Monday, November 29, 2010

ഗോപീകൃഷ്ണനെ എനിക്കറിയാം

ജെ ഗോപീകൃഷ്ണനെ എനിക്കറിയാം. ഞങ്ങൾ കുറച്ചിട ഒരുമിച്ച് ജോലി ചെയ്യുകയുണ്ടായി. ചൂഴ്ന്നും തുരന്നും വാർത്ത കൊണ്ടുവരാൻ മിടുക്കൻ. വഴി ഒന്നു ചൂണ്ടിക്കാണിച്ചുകൊടുത്താൽ മതി, പിന്നെ കരുത്തന്മാരെ ആരെയെങ്കിലും അലോസരപ്പെടുത്തുന്ന ചെറുതും വലുതുമായ വാർത്തയുമായി ആ തലശ്ശേരി-തിരുവനനന്തപുരത്തുകാരൻ വന്നുകൊള്ളും. അത് പത്രത്തിന്റെ നിത്യനിദാനം നടത്തിയിരുന്ന ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഞാനുമായുള്ള ചങ്ങാത്തവും ഗോപിക്ക് വിനയായി.

നിത്യനിദാനക്കാരൻ ഏതോ ഒരു സർക്കാർ സ്ഥാപനത്തിൽ ഗുമസ്തനായിരുന്നുവെന്ന് പിന്നീട് കേട്ടു. ഒരിടക്ക് അവധിയെടുത്ത് പത്രം നടത്താൻ പൂതി മൂത്തു. തഞ്ചത്തിന് പണം മുടക്കാൻ ഒരു മുതലാളിയെയും കിട്ടി. മുതലാളി നേരത്തേ പതിവായി പത്രം വായിച്ചിരുന്നോ എന്നറിയില്ല. കാശുണ്ടാക്കുന്ന തിരക്കിനിടയിൽ അദ്ദേഹത്തിന് അല്പം ചീത്തപ്പേരും കഷ്ടപ്പാടും വന്നു ചേർന്നു. അതു കഴുകിക്കളയാനും അധികാരമുള്ള കൂട്ടുകാരെ ഉണ്ടാക്കാനും പറ്റിയ വഴി പത്രത്തിന്റെ ഉടമയാകുകയാണെന്ന് ആരോ ഉപദേശിച്ചു. അങ്ങനെ തുടങ്ങിയ സ്ഥാപനത്തിൽ ഉപദേശകനായി എന്റെ ചങ്ങാതിയും പയനീർ എന്ന പത്രത്തിന്റെ എഡിറ്റർ-ഉടമയുമായ ചന്ദൻ മിത്ര എന്നെയും വലിച്ചിട്ടു. ഞങ്ങൾക്ക് രണ്ടുപേർക്കും പാരയായിപ്പോയ ആ നടപടി വേറൊരു സ്വകാര്യകഥ. പത്രപ്രവർത്തനത്തിന്റെ ഉത്ഭവവും വഴിയും മനസ്സിലാക്കാൻ ആ കഥയും ഉപകരിക്കുമെന്നു മാത്രം പറഞ്ഞു നിർത്തട്ടെ.

ആ മാസങ്ങളിൽ ഗോപി പുറത്തുവിട്ട വാർത്തകളെപ്പറ്റി ചന്ദൻ അറിഞ്ഞില്ല. ഏതു വാർത്തയും ദേശീയവിവാദമാകണമെങ്കിൽ, കേരളത്തിന്റെ ഒരു മൂലയിൽനിന്ന് പൊട്ടിച്ചാൽ പോര. കൊള്ളാവുന്ന ഒരു ആത്മഹത്യ പോലും പത്രത്തിൽ ഏശണമെങ്കിൽ ഡൽഹിയിൽനിന്നു പൊട്ടിക്കണം. അതിനു ഗോപിക്ക് അവസരം കിട്ടിയത് ഡൽഹി പയനീറിൽ ചേർന്നപ്പോഴായിരുന്നു. ഡി രാജയുടെ രാജകീയമായ ടെലികോം തിരുമറികളെപ്പറ്റി ഇടതടവില്ലാതെ എഴുതി അങ്ങനെയൊന്ന് പൊട്ടിക്കുകയും ചെയ്തു.

എന്റെ ഗുരുത്വവും ഭാഗ്യവുമെന്നു പറയട്ടെ, രാജപർവത്തിന്റെ തുടക്കം മുതലേ, പുതിയ വഴിത്തിരിവിൽ ഓരോന്നിലെത്തുമ്പോഴും, ആവേശം പങ്കിടാൻ ഗോപി എന്നെ വിളിക്കുമായിരുന്നു. ഗോപിയെ ഉള്ളു തുറന്ന് അനുമോദിക്കുമ്പോഴും, മിശിഹ ചമയാനും സ്വയം ആവർത്തിക്കാനും ഉത്സാഹശാലിയായ പത്രപ്രവർത്തകനുണ്ടാകാറുള്ള ദൌർബ്ബല്യത്തെപ്പറ്റി ഞാൻ ഗോപിക്ക് മുന്നറിയിപ്പു കൊടുത്തുകൊണ്ടിരുന്നു.

കൊള്ളാവുന്ന ഒരു കഥ കൊടുത്താൽ, നിവൃത്തിയുണ്ടെങ്കിൽ മറ്റു പത്രങ്ങൾ കണ്ടില്ലെന്നു നടിക്കും. അല്ലെങ്കിൽ അതു തെറ്റണെന്നു വരുത്തിത്തീർക്കാൻ നോക്കും. അപ്പോൾ വാശിയോടെ നമ്മുടെ ലേഖകൻ പിന്നെയും പിന്നെയും എഴുതും. അതേ പത്രത്തിലെത്തന്നെ ചില ലേഖകർ അക്ഷമ നടിക്കുകയും വായനക്കാർ മുഷിഞ്ഞു തുടങ്ങിയെന്ചരിപ്പിക്കുഅക്യും ചെയ്യും. ഒടുവിൽ, നല്ലവണാണെങ്കിൽ പോലും, എഡിറ്ററും പറയും: “ഇതെങ്ങുമെത്തുന്നില്ല. നമുക്ക് ഇതു മാത്രം പോരല്ലോ. ഇനി വേറെ കഥകളാകട്ടെ....”

ഗോപിയുടെ എഡിറ്ററുടെയും ക്ഷമ കെട്ടുതുടങ്ങിയപ്പോഴാണ്, കോടതിയും സി എ ജിയും ഇടപെട്ടതും, രാജ രാജി വെച്ചതും, അതിനു കാരണമായ റിപ്പോർട്ടുകൾ രണ്ടരക്കൊല്ലമായി എഴുതിക്കൊണ്ടിരുന്ന ലേഖകൻ ശ്ലാഘിക്കപ്പെട്ടതും. ഭാഗ്യത്തിന്റെ തിളക്കം അതിലും കാര്യമായി കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം, ഗോപിയുടെ ശ്രമങ്ങളെ കൊഞ്ഞനം കാട്ടുന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങിയത്. ഗോപി ചിത്രീകരിച്ച രീതിയിലുള്ള വിക്രിയകൾ കാണീച്ച ഒരാളെ എങ്ങനെ ശിക്ഷിക്കണമെന്നായിരുന്നു ആലോചിക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നതോ പോകട്ടെ, ആ ആളെ വീണ്ടും അതേ വകുപ്പിൽ മന്ത്രിയാക്കുകയും ചെയ്തു. അങ്ങനെ നിസ്സഹായതയുടെ പേരിലും ശുദ്ധനെന്നു പേരെടുത്ത മൻ മോഹൻ സിംഗ് വീണ്ടും ശോഭിച്ചു.

ഗോപിയുടെ റിപ്പോർട്ടുകൾ വലിയൊരു വിവാദമാക്കാൻ ആരും ശ്രദ്ധിച്ചില്ല. പേരിന് ഓരോ പ്രസ്താവന ഇടക്കും തലക്കും ഇറങ്ങിമറ്റു പത്രങ്ങളും ചാനലുകളും കണ്ണടച്ചു. തന്റെ കുത്സിതമായ രാഷ്ട്രീയതാല്പര്യം വെച്ചുകൊണ്ട് ജയലളിതമാത്രം കൂടെക്കൂടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കോടതിയുടേയും സി എ ജിയുടെയും നടപടികൾ വന്നതോടെ എല്ലാം കയറ്റുപായക്കടിയിൽ തൂത്തൊതുക്കാൻ വയ്യാത്ത സ്ഥിതിയായി.

എന്നിട്ടും രാജ സുരക്ഷിതനായി വിളങ്ങുന്നു. അദ്ദേഹത്തിന്റെ വഴി വിട്ട തീരുമാനങ്ങൾ വരുത്തിവെച്ചിട്ടുള്ളത് ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണത്രേ. അതിനാരെല്ലാം അരു നിന്നു? അതിനുള്ള ശിക്ഷയെന്ത്? രാജ രാജിവെക്കുകയും ഒരു പാർലമെന്ററി അന്വേഷണം ഏർപ്പെടുത്തുകയും ചെയ്താൽ എല്ലാവരും തൃപ്തിപ്പെടുമെന്നു തോന്നുന്നു. അത്ര ഗൌരവമേ നമ്മൾ അതിനു കല്പിക്കുന്നുള്ളുവെന്നർത്ഥം.

ആ ഉദാസീനതയിൽ, ആ മൌനത്തിൽ, ദേശീയമായ ഒരു പങ്കാളിത്തമുണ്ടെന്നു തോന്നുന്നു.

രണ്ടു-രണ്ടര കൊല്ലം മുമ്പ് ഗോപിയുടെ റിപ്പോർട്ടുകൾ, കാര്യമായി ചോദ്യം ചെയ്യപ്പെടാതെ പയനീറിന്റെ പേജുകളിൽ വന്നുകൊണ്ടിരുന്നപ്പോൾ, നമ്മുടെ നേതാക്കൾ ഇളകിയാടാതിരുന്നതെന്തേ? “അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു” എന്ന കഥയെപ്പറ്റിയൊക്കെ സജീവവും നിർജ്ജീവവുമായ ചർച്ച അനവരതം സംഘടിപ്പിക്കുന്ന ചാനലുകൾക്ക് നാവിറങ്ങിപ്പോയതെന്തേ? അവരതൊന്നും ഉദാസീനതകൊണ്ടു ചെയ്തതല്ലെന്നു തെളിയിക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്.

രാജക്കുവേണ്ടി ആരെല്ലാം വക്കാലത്തുമായി ഇറങ്ങിയിരിക്കുന്നു! ആരും ഇപ്പോൾ ഉറക്കെ പറയുന്നില്ലെന്നേയുള്ളു. മാധ്യമപ്രവർത്തകന് ആരുമായും ബന്ധപ്പെടേണ്ടി വരും, കൊലയാളിയും കൂട്ടിക്കൊടുപ്പുകാരനും കാവിധാരിയും, ആരുമായും. അങ്ങനെ ഒരു വാദം ഉയർത്തിയാണ് ചിലർ തടി ഊരാൻ നോക്കുന്നത്. അവരൊക്കെ തടി ഊരിയേക്കാം. പക്ഷേ അവരുടെയൊക്കെ സൌഹൃദങ്ങളെപ്പറ്റിയും സ്വാമിഭക്തിയെപ്പറ്റിയും ആളുകൾക്ക് ഒട്ടൊരു രൂപവും കിട്ടിയേക്കും. രാഷ്ട്രീയനേതൃത്വത്തിന്റെ കര്യവും അങ്ങനെത്തന്നെ. പെൻസിൽക്കഷണം പോലുള്ള ഒരാൾക്ക് ഒറ്റക്ക് ചെയ്തുതീർക്കാൻ പറ്റുന്നതാണോ രാജ കാട്ടിക്കൂട്ടിയിരിക്കുന്ന വിക്രിയ? മുട്ടു വിറച്ചും മിണ്ടാൻ മടിച്ചും പല രാഷ്ട്രീയസൂര്യന്മാരും രാജസംഭവത്തോടു പ്രതികരിച്ച രീതി നോക്കുമ്പോൾ, എന്തൊക്കെയോ ചീഞ്ഞു നാറുന്നത് ഡെന്മാർക്കിൽ മാത്രമല്ലെന്നു വ്യക്തമാകുന്നു.

(മലയാളം ന്യൂസ് നവമ്പർ 29)