്നു! എന്റെ പരിചയവും എന്റെ ശ്രദ്ധയും എന്റെ സ്നേഹവും, എന്നെത്തന്നെയും, അളന്നു നോക്കാൻ, അതു പോരെന്നു പറയാനും അതിനെക്കാൾ കൂടുതൽ തനിക്കുണ്ടെന്നു സൂചിപ്പിക്കാനും, ഒരാൾ ഉണ്ടായിരിക്കുന്നു! ഒരു കാലത്ത് ഞാൻ പ്രപഞ്ചത്തിന്റെ മധ്യത്തിൽ വെച്ചു നടന്നിരുന്നയാൾക്ക് എന്റേതിൽനിന്നു വ്യത്യസ്തമായ താല്പര്യങ്ങളും വീക്ഷണങ്ങളും വിലയിരുത്തലുകളും രൂപം കൊണ്ടിരിക്കുന്നു! മനസ്സിലാക്കാനോ സഹിക്കാ എളുപ്പമുള്ള കാര്യമല്ല അതെന്ന് ഞാൻ പെട്ടെന്നു മനസ്സിലാക്കി.

പിന്നെ അച്ഛന്മാരെപ്പറ്റി ആലോചനയായി. മകനുവേണ്ടി എല്ലാം സമർപ്പിച്ചവരും മകനെ ബലിയർപ്പിച്ചവരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. മക്കളുടെ നന്ദികേടിനെ വിഷപ്പാമ്പിനോടുപമിച്ച ലിയർ രാജാവും പുത്രന്റെ യൌവനം കടം കൊണ്ട യയാതിയും രണ്ടറ്റങ്ങളിൽ നിൽക്കുന്നു. തന്റെ വിശ്വാസവും പ്രൌഢിയും ചോദ്യം ചെയ്ത മക്കളെ വക വരുത്താൻ നോക്കിയ രാജാക്കന്മാരും മക്കളുടെ നന്മക്കും നിലനില്പിനും വേണ്ടി സർവവും ത്യജിച്ച അച്ഛന്മാരും രണ്ടറ്റങ്ങളിൽ നിൽക്കുന്നു.

എല്ലാവരും നമുക്ക് പരിചയമുള്ള അച്ഛന്മാർ. കുറെക്കൂടി പരിചയമുള്ള അച്ഛന്മാർ--അമ്മമാരും--മക്കൾക്ക് കിരീടവും മേലങ്കിയും തരപ്പെടുത്താൻ വേണ്ടി പട വെട്ടുകയും കീഴടങ്ങുകയും ചെയ്യുന്നതു കണ്ട് മടുത്തതാണ് നമ്മുടെ തലമുറ. വാസ്തവത്തിൽ ആ വെട്ടുന്ന പടയിലോരോന്നും പുത്രന്റെ കയറ്റത്തിനും കീർത്തിക്കും വേണ്ടി മാത്രമല്ല; അവനവന്റെ സാക്ഷാൽക്കാരം കൂടി അതിന്റെ ഉദ്ദേശ്യമാകുന്നു. പും എന്ന നരകത്തിൽനിന്ന് പിതാവിനെ രക്ഷിക്കുന്ന ആളാണ് പുത്രൻ എന്നൊരു വചനമുണ്ടെങ്കിലും, പുത്രൻ വഴി സ്ഥിരപ്രതിഷ്ഠ നേടാൻ പറ്റുമോ എന്നു നോക്കുന്നവരാണ് അച്ഛന്മാരിൽ മിക്കവരും.

ഈ വഴിക്ക് ഒന്ന് ആലോചിച്ചു നോക്കൂ. മക്കൾ നന്നാവണം--മനുഷ്യനായി ജനിക്കുന്നവരെല്ലാം അങ്ങനെയേ ആഗ്രഹിക്കൂ. മനുഷ്യനെന്നല്ല, മൃഗങ്ങളും. പൂച്ചക്കുട്ടികളെ തള്ളപ്പൂച്ച ലാളിക്കുകയും ഇര തേടാനും മരം കേറാനും ശീലിപ്പിക്കുകയും ചെയ്യുന്നതു നോക്കി നിൽക്കുമ്പോൾ, അമ്മയാകാനുള്ള ബാലപാഠം അതിൽനിന്നു വേണം പഠിക്കാനെന്നു തോന്നും.
മക്കൾ നന്നാവണമെന്നു മാത്രമല്ല, താൻ വഴി നന്നാകണമെന്നും ആഗ്രഹിക്കുന്നവരാകും അച്ഛന്മാരിൽ അധികവും.

ഒരിക്കൽ മകന് ഒരു വിജയം കൈവന്നപ്പോൾ, ഞാൻ സന്തോഷിച്ചു. ആ സന്തോഷം അത്ര തന്നെ തോന്നാൻ കാരണം, അതന്റെ പിന്നിൽ എന്റെ ശ്രമവും ശുപാർശയും ഉണ്ടായിരുന്നു എന്ന വിചാരമായിരുന്നു. വിജയത്തിനുവേണ്ടി താൻ ചെയ്ത അധ്വാനത്തെപ്പതനിക്കുണ്ടായ റ്റിയും ഭാഗ്യത്തെപ്പറ്റിയും മകൻ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ, ആരോ എവിടെയോ അസ്വസ്ഥനായോ? മകൻ ജയിക്കാൻ അച്ഛൻ പറ്റിച്ച പണിയൊക്കെ പെരുക്കിപ്പറയാനുള്ള ബദ്ധപ്പാടിലായിരുന്നു അച്ഛൻ. അച്ഛന്റെ ആ ഭാവത്തെ നമുക്ക് ഏറെ പരിചയമുള്ള ഭാഷയിൽ പറയാം: ഞാനെന്ന ഭാരം. ഞാനെന്ന ഭാരം തന്നെയാണല്ലോ തുടക്കത്തിൽ സൂചിപിച്ച മകളും അച്ഛനും തമ്മിലുള്ള മത്സരത്തിന്റെയും നിദാനം.

ഞാനെന്ന ഭാരം പേറി കഷ്ടപ്പെട്ടു പോരുന്ന പെരിയ ഒരു പിതാവിനെ നമുക്ക് കാലത്തിനപ്പുറം മുതലേ അറിയാം. തന്റെ മകൻ കേമൻ എന്നു നാട്ടുകാർ പറയുമ്പോൾ ഊറ്റം കൊണ്ട പെരുന്തച്ചൻ, അയാൾ തന്നെക്കാൾ കേമനാണെന്നോ താൻ അറിയാത്ത വഴികളിലൂടെ കേറിപ്പോയതാണെന്നോ കേൾക്കാൻ തുടങ്ങിയപ്പോൾ സന്തോഷിച്ചോ സഹികെട്ടോ? ജി ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിൽ അസൂയ ആളിക്കത്തുമ്പോൾ, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഞാനെന്ന ഭാരം തൂങ്ങിനിൽക്കുന്നു. നേരേ നോക്കിയാൽ രണ്ടും ഒരേ ഭാവത്തിന്റെ രണ്ടു രൂപങ്ങളാണെന്നു കാണാം.

ഞാനെന്ന ഭാവം തീരെ കുറഞ്ഞവർക്കും ഞാനെന്ന ഭാരവല്ലാതെയുണ്ടാകും. തികഞ്ഞ വിനയത്തിന്റെ സൌമ്യമൂർത്തിയായി നാം കൊണ്ടാടുന്ന ആളാണല്ലോ വിശുദ്ധനായ അഗസ്റ്റിൻ. വിനയം കൊണ്ടും കുമ്പസാരം കൊണ്ടും പ്രസിദ്ധനായ അഗസ്റ്റിൻ തന്റെ വഴി--സമ്പൂർണ്ണമായ ആത്മനിഷേധത്തിന്റെ വഴി--മാത്രമേ ശരയായുള്ളു എന്നു ശഠിക്കുകയും, മറിച്ചൊരു വഴിയുമുണ്ടാകാം എന്നു വാദിച്ച പെലാജിയസ്സിനെ തുരത്താൻ ശ്രമിച്ച കഥ അത്ര തന്നെ പ്രസിദ്ധമല്ല. അഗസ്റ്റിൻ അച്ചന് അങ്ങനെയൊരു വിചാരം വരാമെങ്കിൽ എന്നെപ്പോലൊരാൾക്ക് എത്ര വേണമെങ്കിലും മാപ്പു കിട്ടാമെന്നു സമാധാനിക്കട്ടെ.

മകനുമായുള്ള മത്സരത്തിൽ ജയിക്കാൻ ഒരു തവണ ഞാൻ പൈതൃകം എന്ന സിനിമയിലെ അച്ഛന്റെ വാദം ഉദ്ധരിച്ചു. അവന്റെ മകൻ എങ്ങനെയാകണമെന്ന് എന്നെ മനസ്സിലാക്കുകയായിരുന്നു ഒരു ദിവസം. ഞാനെന്ന ഭാരം തൂങ്ങിയപ്പോൾ, ഞാൻ ഉള്ളിൽ ചോദിച്ചു: “ഇതൊക്കെ എനിക്കറിയാത്തതാണോ?” വാക്കുകളിൽ ഞാൻ ഉന്നയിച്ച കാര്യം ചോദ്യം പൈതൃകത്തിലെ പാരമ്പര്യവാദിയായ അച്ഛൻ പുരോഗമനവാദിയായ മകനോടു പറഞ്ഞതു തന്നെയായി: “എന്റെ മകൻ എങ്ങനെയാകണമെന്ന് ഞാൻ നിർബ്ബന്ധിച്ചിട്ടില്ല.”

ഒരു നിമിഷം മകൻ മിണ്ടാതിരുന്നു. അവന്റെ മൌനം എന്റെ മത്സരവിജയത്തിന്റെ ആഘോഷമായതുപോലെ തോന്നി. വീണ്ടും വീണു കിട്ടിയ ഒരു അവസരത്തിൽ, വിജയം ആഘോഷിക്കാൻ ഞാൻ പഴകിയ തുരുപ്പു പോലത്തെ ആ പൈതൃകവചനം എടുത്തു പെരുമാറാൻ തുടങ്ങിയപ്പോൾ മകൻ പറഞ്ഞു: “ഇനി അത് ആവർത്തിക്കേണ്ട. അച്ഛന്റെ ഉദാരതെയെ ഞാൻ മാനിക്കുന്നു. അതെനിക്കില്ല.”

ഞാൻ തോറ്റു.


(മലയാളം ന്യൂസ് ഒക്റ്റോബർ 4)

Monday, September 27, 2010

കഥ വേണം കാര്യം നടക്കാൻ

ഹിന്ദി സാഹിത്യകാരനായ സോമൻ സാറിന്റെ അളിയൻ രാജപ്പൻ നായർ ആദായനികുതി വകുപ്പിൽനിന്നു പിരിഞ്ഞപ്പോൾ കഥയെഴുതാൻ തുടങ്ങി. കഥാസമാഹാരത്തെപ്പറ്റി അഭിപ്രായം പറയണമെന്ന് വിശേഷിച്ചൊരു കഥയുമില്ലാത്ത എന്നോട് ആവശ്യപ്പപ്പോൾ ഒഴിയാൻ വയ്യാതായി. അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. അതിൽ ഇങ്ങനെ ഒന്നോ രണ്ടോ വാക്യവും കടന്നു കൂടി: “കഥക്കു കൊടുക്കുന്ന ഗൌരവവും മന:പൂർവതയും വേണ്ടതല്ല ഈ പുസ്തകം. ഇതു കഥയല്ല, കാര്യമാകുന്നു.”

എഴുതിക്കഴിഞ്ഞപ്പോൾ എഴുതിയതിന് അർഥം കണ്ടെത്തുന്ന തത്രപ്പാടിലായി. പലപ്പോഴും അങ്ങനെയല്ലേ? കഥയെ നമ്മൾ കാര്യത്തെക്കാൾ കാര്യമായെടുക്കുന്നു; സാഹിത്യത്തെ ജീവിതത്തെക്കാൾ മന:പൂർവതയോടെ സമീപിക്കുന്നു. ജീവിതം കാറ്റു പോലെയാണ്, വെളിച്ചം പോലെയാണ്. വിശേഷിച്ചൊരു ശ്രമവുമില്ലാതെ അതങ്ങനെ ഉണ്ടാകുന്നു. കഥ അങ്ങനെ അല്ലല്ലോ. കെട്ടിയുണ്ടാക്കുന്നതാണ് കഥ. അതിന്റെ ഉള്ളൊതുക്കവും പൊരുത്തക്കേടും പരിണാമഗുപ്തിയും വായനക്കാർ എത്രയോ സാരമായെടുക്കുന്നു, നൂറ്റാണ്ടുകളിലൂടെ ചർച്ച ചെയ്തുപോകുന്നു. ദിവസവും അനുഭവിക്കുമ്പോൾ അതത്ര ശോഭിക്കുന്നില്ല. അതുകൊണ്ട് അനുഭവകഥയായാൽ കഥ ഗുണം പിടിക്കില്ല. അറബിക്കഥയിലെ യുക്തിരാഹിത്യം ജീവിതത്തിൽ എപ്പോഴും കാണാം; പക്ഷേ അറബിക്കഥയാകുന്നു കൂടുതൽ രസകരം.

ഇന്ദ്രജാലം കണ്ട് നാം ഭ്രമിക്കാറില്ലേ? കാണാതാകുകയോ എങ്ങുനിന്നോ ഇറങ്ങിവരുകയോ ചെയ്യുന്ന പന്തിനെയോ ചെപ്പിനെയോ പങ്കജാക്ഷിയെയോ കണ്ട് കാണികൾ മുഴുവൻ കോൾമയിർ കൊള്ളൂം. നിറവും രൂപവും മാറുന്ന മേഘങ്ങളെയോ, നാമ്പും ഇലയും നീട്ടി പൂവിടുന്ന ചെടികളെയോ, തമ്മിലടിച്ചു തകരാതെ കറങ്ങുന്ന ഗോളങ്ങളെയോ നോക്കി അമ്പരക്കുകയും ആ മാഹേന്ദ്രജാലത്തിൽ രസിക്കുകയും ചെയ്യുന്നതോ, കവികൾ മാത്രം. ജീവിതത്തിന്റെ സാധാരണത്വത്തിൽനിന്ന്, അടുത്ത് അറിയുന്ന അവനവനിൽനിന്ന്, ചുറ്റുപാടിൽനിന്ന്, തെന്നി മാറി, ഭ്രമിപ്പിക്കുന്ന എന്തിലെങ്കിലും കൂപ്പുകുത്താൻ, താനല്ലാതായി അലയാൻ, മനുഷ്യന് ഒരു വാഞ്ഛ ഉണ്ടെന്ന് ഞാൻ കരുതുന്നു. ഉള്ളിന്റെ ഉള്ളിലെ തന്നെ മനസ്സിലാക്കാനുള്ള പ്രയാണമായി ജീവിതത്തെ മാറ്റണമെന്നാണ് ആചാര്യന്മാരുടെ നിർദ്ദേശം. പക്ഷേ താനല്ലാത്തതെന്തെങ്കിലുമാകാനുള്ള ത്വരയല്ലേ കൂടുതൽ ശക്തം?

കുറച്ചിട മുമ്പ് ഫെർണാണ്ടോ പെസൊവ എന്നൊരു പോർടുഗീസ് എഴുത്തുകാരനെപ്പറ്റി വായിച്ചപ്പോൾ ഈ വിചാരം ബലപ്പെട്ടു. അദ്ദേഹം എഴുതിയത് തന്റെ പേരിലായിരുന്നില്ല. പല പേരുകളിൽ, തമ്മിൽ ഇടപഴകുകയും ഇടയുകയും ചെയ്യുന്നവരായ പലരുടെയും പേരുകളിൽ, എഴുതാനായിരുന്നു അദ്ദേഹത്തിനു കമ്പം. അവരൊക്കെ പെസൊവയിൽ ഒതുങ്ങിയിരുന്നുവെന്ന് വേണമെങ്കിൽ പറയാം;
പക്ഷേ അവർക്കൊക്കെ തനതായ അസ്തിത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഥാപാത്രങ്ങളെപ്പോലെത്തന്നെ കഥാകാരനും സാങ്കല്പികമായി മാറുന്നു. അങ്ങനെ താനല്ലാത്ത തന്നെ അവതരിപ്പിച്ചു പെസൊവ.

കഴിഞ്ഞ ദിവസം വായിച്ച റോബർടൊ ബൊലാനോയുടെ 2666 എന്ന നോവലിലും ഈ സങ്കേതവും താല്പര്യവും കണ്ടു. നൊബേൽ സമ്മനം കിട്ടാനിരുന്ന ബെന്നൊ ആർചിംബാൾഡി എന്ന നോവലിസ്റ്റിനെപ്പറ്റിയാണ് 2666 എന്ന കൃതി. ആർച്ചിംബാൾഡിയുടെ കൃതികളും കഥകളും കഥാപാത്രങ്ങളും ജീവിതസന്ധികളും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. അദ്ദേഹത്തെ കണ്ടവരെ കണ്ടവരുമായി അഭിമുഖം നടക്കുന്നു. അദ്ദേഹത്തെ തേടി നാലു പേർ യാത്ര തിരിക്കുന്നു. ആർച്ചിംബാൾഡിയെ മാത്രം കണ്ടു കിട്ടുന്നില്ല. ആ കണ്ടെത്തൽ നടത്തുന്നതോ, കഥാപാത്രങ്ങൾ മാത്രമായ വേറെ നാലു പേരും. അവരെല്ലാം ഇല്ലാത്തവർ. അവർ അന്വേഷിക്കുന്നയാളും ഇല്ലാത്തവർ. ഇല്ലാത്തവരുടെ ഉണ്മയാണ് ചർച്ചാവിഷയം. മൂർത്തവും പരിമിതവുമായ യാഥാർഥ്യത്തിൽ അഭിരമിക്കുന്നതിനെക്കാൾ രസമാണെന്നു വരുന്നു മായികവും നിരന്തരം മറഞ്ഞുപോകുന്നതുമായ സങ്കല്പത്തെ തേടിയുള്ള യാത്ര.

മനുഷ്യേതരമായ സഞ്ചാരങ്ങളും സംഭവങ്ങളും പഞ്ചതന്ത്രം മുതൽക്കേ മനുഷ്യനെ രസിപ്പിച്ചുവരുന്നു. ആ ജനുസ്സിൽ പെടുത്താവുന്നതായി ഏറ്റവും ഒടുവിൽ കണ്ടത് അവതാർ എന്ന സിനിമയായിരുന്നു. മനുഷ്യൻ മനുഷ്യന്റെ മന്ത്രം കൊണ്ടും തന്ത്രം കൊണ്ടും അമാനുഷമായ സിദ്ധികളും സ്വഭാവങ്ങളും സ്വാംശീകരിച്ച്, അമാനുഷരായ കുറെ ജീവികളുടെ ലോകത്തിൽ കയറിക്കൂടി, അവിടത്തെ പ്രകൃതിയുമായി വഴക്കിട്ടു കൊലവിളി നടത്തുന്ന കഥയാണ് അവതാർ. വികാരത്തിലും വാസനയിലും ആ ജീവികൾക്കും ഒട്ടൊക്കെ മാനുഷികത ഇല്ലെന്നല്ല. പരിചിതമായ, പരിമിതമായ മനുഷ്യജീവിതത്തിൽനിന്ന് തെന്നി മാറി, അമാനുഷമായ, അസാധാരണമായ അനുഭവം സൃഷ്ടിക്കാനാണ് അവിടെയും ഉദ്യമം.

പല തരം മരുന്നു സേവിച്ച് പരിചിതമല്ലാത്ത അനുഭവം അന്വേഷിച്ചു പോകുന്നതിന്റെ രഹസ്യം മറ്റൊന്നല്ല.
നമുക്ക് മറ്റൊന്നായി മാറണം. സ്വയം മടുത്തിട്ടോ, അറിയാത്തതറിയാനുള്ള കൌതുകം കൊണ്ടോ, നമ്മളൊക്കെ കാര്യങ്ങളിൽനിന്ന് കഥകളിലേക്ക് പോകുന്നു. കഥ തന്നെ രസകരം, കാര്യമല്ല.
അതു മനസ്സിൽ വെച്ചുകൊണ്ടാണ് തുടക്കത്തിൽ സോമൻ സാറിന്റെ അളിയന്റെ കഥകളെ പരാമർശിച്ചു പറഞ്ഞത്, ജീവിതത്തിലെ പരിചിതമായ കാര്യങ്ങളെക്കാൾ കൂടുതൽ ഗൌരവത്തോടെയും മന:പൂർവതയോടെയും സമീപിക്കപ്പെടുന്നത് കഥകൾ തന്നെ. “ കഥയല്ലിതു ജീവിതം” എന്നും “സത്യം കഥയെക്കാൾ വിചിത്രം” എന്നുമൊക്കെ മേനി പറയാമെന്നേയുള്ളു. കഥ തന്നെ വേണം കാര്യം നടക്കാൻ.

(മലയാളം ന്യൂസ് സപ്തംബർ 27)

Monday, September 20, 2010

വെറുക്കാൻ എന്തെളുപ്പം!

തിങ്കളാഴ്ച ആസ്പത്രിയിൽ വെച്ച് രാമചന്ദ്രനെ കണ്ടപ്പോൾ, ഞാൻ വീണ്ടും വെരിയർ എൽവിനെ ഓർത്തു, അദ്ദേഹം ഉദ്ധരിച്ച പ്രൊഫസർ ഹണ്ടറുടെ വചനം ഓർത്തു. “എന്റെ ഓരോ ശത്രുവിനോടും എനിക്ക് നന്ദി തോന്നുന്നു. എന്നെ ചൂടാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ഓരോ ആൾക്കും എന്റെ ജീവൻ കടപ്പെട്ടിരിക്കുന്നു.“

ഗാന്ധിയുടെ പ്രേഷിതപ്രവർത്തനത്തിൽ ആകൃഷ്ടനായി, ഇന്ത്യയിൽ താമസമാക്കി, ആദിവാസികൾക്കിടയിൽ സേവനമനുഷ്ഠിച്ച ഇംഗ്ലിഷുകാരൻ നരവംശശാസ്ത്രജ്ഞനായിരുന്നു വെരിയർ എൽവിൻ. അദ്ദേഹം ആകാശവണിയിൽ ആസാദ് സ്മാരക പ്രഭാഷണത്തിൽ ഉദ്ധരിച്ചതായിരുന്നു ഹണ്ടറുടെ വചനം. സ്നേഹദർശനമായിരുന്നു പ്രഭാഷണവിഷയം. പ്രഭാഷകൻ ഉദ്ധരിക്കാൻ കണ്ടതാകട്ടെ, ഒരു ശരീരശാസ്ത്രജ്ഞന്റെ ചിന്തയും.

വികാരാവേഗം ശരീരത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പഠിക്കുമ്പോൾ ഉരുത്തിരിഞ്ഞതായിരുന്നു ഹണ്ടറുടെ ആ ചിന്ത. ഹൃദ്രോഗത്തിന്റെ ഭാവരൂപങ്ങളെപ്പറ്റി പ്രാരംഭഗവേഷണം നടത്തിയ ആളായിരുന്നു ഹണ്ടർ. ഓരോ തവണയും ദേഷ്യം വരുമ്പോൾ, ഈർഷ്യ തോന്നുമ്പോൾ, പക പുകയുമ്പോൾ, ഹൃദയത്തിന്റെ ശേഷി കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അപ്പോൾ പിന്നെ ഈർഷ്യ വരുത്താനുള്ള തക്കം ഉപയോഗിക്കാതെ വിടുന്ന ആളോട് നന്ദി തോന്നേണ്ടേ? സൌഹൃദവും സ്നേഹവുമാണല്ലോ സ്വാസ്ഥ്യത്തിന്റെ നിദാനം. അതിൽനിന്ന് എൽവിൻ നിഷ്പാദിപ്പിച്ചെടുത്തു, സ്നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം, സ്നേഹത്താൽ വൃദ്ധി തേടുന്നൂ...

ആസ്പത്രിയിൽ വെച്ച് രാമചന്ദ്രൻ ചൂടായപ്പോൾ, എൽ വിനെ ഓർത്തത് അങ്ങനെയായിരുന്നു. ചൂടാവാൻ കാരണമുണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മുപ്പത്തഞ്ചു കൊല്ലം പഴയതാണ് ആ വിരോധത്തിന്റെ കഥ. ഒരുമിച്ചു ജോലി ചെയ്തിരുന്നവരായിരുന്നു ഞങ്ങൾ. എന്നെ രാമചന്ദ്രൻ വേല വെച്ചപ്പോൾ, എനിക്കു ചെയ്യാമായിരുന്നത് ഞാനും ഒപ്പിച്ചു. അതിന്റെ ദേഷ്യം അദ്ദേഹത്തിന് മറക്കാൻ വയ്യായിരുന്നു, മൂന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും. അതിനിടയിൽ വല്ലപ്പോഴുമേഞങ്ങൾ കാണാനിടയായിട്ടുള്ളു. കണ്ടാൽ ഞങ്ങൾ മുഖം തിരിച്ചു പോകും.

തിങ്കളാഴ്ച തൊട്ടടുത്ത് കണ്ടുമുട്ടിയപ്പോൾ, ഞാൻ കരുതി, കാലം കുറെയായില്ലേ, വയസ്സായില്ലേ, ഇനിയും പഴയ വൈരാഗ്യം കൊരട്ടത്തിട്ടു നടക്കണമോ? വൈരാഗ്യം കൊണ്ടോ സൊഹൃദം കൊണ്ടോ, ഞങ്ങൾക്കു തമ്മിൽത്തമ്മിൽ ചെയ്യാവുന്ന ദോഷവും ഗുണവും വിശേഷിച്ചൊന്നുമില്ല താനും. അങ്ങനെയെങ്കിൽ, ഏറെ നാളായി ഉടന്നുകിടക്കുന്ന ഒരു ബന്ധം വിളക്കിയെടുക്കുന്നതല്ലേ ആരോഗ്യം? ഒരു വൈരം കുറയുമ്പോൾ, എന്റെ ഉള്ളിലെ ചൂട് അത്രയും കുറയുമെന്ന വാസ്തവം ദിവസം തോറും അറിയാൻ തുടങ്ങിയിരിക്കുന്നു. അതൊക്കെ കരുതി, ഞാൻ ചോദിച്ചു, “എന്താ രാമചന്ദ്രാ, അറിയുമോ?”

ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടിയില്ല. തയ്യാറാവുകയായിരുന്നു, എന്നോടു തട്ടിക്കേറാൻ. എന്തു ചെയ്യണമെന്നു തീരുമാനമായപ്പോൾ രാമചന്ദ്രൻ മുരണ്ടു, “എന്തിനാ അറിയുന്നേ...?” അടുത്തുനിന്നിരുന്നവർ എന്നെ നോക്കി, തമ്മിൽത്തമ്മിൽ നോക്കി. എന്റെ ഭാര്യ വല്ലാതായി. “അതൊക്കെ കിട്ടണം. അയാളോട് കിന്നാരം പറയാൻ നോക്കേണ്ട വല്ല കാര്യവുമുണ്ടോ?“ ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ എനിക്കു വല്ലായ്മയും തോന്നിയില്ല. ഉള്ളിൽ പൊള്ളിയിരുന്നത് രാമചന്ദ്രനായിരിക്കണം. കുറച്ചു നേരമെങ്കിലും എന്നോടുള്ള പഴകിയ പക അദ്ദേഹത്തിൽ വീണ്ടും പുകഞ്ഞിരിക്കണം. ഞാൻ വീണ്ടും വെരിയർ എൽവിനെയും പ്രൊഫസർ ഹണ്ടറെയും ഓർത്തു.

രാമചന്ദ്രനെപ്പോലെയല്ല കൃഷ്ണൻ നായർ. ദിവസവും പല വട്ടം കാണാറുള്ള കൃഷ്ണൻ നായരും ഞാനും കണ്ട മട്ടു കാണിക്കാറില്ല. ഒരു വൈകുന്നേരം ഞങ്ങൾ അഭിമുഖമായി ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ വിരോധത്തെച്ചൊല്ലിയുള്ള വിരോധം എന്റെ ഉള്ളിൽ തള്ളി വന്നു. രണ്ടും കല്പിച്ച് ഞാൻ ചോദിച്ചു: “കൃഷ്ണൻ നായർക്കെന്താ ഇത്ര ഗൌരവം?” “ഏയ്, അങ്ങനെയൊന്നുമില്ല” എന്നു മാത്രം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു തുടങ്ങി. പക്ഷേ അതിനിടെ “ഗൌരവം” മുഴുവൻ അലിഞ്ഞു തുടങ്ങിയിരുന്നു. പിന്നെ ഞാനും അദ്ദേഹവും ഓരോന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി.

ഓരോ ബന്ധവും പുതുക്കിയെടുക്കുമ്പോൾ, പുതിയൊരു ജന്മം കൈവരുന്നതു പോലെ തോന്നും. ഉറങ്ങിക്കിടക്കുന്ന ആയിരം കോശങ്ങൾ ഉണർന്നെണീൽക്കുന്നതു പോലെ തോന്നും. വീർപ്പു മുട്ടി നിൽക്കുന്ന ആൾക്ക് ശ്വാസം നേരെ വീണതു പോലെയാകും. ചെറുപ്പക്കാരുടെ പുതിയ ഭാഷയിൽ പറഞ്ഞാൽ, മസിൽ പിടിച്ചിരിക്കുകയായിരുന്നു അതുവരെ ഞാൻ രാമചന്ദ്രനെയും കൃഷ്ണൻ നായരെയും കണുമ്പോൾ. രണ്ടു പേരോടും സംസാരിക്കാൻ മുൻ കൈ എടുത്തപ്പോൾ, എന്റെ ഉള്ളിലെ കെട്ടുപാടെല്ലാം അയഞ്ഞു, അല്ല, അഴിഞ്ഞു. പല അസുഖങ്ങളുമുള്ള കൃഷ്ണൻ നായർക്കും ഉൾക്കെട്ടഴിഞ്ഞ അനുഭവം ഉണ്ടായിരിക്കണം.

എന്നോടു തട്ടിക്കേറിയ രാമചന്ദ്രനോ? എനിക്കു സംശയമില്ല, എന്നെ ഒന്നു “കൊച്ചാക്കി”യതിലുള്ള ഗർവോടൊപ്പം, പഴകിയ രോഷം പുതുക്കിയതിന്റെ ഭാരവും അദ്ദേഹമറിയാതെ അദ്ദേഹത്തിൽ പെരുകി വന്നിരിക്കണം. ഓരോ വൈരത്തിന്റെ ഉത്ഭവത്തിലും, ആയിരം
സർഗ്ഗകോശങ്ങൾ വിറളി പിടിച്ച് ആത്മാഹുതി ചെയ്യുന്നു. അതിനെക്കാളേറെയാവും ഓരോ വൈരത്തെയും നവീകരിക്കാനുള്ള ശ്രമം വഴി ഉണ്ടാകുന്ന ജീവനാശം. സ്വയം ദേഷ്യപ്പെടുമ്പോഴും വേറൊരാളെ ദേഷ്യം പിടിപ്പിക്കുമ്പോഴും സംഭവിക്കുന്നതും അതു തന്നെ:
സർഗ്ഗകോശങ്ങളുടെ മരണം. സ്നേഹവ്യാഹതി തന്നെ മരണം എന്ന് ആശാൻ വചനം. തന്നെ ദേഷ്യപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്താത്ത ശത്രുവിനോടു നന്ദി പറയാൻ പ്രൊഫസർ ഹണ്ടർക്കു തോന്നിയതിന്റെ കാരണം മറ്റൊന്നല്ല. വാസ്തവത്തിൽ, അങ്ങനെ ചെയ്യാത്ത ശത്രു തന്നെയല്ലേ മിത്രം?

രാമചന്ദ്രൻ എന്നോടു തട്ടിക്കേറിയതിനുശേഷം ഞാൻ ഒരു കണക്കെടുപ്പിനു മുതിർന്നു. എത്ര പേരുമായുള്ള പരിചയം ഞാൻ മരവിപ്പിച്ചിരിക്കുന്നു? എത്ര പേരുമായുള്ള ബന്ധത്തിനു തീ കൊളുത്തിയിരിക്കുന്നു. ഓരോന്നിനും വിശേഷിച്ചൊരു കാരണവുമില്ല. വലിയൊരു താല്പര്യസംഘട്ടനമോ കഴുത്തറുപ്പൻ കിടമത്സരമോ ചതിയോ പ്രതികാരമോ ഒന്നും മരവിക്കുകയോ മലീമസമാകുകയോ ചെയ്യുന്ന ബന്ധങ്ങളുടെ പിന്നിലില്ല. ഒന്നും രണ്ടും പറഞ്ഞ്, അല്ലെങ്കിൽ മൂന്നും നാലും ശങ്കിച്ചും സങ്കല്പിച്ചും, ഞാനോ നീയോ വലിയവനെന്നു തർക്കിച്ച്, തമ്മിൽത്തമ്മിൽ സംസാരിക്കാതാവുന്നു; പിന്നെ വിജാഗിരിയിലെ തുരുമ്പു പോലെ എന്തോ വളർന്നു വരുന്നു.; അതാകട്ടെ, നേരെ കരളിലും കപോലത്തിലും പടർന്നു പിടിക്കുന്നു. ഒടുവിൽ പറഞ്ഞതിന് ഹണ്ടറുടെ സാക്ഷ്യമുണ്ടെന്ന് ഓർക്കുക.

ആ തുരുമ്പ് എടുത്തു കളയുന്ന ഒരാളെ ഞാൻ പണ്ടൊരിക്കൽ ഞാൻ കണ്ടു മുട്ടി. അതു പോലെ എത്രയോ ആളുകൾ ഉണ്ടാവും, ഞാൻ കണ്ടത് ഒരാളെ എന്നു മാത്രം. സജി എന്ന ഒരു സുഹൃത്ത് കൊണ്ടുപോയതാണ്, കൂനമ്മാവിൽ ഒരു പള്ളിയിൽ ഒരു അച്ചനെ പരിചയപ്പെടുത്താൻ. ചെറുപ്പക്കാരനായ ബ്രദർ ഡൊമിനിക് പത്യാല. ഞങ്ങൾ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ,
സന്ദർശകർ അങ്ങനെ വന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അവർക്കുണ്ടായ അനുഭവം വിവരിക്കാൻ വന്നിരുന്നവരായിരുന്നു അവരെല്ലാം.

സാധാരണ മനുഷ്യർ. സാധാരണ കാലുഷ്യങ്ങൾ കരളിൽ കുടിവെച്ചുപോന്നിരുന്നവർ. പത്യാല അച്ചന്റെ സങ്കേതം ലളിതമായിരുന്നു. ഓരോ ആളോടും അവരുടെ ശത്രുതകളെപ്പറ്റി ചോദിച്ചറിഞ്ഞു. പിറ്റേന്നു മുതൽ ശത്രുവിനു വേണ്ടി ഒരു മെഴുകുതിരി കത്തിക്കാൻ ഓരോരുത്തരെയും പ്രേരിപ്പിച്ചു. ഇഷ്ടപ്പെടാത്തവർക്കുവേണ്ടി ഒരാഴ്ച മെഴുകുതിരി കത്തിച്ചപ്പോൾ കരളിലെ കെട്ടുപാട് കരിഞ്ഞുകൊഴിഞ്ഞുവീണതിന്റെ അസാധാരണ സുഖം വിവരിക്കാൻ തിടുക്കത്തിൽ വന്നതായിരുന്നു ആ സാധാരണ മനുഷ്യർ. പിന്നീട് ഞാൻ പത്യാല അച്ചനെ ഒരു ടെലിവ്ഷൻ പരിപാടിയിൽ അവതരിപ്പിച്ചപ്പോൾ, ഉപക്രമമായി ഇങ്ങനെ പറഞ്ഞു: “ഓരോ വൈരവും സാധാരണമാകുന്നു; ഓരോ വൈരമുക്തിയുടെ സുഖവും അത്ര അസാധാരണവും.”

(മലയാളം ന്യൂസിൽ സപ്റ്റംബർ 20 നു വന്നത്)

Tuesday, September 14, 2010

കൊലക്കള്ളിന്റെ തുടർക്കഥ

കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.

അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.

മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.

പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.

സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.

ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.

തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.

അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.

അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”

സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”

“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”

“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”

സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.

എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.

കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.

ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.

കെ ഗോവിന്ദൻ കുട്ടി

കൊലക്കള്ളിന്റെ കഥ പെട്ടെന്നങ്ങു തീരുന്നതല്ല. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. കേരളം കുടി നിർത്തുന്നതുവരെ തുടരും. കമ്യൂണിസം കൈവിട്ടാലും കേരളം കുടിയൊട്ടു നിർത്തുകയുമില്ല. വിൽക്കുന്നതും കുടിക്കുന്നതും കള്ളല്ല, വേറെ എന്തെല്ലാമോ ചേർത്തു പെരുക്കിയ ലഹരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പാനശീലവും വിപണനശീലവും തുടരുമെന്നു മൂന്നു തരം. ലഹരി കൂട്ടിക്കൂട്ടി, ഇടക്കും തലക്കും കണ്ണു പോവുകയും കൂട്ടത്തോടെ ജീവൻ ഒടുങ്ങുകയും ചെയ്യുമ്പോൾ, എന്നേ നമ്മൾ ശീലമാക്കിയ മുറവിളി ഒന്നു കൂടി മുഴങ്ങുമെന്നു മാത്രം.

അറിഞ്ഞുകൊണ്ടു നടത്തുന്ന ആ വിഷവിപണനത്തെപ്പറ്റി, പാനശീലത്തെപ്പറ്റി, നേരിട്ടറിയുന്ന ഒരു കാര്യം പറയട്ടെ. പന്ത്രണ്ടുകൊല്ലം മുമ്പ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയിരുന്ന പരിപാടിയാണ് കാഴ്ചവട്ടം. ഓരോരുത്തരെ വിളിച്ചിരുത്തി വെടി പറയുന്ന പരിപാടി. അതിൽ മരണം കാത്തിരിക്കുന്ന അർബ്ബുദരോഗിയും ആത്മഹത്യ തടയാനുള്ള പ്രസ്ഥാനം നയിക്കുന്ന മനോരോഗദഗ്ധനും മുൻ മുഖ്യന്ത്രിയും മന്ത്രവാദിയും പുരോഹിതനും സ്വർണവ്യാപാരിയും എല്ലാം പ്രത്യക്ഷപ്പെട്ടു. കൂട്ടത്തിൽ സുനിൽ ഗംഗാധരനും സംസാരിക്കാനെത്തി.

മൂന്നു കൊല്ലം തുടർച്ചയായി തിരുവനന്തപുരം ഭാഗത്ത് കള്ളൂഷാപ്പ് ലേലം പിടിച്ച ആളായിരുന്നു സുനിൽ. നാലാം വട്ടം ലേലം കിട്ടിയില്ല. അതിന്റെ കഥ സുനിൽ തുറന്നടിച്ചു, കച്ചവടക്കാരന്റെ സങ്കോചമില്ലാതെ, മദ്യത്തിന്റെ മണമില്ലാതെ. ആരെയു പൂസാക്കുന്നതായിരുന്നു അന്നു കേട്ട സത്യം.

പതിനഞ്ചു കൊല്ലം മുമ്പാണെന്നു തോന്നുന്നു, ആദർശത്തിന്റെ തള്ളലിൽ, മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണി കേരളത്തിലൊട്ടുക്കും ചാരയം നിരോധിച്ചു. മറുനാടൻ മദ്യം ആകാം, കള്ള് ആകാം, പക്ഷേ ചാരായം വാറ്റാനോ വിൽക്കാനോ മോന്താനോ പാടില്ല. അതോടെ ആന്റാണി ഔട്ടാന്ന് ആരൊക്കെയോ പറഞ്ഞു പരത്തി. ഒന്നും ഉണ്ടയില്ല. ചങ്ങമ്പുഴയുടെ ഈണത്തിൽ, “ചാരായക്കടയാണു ലോകം” എന്നു പാടിയിരുന്നവരെല്ലാം കള്ളുകൊണ്ടും വിസ്ക്കി കൊണ്ടും തൃപ്തിപ്പെട്ടു. ചാരായരഹിതമായ കേരളത്തിൽ അതിന്റെയൊക്കെ ഉപയോഗം കുത്തനെ കേറി.

സുനിൽ ഗംഗാധരൻ കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചത് ആ ഘട്ടത്തിലായിരുന്നു. മദ്യവ്യാപാരത്തിൽ അപരിചിതനായിരുന്നില്ല അദ്ദേഹം. ആദ്യം ഷാപ്പ് ലേലം പിടിച്ചപ്പോൾ കിസ്ത് ആയി കൊടുക്കേണ്ടി വന്ന തുക രണ്ടു കോടിയിൽ കുറവായിരുന്നു. അടുത്ത കൊല്ലം അതിന്റെ ഇരട്ടിയായി. അതിനടുത്ത കൊല്ലം അതിന്റെയും ഇരട്ടി. പിന്നത്തെ കൊല്ലം അതിന്റെയും ഇരട്ടിയായപ്പോൾ അദ്ദേഹം പൻ വാങ്ങി. വേറെ ആരോ ലേലം പിടിച്ചു. അത്ര വലിയ തുക കൊടുത്ത് ലേലം പിടിച്ചാൽ, ലാഭം ഉണ്ടാക്കാൻ പതിലറെ കഷണീക്കേണ്ടിവരുമെന്ന് അദ്ദേഹം കണക്കു കൂട്ടി.

ഇവിടെ നമ്മളും അല്പം ലളതഗണിതം കൂട്ടുകയും കിഴിക്കുകയും ചെയ്യണം. മൂന്നു ലേലത്തിനുള്ളിൽ ലാഭം ഇരട്ടിയുടെ ഇരട്ടിയായി. ചെത്താനുള്ള തെങ്ങുകളുടെ എണ്ണത്തിലോ ചെത്തിക്കിട്ടാവുന്ന കള്ളിന്റെ അളവിലോ അതിനിടെ ഒരു വർദ്ധനവും ഉണ്ടായിട്ടില്ല. തെങ്ങു പെട്ടെന്നങ്ങു വളരുകയോ അതിൽനിന്നു ചെത്തിയെടുക്കാവുന്ന കള്ള് ആണ്ടോടാണ്ട് ഇരട്ടിക്കുകയോ ചെയ്യില്ലല്ലോ. സർക്കാരിന് അറിയാത്ത കര്യമല്ല അത്. എന്നിട്ടും കള്ള് കൂടിയില്ലെങ്കിലും കിസ്ത് കൂട്ടിക്കിട്ടുമ്പോൾ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കോ അവരെ നയിക്കുന്ന മന്ത്രിമാർക്കോ ഒരു സംശയവും ഭയവും തോന്നിയില്ല. പോരുന്നതു പോരട്ടെ എന്ന് അവർ കരുതി; കിട്ടുന്നതു കിട്ടട്ടെ എന്ന് ലേലക്കാരും.

തന്നപ്പോലും അത്ഭുതപ്പെടുത്തൂന്ന മട്ടിൽ ലേലത്തുക വാണം പോലെ കുതിച്ചുകയറിയപ്പോൾ സുനിൽ ഗംഗാധരൻ പിൻ വാങ്ങുകയായിരുന്നു. ചെത്തിയെടുക്കാവുന്ന കള്ളു വിറ്റാലൊന്നും അത്രയേറെ വരുമാനം ഉണ്ടാവില്ല. ഇല്ലാത്ത കള്ളിനുവേണ്ടി, ഉണ്ടാക്കാൻ കഴിയാത്ത വരുമാനത്തിന്റെ പേരിൽ, സർക്കാരിന് കൂടുതൽ കൂടുതൽ കിസ്ത് കൊടുക്കാൻ ഏതെങ്കിലും മണ്ടൻ മുതിരുമോ? ചെത്തിക്കിട്ടുന്ന കള്ളീൽ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിയോ അതിലും കൂടുതലോ വെള്ളം ചേർത്തു വിൽക്കുകയെന്നുതന്നെ അതിന്റെ ഉപപത്തി.

അതങ്ങനെയേ പറ്റൂ എന്ന ഉത്തരവും, അതങ്ങനെയായാൽ എന്തെല്ലാം മാരണം ഉണ്ടാകുമെന്ന വിശദീകരണവും സുനിൽ തന്നെ നൽകി--അർഥശങ്കക്കിടം വിടാതെ. കൂടുതൽ കള്ളു വിറ്റാലേ ലാഭം കൂടുകയുള്ളു. വില്പന കൂടണമെങ്കിൽ കള്ളിൽ വെള്ളം ചേർക്കണം. വെള്ളം ചേർത്ത കള്ളു കൊടുത്താൽ കുടിക്കാൻ വരുന്നവർ മെക്കിട്ടു കേറും. കുടിക്കുന്ന കള്ള് കിക്ക് ഉണ്ടാക്കണം. അപ്പോൾ വെള്ളത്തോടൊപ്പം ലഹരി കൂട്ടുന്ന എന്തെങ്കിലും പൊടിച്ചിടണം.

അത്രയുമായപ്പോൾ ഞാൻ ചോദിച്ചു: “ അതെന്താണ്?”

സുനിൽ പറഞ്ഞു: “അതു ചോദിക്കരുത്. ട്രേഡ് സീക്രറ്റ് ആണ്.”

“ലഹരി കൂട്ടുന്ന മരുന്നിട്ടാൽ കുടിയൻ തട്ടിപ്പോയാലോ?”

“അങ്ങനെ തട്ടിപ്പോകുന്ന മരുന്നൊന്നും ആപൽക്കമായ അളവിൽ ചേർക്കില്ല. ബുദ്ധിയുള്ള വ്യാപാരി അതു ചെയ്യില്ല.”

സുനിൽ അതൊക്കെ മറയില്ലാതെ പറഞ്ഞത് പന്ത്രണ്ടു കൊല്ലം മുമ്പായിരുന്നു. അതിനുശഷം കള്ളിന്റെ ഉപയോഗമോ കച്ചവടക്കാരന്റെ ലാഭമോ കുറഞ്ഞതായി തെളിവില്ല. കിസ്ത് ആകട്ടെ, കൂടിയതേയുള്ളു. കൂടുന്ന കിസ്തിനെയും ലാഭത്തെയും കള്ളിന്റെ ഉപയോഗത്തെയും സാധൂകരിക്കുകയും സാധ്യമാക്കുകയും ചെയ്യുന്ന മട്ടിൽ കള്ളു ചുരത്തുന്ന കല്പവൃക്ഷം പുതുതായി പൊട്ടിവളർന്നിട്ടില്ല. അതൊക്കെ നടക്കണമെങ്കിൽ, കള്ളിൽ ലഹരി പകരുന്ന വെള്ളം ചേർക്കണം എന്നതാണ് കണ്ണു കാണാത്തവർക്കുപോലും അറിയാവുന്ന പകൽ പോലത്തെ സത്യം. അതു സ്ഥാപിച്ചെടുക്കാൻ ഇനിയൊരു സിറ്റിംഗ് ജഡ്ജിയോ സ്റ്റാൻഡിംഗ് ജഡ്ജിയോ വേണ്ട.

എന്നാലും ഓരോരോ വയ്പ്പിനോ പുനലൂരോ കല്ലമ്പലമ മലപ്പൂറമോ വരുമ്പോൾ, ഒരു ജഡ്ജി വരുന്നു, എല്ലാവർക്കും അറിയുന്ന കാര്യം അന്വേഷിച്ചുറപ്പിക്കൻ. കുറെ പേർ മുറ പോലെ പിടിയിലാകുന്നു. എന്നിട്ടെന്താ? ചന്ദ്രസേനനും ഖൈറുന്നീസയും മണിച്ചനുമൊഅകത്തായിട്ടും ആരും കുടി നിർത്തുന്നില്ല, കച്ചവടം പൂട്ടുന്നില്ല, സർക്കാരിന്റെ കിസ്ത് കുറയുന്നില്ല. മദ്യത്തിന്റെ സംഭാവനയോടുകൂടി നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയപ്രവർത്തനം ഉത്തരോത്തരം ആവേശഭരിതമാവുകയും ചെയ്യുന്നു.

കുടിയന്മാർ ചത്തു തുലയട്ടെ എന്നു കണക്കു കൂട്ടി ആരെങ്കിലും കള്ളിൽ വിഷം കലർത്തുകയണെന്നു കരുതാൻ വയ്യ. ശ്രദ്ധയില്ലാതെ വിഷമയമായ മായം ലഹരി കൂട്ടാൻ വേണ്ടി കള്ളിന്റെ വീപ്പകളിൽ ചേർക്കുമ്പോഴാണ് അപകടം പിണയുന്നത്. കള്ളിനെ ആനമയക്കിയാക്കുന്ന പൊടി, ഒരു തരിക്കു പകരം ഒരു കിലോ ചേർത്താൽ എന്തു സംഭവിക്കാമോ, അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതു സംഭവിക്കാതിരിക്കണമെങ്കിൽ, ഒന്നുകിൽ ആരും കള്ളു കുടിക്കാതിരിക്കണം; അല്ലെങ്കിൽ, മായം ചേർക്കാതിരിക്കണം ; അല്ലെങ്കിൽ, കള്ളിന്റെ നിർമ്മാണവും വിതരണവും സുരക്ഷിതമായി ക്രമീകരിക്കണം.

ആദ്യം പറഞ്ഞ രണ്ടു കാര്യവും നടപ്പില്ല. കേരളം കുടി നിർത്തുമെന്നു വിചാരിക്കാൻ അസാമാന്യമായ മൂഢത വേണം. വെള്ളം ചേർക്കാത്ത കള്ളു വിൽക്കാൻ നഷ്ടം ഇഷ്ടപ്പെടുന്ന കച്ചവടക്കാരനേ പറ്റൂ. കള്ളിൽനിന്നുള്ള വരുമാനമില്ലാതെ കഴിയുന്ന ഒരു സർക്കാരിനെയും രാഷ്ട്രീയഗാത്രത്തെയും അടുത്തൊന്നസങ്കല്പിക്കാനും വിഷമം. ആ മൂന്ന് അസാധ്യതകൾക്കിടയിൽ, ഉല്പാദനവും വില്പനയും ഏറെക്കുറെ സുരക്ഷിതമാക്കാനുള്ള ഏർപ്പാടുകളെപ്പറ്റി ആലോചിക്കുകയാവും ബുദ്ധി.

Monday, September 6, 2010

വാണിജ്യപരമായ തീരുമാനങ്ങൾ

മിക്ക നേരത്തും മിക്കതിനെയും വെള്ളം തളിച്ച് ശുദ്ധമാക്കാനും കുരുക്കുകളിൽനിന്ന് ഊരിപ്പോരാനും സഹായക്കുന്ന ഒരു വാക്കുണ്ട്: വാണിജ്യപരം. ഭാഗ്യക്കുറി മാഫിയയെപ്പറ്റി തെറി വിളിക്കുന്ന അതേ ശ്വാസത്തിൽ, അതിന്റെ പരസ്യം കൊടുത്ത് പണം പറ്റുന്ന കൈരളിയുടെ കളിയെപ്പറ്റി ചോദിച്ചപ്പോൾ, തോമസ് ഐസക് എടുത്തു പയറ്റിയ അതേ വാക്കു തന്നെ, വാണിജ്യപരം. ഏതു പിശകും ഏതു പോരായ്മയും ഏതു പാളിച്ചയും, ഒറ്റയടിക്ക് എഴുതിത്തള്ളാം വാണിജ്യപയാൽ, അല്ലെങ്കിൽ ആക്കിയാൽ.

ഒരു വഴിക്കു നോക്കിയാൽ, എല്ലാം വാണിജ്യമല്ലേ? അതിൽനിന്നുണ്ടാകുന്ന ലാഭമല്ലേ വിജയത്തിന്റെയും വിപ്ലവത്തിന്റെയും വാഹനത്തിന്റെ ഇന്ധനം? അതില്ലെങ്കിൽ പ്രപഞ്ചത്തിന്റെ ഇടപഴക്കം നിലക്കും. അതില്ലാതെ മുന്നേറ്റമില്ല. ലാഭമില്ലാതെ വാണിജ്യമൊട്ടില്ല താനും. നഷ്ടത്തിലോടുന്ന വാണിജ്യം വേഗം പൊളിഞ്ഞുകുമെന്നു മാർക്സും കീൻസും വേണ്ട. ഒരു കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടൂ: വാണിജ്യമല്ലാതൊന്നുമില്ലാതായാൽ, എല്ലാം അവതാളത്തിലാകും.

കൈരളിയുടെ പിറവിക്കു മുമ്പ്, സാന്റിയാഗോ മാർട്ടിനും ഫാരിസ് അബൂബക്കറുമായുമൊക്കെ വിപ്ലവബന്ധം ഉറപ്പിക്കും മുമ്പ്, ദേശാഭിമാനി എടുത്ത വാണിജ്യപരമായ ഒരു തീരുമാനത്തെപ്പറ്റി എനിക്കു നേരിട്ടറിയാം. അന്ന് ഞാൻ കൊച്ചിയിൽ ഫൈനാൻഷ്യൽ എക്സ്പ്രസ്സിന്റെ ചുമതല വഹിക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങൾക്ക് ഒരു പ്രതിസന്ധി ഉണ്ടായി.

അച്ചടിച്ചിരുന്ന സ്ഥാപനം വിഷമം പറഞ്ഞു. പുതിയ പ്രസ് കണ്ടെത്തണം, രാത്രിക്കു രാത്രി. ആരോ ദേശാഭിമാനിയുടെ പേരു പറഞ്ഞു. പക്ഷേ ഞങ്ങൾ അച്ചടിക്കുന്നതിലധികവും ദേശാഭിമാനിക്കു രുചിക്കുമായിരുന്നില്ല. എന്നാലും വേണുവുമായി ബന്ധപ്പെട്ടു. മാർട്ടിന്റെ പക്കൽനിന്ന് മുൻകൂർ പരസ്യപ്പണം ഈടാക്കിയ കേസിൽ പത്രത്തിൽനിന്നു പുറത്തുപോകേണ്ടിവന്ന അതേ വേണു തന്നെ. വേണു പി കരുണാകരനുമായി ബന്ധപ്പെട്ടു.

കരാർ ആയി. ഞങ്ങൾക്കും സന്തോഷം ദേശാഭിമാനിക്കും സന്തോഷം. അതൊരു വാണിജ്യപരമായ തീരുമാനമായിരുന്നു--പാർട്ടി പത്രവും പാർട്ടിക്കു രുചിക്കാത്ത കാര്യങ്ങൾ എഴുതുന്ന പത്രവും തമ്മിൽ.

ഒരു പത്രത്തിനും--പാർട്ടി പത്രത്തിനുൾപ്പടെ---അതിന് ഇഷ്ടപ്പെട്ട സാധനങ്ങളും സേവനങ്ങളും മാത്രമേ പരസ്യപ്പെടുത്തൂ എന്നു വാശി പിടിക്കാൻ പറ്റില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങളെല്ലാം പത്രം സാക്ഷ്യപ്പെടുത്തുന്നുവെന്നും വരില്ല. അതുകൊണ്ടുതന്നെ, പരസ്യമല്ലെന്നു തോന്നിക്കുന്ന വിധത്തിൽ വരുന്ന ചില പരസ്യങ്ങളുടെ അടിയിൽ, അതു പരസ്യമാണെന്ന് പ്രത്യേകം എഴിതിച്ചേർക്കുന്ന പതിവുണ്ട്. പരസ്യവും വാർത്തയും തമ്മിലുള്ള വകതിരിവ് ഏറെക്കുറെ ഇല്ലാതാകുന്ന അവസ്ഥയിൽ, പരിഹാസ്യമായിത്തീരുന്ന പതിവാണെന്നു കൂട്ടിക്കോളൂ. പരസ്യത്തിൽ പറയുന്ന കാര്യങ്ങളെല്ലാം പത്രം വിശ്വസിക്കുന്നവയാകണമെന്നില്ല എന്നു വായനക്കാരെയും പത്രാധിപരെയും ഒരുപോലെ ബോധ്യപ്പെടുത്താനും രക്ഷപ്പെടുത്താനും കണ്ടുപിടിച്ചതായിരുന്നു ആ പണി.

ചില പരസ്യങ്ങൾ, എത പണം കിട്ടിയാലും, അച്ചടിക്കുകയേ ഇല്ലെന്നൊരു നിർബ്ബന്ധം ചില പത്രങ്ങൾ ഒരു കാലത്ത് പുലർത്തിപ്പോന്നിരുനു. ഒറ്റ നോട്ടത്തിൽത്തന്നെ വിശ്വസിക്കാൻ കഴിയില്ലെന്നു തോന്നിക്കുന്ന അത്തരം പരസ്യങ്ങൾ വേണ്ടെന്നുവെക്കുമ്പോൾ മാർക്കറ്റിം മാനേജർമാർ മുറുമുറുക്കും,

ജനറൽ മാനേജർമാർ മൂക്കത്ത് വിരൽ വെക്കും; എന്നാലും ആ അവകാശവാദം താങ്ങാൻ വയ്യെന്ന നിലപാടിൽ പരസ്യം ഉറച്ചുനിൽക്കും. എന്റെ പത്രത്തിന്റെ വിശേഷാൽ പ്രതിക്കുവേണ്ടി മിടുക്കനായ പരസ്യമാനേജർ വാങ്ങിക്കൊണ്ടുവന്ന പരസ്യത്തെ സംശയിക്കാൻ ഇട വെച്ചത് അതു തന്ന കമ്പനിയുടെ ഉദാരത തന്നെയായിരുന്നു. ആദ്യം കാൽ പേജു മതിയെന്നു പറഞ്ഞ കമ്പനി പിന്നീട് അര പേജെങ്കിലും വേണമെന്നു ശഠിച്ചു. പിന്നെ അത് വിശേഷാൽ പ്രതിയിലല്ല, മുൻ പേജിൽത്തന്നെ വേണമെന്നായി. ഓരോ തവണയും പത്രത്തിനു കിട്ടൂന്ന തുക കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ സന്തോഷിച്ചുകൊണ്ടുമിരുന്നു. ഒടുവിൽ എല്ലാ എഡിഷനുകളിലും അതു കൊടുക്കണമെന്നായപ്പോൾ, പണം പിരിഞ്ഞു കിട്ടുമോ എന്നായി എനിക്കു സംശയം. ഇത്ര ധാരാളിത്തം കാട്ടുന്ന കമ്പനി ഏതെന്ന് അറിയാൻ കൌതുകവും തോന്നി. പരസ്യം എടുത്തുനോക്കിയപോൾ, നഗരത്തിന്റെ മൂലയിലെവിടെയോ ഉണ്ടെന്നു പറയുന്ന ഒരു കമ്പനി ഇറക്കുന്ന എന്തോ സർവരോഗഹരൌഷധത്തിന്റെ സാക്ഷ്യപ്പെടുത്താത്ത മേന്മകളുടെ വർണനയായിരുന്നു. അതു കൊടുക്കേണ്ടെന്നു ഞാൻ പറഞ്ഞപ്പോൾ, അതിന്റെ പിൻ ബലത്തിലല്ലേ ഞങ്ങളുടെ വേറൊരു പ്രസിദ്ധീകരണം നിൽക്കുന്നതെന്നായിരുന്നു ജനറൽ മാനേജരുടെ ചോദ്യം. ഒടുവിൽ, ഞങ്ങൾ അതു വേണ്ടെന്നു വെച്ചു. ആരും വേണ്ടെന്നു പറയാത്തതായിരുന്നു ആ പരസ്യം അന്ത കാലത്ത്. ഒരു വിവാദം വേണ്ടിവന്നു അതു വേണ്ടെന്നുവെക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാൻ.

വിവാദം പൊട്ടിപ്പുറപ്പെടുന്നതുവരെ, ഏത് അവകാശവാദവും പരസ്യമായി അച്ചടിക്കാൻ പത്രങ്ങൾ ഉത്സാഹം കാട്ടിയിരുന്ന കാലമുണ്ടായിരുന്നു. മാനത്തു നട്ടുവളർത്തുന്ന മാഞ്ചിയത്തിന്റെ പരസ്യം പോലും പത്രപംക്തികളിൽ വിളങ്ങി. ടെലിവിഷൻ അന്ന് വ്യാപകമായിരുന്നെങ്കിൽ, മാനത്തു വളരുന്ന മരങ്ങളുടെ ചിത്രം കണ്ടു രസിക്കാമായിരുന്നു. പിന്നെപ്പിന്നെ, പിൻ തിരിപ്പൻ ധർമ്മബോധത്തിന്റെ പേരിൽ ഏതെങ്കിലും പരസ്യം വേണ്ടെന്നു വെക്കുന്നതിനെതിരെ അഭിപ്രായം രൂപപ്പെട്ടു. പരസ്യപ്പെടുത്തുന്നവർ പരസ്യപ്പെടുത്തട്ടെ; വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ. പത്രത്തിനു പണം കിട്ടുകയേ വേണ്ടൂ എന്ന നില വന്നു.

പരസ്യത്തിലെ അവകാശവാദത്തിന്റെ ഭാരം താങ്ങുന്നതിനു പകരം, അതിനെക്കാൾ എളുപ്പവും ലാഭകരവും ആയ ഒരു വഴി പത്രങ്ങൾ കണ്ടെത്തി. പത്രത്തിന്റെ ഒരു ഭാഗം മുഴുവൻ പരസ്യം ചെയ്യാൻ താല്പര്യമുള്ള കമ്പനിക്കു വിട്ടുകൊടുക്കുക. അവർക്കു കിട്ടുന്ന ഭാഗത്ത് എന്തു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും എഴുതിച്ചേർക്കാം. ആരും ഒന്നും ചോദിക്കില്ല. പണം പത്രത്തിനു കൃത്യമായി കൊടുത്താൽ മതി. എല്ലാവരുടെയും താല്പര്യങ്ങൾ അങ്ങനെ അവിടെ സമന്വയിക്കപ്പെടുന്നു. ശുദ്ധവായു ശ്വസിക്കേണ്ടതിന്റെയും മുലപ്പാൽ ഊട്ടേണ്ടതിന്റെയും ആവശ്യം പരസ്യം ചെയ്യണമെന്ന അവസ്ഥ വരുമ്പോൾ ഇത്തരം പത്രതന്ത്രങ്ങൾ പ്രസക്തമാകും. അത്തരം കാര്യങ്ങൾക്കു പരസ്യം വേണമെന്നു വന്നാൽ, പണ്ടം പണയത്തിനെടുത്ത് പണം കടം കൊടുക്കുന്ന സൌകര്യം പരസ്യപ്പെടുത്തുന്നതിൽ അത്ഭുതമില്ലല്ലോ.

പരസ്യക്കാരെയും വാർത്തക്കാരെയും ഒരു പോലെ വിദഗ്ധമായി വെട്ടിക്കുന്ന ചില വിരുതന്മാരുമുണ്ട്. അവർ പരസ്യത്തെ വാർത്തയാക്കുന്നു. മറിച്ചും പറയാം, വാർത്തയെ പരസ്യമാക്കുന്നു. പണമടച്ച് പരസ്യമായി അച്ചടിച്ചുവരേണ്ട കാര്യം ഒരു ചിലവുമില്ലാതെ വാർത്തയായി വരുന്നു. അങ്ങനെ ആകാമെങ്കിൽ, എന്തിനു പരസ്യം കൊടുക്കണം? അവിടെ വാർത്തയും പരസ്യവും തമ്മിൽ ഒരു ഏകീഭവം സംഭവിക്കുന്നു. ലേഖകനും പരസ്യപ്രതിനിധിയും ഒന്നാകുന്നു. പക്ഷേ അതിനിടയിലും എന്തോ ഒരു വാണിജ്യം നടന്നിരിക്കും. ഒരു തരം കൊള്ളക്കൊടുക്ക.

ഐസക് പറഞ്ഞതിന്റെ പൊരുളും അതായിരിക്കും. എല്ലാം വാണിജ്യപരമായ തീരുമാനമാകുന്നു.


(മലയാളം ന്യൂസ് സപ്റ്റംബർ അഞ്ച്)

Monday, August 30, 2010

ഓണം ഒരു വർച്വൽ റിയാലിറ്റി

ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകളിൽനിന്നായിരുന്നുവെന്നാണ് ഓർമ്മ, ഹെലികോപ്റ്ററിൽ കയറി ധ്രുവപ്രദേശം കാണാൻ പോയി. കുറച്ചു പറന്നുകേറിയപ്പോൾ വല്ലാത്ത കുളിര് അനുഭവപ്പെട്ടു. വിറങ്ങലിപ്പിക്കുന്ന കാറ്റടിച്ചു. മഞ്ഞുതുള്ളികൾ മുഖത്ത് വീണു. എപ്പോഴോ വിമാനം എവിടെയോ ഇടിച്ചിറങ്ങുന്നതുപോലെ തോന്നി. വൈമാനികന്റെ സീൽക്കാരം കേട്ടു....

വാസ്തവത്തിൽ ഒന്നും സംഭവിച്ചിരുന്നില്ല. മഞ്ഞോ കാറ്റോ ധ്രുവപ്രദേശമോ വൈമനികനോ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ വരി വരിയായി കസാലയിൽ ഇരിക്കുകയായിരുന്നു. കസാല ഇളകിയാടി.
മുന്നിലെ ചുമരിൽ ധ്രുവപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിഞ്ഞു. ശബ്ദകോലാഹലത്തോടെ
യാത്രയുടെ വിവരണവും കേൾക്കാമായിരുന്നു. അതു തീർന്നപ്പോൾ എല്ലാം തീർന്നു. ഞങ്ങൾ കസാലയിൽനിന്ന് എഴുന്നേറ്റ് കെട്ടിടത്തിന്റെ ടെറസ്സിലെക്കു നീങ്ങി--അയഥാർഥമായ ഒരു ധ്രുവസവാരിയുടെ ഓർമ്മയുമായി.

ഞാൻ കടന്നുപോയ ഒരു, ഒരു പക്ഷേ ആദ്യത്തെ, വർച്വൽ റിയാലിറ്റി--Virtual Reality--അതായിരുന്നു.
ആലോചിച്ചുനോക്കിയപ്പോൾ, പലതും വർച്വൽ റിയാലിറ്റി ആകുകയാണെന്നു തോന്നി. തൃശ്ശൂർ പൂരത്തിലെയും മറ്റും കണ്ണഞ്ചിപ്പിക്കുകയും ഞെട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുന്നുമണിയുടെ ശബ്ദവും ദൃശ്യവും സിഡിയിലാക്കി കാണിച്ചാൽ പോരേ എന്ന് ഈയിടെ കോടതിയിൽനിന്ന് ചോദ്യമുണ്ടായി. അങ്ങനെയായാൽ പരിസദൂഷണം കാര്യമായി കുറക്കാമെന്നായിരുന്നു ഒരു വാദം. അത്രതന്നെ പ്രധാനമായി എനിക്കു തോന്നുന്നു, അതുവഴി മനുഷ്യന്റെ സൌന്ദബോധത്തിൽ ഉണ്ടാകുന്ന പരിണാമം. പുതിയ സാങ്കേതികവിദ്യ നമ്മുടെ ഉത്സവങ്ങളെ സ്വീകരണമുറിയിൽ ഒതുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. പടക്കം പൊട്ടിക്കാതെത്തന്നെ, വായുവിൽ പുക പരത്താതെത്തന്നെ,
പടക്കത്തിന്റെ ഒച്ചയും കാഴ്ചയും നമുക്ക് ഇഷ്ടമുള്ള അളവിൽ കാണാമെന്നായിരിക്കുന്നു.

ഇത്തവണ ഓണം വന്നപ്പോൾ ആ ചിന്ത ഒന്നുകൂടി ആഴത്തിൽ അനുഭവപ്പെട്ടു. വീട്ടിനുള്ളിലിരുന്ന്, കൂട്ടായ്മകളില്ലാതെ ഓണം കൊണ്ടാടുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് വിശേഷിച്ചൊരു സർവേയും നടത്താതെ പറയാം. ടെലിവിഷൻ അതു സാധ്യതയും സത്യവുമാക്കിയിരിക്കുന്നു. അങ്ങനെ പൂവില്ലാതെ പൂക്കളം കാണാം. ആടാനും പാടാനും ആളില്ലാതെ കൈകൊട്ടിക്കളിയാവാം. ഒരു ബട്ടൺ അമർത്തിയാൽ, ഇരുന്ന ഇരുപ്പിൽ, മത്സരത്തിൽ പങ്കാളിയാകാം. മോണിറ്ററിൽ കാണുന്ന വിശിഷ്ടഭോജ്യങ്ങൾ തിന്നാൻ പാകത്തിലല്ലെന്നു മാത്രം.

പുറത്തറങ്ങാതെയുള്ള, വർച്വൽ റിയാലിറ്റിയാകുന്ന, ഓണാഘോഷത്തെ തള്ളിപ്പറയുന്നവരാവും അധികവ,
പഴമക്കാരിൽ എല്ലാവരും. ഒരുമയാണ് ഓണം, പങ്കാളിത്തമാണ് ഓണം--എല്ലാ ഉത്സവങ്ങളെയും പോലെ. പങ്കാളിത്തമില്ലാതെ, മുറിയിൽ അടച്ചിരുന്നുള്ള കൊണ്ടാട്ടം ഒരു വഹ തന്നെ. പക്ഷേ ആ വഹകൊണ്ടു തൃപ്തിപ്പെടേണ്ട കാലവും അവസ്ഥയും വരും, വന്നിരിക്കുന്നു. സാങ്കേതികവിദ്യ നമ്മുടെ ആഘോഷരീതിയെ മാത്രമല്ല, അതിനു നിയാമകമായ സെൻസിബിലിറ്റിയെയും മാറ്റുക തന്നെ ചെയ്യും. അതുമായി പൊരുത്തപ്പെടാത്തവർ പരിതപിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് സ്വീകരണമുറിയിലെ ടെലിവിഷൻ ഓണത്തെ തിരുവൊണമാക്കുക. പുറത്തിറങ്ങാൻ വയ്യാത്തവർക്ക് അതിലും വലിയൊരു അനുഗ്രഹമുണ്ടോ?

പുറത്തിറങ്ങാൻ, പലതുകൊണ്ടും, മടിയുള്ള എനിക്കാകട്ടെ, ടെലിവിഷൻ ഓണം ഒരു മിശ്രിതാനുഗ്രഹമായേ തോന്നിയുള്ളു. ഒന്നാമതായി, കള്ളത്തരത്തെപ്പറ്റിയുള്ള ആലോചനയിൽ വഴുതി വീണു. ഓണത്തന്റെ ഉത്ഭവത്തിൽത്തന്നെ ഒരു കള്ളവും ചതിയും ഉണ്ടല്ലോ. കള്ളവേഷത്തിൽ വന്ന ഒരു ഭിക്ഷുവും ചതിക്കപ്പെട്ട ഒരു ചക്രവർത്തിയും ആണ് അതിലെ മുഖ്യകഥാപാത്രങ്ങൾ. രണ്ടാമതായി, സ്വീകരണമുറിയിലെ ആഘോഷത്തിൽ, വർച്വൽ റിയാലിറ്റിയിൽ, ഒരു തരം കള്ളമില്ലേ? മൂന്നാമതായി, പരിപാടികളുമായി മത്സരിച്ചു മുഴങ്ങുന്ന പരസ്യങ്ങൾ. അവയിൽ വീണുപോകുന്നവർ പോലും സത്യപ്രസ്താവമാണെന്നു കരുതാത്ത പരസ്യങ്ങളായിരിക്കുന്നു സ്വീകരണമുറിയിലെ ഓണത്തിന്റെ മുഖ്യവിഭവം. എല്ലാ പരിപാടികളും പരസ്യം കൊടുക്കാനുള്ള ഒഴികഴിവാണെന്നുപോലും പറയാം. പത്രങ്ങളെപ്പറ്റി സിനിസിസത്തോടുകൂടി പറയാറുണ്ട്, അവയിലെ പരസ്യങ്ങൾക്കിടയിൽ കൊടുക്കാനുള്ളതാണ് വാർത്ത. അല്പമൊന്നു കടുപ്പിച്ചു പറഞ്ഞാൽ, നമ്മുടെ മനസ്സും സ്വീകരണമുറിയും ഒരു മാർക്കറ്റ് ആക്കാൻ നാം നിന്നുകൊടുക്കുന്നു--ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒഴിവാക്കാൻ വയ്യാത്തതാണ് ഈ സ്ഥിതി. ഒഴിവാക്കാൻ പറ്റുന്ന ഒരു സ്ഥിതിയുണ്ട്: ഓണപ്പരിപാടിയുടെ ഉള്ളടക്കത്തിൽ സിനിമ കയറി മറയുന്നത്. അതു പക്ഷേ ഒഴിവാകുന്നില്ല, നമ്മൾ ഒഴിവാക്കുന്നില്ല. അതാണ് ഓണക്കാലത്ത് എല്ലാവരും കാത്തിരിക്കുന്ന വിശിഷ്ടഭോജ്യമെന്ന് പരിപാടി ഉണ്ടാക്കുന്നവരും, അതു കൊടുത്താലേ പരസ്യം കിട്ടുകയുള്ളൂവെന്ന് മാർക്കറ്റിംഗ് മേധാവികളും സുവിശേഷം പോലെ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട്, എല്ലാ ഉത്സവത്തിനും, ഓണമായാലും വിഷുവായാലും സ്വീകരണമുറിയിൽ നടക്കുന്ന എന്തു വർച്വൽ റിയാലിറ്റി ആഘോഷമായാ അവരൊക്കെക്കൂടി സിനിമ ഇറക്കും----പല ഈണങ്ങളീൽ, പല നിറങ്ങളിൽ, പല ചേരുവകളിൽ.

കരഞ്ഞും കിണുങ്ങിയും വീരപാണ്ഡ്യൻ ശൈലിയിൽ ആക്രോശിച്ചും എന്റെ മുറിയിൽ നിറയും. കഥാപാത്രങ്ങളായി ഞെളിയുകയും പിരിയുകയും ചെയ്യാത്തപ്പോൾ, അവർ തനി പാത്രങ്ങളാകും. ഊണു കഴിക്കുന്നതിനെപ്പറ്റി, കുളിക്കുന്നതിനെപ്പറ്റി, പ്രേമിക്കുന്നതിനെപ്പറ്റി, ആടുന്നതിനെയും പാടുന്നതിനെയും പറ്റി, ഓണത്തിനു വില്ലടിക്കുന്നതിനെപ്പറ്റി, കുട്ടിക്കാലത്ത് പൂ പറിക്കാതിരുന്നതിനെപ്പറ്റി, അങ്ങനെ എന്തിനെയൊക്കെയോ പറ്റി അവർ നമുക്ക് ചിന്തകളും ചാന്തുപൊട്ടുകളും സമ്മാനിക്കും--അഭിമുഖസംഭാഷണങ്ങളിലൂടെ. പലപ്പോഴും സംഭാഷണത്തിൽ ഒരാളേ കാണുകയുള്ളൂ. ചോദ്യം ചോദിക്കുന്ന ഭൂതത്തെ പ്രൊഡ്യൂസർ കുടത്തിൽ അടച്ചു വെക്കും. സിനിമക്കാരന്റെ--സിനിമക്കാരിയുടെ എന്നും യുക്തം പോലെ ചേർത്തു വായിക്കുക--ഓർമ്മകളിലും കിനാവുകളിലും മാത്രമേ കാണികൾക്കു താല്പര്യം കാണൂ എന്നാണ് അവരുടെ വിചാരം.

കൊല്ലം തോറും കാണുന്നതാണ് ഈ താരവിചാരം. കൊല്ലം തോറും പല വട്ടം എന്നു പറയണം. തരം കിട്ടുമ്പോഴെല്ലാം താരങ്ങളുടെ കിന്നാരം പല രൂപങ്ങളിൽ നമ്മെ അവർ കാണിച്ചു തന്നുകൊണ്ടിരിക്കും. ഇങ്ങനെ എപ്പോഴും താരങ്ങളുടെ മറകളിലേക്കും അറകളിലേക്കും കയറിച്ചെന്ന് ആണ്ടറുതി ആഘോഷിക്കാനാണോ ശരാശരി മലയാളീ പ്രേക്ഷകൻ കാത്തിരിക്കുന്നത്? പ്രേക്ഷകനിൽ വെറും ശ്രോതാവിനെയും ഉൾപ്പെടുത്തണം. കാരണം റേഡിയോവിലും താരതല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.
എന്തവസരം വന്നാലും താരങ്ങളുമായി സൊറ പറഞ്ഞുവേണം അതു കൊണ്ടാടാൻ എന്നു വരുത്തിത്തീർക്കുന്ന ടെലിവിഷൻ സെൻസിബിലിറ്റിയെപ്പറ്റി, ആർക്കുണ്ടായാലും, എനിക്ക് വലിയ മതിപ്പില്ല.

ആവശ്യത്തിനാവാം. വല്ലപ്പോഴുമാകാം. പക്ഷേ കാള പെറ്റെന്നു കേട്ടാലും മാനം മറിഞ്ഞുവീണെന്നു കേട്ടാലും സിനിമാസംസാരം ഇറക്കുന്നത്, മര്യാദയായി പറഞ്ഞാൽ, ബോറാണ്. അവർ അവതരിക്കുന്നത്
കഥാപാത്രങ്ങളായും പാത്രങ്ങളായും മാത്രമല്ല. എന്തെല്ലാമോ സാധനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശവാഹകരായും അവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. അമ്മമാർ മുലയൂട്ടണമെന്നു പറയാൻ, നികുതി കൊടുക്കണമെന്നു പറയാൻ, ചെരുപ്പും കുരിപ്പും ഭാഗ്യവും കുറിയും വിൽക്കാൻ, അവർ വരുന്നു. അങ്ങനെ എന്തിന്റെയും സന്ദേശം വഹിച്ചുകൊണ്ട് അവർ എത്തുന്നതിനെ നമ്മുടെ മുഖ്യൻ പോലും വിമർശിച്ചിരിക്കുന്നു. ടെലിവിഷനും സ്വീകരമുറിയും, ജീവിതം മൊത്തത്തിലും, സിനിമവൽക്കരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഒരു വിശാലവിചിന്തനമായി കണക്കാക്കണം വി എസ്സിന്റെ ആ പരാമർശത്തെ. അതും, ഓണം വിർച്വൽ റിയാലിറ്റിയായി മാറുന്നതിനെപ്പറ്റിയുള്ള എന്റെ ആലോചനയും ഒരേ നേരത്തുണ്ടായത് യാദൃച്ഛികം മാത്രം.

(മലയാളം ന്യൂസ് ആഗസ്റ്റ് 30)

Monday, August 23, 2010

ഒരു അഭിമുഖത്തിനുശേഷം

ഫോര്‍മോസസ് മാര്‍പ്പാപ്പയെ ഓര്‍ത്തുപോയി, ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖം കണ്ടപ്പോള്‍. കണ്ടപ്പോഴല്ല,
അഭിമുഖത്തെ അഭിനനന്ദിച്ചപ്പോള്‍ എന്നു പറയണം. നന്നായെന്നു തോന്നിയപ്പോള്‍, ഉടന്‍ അഭിനന്ദിച്ചു,
പിന്നെ വേണ്ടെന്നു തോന്നി. പിന്‍വലിക്കാന്‍ പറ്റുമോ?

ഫോര്‍മോസസ് മാര്‍പ്പാപ്പയുടെ സ്ഥാനം അങ്ങനെ പിന്‍വലിച്ചിരുന്നു. അധികാരത്തിന്റെ പേക്കൂത്ത് നടന്നിരുന്ന കാലം.
ഫോര്‍മോസസ്സിനുശേഷം വന്ന ഒരു മാര്‍പ്പാപ്പ, എസ്തപ്പാന്‍ രണ്ടാമന്‍, അദ്ദേഹത്തിന്റെസ്ഥാനം മാത്രമല്ല,
അദ്ദേഹം ഇറക്കിയ കല്പനകളും പിന്‍വലിച്ചു. കല്പന എഴുതിയ മൂന്നു വിരലുകള്‍ മൃതദേഹത്തില്‍നിന്ന് വെട്ടിക്കളഞ്ഞു.
മാര്‍പ്പാപ്പയുടെ കുപ്പായമിടുവിച്ച് മൃതദേഹത്തെ വിചാരണ ചെയ്തു. പിന്നെ പള്ളിക്കു വെളിയില്‍ കുഴിച്ചിട്ടു.

അതുപോലെ എല്ലാം പിന്‍വലിക്കേണ്ട കാര്യമോന്നുമില്ല. അഭിമുഖം നന്നായിരുന്നു. അങ്ങനെ പറയുകയും ചെയ്തു.
പറഞ്ഞുകഴിഞ്ഞപ്പോള്‍ അതൊക്കെ നേരത്തെ ഒരു വാരികയില്‍ വന്നതാണെന്ന് കണ്ടു. അത്രയേ ഉണ്ടായുള്ളൂ. വാരികയില്‍ പറഞ്ഞതൊക്കെ ഭാഗ്യലക്ഷ്മി മുഖദാവില്‍ പരഞ്ഞുകണ്ടപ്പോള്‍, ഞാന്‍ ഇമ വെട്ടാതെ കണ്ടും കേട്ടുമിരുന്നു. കാണാതെ പോയ ഭാഗങ്ങള്‍ വീണ്ടും കാണണമെന്നു തോന്നി.

ഭാഗ്യലക്ഷ്മിയെ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നുവെച്ചാല്‍, അവരുടെ ശബ്ദം പരിചയപ്പെട്ടതിനുശേഷം എന്നും.
ദു:ഖവും ദേഷ്യവും ലാഘവവും ഗുരുത്വവും ഭാഗ്യലക്ഷ്മിയുടെ സ്വരത്തില്‍, നായികയുടെ രൂപത്തില്‍, പുറത്തുവന്നു. ആ സ്വരം മാറ്റിയാല്‍, പിന്നെ നായികയുടെ അംഗവിക്ഷേപമെല്ലാം വെറുതെ ആവില്ലേ എന്നു ഞാന്‍ പേടിച്ച സന്ദര്‍ഭങ്ങള്‍ ഏറെ. ഭാഗ്യലക്ഷ്മിയുടെ ശബ്ദപ്രയോഗത്തില്‍ ഒരു സര്‍ഗ്ഗാത്മകത ദര്‍ശിക്കാം. പക്ഷേ ആ ആദരം കൊണ്ടൊന്നുമല്ല ഞാന്‍ ആ അഭിമുഖം ഇഷ്ടപ്പെട്ടതെന്ന് ഇപ്പോഴേ പറഞ്ഞുവെക്കട്ടെ.

അഭിമുഖത്തിന്റെ ചില ഭാഗങൾ പരസ്യം ചെയ്തപ്പോൾ, ശ്രദ്ധയിൽ പെട്ടിരുന്നു. അതു കാണതിരിക്കാൻ വയ്യെന്ന് അപ്പോഴേ കരുതി. അത്ര ഉള്ളു തുറക്കുന്നതും ഉള്ളിൽ തട്ടുന്നതുമായിരുന്നു സംസാരം. ഇന്ങനെയും ആളുകൾ വെട്ടിത്തുറന്നു പറയുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. മിക്കവരും മറച്ചുവെക്കാൻ പാടു പെടുന്ന, പേടിക്കുന്ന കാര്യന്ങൾ, ഭാഗ്യലക്ഷ്മി ഒട്ടൊക്കെ അഭിനിവേശത്തോടെത്തന്നെ പറഞുപോകുന്നതു കേട്ടപ്പോൾ, പാവം തോന്നി, ആദരം തോന്നി, അത്ഭുതം തോന്നി, ഇഷ്ടം തോന്നി. അതൊക്കെ പറഞുതീർക്കണമെന്നൊരു ആന്തരനിർബ്ബന്ധം പറയുന്നയാൾ അനുഭവിക്കുന്നുവോ എന്നു തോന്നി. ഇംഗ്ലിഷിൽ കാഥാർസിസ് എന്ന് ഇതിനെയാണോ പറയുക?

ദൈന്യത്തിന്റെ ദ്വീപുകളായി, അവിശ്വസനീയമായ ഗോപുരന്ങളായി, എന്റെ മനസ്സിൽ ഉയർന്നുനിന്ന രണ്ടു മൂന്ന് ചിത്രങളുണ്ടായിരുന്നു ആ അഭിമുഖത്തിൽ. ഒന്ന്, കുട്ടിക്കാലത്ത് അനാഥാലയത്തിന്റെ പടി കാണിച്ചു കൊടുത്ത് ഓടി മറയുന്ന അമ്മ. രണ്ട്, വഴി തെറ്റിക്കാൻ കാത്തിരിക്കുന്ന ചെറിയമ്മ. മൂന്ന്, പ്രേമിച്ചു കല്യാണം കഴിച്ചതിനുശേഷം ഒരു കൊല്ലത്തിനകം അപരിചിതനെപ്പോലെ പെരുമാറാൻ തുടന്ങിയ ഭർത്താവ്. ഈ ശ്ലഥബന്ധന്ങളോരോന്നും ഇഴ പിരിച്ച്, അവ എന്ങനെ രൂപപ്പെട്ടുവെന്നും വിരൂപമായെന്നും മനസ്സിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ സംഭവകഥനത്തിനിടയിൽ, അപഗ്രഥനത്തിനോ ആത്മവിശ്ലേഷണത്തിനോ ഭാഗ്യലക്ഷ്മി ധൃതി കാട്ടിരിയിരുന്നില്ല.

അമ്മ എന്റെ ചിന്തയിൽ എന്നും സജീവമായിരുന്നു. ആ ഭാവത്തിന്റെ വിവിധതകളെപ്പറ്റിയുള്ള ആലോചനകൾക്ക് അറുതിയില്ല. മുമ്പൊരിക്കൽ ഈ പംക്തിയിൽ അമ്മ മനസ്സിനെപ്പറ്റി എഴുതാനും ഇടയായി. അമ്മ മനസ്സിന്റെ പുണ്യത്തെപ്പറ്റിയുള്ള പാട്ടുകളെല്ലാം പുഷ്കലമായ കാല്പനികഭാവന മാത്രമാണെന്നു വാദിക്കുന്ന ഗവേഷകരെ പരിചയപ്പെട്ടത് അതിനിടയിലായിരുന്നു. പത്തു മാസം ചുമന്നു പെറ്റ കുട്ടിയെ അമ്മത്തൊട്ടിലിലോ കുപ്പക്കുഴിയിലോ കിടത്തിപ്പോകുന്ന അമ്മമാരുടെ ദീനതകളെപ്പറ്റിയും ആത്മനിർബ്ബന്ധന്ങളെപ്പറ്റിയും ഞാൻ ഓർത്തുപോയി. ഭഗ്യലക്ഷ്മിയുടെ അമ്മയുടെ ചിത്രം കൂടുതൽ തെളിന്ഞുവന്നില്ല. അവരുടെ നിസ്സഹയാതകളും അധികം വിവരിക്കപ്പെട്ടില്ല. അതൊക്കെ അറിയണമെന്ന ആഗ്രഹം വളർത്തിയതായിരുന്നു ആ അഭിമുഖത്തിന്റെ വിജയം.

ഭാഗ്യലക്ഷ്മിയുടെ കഥ കേട്ടപ്പോൾ വ്യാകുലത വളർന്നു. ഞാൻ അസ്വസ്ഥനായി. പിരിയുന്ന ഓരോ ബന്ധവും അസ്വസ്ഥത വളർത്തുന്നു. “സ്നേഹവ്യാഹതി തന്നെ മരണം“ എന്ന് ആശാൻ പറന്ഞതും അതുകൊണ്ടുതന്നെ. അതിനദ്ദേഹം കാരണവും കണ്ടിരുന്നു: “പരപുഛവും അഭ്യസൂയയും, ദുരയും ദുർവ്യതിയാനസക്തിയും, കരളിൽ കുടിവെച്ചു ഹാ പരമ്പരയായ് പൌരികൾ കെട്ടു പോയിതേ“ എന്നായിരുന്നു സ്നേഹവ്യാഹതിക്കുള്ള വ്യാഖ്യാനം. ആ വഴിക്കുപോയ എന്റെ ചിന്ത പെട്ടെന്ന് അറച്ചുനിന്നു.

ഭഗ്യലക്ഷ്മിയുടെ വ്യാകുലതകൾ പറന്ഞുകേട്ടപ്പോൾ, അവക്കൊരു സാംക്രമികത ഉണ്ടെന്നു തോന്നി. ഓരോ ബന്ധഭംഗവും ശ്രദ്ധേയവും വേദനാജനകവും ആയി തോന്നി. പിന്നെ ഞാൻ തിരിന്ഞ് എന്നോടുതന്നെ ചോദിച്ചു: “ഇതിൽ വിശേഷിച്ചൊരു വേദനക്ക് കാരണമുണ്ടോ? എന്നും എത്രയോ തവണ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ ഈ കഥ? അതിലൊന്നും വേദന തോന്നുകയോ വിചാരം കൊള്ളുകയോ ചെയ്യാത്തതെന്തേ?”

കുട്ടികളെ കളയുകയോ, കൈക്കുന്ഞുന്ങളെ കാണിച്ച് പിച്ച തെണ്ടുകയോ ചെയ്യുന്ന അഞ്ച് അമ്മമാരെയെൻകിലും കണ്ടുമുട്ടാതെ എന്റെ ഒരു തീവണ്ടിയാത്രയും അവസാനിക്കാറില്ല. മുഷിഞ കീറത്തുണിയിൽ പൊതിന്ഞ കുട്ടിയെ തോളിലിട്ട് , പിച്ചപ്പാട്ടുമായി വരുന്ന അമ്മമാർ എന്നെ സ്പർശിക്കാറില്ല. സ്പർശിക്കുന്നുവെൻകിൽത്തന്നെ, അറപ്പോ വെറുപ്പോ സംശയമോ ജനിപ്പിക്കും അത്ര തന്നെ. ശല്യം ഒഴിവാക്കാനായി, ഒരു നാണയം എറിന്ഞ് ഞാൻ മുഖം വെട്ടിക്കും. മനുഷ്യബന്ധത്തിന്റെ രസതന്ത്രത്തെപ്പറ്റിയൊന്നും അപ്പോൾ ആലോചിക്കാറില്ല. യാചകരുടെ ശല്യത്തെപ്പറ്റിയും, വ്യഭിചാരത്തെപ്പറ്റിയും, കുട്ടികളെ അംഗഭംഗം വരുത്തി കച്ചവടച്ചരക്കാക്കുന്ന മാഫിയയെപ്പറ്റിയും രോഷത്തോടെയുള്ള
ചർച്ച മുറുകും. അവിടെ വ്യാകുലതയില്ല.

സിനിമയിലോ പത്രത്തിലോ ഒരു നൊമ്പരക്കിന്നാരം കേട്ട് വിഹ്വലരാകുക; ഉടനേ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള ചിന്തയിലും ചർച്ചയിലും മുഴുകുക. അതു നടക്കവേ, തൊട്ടടുത്ത് ആ കഥ ജീവിതമായി പൊരിയുതും പൊള്ളുന്നതും വികരഭേദമില്ലാതെ കണ്ടിരിക്കുക; സൂര്യോദയത്തിന്റെ സ്വാഭാവികതയോടെ അതിനെ സ്വീകരിക്കുക. ഇതിനെ ഹിപൊക്രിസി എന്നു തള്ളിക്കളയുന്നതിനെക്കാൾ ശരിയാകും, മനുഷ്യമനസ്സിലെ ജൈവവിരുദ്ധ്യം എന്നു വിശേഷിപ്പിക്കുന്നതെന്നു തോന്നുന്നു. “അടുത്തു നിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ ഇല്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിൽ എന്താശ്ചര്യം?”

എളുപ്പവും സ്വാഭാവികവുമായ ആ ചോദ്യത്തെക്കാൾ എനിക്ക് വെളിച്ചം തരുന്ന ഒരു ചിത്രം ഓർക്കുന്നു. മൃണാൾ സെന്നിന്റെ ഏക് അധൂരീ കഹാനീ എന്ന ചിത്രത്തിലെ ഒരു രംഗം. പൂട്ടിയിട്ട തുണിമില്ലിലെ തൊഴിലാളികൾ പട്ടിണി കിടന്നു മരിക്കുമ്പോൾ വിശേഷിച്ചൊന്നും തോന്നാത്ത മില്ലുടമ, പുൽത്തകിടിയിൽ ഇരുന്ന് വിശക്കുന്ന ഉറുമ്പുകൾക്ക് പഞ്ചസാര വിതറിക്കൊടുക്കുന്നു....! ഒരു ശ്ലഥബന്ധത്തിന്റെ കഥ കേട്ട് വിഹ്വലരാകുന്നവർ, തന്ങളുടെ ചുറ്റും ഉള്ളിലും കൂടെക്കൂടെ പൊട്ടിക്കൊണ്ടിരിക്കുന്ന ചന്ങാത്തന്ങളെപ്പറ്റി ഓർക്കുക പോലും ചെയ്യാതിരിക്കുന്നതും അതു പോലെയല്ലേ?

(ആഗസ്റ്റ് 23ന് മലയാളം ന്യൂസിൽ വന്നത്)

Wednesday, August 18, 2010

അനുമോദിക്കാൻ ഒരു വഴി

പ്രൊഫസർ സ്റ്റാൻലി ഫിഷ് കഴിഞ്ഞയാഴ്ച ന്യൂയോർക് ടൈംസിൽ എഴുതിയ ഒരു സംഭവം വായിച്ചപ്പോൾ, അത്ഭുതം തോന്നിയില്ലെന്നു മാത്രമല്ല, ഞാൻ ഉൾപ്പടെ എത്രയോ പേരുടെ അനുഭവം ആയിരിക്കും അതെന്നു തോന്നുകയും ചെയ്തു. ആദ്യം ഫിഷ് വിവരിച്ച സംഭവം ചുരുക്കി പറയട്ടെ.

ഒരു സർവ്കലാശാലയിലെ ഡീൻ ആയ അദ്ദേഹം ഏതോ ഒരു കോളെജ് സന്ദർശിച്ചതായിരുന്നു അവസരം. അവിടത്തെ ഒരു അധ്യാപകൻ അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകം സന്ദർശകന് സമ്മാനിച്ചു. ഒറ്റ നോട്ടത്തിൽ പ്രൊഫസർ ഫിഷിന് വലിയ മതിപ്പു തോന്നി; ഉദാരമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. ഭംഗികൊണ്ടാകണം,. പുസ്തകത്തിലെ ചില ഭാഗങ്ങൾ, ചില പ്രയോഗങ്ങൾ, ഫിഷിന്റെ മനസ്സിൽ പൊങ്ങിപ്പൊങ്ങി വന്നുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞേ അതിന്റെ അക്കിടി അദ്ദേഹത്തിനു പിടി കിട്ടിയുള്ളു. അതൊക്കെ പ്രൊഫസർ ഫിഷിന്റെ പുസ്തകത്തിൽത്തന്നെ ഉള്ളതായിരുന്നു. ഏറെക്കുറെ നന്നായി പകർത്തിയെഴുതിയതായിരുന്നു അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ട പുതിയ പുസ്തകം. തന്റെ വാക്കും വിചാരവും വേറൊരാൾ തനിക്കു സമ്മാനിച്ചതു കണ്ടപ്പോൾ പ്രൊഫസർ ഫിഷ് അതം വിട്ടു നിന്നു.

സൂക്ഷിച്ചുനോക്കിയാൽ അങ്ങനെ അന്തം വിടാനൊന്നുമില്ലെന്നു കാണാം. ഇവിടെ നടന്നിരിക്കുന്നത് ഒരു തരം ധീരമായ സാഹിത്യമോഷണം തന്നെയെന്നു സമ്മതിക്കണം. അതിനെക്കാൾ എനിക്ക് കൂടുതൽ കൌതുകം തോന്നുന്നത് മോഷ്ടിക്കപ്പെട്ട തന്റെ മുതൽ കാണുമ്പോൾ തിരിച്ചറിയാൻ ഉടമസ്ഥനു കഴിയാത്ത സ്ഥിതിയെപ്പറ്റിയാണ്. ഉടമസ്ഥൻ പോലും തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആ മുതലിന്റെ സ്വത്വം എവിടെ? അതിൽ അവകാശം ഉറപ്പിക്കാനുള്ള പഴുതെവിടെ?

ഇരുപതു കൊല്ലം മുമ്പ് ഞാൻ ബംഗളൂരിൽ ജോലി ചെയുമ്പോൾ മുഖപ്രസംഗം എഴുത്ത് എന്റെ ജോലിയായിരുന്നു. പണ്ടൊരിക്കൽ, കൌതുകം കാരണവും ജോലിയുടെ ഭാഗമായും, ആരെന്തൊക്കെ മുഖപ്രസംഗത്തിൽ പറയുന്നുവെന്നു നോക്കേണ്ടിവന്നിരുന്നു. പിന്നെ മനസ്സിലായി, മുഖപ്രസംഗം വായിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നയം രൂപീകരിക്കുന്നതെങ്കിൽ, അവരുടെ കാര്യം പോക്കു തന്നെ. എതിരാളിയായ പത്രത്തിലെ മുഖപ്രസംഗലേഖകനാണ് തന്റെ വിശ്വസ്തനായ വായനക്കാരൻ എന്ന് സിനിക്കുകളായ പത്രാധിപർക്കറിയാം.

ഏതായാലും, മുഖപ്രസംഗം വായിച്ചു മടുത്തിരിക്കുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ സഹായി വാസു വായിക്കാൻ വേണ്ടി അടയാളപ്പെടുത്തിയ ഒരു പത്രഭാഗം എന്റെ മുമ്പിൽ വെച്ചു. വാസുവിന്റെ ചിരിയിലെ കുസൃതി കാണാതെ ഞാൻ അതു വായിച്ചു തുടങ്ങി. പത്രാധിപർക്ക് കത്തുകളെഴുതി ജീവിതം ധന്യമാക്കുന്ന ഒരു സ്ത്രീയുടെ പതിവു വചനം വാസു എന്നെക്കൊണ്ടു വായിപ്പിക്കുന്നതിൽ അരിശം തോന്നി. ആദ്യത്തെ ഖണ്ഡിക വായിച്ച് ഞാൻ മാറ്റി വെച്ചു. “എന്തു തോന്നുന്നു?”--വാസുവിന്റെ ചോദ്യം. “കൊള്ളാം”--എന്റെ ഉത്തരം. അപ്പോൾ അന്തം വിട്ടത് വാസുവായിരുന്നു. “സാറിന് ഒന്നും തോന്നിയില്ലേ?” ഒന്നും തോന്നാതെ ഞാൻ മിഴിച്ചിരുന്നപ്പോൾ, ഞങ്ങളൂടെ പത്രത്തിന്റെ പഴയ ഒരു മുഖപ്രസംഗം വാസു എനിക്കു വായിക്കാൻ തന്നു. ആ ശിക്ഷ ഏറ്റുവങ്ങി, ഒന്നു രണ്ടു വാക്യം വായിച്ചപ്പോൾ, ഞാൻ കയർത്തു. ഞാൻ തന്നെ എഴുതിയ മുഖപ്രസംഗം വീണ്ടും വായിക്കാൻ എന്റെ സഹായി എന്നോടു പറയുകയോ? ഞാൻ തട്ടിക്കേറാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു സംശയം: മറ്റേ പത്രത്തിൽ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത് ഞാൻ എഴുതിയ മുഖപ്രസംഗം ആണോ? വൈകിവന്ന എന്റെ ബോദോയം കണ്ട് വാസു വാ പൊത്തി പുറത്തേക്കു പോയി.

ആദ്യത്തെ അരിശത്തിനു ശേഷം, ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. ഞാൻ ചെയ്തത് വായനക്കാരന്റെ കത്ത് ചോർത്തി മുഖപ്രസംഗം ആക്കുകയല്ലല്ലോ. എന്റെ സർഗ്ഗസൃഷ്ടിക്ക് ഒരു വായനക്കാരൻ(രി) എങ്കിലും ഉണ്ടെന്നും, അത് അടിച്ചുമാറ്റാൻ തോന്നിക്കുന്നതാണെന്നും തെളിഞ്ഞല്ലോ. ആചാര്യന്മാർ പറഞ്ഞുവെച്ചതോർത്തു: “അനുകരണം പ്രശംസയുടെ ആത്യന്തികരൂപമാകുന്നു.” അപ്പോൾ അപഹരണമോ?

നല്ല മുഖപ്രസംഗങ്ങളും മുഖമില്ലാത്ത പ്രസംഗങ്ങളും എഴുതിയിരുന്ന ഹിന്ദുസ്ഥൻ ടൈംസിന്റെ ഒരു പത്രാധിപർ അദ്ദേഹത്തിന്റെ വാരാന്ത്യചിന്തകൾ പേരുവെച്ചു കാച്ചിയിരുന്നു. മുഖപ്രസംഗത്തിൽ പേരിനു സ്ഥാനമില്ലല്ലോ. അപൂർവമായേ എഡിറ്ററുടെ കയ്യൊപ്പോടെ മുൻ പേജിലോ ഉള്ളിലോ മുഖപ്രസംഗം വരാറുള്ളോ. അതുകൊണ്ട് പേരു വെച്ച പംക്തിയുടെ പകിട്ട് ഒന്നു വേറെത്തന്നെ. നമ്മുടെ പത്രാധിപരുടേത് പൊതുവേ കൊള്ളാവുന്ന പംക്തിയായിരുന്നു. ഒരിക്കൽ അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പോടെത്തന്നെ വന്നത് ഏതോ വിദേശപത്രികയിൽ വേറൊരാൾ എഴുതിയ ലേഖനമായിരുന്നു. പത്രാധിപർക്ക് അത് “ക്ഷ“ ബോധിച്ചു, അദ്ദേഹം അത് മോഷ്ടിച്ചു. അത്രയേ ഉള്ളു. ആത്യന്തികമായ പ്രശംസ അപഹരണമാകുന്നു എന്ന് ഞങ്ങൾ ചിലർ ആത്മഗതം പറഞ്ഞു. അധികം താമസിയാതെ പത്രാധിപർ പുറത്തായി. ഉടനെ ഒരു പത്രപ്രവർത്തനപരിശീലനസ്ഥാപനം അദ്ദേഹത്തെ പത്രധർമ്മം പഠിപ്പിക്കാൻ നിയോഗിച്ചു. വളരെ പ്രഗൽഭമായി അദ്ദേഹം ഇപ്പോഴും അതു ചെയ്യുന്നുവെന്നാണ് കേൾവി.

കുട്ടിക്കാലത്ത് ഞാൻ എഡിറ്റർ ആയി നടത്തിയിരുന്ന ഒരു കയ്യെഴുത്തു മാസികയിൽ ഒരു അപഹരണം ഉണ്ടായി. കാഴ്ചയിൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുടെ പ്രാസഭംഗിയുള്ള ഒരു കവിത ഞാൻ മാസികയിൽ ഉൾപ്പെടുത്തി. അവർക്ക് അങ്ങനെയൊക്കെ എഴുതാനും കഴിയുമെന്ന കണ്ടുപിടുത്തത്തിൽ ഞാൻ അത്ഭുതപരതന്ത്രനായി. അപ്പോഴതാ വരുന്നൂ വേറൊരു കണ്ടുപിടുത്തം--ചെറുപ്പക്കാരി എണ്ണം പറഞ്ഞ ഒരു കള്ളി കൂടിയായിരുന്നു. അവരോട് എന്തിനോ കെറുവിച്ചു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ആരുടെയൊക്കെയോ സഹായത്തോടെ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു ആ കളവ്. അത് കളവല്ല, രണ്ടു കാലഘട്ടങ്ങളിൽ, സമാനചിന്താഗതിയുള്ള രണ്ടു പേർ പരസ്പരസദൃശമായ ഭാഷയിൽ പ്രതികരിച്ചതാണ് എന്നൊക്കെ പറഞ്ഞു നിൽക്കാൻ നോക്കി. ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും, ഇന്നാണെങ്കിൽ, “വെറുമൊരു മോഴ്ടാവാമെന്നെ കള്ളനെന്നു വിളിച്ചില്ലേ?” എന്ന് അയ്യപ്പപ്പണിക്കരുടെ പേരു പറയാതെ തട്ടിമൂളിക്കാമായിരുന്നു.

കുറെക്കഴിഞ്ഞ്, പിന്നീട് മഹാനായിത്തീർന്ന ഒരു കാഥികൻ അങ്ങനെയൊരു ആരോപണത്തിനു വിധേയനായ സംഭവം ഞാൻ നേരിട്ടു കാണുകയുണ്ടായി. ഒരു ഫ്രഞ്ചു കഥ പുള്ളിക്കാരൻ മലയാളത്തിലാക്കി എഴുതി വിട്ടു. കുരുത്തം കെട്ട ആരോ അതു കണ്ടെത്തി പറഞ്ഞു പരത്തി. കാഥികൻ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം പിന്നെയും കഥകളും നോവലുകളും എഴുതി. അവാർഡുകൾ നേടി, അക്കാദമികളിൽ വാണു. അപ്പോൾ ഞാൻ വീണ്ടും മനസ്സിലാക്കി, രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു പ്രതിഭകൾ, ഒരു പോലെ വികാരം കൊള്ളുകയും, ഒരു പോലെ ചിന്തിക്കുകയും ഒരേ വാക്കുകളിൽ സംസാരിക്കുകയും ചെയ്യാവുന്നതേയുള്ളു. അത് അവർ തിരിച്ചറിഞ്ഞോളണമെന്നു പോലുമില്ല. “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി” എന്നൊക്കെ കവികൾ പറയും. അപഹർത്താക്കളെപ്പറ്റി അതിൽ കൂടുതൽ പറയും. പറയട്ടെ.

അതൊക്കെ ഓർത്തു പോയി പ്രൊഫസർ സ്റ്റാൻലി ഫിഷിന്റെ ലേഖനം വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ലേഖനം വേറൊരാൽ പകർത്തി പേരു മാറ്റി സ്വന്തമാക്കി അച്ചടിച്ചുവെന്നു കേട്ടപ്പോൾ ലവലേശം അത്ഭുതം തോന്നിയില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.! അത് ആദ്യത്തെ ഉടമസ്ഥനു തന്നെ സമ്മാനിക്കാൻ അപഹർത്താവു കാട്ടിയ ധീരതയെ വാഴ്ത്താൻ പോലും തോന്നി. പക്ഷേ താൻ എഴുതിയത് തന്റേതാണെന്നു തിരിച്ചറിയാൻ പ്രൊഫസർ ഫിഷ് അത്രയും താമസിച്ചപ്പോൾ, “തന്റേത് എന്ത്? മറ്റവന്റേത് എന്ത്?” എന്നൊരു വികടമായ ചോദ്യം എന്റെ മനസ്സിൽ ഇഴഞ്ഞുകേറുകയായിരുന്നു.

(മലയാളം ന്യൂസ് ആഗസ്റ്റ് 16)