Wednesday, August 18, 2010

അനുമോദിക്കാൻ ഒരു വഴി

പ്രൊഫസർ സ്റ്റാൻലി ഫിഷ് കഴിഞ്ഞയാഴ്ച ന്യൂയോർക് ടൈംസിൽ എഴുതിയ ഒരു സംഭവം വായിച്ചപ്പോൾ, അത്ഭുതം തോന്നിയില്ലെന്നു മാത്രമല്ല, ഞാൻ ഉൾപ്പടെ എത്രയോ പേരുടെ അനുഭവം ആയിരിക്കും അതെന്നു തോന്നുകയും ചെയ്തു. ആദ്യം ഫിഷ് വിവരിച്ച സംഭവം ചുരുക്കി പറയട്ടെ.

ഒരു സർവ്കലാശാലയിലെ ഡീൻ ആയ അദ്ദേഹം ഏതോ ഒരു കോളെജ് സന്ദർശിച്ചതായിരുന്നു അവസരം. അവിടത്തെ ഒരു അധ്യാപകൻ അദ്ദേഹം എഴുതിയ ഏറ്റവും പുതിയ പുസ്തകം സന്ദർശകന് സമ്മാനിച്ചു. ഒറ്റ നോട്ടത്തിൽ പ്രൊഫസർ ഫിഷിന് വലിയ മതിപ്പു തോന്നി; ഉദാരമായി അത് പ്രകടിപ്പിക്കുകയും ചെയ്തു. ഭംഗികൊണ്ടാകണം,. പുസ്തകത്തിലെ ചില ഭാഗങ്ങൾ, ചില പ്രയോഗങ്ങൾ, ഫിഷിന്റെ മനസ്സിൽ പൊങ്ങിപ്പൊങ്ങി വന്നുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞേ അതിന്റെ അക്കിടി അദ്ദേഹത്തിനു പിടി കിട്ടിയുള്ളു. അതൊക്കെ പ്രൊഫസർ ഫിഷിന്റെ പുസ്തകത്തിൽത്തന്നെ ഉള്ളതായിരുന്നു. ഏറെക്കുറെ നന്നായി പകർത്തിയെഴുതിയതായിരുന്നു അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ട പുതിയ പുസ്തകം. തന്റെ വാക്കും വിചാരവും വേറൊരാൾ തനിക്കു സമ്മാനിച്ചതു കണ്ടപ്പോൾ പ്രൊഫസർ ഫിഷ് അതം വിട്ടു നിന്നു.

സൂക്ഷിച്ചുനോക്കിയാൽ അങ്ങനെ അന്തം വിടാനൊന്നുമില്ലെന്നു കാണാം. ഇവിടെ നടന്നിരിക്കുന്നത് ഒരു തരം ധീരമായ സാഹിത്യമോഷണം തന്നെയെന്നു സമ്മതിക്കണം. അതിനെക്കാൾ എനിക്ക് കൂടുതൽ കൌതുകം തോന്നുന്നത് മോഷ്ടിക്കപ്പെട്ട തന്റെ മുതൽ കാണുമ്പോൾ തിരിച്ചറിയാൻ ഉടമസ്ഥനു കഴിയാത്ത സ്ഥിതിയെപ്പറ്റിയാണ്. ഉടമസ്ഥൻ പോലും തിരിച്ചറിയുന്നില്ലെങ്കിൽ, പിന്നെ ആ മുതലിന്റെ സ്വത്വം എവിടെ? അതിൽ അവകാശം ഉറപ്പിക്കാനുള്ള പഴുതെവിടെ?

ഇരുപതു കൊല്ലം മുമ്പ് ഞാൻ ബംഗളൂരിൽ ജോലി ചെയുമ്പോൾ മുഖപ്രസംഗം എഴുത്ത് എന്റെ ജോലിയായിരുന്നു. പണ്ടൊരിക്കൽ, കൌതുകം കാരണവും ജോലിയുടെ ഭാഗമായും, ആരെന്തൊക്കെ മുഖപ്രസംഗത്തിൽ പറയുന്നുവെന്നു നോക്കേണ്ടിവന്നിരുന്നു. പിന്നെ മനസ്സിലായി, മുഖപ്രസംഗം വായിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നയം രൂപീകരിക്കുന്നതെങ്കിൽ, അവരുടെ കാര്യം പോക്കു തന്നെ. എതിരാളിയായ പത്രത്തിലെ മുഖപ്രസംഗലേഖകനാണ് തന്റെ വിശ്വസ്തനായ വായനക്കാരൻ എന്ന് സിനിക്കുകളായ പത്രാധിപർക്കറിയാം.

ഏതായാലും, മുഖപ്രസംഗം വായിച്ചു മടുത്തിരിക്കുന്ന ഒരു മധ്യാഹ്നത്തിൽ, എന്റെ സഹായി വാസു വായിക്കാൻ വേണ്ടി അടയാളപ്പെടുത്തിയ ഒരു പത്രഭാഗം എന്റെ മുമ്പിൽ വെച്ചു. വാസുവിന്റെ ചിരിയിലെ കുസൃതി കാണാതെ ഞാൻ അതു വായിച്ചു തുടങ്ങി. പത്രാധിപർക്ക് കത്തുകളെഴുതി ജീവിതം ധന്യമാക്കുന്ന ഒരു സ്ത്രീയുടെ പതിവു വചനം വാസു എന്നെക്കൊണ്ടു വായിപ്പിക്കുന്നതിൽ അരിശം തോന്നി. ആദ്യത്തെ ഖണ്ഡിക വായിച്ച് ഞാൻ മാറ്റി വെച്ചു. “എന്തു തോന്നുന്നു?”--വാസുവിന്റെ ചോദ്യം. “കൊള്ളാം”--എന്റെ ഉത്തരം. അപ്പോൾ അന്തം വിട്ടത് വാസുവായിരുന്നു. “സാറിന് ഒന്നും തോന്നിയില്ലേ?” ഒന്നും തോന്നാതെ ഞാൻ മിഴിച്ചിരുന്നപ്പോൾ, ഞങ്ങളൂടെ പത്രത്തിന്റെ പഴയ ഒരു മുഖപ്രസംഗം വാസു എനിക്കു വായിക്കാൻ തന്നു. ആ ശിക്ഷ ഏറ്റുവങ്ങി, ഒന്നു രണ്ടു വാക്യം വായിച്ചപ്പോൾ, ഞാൻ കയർത്തു. ഞാൻ തന്നെ എഴുതിയ മുഖപ്രസംഗം വീണ്ടും വായിക്കാൻ എന്റെ സഹായി എന്നോടു പറയുകയോ? ഞാൻ തട്ടിക്കേറാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു സംശയം: മറ്റേ പത്രത്തിൽ വായനക്കാരുടെ കത്തുകളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത് ഞാൻ എഴുതിയ മുഖപ്രസംഗം ആണോ? വൈകിവന്ന എന്റെ ബോദോയം കണ്ട് വാസു വാ പൊത്തി പുറത്തേക്കു പോയി.

ആദ്യത്തെ അരിശത്തിനു ശേഷം, ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. ഞാൻ ചെയ്തത് വായനക്കാരന്റെ കത്ത് ചോർത്തി മുഖപ്രസംഗം ആക്കുകയല്ലല്ലോ. എന്റെ സർഗ്ഗസൃഷ്ടിക്ക് ഒരു വായനക്കാരൻ(രി) എങ്കിലും ഉണ്ടെന്നും, അത് അടിച്ചുമാറ്റാൻ തോന്നിക്കുന്നതാണെന്നും തെളിഞ്ഞല്ലോ. ആചാര്യന്മാർ പറഞ്ഞുവെച്ചതോർത്തു: “അനുകരണം പ്രശംസയുടെ ആത്യന്തികരൂപമാകുന്നു.” അപ്പോൾ അപഹരണമോ?

നല്ല മുഖപ്രസംഗങ്ങളും മുഖമില്ലാത്ത പ്രസംഗങ്ങളും എഴുതിയിരുന്ന ഹിന്ദുസ്ഥൻ ടൈംസിന്റെ ഒരു പത്രാധിപർ അദ്ദേഹത്തിന്റെ വാരാന്ത്യചിന്തകൾ പേരുവെച്ചു കാച്ചിയിരുന്നു. മുഖപ്രസംഗത്തിൽ പേരിനു സ്ഥാനമില്ലല്ലോ. അപൂർവമായേ എഡിറ്ററുടെ കയ്യൊപ്പോടെ മുൻ പേജിലോ ഉള്ളിലോ മുഖപ്രസംഗം വരാറുള്ളോ. അതുകൊണ്ട് പേരു വെച്ച പംക്തിയുടെ പകിട്ട് ഒന്നു വേറെത്തന്നെ. നമ്മുടെ പത്രാധിപരുടേത് പൊതുവേ കൊള്ളാവുന്ന പംക്തിയായിരുന്നു. ഒരിക്കൽ അതിൽ അദ്ദേഹത്തിന്റെ കയ്യൊപ്പോടെത്തന്നെ വന്നത് ഏതോ വിദേശപത്രികയിൽ വേറൊരാൾ എഴുതിയ ലേഖനമായിരുന്നു. പത്രാധിപർക്ക് അത് “ക്ഷ“ ബോധിച്ചു, അദ്ദേഹം അത് മോഷ്ടിച്ചു. അത്രയേ ഉള്ളു. ആത്യന്തികമായ പ്രശംസ അപഹരണമാകുന്നു എന്ന് ഞങ്ങൾ ചിലർ ആത്മഗതം പറഞ്ഞു. അധികം താമസിയാതെ പത്രാധിപർ പുറത്തായി. ഉടനെ ഒരു പത്രപ്രവർത്തനപരിശീലനസ്ഥാപനം അദ്ദേഹത്തെ പത്രധർമ്മം പഠിപ്പിക്കാൻ നിയോഗിച്ചു. വളരെ പ്രഗൽഭമായി അദ്ദേഹം ഇപ്പോഴും അതു ചെയ്യുന്നുവെന്നാണ് കേൾവി.

കുട്ടിക്കാലത്ത് ഞാൻ എഡിറ്റർ ആയി നടത്തിയിരുന്ന ഒരു കയ്യെഴുത്തു മാസികയിൽ ഒരു അപഹരണം ഉണ്ടായി. കാഴ്ചയിൽ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുടെ പ്രാസഭംഗിയുള്ള ഒരു കവിത ഞാൻ മാസികയിൽ ഉൾപ്പെടുത്തി. അവർക്ക് അങ്ങനെയൊക്കെ എഴുതാനും കഴിയുമെന്ന കണ്ടുപിടുത്തത്തിൽ ഞാൻ അത്ഭുതപരതന്ത്രനായി. അപ്പോഴതാ വരുന്നൂ വേറൊരു കണ്ടുപിടുത്തം--ചെറുപ്പക്കാരി എണ്ണം പറഞ്ഞ ഒരു കള്ളി കൂടിയായിരുന്നു. അവരോട് എന്തിനോ കെറുവിച്ചു നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ ആരുടെയൊക്കെയോ സഹായത്തോടെ വെളിച്ചത്തു കൊണ്ടുവന്നതായിരുന്നു ആ കളവ്. അത് കളവല്ല, രണ്ടു കാലഘട്ടങ്ങളിൽ, സമാനചിന്താഗതിയുള്ള രണ്ടു പേർ പരസ്പരസദൃശമായ ഭാഷയിൽ പ്രതികരിച്ചതാണ് എന്നൊക്കെ പറഞ്ഞു നിൽക്കാൻ നോക്കി. ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും, ഇന്നാണെങ്കിൽ, “വെറുമൊരു മോഴ്ടാവാമെന്നെ കള്ളനെന്നു വിളിച്ചില്ലേ?” എന്ന് അയ്യപ്പപ്പണിക്കരുടെ പേരു പറയാതെ തട്ടിമൂളിക്കാമായിരുന്നു.

കുറെക്കഴിഞ്ഞ്, പിന്നീട് മഹാനായിത്തീർന്ന ഒരു കാഥികൻ അങ്ങനെയൊരു ആരോപണത്തിനു വിധേയനായ സംഭവം ഞാൻ നേരിട്ടു കാണുകയുണ്ടായി. ഒരു ഫ്രഞ്ചു കഥ പുള്ളിക്കാരൻ മലയാളത്തിലാക്കി എഴുതി വിട്ടു. കുരുത്തം കെട്ട ആരോ അതു കണ്ടെത്തി പറഞ്ഞു പരത്തി. കാഥികൻ ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം പിന്നെയും കഥകളും നോവലുകളും എഴുതി. അവാർഡുകൾ നേടി, അക്കാദമികളിൽ വാണു. അപ്പോൾ ഞാൻ വീണ്ടും മനസ്സിലാക്കി, രണ്ടു കാലഘട്ടങ്ങളിൽ, രണ്ടു പ്രതിഭകൾ, ഒരു പോലെ വികാരം കൊള്ളുകയും, ഒരു പോലെ ചിന്തിക്കുകയും ഒരേ വാക്കുകളിൽ സംസാരിക്കുകയും ചെയ്യാവുന്നതേയുള്ളു. അത് അവർ തിരിച്ചറിഞ്ഞോളണമെന്നു പോലുമില്ല. “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി” എന്നൊക്കെ കവികൾ പറയും. അപഹർത്താക്കളെപ്പറ്റി അതിൽ കൂടുതൽ പറയും. പറയട്ടെ.

അതൊക്കെ ഓർത്തു പോയി പ്രൊഫസർ സ്റ്റാൻലി ഫിഷിന്റെ ലേഖനം വായിച്ചപ്പോൾ. അദ്ദേഹത്തിന്റെ ലേഖനം വേറൊരാൽ പകർത്തി പേരു മാറ്റി സ്വന്തമാക്കി അച്ചടിച്ചുവെന്നു കേട്ടപ്പോൾ ലവലേശം അത്ഭുതം തോന്നിയില്ല. ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.! അത് ആദ്യത്തെ ഉടമസ്ഥനു തന്നെ സമ്മാനിക്കാൻ അപഹർത്താവു കാട്ടിയ ധീരതയെ വാഴ്ത്താൻ പോലും തോന്നി. പക്ഷേ താൻ എഴുതിയത് തന്റേതാണെന്നു തിരിച്ചറിയാൻ പ്രൊഫസർ ഫിഷ് അത്രയും താമസിച്ചപ്പോൾ, “തന്റേത് എന്ത്? മറ്റവന്റേത് എന്ത്?” എന്നൊരു വികടമായ ചോദ്യം എന്റെ മനസ്സിൽ ഇഴഞ്ഞുകേറുകയായിരുന്നു.

(മലയാളം ന്യൂസ് ആഗസ്റ്റ് 16)