Tuesday, March 10, 2009

ചരിത്രപരമായ ഒരു എച്ചിത്തരം

ചരിത്രപരമായ ഒരു എച്ചിത്തരം
കെ ഗോവിന്ദന്‍ കുട്ടി

ഇന്നലെ ഞാന്‍ കവടിയാര്‍ മേനറില്‍ പോയി. നേരത്തെ പോകേണ്ടതായിരുന്നു. നേരത്തേ പോകേണ്ടിയിരുന്നവര്‍ പലരും ഇതുവരെ പോയിട്ടില്ല. അതു പക്ഷെ സമധാനമായില്ല.
പോകുന്നതുകൊണ്ട് പോകുന്നയാള്‍ക്കുതന്നെ മാന്യത കിട്ടും. അങ്ങനെയുള്ള ഒരാള്‍ അവിടെ താമസിക്കുന്നു. പ്രായം എന്നേക്കാള്‍ ഏറും, നിലയും വിലയും എത്രയോ കൂടും, എന്നാലും ഞാന്‍
അദ്ദേഹത്തെ സ്നേഹിതന്‍ എന്നു വിളിക്കട്ടെ. കണ്ണും കാതും കാലും ചോരയും ശ്വാസവും ഹൃദയവും പരുങ്ങലിലായി കിടക്കുന്നു. രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിക്കാന്‍ തിരഞ്ഞെടുത്ത ളാണ്. മലയാളിയുടെ ചരിത്രാദ്ധ്യാപകന്‍. പ്രൊഫസര്‍ ഏ ശ്രീധരമേനോന്‍.

മുഖ്യമന്ത്രി അച്യുതാനന്ദന്‍ അദ്ദേഹത്തെപ്പറ്റി കേട്ടുകാണില്ല. അഥവാ കേട്ടിട്ടുണ്ടെങ്കില്‍ത്തന്നെ, അദ്ദേഹത്തിന് പത്മഭൂഷണ്‍ കൊടുക്കുന്നതായി കേട്ടിട്ടുണ്ടവില്ല. കേട്ടിരുന്നെങ്കില്‍, കേരളത്തിലെ അഭിനവ ഗോര്‍ബച്ചെവുമാരെ തിരഞ്ഞുപിടിക്കുന്ന ദൌത്യത്തില്‍ മുഴുകിയിരിക്കുകയാണെങ്കിലും, പ്രൊഫസര്‍ ശ്രീധരമേനോനെ ഒന്നു കാണാനോ വിളിക്കാനോ നേരം കണ്ടെത്തുമായിരുന്നു. ഒന്നുമില്ലെങ്കില്‍, അവശനായി കിടക്കുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്നവരോട് അന്വേഷണം പറയാന്‍ ഏതെങ്കിലും ശിങ്കിടിയെ ചുമതലപ്പെടുത്തുമായിരുന്നു. ഗോര്‍ബാച്ചെവുമാര്‍ക്കണെങ്കില്‍ ചരിത്രപരമായ താല്പര്യം വേറെയാണല്ലോ.

മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ‍ആരും ഇക്കാര്യം അറിഞ്ഞതായി തോന്നുന്നില്ല. കവടിയാര്‍ മേനറില്‍ ശ്രീധരമേനോന്റെ വീട്ടില്‍ പോയി വല്ലപ്പോഴും ഭക്ഷണം കഴിക്കാറുള്ള ഒരു മന്ത്രി ഉണ്ട്, എറെ വിദ്യാഭ്യാസമുള്ള ഒരാള്‍. പണ്ടൊരിക്കല്‍, “അക്ഷരം നാവിന്‍മേല്‍ കളിയാടും മര്‍ത്ത്യനെ ശത്രുവായ് കാണുന്നൊരുഗ്രമൂര്‍ത്തിഎന്ന് പിരപ്പന്‍കോട് മുരളി വിശേഷിപ്പിച്ച സഖാവിന്റെ ജനുസ്സില്‍ പെടാത്തവിദഗ്ദ്ധന്‍. അദ്ദേഹം പോലും പ്രൊഫസര്‍ ശ്രീധരമേനോന്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്ന കാര്യം അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ അനുമോദിക്കാന്‍ കവടിയാര്‍ മേനറില്‍ ഓടിയെത്തുമായിരുന്നില്ലേ?

ഉറപ്പാണ്, സംസ്ഥാനസര്‍ക്കാര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാവില്ല. ‍നക്ഷത്രചിഹ്നങ്ങള്‍ ‍തുന്നിപ്പിടിപ്പിച്ച ഉടുപ്പുകളിട്ടവര്‍ ഏറെയുള്ള രഹസ്യാന്വേഷണവിഭാഗം, കവടിയാര്‍ മേനറില്‍ താമസിക്കുന്ന ഒരു കിഴവന്‍ പത്മഭൂഷണ്‍ ബഹുമതിക്കര്‍ഹനായിരിക്കുന്നുവെന്ന് റിപ്പോര്‍ട് ചെയ്തിട്ടുണ്ടാവില്ല. അത്രക്കൊന്നുമില്ല്ല്ല്ലാത്ത ബഹുമതികള്‍ കിട്ടുന്നവരെപ്പോലും ആദരിക്കാനും അഭിനന്ദിക്കാനും പൊന്നാടയണിയിക്കാനും മന്ത്രിപുംഗവന്മാരും പ്രൊഫഷണല്‍ സ്വീകരണസംഘക്കാരും അഹമഹമികയാ തള്ളിക്കേറിവരുന്നതാണ് കാലം. ഇത്തവണ തന്നെ പത്മശ്രീ കിട്ടിയ പലരും സ്വീകരണവും അനുമോദനവുമായി പൊറുതിമുട്ടിയിരിക്കുകയാണെന്നു തോന്നുന്നു. പ്രൊഫസര്‍ ശ്രീധരമേനോന്റെ ഭാഗ്യമോ എന്തോ, സംസ്ഥാനസര്‍ക്കാര്‍ അങ്ങനെ ഒരു ശല്യം വേണ്ടെന്നുവെച്ചിരിക്കുന്നു.

ദോഷം മാത്രമായി പറയരുത്: ഒരു മന്ത്രി, ‍കോഴിമുട്ടയെപ്പറ്റിയും ശിലാഫലകത്തെപ്പറ്റിയുമുള്ള മൌലികചിന്തകളുമായി ബന്ധപ്പെടുത്തി പറയാറുള്ള മന്ത്രി, അദ്ദേഹം ശ്രീധരമേനോനെപ്പറ്റി എന്തോ അറിഞ്ഞുവശായിരിക്കുന്നു. അധികാരത്തിന്റെ മുദ്ര വെച്ച കടലാസില്‍ അനുമോദനം എഴുതി അദ്ദേഹം തപാല്‍ വഴി അയച്ചു. ഹന്ത! ഭാഗ്യം ജനാനാം!

പിന്നെ, പത്രത്തില്‍ പേരുവരാന്‍ പോന്നവരാരും കവടിയാര്‍ മേനറില്‍ ഭംഗിവാക്കുകളുമായി എത്തിയതായി റിപ്പോര്‍ടില്ല. കഴിഞ്ഞ തവണ തോറ്റുപോയ ഒരു നിയമസഭാംഗം വഴിതെറ്റി കയറിച്ചെന്നു. സര്‍വകലാശാലയിലെ പെന്‍ഷന്‍ പറ്റിയവരുടെ സംഘടനയില്പെട്ട ചിലര്‍ സന്തോഷം പങ്കിടാന്‍ എത്തി. വൈസ് ചാന്‍സലര്‍ക്ക് പണി വേറെ ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ അവിടെ റജിസ്റ്റ്റാര്‍ ആയിരുന്ന ആള്‍ക്കാണ് പത്മഭൂഷണ്‍ കിട്ടിയിരിക്കുന്നത്; അത് പക്ഷേ അത്ര വലിയ കാര്യമാണോ? അവിടെ ഇപ്പോള്‍ ചരിത്രം പഠിപ്പിക്കുന്നവര്‍ക്കുപോലും അത് ചരിത്രമല്ല. ആണെങ്കില്‍ തന്നെ അവര്‍ക്കത് അറിയില്ല. അതുകോണ്ട് അവരാരും തിരിഞ്ഞുനോക്കിയില്ല. തിരിഞ്ഞുനോക്കിയത് പണ്ട് ചരിത്രം പഠിപ്പിച്ചിരുന്ന ചിലര്‍ മാത്രം.

സര്‍ക്കാരിന്റെ അറിവിനേയും അറിവില്ലായ്മയേയും പറ്റിയുള്ള ഈ അര്‍ത്ഥാന്തരന്യാസം ഏറെ നീട്ടിക്കൊണ്ടുപോകാന്‍ വയ്യ. സര്‍ക്കാരിന്റെ ലക്ഷണം ഔചിത്യബോധമാണെങ്കില്‍, നമ്മുടെ സംസ്ഥാനസര്‍ക്കാര്‍ വേറെ എന്തോ ആണെന്നു പറയേണ്ടിയിരിക്കുന്നു. തിലകനും ഉദയഭാനുവിനും മാധവന്‍ നായര്‍ക്കും പൂക്കുട്ടിക്കും കിട്ടിയ പുരസ്കാരങ്ങള്‍ മലയാളത്തിന്റെ അഭിമാനമാണെങ്കില്‍, മലയാളിയുടെ പല തലമുറകളെ ചരിത്രം പഠിപ്പിച്ചുവരുന്ന ശ്രീധരമേനോനു കിട്ടിയ പത്മഭൂഷണും മലയാളത്തിന്റെ അഭിമാനമാകുന്നു. അങ്ങനെ അല്ലെന്ന് സംസ്ഥാനസര്‍ക്കര്‍ ഭാവിക്കുന്നെങ്കില്‍, ഭാഷയുടെ സഭ്യതയെ ഒട്ടൊന്നു ഞെരുക്കിക്കൊണ്ടു പറയേണ്ടിവരും, ഇത്ആണ് എച്ചിത്തരം!

പത്തുകൊല്ലം മുമ്പ് ശ്രീധരമേനോനെ ഒരു ടെലവിഷന്‍ ചാനലില്‍ അഭിമുഖത്തിനു കൊണ്ടുപോയപ്പോള്‍, അദ്ദേഹം ചോദിച്ചു: “ഇവിടെയൊക്കെ കമ്യൂണിസ്റ്റുകാരല്ലേ, എനിക്കെന്തു സ്ഥാനം?“ കമ്യൂണിസ്റ്റുകാര്‍ക്ക് അപ്പോഴേക്കും അദ്ദേഹം പോഴയോ പിഴയോ ഒക്കെ ആയി ത്തീര്‍ന്നിരുന്നുന്നു. കൊണ്ടുപിടിച്ച എഴുത്തൊഴിച്ചാല്‍ വിശേഷിച്ചൊരു രാഷ്ട്രീയവുമില്ലാത്ത അദ്ദേഹത്തെ ചിലര്‍ വര്‍ഗ്ഗശത്രുവാക്കി, ചിലര്‍ ഹിന്ദുത്വത്തിന്റെ മഞ്ഞച്ചരടില്‍ കെട്ടിയിട്ടു. ഇഎം എസുമായും ഗോവിന്ദപ്പിള്ളയുമായും ആലോചിച്ചേ സ്വാതന്ത്ര്യസമരത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ചുള്ള ഒരു ലഘുപുസ്തകം എഴുതാന്‍ പാടുള്ളു എന്ന തീട്ടൂരത്തിനു വഴങ്ങാതിരുന്നതോടുകൂടി അദ്ദേഹം തീര്‍ത്തും അനഭിമതന്‍ ആയി. കുട്ടിസഖാക്കള്‍ എന്നല്ല, വലിയ സഖാക്കളും ചരിത്രപ്പൊലിസ് ആകേണ്ടെന്ന പക്ഷക്കാരനാണ് ശ്രീധരമേനോന്‍.

ശ്രീധരമേനോനെതിരെ പറയാവുന്ന കാര്യങ്ങള്‍ നിരവധി. പുതിയ അര്‍ഥത്തില്‍, അദ്ദേഹം ചരിത്രകാരനേ അല്ല. കേവലം ഒരു ചുരുക്കെഴുത്തുകാരന്‍. അല്ലെങ്കില്‍ നീട്ടെഴുത്തുകാരന്‍. രണ്ടാം ചേരസാമ്രാജ്യത്തെപ്പറ്റി ഇളംകുളം പടച്ച കുറേ കഥയും കാര്യവും ഉരുവിട്ടുവളരുകയും തലമുറകളിലൂടെ തഴപ്പിക്കുകയും ചെയ്ത വിദ്വാന്‍. വര്‍ഗ്ഗവിശകലനമോ തനി ശകലനമോ നടത്താത്ത ഒരു ഒഴുക്കന്‍ കഥാകാരന്‍. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടുനടക്കുന്ന പിന്തിരിപ്പന്‍. സര്‍ സിപിയെപ്പറ്റിയുള്ള പഴയ അഭിപ്രായം തിരുത്തി, അദ്ദേഹത്തില്‍ ചില നന്മകള്‍ കൂടി കണ്ടെത്തിയ മൂരാച്ചിയും തിരുത്തല്‍വാദിയും. മൂരചിത്തവും തിരുത്തല്‍വാദവും, രണ്ടും ഒരുപോലെ ഗര്‍ഹണീയമായ വര്‍ഗ്ഗവൈകല്യങ്ങള്‍ ആകുന്നു. അത്തരം വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് എങ്ങനെ പത്മഭൂഷണ്‍ കിട്ടും? എങ്ങനെയെങ്കിലും കിട്ടിയാല്‍ത്തന്നെ, അദ്ദേഹത്തെ എങ്ങനെ അനുമോദിക്കും? മലയാളത്തിന്റെ അഭിമാനമെന്നൊക്കെ ചുമ്മാ അങ്ങു പറയാനൊക്കുമോ?

കേരളത്തിന്റെ പുതിയ പ്രൌഢമായ ചരിത്രം പിന്നീട് പല ഗുരുക്കള്‍മാരും എഴുതിയിട്ടുണ്ട്. എന്നിട്ടും ശ്രീധരമേനോന്റെ കഥ തന്നെ കുട്ടികള്‍, ചരിത്രത്തിന്റെ ദുശ്ശീലം പോലെ, ഇന്നും വായിച്ചുവളരുന്നു. അത് അട്ടിമറിച്ച്, അതിനുപകരം പുതിയ ചരിത്രഭാഷ്യം അടുത്തെന്നെങ്കിലും വിജ്ഞാനവിപണിയില്‍ ഇറക്കാന്‍ പട്ടുമെന്നു തോന്നുന്നില്ല. വെറുതെയല്ല, ചരിത്രം എഴുതിക്കിട്ടുന്ന പണംകൊണ്ട് നിത്യവൃത്തി കഴിക്കാന്‍ അദ്ദേഹത്തിന് ഇന്നും സാധിക്കുന്നു. ഇനി, ആളുകള്‍ അദ്ദേഹത്തിന്റെ പുസ്തകം വാങ്ങിക്കുകയും ചരിത്രം ഉള്‍ക്കൊള്ളുകയും ചെയ്യുന്നതും വര്‍ഗ്ഗവഞ്ചന ആണെന്നുവരുമോ?

പത്മഭൂഷണ്‍ സ്വീകരിക്കുമോ എന്നു ചോദിച്ചറിയാന്‍ കേന്ദ്ര ആഭ്യന്തര സെക്രടറി മധുകര്‍ ഗുപ്ത ശ്രീധരമേനോനെ വിളിച്ചപോള്‍ സംസാരിച്ചത് സരോജിനി മേനോന്‍ ആയിരുന്നു. ശ്രീധരമേനോന് കേള്‍ക്കാനും സംസാരിക്കാനും വിഷമം. എങ്ങനെ ആ തീരുമാനം ഉണ്ടായെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തതാകാന്‍ വഴിയില്ല. ശ്രീധരമേനോന്‍ അതിനുവേണ്ടി കമ്പി വലിക്കാന്‍ പറ്റുന്ന പരുവത്തിലല്ല താനും. മധുകര്‍ ഗുപ്തയുടെ സന്ദേശത്തിനുശേഷം വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ ശ്രീധരമേനോന്റെ പേര്‍ കാണാതിരുന്നപ്പോള്‍, വിളിച്ചുവരുത്തി സദ്യ ഇല്ലെന്നു പറയുന്നതുപോലെയാകുമോ എന്നു സരോജിനി മേനൊന് തോന്നി. പിന്നെ പ്രഖ്യാപനം ഉണ്ടായി. അതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു അച്യുതാനന്ദനും സംസ്ഥനസര്‍ക്കാരും പ്രാക്തനരും അഭിനവരുമായ ഗോര്‍ബാച്ചെവുമാരും.

വൈരുദ്ധ്യാധിഷ്ഠിതമായി നോക്കിയാല്‍, എവിടെയോ ഒരു ഗൂഢാലോചനയോ ഉപജാപമെങ്കിലുമോ നടന്നിരിക്കുന്നതായി കാണാം. സംസ്ഥാനസര്‍ക്കാരിന്റെ വിശ്വവിഖ്യാതമായ മൂക്കിനുതാഴെ താമസിക്കുന്ന ഒരാള്‍ക്ക്, സംസ്ഥനസര്‍ക്കാരിന്റെ അറിവോ ഒത്താശയോ ഇല്ലാതെ, നേരുപറഞ്ഞാല്‍ അതിന്റെ ഇഷ്ടത്തിനെതിരായി, ഒരു ദേശീയ ബഹുമതി കിട്ടുന്നത് എങ്ങനെ? സംസ്ഥാനസര്‍ക്കാരിന്റെ വിപ്ലവപ്രഭയില്‍ കരി വാരിത്തേക്കാനുള്ള പണിയല്ലേ ഇത്? സംസ്ഥാനത്തിന്റെ അധികാരത്തില്‍ കയ്യും കാലും കടത്തുന്ന ഏര്‍പ്പാടല്ലേ ഇത്? കേന്ദ്ര-സംസ്ഥാന്‍നബന്ധങ്ങളെ തകര്‍ക്കാന്‍ പോന്ന കുത്സിതമായ ഈ നീക്കം പിന്‍വലിക്കേണ്ടതല്ലേ? പണ്ടായിരുന്നെങ്കില്‍ ബഹുമതി നിരസിക്കാന്‍ അതിനു തിരഞ്ഞെടുക്കപ്പെട്ട ആളോട് ആജ്ഞാപിക്കാമായിരുന്നു. ഇന്നിപ്പോള്‍ ഒരേയൊരു സമാധാനം അവശനായിക്കിടക്കുന്ന ശ്രീധരമേനോന് മാര്‍ച് മുപ്പത്തൊന്നിന് ‍ഡല്‍ഹിയില്‍ പോയി പത്മഭൂഷണ്‍ നേരിട്ട് വാങ്ങാന്‍ പറ്റില്ല എന്നതുതന്നെ. രാഷ്ട്രത്തിനുവേണ്ടി അതു കവടിയാര്‍ മേനറില്‍ പോയി കൊണ്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെടാതിരിക്കട്ടെ.

(മനോരമയില്‍ മാര്‍ച്ച് 24ന് പ്രസിദ്ധീകരിച്ചത്)
......