Tuesday, December 8, 2009

ഒരു നടന്റെ ആത്മഗതം

പരാതി വന്നു, പനോരമ പൊടിപൊടിച്ചു.. എന്ത് എന്തിന് അതിൽ ഉൾപ്പെടുത്തി, ഉൾപ്പെടുത്തിയില്ല, എന്ന് ആരും എന്നോടു ചോദിച്ചില്ല. ശ്യാമപ്രസാദിന്റെ ഔദാര്യംകൊണ്ട് ഒരു ചിത്രത്തിൽ ഒരു നിമിഷം ശവമായതെല്ലാം വെറുതെ. കാളിദാസന്റെ ഉപമയെടുത്തു ഞെളിഞ്ഞാൽ, അതും “ചിത്രാർപ്പിതാരംഭം” മാത്രമായി. . പിന്നെ, ഒരു സമാധാനം, സുപ്രീം കോടതിപോലും പഴശ്ശിരാജ പനോരമിക്കണോ വേണ്ടേ എന്നു പറയാൻ മുതിർന്നില്ല.


രാജാവിനെ നേരത്തേ കണ്ടിരുന്നു.--ലോഗന്റെ മാനുവലിൽ, പണിക്കരുടെ നോവലിൽ, വയനാട്ടിൽ തൊഴിലാളികളെ ഒരുമിപ്പിക്കാൻ കുടിയേറിപ്പാർത്ത മുണ്ടക്കയം ഗോപിയുടെ “ചമയങ്ങളില്ലത്ത” പഠനത്തിൽ. പഴശ്ശിയുടെ പത്നിയെ വാഴ്ത്തുന്ന ഒരു യമകം പണ്ട് നീട്ടിമൂളിയിരുന്നു.. “...മല്ലികേ കൂപ്പുകൈ തേ കൈതേ കൈതേരിമാക്കം കബരിയിലണിയും...” പൊക്കം കുറഞ്ഞ പഴശ്ശി പുതിയ സിനിമയിൽ തലയെടുത്തുവന്നപ്പോൾ, ആദ്യം ടിപ്പു സുൽത്താനെ എതിർത്തിരുന്ന കാര്യം സ്വഗതത്തിൽ ഒതുക്കിയതെന്തേ എന്നു ചോദിക്കാൻ തോന്നി. അയൽനാട്ടുകാരനെ ഓടിക്കുന്നതിനെക്കാൾ വെള്ളക്കാരനോടു പയറ്റിത്തോൽക്കുന്നതാവും “വ്യവസായാത്മിക“മായ ബുദ്ധിയെന്ന് ഗീത മനസ്സിൽ ഉദ്ധരിച്ചു .


ഇരുപതു കൊല്ലം മുമ്പ് “ടിപ്പു സുൽത്താന്റെ വാൾ” വീശിയപ്പോൾ എതിർപ്പുണ്ടായി. ഭഗവാൻ ഗിഡ്‌വാനിയുടെ പുസ്തകംവെച്ച് സഞ്ജയ് ഖാൻ ഉണ്ടാക്കിയതായിരുന്നു ആ പരമ്പര. അന്ന് ദൂരദർശനേ ഉണ്ടായിരുന്നുള്ളു.. അന്നും ടിപ്പു സുൽത്താനും പഴശ്ശിയും ഇടഞ്ഞില്ല. നപ്പോളിയനെ തോൽ‌പ്പിക്കാനിരുന്ന ആർതർ വെല്ലസ്ലിയോടു പൊരുതുന്നതു തന്നെ ഗമ. ഏതായാലും., കെ ആർ മൾക്കാനി അധ്യക്ഷനായുള്ള ഒരു സമിതി എതിർപ്പു തള്ളി, “ടിപ്പു സുൽത്താന്റെ വാളി“ന് ലൈസൻസ് കൊടുത്തു. ബംഗളൂരിൽ ശിബിരത്തിനു വന്ന മൾക്കാനിയെ ഞാൻ പി പരമേശ്വരന്റെ മുറിയിൽ ഭേദ്യം ചെയ്തു. തന്റെ മുടിപോലത്തെ വെണ്മ കാട്ടിച്ചിരിച്ചുകൊണ്ട് മൾക്കാനി പറഞ്ഞു: “ഇഷ്ടമുള്ളതെന്തും എഴുതിക്കോളൂ.”


ഒരു കാര്യം, പലതു പോലെയും, വൈകി ബോധ്യം വരുന്നു. നാലാൾ കാണണമെങ്കിൽ, കഥ രജാക്കന്മാരുടെ- ആവണം. പ്രജകളെ ആർക്കും വേണ്ട. ചാവാനും ജയ പാടാനുമേ അവരെ കൊള്ളൂ. പ്രജകൾ വിലസുന്ന പരീക്ഷണസിനിമയുടെ കാലം കഴിഞ്ഞു. ഇനിയാരും കോടികൾ മുടക്കി “രണ്ടിടങ്ങഴി“യും “വിശപ്പിന്റെ വിളി“യും എടുക്കില്ല. എടുത്താൽ കാണാൻ പട്ടിണിപ്പാവങ്ങളെ കിട്ടില്ല. മുതലാളിത്തം മുറുകുകയാണ്.


രാജാക്കന്മാർ പല വേഷങ്ങളിൽ വരുന്നു, പല ഭാഷകൾ പേശുന്നു. വാളെടുത്തും തോക്കെടുത്തും വാഴുന്നു, ജനം ഞെട്ടുന്നു. കാലം മോശം, ലോകം മോശം. പക്ഷേ, ജീവിതത്തിൽ ഓരോ നിമിഷവും ഇത്രയൊക്കെ വെടി പൊട്ടുന്നുണ്ടോ? വെട്ടു കൊണ്ട് ആളുകളങ്ങനെ വീഴുകയല്ലേ? വീഴാൻ ഇത്രയൊക്കെ വെട്ടു വേണോ? വെട്ടു കൊണ്ട് വീഴുന്നവരെല്ലാം വാഴപ്പിണ്ടികളാണോ? സിനിമയിൽ ചോദ്യമില്ല. എന്നാലും ഒരു മണ്ടൻ ഉത്തരം കണ്ടെത്തി. ഞാൻ വാൾ തൊട്ടത് ഒരു തവണ മാത്രം.: ഓർമ്മക്കപ്പുറമുള്ള ഒരു കാരണവരുടെ തുരുമ്പിച്ച വാളിന്റെ അലക്. തോക്ക് എൻ സി സിയിൽ പരിശീലിച്ചപ്പോൾ, ഉണ്ട ഉന്നത്തിൽനിന്ന് ഒരു നാഴിക അകലെ പോയി, തോളെല്ല് മുറിഞ്ഞു.


ഞാൻ പോകാറുള്ള വീടുകളിലൊന്നും വാളും തോക്കും കണ്ടിട്ടില്ല. പക്ഷേ സിനിമയിൽ എപ്പോഴും വെടിയും വെട്ടും തന്നെ. വാഴപ്പിണ്ടികൾ വീഴുമ്പോൾ കാണാൻ എന്തു രസം! നായകന്റെ കയ്യിൽ പൊടി പറ്റിയാൽ വേദനയായി. ഇടി കണ്ടു മുഷിഞ്ഞ ഒരു ദിവസം ടെലിവിഷന്റെ ഒച്ച നിർത്തിനോക്കി. ഒച്ചയില്ലാത്ത ഇടി കണ്ടപ്പോൾ കൂടുതൽ മുഷിഞ്ഞു. റസൂൽ പൂക്കുട്ടിയെ ഓർത്തത് അപ്പോഴായിരുന്നു.


സിനിമ വെട്ടുന്ന രാജാവിന്റെയും മന്ത്രിയുടെയും മാത്രമല്ല,, അവരുടെ വിജയത്തിന്റെയും കൂടിയാകുന്നു.. ഹീറോ തോൽക്കില്ല. ജോ ജീതാ വഹീ സികന്തർ. ഖലനും അലപലാദിയും വല്ലപ്പോഴും ജയിക്കാം. പക്ഷേ, പടത്തിൽ ഖലന്റെയോ ഊച്ചാളിയുടെയോ വിജയം കൊണ്ടാടാൻ പണം മുടിക്കുന്നവർക്ക് താല്പര്യമില്ല. പടത്തിലെങ്കിലും സത്യം ജയിക്കട്ടെ! കള്ളൻ ഹീറോ ആയ ഹബീബ് തൻവീറിന്റെ “ചരൺദാസ് ചോർ“ എന്ന നാടകത്തിൽ പോലും കള്ളൻ കഴുവേറിയില്ലേ?

(ഡിസംബർ എട്ടിന് മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ വന്നത്‌)

No comments: