Friday, December 11, 2009

അകാലത്തിൽ വരുന്ന ചരമവാർത്ത

ഇത്തവണ കെ കരുണാകരൻ ആസ്പത്രിയിലായപ്പോൾ പലരും കണ്ണിൽ കണ്ണിൽ നോക്കി. ഏതോ ഒരു ചാനൽ വെപ്രാളത്തിൽ അന്ത്യം അറിയിക്കുകയും ചെയ്തു. “ആരാദ്യം പറയും“ എന്നത് പ്രേമത്തിൽ മാത്രമല്ല പത്രപ്രവർത്തനത്തിലും പ്രധാനം തന്നെ. എല്ലാവരും തീർന്നു എന്നു കരുതുമ്പോൾ ഒന്നുകൂടി ഉദിച്ചുയരുന്ന താണ് കരുണാകരന്റെ കഴിവെന്ന കാര്യം ഒരു നിമിഷം അവർ മറന്നുപോയി. ഏതായാലും, ഒരു സന്ധികൂടി കടന്ന്, പതിവുപോലെ വെളുക്കെ ചിരിച്ചുകൊണ്ട്, അദ്ദേഹം ആസ്പത്രി വിട്ടിറങ്ങുന്നതുകണ്ടപ്പോൾ, മരണം ചിലർ അകാലത്തിൽ വിളിച്ചുപറഞ്ഞ ചില സംഭവങ്ങൾ ഓർത്തുപോയി..


മാർക് ട്വൈന്റേതാണെന്നു തോന്നുന്നു ആ പ്രയോഗം. ഒരു പത്രത്തിൽ ഒരു സുപ്രഭാതത്തിൽ അദ്ദേഹം മരിച്ച വാർത്ത വന്നു. മരിച്ചത് മാർക് ട്വൈൻ ആകുമ്പോൾ, വെറും തുണ്ടു വാർത്ത ആയിരുന്നിരിക്കാൻ തരമില്ല. അതിശയവും ശക്തിയും അഭിനയവും നിറച്ച അനുശോചനവും വാർത്തയോടൊപ്പം ചേർത്തിരിക്കണം. അതു വായിച്ചപ്പോൾ “പരേതൻ” ശുണ്ഠിയെടുത്തില്ല. അദ്ദേഹം എഡിറ്റർക്ക് ഒരു കുറിപ്പ് എഴുതി അയച്ചതേ ഉള്ളു. “എന്റെ മരണവാർത്ത അല്പം നേരത്തേ ആയെന്നു ചൂണ്ടിക്കാണിക്കട്ടെ.”


അത്ര സാരസ്യം തുളുമ്പുന്നതായിരുന്നില്ല സി എൻ അണ്ണാദുരയുടെ ചരമവാർത്ത. അദ്ദേഹം കുറച്ചിട കിടപ്പിലായിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ആകാശവാണീനിലയത്തിലെ വാർത്താവിഭാഗത്തിൽ, യു എൻ ഐ ടെലിപ്രിന്റർ വെച്ചിരുന്നത് വാതിലിനോടു ചേർന്നായിരുന്നു. വാർത്താപ്രക്ഷേപണവുമായി ബന്ധഒപ്പെട്ടവരെക്കാൾ അതിൽ കൌതുകം കാട്ടിയിരുന്നത് മറ്റുള്ളവരായിരുന്നു. ഒരു ദിവസം നാഗവള്ളി അതുവഴി കടന്നുപോകുമ്പോൾ, ടെലിപ്രിന്റർ ചടാപടാ അടിക്കുന്നതു കണ്ടു: FLASH FLASH FLASH. സി എൻ അണ്ണാദുരൈ അന്തരിച്ചു.


ഉത്സാഹശാലിയായ നാഗവള്ളി അതു കീറിയെടുത്ത് നിലയമേധാവിയുടെ മുറിയിലേക്ക് ഓടിക്കയറി. വാർത്താവാക്യം തർജ്ജമ ചെയ്തു. പതിവുപോലെ “വ്യസനസമേതം” മരണവാർത്ത ശ്രോതാക്കളെ “അറിയിച്ചുകൊള്ളുന്നു” എന്ന് ഉശിരോടെത്തന്നെ പ്രക്ഷേപണം ചെയ്തു. കൃതകൃത്യതയോടെ നാഗവള്ളി സ്റ്റുഡിയോയിൽനിന്നു പുറത്തുവന്നപ്പോൾ, വാർത്താബോധമുള്ള ഒരു ശിപായി ഒരു തുണ്ടു കടലാസുകൂടി അദ്ദേഹത്തെ ഏല്പിച്ചു. നാഗവള്ളിയെ വധിക്കുന്ന മട്ടിൽ മൂന്നു വാക്കുകൾ അതിൽ എഴുതിയിരുന്നു: KILL KILL KILL. വീണ്ടും ഒരു ഖേദപ്രകടനത്തോടെ നേരത്തത്തെ മരണവാർത്ത റദ്ദാക്കി.


കേരളനിയമസഭയിൽ അങ്ങനെ ഒരു സംഭവമുണ്ടായി. ഓർമ്മവെച്ചു പറയട്ടെ, പണ്ട് ഐംഗമായിരുന്ന ഒരു അബ്ദുൾഖാദറുടെ മരണമായിരുന്നു വിഷയം. സഭ സമ്മേളിച്ചയുടനേ , തക്ക നേരത്ത്, അധ്യക്ഷൻ വിവരം പറഞ്ഞു. പതിവുപോലെ ആദരാഞ്ജലികൾ അർപ്പിക്കപ്പെട്ടു. കുറെക്കഴിഞ്ഞ് സഭയിലെത്തിയ പി എം അബൂബക്കർ ഒരു ക്രമപ്രശ്നവുമായി എഴുന്നേറ്റു. പ്രശ്നം വാസ്തവത്തിൽ അക്രമമായിരുന്നു. മരിച്ചതായി പ്രസ്താവിക്കപ്പെട്ട ആൾ മരിച്ചിട്ടില്ലെന്ന് പി എം വെളിപ്പെടുത്തിയപ്പോൾ അധ്യക്ഷനും സെക്രട്ടറിയും മൃതപ്രായരായി. പോയത് അതേ പേരുകാരൻ തന്നെ, പക്ഷേ വേറെ ഏതോ ആളായിരുന്നുപോലും! സെക്രട്ടറി പത്രബന്ധമുള്ളയാളും പണ്ഡിതനുമായ ആർ പ്രസന്നനായതുകൊണ്ട്, ആരും ആ അബദ്ധവാർത്ത കൊടുത്തില്ല.


അങ്ങനെയൊരു ആനുകൂല്യം മൊറാർജി ദേശായിക്കു വേണ്ടായിരുന്നു. കിട്ടുമായിരുന്നുമില്ല. 1979 മാർച് 22. ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്ന ദിവസം. പാർലമെന്റിൽ എത്തിയപ്പോൾ അനുശോചനം തുടങ്ങിയിരുന്നു. പ്രധാനമന്ത്രി ദേശായി പ്രസംഗിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ഉദയത്തിനു വഴിയൊരുക്കിയ ജയപ്രകാശ് നാരായൺ മുംബൈയിലെ ജസ്‌ലോക് ആസ്പത്രിയിൽ അന്തരിച്ചിരിക്കുന്നു. ഏതാനും മാസം മുമ്പ് പട്നയിൽ ആസന്നനിലയിലായപ്പോൾ, അത് ആകാശവാണിക്കുവേണ്ടി റിപ്പോർട് ചെയ്യാൻ ഞാൻ അവിടെപ്പോയി താമസിച്ചതോർത്തുകൊണ്ട് അനുശോചനം കേട്ടിരുന്നു.


അപ്പോൾ ആരോ പറഞ്ഞുപരത്തി, ജെ പി മരിച്ചിട്ടില്ല...! വാസ്തവം അതായിരുന്നു. എങ്ങനെ ആർ മറിച്ചുപറഞ്ഞുപരത്തുകയും സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന് ഇന്നും അറിയില്ല. മരിച്ചുവെന്നു കരുതുന്ന ആൾക്ക് തിരിച്ചുവരാൻ പറ്റുമെങ്കിലും, പറഞ്ഞുപോയ വാക്കുകൾക്ക് പറയപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. മരണവും അനുശോചനവും അതിന്റെ അപ്രസക്തിയുമെല്ലാം പിറ്റേ ദിവസം പത്രങ്ങളിൽ വിളങ്ങി. ജെപിയും വായിച്ചുകാണും, കൌതുകത്തോടെ, ഒരു പക്ഷേ മാർക് ട്വൈനെ ഓർത്തുകൊണ്ട്. മൊറാർജി ഒന്നും മിണ്ടിയില്ല. ഇപ്പോഴും പാർലമെന്റിന്റെ രേഖകളിൽ അകാലത്തിൽ പറഞ്ഞുപോയ ആ അനുശോചനത്തിന്റെ ചിത്രം തെളിഞ്ഞുകാണൂമെന്നു വിചാരിക്കുക.


ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചുവെന്നെഴുതാൻ എനിക്കും ഒരു അവസരമുണ്ടായി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി ടി രാമൻ നായരെപ്പറ്റി ഞാൻ കേട്ടിരുന്നേയുള്ളു. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അരിക്കച്ചവടത്തെപ്പറ്റി അന്വേഷിച്ചയാൾ. ഇ എം എസ് നമ്പ്പൂതിരിപ്പാടിനെതിരെ കോറ്റതിയലക്ഷ്യത്തിനു കേസെടെത്തയാൾ. മറിയക്കുട്ടി കൊലക്കേസിൽ അപ്പീൽ കേട്ട് പ്രതി ബെനഡിക്റ്റ് അച്ചനെ വെറുതെ വിട്ടയാൾ. കർക്കശനായിരുന്നതുകൊണ്ട് ചിലപ്പോൾ അഭിഭാഷകരുമായി ഇടഞ്ഞിരുന്നയാൾ.. ഏറെക്കാലമായി ഒന്നും കേൾക്കാതിരുന്ന പി ടി രാമൻ നായരെപ്പറ്റി പരാമർശിക്കവേ, ഒരു റിപ്പോർടിൽ ഞാൻ അദ്ദേഹത്തെ “പരേതൻ” എന്നു വിശേഷിപ്പിച്ചു.


നാലു ദിവസം കഴിഞ്ഞപ്പോൾ ഐ ജി വെങ്കിടാചലം പറഞ്ഞു: “രാമൻ നായർ ബംഗളൂരിൽ ടെന്നിസ് കളിക്കുന്നതു കണ്ടല്ലോ.“ മരിച്ചയാൾക്ക് അങ്ങനെ കളിക്കാൻ പറ്റില്ലെന്നായി ഞാൻ. അടുത്ത ദിവസം ചെന്നയിൽനിന്ന് ഒരു സന്ദേശം വന്നു: “പി ടി രാമൻ നായരുടെ കത്തു വന്നിരിക്കുന്നു. അദ്ദേഹം പറയുന്നു, അദ്ദേഹത്തിന്റെ മരണവാർത്ത അകാലത്തിൽ ആയിപ്പോയി.. നിങ്ങൾ എന്തു പറയുന്നു?“ ആ പ്രയോഗം അനുകരണമാണെന്നു മാത്രമേ എനിക്കു പറയാനൂണ്ടായിരുന്നുള്ളൂ. അതു പക്ഷേ പറയാൻ കൊള്ളില്ലല്ലോ.. അതുകൊണ്ട് ഇനിയും മരിച്ചിട്ടില്ലാത്ത രാമൻ നായരെ അറിയിക്കാൻ വേണ്ടി ഇങ്ങനെ ഒരു കുറിപ്പ് ഞാൻ അയച്ചുകൊടുത്തു.


“പി ടി രാമൻ നായർ മരിച്ചുവെന്ന വാർത്ത തെറ്റാണെന്നു കാണുന്നതിൽ സന്തോഷിക്കുന്നു.” ഏതെങ്കിലുമൊരു പത്രപ്രവർത്തകൻ തന്റെ റിപ്പോർട് തെറ്റായതിൽ സന്തോഷിച്ചത് അത് ആദ്യമായിരിക്കണം.

(ഡിസമ്പർ പത്തിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Tuesday, December 8, 2009

ഒരു നടന്റെ ആത്മഗതം

പരാതി വന്നു, പനോരമ പൊടിപൊടിച്ചു.. എന്ത് എന്തിന് അതിൽ ഉൾപ്പെടുത്തി, ഉൾപ്പെടുത്തിയില്ല, എന്ന് ആരും എന്നോടു ചോദിച്ചില്ല. ശ്യാമപ്രസാദിന്റെ ഔദാര്യംകൊണ്ട് ഒരു ചിത്രത്തിൽ ഒരു നിമിഷം ശവമായതെല്ലാം വെറുതെ. കാളിദാസന്റെ ഉപമയെടുത്തു ഞെളിഞ്ഞാൽ, അതും “ചിത്രാർപ്പിതാരംഭം” മാത്രമായി. . പിന്നെ, ഒരു സമാധാനം, സുപ്രീം കോടതിപോലും പഴശ്ശിരാജ പനോരമിക്കണോ വേണ്ടേ എന്നു പറയാൻ മുതിർന്നില്ല.


രാജാവിനെ നേരത്തേ കണ്ടിരുന്നു.--ലോഗന്റെ മാനുവലിൽ, പണിക്കരുടെ നോവലിൽ, വയനാട്ടിൽ തൊഴിലാളികളെ ഒരുമിപ്പിക്കാൻ കുടിയേറിപ്പാർത്ത മുണ്ടക്കയം ഗോപിയുടെ “ചമയങ്ങളില്ലത്ത” പഠനത്തിൽ. പഴശ്ശിയുടെ പത്നിയെ വാഴ്ത്തുന്ന ഒരു യമകം പണ്ട് നീട്ടിമൂളിയിരുന്നു.. “...മല്ലികേ കൂപ്പുകൈ തേ കൈതേ കൈതേരിമാക്കം കബരിയിലണിയും...” പൊക്കം കുറഞ്ഞ പഴശ്ശി പുതിയ സിനിമയിൽ തലയെടുത്തുവന്നപ്പോൾ, ആദ്യം ടിപ്പു സുൽത്താനെ എതിർത്തിരുന്ന കാര്യം സ്വഗതത്തിൽ ഒതുക്കിയതെന്തേ എന്നു ചോദിക്കാൻ തോന്നി. അയൽനാട്ടുകാരനെ ഓടിക്കുന്നതിനെക്കാൾ വെള്ളക്കാരനോടു പയറ്റിത്തോൽക്കുന്നതാവും “വ്യവസായാത്മിക“മായ ബുദ്ധിയെന്ന് ഗീത മനസ്സിൽ ഉദ്ധരിച്ചു .


ഇരുപതു കൊല്ലം മുമ്പ് “ടിപ്പു സുൽത്താന്റെ വാൾ” വീശിയപ്പോൾ എതിർപ്പുണ്ടായി. ഭഗവാൻ ഗിഡ്‌വാനിയുടെ പുസ്തകംവെച്ച് സഞ്ജയ് ഖാൻ ഉണ്ടാക്കിയതായിരുന്നു ആ പരമ്പര. അന്ന് ദൂരദർശനേ ഉണ്ടായിരുന്നുള്ളു.. അന്നും ടിപ്പു സുൽത്താനും പഴശ്ശിയും ഇടഞ്ഞില്ല. നപ്പോളിയനെ തോൽ‌പ്പിക്കാനിരുന്ന ആർതർ വെല്ലസ്ലിയോടു പൊരുതുന്നതു തന്നെ ഗമ. ഏതായാലും., കെ ആർ മൾക്കാനി അധ്യക്ഷനായുള്ള ഒരു സമിതി എതിർപ്പു തള്ളി, “ടിപ്പു സുൽത്താന്റെ വാളി“ന് ലൈസൻസ് കൊടുത്തു. ബംഗളൂരിൽ ശിബിരത്തിനു വന്ന മൾക്കാനിയെ ഞാൻ പി പരമേശ്വരന്റെ മുറിയിൽ ഭേദ്യം ചെയ്തു. തന്റെ മുടിപോലത്തെ വെണ്മ കാട്ടിച്ചിരിച്ചുകൊണ്ട് മൾക്കാനി പറഞ്ഞു: “ഇഷ്ടമുള്ളതെന്തും എഴുതിക്കോളൂ.”


ഒരു കാര്യം, പലതു പോലെയും, വൈകി ബോധ്യം വരുന്നു. നാലാൾ കാണണമെങ്കിൽ, കഥ രജാക്കന്മാരുടെ- ആവണം. പ്രജകളെ ആർക്കും വേണ്ട. ചാവാനും ജയ പാടാനുമേ അവരെ കൊള്ളൂ. പ്രജകൾ വിലസുന്ന പരീക്ഷണസിനിമയുടെ കാലം കഴിഞ്ഞു. ഇനിയാരും കോടികൾ മുടക്കി “രണ്ടിടങ്ങഴി“യും “വിശപ്പിന്റെ വിളി“യും എടുക്കില്ല. എടുത്താൽ കാണാൻ പട്ടിണിപ്പാവങ്ങളെ കിട്ടില്ല. മുതലാളിത്തം മുറുകുകയാണ്.


രാജാക്കന്മാർ പല വേഷങ്ങളിൽ വരുന്നു, പല ഭാഷകൾ പേശുന്നു. വാളെടുത്തും തോക്കെടുത്തും വാഴുന്നു, ജനം ഞെട്ടുന്നു. കാലം മോശം, ലോകം മോശം. പക്ഷേ, ജീവിതത്തിൽ ഓരോ നിമിഷവും ഇത്രയൊക്കെ വെടി പൊട്ടുന്നുണ്ടോ? വെട്ടു കൊണ്ട് ആളുകളങ്ങനെ വീഴുകയല്ലേ? വീഴാൻ ഇത്രയൊക്കെ വെട്ടു വേണോ? വെട്ടു കൊണ്ട് വീഴുന്നവരെല്ലാം വാഴപ്പിണ്ടികളാണോ? സിനിമയിൽ ചോദ്യമില്ല. എന്നാലും ഒരു മണ്ടൻ ഉത്തരം കണ്ടെത്തി. ഞാൻ വാൾ തൊട്ടത് ഒരു തവണ മാത്രം.: ഓർമ്മക്കപ്പുറമുള്ള ഒരു കാരണവരുടെ തുരുമ്പിച്ച വാളിന്റെ അലക്. തോക്ക് എൻ സി സിയിൽ പരിശീലിച്ചപ്പോൾ, ഉണ്ട ഉന്നത്തിൽനിന്ന് ഒരു നാഴിക അകലെ പോയി, തോളെല്ല് മുറിഞ്ഞു.


ഞാൻ പോകാറുള്ള വീടുകളിലൊന്നും വാളും തോക്കും കണ്ടിട്ടില്ല. പക്ഷേ സിനിമയിൽ എപ്പോഴും വെടിയും വെട്ടും തന്നെ. വാഴപ്പിണ്ടികൾ വീഴുമ്പോൾ കാണാൻ എന്തു രസം! നായകന്റെ കയ്യിൽ പൊടി പറ്റിയാൽ വേദനയായി. ഇടി കണ്ടു മുഷിഞ്ഞ ഒരു ദിവസം ടെലിവിഷന്റെ ഒച്ച നിർത്തിനോക്കി. ഒച്ചയില്ലാത്ത ഇടി കണ്ടപ്പോൾ കൂടുതൽ മുഷിഞ്ഞു. റസൂൽ പൂക്കുട്ടിയെ ഓർത്തത് അപ്പോഴായിരുന്നു.


സിനിമ വെട്ടുന്ന രാജാവിന്റെയും മന്ത്രിയുടെയും മാത്രമല്ല,, അവരുടെ വിജയത്തിന്റെയും കൂടിയാകുന്നു.. ഹീറോ തോൽക്കില്ല. ജോ ജീതാ വഹീ സികന്തർ. ഖലനും അലപലാദിയും വല്ലപ്പോഴും ജയിക്കാം. പക്ഷേ, പടത്തിൽ ഖലന്റെയോ ഊച്ചാളിയുടെയോ വിജയം കൊണ്ടാടാൻ പണം മുടിക്കുന്നവർക്ക് താല്പര്യമില്ല. പടത്തിലെങ്കിലും സത്യം ജയിക്കട്ടെ! കള്ളൻ ഹീറോ ആയ ഹബീബ് തൻവീറിന്റെ “ചരൺദാസ് ചോർ“ എന്ന നാടകത്തിൽ പോലും കള്ളൻ കഴുവേറിയില്ലേ?

(ഡിസംബർ എട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്‌)