Tuesday, April 14, 2015

ganga's son and his peccadilloes


april 14, 2015
സോമവാരം
ഗംഗയുടെ മകനും സ്ത്രീപീഡനവും
കെ ഗോവിന്ദൻ കുട്ടി

എന്റെയൊരു ഭാഗ്യം നോക്കൂ! കേരളത്തിൽ ഗീവർഗീസിന്റെയും ഇമാനുവലിന്റെയും സരിതയുടെയും സത്യവാചകം കൊഴുക്കുന്പോൾ ഞാൻ കാശിയിലായിരുന്നു. കാശിയിൽ എന്തോ കാരണത്താൽ "ലങ്ക" എന്നറിയപ്പെടുന്ന തിരക്കേറിയ സ്ഥലത്തേക്ക് കാർ ഇരച്ചുകയറ്റുന്പോൾ സാരഥി ജംഷേദ് പല്ലിളിച്ചുകൊണ്ടു പറഞ്ഞു: "കാശിയിൽ മോക്ഷവും മയക്കുമരുന്നും ആർക്കും എത്ര വേണമെങ്കിലും കിട്ടും."

ഞാൻ അയാളുടെ ഇളിച്ച പല്ലിന്മേലേക്കു നോക്കി. കറുത്തു തുരുന്പിച്ചിരിക്കുന്നു. ആർക്കും എവിടെയും കിട്ടുമെന്നു സൂചിപ്പിക്കപ്പെട്ട ആ മയക്കുമരുന്നു കലർന്നതായിരിക്കുമോ ജംഷേദിന്റെ പല്ലിൽ തേച്ചുപിടിപ്പിച്ച പാൻ മസാല? എന്തായാലും ഇത്ര സുലഭമായ മയക്കമരുന്ന് പരസ്യമായി വിൽക്കുന്ന ഒരു കടക്കാരനെ പരിചയപ്പെടുത്താൻ ഞാൻ ജംഷേദിനെ ചട്ടം കെട്ടി. "ഓഹോ, അതിനെന്താ, ഇവിടെ ഒരു പൊലിസും അവരെ പിടിക്കില്ല. ഏതാണ്ട് സർക്കാരി ഷാപ്പുകൾ പോലെയാണ് അവരുടെ പ്രവർത്തനം."

ശാപം വീണതുപോലെയായി ആ വചനം. അതു പറഞ്ഞു തീരും മുന്പേ ജംഷേദിന്റെ കാറിൽ മുന്നിൽനിന്നു വന്ന ഒരു ബൈക്ക് ഇടിച്ചു വീണു. ബൈക്കിലിരുന്ന രണ്ടു ചെറുക്കാന്മാർ ഉരുണ്ടു വീണു, പിടഞ്ഞെണീറ്റൂ. ഒരു നിമിഷം വഴി തെന്നിപ്പോയ മരണത്തെ നോക്കി ഞങ്ങൾ ശബ്ദമില്ലാതെ പിറുപിറുത്തു. അവർ മൂടും തട്ടി പോയി. മുറിവു പറ്റിയ തന്റെ കാറിന്റെ മുൻ വശം നോക്കി ജംഷേദ് മുഖം കുനിച്ചു. ചെറുക്കന്മാരെ അയാൾ കൈകാര്യം ചെയ്യുമെന്നു ഞാൻ കരുതി. ചുരുങ്ങിയത് പരുക്ക് മാറ്റാനുള്ള ചിലവെങ്കിലും വസൂലാക്കുമെന്നു കരുതി. ഒന്നുമുണ്ടായില്ല. അതാണ് കാശിയുടെ വഴി. അഴുക്കും പിഴച്ച വഴിയും അവിടെ ബഹളം ഉണ്ടാക്കുന്നില്ല. മലിനമായ ഗംഗ പിന്നെയും പിന്നെയും ശാന്തമായി ഒഴുകുന്നു.

ജംഷേദ് ഞങ്ങളെ ബനാറസ് ഹിന്ദു സർവകലാശാലയുടെ അതിഥി മന്ദിരത്തിലേക്കു കൊണ്ടുപോയി. സൗമ്യയുടെ കൂട്ടുകാരികൾ, അദിതിയും ഏകതയും, അവിടെ കാത്തുനില്പുണ്ടായിരുന്നു. ഗംഗയെപ്പോലെ നീണ്ടു നീണ്ടു കിടക്കുന്ന സർവകലാശാലയുടെ പരിസരം ആയിരത്തഞ്ഞൂറു ഏക്കർ വരുമെന്ന് ഗതാഗതത്തിൽ ഗവേഷണവിദ്യാർഥിനിയായ കീർത്തി പറഞ്ഞു. അവിടെ എവിടെയോ ആണ് ഗാന്ധിയുടെ ഇന്ത്യാപ്രവർത്തനം തുടങ്ങിയ വേദി. സർവകലാശാലക്ക് തുടക്കമിട്ട മദൻ മോഹൻ മാളവ്യ വിളിച്ചുകൂട്ടിയ ഒരു യോഗത്തിൽ, സുഖവും സൗകര്യവും ഉള്ള ഇന്ത്യക്കാരെ നോക്കി ഗാന്ധി പറഞ്ഞു, സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുക! അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആഹ്വാനം. അവിടം വരെ പോകാൻ അവസരമുണ്ടായില്ല.

സർവകലാശാലയിൽ കലാചരിത്രത്തിൽ ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന കൊല്ലത്തുകാരൻ ലിൻ എന്റെ മട്ടും മാതിരിയും കണ്ട് ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു. ഇനി ചിത്രകലയിൽ കൂടി ബിരുദാനന്തരബിരുദമെടുക്കണമെന്നാണ് ഉള്ളിൽ വലിയൊരു വർണരാജിയും കൊണ്ടു നടക്കുന്ന ലിനിന്റെ ആഗ്രഹം. അയാളും കീർത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു, അസ്സീ ഘട്ടിലെ ആരതി കാണണം. ഇരുണ്ട തിരക്കിലൂടെ ഞങ്ങൾ യുഗങ്ങളായി നടന്നുവരുന്ന ഗംഗാരാധന കാണാൻ പോയി.
ഗംഗയുടെ മാറുന്ന ഭാവങ്ങളെപ്പറ്റിയും ഗംഗേയന്റെ വികൃതികളെയും വീരത്വങ്ങളെയും പറ്റിയുള്ള എന്റെ അറിവുകേട് ഞാൻ വഴി നീളേ സൗമ്യയുമായി പങ്കുവെച്ചുകൊണ്ടിരുന്നു.

ഗംഗ കരുണാമയിയായിരുന്നു. ഭഗീരഥന്റെ യത്നംകൊണ്ടോ ശിവന്റെ ഒത്താശകൊണ്ടോ ഊഷരമായ ഒരു ഭൂവിഭാഗമൊക്കെ ഗംഗ വഴി ഫലഭൂയിഷ്ഠമായി. ഗംഗ നിയതിയുടെ ഒരു ഉപകരണമയിരുന്നു. സ്വന്തം മക്കളായ എട്ടു വസുക്കളെ ആ അമ്മ പിറന്നപാടേ തന്നിൽത്തന്നെ ലയിപ്പിച്ചു. ഗംഗ സുന്ദരിയായിരുന്നു. തന്നിൽ അനുരക്തനായ ശന്തനു ചക്രവർത്തിയെക്കൊണ്ട് ഏതു വ്യവസ്ഥയും പാലിക്കാമെന്നു വാക്കു പറയിച്ചു. ആ വാക്കു മാറിയപ്പോൾ ഉണ്ടായതാണ് ഗംഗേയനായ ഭീഷ്മർ. തന്റെ മകൻ മരണഭയമില്ലാതെ വളരട്ടെ എന്നാശീർവദിച്ചവളാണ് ഗംഗ എന്ന അമ്മ.

അഛന്റെയും അമ്മയുടെയും ഇടയിൽ കിടന്ന് ഭീഷ്മർ കഷണീച്ചു. അഛനുവേണ്ടി ശപഥം ചെയ്തു, താൻ ഭരണത്തിനില്ല, ഭർത്താവാകാനുമില്ല. ഷണ്ഡരായ സഹോദരന്മാരെ സഹായിക്കാനുള്ള തത്രപ്പാടിൽ, അദ്ദേഹം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. അവളിലൊരാൾ ആ പീഡനത്തിന്റെ പേരിൽ അദ്ദേഹത്തെ ശപിക്കുകയും ചെയ്തു. ഭീഷ്മരുടെ മരണകാരിണി ആയതും അവൾ തന്നെ. എന്തൊരു വിരോധാഭസമെന്നു നോക്കൂ! ഗംഗയുടെ മഹിമ അനുഭവപ്പെടുന്ന കാശിയിലെ രാജാവിന്റെ പെൺകിടാങ്ങളായിരുന്നു ഗംഗയുടെ മകൻ സഹോദരന്മാർക്കുവേണ്ടി വേട്ടു കൊണ്ടുപോയ വധുക്കൾ. ഒരു യുദ്ധത്തിന്റെ തുടക്കം അവിടെയായിരുന്നു. ഭൂമിയുടെ ഉള്ളുറപ്പിനെപ്പറ്റി പഠനം നടത്തുന്ന സൗമ്യക്ക് ഗംഗയുടെയും ഗംഗാപുത്രന്റെയും വിധുരതകളും യുദ്ധത്തിന്റെ ആദിപർവവും അത്ര പരിചിതമായിരുന്നില്ല.

പത്ത് അശ്വമേധയാഗം നടത്തിയാലും കിട്ടാത്ത പുണ്യം കിട്ടും ദശാശ്വമേധഘട്ടിൽ തർപ്പണം നടത്തിയാൽ. അവിടെ പോയേ തീരൂ എന്നായി അദിതിയും ഏകതയും. ഇങ്ങനെയൊരു യാഗോൽസുകത പെൺകുട്ടികളിൽ ഞാൻ അധികം കണ്ടിട്ടില്ല. ശവസംസ്കാരം നടക്കുന്ന ഹരിശ്ചന്ദ്രഘട്ടിലേക്കും മണികർണികഘട്ടിലേക്കും പോകേണ്ടെന്നുവെച്ചു. എം ടിയുടെ വാരാണസിയിൽ അവയെപ്പറ്റി വായിച്ചതോർക്കുന്നു. ഹരിശ്ചന്ദ്രഘട്ടിൽ കൊടുങ്ങല്ലൂർക്കാരൻ നാരായണമേനോൻ നാരായൺ ദീക്ഷിത് ആയി ജിവിക്കുന്നതിനെപ്പറ്റി എം ജി ശശിഭൂഷൺ എഴുതിയിരുന്നു. അതു പക്ഷേ രണ്ടു പതിറ്റാണ്ടു മുന്പായിരുന്നു. അന്നേ "ദീക്ഷിതി"ന് വയസ്സ് പത്തെഴുപതായിരിക്കും.

ഞാൻ വറ്റിയും വരണ്ടും വളഞ്ഞും വഷളായും ഒഴുകുന്ന ഗംഗയെ നോക്കി നിന്നു. തർപ്പണത്തിനും പ്രാർഥനക്കും എനിക്ക് താല്പര്യമുണ്ടായ്രിരുന്നില്ല. ഞങ്ങൾ പടവുകൾ കയറിയിറങ്ങി. മറ്റുള്ളവരുടെ മോക്ഷം തങ്ങളുടെ ഉപജീവനമാക്കി മാറ്റിയ മനുഷ്യർ വിടാതെ ഞങ്ങളുടെ പുറകേ കൂടി. കൗതുകവസ്തുക്കൾ എല്ലായിടത്തും വില്പനക്കുണ്ടായിരുന്നു. വഴുതക്കാട്ട് കിട്ടുന്ന സാധനം വാരാണസിയിൽ പോയി വാങ്ങെന്ന്ടെന്നു ഞാൻ ശഠിച്ചു. അതിനിടെ അദിതി--അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം ലഭിച്ചിരിക്കുന്ന കുട്ടി--ഒരു ബോർഡ് ചൂണ്ടിക്കാട്ടി: "ബനാറസ് സാരി ഫാക്റ്ററി." ഫാക്റ്ററി ആയതുകൊണ്ട് വില്പന വില കുറഞ്ഞിരിക്കുമെന്ന് ഭാര്യ കണക്കു കൂട്ടി. അതിനെക്കാൾ കുറക്കാമെന്നായി കടയുടമ, രാം ഗോപാൽ പാണ്ഡേ.

കടയുടെ മുകളിൽ വീടു കൂട്ടി താമസിക്കുന്ന രാം ഗോപാൽ കാശിയിലെ അറുപത്തിനാലു പുരോഹിതകുടുബങ്ങളിൽ പെട്ട ആളാണെന്ന് അവകാശപ്പെടുന്നു. പതിമൂന്നു തലമുറകളീലായി അദ്ദേഹത്തിന്റെ പരന്പര അവിടെ, കാശിയിലെ ഗലികളിൽ, വസിക്കുന്നു. ചിലർ പൗരോഹിത്യം വിട്ട് വാണിജ്യത്തിലേക്കും മറ്റും മറ്റും കടന്നിരിക്കുന്നു. "ഗലികളാണ്, പുണ്യാത്മൻ, കാശിയുടെ ജീവനും ശരീരവും," രാം ഗോപാൽ പറഞ്ഞു. അങ്ങനെ പല ഗലികൾ കടന്നുവേണം വിശ്വനാഥക്ഷേത്രത്തിലെത്താൻ. തിക്കും തിരക്കും ഗലികളെ ഗുഹകളാക്കും. അവിടവിടെ പൊലിസ് ബന്തവസ്സുണ്ട്. ചെരുപ്പ് സൂക്ഷിച്ചും പൂജക്കുള്ള സാധനങ്ങൾ വിറ്റും പണമുണ്ടാക്കുന്നവരുണ്ട്. വരി തെറ്റിച്ച് സൂത്രത്തിൽ തൊഴാൻ ചെല്ലുന്നവരെ കോവിലിൽ എത്തിക്കുന്ന ഉപപുരോഹിതന്മാരുണ്ട്. ഈ ഗലികളിൽ ബഹളമുണ്ടായാൽ രക്ഷപ്പെടാൻ എന്തു വഴി? എന്റെ അങ്കലാപ്പുകണ്ട് രാം ഗോപാൽ പറഞ്ഞു: "പുണ്യാത്മൻ, ഇത് നൂറ്റാണ്ടുകളായി നടന്നു വരുന്നു. ഇത് വിശ്വനാഥന്റെ വഴി. ഇതേ ശരണമുള്ളു.”

ഞാനോർത്തു, അങ്ങനെ പറഞ്ഞ ജഗന്നാഥ പണ്ഡിതന് എന്തായിരുന്നു അനുഭവം. ദാരാ ശുകോവിന്റെ കൂട്ടുകാരനായിരുന്നു ജഗന്നാഥ പണ്ഡിതൻ. ഗംഗാലഹരി എഴുതിയ ജഗന്നാഥൻ ഒരു അന്യമതസ്ഥയെ വേട്ടു. സമുദായം ഇളകിവശായി. പീഡിപ്പിക്കപ്പെട്ട വധൂവരന്മാർ ഗംഗാതിരത്ത് അഭയം തേടി. ഗംഗാലഹരി അവിടെ വെച്ച് രൂപം കൊള്ളുകയായിരുന്നു. ഓരോ ശ്ലോകം ചൊല്ലുന്പോഴും ഗംഗ ഒരു പടവു കേറി വന്നു. ഒടുവിൽ ഗംഗ ജഗന്നാഥ പണ്ഡിതനെയും പത്നിയെയും തന്റെ ലഹരീവലയത്തിൽ ഒതുക്കി സംരക്ഷിച്ചു.

ദശാശ്വ്വമേധഘട്ടിന്റെ പടവുകൾ കയറിയിറങ്ങുന്പോൾ ഞാൻ ഗംഗാലഹരിയുടെ വരികൾക്കുവേണ്ടി കാതോർത്തു. ജഗന്നാഥ പണ്ഡിതന്റെ മുഖഛായ ആരിലെങ്കിലും കാണുന്നുവോ എന്നു ഞാൻ അന്വേഷിച്ചു. എഞ്ജിനീയർമാരായ എന്റെ ആതിഥേയകൾ ചിത്രം വരക്കുന്നവരും ഛായാഗ്രാഹകരുമായിരുന്നു. ഗംഗാലഹരിയുടെയും ഭഗീരഥന്റെയും ഭീഷ്മരുടെയും വിഷണ്ഡനായ കാശി രാജാവിന്റെയും ദൈന്യവും ആവേഗവും അവരുടെ വിഷയമാകട്ടെ എന്നു ഞാൻ ആശംസിച്ചു. വിട പറയുന്പോൾ, ഒത്തുനോക്കാൻ ഒരു ശ്രമം ഉണ്ടായി. കാശിയിൽ മോക്ഷം കിട്ടിയോ? ഗീവർഗീസിന്റെയും ഇമാനുവലിന്റെയും സരിതയുടെയും സത്യവാചകം കൊഴുക്കുന്പോൾ മലയാളചാനലൗകളിൽനിന്നകന്നിരിക്കാൻ പറ്റിയതും ഒരു തരം മോക്ഷമല്ലേ?
Thursday, February 19, 2015

എല്ലാം ഒരു കളി തന്നെ
എല്ലാം ഒരു കളി തന്നെ


അര നൂറ്റാണ്ടിനു ശേഷം ഈനാശുവുമായി ചങ്ങാത്തം പുതുക്കുന്പോൾ ദേശീയ ഗെയിംസിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.  സംസാരിക്കാൻ ചീത്ത കാര്യങ്ങൾ ഏറെ ഉണ്ടായിരുന്നു.  എന്നാലും അതൊന്നും കടന്നു കൂടിയില്ല ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണത്തിൽ.  എന്തൊക്കെ പറയാമായിരുന്നു?

മോഹൻലാലിന്റെ പരിപാടി കുളമായ കാര്യം സംസാരത്തിൽ ചീഞ്ഞു നാറേണ്ടതായിരുന്നു.  മഹാനടനായ മോഹൻ ലാൽ അവതരിപ്പിച്ച പരിപാടി കുറഞ്ഞൊന്നു പാളിപ്പോയതിന്റെ പേരിൽ ആ പവിത്രപശുവിനെ ദ്രോഹിക്കാൻ ആളുകൾ ഒരുന്പെടുന്ന സാഹസത്തെപ്പറ്റി പറയാമായിരുന്നു.  കോടികൾ ചിലവിട്ട ഉദ്ഘാടനപരിപാടി കുളമായതിൽ ഇത്രയൊക്കെ ഒച്ച വെക്കാനുണ്ടോ?  ലാലിസം ചാലീസയായി എന്നു പറഞ്ഞവരെ പുളിച്ച തെറി വിളിക്കുന്നത് മര്യാദയാണോ എന്നും ചോദിക്കണമെന്നു തോന്നി.  

പണം കിട്ടാത്തവർ ആരൊക്കെ എന്നേ അന്വേഷിക്കേണ്ടതുള്ളു.  പരിപാടിയുടെ മുഖ്യനിർവഹണോദ്യോഗസ്ഥൻ അപ്പപ്പോൾ കാര്യങ്ങൾ വിശദീകരിക്കണമായിരുന്നു.  സംഗതി ആപത്തായപ്പോൾ മറുപടിയുമായി മന്ത്രി ഇറങ്ങിത്തിരിക്കേണ്ടിവന്നു.  ലാലിനെ വാഴ്ത്തുന്ന ദൗത്യവുമായി ചാനലുകൾ മുന്നോട്ടിറങ്ങി.  മാധ്യമങ്ങളെ വിസ്തരിക്കാൻ മാധ്യമങ്ങൾക്കാകുമോ?  അവർക്കും പിടിപ്പതു പണം കിട്ടിയെന്ന് അവയിലൊരെണ്ണം സൂചിപ്പിക്കുന്നതു കേട്ട്.  സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നു പ്രത്യേകം പറയട്ടെ.

ഒരു കാര്യത്തിൽ സമാധാനം.  പത്രങ്ങളും മാധ്യമങ്ങളും പൂഴ്ത്താൻ നോക്കിയിട്ടും അഴിമതിയുടെയും ലാലിസത്തിന്റെ വീഴ്ച്കയുടെയും അഞ്ചുലക്ഷത്തിന്റെ നൃത്തം ഇരുപത്തഞ്ചു ലക്ഷം വാങ്ങി/കൊടുത്ത് അരങ്ങു തക്ർക്കാൻ പോകുന്നതിന്റെയും കഥയും കാര്യവും പുറത്തു വരുന്നു.  പുതിയ വിവരസാങ്കേതികവിദ്യയുടെ ഫലം കൈവരുന്നത് മാധ്യമങ്ങൾക്കു നടുവിൽ നിസ്സഹായരായി നിൽക്കുന്ന സാധാരണജനത്തിനു തന്നെ.  പത്രവും ടി വിയുമില്ലെങ്കിലും, കോഴി കൂവിയില്ലെങ്ക്ലും, നേരം വെളുക്കുകയും നേരു പുറത്തുവരുകയും ചെയ്യുമെന്നായിരിക്കുന്നു.  സമാധാനം.

വേറെയും സംസാരിക്കാവുന്ന കാര്യങ്ങൾ പലതുണ്ടായിരുന്നു.  അതിലൊന്ന് നിയമസഭയിൽ കെ എം മാണിക്ക് നീന്തിക്കടക്കാനിരിക്കുന്ന ചോരപ്പുഴ തന്നെ പ്രധാനം.  ബജറ്റ് അവതരിപ്പിക്കണമെങ്കിൽ അതു തരണം ചെയ്തേ പറ്റൂ എന്ന സ്ഥിതി വരുത്തുമെന്ന് വി എസ് അച്യുതാനന്ദൻ.  എന്നാൽ കണട്ടെ എന്ന് ഉമ്മൻ ചാണ്ടി.  പിന്നെ ഭൂമി തട്ടിപ്പൂ നടന്ന പാറ്റൂർ കേസ്.  ലോകായുക്തയുടെ നിലപാട്.  വിജിലൻസ് എ ഡി ജി പി തയ്യാറാക്കിയ റിപ്പോർട് ചോർന്നതിലുള്ള അമർഷം.  ഇനിയും അണയാതെ കിടക്കുന്ന സരിതത്തീ.  ഇതെല്ലാം തൊട്ടു തലോടി പോയാൽ ഒരാഴ്ച്ക സംസാരിക്കാനുണ്ടായിരുന്നു.  ലോകം മോശമാകുന്നവെന്ന തത്വചിന്തയും ഇടക്കിടെ തട്ടിക്കൊടുക്കാം.  ഒന്നുമുണ്ടായില്ല.  ഈനാശുവുമായി സംസാരിക്കുന്പോൾ മാറി മാറി വിളന്പാൻ, എന്തുകൊണ്ടോ, ഇതൊന്നും മതിയായില്ല.  

എന്നെക്കാൾ ഒരു കൊല്ലം മുന്പ് പത്താം ക്ലാസ് ജയിച്ച ഈനാശുവിനെ ഞാൻ ഒടുവിൽ കണ്ടത് 1960ന്റെ തുടക്കത്തിലായിരിക്കും.  പ്രായത്തെക്കാൾ കൂടുതൽ പക്വതയുള്ള അക്ഷരങ്ങളിലൂടെ ഈനാശുവിന്റെ അറിവ് വെളിപ്പെട്ടു.  എന്തൊക്കെയോ പഠിക്കാൻ പോയി, എവിടെയൊക്കെയോ.  പൗരോഹിത്യത്തിനു തയ്യാറെടുത്തിരുന്നുവെന്നു കേട്ടു.  അതിനിടയിൽ ജർമ്മനും ഫ്രഞ്ചും വശമാക്കി.  മലയാളത്തിലും ഇംഗ്ലിഷിലും കൂടാതെ ആ രണ്ടു ഭാഷകളിലും കവിതയെഴുതി.  പാരിസിൽ സ്തിരതാമസമാക്കി.  സ്ഥിരമായതൊന്നുണ്ടോ?  അന്പത്തഞ്ചു കൊല്ലത്തിനുശേഷം സംസാരിച്ചപ്പോൾ ഞങ്ങൾക്കിടയിൽ കൊടി നാട്ടിയ ഒരു ചോദ്യം അതായിരുന്നു.  അര നൂറ്റാണ്ടിനെ സ്ഥിരതയായി കൂട്ടാനാവില്ലല്ലോ.  

ഏതോ ഒരു വിഡിയോയിൽ ഫ്രഞ്ചിന്റെ ഗാനാത്മകതയെപ്പറ്റി ഈനാശു ഉപന്യസിക്കുന്നതു കേട്ടു.  വായിൽ കിടന്നു വിലസുന്ന ഭാഷയാണ് ഫ്രഞ്ച്.  ഇംഗ്ലിഷ് അതിന്റെ അടുത്തു വരില്ല.  ഇംഗ്ലിഷ് പഠിപ്പിക്കുകയും കവിതക്ക് ഉപയോഗിക്കുകയും ചെയ്യുന്ന ഈനാശു ഫ്രഞ്ചിനെ അങ്ങനെ വാഴ്ത്തുന്നതു കേട്ടപ്പോൾ ഞാൻ അന്തം വിട്ടു നിന്നു.  രണ്ടക്ഷരമുള്ള ഒരു ഫ്രഞ്ച് വാക്കു പോലും ശരിക്കു പറയാൻ അറിയാത്ത ഞാൻ കേൾക്കാൻ വയ്യാത്ത അതിന്റെ ഗാനാത്മകതയെ മനസ്സിൽ നട്ടു നനച്ചു.  ഇടക്ക് റെജിസ് ഡീബ്രേ കയറി വന്നു.  തുടക്കത്തിൽ നമ്മ്മുടെ ഇടതുപക്ഷ തീവ്രവാദികൾക്ക് കൈപ്പുസ്തകം സമ്മാനിച്ച ചിന്തകനാണ് ഡീബ്രേ. ' വിപ്ലവത്തിൽ വിപ്ലവം' എന്ന പുസ്തകം അദ്ദേഹം എഴുതിയപ്പോഴേക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയദിശ മാറിപ്പോയിരുന്നു.  സാധാരണ അർഥത്തിലുള്ള വിപ്ലവമോ അതിവിപ്ലവമോ ഈനാശുവിനെയും എന്നെയും ഏശിയിരുന്നില്ല.  അതിനെക്കാൾ എത്രയോ അനാകർഷകമായ ഞെരുക്കങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ നീക്കം.

ആ നീക്കത്തിനിടയിൽ അന്നു കണ്ട മുഖങ്ങളും വഴിക്കിണറുകളും കുന്നിൻപുറങ്ങളും ഓർമ്മയിലെ സ്ഥിരതയായി നിലകൊണ്ടു.  ഒരു കുന്നിൻ പുറത്തെ ഈനാശു ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി വരച്ചിട്ടത് ഇങ്ങനെ:  സൈമൺ മാഷടെ വീട്ടിനു മുന്നിലെ നെല്ലിച്ചോട്ടിൽനിന്ന് റോഡ് മുറിച്ചു കടന്ന് ളൂവിസ് മാഷടെ വീടിന്റെ ഭാഗത്തേക്കു പോകുന്പോൾ വലതു വശത്തു കാണുന്ന ഭൂവിഭാഗം പണ്ടൊരു കുന്നായിരുന്നു.  അന്നതിനു ജൂതക്കുന്ന് എന്നു പേരുണ്ടായിരുന്നു....അങ്ങനെ പറഞ്ഞുപോയപ്പോൾ ഞങ്ങൾ കൊച്ചുകാലുകൾ അമർത്തി നടന്നിരുന്ന സ്ഥലം രണ്ടായിരം കൊല്ലം പഴമ അവകാശപ്പെടുന്നതാണല്ലോ എന്ന് അത്ഭുതപ്പെട്ടു.

ജൂതരുടെ അംശം വല്ലതും അവിടെ ഉണ്ടായിരുന്നോ എന്ന് ഈനാശുവും ഞാനും ഫോണിലൂടെ തിരക്കിനോക്കി.  ജൂതരുടെ പഴയ വാസസ്ഥലത്തിന്റെ ഒരറ്റത്ത്, ഞങ്ങൾ കാണുന്പോൾ, മേൽക്കൂരയില്ലാത്ത, ചെത്തിത്തേക്കാത്ത ഒരു പകുതിക്കെട്ടിടമായിരുന്നു.  ആൺകുട്ടികളുടെ മൂത്രപ്പുരയായി ഉപയോഗിച്ചിരുന്ന ആ കെട്ടിടത്തെയും അതിന്റെ ചുവരുകളിൽ, ഏതോ ജന്മാന്തരപ്രേരണകൊണ്ട് എന്നും ചെറുപ്പക്കാർ ചെയ്യുന്നതുപോലെ, അന്നും കോറിയിട്ടിരുന്ന അസഭ്യത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  

അതിനിടയിൽ ഈനാശുവിന്റെ സംസാരത്തിൽ നരവംശശാസ്ത്രവും സാമുദ്രികശാസ്ത്രവും കടന്നുവന്നത് തടയാൻ വയ്യത്ത ഒഴുക്കായിട്ടായിരുന്നു.  മനുഷ്യരുടേ മുഖത്തിന്റെ വടിവിനെയും നിറത്തെയും പറ്റി ഞങ്ങൾ സംസാരിച്ചു.  ഒരു കൈക്കുടന്ന വെള്ളം വായുവിലെറിഞ്ഞ് സവിതാവിനെ ധ്യാനിക്കുന്ന ബ്രാഹ്മണരെ പാലയൂരിൽ തോമാശ്ലീഹ കണ്ടുനിൽക്കുകയും, പിന്നെ കൃസ്ത്യാനികളാക്കുകയും ചെയ്തുവെന്ന പുരാവൃത്തം ഉരുക്കഴിച്ചുകൊണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.  ഒരു ശരാശരി വാസ്തുശില്പിയുടെ പോയിട്ട്, ഒരു സാദാ പാണന്റെപോലും വിരുതില്ലാത്ത ആരോ ആ രംഗം പറവൂരിൽ ഒരിടത്ത് ഒരുക്കിവെച്ചിരിക്കുന്നതിനെപ്പറ്റിയായി പിന്നെ ഞങ്ങളുടെ സംസാരം.  പറവൂരിനോളമൊന്നും പ്രസിദ്ധമായില്ലെങ്കിലും ഈനാശുവും ഞാനും കുട്ടികളായി കറങ്ങിനടന്നിരുന്ന മറ്റം എന്ന ദേശത്തിനും ചരിത്രത്തിൽ ഒരു തരം ഭാവസ്ഥിരത ഉണ്ടെന്നോ?  അത്തരം ഒരു സംസ്ക്കാരസന്ദർഭം മനസ്സിൽ കണ്ടായിരിക്കുമോ കാളിദാസൻ ചൊല്ലിയത്, "ഭാവസ്ഥിരാണി ജനനാന്തരസൗഹൃദാനി."  

മിക്ക കാലുകളിലും ചെരുപ്പില്ലാത്തതായിരുന്നു ആ കാലം. വൈദ്യുതിയും ഇല്ലായിരുന്നു.  പിന്നെയും എത്രയോ കൊല്ലം കഴിഞ്ഞിട്ടായിരുന്നു ചുരിദാറിനും മിഡിക്കും മറ്റും മറ്റും വഴി മാറിക്കൊടുത്തുകൊണ്ടുള്ള പാവാടയുടെ തിരോധാനം.  പാവാടക്കും സാരിക്കിടക്കുള്ള ഒരു അരസാരി പ്രയോഗത്തിൽ കുറവായിരുന്നു.  റോഡ് ടാറിടുന്നത് ഉൽസവം പോലെ കൊണ്ടാടി.  അങ്ങനത്തെ മറ്റത്തിന്റെ വർത്തമാനവും പൈതൃകവും ഈനാശു പരതീക്കണ്ടെത്തി.  സ്ഥലനാമങ്ങളിലൂടെ ഊളിയിട്ട അദ്ദേഹം മറ്റത്തിന്റെ നാനാർഥങ്ങളിൽ, കാളിദാസന്റെ മേഘം പോലെ, തെല്ലിട വിശ്രമിച്ചു.  തോമശ്ലീഹ ഇവിടെ 56ൽ  വന്നിരുന്നാലും ഇല്ലെങ്കിലും, വന്നത് തോമശ്ലീഹ ആയാലും അല്ലെങ്കിലും, മറ്റം പുതിയ ഒരു സമുദായത്തിന്റെ ആദ്യത്തെ താവളങ്ങളിൽ ഒന്നായിരുന്നു.  വേറൊരിടത്ത് തന്പടിച്ചിരുന്ന ഒരു കൂട്ടർ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയപ്പോൾ മറ്റം ഉണ്ടായ്യെന്നും വരാം.  സ്ഥലനാമശാസ്ത്രത്തിൽ ഞങ്ങളുടെ അമേച്വർ ഗവേഷണം അങ്ങനെ മുന്നേറി.

മറ്റത്തിലെ പള്ളിയുടെ അന്തരീക്ഷം എനിക്ക് ഏറെ പരിചിതമായിരെന്നെങ്കിലും ഇഷ്ടമായിരുന്നുവെന്നു പറഞ്ഞുകൂട.  പള്ളിക്കുളവും പള്ളിപ്പറന്പും നാടശാലയുമൊക്കെ ഞങ്ങളുടെ വിഹാരവേദികളായിരുന്നു.  പള്ളിക്കിണർ വൃത്തിയാക്കിവെക്കാൻ അധികം ആരും ശ്രദ്ധിച്ചിരുന്നില്ല.  കോഴിത്തൂവലും എല്ലിൻ കഷണങ്ങളും വാവട്ടമേറിയ ആ കിണറ്റിൽ വീണീരുന്നു.  അതനുവദിച്ചിരുന്ന കുശിനിക്കാരന്റെ മുണ്ടും മുഖവും ഒരുപോലെ മുഷിഞ്ഞതായിരുന്നു.  കുശിനിക്കാരനെ കപ്യാർ എന്നു തെറ്റിദ്ധരിച്ച എന്നെ ഉടനടി ഈനാശു തിരുത്തി.  പണ്ടൊക്കെ ബസ് അശ്രദ്ധമായി ഓടിയിരുന്ന റോഡിനോടു ചേർന്നായിരുന്നു പള്ളിയുടെ മതിൽ.  എങ്ങനെയോ അതിന്റെ പുറംവശത്തെ ആനപ്പള്ള എന്നു വിളിച്ചുപോന്നു.  

ഈനാശു ചോദിച്ചു, ഓർമ്മയുണ്ടോ, അന്നൊക്കെ പെൺകുട്ടികൾക്ക് പ്രത്യേക ഗേറ്റുണ്ടായിരുന്നു.  രണ്ടെണ്ണം.  കന്യാസ്ത്രീമഠത്തിന്റെ മുന്നിലൂടെയുള്ള റോഡിൽ ആണുങ്ങൾ അധികം പോകാറില്ല.  ആൺകുട്ടികളുടെ ഭാഗത്തുള്ള വരാന്തയിൽനിന്ന് നോക്കിയാൽ മറുവശത്ത് നിറമുള്ള പാവാടകളും കുഞുകാലടികളും കാണാം.  അവരിൽ ആരൊക്കെയുണ്ടായിരുന്നു?  ഈനാശു പേരുകൾ പറയാൻ തുടങ്ങി:  സോഫിയ, സരസ്വതി...ഞാൻ കൂട്ടിച്ചേർത്തു: അംബുജാക്ഷി, സാധ്വി.  പിന്നെ ഓർമ്മകളുടെ കലപിലയായി.  അവരിൽ പലരെയും കഴിഞ്ഞ ദിവസം ഹംസയുടെ വീട്ടിൽ ഇന്നാശു ഒരുക്കിയ സംഗമത്തിനു വിളിക്കണമെന്നുണ്ടായിരുന്നു.  ആർ, എവിടെ എന്നൊക്കെ കണ്ടെത്തേണ്ടേ?  അൻപത്തഞ്ചുകൊല്ലത്തിൽ സ്ഥിരമായി നിൽക്കാതിരുന്നത് എത്രയോ കാണുമല്ലോ.  

ജനനാന്തരങ്ങളിലൂടെ സ്ഥിരമായി നിൽക്കുന്ന ഭാവത്തിന്റെ നിഴലുകളും നിറങ്ങളും പേർത്തുപേർത്തെടുത്തപ്പോൾ തൽക്കാൽം നാട്ടിൽ പൊരിയുന്ന വർത്തമാനം കൈമാറാൻ ഇടയായില്ല.  അഴിമതിയിലും ലാലിസത്തിന്റെ വിലാസത്തിലും ഭൂമികുംഭകോണത്തിലും സരിതയുടെ വിരുതിലും അപ്പോൾ താല്പര്യമില്ലാതായി.  അതൊക്കെ വിട്ട് സാജൻ പ്രകാശ് സ്വർണം വാരിക്കൂട്ടിയതെങ്കിലും സാധാരണ രീതിയിൽ സംസാരവിഷയമാകണമായിരുന്നു.  അതിനു പക്ഷേ ഈനാശുവും, ഒരു പക്ഷേ, ഞാനും, സാധാരണക്കാരല്ലല്ലോ, ആ അർഥത്തിൽ.  കളി ഞങ്ങൾക്ക് ഒരിക്കലും കാര്യമായിരുന്നില്ല.  കളിക്കാനുള്ള നേരമോ സൗകര്യമോ ഇല്ലായിരുന്നു എന്നതാണ് പരമാർഥം.  എന്നാലും, ഒരു തരത്തിൽ നോക്കിയാൽ, എല്ലാം കളി തന്നെ.   

   മുടി വടിയുടെ ചരിത്രം


മുടി വടിയുടെ ചരിത്രംശ്രേഷ്ഠഭാഷയായിക്കഴിഞ്ഞ മലയാളത്തിൽ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിട്ടില്ല.  ഉണ്ടാകാൻ സാധ്യതയുമില്ല.  മുടി കിളിർപ്പിക്കുന്നതും കളയുന്നതും കറുപ്പിക്കുന്നതും പോലുള്ള ചളു വിഷയങ്ങൾ ശ്രേഷ്ഠഭാഷക്കു ചേർന്നതല്ല.  കവിഞ്ഞാൽ മുടി നീട്ടാനും ഇരുട്ടാനും ഉതകാമെന്നു സംശയിക്കുന്ന ആയുർവേദ-സിദ്ധൗഷധങ്ങളുടെ ഒരു പരസ്യപത്രിക ഇറക്കാം.  അവിടെ നിൽക്കണം, നിർത്തണം, രോമപുരാണം.


അങ്ങനെ എഴുതപ്പെടാത്തതും പറയപ്പെടാത്തതുമായ ഒരു ചട്ടം നില നിൽക്കേ, ഇതാ വന്നിരിക്കുന്നു മുടി മുറിക്കുന്നതിനെപ്പറ്റി ഒരു സന്പൂർണഗ്രന്ഥം.  രചന: റെബേക്ക ഹെർസിഗ്. പ്രസാധനം: ന്യൂ യോർക് യൂനിവേഴ്സിറ്റി പ്രെസ്.  പേജ്: 287. വില $29.95.  പുസ്തകത്തിന്റെ പേർ: മുടി വടിയുടെ ചരിത്രം.


മനസ്സിരുത്തി കണക്കാക്കണം.  ഏതാണ്ട് 1800 രൂപ വരും വില.  ഇരുനൂറ്റി എൺപത്തേഴു പേജിൽ എഴുതി നിറച്ചിരിക്കുന്നു റെബേക്ക മുടി മുറിക്കുന്നതിന്റെ, സംസ്കൃതത്തിൽ പറഞ്ഞാൽ, മുണ്ഡനത്തിന്റെ ചരിത്രം.  മുടി വളർത്തുന്നതിന്റെയും നിറം പിടിപ്പിക്കുന്നതിന്റെയും ലഘുചരിത്രം സന്ദർഭമനുസരിച്ച് ചേർക്കുന്നുവെന്നേയുള്ളു.  മുഖ്യവിഷയം മുണ്ഡനം തന്നെ.  ഓർക്കുന്പോൾ, പണ്ട് പടക്കളത്തിൽ വെച്ച് അർജുനനുണ്ടായതുപോലെ, രോമഹർഷം അനുഭവപ്പെടുന്നു.  


മുടി വടിക്കാനുള്ള ഉപകരണങ്ങളും, വടിക്കുന്നതുകൊണ്ടുള്ള ഗുണദോഷങ്ങളെപ്പറ്റി പലപ്പോഴായി നിലവിലിരുന്ന ധാരണകളും, ഫാഷനുകളും ശാസ്ത്രസിദ്ധാന്തങ്ങളും റെബേക്ക പഠനത്തിനു വിധേയമാക്കുന്നു.  പതിവുപോലെ, പശ്ചത്യകേന്ദ്രീകൃതമാണ് പഠനവും നിരീക്ഷണവും.  താടിയും മുടിയും നീട്ടിവളർത്തിയിരുന്ന യൂറോപ്യൻ അധിനിവേശശക്തികൾ അമേരിക്കയിലെ ആദിമനിവാസികൾ പുലർത്തിപ്പോന്ന മുടിമുറിശീലം കണ്ട് അത്ഭുതം കൂറി നിന്ന കഥ ഇവിടെ ഉരുക്കഴിക്കപ്പെടുന്നു. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ അവിടെ വീണ്ടും വീണ്ടും വീണ്ടും ജനിക്കുന്നു.  


റെബേക്ക സ്പർശിച്ചുപോകുന്നതാണ് ചാൾസ് ഡാർവിന്റെ പ്രസക്തി.  മുടി കൊഴിഞ്ഞ കുരങ്ങൻ മൃഗരാജ്യത്തിൽനിന്നു വേറിട്ടു പോന്നു.  നഗ്നനായ വാനരനെപ്പറ്റി അതേ പേരിൽ എഴുതിയതാണ് ഡെസ്മണ്ട് മോറിസിന്റെ പുസ്തകം.  മുടിയല്ല അതിൽ മുഖ്യവിഷയമെന്നു മാത്രം.  പരിണാമത്തിന്റെ പല ഘട്ടങ്ങളിൽ മുടിയും ലൈംഗികതയും മാനസികാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതിന്റെ കഥയും റെബേക്ക പറഞ്ഞുപോകുന്നു.


നമുക്ക് പണ്ടേക്കു പണ്ടേ പ്രിയപ്പെട്ടതാണ് മുടി.  അതു മുറിച്ചുകളഞ്ഞാൽ സമസ്താപരാധമായി, സന്പൂർണത്യാഗമായി. വേണ്ടപ്പെട്ടവരുടെ മരണശേഷവും സന്യസിക്കുന്പോഴും പ്രായശ്ചിത്തമായോ പാപപ്രക്ഷാളനമയോ മുടി വടിച്ചുകളയുന്ന ആചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  കുട്ടികൾക്കും കിഴവന്മാർക്കും ഒരു പോലെ പുണ്യമാണ് മുണ്ഡനം.  അങ്ങനെ പുണ്യം കിട്ടുന്നവരുടെ എണ്ണം കൂട്ടണമെങ്കിൽ തിരുപ്പതിയിൽ ഒന്നു പോയാൽ മതി.  മുടിമലകളുടെ ഉത്ഭവവും ഉയർച്ചയും അവിടെ കാണാം.  രാമേശ്വരത്തു ഞാൻ പോയിട്ടുണ്ടെങ്കിലും മുടി മുറിക്കുകയോ എന്നും അപൂർണമായിരിക്കുന്ന ക്ഷൗരം കാണുകയോ ചെയ്തിട്ടില്ല.  പറ്റുകാരെ പിടിച്ചിരുത്താൻ വേണ്ടിയാണ് രാമേശ്വരത്തെ ക്ഷൗരം എപ്പോഴും പൂർത്തിയാക്കാതെ നിർത്തുന്നത് എന്ന തനി സാന്പത്തികസിദ്ധാന്തം സ്വീകരിക്കാൻ വയ്യ.
പേൻ കടിച്ചു കഷണീച്ചിട്ടാണ് അമേരിക്കൻ പട്ടാളക്കാർ ഒന്നാം ലോകയുദ്ധക്കാലത്ത് മുടി മുറിച്ചു കളയാൻ തീരുമാനിച്ചതെന്ന സിദ്ധാന്തവും അഹു പോലെയാകുമോ?


വൈരുധ്യങ്ങളിൽ ഏകത്വം ദർശിക്കുന്നതാണ് ഇന്ത്യൻ ചിന്ത.  ഞാനും നീയും ഒന്നാകുന്നു.  അതുപോലെത്തന്നെയാണ് ദീക്ഷയും മുണ്ഡനവും.  മുടിയും താടിയും നീട്ടിയാൽ മഹർഷിയാകും.  മുടി വടിച്ചുകളഞ്ഞാലും സന്യാസിയാകും. പണ്ടു കാലത്ത്, വടിക്കാനുള്ള ഉപകരണങ്ങൾ ഏറെ ഇല്ലാത്തതുകൊണ്ടാകാം, നീട്ടി വളർത്തിയ മുടിയും താടിയുമായിരുന്നു ഫാഷൻ.  കവികളും നിരാശരായ കാമുകരും അതേറ്റെടുത്തു.  മുടിയില്ലായ്മ സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിന്ദ്യമായി.  പിന്നെപ്പിന്നെ, അമിതമായ മുടിയുടെ വളർച്ച രോഗലക്ഷണവുമായി.


"മുടി നരക്കുകയും കൊഴിയുകയും ചെയ്യട്ടെ" എന്നായിരുന്നു ഒരിടക്ക് നമ്മുടെയിടയിലെ ആത്യന്തികമായ ശാപം.  കടൽ കടഞ്ഞ് മുടി വളർത്താൻ വല്ല മരുന്നും കിട്ടുമോ എന്നുപോലും പരീക്ഷിച്ചുനോക്കി നമ്മുടെ പൂർവികന്മാർ.  അങ്ങനെയൊരു മരുന്നിനുവേണ്ടിയായിരുന്നു ആദ്യത്തെ ലോകമഹായുദ്ധം നടന്നത്, സുരന്മാരും അസുരന്മാരും തമ്മിൽ.  ആ മരുന്നിനുവേണ്ടി തിരുവനന്തപുരത്ത് അതുണ്ടാക്കിയ  വിദഗ്ധന്റെ വീട്ടിനു മുന്നിൽ ജനം തടിച്ചു കൂടിയ രംഗം ഇന്നും ഓർക്കുന്നു.  തലയിലെ മാറാപ്പിനുപകരം പൊന്നിൻ കിരീടം കയറ്റിവെച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അനുഭവം.  മനുഷ്യരെ ദേവസമാനരാക്കാൻ പോന്നതാൺ അദ്ദേഹത്തിന്റെ കുഴന്പ് എന്നൊക്കെ ഞാൻ തട്ടിവിട്ടു.  മനുഷ്യരെ മാതം ബാധിക്കുന്നതാണല്ലോ രോമരാഹിത്യം അഥവാ കഷണ്ടി.  യവനരോ ഭാരതീയരോ ആയ ഒരു ദേവതയിലും കഷണ്ടി കണ്ടിട്ടില്ല.  എന്റെ ഉപദർശനം പരിഹാസമാണോ എന്ന് അന്ന് ചില കുൽസ്തകേന്ദ്രങ്ങളിൽ സംശയം പത്തി വിരുത്തിയിരുന്നു.


എന്റെ അമ്മയുടെ മുടിയായിരുന്നു നീലിഭൃംഗാദി എണ്ണ തേച്ചാൽ നരയും കൊഴിച്ചിലും ബാധിക്കില്ലെന്ന സിദ്ധാന്തത്തിന് ഞാൻ അവതരിപ്പിച്ചിരുന്ന തെളിവ്.  അമരിയും കയ്യോന്നിയും എന്നും നമ്മുടെ മന്ത്രസസ്യങ്ങളായിരുന്നു.  വേലിപ്പടർപ്പിൽ ഇളകിയാടുന്ന സീതയുടെ മുടിയായി നമ്മൾ ഉഴിഞ്ഞയെ ചിത്രീകരിച്ചു.  അതൊക്കെ തേച്ചുകുളിച്ചിട്ടും ഒരു രോമം പോലും കൂടുതൽ മുളക്കാത്ത മൊട്ടത്തലകളെ എനിക്കറിയാം.  മണ്ടയിൽ എന്തെങ്കിലും കിളിർത്താലും ഇല്ലെങ്കിലും കുഴന്പുണ്ടാക്കി വിൽക്കുന്ന വിശ്വാമിത്രന്മാർ വിപണി തകർത്തു.  ചിലർ ആദായനികുതിയിനത്തിൽ റിക്കാർഡ് സ്ഥാപിച്ചു.


അതൊക്കെ പക്ഷേ മുടി വളർത്താനുള്ള വിദ്യകളെപ്പറ്റിയയിരുന്നു. മുടി മുറിക്കുന്ന വിദ്യയും ആയുധവുമാണ് റെബേക്കയുടെ വിഷയം.  ശ്രേഷ്ഠഭാഷയിൽ ഇനിയും ചർച്ച ചെയ്യപ്പെടാത്ത വിഷയം.  എന്നും എന്നിൽ അസ്തിത്വഭയം വളർത്തിയിരുന്നതാണ് മുടി വടി.  വിളക്കത്തില കൃഷ്ണൻ നായർ മുതൽ കയ്യിലൊതുങ്ങുന്ന ഏറ്റവും പുതിയ റെമിംഗ് ടൺ ട്രിമ്മർ വരെ നീണ്ടുകിടക്കുന്നു മുടി വടിയുടെ സന്ത്രാസത്തിന്റെ ഓർമ്മ.  ഉപകരണവും സങ്കേതവും ഒരു പോലെ എന്നെ കുഴക്കിവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.


രാവിലെ മുടിക്കട തുടങ്ങുന്പോൾ കൃഷ്ണൻ നായർ രണ്ടെണ്ണം വീശിയിരിക്കും.  തലേന്നാൾ വല്ല പൂരത്തിനും പോയിരുന്നെങ്കിൽ ഉറക്കം തൂങ്ങുന്നുണ്ടാവും. എന്നാലും ചുണ്ടിൽ രാത്രിയിൽ ചൊല്ലിയ ശാർദ്ദൂലവിക്രീഡിതത്തിന്റെ അനുരണനം വിട്ടുമാറിയിട്ടുണ്ടാവില്ല.  ഒരിക്കലും ഒഴിയാത്തതായിരുന്നു കൃഷ്ണൻ നായർ കൈവശം വെച്ച അക്ഷരശ്ലോകത്തിന്റെ ആവനാഴി.  പക്ഷേ ശ്ലോകം നന്നായാലും, മുടി പറിച്ചെടുക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന 'മെഷിൻ' എപ്പോഴും വല്ലാത്ത മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.  അസഹ്യത പ്രകടിപ്പിച്ചാൽ, കൃഷ്ണൻ നായർ തല പിടിച്ചൊന്നു തിരിക്കും.  അതോടെ അണ്ഡകടാഹം പോലും നിശ്ചലമാകും.  വേദനയോടെ പുറത്തിറങ്ങി മണ്ടയിൽ കയ്യോടിക്കുന്പോൾ, തലയറ്റു പോയ രോമങ്ങളിൽ തട്ടും.  എനിക്കൊരിക്കലും ഇഷ്ടമല്ലാതിരുന്ന പൊലിസ് ശൈലി തലയിൽ വെട്ടിയിരുത്തിയിരിക്കും.  അതിനെക്കാൾ ആപത്തൊന്നും തോന്നിയില്ല ഏറെക്കാലം കഴിഞ്ഞ് ഒരു ദിവസം ട്രിമ്മർ തലയിലൂടെ വഴിവിട്ട് പാഞ്ഞുനടന്നപ്പോൾ.


ഈ വ്യഥയെല്ലാം ഓർത്ത് പണ്ടൊരിക്കൽ ഞാൻ ഒരു ലേഖനം എഴുതി, കൃഷ്ണവിപ്ലവം എന്ന തലക്കെട്ടോടെ.  പിന്നീടോർത്തു, കൃഷ്ണ എന്ന വാക്ക് തീർത്തും ശരിയായില്ല.  ധവള എന്നായാലും തെറ്റാവണമെന്നില്ല.  കാരണം കറുത്ത മുടിയുള്ളവരും അതു വെളുപ്പിച്ചു നിർത്തുന്നവരും  ഒരു പോലെ പരീക്ഷിച്ചുനോക്കുന്നതാണല്ലോ മുടി വടിയിലെ പുതിയ ശീലങ്ങൾ. ചരിത്രത്തിൽ ഏറ്റവ്മധികം പരീക്ഷണത്തിനു വിധേയമായതാവും മുടി വടി എന്നു തോന്നുന്നു.  ദീക്ഷയും കുടുമയും മുണ്ഡനവും കഴിഞ്ഞ്, ഇപ്പോൾ നമ്മൾ വീതി കുറഞ്ഞ വരന്പുകളുള്ള കണ്ടങ്ങൾ പോലെയാക്കിയിരിക്കുന്നു മണ്ട.  ഇനിയും എങ്ങനെയൊക്കെ അത് വരണ്ടും വറ്റിയും വാടിയും വിടർന്നും വളരുമോ ആവോ?.


പരീക്ഷണത്തിനു പറ്റിയ രോമജാലമൊന്നും മണ്ടയിലില്ലാതിരുന്ന എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ ചിരിക്കാതെ തമാശ പറയുമായിരുന്നു.  പക്ഷേ അതൊരിക്കലും തമാശയായി അദ്ദേഹം കണക്കാക്കിയില്ല.  ഒരിക്കൽ അദ്ദേഹത്തിന് ഉദ്യോഗക്കയറ്റമായി, ന്യൂസ് എഡിറ്ററർ റെസിഡന്റ് എഡിറ്റർ ആയി.  അതിനെ അദ്ദേഹം എനിക്കെഴുതിയ കത്തിൽ വിശേഷിപ്പിച്ചു:  ബാർബർ ഹെയർ ഡ്രെസർ ആയിരിക്കുന്നു! ആ പ്രയോഗം അത്ര നിർദ്ദോഷമണോ? മുടിക്ക് തമിഴിൽ ഉപയോഗിക്കുന്ന വാക്ക് മലയാളത്തിൽ പറഞ്ഞാൽ എന്താവും സ്ഥിതി?  വാക്കുകൾ എടുത്ത് അമ്മാനമാടിയിരുന്ന അനന്തരാമൻ ഉണ്ടായിരുന്നെങ്കിൽ റെബേക്കയുടെ പുസ്തകത്തിന്റെ ഇന്ത്യൻ പിന്തുടർച്ചയെപ്പറ്റി ആലോചിക്കാൻ പറയാമായിരുന്നു....


02/2015   

Friday, February 13, 2015എന്റെ ഇന്നത്തെ പുലർവിചാരം ഇങ്ങനെ:
സന്ദർഭം പറഞ്ഞ് അർഥം വിവരിക്കുക:
"എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
ഇതു പറഞ്ഞത് മറ്റാരുമല്ല, സാക്ഷാൽ ബൃഹസ്പതി, ദേവഗുരു, ബ്രഹ്മാവിന്റെ പൗത്രൻ, അംഗിരസ്സിന്റെ പുതൻ.
ബൃഹസ്പതിയുടെ ജ്യേഷ്ഠനായിരുന്നു ഉചഥ്യൻ. ഉചഥ്യന്റെ ഭാര്യ മമത. മമതയിൽ ദേവരനു കണ്ണുണ്ടായി. അവൾ പറഞ്ഞു, "ജ്യേഷ്ഠപത്നിയെ മോഹിക്കരുത്. പോരെങ്കിൽ, ഞാൻ ഗർഭിണീയുമാണ്."
ബൃഹസ്പതി വിട്ടില്ല. അദ്ദേഹം കെഞ്ചി: "എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ."
അമ്മയെ പീഡിപ്പിക്കുന്ന ദേവഗുരുവിനോട് ഗർഭസ്ഥശിശു തട്ടിക്കേറി. പീഡകൻ അവനെയും വിട്ടില്ല. "ഏടാ, പിറക്കാത്ത ചെറുക്കാ, നിനക്കിപ്പോഴേ ഇത്ര ശൗര്യമോ? പിറന്നാൽ നീ എന്താവും? അതുകൊണ്ട് നിനക്ക് കാഴ്ച്ക ഉണ്ടാകാതെ പോവട്ടെ...."
അങ്ങനെ ദീർഘതമസ്സുണ്ടായി. ദീർഘതമസ്സിനെ, വയസ്സനും കുരുടനുമായതുകൊണ്ട്, ഭാര്യ പ്രദ്വേഷി ഉപേക്ഷിച്ചതിന്റെയും ഗംഗയിൽ എറിയപ്പെട്ട വൃദ്ധമുനീക്ക് ഒരു രാജ്ഞിയിലും ദാസിയിലും കുട്ടികളുണ്ടായതിന്റെയും കഥ സന്ദർഭത്തിൽ പെടുന്നില്ല.
"പുണർന്നേ മതിയാവൂ" എന്നു ശഠിച്ചിരുന്ന ബൃഹസ്പതിക്ക് എന്തു പറ്റി എന്ന അന്വേഷണം തുറവൂർ വിശ്വംഭരനു വിടാം.