Monday, February 13, 2012

ഭാഗം, പിന്നെ അനന്തമായ വിഭാഗം

ഭാഗത്തിലും പിന്നെ അനന്തമായ വിഭാഗത്തിലുമാണ് നമുക്ക് എന്നും താല്പര്യം. കുടുംബത്തിൽ നടക്കുന്നതിനെയാണ് ഭാഗം എന്നു പറയുക. സംഘടനയായാൽ അത് വിഭാഗീയതയായി. ഭാഗത്തിനു മുമ്പും പിമ്പും വിഭാഗീയത ഉണ്ടായിരിക്കും. സംഘടനയിലും അതു പോലെത്തന്നെ. പക്ഷേ സംഘടനകൾ ഭാഗം വെക്കുന്നതിനെക്കാൾ കൂടുതൽ രസകരം അവരുടെ വിഭാഗീയതയായിരിക്കും. തമ്മിൽ തല്ലി പിരിഞ്ഞു പോയാൽ, പിന്നെ അവർ പരസ്പരം പറയുന്നതിനും പാര വെക്കുന്നതിനും വലിയ പ്രാധാന്യമില്ല. അവരതൊക്കെ ചെയ്യുമെന്ന് ഉറപ്പാണല്ലോ. പരസ്യമായി പ്രഖ്യാപിക്കാതെ, ഒരേ കക്ഷിയിലിരുന്ന് രണ്ടോ ഏറെയോ ചേരികൾ മാധ്യമങ്ങളെ കൂട്ടു പിടിച്ച് ചെളി പരസ്പരം വാരി എറിയുന്നതും കുഴിയിൽ ഇറക്കുന്നതുമാണ് നമ്മുടെ ഇഷ്ടഭോജ്യം. അതിനു വേണ്ടിയുള്ള ഉദഗ്രമായ അന്വേഷണമാണ്
രാഷ്ട്രീയപത്രപ്രവർത്തനം.

ഒരു പക്ഷേ വിഭാഗീയതയുടെ ഏറ്റവും മ്ലേഛമായ മുഖം അധികാരം കയ്യാളുന്ന ഏറ്റവും ചെറിയ കക്ഷിയിലെ മഹായുദ്ധമായിരിക്കും. ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയെ കേരള കോൺഗ്രസ്സെന്നോ കേരളയെന്നോ കോൺഗ്രസ്സെന്നോ ഒന്നുമല്ലെന്നോ എന്തൊക്കെ വിളിച്ചാലും അത് ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയല്ലാതെ മറ്റൊന്നുമല്ല. അതിൽ എത്ര അണികളുണ്ടെന്നോ കാര്യവാഹകസമിതികൾ ഉണ്ടെന്നോ ഒന്നും തിരക്കേണ്ടതില്ല. അദ്വൈതദർശനത്തിൽ പറയുന്നതു പോലെ, അതെല്ലാം ഒന്നു തന്നെ, ബാലകൃഷ്ണ പിള്ള. ഒന്ന്, ബാലകൃഷ്ണ പിള്ള, അതെല്ലാം ആകുന്നു. അദ്വൈതസാരം തികച്ചും ഉൾക്കൊള്ളുന്ന ആ പാർട്ടിയിൽ രണ്ടാമതൊന്നിന് സാധ്യതയോ പ്രസക്തിയോ ഇല്ല. അതാണ് യുക്തി. യുക്തി തെറ്റായിരിക്കുന്നു.

കേരള കോൺഗ്രസ്(ബി) വിധേയമായിരിക്കുന്ന വിഭാഗീയതക്ക് വൈചിത്ര്യം ഉണ്ടെന്നു മാത്രമല്ല അതുൾക്കൊള്ളുന്ന ഭരണയന്ത്രം ഏറെ ദുർബ്ബലമായതുകൊണ്ട് ആ പാർട്ടിയിലെ പൊട്ടലും ചീറ്റലും ചീമുട്ട എറിയലും ജീവൽപ്രധാനവുമായിരിക്കുന്നു. അതിന്റെ രൌദ്രത സൂചിപ്പിക്കാൻ ബാലകൃഷ്ണ പിള്ളയുടേതായി ഉദ്ധരിക്കപ്പെട്ട ഒരു വാക്യം മതിയാകും:
“പാർട്ടിയിൽ നിൽക്കുകയും പാർട്ടി പറയുന്നതു കേൾക്കാതെ മറ്റെന്തെങ്കിലും കാര്യം തേടിപ്പോകുകയും ചെയ്യുന്നവനെ തന്തയില്ലാത്തവൻ എന്നു വിളിക്കണം.” ഇപ്പറഞ്ഞത് അഛൻ മകനെ ഉദ്ദേശിച്ചു തട്ടിമൂളിച്ചതാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയിൽ ഇപ്പോൾ കലാപമുണ്ടാക്കാൻ അദ്ദേഹത്തിൽനിന്ന് തന്ത്രം മുഴുവൻ അഭ്യസിച്ച മകൻ അല്ലാതെ ആരുമില്ല. അപ്പോൾ പിന്നെ ആ ‘തന്തക്കു വിളി’ ആരെ ഉദ്ദേശിച്ചാണെന്ന് പ്രത്യേകം പറായേണ്ടല്ലോ. അങ്ങനെ അഛൻ ഗ്രൂപ്പും മകൻ ഗ്രൂപ്പും തമ്മിലുള്ള ഉഷ്ണസമരം വാർത്താകുതുകികളുടെ കുതൂഹലത്തെ നിതരാം
വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ബാലകൃഷ്ണ പിള്ളയോളമോ ഗണേശ് കുമാറിനോളമോ ചെറിയ പാർടി ആയതുകൊണ്ടാകാം കേരള കോൺഗ്രസ്(ബി)യിലെ വിഭാഗീയത ചെറുതായേ പത്രങ്ങളിലും ചാനലുകളിലും കാണുന്നുള്ളു. പല വലുപ്പത്തിലുള്ള തലക്കെട്ടുകൾക്കടിയിൽ, പലയിടത്തായി അതിന്റെ ബീഭത്സത അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയൊക്കെ വിഭാഗീയത നടമാടണമെങ്കിൽ പാർട്ടി വലുതായിരിക്കണം--സി പി എമ്മിനെപ്പോലെ. സംസ്ഥാനസമ്മേളനത്തിലെ ഓരോ നടപടിയും ഏകകണ്ഠമായിരുന്നുവെന്ന് വേണ്ടപ്പെട്ടവർ വേണ്ടത്ര ഉച്ചത്തിൽ പറഞ്ഞുവെച്ചിട്ടും അവിടെയൊക്കെ വിഭാഗീയതയാണെന്ന് എഴുതാനും വിശ്വസിക്കാനുമാണ്
മാധ്യമങ്ങൾക്കിഷ്ടം. പിണറായി വിജയന്റെ എന്തെല്ലാം പ്രസ്താവനകൾ ആരെല്ലാം വിഴുങ്ങിയാലും പാർട്ടിയിൽ വിഭാഗീയതയില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ആളുകളെയും അണികളെയും വേറെ എവിടന്നെങ്കിലും ഇറക്കുമതി ചെയ്യേണ്ടി വരും.

സി പി എമ്മിൽ വി എസ്സും പിണറായിയും തമ്മിലുള്ള വിഭാഗീയത അടിക്കടി
മൂർഛിച്ചുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം. നമുക്കിഷ്ടപ്പെട്ട
വാർത്ത വിളമ്പുന്നവരെ വിജയൻ മാധ്യമ സിൻഡിക്കറ്റ് എന്നു വിളിക്കും. ഇപ്പോഴിതാ എന്റെ സഹപ്രവർത്തകനായിരുന്ന ഗൌരീദാസൻ നായരെ വിജയൻ അതുമായി ബന്ധപ്പെടുത്തി പേരെടുത്തു ഭർത്സിച്ചിരിക്കുന്നു. രസകരമായ ഒരു യാദൃഛികത്വം ചൂണ്ടിക്കാട്ടട്ടെ. പണ്ടൊരിക്കൽ എനിക്കും ഇതു പോലൊരു അനുഭവമുണ്ടായി. എം വി രാഘവൻ പാർട്ടിയിൽനിന്നു പുറത്താകുന്ന കാലം. പാർട്ടിയിലെ അല്ലു ചില്ലറ കാര്യങ്ങൾ എന്റെ പത്രം പുറത്തു വിട്ടപ്പോൾ, അത് എം വി ആറിന് അനുകൂലമായുള്ള
രാഷ്ട്രീയപ്രവർത്തനമായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ ഓർക്കുന്നു, എന്റെ പേരെടുത്ത് അന്ന് ഒന്നോ രണ്ടോ പേർ പ്രസംഗിക്കുകയുമുണ്ടായി. എനിക്ക് അത്ഭുതവും രസവും തോന്നിയത് എന്റെ ഇംഗ്ലിഷ് ഗീർവാണം കേരളത്തിലെ തൊഴിലാളി വർഗ്ഗത്തെ സ്വാധീനിക്കുന്നുവെന്നു വിശ്വസിക്കുന്നവർ പര്ര്ട്ടിയിൽ ഉണ്ടെന്നു മനസ്സിലായപ്പോഴാണ്. നേരും നന്ദിയും രു പറയണമല്ലോ, എന്നെ ആരും സിണ്ടിക്കേറ്റ് എന്നു വിളിച്ചില്ല.

വി എസ്സും പിണറായിയും രംഗം വിട്ടാലും അവർ ഭാഗഭാക്കായുള്ള വിഭാഗീയത തീരുമെന്നു തോന്നുന്നില്ല. എത്ര കാലമായി നമ്മൾ അതു കേട്ടുതുടന്നിയിട്ട് എന്ന് ആലോചിച്ചു നോക്കൂ. അതില്ലാത്ത പത്രത്തിന്റെ ദാരിദ്ര്യം അസഹ്യമാകും. അതിനു വേണ്ടി വായനക്കാർ കാത്തിരിക്കുന്നു എന്നതാണ് ജനകീയസത്യം. അവരിൽ ആരു തോറ്റാലും ജയിച്ചാലും തൊഴിലാളിവർഗ്ഗത്തിനോ അമേരിക്കക്കോ വിശേഷിച്ചൊന്നും വരാനില്ല. എന്നാലും പിണറായി എങ്ങനെ വി എസ്സിനെ ഒതുക്കി, വി എസ് എങ്ങനെ തിരിച്ചടിച്ചു എന്നറിയാനാണ് സഖാക്കൾക്കും പെറ്റി ബൂർഷ്വ കാണികൾക്കും വായനക്കാർക്കും ഒരുപോലെ ആകാംക്ഷ. വാസ്തവത്തിൽ പൊതുസമ്മേളനത്തിൽ വി എസ് എന്തു പറയും, വിഭാഗീയത എങ്ങനെ ഇനിയും തല നീട്ടും, എന്നറിയാൻ ടി വി തുറന്നുവെച്ചവർ ഏറെ ഉണ്ടായിരുന്നു.

ചെറിയ പാർട്ടിയായതുകൊണ്ട് സി പി ഐയിലെ വിഭാഗീയത അത്ര തന്നെ ശോഭിക്കുന്നില്ല. എന്നോ മരിച്ചു പോയ ശ്രീപദ് അമൃത് ഡാങ്കേയുമായി സി കെ ചന്ദ്രപ്പനെയും സി പി എം ബന്ധുവായി കാണുന്ന കെ ഇ ഇസ്മയിലിനെയും ചെറിയ
പാർട്ടിയിലെ വലിയ വിഭാഗീയതയുടെ വക്താക്കളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രപ്പൻ സ്വതസിദ്ധമായ വ്യക്തതയോടെ പറഞ്ഞു: “കോൺഗ്രസ് അനുഭാവി എന്ന പട്ടം എനിക്കു ചാർത്തിത്തന്നിരിക്കുന്നു.” അത് ഇന്നും ഇന്നലെയും കേട്ടുതുടങ്ങിയതല്ല. ചന്ദ്രപ്പനെ മാത്രമല്ല, സി പി ഐയെ മാത്രമല്ല, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുഴുവൻ എന്നും ബാധിച്ചിട്ടുള്ളതാണ് കോൺഗ്രസ്സിനോടുള്ള സമീപനത്തെപ്പറ്റിയുള്ള ചോദ്യം. കോൺഗ്രസ്സുമായി സഹകരിക്കണമോ വേണ്ടയോ എന്നതായിരുന്നു കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിൽ വരുന്നതിനു മുമ്പ് 1956ൽ പാലക്കാട്ടു വെച്ച് നടന്ന പാർട്ടി കോൺഗ്രസ്സിലെ പ്രധാന പ്രമേയം. അത് അവതരിപ്പിച്ചത് സി രാജേശ്വര റാവുവും സി അച്യുത മേനോനുമായിരുന്നു. വല്യേട്ടനും കുഞ്ഞനുജനും തമ്മിലുള്ള ശണ്ഠ പിന്നെ അവിരാമം തുടർന്നു.

ഇത്തരം ശണ്ഠ വേണമെന്നാണ് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഉപദേശം. ഇത്തരം
ഉൾപ്പാർട്ടി സമരങ്ങളിലൂടെ മാത്രമേ തൊഴിലാളി വർഗ്ഗ താല്പര്യം പുലരുകയുള്ളു.
ബോൾഷെവിക്കുകളും മെൻഷെവിക്കുകളും തമ്മിൽ നടന്ന ഘോരയുദ്ധത്തിന്റെ മാതൃക നാം മറന്നിട്ടില്ല. ലെനിൻ ബോൾഷെവിക്കായി. ആദ്യം മെൻഷെവിക്കുകളുടെ കൂടെ കൂടിയ ട്രോട്സ്കി പിന്നെ ബോൾഷെവിക് ആയി. മെൻഷെവിക്കുകളുടെ തരി പോലും കാണാതാകുന്നതു വരെ ലെനിൻ യുദ്ധം തുടർന്നു. ആ മെൻഷെവിക്കുകളുടെ പുനരവതാരമായാണ് ഗൊർബാചെവ് വന്നത് എന്നു പറഞ്ഞാൽ വീണ്ടും മാധ്യമ സിണ്ടിക്കേറ്റ് ഇറങ്ങിയിരിക്കുന്നുവെന്ന് വിജയൻ പ്രലപിച്ചേക്കും. ഏതായാലും ചോരാൻ പാകത്തിലായിരിക്കുന്നു കമ്യൂണിസ്റ്റ് പാർട്ടി എന്ന പാത്രവും എന്ന് അദ്ദേഹവും സമ്മതിക്കുമായിരിക്കും.

കോൺഗ്രസ് എന്നാൽ വിഭാഗീയത തന്നെ. രണ്ടും സമാനാർഥകപദങ്ങളാകുന്നു. മിതവാദികളും തീവ്രവാദികളും പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളാണ്. ബോസും നെഹ്രുവും. നെഹ്രുവും പട്ടേലും. നെഹ്രുവും ജയപ്രാകാശും. ഇന്ദിരയും മൊറാർജിയും. സിണ്ടിക്കേറ്റും ഇണ്ടിക്കേറ്റും. സി കെ ഗോവിന്ദൻ നായരും ശങ്കറും. ശങ്കറും ചാക്കോയും. പിന്നെ നമ്മുടെ സ്വന്തം ലീഡറും ആന്റണിയും. അങ്ങനെ വിഭാഗങ്ങൾ അനന്തമായി നീളുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള വിഭാഗീയത അത്ര തന്നെ കൊഴുക്കുന്നില്ലെന്നു തോന്നുന്നു. ഹാ കഷ്ടം!

(malayalam news feb 13)