Monday, May 6, 2013

ഓണം ഒരു വർച്വൽ റിയാലിറ്റി


ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ മുകളിൽനിന്നായിരുന്നുവെന്നാണ് ഓർമ്മ, ഹെലികോപ്റ്ററിൽ കയറി ധ്രുവപ്രദേശം കാണാൻ പോയി.  കുറച്ചു പറന്നുകേറിയപ്പോൾ വല്ലാത്ത കുളിര് അനുഭവപ്പെട്ടു.  വിറങ്ങലിപ്പിക്കുന്ന കാറ്റടിച്ചു.  മഞ്ഞുതുള്ളികൾ മുഖത്ത് വീണു.  എപ്പോഴോ വിമാനം എവിടെയോ ഇടിച്ചിറങ്ങുന്നതുപോലെ തോന്നി.  വൈമാനികന്റെ സീൽക്കാരം കേട്ടു....

വാസ്തവത്തിൽ ഒന്നും സംഭവിച്ചിരുന്നില്ല.  മഞ്ഞോ കാറ്റോ ധ്രുവപ്രദേശമോ വൈമനികനോ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല.  ഞങ്ങൾ വരി വരിയായി കസാലയിൽ ഇരിക്കുകയായിരുന്നു.  കസാല ഇളകിയാടി.
മുന്നിലെ ചുമരിൽ ധ്രുവപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിഞ്ഞു.  ശബ്ദകോലാഹലത്തോടെ
യാത്രയുടെ വിവരണവും കേൾക്കാമായിരുന്നു.  അതു തീർന്നപ്പോൾ എല്ലാം തീർന്നു.  ഞങ്ങൾ കസാലയിൽനിന്ന് എഴുന്നേറ്റ് കെട്ടിടത്തിന്റെ ടെറസ്സിലെക്കു നീങ്ങി--അയഥാർഥമായ ഒരു ധ്രുവസവാരിയുടെ ഓർമ്മയുമായി.  

ഞാൻ കടന്നുപോയ ഒരു, ഒരു പക്ഷേ ആദ്യത്തെ,  വർച്വൽ റിയാലിറ്റി--Virtual Reality--അതായിരുന്നു.  
ആലോചിച്ചുനോക്കിയപ്പോൾ, പലതും വർച്വൽ റിയാലിറ്റി ആകുകയാണെന്നു തോന്നി.  തൃശ്ശൂർ പൂരത്തിലെയും മറ്റും കണ്ണഞ്ചിപ്പിക്കുകയും ഞെട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന മരുന്നുമണിയുടെ ശബ്ദവും ദൃശ്യവും സിഡിയിലാക്കി കാണിച്ചാൽ പോരേ എന്ന് ഈയിടെ കോടതിയിൽനിന്ന്  ചോദ്യമുണ്ടായി.  അങ്ങനെയായാൽ പരിസദൂഷണം കാര്യമായി കുറക്കാമെന്നായിരുന്നു ഒരു വാദം.  അത്രതന്നെ പ്രധാനമായി എനിക്കു തോന്നുന്നു,  അതുവഴി മനുഷ്യന്റെ സൌന്ദബോധത്തിൽ   ഉണ്ടാകുന്ന പരിണാമം.  പുതിയ സാങ്കേതികവിദ്യ  നമ്മുടെ ഉത്സവങ്ങളെ സ്വീകരണമുറിയിൽ ഒതുക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.  പടക്കം പൊട്ടിക്കാതെത്തന്നെ, വായുവിൽ പുക പരത്താതെത്തന്നെ,
പടക്കത്തിന്റെ  ഒച്ചയും കാഴ്ചയും നമുക്ക് ഇഷ്ടമുള്ള അളവിൽ  കാണാമെന്നായിരിക്കുന്നു.

ഇത്തവണ ഓണം വന്നപ്പോൾ ആ ചിന്ത ഒന്നുകൂടി ആഴത്തിൽ അനുഭവപ്പെട്ടു.  വീട്ടിനുള്ളിലിരുന്ന്, കൂട്ടായ്മകളില്ലാതെ ഓണം കൊണ്ടാടുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് വിശേഷിച്ചൊരു സർവേയും നടത്താതെ പറയാം.  ടെലിവിഷൻ അതു സാധ്യതയും സത്യവുമാക്കിയിരിക്കുന്നു.  അങ്ങനെ  പൂവില്ലാതെ പൂക്കളം കാണാം.  ആടാനും പാടാനും ആളില്ലാതെ കൈകൊട്ടിക്കളിയാവാം.  ഒരു ബട്ടൺ അമർത്തിയാൽ, ഇരുന്ന ഇരുപ്പിൽ,  മത്സരത്തിൽ പങ്കാളിയാകാം.  മോണിറ്ററിൽ കാണുന്ന വിശിഷ്ടഭോജ്യങ്ങൾ തിന്നാൻ  പാകത്തിലല്ലെന്നു മാത്രം.

പുറത്തറങ്ങാതെയുള്ള, വർച്വൽ റിയാലിറ്റിയാകുന്ന, ഓണാഘോഷത്തെ തള്ളിപ്പറയുന്നവരാവും അധികവ,
പഴമക്കാരിൽ എല്ലാവരും. ഒരുമയാണ് ഓണം, പങ്കാളിത്തമാണ് ഓണം--എല്ലാ ഉത്സവങ്ങളെയും പോലെ.  പങ്കാളിത്തമില്ലാതെ, മുറിയിൽ അടച്ചിരുന്നുള്ള കൊണ്ടാട്ടം ഒരു വഹ തന്നെ.  പക്ഷേ ആ വഹകൊണ്ടു തൃപ്തിപ്പെടേണ്ട കാലവും അവസ്ഥയും വരും, വന്നിരിക്കുന്നു.  സാങ്കേതികവിദ്യ നമ്മുടെ ആഘോഷരീതിയെ മാത്രമല്ല,   അതിനു നിയാമകമായ സെൻസിബിലിറ്റിയെയും മാറ്റുക തന്നെ ചെയ്യും.  അതുമായി പൊരുത്തപ്പെടാത്തവർ   പരിതപിച്ചുകൊണ്ടേയിരിക്കും.  അതുകൊണ്ട്    സ്വീകരണമുറിയിലെ ടെലിവിഷൻ ഓണത്തെ തിരുവൊണമാക്കുക.  പുറത്തിറങ്ങാൻ വയ്യാത്തവർക്ക് അതിലും വലിയൊരു അനുഗ്രഹമുണ്ടോ?

പുറത്തിറങ്ങാൻ, പലതുകൊണ്ടും, മടിയുള്ള  എനിക്കാകട്ടെ, ടെലിവിഷൻ ഓണം ഒരു മിശ്രിതാനുഗ്രഹമായേ     തോന്നിയുള്ളു.  ഒന്നാമതായി, കള്ളത്തരത്തെപ്പറ്റിയുള്ള ആലോചനയിൽ വഴുതി വീണു.  ഓണത്തന്റെ ഉത്ഭവത്തിൽത്തന്നെ ഒരു കള്ളവും ചതിയും ഉണ്ടല്ലോ.  കള്ളവേഷത്തിൽ വന്ന ഒരു ഭിക്ഷുവും ചതിക്കപ്പെട്ട ഒരു ചക്രവർത്തിയും ആണ് അതിലെ മുഖ്യകഥാപാത്രങ്ങൾ.  രണ്ടാമതായി, സ്വീകരണമുറിയിലെ ആഘോഷത്തിൽ, വർച്വൽ റിയാലിറ്റിയിൽ, ഒരു തരം കള്ളമില്ലേ?  മൂന്നാമതായി, പരിപാടികളുമായി മത്സരിച്ചു മുഴങ്ങുന്ന പരസ്യങ്ങൾ.  അവയിൽ വീണുപോകുന്നവർ പോലും സത്യപ്രസ്താവമാണെന്നു കരുതാത്ത പരസ്യങ്ങളായിരിക്കുന്നു സ്വീകരണമുറിയിലെ ഓണത്തിന്റെ മുഖ്യവിഭവം.  എല്ലാ പരിപാടികളും പരസ്യം കൊടുക്കാനുള്ള ഒഴികഴിവാണെന്നുപോലും പറയാം.  പത്രങ്ങളെപ്പറ്റി സിനിസിസത്തോടുകൂടി പറയാറുണ്ട്, അവയിലെ പരസ്യങ്ങൾക്കിടയിൽ കൊടുക്കാനുള്ളതാണ് വാർത്ത.  അല്പമൊന്നു കടുപ്പിച്ചു  പറഞ്ഞാൽ, നമ്മുടെ മനസ്സും സ്വീകരണമുറിയും ഒരു മാർക്കറ്റ് ആക്കാൻ നാം നിന്നുകൊടുക്കുന്നു--ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

ഒഴിവാക്കാൻ വയ്യാത്തതാണ്  ഈ സ്ഥിതി.  ഒഴിവാക്കാൻ പറ്റുന്ന ഒരു   സ്ഥിതിയുണ്ട്:  ഓണപ്പരിപാടിയുടെ ഉള്ളടക്കത്തിൽ സിനിമ കയറി മറയുന്നത്.  അതു പക്ഷേ ഒഴിവാകുന്നില്ല, നമ്മൾ ഒഴിവാക്കുന്നില്ല.  അതാണ് ഓണക്കാലത്ത് എല്ലാവരും  കാത്തിരിക്കുന്ന   വിശിഷ്ടഭോജ്യമെന്ന് പരിപാടി ഉണ്ടാക്കുന്നവരും, അതു കൊടുത്താലേ പരസ്യം കിട്ടുകയുള്ളൂവെന്ന് മാർക്കറ്റിംഗ് മേധാവികളും സുവിശേഷം പോലെ വിശ്വസിച്ചിരിക്കുന്നു.  അതുകൊണ്ട്, എല്ലാ ഉത്സവത്തിനും,  ഓണമായാലും വിഷുവായാലും സ്വീകരണമുറിയിൽ നടക്കുന്ന എന്തു വർച്വൽ റിയാലിറ്റി  ആഘോഷമായാ  അവരൊക്കെക്കൂടി സിനിമ ഇറക്കും----പല ഈണങ്ങളീൽ, പല നിറങ്ങളിൽ, പല ചേരുവകളിൽ.

കരഞ്ഞും കിണുങ്ങിയും വീരപാണ്ഡ്യൻ ശൈലിയിൽ ആക്രോശിച്ചും എന്റെ മുറിയിൽ നിറയും.  കഥാപാത്രങ്ങളായി ഞെളിയുകയും പിരിയുകയും ചെയ്യാത്തപ്പോൾ, അവർ തനി പാത്രങ്ങളാകും.  ഊണു കഴിക്കുന്നതിനെപ്പറ്റി, കുളിക്കുന്നതിനെപ്പറ്റി, പ്രേമിക്കുന്നതിനെപ്പറ്റി, ആടുന്നതിനെയും പാടുന്നതിനെയും പറ്റി, ഓണത്തിനു വില്ലടിക്കുന്നതിനെപ്പറ്റി, കുട്ടിക്കാലത്ത് പൂ  പറിക്കാതിരുന്നതിനെപ്പറ്റി, അങ്ങനെ എന്തിനെയൊക്കെയോ പറ്റി അവർ നമുക്ക് ചിന്തകളും ചാന്തുപൊട്ടുകളും സമ്മാനിക്കും--അഭിമുഖസംഭാഷണങ്ങളിലൂടെ.  പലപ്പോഴും സംഭാഷണത്തിൽ ഒരാളേ കാണുകയുള്ളൂ.  ചോദ്യം ചോദിക്കുന്ന ഭൂതത്തെ പ്രൊഡ്യൂസർ കുടത്തിൽ അടച്ചു വെക്കും.  സിനിമക്കാരന്റെ--സിനിമക്കാരിയുടെ എന്നും യുക്തം പോലെ ചേർത്തു  വായിക്കുക--ഓർമ്മകളിലും കിനാവുകളിലും മാത്രമേ കാണികൾക്കു താല്പര്യം കാണൂ എന്നാണ് അവരുടെ വിചാരം.  

കൊല്ലം തോറും കാണുന്നതാണ് ഈ താരവിചാരം.  കൊല്ലം തോറും പല വട്ടം എന്നു പറയണം.  തരം കിട്ടുമ്പോഴെല്ലാം താരങ്ങളുടെ കിന്നാരം പല രൂപങ്ങളിൽ നമ്മെ അവർ കാണിച്ചു തന്നുകൊണ്ടിരിക്കും.  ഇങ്ങനെ എപ്പോഴും താരങ്ങളുടെ മറകളിലേക്കും അറകളിലേക്കും കയറിച്ചെന്ന് ആണ്ടറുതി ആഘോഷിക്കാനാണോ ശരാശരി മലയാളീ പ്രേക്ഷകൻ കാത്തിരിക്കുന്നത്?  പ്രേക്ഷകനിൽ  വെറും ശ്രോതാവിനെയും ഉൾപ്പെടുത്തണം.  കാരണം റേഡിയോവിലും താരതല്പര്യങ്ങൾക്കാണ് പ്രാമുഖ്യം.  
എന്തവസരം വന്നാലും താരങ്ങളുമായി സൊറ പറഞ്ഞുവേണം അതു കൊണ്ടാടാൻ എന്നു വരുത്തിത്തീർക്കുന്ന ടെലിവിഷൻ സെൻസിബിലിറ്റിയെപ്പറ്റി, ആർക്കുണ്ടായാലും, എനിക്ക് വലിയ മതിപ്പില്ല.  

ആവശ്യത്തിനാവാം.  വല്ലപ്പോഴുമാകാം.  പക്ഷേ കാള പെറ്റെന്നു കേട്ടാലും മാനം മറിഞ്ഞുവീണെന്നു കേട്ടാലും സിനിമാസംസാരം ഇറക്കുന്നത്, മര്യാദയായി പറഞ്ഞാൽ, ബോറാണ്.  അവർ അവതരിക്കുന്നത്
കഥാപാത്രങ്ങളായും പാത്രങ്ങളായും മാത്രമല്ല.  എന്തെല്ലാമോ സാധനങ്ങളുടെയും സേവനങ്ങളുടെയും സന്ദേശവാഹകരായും അവർ നമ്മുടെ സ്വീകരണമുറിയിലെത്തുന്നു.  അമ്മമാർ മുലയൂട്ടണമെന്നു പറയാൻ, നികുതി കൊടുക്കണമെന്നു പറയാൻ, ചെരുപ്പും കുരിപ്പും ഭാഗ്യവും കുറിയും വിൽക്കാൻ, അവർ വരുന്നു.  അങ്ങനെ എന്തിന്റെയും സന്ദേശം വഹിച്ചുകൊണ്ട് അവർ എത്തുന്നതിനെ നമ്മുടെ മുഖ്യൻ പോലും വിമർശിച്ചിരിക്കുന്നു.  ടെലിവിഷനും സ്വീകരമുറിയും, ജീവിതം മൊത്തത്തിലും, സിനിമവൽക്കരിക്കപ്പെടുന്നതിനെപ്പറ്റിയുള്ള ഒരു വിശാലവിചിന്തനമായി കണക്കാക്കണം വി എസ്സിന്റെ ആ പരാമർശത്തെ.  അതും, ഓണം വിർച്വൽ  റിയാലിറ്റിയായി മാറുന്നതിനെപ്പറ്റിയുള്ള എന്റെ ആലോചനയും ഒരേ നേരത്തുണ്ടായത് യാദൃച്ഛികം മാത്രം.

പുളി പഴകുംതോറുമേറിടും
പുളി പഴകുംതോറുമേറിടുംകെ കരുണാകരൻ മരിച്ചിട്ട് എത്ര കൊല്ലമായി?  മലയാറ്റൂർ രാമകൃഷ്ണൻ മരിച്ചിട്ട് പതിനഞ്ചു കൊല്ലമായി.  അതിനെക്കാളേറെയായി ജെ സി ഡാനിയൽ മരിച്ചിട്ട്.  അവരെ ചുമ്മാ പ്രതിയോഗികളാക്കിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ എനിക്കറിയില്ല.  അദ്ദേഹം പോയിട്ട് എത്രകാലമായെന്നും അറിയില്ല.  അദ്ദേഹത്തിന്റെ പഴയഒരു പുസ്ത്കം പഴയൊരു പുളി പുതുക്കിയെടുക്കുന്നുവെന്നു മാത്രം മനസ്സിലാക്കുന്നു.  കാലപ്പഴക്കം കൊണ്ട് ഒന്നിന്റെയും പുളി മാറണമെന്നില്ലെന്ന സത്യം എന്റെ പുതിയ അറിവാകുന്നു.

കരുണാകരനെയും മലയാറ്റൂരിനെയും എനിക്കറിയാം.  ആദ്യത്തെയാളുടെ ആദ്യത്തെ ജീവിതകഥ എഴുതിയ ആളാണ് ഞാൻ.  രണ്ടാമത്തെ ആൾ എന്നെപ്പറ്റിയും ഒരധ്യായം  എഴുതിപ്പിടിപ്പിച്ചു, അദ്ദേഹത്തിന്റെ ഓർമ്മകളുടെ ആൽബത്തിൽ.  അദ്ദേഹം സി പി ഐ എന്ന അഖിലലോകകക്ഷിയുടെ ഔപചാരികാംഗത്വം വേണ്ടെന്നുവെച്ചപ്പോൾ രാജിപത്രം എഴുതിയത് ഞാനായിരുന്നു എന്നൊരു കഥ പ്രചാരത്തിലുണ്ടെന്ന് മലയാറ്റൂർ തന്നെ പറഞ്ഞ് ഞാൻ അറിഞ്ഞു..

ഇത്രയും ആത്മകഥ വിളമ്പാൻ തോന്നിയത് അവരിൽ ആരോപിച്ചിട്ടുള്ള ജാതിക്കുമ്മിക്കമ്പത്തെപ്പറ്റി രണ്ടു വാക്കു പറയാൻ അവസരം ഉണ്ടാക്കാൻ വേണ്ടിയാണ്.  സർക്കാർ യന്ത്രത്തിൽ രണ്ടു തരത്തിൽ മുഴുകിയിരുന്നവരാണ് കരുണാകരനും മലയാറ്റൂരും.  അതിനെ തരം പോലെ  പ്രവർത്തിപ്പിക്കുന്നതും നിലപ്പിക്കുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതഹരം.  അതിന്റെ കളികളും കമ്മട്ടങ്ങളും മാത്രമേ വേണ്ടിയിരുന്നുള്ളു ആ കളിയഛന് നേരപോക്കാൻ.  രാഷ്ട്രീയത്തിലെ ദൈനന്ദിനഷഡ് യന്ത്രങ്ങളെ  പ്പറ്റിയല്ലാതെ, കലയെപ്പറ്റിയോ കഥകളിയെപ്പറ്റിയോ ജെ സി ഡാനിയൽ തുടങ്ങിവെച്ച സിനിമയെപ്പറ്റിയോ  ഉള്ള വാർത്തയൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചടക്കിയിരുന്നില്ല.

മലയാറ്റൂർ സർക്കാർ യന്ത്രത്തിൽ പെട്ടുപോയതായിരുന്നു.  കഥയും കലയും സിനിമയും നുരഞ്ഞുയരുന്ന സൌഹൃദങ്ങളുമായിരുന്നു എന്നും  അദ്ദേഹത്തിന്റെ രാപകലുകളുടെ ഉള്ളടക്കം.  മഹിതോദാരമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറഞ്ഞുകൂടാ.  പക്ഷേ മലയാറ്റൂർ എഴുതുന്നതെന്തും  ആരും വായിച്ചുപോകുമായിരുന്നു.  അദ്ദേഹത്തിന്റെ  സിനിമാസങ്കല്പവും അതുപോലെ സാധാരണവും അധൈഷണികവും ആയിരുന്നെന്നു പണ്ഡിതർ വിലയിരുത്തിയേക്കും.  ആ നിലപാടിലേ അദ്ദേഹം സാംസ്ക്കാരികവിഭാഗം കൈകാര്യംചെയ്തിരുന്നപ്പോൾ ഓരോന്നിനെയും വിലയിരുത്തിയിരുന്നുള്ളുവെന്നും സമ്മതിക്കണം.  അദ്ദേഹം തന്നെ അതു തുറന്നു സമ്മതിക്കുമായിരുന്നു, അവസരം ഉണ്ടായിരുന്നെങ്കിൽ.

എന്നാൽ കരുണാകരനോ മലയാറ്റൂരോ നായരെയും നാടാരെയും പട്ടരെയും പുലയനെയും  ജാതിനോക്കി വിലയിരുത്തിയിരുന്നുവെന്നു പറഞ്ഞാൽ അതൊരു മരണാനന്തരനിന്ദയായിരിക്കും.  ജാതിയെ രാഷ്ട്രീയക്കലിക്ക് നല്ലപോലെ ഉപയോഗപ്പെടുത്തിയ ആളാണ് കരുണാകരൻ.  നായന്മാരുടെ പാർട്ടിയിലെ നാലാൾ അഞ്ചു വഴിക്കു നീങ്ങുന്നതുകണ്ടപ്പോൾ, അവരിൽ ഓരോരുത്തരുടെയും വിശ്വസ്തനാകാനുള്ള കളി കളിച്ചു അദ്ദേഹം.  ഈഴവരുടെ പാർട്ടിയിലും അതു തന്നെ നടന്നു.  തമ്മിൽ തെറി പറഞ്ഞൂ വലഞ്ഞ ഗുരുവിന്റെയും ശിഷ്യന്റെയും നന്ദിയും വിശ്വാസവും അദ്ദേഹത്തിനായിരുന്നു.  ഗുരുവായൂരമ്പലത്തിൽ പഞ്ചവാദ്യം കൊട്ടാൻ പറയന്  അവസരം വേണമെന്ന വാദവുമായി സ്വാമി ഭൂമാനന്ദ രംഗത്തെത്തിയപ്പോൾ പൊട്ടിത്തെറിച്ച വികാരം എത്ര അയത്നലളിതമായാണ് ലീഡർ കൈകാര്യം ചെയ്തത്!  വിവാദം മൂക്കുമ്പോൾ,  വാശി പിടിക്കുന്ന കുട്ടികളെ അഛനമ്മമാർ കൈകാര്യം ചെയ്യുന്നതുപോലെ, ശ്രദ്ധ മറ്റൊന്നിലേക്കു തിരിക്കുകയായിരുന്നു വിവാദവല്ലഭനായ കരുണാകരന്റെ ശൈലി.  ഗുരുവായൂർ ഊട്ടുപുരയിൽ  ഹരിജനങ്ങളോടൊപ്പമിരുന്ന് അദ്ദേഹം ജാതിക്കോമരങ്ങളെയും അതുപോലുള്ള മറ്റു മരങ്ങളെയും നേരിട്ടു.  നായരെയോ പട്ടരെയോ അനുകൂലിക്കുന്ന ആളായി  അദ്ദേഹം അറിയപ്പെട്ടില്ല.  രാഷ്ട്രീയവൈരികൾ അദ്ദേഹത്തിനെതിരെ ഒട്ടൊക്കെ ഫലപ്രദമായിത്തന്നെ എടുത്തെറിയാൻ കണ്ട ആരോപണാസ്ത്രങ്ങൾ വിരളമല്ല.  അവയിൽ പെടാത്തതാണ് നാടാർ വിരോധം.  മലയാറ്റൂരിന്റെ സൌന്ദര്യചിന്തയെപ്പറ്റിയും ഭക്ഷണക്രമത്തെപ്പറ്റിയും രാഷ്ട്രീയസങ്കല്പത്തെപ്പറ്റിയും അഭിപ്രായഭേദം ഉള്ളവർ ഏറെയുണ്ടാകാം, അദ്ദേഹം കലാകാരന്മാരെ ജാതി നോക്കി പന്തി തിരിച്ചോ പന്തിക്കു പുറത്തോ ഇരുത്തിയിരുന്നുവെന്ന് അദ്ദേത്തെ അറിഞ്ഞിരുന്നവർ ആരും പറയില്ല.

എന്നാലും അവർ അനുവർത്തിച്ചതായി അന്തരിച്ച ചേലങ്ങാട് ഗോപാലകൃഷ്ണൻ എന്നൊരു സിനിമാചരിത്രകാരൻ പറയുന്ന നയത്തിന്റെയും നിലപാടിന്റെയും പേരിൽ പുളിച്ച ചർച്ച പൊങ്ങിവന്നിരിക്കുന്നു.  കൊള്ളാവുന്ന,  വിവാദാതീതമായ, സിനിമ ഉണ്ടാക്കുന്ന കമൽ  ആ നിലപാടിനെപ്പറ്റിയുള്ള  കഥയുടെ ചുവടു പിടിച്ച് അവഗണിക്കപ്പെട്ട ഡാനിയലിനെ പാടിപ്പുകഴ്ത്തിയൊരുക്കിയിരിക്കുന്ന കരുണാകരനും മലയാറ്റൂരിനും വൈരികൾ നൽകാത്ത അവമതി വൈകിയാണെങ്കിലും നൽകിയിരിക്കുന്നു.  സംഭവങ്ങളെയും ആളുകളെയും സന്തുലിതബോധത്തോടെ കാണാറുള്ള കമലിന്  നോട്ടം ഒരു നിമിഷം പിഴച്ചുവെന്നുണ്ടോ?  

പഴയൊരു വിധിയോ വീക്ഷണമോ പുളിക്കുന്ന ചരിത്രമായി പുനർവിചരണക്കു വരുന്നത് അസാധാരണമല്ല.  ഡാനിയലിനെപ്പറ്റി മലയാറ്റൂരും കരുണാകരനും  ധരിച്ചുവെച്ചിരുന്നതെല്ലാം പാഴായിരുന്നുവെന്ന പ്രചാരണത്തിന്റെ ഘട്ടത്തിൽത്തന്നെ കർണാടകത്തിൽ കെ ജെ ഷാ എന്ന തത്വചിന്തകനെപ്പറ്റി പൊരിയുന്ന ചർച്ചക്ക് രസ്കരമായ യാദൃഛികതയുണ്ട്.  ഷായെപ്പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്.  പക്ഷേ അദ്ദേഹം വലിയൊരു   ദാർശനികനായിരുന്നത്രേ.  വിറ്റിംഗ്സ്റ്റൺ എന്ന കേംബ്രിഡ്ജ് പ്രൊഫസറുടെ അരുമശിഷ്യനായിരുന്നു ഷാ എന്നു കേൾക്കുന്നു.  പ്രൊഫസറുടെ വിലപ്പെട്ട കൃതികൾ മരണാനന്തരം അച്ചടിപ്പിക്കാൻ മുൻ  കൈ എടുത്തത് അദ്ദേഹമായിരുന്നു.  അദ്ദേഹത്തെപ്പറ്റി വൈകിവന്ന ഒരു അപവാദത്തിനു മറുപടിയുമായി മകൾ വീരവല്ലി രംഗത്തെത്തിയിരിക്കുന്നു.

അഭിനയവും സിനിമയും കലർന്നതാണ് വിവാദം.  അതുയർത്തിയ പുസ്തകം പുറത്തിറങ്ങിയിട്ട് രണ്ടു കൊല്ലമായി.  അതിനു നിദാനമായ സംഭവം നടന്നിട്ടോ  പത്തിരുപതു കൊല്ലവും.  ഗീ‍ീശ് കർണാഡിന്റെ ആത്മകഥയിലാണ് ഷായെപ്പറ്റിയുള്ള ആരോപണം ഉന്നയിക്കപ്പെട്ടത്.  ഗിരീശ് കേന്ദ്രസംഗീത നാടകക്കാദമിയുടെ അധ്യക്ഷ്നായിരുന്നപ്പോൾ ഷായെ ഒരു സെമിനാറിന്റെ ചുമതല ഏല്പിക്കുകയുണ്ടായി.  വിഷയം പഴയതു തന്നെ: ഭരതന്റെ  നാട്യശാസ്ത്രം.  ആരോപണവും പഴയ ശീലിലുള്ളതുതന്നെ.  ഷാ തന്റെ സിൽബന്തികളെ സൽക്കരിക്കാൻ ആ അവസരം ഉപയോഗപ്പെടുത്തിയത്രെ.  പറയുന്നതാകട്ടെ, ഷായുടെ പ്രശംസകനായിരുന്ന കർണാഡും.  അഛന്റ് ഭാഗം ഏറ്റുപിടിച്ചിരിക്കുകയാണ് മകൾ, കാൽനൂറ്റാണ്ടിന്റെ പഴക്കം കൊണ്ടു പുളിച്ചുപോയിരിക്കുന്ന വിവാദത്തിനിടയിൽ.

വേറൊരു തലത്തിൽ പഴകിയ കാര്യങ്ങൾ പുറത്തെടുത്തു പുളിപ്പിക്കാൻ വൈദഗ്ധ്യം നേടിയവരാണ് മലയാളികൾ.  പത്തുമുപ്പതുകൊല്ലത്തിനുശേഷമാണ് വയനാട്ടിൽ   വർഗീസ് എന്ന തീവ്രവാദിയെ വെടിവെച്ചുകൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരു പഴയ ഐ ജി ജയിലിലായത്.  ഒന്നും കൂസാതെ നാലുപേരെ നമ്പറിട്ടു കൊന്ന കഥ  എത്രയോ കൊല്ലത്തിനുശേഷം പുറത്തിറക്കിയ ഇടുക്കിയിലെ രാഷ്ട്രീയക്കാരൻ അങ്ങനെ കുരുക്കിലാവുമെന്നു കരുതിക്കാണില്ല.  ഒരു മൂച്ചിനു തട്ടി മൂളിച്ചതാണ്.  എത്ര പഴകിയാലും പുളി വിട്ടു മാറണമെന്നില്ല.

സാഹിത്യത്തിലുള്ള എന്റെ മുറി അറിവുവെച്ചുകൊണ്ട് ഞാനും നോക്കിയിരുന്നു പഴയതിലെ പുളിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ.  എല്ലാവർക്കും അറിയാവുന്നതാണ് ഗീതഗോവിന്ദത്തിന്റെ ഭംഗികൾ.  ഞെരളത്ത് രാമപ്പൊതുവാൾ അതു ചൊല്ലുന്നതു കേട്ടാൽ ഭക്തിയില്ലാത്തവരും ഒരു നിമിഷം നിശ്ശബ്ദരാകും. പക്ഷേ അർഥം തേടിച്ചെന്നാലോ? വെറും രതിയും “തടമുല തഴുകലും” മാത്രമല്ല, വിപരീതരതിയും ജയദേവന്റെ പരാമർശത്തിൽ  വരുന്നതുകാണാം.  ഭക്തിയാണോ ആ വരികൾ ഉദ്ദീപിപ്പിക്കുക എന്ന ചോദ്യം കുറെ കാലമായി എന്റെ മനസ്സിൽ ഇഴഞ്ഞു നറ്റക്കുന്നു.  പക്ഷേ അതൊന്നും വിവാദമാകാതെ, ദാർശനികചർച്ചയിൽ മുങ്ങിപ്പോകുന്നതായാണ് അനുഭവം.  കൃഷ്ണന്റെ തുടയുടെ വർണനത്തിൽ തുടിക്കുന്ന മേല്പത്തൂരിന്റെ ഭാവത്തെപ്പറ്റിയും ഞാൻ ആലോചിക്കായ്കയല്ല.  ഉപനിഷത്തുകളെ സുന്ദരിമാരോടുപമിക്കുന്നതിലെ  പുരുഷലൈംഗികഭാവനയെപ്പറ്റിയും ഞാൻ ചിലരോടൂ ച്ച്ഃഓദിക്കുകയുണ്ടായി. “ഓ, അങ്ങനെയൊരു ഭാവവുമുണ്ടോ,“ എന്ന മറുപടി കേട്ടതല്ലാതെ ഒന്നുമുണ്ടായില്ല.  എന്നാലും, ഞാൻ ആശിക്കുന്നു, ഇതൊക്കെ മിടുക്കന്മാർ വിചരിച്ചാൽ വിവാദമാക്കാവുന്നതേയുള്ളു.  വിവാദമായാൽ, കമലിന്റെ സിനിമ കാണാൻ കൂറ്റുതൽ ആളുകൾ തിരക്കിട്ടേക്കാമെന്നതുപോലെ, കൂറ്റുതൽ നാരായണീയവും ഗീതഗോവിന്ദവും അച്ചടിക്കപ്പെടാം.

ആത്മവിദ്യാലയമേ...!ആത്മവിദ്യാലയമേ...!


കമുകറ പുരുഷോത്തമൻ പാടി ഇതിഹാസമാക്കിയ ആത്മവിദ്യാമേ എന്ന  ഗാനത്തിന്റെ ഓർമ്മ വീണ്ടും തെളിഞ്ഞത് കഴിഞ്ഞയാഴ്ച ഹിന്ദുവിന്റെ ബംഗളൂരു എഡിഷൻ വായിക്കുമ്പോഴായിരുന്നു.  അതിലെ ഒരു വാർത്താശകലത്തിൽനിന്നു പൊങ്ങിയ പൊടിപടലമായിരുന്നു പിന്നെ കുറേ ദിവസം മനസ്സിൽ.  അവിടെ ഒരു മുറിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഒരു സർവകലാശാല സ്ഥാപിക്കാൻ അനുമതി കിട്ടിയിരിക്കുന്നു.  നിയമസഭ പസ്സാക്കിയതാണ് അതിനുള്ള നിയമം.  അതിനു മാത്രമല്ല, വേറെ കുറേ സ്വകാര്യസർവകലാശാലകൾ രൂപീകരിക്കാനും ബിൽ ആയിട്ടുണ്ടു പോലും.  സർവകലാശാല ഇല്ലാത്തതുകൊണ്ട് കലയും ശാലയും സർവവും ഇല്ലെന്നു വരരുതല്ലോ.  

അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല എന്നായിരിക്കും സ്ഥാപനത്തിന്റെ നാമധേയം.  ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉണ്ടായിരിക്കും.  നാല്പതേക്കർ സ്ഥലത്ത് പഠനവും ഗവേഷണവും പൊടി പൊടിക്കും.  മനുഷ്യകാന്തികവലയം, രുദ്രാക്ഷസംഖ്യാശാസ്ത്രം, വാസ്തുവിദ്യ അങ്ങനെയങ്ങനെ പല വിചിത്രവിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉണ്ടായിരിക്കും.  ഏതു തരം അസുഖം മാറ്റാനുമുള്ള ഒറ്റമൂലികളെപ്പറ്റിയും ഇരട്ടപ്രയോഗങ്ങളെപ്പറ്റിയും അവിടെ സൈദ്ധാന്തികവും പ്രായോഗികവുമായ ജ്ഞാനം വിതരണം ചെയ്യപ്പെടും.

അതിനൊക്കെയുള്ള പ്രാപ്തി അധ്യാത്മ സർവകലാശാലയുടെ തുടക്കക്കാരനായ ഹരീശ് എന്നൊരാൾക്ക് ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. ചികിത്സകനും പ്രോപദേശകനും പരിശീലകനും മറ്റും മറ്റും മറ്റുമാണ് പ്രസ്തുത ഹരീശ്.  ഹൃദ്രോഗവും ആമാശയരോഗവും മസ്തിഷ്കരോഗവും പിടിപെട്ട ഒന്നര ലക്ഷം ആളുകളെ അദ്ദേഹം ഇതിനകം സുഖപ്പെടുത്തിയിട്ടുണ്ടത്രേ.  ഇനി ചികിത്സ വേണ്ടവർ ഇല്ലാതെ ചികിത്സകൻ കഷണിക്കുന്ന കാലം വരാതിരുന്നാൽ മതി.  അങ്ങനെയുള്ള ഹരീശിന്റെ നിയന്ത്രണത്തിൽ നടക്കുന്ന ട്രസ്റ്റിന്റെ അധ്യാത്മ സർവകലാശാല അറിവിന്റെ പാരാവാരം ആകുമെന്നതിൽ സംശയമില്ല.

ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും മുറക്ക് എതിർക്കുന്നുണ്ട്.  അതു ശരിയല്ലെങ്കിലും പതിവാണ്.  അവർ പരിചയിക്കാത്ത വിഷയങ്ങളും വഴികളും വേണ്ടെന്നാണ് അവരുടെ പക്ഷം.  ഒരാൾ പറഞ്ഞിരിക്കുന്നു, ഇത്രയും അശാസ്ത്രീയമായ ഒരു സർവകലാശാല വേറെ ഇല്ല.  ഇനിയും അതുപോലത്തെ സ്ഥാപനങ്ങൾ വരുമ്പോൾ ആ വാദം പൊളിഞ്ഞുകൊള്ളും.  അതിനുള്ള ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.  രാഷ്ട്രീയാവശ്യത്തിനും കുത്സിതമായ ചിന്താഗതിക്കും ഉതകുന്നതായിരിക്കും ഇത്തരം സ്ഥാപനങ്ങൾ എന്നതാണ് വേറൊരു പരാതി.  അത്രയേറെ വിദ്യാർഥികളും അധ്യാപകരും ഗവേഷകരും കുത്സിതമായ മനസ്സുകളുടെ ഉടമകളാകാൻ കാത്തിരിക്കുകയാണെങ്കിൽ ആർക്ക് ആരെ രക്ഷിക്കാൻ കഴിയും?

ഇത്തരം തമാശയെ തമാശ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഗൌരവത്തോടെ കാണുന്നതാണ് ആപത്ത്.  പണ്ടൊരിക്കൽ രാജസ്ഥാൻ സർവകലാശാലയിൽ എച് എൻ മുഖർജി എന്നോ മറ്റോ പേരുള്ള ഒരാൾ അതുവരെ കേട്ടിട്ടില്ലായിരുന്ന ഒരു വകുപ്പിന്റെ തലവനായി വന്നു.  അധിമനശ്ശാസ്ത്രം എന്നു വിളിക്കാവുന്ന പാരാസൈക്കോളജി ആയിരുന്നു ആ നൂതനഗവേഷണവിഭാഗം.  പുനർജ്ജന്മവും കൂടുവിട്ടുകൂടുമാറ്റവുമൊക്കെയായിരുന്നു അനിവാര്യമായും മുഖർജിയുടെ നേതൃത്വത്തിലുള്ള പഠനപ്രക്രിയയുടെ വിഷയം.  കുറച്ചിട മുഖർജി ഇല്ലസ്റ്റ്രേറ്റഡ് വീക്കിലിയിലും മറ്റും വിളങ്ങി.  പിന്നെ ജനനചക്രം തുടർന്നോ ഇല്ലയോ എന്നറിയില്ല, മരുഭൂമിയിലെ ആ ഗവേഷണവിഭാഗം അടഞ്ഞു.

ശാസ്ത്രത്തിന്റെ അറിയപ്പെട്ട വഴിയിലൂടെയല്ലാതെ, അതേ സമയം പക്വമായ സാധാരണബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ, അനുഭവങ്ങളും അസംബന്ധങ്ങളും ഒരുപോലെ അന്വേഷണത്തിനു വിഷയമാക്കണമെന്നാണ് എന്റെ പക്ഷം.  ഗൌരവമായി റിപ്പോർട് ചെയ്യപ്പെടുന്ന ഒരു മനുഷ്യാനുഭവത്തെയും തള്ളീക്കളയേണ്ടതില്ല.  പുനർജ്ജന്മസങ്കല്പത്തിൽ ഊന്നിനിൽക്കുന്നതാണ് ടിബറ്റൻ ബുദ്ധമതം.  അവരുടെ അനുഭവസത്യം പഠിക്കേണ്ടതാല്ലേ?  നമ്മൾ യുക്തിവാദത്തിന്റെ കാർക്കശ്യത്തോടെ പുഛിച്ചുതള്ളൂന്ന മന്ത്രവാദം പയറ്റുന്നവരുടെയും പരീക്ഷിച്ചുനോക്കുന്നവരുടെയും എണ്ണം ചെറുതാണോ?  അതിന്റെ ഉള്ളടക്കവും വ്യാപനശേഷിയും മനസ്സിലാക്കാൻ ഗൌരവമായ ശാസ്ത്രീയശ്രമം തന്നെ വേണം.  അതിനൊരു സർവകലാശാല വേണോ, അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല അതിനു ശ്രമിക്കുമോ എന്നത് വേറെ കാര്യം.  

മനസ്സിന്റെ വിചിത്രസാധ്യതകളും സ്വഭാവങ്ങളും പഠിക്കുന്ന ഒരു ഗവേഷണസ്ഥാപനമുണ്ട് കാലിഫോർണീയയിൽ.  ഒരു തവണ അതിന്റെ പ്രധാനചർച്ചാവിഷയം ഇന്ദ്രജാലമായിരുന്നു.  കാർ വിഴുങ്ങുന്ന ഗോപിനാഥ് മുതുകാട് ഒന്നും വിഴുങ്ങുന്നില്ല എന്നു കാണികൾക്കറിയാം; എന്നാലും അദ്ദേഹം കാർ വിഴുങ്ങുന്നതായി അവർക്ക് തോന്നുന്നു.  അസത്യം സത്യമാണെന്ന് സത്യമായും അനുഭവപ്പെടുന്നു.  മനസ്സിന്റെ ഈ വിചിത്രതയായിരുന്നു തികച്ചും ശാസ്ത്രീയമായി നടത്തുന്ന ആ സ്ഥാപനത്തിന്റെ അന്വേഷണവിഷയം.  പ്രഗൽഭനും പൊറാട്ടുനാടകം കളിക്ക് കിട്ടാത്തയാളുമായ പ്രൊഫസർ മൈക്കേൽ ഗസനിഗയായിരുന്നു അതിന്റെ അധ്യക്ഷൻ.  

അത്തരം അധ്യയനഗവേഷണങ്ങൾ നമുക്ക് എല്ലാ മണ്ഡലങ്ങളിലും വേണം.  മരുന്നായാലും മന്ത്രമായാലും മണ്ണാപ്പേടിയായാലും മനുഷ്യസമൂഹത്തെ വിപുലമായും സ്ഥിരമായും ബാധിക്കുന്ന വിശ്വാസങ്ങളും പ്രയോഗങ്ങളും പഠിക്കാൻ പറ്റിയ സ്ഥാപനങ്ങൾ ഉണ്ടാവണം.  മുന്വിധികൾ ഇല്ലാത്ത, സർഗ്ഗാത്മകമായ യുക്തിബോധമുള്ള ഗവേഷകരെ വേണം അവയുടെ തലപ്പത്തിരുത്താൻ എന്നു മാത്രം.  മൺ മറഞ്ഞ ഏതോ ആചാരത്തിന്റെ പുനർനിർമ്മിതിക്കും അതുവഴി ചില്ലറ രാഷ്ട്രീയലാഭത്തിനും വേണ്ടി അത് ഉപയോഗപ്പെടുത്തരുതെന്നേയുള്ളു.  

പഴയ ചാർവാകനും പുതിയ റിച്ചാർഡ് ഡോക്കിൻസും ഒരു പുരുഷായുസ്സു മുഴുവൻ യുക്തിവാദം പറഞ്ഞുനടന്ന എം സി ജോസഫും എ ടി കോവൂരും എത്ര സമർഥമായി വാദിച്ചിട്ടും വിശ്വാസവും ആധ്യാത്മികതയും മനുഷ്യനെ വിട്ടു മാറുന്നില്ല.   
അദിമഭാവനയിലും അധുനാധുനകവിതയിലും അതു പൂവിട്ടുനിൽക്കുന്നു.  ഉപനിഷത്തുകളിലെന്നല്ല, റൂമിയുടെ ആത്മാവിഷ്കാരത്തിലും ടഗോരിന്റെ ഗീതാഞ്ജലിയിലും ജിയുടെ വന്ദനകേകളിലും കേൾക്കാവുന്നത് ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്തരിച്ച ഇരുപത്തൊന്നുകാരനായ തിരൂർകാരൻ കവിയുടെ വരികൾ തന്നെ.  “പാരാവാരം കരേറി കരകളെ മുഴുവൻ മുക്കിമൂടാതെ“ നിർത്തുന്ന ചൈതന്യത്തെ നമിക്കുന്ന വി സി ബാലകൃഷ്ണപണിക്കരുടെ ഭാവം സ്വാംശീകരിക്കാൻ കഴിയുന്നവരാണ് അധികവും.  അവരുടേ അനുഭവമാണ് ആധ്യാത്മികത.  അതു പഠിക്കാൻ ഒരു സ്ഥാപനമുണ്ടായാൽ തെറ്റൊന്നുമില്ല.  പക്ഷേ ഒന്നും  പഠിക്കുകയില്ലെന്ന ശാഠ്യത്തോടെ, മറ്റെന്തെല്ലാമോ നേടാൻ വേണ്ടി നടത്തുന്ന അധ്യാത്മഗവേഷണം ബോറാകാനേ തരമുള്ളുവെന്നും ഓർക്കണം.

അധ്യാത്മികതയെപ്പറ്റി കുരുട്ടുബുധിയുള്ളവർക്ക് മുന്നറിയിപ്പു നൽകാനെന്നോണം ചില വാർത്തകളും കഴിഞ്ഞ ആഴ്ച തന്നെ വരുകയുണ്ടായി.  പുതുതായി സ്ഥാനം ഏറ്റ ഫ്രാൻസിസ് മാർപ്പാപ്പയുടെ വെല്ലുവിളികളെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു വിദഗ്ധൻ തുറന്നടിച്ചതാണ് ഒരു വാർത്ത.  ലത്തീൻ അമേരിക്കയിലെന്നല്ല, പടിഞ്ഞാറൻ നാടുകളിൽ പൊതുവേ പുരോഹിതരുടേയും വിശ്വാസികളുടെയും എണ്ണം കുറഞ്ഞുവരുകയാണത്രേ.  അമേരിക്കയിൽ പുരോഹിതരുടെ ശരാശരി പ്രായം 64 ആയി ഉയർന്നിരിക്കുന്നു പോലും.  എന്നുവെച്ചാൽ, പുരോഹിതരാകാൻ ചെറുപ്പക്കാരെ കിട്ടാതായിരിക്കുന്നു എന്നർഥം.  

മറ്റൊരു വാർത്ത ലണ്ടനിലെ മനശ്ശാസ്ത്രഗവേഷകനായ പ്രൊഫസർ മൈക്കേൽ കിംഗും സഹപ്രവർത്തകരും നടത്തിയ സർവേയെപ്പറ്റിയായിരുന്നു.  പഴയ മട്ടിലുള്ള മതവിശ്വാസിയോ തികഞ്ഞ അവിശ്വാസിയോ സന്ദേഹവാദിയോ ആകാതെ, ചുമ്മാ അധ്യാത്മചിന്താപരനായ് നടക്കുന്നവർക്ക് മനോരോഗം പിടിപെടാൻ കൂടുതൽ ഇടയുണ്ടെന്നാണ് അവരുടെ നിഗമനം.  വിശ്വാസം ഭ്രമമല്ലെന്നും അതു മനസ്സിന്റെ ആരോഗ്യത്തിനുതകുമെന്നും വാദിച്ചുകൊണ്ടിറ്ങ്ങിയിട്ടുള്ള ഒരു പുസ്തകത്തെ പ്രൊഫസർ കിംഗ് നിശിതമായി വിമർശിച്ചതും അടുത്തിടെ തന്നെ.  അധ്യാത്മസർവകലശാലയിലെ പഠനവും ഗവേഷണവും ക്രമപ്പെടുത്തുമ്പോൾ ഇതുകൂടി ഓർത്താൽ നന്നായിരിക്കും.

കള്ളനും പൊലിസും പത്രക്കാരനും

കള്ളനും പൊലിസും പത്രക്കാരനുംമാൽക്കം മഗ്ഗറിഡ്ജ് ബ്രിട്ടിഷ് രഹസ്യപ്പൊലിസിന്റെ പിണിയാളായിരുന്നു.
എല്ലാംകൊണ്ടും ആദരണീയനായ മഗ്ഗറിഡ്ജിന് അങ്ങനെ ഒരു വശമുണ്ടായിരുന്നുവെന്ന് കേട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നു.  കേട്ടപ്പോൾ അത്ഭുതമോ വേദനയോ തോന്നിയില്ല.  ആരെല്ലാം എങ്ങനെയൊക്കെ രഹസ്യപ്പൊലിസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈശ്വരനേ അറിയാവൂ.
എഴുതിയ വാക്കിലും ഉച്ചരിച്ച വാക്കിലും ഇന്ദ്രജാലം നിറക്കാൻ കഴിഞ്ഞിരുന്ന മഗ്ഗറിഡ്ജ് കൊൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ എന്ന പത്രത്തിന്റെ രാഷ്ട്രീയലേഖകനായിരുന്നു നാല്പതുകളിൽ.  അദ്ദേഹത്തിന്റെ ഗാംഭീര്യം സൂചിപ്പിക്കാൻ പിന്നീട് രാഷ്ട്രീയലേഖകനായി വന്ന ഇന്ദർ മൽഹോത്ര  ഉന്നയിക്കുന്ന ഒരു സംഭവം ഇങ്ങനെ: അന്നത്തെ വൈസ്രോയിയുടെ ആസ്ഥാനമായിരുന്ന ഇന്നത്തെ രാഷ്ട്രപതിഭവനിൽ  ഒരു ചടങ്ങു നടക്കുന്നു.  എവിടെയും വിലസി നടക്കുന്ന മഗ്ഗറിഡ്ജിനെ അരികിൽ വിളിച്ച് വൈസ്രോയി എന്തോ ചെവിയിൽ മന്ത്രിക്കുന്നു.  എന്താണ് മന്ത്രിച്ചതെന്ന് പിന്നിട് വെളിപ്പെട്ടപ്പോൾ ആർക്കും അത്ഭുതമുണ്ടായില്ല പോലും.  വൈസ്രോയി മഗ്ഗറിഡ്ജിനോടു പറഞ്ഞു: “ഇവിടെ വൈസ്രോയി ഒന്നേയുള്ളു, രണ്ടില്ല.  ഓർക്കണം.”
വൈസ്രോയീപ്പോലും അസ്വസ്ഥനാക്കുകയും അഭിമുഖത്തിനിടെ ആരെയും സ്തബ്ധനാക്കുകയും ദൈവത്തിനു നൽകുന്ന സുന്ദരമായ ഉപഹാരമെന്ന് മദർ തെരേസയെ വിശേഷിപ്പിക്കുകയും ജീവിതത്തിന്റെ ആത്യന്തികമായ ക്ഷുദ്രത ആവിഷ്ക്കരിച്ച് എഴുതിയ ആത്മകഥക്ക് Chronicles of Wasted Time എന്നു പേരിടുകയും ചെയ്ത മഗ്ഗറിഡ്ജ് മോസ്കോവിലും മറ്റും മഞ്ചസ്റ്റർ ഗാർഡിയനുവേണ്ടി ജോലി ചെയ്യുമ്പോൾ എം ഐ ഫൈവ്(MI5) എന്ന ബ്രിട്ടിഷ് രഹസ്യപ്പൊലിസ് സംഘടനയുടെ കണ്ണും ചെവിയുമായിരുന്നു എന്നു കൂടി കേട്ടപ്പോൾ കൌതുകം തോന്നി.  യാദൃഛികമായെന്നു പറയട്ടെ, മഗ്ഗറിഡ്ജിന്റെ പശ്ചാത്തലത്തെപ്പറ്റി വായിച്ചുകൊണ്ടിരിക്കുമ്പോൾ, ബ്രിട്ടിഷ് രഹസ്യപ്പൊലിസും എഴുത്തുകാരുമായുള്ള കൂട്ടായ്മ തുറന്നുകാട്ടുന്ന ജെയിംസ് സ്മിത്തിന്റെ പുതിയ പുസ്തകവും ശ്രദ്ധയിൽ പെട്ടു.
രഹസ്യപ്പൊലിസിനുവേണ്ടി പ്രവർത്തിച്ച ഏറ്റവുമധികം പേരുകേട്ട പത്രപ്രവർത്തകൻ ആരായിരുന്നു?  സംശയമില്ല, കിം ഫിൽബി തന്നെ.  ടൈം, ഒബ്സർവർ, ഇക്കോണമിസ്റ്റ് എന്നീ‍ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി കിം ഫിൽബി ബെറൂട്ടിൽ നിയമിക്കപ്പെട്ടത് എം ഐ ഫൈവിനുവേണ്ടിയായിരുന്നു.  അതിന്റെ ഡെപ്യൂട്ടി ഡയറക്റ്റർ ആയിരിക്കുമ്പോൾ സോവിയറ്റ് ചാരനായും പ്രവർത്തിച്ച ഫിൽബി, പിടിക്കപ്പെടുമെന്നായപ്പോൾ, ഒരു സഹപ്രവർത്തകന്റെ ഭാര്യയെയും കൂട്ടി മോസ്കോവിലേക്കു കടന്നു.  അത്ര നിറക്കൂട്ടുള്ള ഒരു പൊലിസ്-പത്രബന്ധം വേറെ കാണില്ല.
അറുപതുകളിൽ ബുദ്ധിജീവികളുടെ വേദപുസ്തകം പോലെയായിരുന്നു Encounter എന്ന മാസിക.  അതിന്റെ നടത്തിപ്പിൽ വലിയ പങ്കുണ്ടായിരുന്നതോ സ്റ്റീഫൻ സ്പെൻഡർ എന്ന മനീഷിക്കും.  കവിയായും ലേഖകനായും അറിയപ്പെട്ട സ്പെൻഡർ കമ്യൂണിസത്തിന്റെ അസഹ്യതയെപ്പറ്റി അമ്പതുകളുടെ തുടക്കത്തിൽ വന്ന പരാജയപ്പെട്ട ദൈവം എന്ന പുസ്തകത്തിന്റെ എഴുത്തുകാരിൽ ഒരാളുമായിരുന്നു.  അമേരിക്കൻ സുരക്ഷിതത്വസംഘടനയായ സി ഐ എ പണം കൊടുത്തു നടത്തുന്നതായിരുന്നു മാസിക എന്നു പരസ്യമായപ്പോൾ അതു നിന്നു പോയി.  അതൊന്നും സ്പെൻഡർ അറിഞ്ഞിരുന്നില്ലെന്ന് ഒരു വശം.  സ്പെൻഡറിന് എപ്പോഴും രണ്ടു മുഖമുണ്ടായിരുന്നുവെന്ന് വേറെ ചിലർ.  ഏതായാലും ചാരവൃത്തിക്കു വേണ്ടി ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും മാന്യം അതു തന്നെയായിരുന്നിരിക്കണം.
സോവിയറ്റ് രഹസ്യാന്വ്വേഷണസംഘടനകളായ കെ ജി ബിയും ജി ആർ യുവും വളർത്തിയെടുത്ത ചാരപത്രപ്രവർത്തകരും ബുദ്ധിജീവികളും ഏറെയുണ്ട്.  അത്രതന്നെ പ്രധാനമല്ലെങ്കിലും രണ്ടു കാരണത്താൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ് ബെർലിൻ  കുഞ്ഞനന്തൻ നായരുടെ പേർ.  ഒന്നാമത്തെ കാരണം, അദ്ദേഹം നമുക്ക് അടുത്തറിയാവുന്ന ആൾ എന്നതു തന്നെ.  രണ്ടാമതായി, പതിവു വിട്ട്, താൻ കെ ജിബിക്കുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്.  വിശ്വാസവും പ്രവൃത്തിയും ഒന്നാകുമ്പോൾ അങ്ങനെയാകാം.  കമ്യോണിസത്തിന്റെ പിതൃഭൂമിക്കുവേണ്ടി ബുദ്ധിയും ശരീരവും ആത്മാവും ഉഴിഞ്ഞുവെച്ചിട്ടുള്ളവർ ഏറെ.  അവരിൽ ചിലർ, കുഞ്ഞനന്തൻ നായരെപ്പോലെ, ഒടുവിൽ പാർട്ടിയിൽനിന്നു പുറത്തായിട്ടുണ്ടാകം.  ചിലർ, വിശ്വാസമില്ലാതെ, പല തരം നിർബ്ബന്ധങ്ങൾക്കു വിധേയമായി, കെ ജി ബിക്കുവേണ്ടി ജോലി ചെയ്തതാകാം.
ഐ എഫ് സ്റ്റോൺ എന്നൊരു ലേഖകൻ അങ്ങനെ വളർന്നുവന്നവരിൽ ഒരാളായിരുന്നു.  ടൈം വാരികയുടെ വിറ്റാക്കർ ചേംബേഴ്സ് നിറപ്പകിട്ടുള്ള ഒരു ലേഖകചാരനായിരുന്നു.  ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ വാൾട്ടർ ലിപ് മാനെ കെ ജി ബി ശൃംഖലയിൽ ചേർക്കാൻ കാര്യമായ ശ്രമം നടക്കുകയുണ്ടായി.  പക്ഷേ ആ ലോകലേഖകൻ വീണില്ല.  അതുകൊണ്ടെന്താ, കെ ജി ബി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മേരി പ്രൈസിനെ അതിന്റെ കുരുക്കിലാക്കി.
എപ്പോഴും വിവാദത്തിൽ പെട്ടുകൊണ്ടിരുന്ന വി കെ കൃഷ്ണ മേനോൻ സെഞ്ച്വറി എന്നൊരു ഒരു പത്രവും നടത്തുകയുണ്ടായി.  ആ അർഥത്തിൽ അദ്ദേഹം പത്രക്കാരനുമായിരുന്നു.  പക്ഷേ ആ നിലക്കാവില്ല അദ്ദേഹത്തിന്റെ കെ ജി ബി ബന്ധം വിലയിരുത്തപ്പെടുക.  ബ്രിട്ടിഷ് രഹ്സ്യാന്വേഷണസംഘടനയുടെ നൂറു വർഷത്തെ ചരിത്രം എഴുതുന്നതിനിടയിൽ, അതിന്റെ രചയിതാവായ പ്രൊഫസർ കൃഷ്ണമേനോനെന്യും പരാമർശിക്കുന്നു.  മേനോന്റെ തിരഞ്ഞെടുപ്പ് ചിലവിൽ നല്ലൊരു ഭാഗം കെ ജി ബി വഹിച്ചിരുന്നുവത്രേ.  മേനോൻ ലണ്ടനിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണർ ആയിരുന്നപ്പോൾ, അവിടെ സന്ദർശനത്തിനെത്തിയ രഹസ്യാന്വ്വേഷണോദ്യോഗസ്ഥൻ സഞീവി ടി സഞീവി കമ്യൂണിസ്റ്റ് വിരുദ്ധനായ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന്റെ പ്രത്യേകദൂതനായിരുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടു.  ഇന്ത്യൻ രഹ്സ്യാന്വേഷ്ണവിഭാഗത്തിന്റെ ആദ്യത്തെ ഡയറക്റ്റർ ആയ സഞീവിയുടെ ഉള്ളിലിരുപ്പ് മേനോനെ ശ്ലാഘിക്കുന്നതായിരുന്നില്ലെന്ന്  വ്യക്തം.
അത്രയൊന്നും വലുതാവേണ്ട.  കൊച്ചുകൊച്ചുപത്രസമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്യാൻ പോകുന്ന ലേഖകർക്കും ഷസ്യപ്പൊലിസിന്റെ ഉപകരണമാകാൻ ഇടയുണ്ടാകും.  പത്രസമ്മേളനത്തിൽനിന്നു വീണുകിട്ടുന്ന വിവരം മനസ്സിലാക്കാൻ പടിക്കുപുറത്തോ ചുമരിനു പിന്നിലോ കാത്തുനിൽക്കുന്ന സാധാരണവേഷധാരിയായ പൊലിസുകാർക്ക് സഹായം നൽകുന്നവർ എത്രയെത്ര?  പകരം അല്ലുചില്ലറ വിവരം പൊലിസുകാർ തിരിച്ചും കൊടുക്കും.  അല്പം വലിയ  കാര്യാ‍ാണെങ്കിൽ ലേഖകൻ തന്റെ പേരു വെച്ച് ഒന്നാം പേജിൽ അച്ചടിപ്പിച്ച് ഗമ കാട്ടി നടക്കും.  ലേഖകനും കോള്, വിവരം വെളിച്ചത്തായതുകൊണ്ട് പൊലിസുകാരനും കോള്.  ഒരു ഉപയോഗവുമില്ലാതെ ആരും വാർത്ത ചോർത്തിക്കൊടുക്കുകയില്ലല്ലോ.
കുറച്ചുകൂടി വലിയ തോതിൽ, അറിഞ്ഞുകൊണ്ടു തന്നെ, ഞാൻ രഹസ്യപ്പൊലിസിന്റെ ഉപകരണമാകാൻ ഒരിക്കൽ നിന്നു കൊടുത്തു.  ഉയർന്ന ഒരു ഉദ്യോഗസ്ഥൻ പഴയ പരിചയ്ം വെച്ച് എന്നെ ഡൽഹിയിൽ തേടിപ്പിടിചെത്തുകയായിരുന്നു.  അവർ എത്ര ശ്രമിച്ചിട്ടും സർക്കാരിലെ ഒരു വിഭാഗം ചില വിദേശീയരോട് വിധേയത്വം കാട്ടുന്നതായി സംശയം.  അതിന്റെ വിശദാംശങ്ങൾ എന്നോട് എണ്ണിയെണ്ണിപ്പറയുമ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടോ ആ ഉദ്യോഗസ്ഥന്റെ മണ്ഠത്തരംകൊണ്ടോ ആണെന്ന് ഞാൻ സംശയിച്ചില്ല.  സംഗതി വെളിച്ചത്തുകൊണ്ടുവരാൻ എന്നെ ഉപയോഗിക്കുകയാണ്.  സത്യം സത്യമാണെങ്കിൽ, ഞാൻ റെഡി എന്നതായിരുന്നു എന്റെ നിലപാട്.  അതുൻ ഫലവുമുണ്ടായി.
സമകാലികകാര്യങ്ങൾ എഴുതുന്ന ലേഖകരും, വിശേഷിച്ച് രാഷ്ട്രീയലേഖകരും, രഹ്സ്യപ്പൊലിസും തമ്മിൽ കൊള്ളക്കൊടുക്കയുണ്ടാകുന്നത് സ്വാഭാവികമാണ്.  രണ്ടുപേരുടെയും അന്വേഷണവിഷയം ഒന്നു തന്നെ—രഹസ്യം, വാർത്ത.  പൊലിസ് അതു പുറത്തുവിടാനല്ല, സുരക്ഷക്കുവേണ്ടിയാണ് ഉപയോഗിക്കുക.  പത്രക്കാരൻ അത് വായനക്കാരന്റെ സമക്ഷമാവും അവതരിപ്പിക്കുക.  ആ കൊള്ളക്കൊടുക്കയിൽ സത്യസത്യങ്ങളെപ്പറ്റി എത്രത്തോളം തിരിച്ചറിവോടെ പ്രവർത്തിക്കുന്നു എന്നതാണ് ലേഖകന്റെ പ്രാപ്തിയുടെയും മാന്യതയുടെ മാനദണ്ഡം.  ആരെങ്കിലും പറഞ്ഞ്കൊടുക്കുന്ന ഏഴണി നക്കാപ്പിച്ച വാങ്ങി എഴുതുന്നതാണ് ചാരപ്പണി.  

നാം തിന്നുന്ന രീതി
നാം തിന്നുന്ന രീതി

കന്യാകുമാരിയിലെ വഴിയരികിൽ സംഗം എന്നു കണ്ടപ്പോൾ ജയശ്രീക്ക് തൃപ്തിയായി.  വണ്ടി പുറകോട്ട് സംഗത്തിലേക്ക് പോകട്ടെ എന്നായി അവർ.  കനഡയിൽ ഏറെക്കാലം ജീവിച്ചിട്ടും സസ്യാഹാരവ്രതം അനുഷ്ഠിക്കുന്നവരാണ് ജയശ്രീ എന്നായിരുന്നു എന്റെ ധാരണ.  എന്നിട്ടും സംഗത്തിന്റെ പരസ്യത്തിന്റെ സ്വഭാവവും മട്ടും മാതിരിയും കണ്ടിട്ടും അവർ പിൻ തിരിയാത്തതിൽ എനിക്ക് അത്ഭുതം തോന്നി.  എന്റെ സസ്യാഹാരസംസ്ക്കാരം അവരുടേതിൽനിന്ന് വ്യത്യസ്തവും മൌലികവാദപരവുമാകാമെന്ന് ഞാൻ സംശയിച്ചു.  ഞാൻ പറഞ്ഞു:  “സംഗത്തിലാണെങ്കിൽ, ഞാൻ ഭക്ഷണത്തിനില്ല.” ഇഷ്ടമില്ലാത്തതു മണത്താൽ, വിശപ്പുള്ളപ്പോഴും ഒക്കാനിക്കാറുള്ള എന്റെ ഭാര്യ അകത്തുകയറിയപ്പോഴേ മുഖം ചുളിക്കാൻ തുടങ്ങി.  ഞങ്ങൾ ഉടനേ പുറത്തിറങ്ങി വേറെ ഭക്ഷണശാല തിരഞ്ഞു.  മിശിഹയുടെ ഔദ്ധത്യത്തോടെ ഞാൻ ജയശ്രീയോടു പറഞ്ഞു:  സസ്യാഹാരം വിളമ്പുന്ന സ്ഥലമായാൽ പോരാ, കാലാകാലമായി നാം സസ്യാഹാരത്തോടു ബന്ധപ്പെടുത്തുന്ന അന്തരീക്ഷവും ഉണ്ടായാലേ മനസ്സിൽ പിടിക്കുകയുള്ളു.
മനസ്സിൽ പിടുത്തത്തിന്റെ രീതികൾ വിചിത്രമാണ്.  കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിൽ സുഹൃത്തുക്കളുമായി സൊള്ളിക്കൊണ്ട്  ഭക്ഷണം കഴിക്കുമ്പോൾ, പെട്ടെന്നെന്തോ തൊണ്ടയിൽ കുരുങ്ങി.  കടിച്ചാൽ പൊട്ടാത്തതെന്തോ ഒന്ന്.  പെരുമാറ്റത്തിൽ അയവുവരുത്തുന്ന ചിലതൊക്കെ അകത്തുള്ളതുകൊണ്ട് സ്വാദിനെപ്പറ്റി ഒരു പക്ഷേ ആദ്യം ഞാൻ ശ്രദ്ധിക്കാതെ പോയതാവാം.  ശ്രദ്ധിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്ന സസ്യാഹാരിയായ എം ജി ബാലകൃഷ്ണനോടു പറഞ്ഞു:  എം ജി ബി ഇനി മതിയാക്കൂ.  ഞങ്ങളൂടെ ഭക്ഷണത്തിൽ ഞങ്ങൾ ശീലിക്കാത്ത എന്തോ കേറിയിരിക്കുന്നു.  ഒരു ശപഥം ലംഘിച്ച ഭാവമായിരുന്നു എനിക്കും എം ജി ബിക്കും.  അടുത്തുള്ളവർക്കു തോന്നി, വേണ്ടെങ്കിൽ വേണ്ട.  അതിനിത്ര ബഹളം വെക്കുന്നതെന്തിന്?  അവർക്കറിയില്ല, വേണ്ടാത്തത് വായിൽ പെട്ടാൽ മറ്റു ചിലർക്കുണ്ടാകുന്ന വിഷമം.  കാലാ പാനി എന്ന സിനിമയിൽ വേണ്ടാത്തത് വായിൽ കുത്തിക്കേറ്റിയ ഒരാൾ കടലിൽ ചാടി മരിച്ചതോർമ്മയില്ലേ?
ആദ്യത്തെ വിദേശയാത്രയിൽ എന്തു കഴിക്കണമെന്നറിയാതെ ഞാൻ കഷ്ടപ്പെട്ടതോർക്കുന്നു.  ഡെൽറ്റ ചെത്സീ എന്ന ടൊറോന്റോയിലെ ഹോട്ടലിൽ പേരറിയാത്ത എന്തെല്ലാമോ ഭക്ഷണം നിരത്തിവെച്ചിരിക്കുന്നു.  ഒരൊറ്റൊന്നും തൊടാൻ ധൈര്യമില്ല.  എന്തിലും മാംസാംശം കാണാം.  സസ്യാഹാരം നിർബ്ബന്ധമുള്ളവർക്ക്, തയ്യാറാക്കിയ ആഹാരത്തിൽ മാംസാംശമുണ്ടെങ്കിൽ, അതെടുത്തുമാറ്റി സസ്യാംശം മാത്രമാക്കി കൊടുത്താൽ പോരേ എന്നൊരു യുക്തികേട്ടു.  അതുകൊണ്ട് ആദ്യമൊക്കെ പച്ച വെള്ളരിക്കയുടെയും കാരറ്റിന്റെയും തക്കാളിയുടെയും കഷണങ്ങളൂം മാംസം ഒട്ടും കലരാത്ത പുളിപ്പുള്ള പാനീയവും കഴിച്ച് മനസ്സിന് ചൊടി കൂട്ടി.  മാംസമേ കഴിക്കൂ എന്നു നിർബ്ബന്ധമുള്ള അളിയൻ വേണുവിന് എന്നെ കളിയാക്കാൻ ഇതില്പരം നല്ലൊരു വിഷയം കിട്ടാനില്ലായിരുന്നു.
എന്റെ സസ്യാഹാരമൌലികവാദത്തെ പഴിക്കുന്നതും പുഛിക്കുന്നതുമായിരുന്നു മകൻ കാർത്തികേയൻ കഴിഞ്ഞ ആഴ്ച ന്യൂയോർക് ടൈംസിലെ ഭക്ഷണപംക്തിയിൽനിന്ന് എടുത്തയച്ചുതന്ന ലേഖനം.  സസ്യാഹാരികൾ അറിയാതെ എഹ്റ്റ്ര മാംസാംശം അകത്താക്കുന്നു!  പ്രധാനമായും മരുന്നിന്റെ രൂപത്തിലാണ് മാംസാംശം അവർ ഭക്ഷിക്കാൻ ഇട വരുന്നത്. രാസപദാർഥങ്ങളുടെ പേരാവുമ്പോൾ ഒന്നും തിരിച്ചറിയുകയില്ലല്ലോ.  സന്ധികളിലെ വേദന മാറ്റാൻ കൈ കണ്ട ഔഷധമായി ഞങ്ങൾക്ക് വിശ്വാസമുള്ള ഒരു ഡോക്റ്റർ ഒരിക്കൽ ഒരു ഗുളിക നിർദ്ദേശിച്ചു.  മൂന്നു മാസം കഴിക്കണം.  അമേരിക്കയിൽ പലരും ഉപഹാരമായി കൊടുക്കുന്നതാണ്.  വേദനക്കെന്നല്ല, വെപ്രാളത്തിനും വൈരത്തിനും വേപഥുവിനും മരുന്നു കണ്ടെത്തിയിട്ടുള്ളവരാണ് വമ്പൻ അരസ്യക്കാരായ അമേരിക്കൻ ഔഷധനിർമ്മാതാക്കൾ.  അതറിഞ്ഞുകൊണ്ടെതന്നെ എന്റെ ശ്രീമതി അതു പരീസ്ക്ഷിച്ചുനോക്കി.  നല്ല സുഖം.  പക്ഷേ ആ സുഖം ഏറെക്കാലം  നീണ്ടുനിന്നില്ല.  അതിൽ കടൽക്കക്കയുടെ സത്ത് ചേർത്തിട്ടുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചതോടെ ശ്രീമതി സുഖം വേണ്ടെന്നു വെക്കുകയായിരുന്നു.
സസ്യാഹാരമാണ് കൂടുതൽ ആരോഗ്യകരം എന്നൊരു തിയറി പല കോണുകളിലും പ്രചരിച്ചുവരുന്നുണ്ട്.  പച്ചക്കറി മാത്രം കഴിക്കുന്നവരിൽ ചില രോഗങ്ങൾ കണ്ടിട്ടില്ലത്രേ.  കൊഴുപ്പുകൂടിയ മാംസം ക്ഷണിച്ചുവരുത്തുന്ന രോഗങ്ങൾ പലതാണ്.  പക്ഷേ ആരോഗ്യത്തിനുവേണ്ടി മാത്രമല്ലലോ ഭക്ഷണം.  രസനയെ ഉദ്ദീപിപ്പിക്കുന്നതും ലഹരി പിടിപ്പിക്കുന്നതുമായിരിക്കണം പലർക്കും ഭക്ഷണം.  പച്ചക്കറിയെത്തന്നെ മാംസത്തിന്റെ ചുവയുള്ളതാക്കി മാറ്റുന്ന ചില പാചകപാകങ്ങൾ നമുക്കുണ്ട്.  പച്ചക്കറിയേ കഴിക്കൂ എന്നു നിർബ്ബന്ധം പിടിക്കുകയും മാംസത്തിന്റെ രുചി ഇഷ്ടപ്പെടുകയും ചെയ്യുന്ന ഹിപ്പോക്രിറ്റുകൾക്കു വേണ്ടി ആവിഷ്കരിക്കപ്പെട്ടവയാണ്  ആ പാകങ്ങൾ.
പുതിയ പാചകപാക്ങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ ഉയർത്തിക്കാട്ടുന്ന ചില ഭക്ഷ്യപ്രസ്ഥാനങ്ങളും നിലവിൽ വന്നിരിക്കുന്നു.  കാർഷികോല്പന്നങ്ങളുടെ തനിമ വള്രെയൊന്നും കൈമോശം വന്നുപോകാത്ത രീതിയിലായിരുന്നു ഒരു കാലത്ത് പാചകം.  മസാലയുടെ ചേരുവ അത്രയൊന്നും ഉണ്ടായിരുന്നില്ല.  പച്ചക്കറിയെ വളരെ സങ്കീർണ്ണവും  അതിന്റെ തനിമ തമസ്ക്കരിക്കുന്നതുമായ പാചകപ്രക്രിയക്കു വിധേയമാക്കിയിരുന്നുമില്ല.  ഇപ്പോൾ രുചിഭേദം ആവശ്യപ്പെടുന്നതനുസരിച്ച് കാർഷികോല്പന്നങ്ങളെ അതാണെന്നു തിരിച്ചറിയാത്ത രീതിയിൽ ഭക്ഷണത്തിനൊരുക്കുന്നു.  രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറി വർജ്ജിക്കാനും പ്രകൃതിഭോജനശാലകൾ സ്ഥാപിക്കാനും ഈയിടെയായി ചിലർ ഉത്സാഹിച്ചുവരുന്നതുകാണാം.
ഫാസ്റ്റ് ഫുഡ് എന്നൊരു ഫാഷൻ നിലവിൽ വന്നിരിക്കുന്നു.  അതിന്റെ ദോഷങ്ങളെപ്പറ്റി കാവ്യാത്മകമായ വിശദീകരണങ്ങൾ നിലവിലുണ്ട്.  കാർലോസ് പെറ്റ് റിനി എന്നൊരാൾ സ്ലോ ഫുഡ്  എന്നൊരു പ്രസ്ഥാനം തന്നെ ബദലായി തുടങ്ങിയിരിക്കുന്നു.  പക്ഷേ ആഹാരം രുചികരമായും വേഗത്തിലും താരതമ്യേന വില കുറഞ്ഞും കിട്ടാൻ ഭാഗ്യം തന്നെ വേണം.  ഫാസ്റ്റ് ഫുഡ് ശൃഖലകൾ വളരുന്നത് വലിയ ഭക്ഷണശാലകളുടെ ഔപചാരികത്വത്തിനോടുള്ള ഒരു വെല്ലുവിളീയായിട്ടുകൂടിയാണ്.
കൂട്ടത്തിൽ പറയട്ടെ, നമ്മുടെ ഭക്ഷണശാലകൾ വിളമ്പുന്ന മട്ടിലുള്ള ഭക്ഷണം ആവശ്യമാണോ?  ഉച്ചഭക്ഷണത്തിന് ഇത്രയേറെ വിഭവങ്ങൾ ഇത്ര അളവിൽ മേശപ്പുറത്ത് നിരത്തേണ്ടതുണ്ടോ?  ചോറും തൈരും അല്ലെങ്കിൽ ചപ്പത്തിയും കറിയും മാത്രം കഴിക്കാൻ ചെല്ലുന്ന ആൾക്കും നൂറു കറികളും പായസവും ഗുലാബ് ജാമുനും കഴിച്ചേ പോരാൻ പറ്റൂ.  കഴിക്ക്കാൻ താല്പര്യമില്ലാത്ത കുറേ വിഭവങ്ങൾ ചെറിയ അളവിൽ വിളമ്പി വലിയ അളവിൽ ലാഭം ഉണ്ടാക്കുക എന്നതാണ് ഭക്ഷണവ്യവസായത്തിന്റെ ലക്ഷ്യം.
ആ വ്യ്‌വസായത്തിന്റെ പുഷ്കലദശയിൽ ജൈവസദാചാരം ലംഘിക്കപ്പെടുന്നുവെന്ന്  “നാം ഭക്ഷിക്കുന്ന രീതി” എന്ന പുസ്തകത്തിൽ  പീറ്റർ സിംഗർ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞർ സമർഥമായി തെളിയിച്ചിട്ടുണ്ട്.  ഏഴുകൊല്ലത്തിനകം മാംസത്തിന്റെ ലോകോപഭോഗം ഇരട്ടിക്കുമെന്നാണ് കണക്ക്.  ആ ആവശ്യം നിറവേറ്റാൻ  അത്ര പെട്ടെന്ന് മാംസത്തിന്റെ ഉൽ‌പ്പാദനം വർദ്ധിപ്പിക്കണം.  ഉല്പാദനം വർദ്ധിപ്പിക്കാനുള്ള തത്രപ്പാടിൽ പറക്കാൻ വയ്യാത്ത പക്ഷികളെയും നടക്കാൻ വയ്യാത്ത ആടുകളെയും വികസിപ്പിച്ചെടുത്ത് നമ്മൾ പ്രകൃതിയുടെ നിയമത്തെത്തന്നെ അട്ടിമറിക്കുകയണെന്നാണ് സിംഗറുടെ അഭിപ്രായം.  പക്ഷേ ഈ മാംസാഹാരികൾ മുഴുവൻ സസ്യാഹാരികളായാലത്തെ സ്ഥിതിയോ?  അവർക്കു വേണ്ട പച്ചക്കറി ഉണ്ടാക്കാൻ പോന്ന വിധത്തിലല്ല ലോകകൃഷിയുടെ ഗതിയെന്നു കേൾക്കുന്നു.  ജൈവസദാചാരതിന്റെ കാര്യത്തിലും സസ്യാഹാരോല്പാദനത്തിന്റെ കാര്യത്തിലും അങ്ങനെ ഒരു വെല്ലുവിളി ഉയരുന്നു.  

കനകം മൂലം കാമിനിമൂലം 

കനകം മൂലം കാമിനിമൂലം

“ഞാൻ അന്നേ പറഞ്ഞിരുന്നല്ലോ” എന്നൊരു ഔദ്ധത്യത്തോടെ തട്ടിമൂളിക്കുന്ന സ്വഭാവമാകും മനുഷ്യന്റെ ഏറ്റവും വലിയ ദൌർബല്യം.  തനിക്കെല്ലാം അറിയാം, മൂന്നു കാലവും തന്റെ കാഴ്ചപ്പാടിൽ ഒതുങ്ങും എന്നൊക്കെ ഭാവിക്കാത്ത ആരെയും കാണില്ല.  ഇംഗ്ലിഷിൽ I-told-you-so മനോഭാവം പേരു കേട്ടതാണ്, ബോറടിപ്പിക്കുന്നതുമാണ്.  മലയളത്തിൽ നമ്മൾ അങ്ങനെ അതിനെ പേരിട്ടു വിളിച്ചിട്ടില്ല.  എന്നാലും “അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ, പോരണ്ടാന്ന്” എന്നും മറ്റുമുള്ള പാട്ടുകളിൽ പോലും കത്തിക്കേറിനിൽക്കുന്നത് ആ ദൌർബല്യം തന്നെ.  ഗണേശ് കുമാർ രാജി വെക്കുമെന്ന് അപ്പോഴേ ഞാൻ പറഞ്ഞില്ലേ എന്നു പറയുമ്പോൾ ആ ദൌർബല്യം എന്നെ കീഴടക്കുന്നുവെന്ന് ഞാൻ അറിയുന്നു.
അഛനും മകനും തമ്മിൽ ഇങ്ങനെ അടിക്കുമ്പോൾ, ഇങ്ങനെ ഒരേ മേഖലക്കുവേണ്ടി ഇടയുകയും ഇടിച്ചുവീഴ്ത്താൻ ഒരുങ്ങിനിൽക്കുകയും ചെയ്യുമ്പോൾ ഗണേശൻ രാജി വെച്ചൊഴിയേണ്ടിവരുമെന്നു പറയാൻ ത്രികാലജ്ഞാനമൊന്നും വേണ്ട.  അതില്ലാതെത്തന്നെ ഞാൻ അങ്ങനെ പ്രവചിച്ചുവെന്നു മനസ്സിലാക്കുക.  പ്രവ്ചനം തെറ്റാതിരിക്കാൻ ഞാൻ ഒരു സൂത്രവും പ്രയോഗിച്ചു:  ഗണേശൻ രാജി വെക്കാതിരിക്കണമെങ്കിൽ ബാലകൃഷ്ണ പിള്ള ഒഴിഞ്ഞുപോകണം.  അങ്ങനെ ചുമ്മാതൊന്നും ഒഴിഞ്ഞുപോകുന്ന ആളല്ല പുള്ളിക്കാരൻ എന്ന് പിള്ളയെ അറിയുന്നവർക്കറിയാം.  പക്ഷേ യാമിനി തങ്കച്ചിയുടെ ചവിട്ടുകൊണ്ടിട്ടാകും ഗണേശൻ പോകുക എന്നു ഗണിക്കാനുള്ള ജ്ഞാനം എന്റെ തലയോടിന്റെ പുറത്തേ കിടപ്പുള്ളു.
ബാലകൃഷ്ണ പിള്ള എന്ന പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങാത്തതുകൊണ്ട്, പാർട്ടിയുടെ നിർദ്ദേശപ്രകാരം ഗണേശൻ ഇറങ്ങുകയോ മുഖ്യൻ ഗണേശനെ ഇറക്കുകയോ ചെയ്തതല്ല.  പിള്ള പതിനട്ടടവും പയറ്റിയിട്ടും ഗണേശനോ മുഖ്യനോ ഗൌനിച്ചില്ല.  യാമിനിയുടെ ഒരൊറ്റ ചവിട്ടു മതി, ഗണേശൻ ഉരുണ്ടു പോയി.  ചവിട്ടിന്റെ കഥ അവിശ്വസിക്കേണ്ട..പറഞ്ഞത് ഗണേശൻ തന്നെ.  ആപ്പിസ് മുറിയിൽ കസാലയിൽ ഇരിക്കുമ്പോൾ, ഗണേശന്റെ മുഖത്തും മുതുകിലും യാമിനി ഇടിക്കുന്നു; ഗണേശൻ താഴെ വീഴുന്നു; വീണേടത്തു വെച്ച് ഗണേശനെ യാമിനി ചവിട്ടുന്നു.  അതോടെ അദ്ദേഹം നിശ്ചയിച്ചു വിവാഹം വേർ പെടുത്താൻ എന്ന് അദ്ദേഹത്തിന്റെ തന്നെ മൊഴി.  ചവിട്ടു കൊണ്ട് തുടർന്നുപോകേണ്ടതല്ലല്ലോ ഒരു ബന്ധവും.
യാമിനിയുടെ മൊഴിയിലും അടിയുടെയും ഇടിയുടെയും കുത്തിന്റെയും ഒച്ച കേൾക്കാം.  പൊലിസു പോലും അതു കേട്ടിരിക്കുന്നു.  മ്യൂസിയം പൊലിസ് കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഒച്ച മുഖ്യൻ കേട്ടില്ലെന്നു വരില്ല.  പാതിരാവിനോടടുപ്പിച്ച് മുഖ്യന്റെ വസതിയിൽ യോഗമായി.  ഗണേശൻ രാജിയുമായി എത്തി.  പിള്ള പഠിച്ചതും പഠിക്കാത്തതുമായ പണിയൊക്കെ നോക്കിയിട്ടും പറ്റാത്തത് യാമിനിയുടെ ഒരു പരാതികൊണ്ട് പറ്റി.  ഒരു പരാതികൊണ്ട് എന്ന് തീർത്തു പറഞ്ഞുകൂടാ.  നേരത്തേ പരാതി മുഖ്യനോടു പറഞ്ഞതാണെന്നും അത് അദ്ദേഹം ഗൌനിച്ചില്ലെന്നും യാമിനി തന്നെ പറഞ്ഞിട്ടുണ്ട്.  മുഖ്യനോട് ആദ്യം പരാതിപ്പെട്ടതിനും ഒടുവിൽ പൊലിസിൽ മൊഴി നൽകിയതിനുമിടക്ക് ഉണ്ടായതാണോ ഗണേശനു കിട്ടിയ യാമിനിയുടെ ചവിട്ട് എന്ന് അറിയില്ല.  എന്തായാലും ഒടുവിൽ മന്ത്രി ഗണേശനെ ചവിട്ടി പുറത്താക്കിയിരിക്കുന്നു എന്നുവേണം കരുതാൻ.
നമുക്കു നാണമില്ലേ ഇങ്ങനെ ചവിട്ടു കൊള്ളുകയും അതു പറഞ്ഞു നടക്കുകയും ചെയ്യുന്ന അളുകളെ മന്ത്രിമാരാക്കാൻ?  ചവിട്ടി പുറത്താക്കിയാലേ പോകൂ എന്നു ശഠിക്കുന്ന ഇവരെ താങ്ങുന്ന ജനത്തിനു വിധിച്ചിട്ടുള്ളതല്ല ആധിപത്യം.  ആട്ടും തുപ്പും ചവിട്ടുമൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ ഇതാ കേൾക്കുന്നു, ആരും ആരോടും പരാതിപ്പെടാതെ, സ്വത്ത്  രമ്യമായി പങ്കിട്ട്, കേസൊന്നുമില്ലാതെ ബന്ധപ്പെട്ടവർ, എന്നു വെച്ചാൽ ബന്ധം തകർക്കുന്നവർ, പിരിഞ്ഞു പോകാൻ പോകുന്നു.  ജാമ്യമില്ലാത്ത കേസെടുക്കാനുള്ള പീഡനപരാതി കൊടുത്ത ആളാണ് യാമിനി.  അതിനെപ്പറ്റി പൊലിസും പട്ടാളവും കമ്മിഷനുമൊക്കെ ആശങ്കാകുലരായി അന്വേഷണം നടത്തുന്നു.  എന്തുകൊണ്ടോ, സ്ത്രീവാദികളുടെ സംയുക്തപ്രസ്താവനകൾ വന്നില്ല.  വരും, വരാതിരിക്കില്ല.  അതിന്റെ പ്രവാഹത്തിലാണ് മന്ത്രി ഒലിച്ചുപോയതെന്നും കേൾക്കുമാറാകാം.
പക്ഷേ യാമിനി തന്നെ നിലത്തിട്ടു ചവിട്ടി എന്നു വിലപിക്കുന്ന ഗണേശനും ഗണേശൻ തന്നെ ഉപദ്രവിച്ചുവെന്ന് പരാതിപ്പെട്ടിരിക്കുന്ന യാമിയും വിചാരിച്ചാൽ ഇല്ലാതാകുന്നതാണോ അവരുടെ പരാതിക്ക് അടിസ്ഥാനമായ സംഭവം?  ജാമ്യമില്ലാത്ത കേസിൽ ഗണേശനെ പിടി കൂടുകതന്നെ വേണം.  അല്ലെങ്കിൽ യാമിനിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിയണം. യാമിനി തന്നെ താഴെയിട്ടു ചവിട്ടി എന്ന മന്ത്രിയുടെ മൊഴി നുണയാണെന്നു തെളിഞ്ഞാൽ പിന്നെ അതിനു കേസ് വേറെ വേണ്ടി വരും.  ഇതൊന്നും സ്വത്തു പങ്കിടാൻ ഒരു ഫോർമുല കണ്ടെത്തുകയും അതു കോടതിയിൽ സമർപ്പിക്കുകയും ചെയ്താൽ മാറുന്ന സാഹചര്യമല്ല.  നമ്മുടെ മുമ്പിലുള്ള തർക്കം യാമിനിക്കു കിട്ടേണ്ട ഗണേശന്റെ സ്വത്തിനെപ്പറ്റിയല്ല.  അതൊരു സിവിൽ കേസായി അവർ തമ്മിലടിച്ചു തീർക്കട്ടെ.  നമ്മുടെ മുമ്പിലുള്ള കേസ് ഗണേശൻ യാമിനിയെ--മറിച്ചും--മർദ്ദിച്ചെന്ന പരാതിയാണ്.  അവർ രണ്ടു പേരും പണം പങ്കുവെച്ചാൽ ക്രിമിനൽ കേസ് ഇല്ലാതാകുന്നതെങ്ങനെ?
ഗണേശൻ പിള്ളയുടെ വാശിക്കു മുന്നിൽ അടയറവു പറഞ്ഞൊഴിയുകയോ പിള്ള ഇംഗിതം നടക്കാതെ കളി നിർത്തുകയോ ചെയ്തിരുന്നെങ്കിൽ, അതൊരുതരം റിക്കോറ്ഡ് ആകുമായിരുന്നു.  ഗിന്നസ് ബൂക്കിലൊക്കെ കയറിക്കൂടാമായിരുന്ന അഛൻ-മകൻ കിടമത്സരം ആയി അത് വിലയിരുത്തപ്പെടാമായിരുന്നു. ഷാജഹാനും ഔരംഗസേബും തമ്മിലുണ്ടായതുപോലുള്ള അടി അത്ര പതിവായി പരസ്യമായി ഉണ്ടാവാറില്ലല്ലോ.  അതുകൊണ്ട് പിള്ള-ഗണേശ് ശണ്ഠ ഒരു പ്രത്യേകവിഭാഗത്തില്പെട്ടതാകുമായിരുന്നു.  സ്ത്രീവിഷയത്തിൽ ഒരാൾ പുറത്തുപോകുന്നതോ പുറത്തുപോകാതിരിക്കുന്നതോ പുത്തരിയുമല്ല, പഴയരിയുമല്ല.
ഗണേശന്റെ കാര്യത്തിൽ നന്നേ പുതുതായി തോന്നുന്ന എന്തെങ്കിലുമുണ്ടെങ്കിൽ, ചവിട്ടുകൊണ്ട് പുറത്തുപോകുന്നതായിരിക്കും.
സ്ത്രീവിഷയത്തിൽ അധികാരം പോകുന്നത് പണ്ടേക്കുപണ്ടേ നടന്നിരുന്ന കാര്യമാണ്. കലരിപ്പില്ലാത്ത പെണ്വിഷയത്തിൽ അധികാരം പോയതുപോലെ തോന്നിയ ആളാണ് ബിൽ ക്ലീന്റൺ. എങ്ങനെയദ്ദേഹം പിടിച്ചുനിന്നു എന്ന് അദ്ദേഹം പോലും അത്ഭുതപ്പെടുന്നുണ്ടാവും.  അത്ര അകലെയൊന്നും പോകേണ്ട, നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായല്ലോ കയ്യും കലാശവും കാട്ടലും കസാല തെറിക്കലും.
നീലലോഹിതദാസൻ നാടാരെ ആരും മറ്ന്നിട്ടുണ്ടാവില്ല.  അദ്ദേഹം ഹിന്ദിയിൽ ഡോറ്ററേറ്റ് ഉള്ള ആളാണ്.  ഹേമവത് നന്ദൻ ബഹുഗുണയുടെ ചെറുഗുണയായി കേരളത്തിൽ വേരു പിടിച്ച ആളാണ്.  എം എൻ ഗോവിന്ദൻ നായരെ തോല്പിച്ച ആളാണ്.  നാടാർ കാർഡ് ഫലപ്രദമായി കളിച്ചവരിൽ നേശമണിക്കുശേഷം ആദ്യമായി പറയുക നീലലോഹിതദാസൻ നാടാരുടെ പേരായിരിക്കും.  സിരകളിൽ നീലരക്തം ഉണ്ടെന്നു തെളിയിക്കാൻ വെമ്പിയിരുന്ന അദ്ദേഹം പക്ഷേ സെക്രട്ടറിയെ കേറി പിടിക്കാൻ പോയെന്നോ മറ്റോ കേസുണ്ടായി.  മന്ത്രിപ്പണി പോയി.
പി ജെ ജോസഫ് ഇന്നും സമ്മതിക്കില്ല, അദ്ദേഹത്തിന്റെ കൈ വിമാനത്തിൽ മുന്നിലിരുന്ന സ്ത്ര്രീയുടെ ദേഹത്ത് മുട്ടിയെന്നും, അദ്ദേഹം തന്നെ മുങ്കൈ എടുത്ത് മുട്ടിച്ചതാണെന്നും. കുറച്ചിട പിടിച്ചുനിന്നു, വിമാനം പറന്നുയരുന്ന കോണും യാത്രക്കരൻ കൈ പൊക്കുമ്പോഴത്തെ കോണും മറ്റും വായുവിൽ വരച്ചുനോക്കി അപകടം വന്നിരിക്കാനുള്ള സാധ്യത വിവരിച്ചുകൊണ്ട്.  ഒടുവിൽ അതൊന്നും വിലപ്പോവാതെ വന്നപ്പോൾ മന്ത്രിപ്പണി പോയി.  പിന്നെ കാലഗതിയിൽ ജോസഫിന് സദാചാരത്തിന്റെ സാക്ഷ്യപ്ത്രം എങ്ങനെയോ കൈവന്നു.  അധികാരം വീണ്ടും തരപ്പെട്ടു.
ഗണേശനോ ജോസഫോ അല്ല പെൺകാര്യത്തിൽ കുടുങ്ങി കഴ്റ്റപ്പെടുന്ന ആദ്യത്തെ കേരളകോൺഗ്രസ്സുകാർ.  കേരള കോൺഗ്രസ് ഉണ്ടായതു തന്നെ പെണ്വിഷയത്തിൽനിന്നാണെന്നു പറയാം.  തന്റെ കാലശേഷം അങ്ങനെയൊരു കർഷക-ക്രൈസ്തവ-തിരുവിതാംകൂറീയകക്ഷി ഉണ്ടാകാൻ ഇടവരുത്തിയ പി ടി ചാക്കോ എന്തുകൊണ്ടും അമ്പതുകളിൽ നിറഞ്ഞുനിന്ന ആളായിരുന്നു.  പീച്ചിക്കു പോകുമ്പോൾ അദ്ദേഹത്തിന്റെ വണ്ടി ഒരു കാളവണ്ടിയിൽ മുട്ടിയത് തീരെ ചിന്ന വിഷയമായിരുന്നു.  കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന വാർത്ത ആ മുട്ടൽ ഒരു മുട്ടൻ സംഭവമാക്കി മാറ്റി. കോൺഗ്രസ്സിലെ ഉൾപ്പോർ ചാക്കോവിനെ അതിന്റെ രക്തസാക്ഷിയാക്കി.  അദ്ദേഹത്തിന്റെ പേരു പറഞ്ഞ്, “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ”  എന്നു പറഞ്ഞ് കെ എം ജോർജ്ജും കെ എം മാണിയും ആർ ബാലകൃഷ്ണ പിള്ളയും മറ്റും രംഗത്തെത്തി.  ഇപ്പോൾ ബാലകൃഷ്ണപിള്ളയുടെ മകൻ അങ്ങനെ ഒരു വിഷയത്തിൽ പെട്ടിരിക്കുന്നു.  പിള്ളക്കു കൂസലില്ല.  തന്നെ ജനിപ്പിച്ചതും താൻ തന്നെ ആണെന്നു ഗണേശൻ പറഞ്ഞാൽ പോലും വിരോധമില്ലെന്നാണ് പിള്ളയുടെ സംസാരം.  “കനകം. മൂലം കാമിനി മൂലം കലഹം” എന്നു പറഞ്ഞ് ഗണേശാനു നേരേ വിരൽ ചൂണ്ടുന്നവർക്ക് അഛന്റെ നേരേയും ഓട്ടക്കണ്ണിട്ടുനോക്കാം.  അപ്പോൾ പക്ഷേ “കനക്ം മൂലം” എന്ന പ്രയോഗത്തിനായിരിക്കും പ്രസക്തി എന്നു മാത്രം.

ബോധത്തിന്റെ അതിരുകളിൽ തീരുമാനം


ബോധത്തിന്റെ അതിരുകളിൽ തീരുമാനംജഗതിയുടെ വീട്ടിൽ ഞങ്ങൾ ഉച്ചക്ക് ഉണ്ണാൻ പോകാനിരുന്ന ദിവസമായിരുന്നു എല്ലാവരെയും അന്ധാളിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മകന്റെയും ഒരു പെൺകുട്ടിയുടെയും വരവ്.  പിന്നീട് ഏറെ പ്രശസ്തനാകാനിരുന്ന പ്രതിഭാശാലിയായ നടൻ ജഗതി ശ്രീകുമാറിനെ അതിനു ശേഷം ഞാൻ നേരിൽ കണ്ടിട്ടില്ല.  ശ്രീകുമാറുമായുള്ള എന്റെ പരിചയം ജഗതി എൻ കെ ആചാരിയുമായുള്ള സംഭാഷണങ്ങളിൽ ഒതുങ്ങി.  അഛൻ എനിക്കു തരാൻ വെച്ചിരുന്ന ഉച്ചയൂണ് മകന്റെ നിനച്ചിരിയാതെയുണ്ടായ വരവു കാരണം മാറ്റിവെച്ചുപോയതിന്റെ കുണ്ഠിതം ഇന്നും അനുഭവപ്പെടുന്നു.  ഒന്നിലേറെ കൊല്ലമായി അപകടത്തിന്റെ ആഘാതവുമായി കഴിയുന്ന ഹാസ്യനടന്റെ ദൈന്യം വേദനയിൽ കവിഞ്ഞ എന്തോ ആയി എന്നെ ബാധിച്ചിരിക്കുന്നതായറിയാം.   

ചിരിപ്പിക്കുന്നവരുടെ സ്വകാര്യവേദന നമുക്കറിയാത്ത ഏതോ വിചിത്രശക്തിയുടെ വികൃതി ആയിരിക്കാം.  സഞ്ജയന്റെ ജീവിതത്തിൽ ചിരിയേ ഉണ്ടായിരുന്നില്ല.  പക്ഷേ ഹാസ്യാഞ്ജലിയിലൂടെയും ഹാസ്യപ്രകാശത്തിലൂടെയും അദ്ദേഹം ഘനമുള്ള ചിരി പൊട്ടിപ്പടർത്തി.  മേരാ നാം ജോക്കർ എന്ന ചിത്രത്തിലെ കരയുന്ന കോമാളിയെ ഓർമ്മയില്ലേ?  അമ്മ മരിച്ച വാർത്ത കേട്ട് കരഞ്ഞുകാട്ടിയപ്പോഴും ആ കോമാളിയെക്കണ്ട് കാണികൾ പൊട്ടിച്ചിരിക്കുകയായിരുന്നു.  ചിരിയും കരച്ചിലും ഇണ ചേരുന്ന അത്തരം രംഗങ്ങൾ എത്രയോ ഓർത്തെടുക്കാം.  ജഗതിയുടെ സ്ഥിതി തന്നെ നോക്കൂ.

ജഗതിയെ പത്രസമ്മേളനത്തിനെത്തിച്ചപ്പോൾ, ഒരു തിരിച്ചുവരവിന്റെ ആവേശവും അതിലടങ്ങിയിട്ടുള്ള ഭാഗ്യത്തിനു നന്ദിയും അദ്ദേഹം എങ്ങനെ പ്രകാശിപ്പിക്കുമെന്നറിയാനായിരുന്നു എനിക്കു കൌതുകം.  ശരീരത്തെയും മസ്തിഷ്ക്കത്തെയും ചികിത്സിക്കുന്ന ഡോക്റ്റർമാർ എന്തു പറയുന്നു?  ഔഷധവും പരിചരണവും ആത്മബലവും ഭാഗ്യവും കൂടിയാൽ എന്തൊക്കെ സാധ്യമാകുന്നു?  അതറിയാൻ നോക്കിയിരുന്ന ഞാൻ വിഷണ്ണനായി.  അദ്ദേഹം ഒന്നും പറഞ്ഞില്ല.  ഡോക്റ്റർമാർ ആരും ഉണ്ടായിരുന്നില്ല.  സത്യം ഊഹങ്ങളായും ഉപോഹങ്ങളായും അരിച്ചു നടന്നു.  ഇപ്പോഴിതാ അദ്ദേഹത്തിനു സംഭവിച്ച ആഘാതത്തിനു നഷ്ടപരിഹാരം നൽകാൻ വണ്ടിയുടെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ കേസ് വരുന്നു.  അതിന്റെ അർഥവും സംബന്ധവും അറിയാനും അപഗ്രഥിക്കാനും ജഗതിക്ക് കഴിയുന്നുണ്ടോ ആവോ?

ജഗതിയെക്കാൾ കൂടുതൽ എനിക്ക് അടുത്തിടപഴകാൻ ഇടയായ ഒരാളായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്ഥാപക-ചെയർമാൻ രാം നാഥ് ഗോയെങ്ക.  ആർ എൻ ജി എന്നു ഞങ്ങൾ വിളിച്ചിരുന്ന, അധികാരികളുമായി റമ്മി കളിക്കാനും അവരെ തോല്പിക്കാനും ഇഷ്ടപ്പെട്ടിരുന്ന പത്രപ്രഭു ഒരിക്കൽ എനിക്കു പരിചയമില്ലാത്ത ജോലി ഏല്പിച്ച് എന്നിലുള്ള അകാരണമായ വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.  ആ പരിചയഘട്ടത്തിനിടയിൽ ഞങ്ങൾ ഒരു കൊച്ചുകാറിൽ കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയി.  അത്രയും നീണ്ട റോഡ് യാത്ര അദ്ദേഹം പിന്നീട് നടത്തിയിട്ടില്ല.  ഞങ്ങൾ ഒരുമിച്ചുള്ള ആ യാത്ര കഴിഞ്ഞ് ചെന്നെയിൽ എത്തിയ ഉടനേ അദ്ദേഹത്തിന് മാറാത്ത മസ്തിഷ്ക്കാഘാതമുണ്ടായി. ബംഗളൂരിൽ അദ്ദേഹം വിശ്രമിക്കുന്ന കാലത്ത് ഞാൻ കാണാൻ ചെന്നു.  എന്നെ തിരിച്ചറിയുന്നില്ലെന്ന് കുഴഞ്ഞ കുഴങ്ങിയ നോട്ടവും കണ്ടപ്പോൾ മനസ്സിലായി.  പക്ഷേ അക്കിടി പറ്റുമ്പോഴും തടി കേടാതെ എണീക്കാനുള്ള കഴിവാണല്ലോ ആർ എൻ ജിയെപ്പോലുള്ളവരെ അവരാക്കുന്നത്.  എന്തൊക്കെയോ പറഞ്ഞ് എന്നെ മനസ്സിലായില്ലെന്ന കാര്യം അദ്ദേഹം അതിവിദഗ്ധമായി മറച്ചുവെച്ചു.  

ആ വൈദഗ്ധ്യത്തെ അഭിനന്ദിക്കുമ്പോൾത്തന്നെ, അതുൾക്കൊള്ളുന്ന മൌലികമായ സത്യസന്ധതയില്ലായ്മയെപ്പറ്റിയും ഞാൻ ഓർത്തു.  എന്നെ സംബന്ധിച്ചിടത്തോളം--അത് എല്ലാവർക്കും ബാധകമാകുമെന്ന് ഞാൻ കരുതുന്നു--നമ്മിലെ സത്യസന്ധത ബലി കഴിപ്പിക്കാൻ ഇടയാക്കുന്ന സംഭവവും സന്ദർഭവുമാണ് ജീവിതത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യം.  കളവു പറയാനും കാണിക്കാനും എന്നെ നിർബ്ബന്ധിക്കുന്ന ആരും എന്തും എന്നും എന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.  ലാഭം അടിക്കാനോ  മേനി നടിക്കാനോ ഒക്കെയായി നാം കാണിച്ചുപോകുന്ന കളവിന്റെ അളവ് നോക്കൂ!  ബെർണാർഡ് ഷാ ഒരിക്കൽ അതു തിട്ടപ്പെടുത്താൻ നോക്കിയിട്ടു പറഞ്ഞു, ജീവിതത്തിൽ നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നുണയുടെ ബത്ത നന്നേ കുറവത്രേ.  

എന്നെ അറിയാതെ അറിയുമെന്നു നടിച്ച ആർ എൻ ജിയുടെ യാതന നോക്കൂ. ഒന്നാമതായി, കുറച്ചുകാലമാണെങ്കിലും നന്നായി പരിചയപ്പെട്ട ഒരാളെ പെട്ടെന്ന് തിരിച്ചറിയാൻ വയ്യാതാകുക.  രണ്ടാമതായി, തിരിച്ചറിയുന്നില്ലെങ്കിലും തിരിച്ചറിയുന്നതായി ഭാവിക്കേണ്ട ദുർഗ്ഗതി വരുക.  രണ്ടും അസഹ്യമാകുന്നു.  പക്ഷേ അധികാരദുർഗ്ഗങ്ങളെ വിറപ്പിക്കുകയും, ആവശ്യം വരുമ്പോൾ അവയെ ചങ്ങാത്തംകൊണ്ടു പൊതിയുകയും ചെയ്ത ആർ എൻ ജിക്കുമുന്നിൽ പിന്നെയും അസഹ്യതകളുണ്ടായിരുന്നു.  അദ്ദേഹത്തിനു പ്രിയപ്പെട്ട പത്രാധിപൻ അരുൺ ശൌരിയെ ഒരു ദിവസം പുറത്താക്കി.  വിവരം അന്വേഷിക്കാൻ ശൌരി വിളിച്ചപ്പോൾ, അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലല്ലോ എന്നായി ആർ എൻ ജി.  

മുംബയിൽ ചികിത്സയും വിശ്രമവുമായി കഴിഞ്ഞിരുന്ന ചെയർമാനെ നേരിൽ കണ്ടു സംസാരിക്കാൻ എത്തിയ ശൌരിയോട് അദ്ദേഹം ഒന്നും സംഭവിക്കാത്ത മട്ടിൽ സംസാരിച്ചു.  എല്ലാം പഴയ പോലെ നടക്കട്ടെ എന്നായിരുന്നു ശൌരി മനസ്സിലാക്കിയ സന്ദേശം.  ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ, പത്രാധിപർക്ക് ആർ എൻ ജിയുടെ പേരിൽ വേറൊരു സന്ദേശം കിട്ടി:  പത്രാധിപൻ സ്ഥാനം ഒഴിയുക.  സന്ദേശം  ആരയച്ചതായാലും പിന്നെ ഒഴിയുകയേ ശൌരിക്ക് നിർവാഹമുണ്ടായിരുന്നുള്ളു.  അധികാരവുമായി ഏറെക്കാലം സൽഗുഡു കളിച്ച രാം നാഥ് ഗോയെങ്കക്ക്, ബോധത്തിന്റെ അതിരുകളിൽ എത്തുമ്പോൾ ഇങ്ങനെയാവാമെങ്കിൽ, താൻ അറിഞ്ഞുകൊണ്ടെടുത്തതാവണമെന്നില്ലാത്ത തീരുമാനത്തിന്റെ ഉടമസ്ഥത ചുമക്കേണ്ടിവരാമെങ്കിൽ, ആർക്കും വരാവുന്നതേയുള്ളു പരമമായ ആ ദൈന്യം, ആശാന്റെ ഭാഷയിൽ, അതിനിന്ദ്യമീ നരത്വം.  

ബോധത്തിന്റെ അതിരുകളിൽ എത്തിപ്പെടുന്നവർ അറിഞ്ഞോ അറിയാതെയോ എന്തെല്ലാം കാട്ടിക്കൂട്ടുന്നു?  അധികാരം മുഴുവൻ തന്നിൽ സമാഹരിച്ചിരുന്ന എം ജി രാമചന്ദ്രൻ അവസാനവാരങ്ങളിൽ അനുവർത്തിച്ചതെല്ലാം സ്വബോധത്തോടുകൂടിയായിരുന്നോ?  അദ്ദേഹത്തിന്റെ പേരിൽ അദ്ദേഹം അറിയാത്ത കാര്യങ്ങൾ ചെയ്യപ്പെട്ടു എന്നു പറയുമ്പോൾ, കൂടുത ഭവ്യതയോടുകൂടി ലൂയി മക് നീസ് പറഞ്ഞ വരികൾ ഓർമ്മ വരുന്നു:  ഈ ലോകം എന്റെ മകന്റെ കൈകൾകൊണ്ടു ചെയ്യുന്ന പാപങ്ങൾക്ക് അവനു മാപ്പു കൊടുക്കുക.  അങ്ങനെ മാപ്പൂനും വേണ്ടി വരില്ല എം ജി ആറിന്.  അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനങ്ങൾ പ്രിയംകരിയായ ജയലളിത വഴി വന്നിരുന്നെങ്കിൽ, തമിഴ്രാഷ്ട്രീയം മാറി മറയുമായിരുന്നില്ലേ?

ഞാൻ ബംഗളൂരിൽ ജോലി ചെയ്യുമ്പോൾ, അടുത്തുള്ള രാമനഗരത്തിൽ പതിവുപോലെ അല്പം കലപില ഉണ്ടായി.  അത് അടിച്ചൊതുക്കേണ്ട മുഖ്യമന്ത്രി വീരേന്ദ്ര പാട്ടിൽ അസുഖം ബാധിച്ച് കിടപ്പായിരുന്നു.  മസ്തിഷ്ക്കാഘാതം തന്നെ കാരണം.  സമാധാനം
പുനസ്ഥാപിക്കേണ്ട ആൾ തന്നെ സമാധാനം കെട്ട് ആസ്പത്രിയിലായലോ?  നേരേ വാ, നേരേ പോ എന്നു മാത്രം ആലോചിക്കാനറിയുമായിരുന്ന രാജീവ് ഗാന്ധി നിർദ്ദേശിച്ചു, മുഖ്യമന്ത്രിയെ മാറ്റുക.  ആസ്പത്രിക്കിടക്കയിൽനിന്ന് പാട്ടിലിന്റെ അഭ്യർഥനയായി, എന്നെ മാറ്റരുതേ.  എന്നുവെച്ചാൽ, ആഘാതമേറ്റ മസ്തിഷ്ക്കവുമായി, ഭരണം നിർവഹിക്കാൻ എനിക്ക് ഇനിയും അവസരം തരുക.  രണ്ടും കല്പിച്ച് രാജീവ് ഗാന്ധി അധികാരത്തിൽ പുതിയൊരു അവതാരത്തെ കൊണ്ടുവന്നു.  ആദ്യത്തെ ഒന്നു രണ്ടുമാസമൊഴിച്ചാൽ, എന്നും രാജീവിനെ എതിർത്തുപോന്നിട്ടുള്ള എന്റെ പത്രം മുഖപ്രസംഗം എഴുതി, കലാപത്തിന്റെ കാലത്ത് ആരോഗ്യമുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാൻ അദ്ദേഹം കാട്ടിയ ഔദ്ധത്യത്തെ അപലപിച്ചുകൊണ്ട്.

രാഷ്ട്രത്തലവന്മാർ പലരും അധികാരത്തിന്റെ അവസാനദിവസങ്ങളിൽ ബോധത്തിന്റെ അതിരുകളിൽ ഉഴലുകയായിരുന്നെന്നു കേട്ടിട്ടുണ്ട്.  അനഭിമതരെ വക വരുത്തുന്നതിൽ അത്ഭുതാവഹമായ റിക്കോർഡ് ഉണ്ടാക്കിയ സ്റ്റാലിൻ അവാസാനം വിചിത്രമായ പെരുമാറ്റം കാണിച്ചിരുന്നുവത്രേ.  ഇന്ത്യയുടെ രാഷ്ട്രപതി അധികാരം പ്രയോഗിക്കാൻ പ്രാപതനല്ല.  എന്നാലും ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അസുഖത്തെപറ്റി അടക്കിപ്പിടിച്ച സംസാരം കേട്ടിരുന്നു.  അധികാരം കേന്ദ്രീകരിച്ചെടുത്ത അമേരിക്കൻ പ്രസിഡന്റ് അസ്വസ്ഥനായാലോ?  കാൽവിൻ കൂളിഡ്ജ്  കാര്യമാത്രപ്രസക്തത്വംകൊണ്ടു മാത്രമല്ല, മനോരോഗംകൊണ്ടും പ്രശാസ്തനായി.  അദ്ദേഹത്തിന്റെ ഒരു മകൻ അപകടത്തില്പെട്ടു മരിച്ചതിനുശേഷം അദ്ദേഹത്തിനു സ്വബോധം തിരിച്ചുകിട്ടുകയുണ്ടായില്ല.  ബോധത്തിന്റെ അതിരുകൾക്കപ്പുറം പോകുന്ന ഒരാളെ മാറ്റുകയാണ് യുക്തി.  പക്ഷേ അങ്ങനെയുള്ള ഒരാളെ മുന്നിൽ കിടത്തി പകിട കളിക്കുന്നതിലാവും അദ്ദേഹത്തിന്റെ പിന്നിലുള്ളവർക്ക് ആസക്തി.  ഉത്തരവദിത്വമില്ലാത്ത അധികാരത്തോളം ഹരം പിടിപ്പിക്കുന്നതായി വേറെ എന്തുള്ളു?

മാറുന്ന കൂറും കുറ്റവുംമാറുന്ന കൂറും കുറ്റവും

കുറ്റമെന്താണെന്നറിയില്ല. ന്യായാധിപൻ ആരാണെന്നറിയില്ല.  വിചാരണ നടക്കുന്നു, ശിക്ഷ വരാനിരിക്കുന്നു, തന്റെ ഭാഗം പറയാൻ ഒരു വഴിയും കാണാതെ പ്രതി കഷണിക്കുന്നു.  ആ നിസ്സഹായതയാണ് കാഫ്കയുടെ ജോസഫ് കെ എന്ന കഥാപാത്രം അനുഭവിക്കുന്നതെങ്കിൽ, നമ്മുടെ നാട്ടിലും കാലത്തും കുഴങ്ങുന്നത് ന്യായാധിപരും പൊലിസുകാരുമാകുന്നു.  പല്ലിളിക്കുന്ന പ്രതികളുടെ മുന്നിൽ നാണം കെട്ടുനിൽക്കേണ്ടതാണ് പൊലിസുകാരുടെ ഗതികേട്.
ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ, പ്രതികൾക്കനുകൂലമാകും വിധം കൂറു മാറാത്തവരായി ഏതു സാക്ഷിയുണ്ടാകും എന്നേ ഇനി അന്വ്വേഷിക്കേണ്ടതുള്ളു.  തങ്ങൾ പഴുതെല്ലാം അടച്ച് ഹാജരാക്കിയിരുന്ന സാക്ഷികൾ കൂട്ടത്തോടെ കൂറു മാറുമ്പോൾ, ആർക്കെന്തു ചെയ്യാൻ കഴിയും എന്നതായിരിക്കും പൊലിസിന്റെ ഇപ്പോഴത്തെ മനോഗതം.  ഒരു സാക്ഷിയുടെ മൊഴി അവിശ്വാസ്യമാണെന്ന നിഗമനത്തിൽ ന്യായാധിപന് എത്തിച്ചേരാം, വസ്തുനിഷ്ഠമായി സാഹചര്യവും രേഖയും വിലയിരുത്തിയിട്ട്.  പക്ഷേ ഔപചാരികമായി അവതരിപ്പിക്കപ്പെട്ട സാക്ഷിമൊഴിയെല്ലാം പാഴായിരുന്നുവെന്ന് സാക്ഷികൾ തന്നെ രണ്ടാം വട്ടം ആണയിട്ടു പറഞ്ഞാൽ ന്യായാധിപൻ എന്തു ചെയ്യും?  സാക്ഷി കൂറു മാറിയെന്ന സ്വയം പ്രഖ്യാപനത്തെ തള്ളി, ആദ്യത്തെ മൊഴിയുടെ പിൻബലത്തിൽ തന്നെ വിധി എഴുതാമോ?  അതും ഇത്രയേറെ സാക്ഷികൾ ഒന്നിനു പുറകേ ഒന്നായി തട്ടകം മാറ്റി ചവിട്ടുമ്പോൾ.  നിയമത്തിന്റെ സങ്കീർണതയും നിസ്സഹായതയും വെളിപ്പെടുത്തുന്ന ആ പ്രശ്നം ദുരന്ധരന്മാർ ചർച്ച ചെയ്യട്ടെ.
പൊലിസിന്റെ ഇതുപോലൊരു മാനസിക പാപ്പരത്തം അടുത്തൊന്നും കണ്ടിട്ടില്ല.  പൊലിസ് ദത്തെടുക്കുകയോ വാർത്തെടുക്കുകയോ ചെയ്യുന്ന സാക്ഷികൾ ഇല്ലാത്തവരല്ല.  കൂടിയേ കഴിയൂ എന്നു വരുമ്പോൾ ഒന്നോ രണ്ടോ സാക്ഷികളെ മാപ്പിനായോ മാപ്പില്ലാതെയോ പൊലിസ് തന്നെ സ്ര്‌ഷ്ടിച്ചെടുക്കാറുണ്ട് എന്ന് എല്ലാർക്കും അറിയാം.  അവരുണ്ടായിട്ടോ അവരെക്കാരണമോ പല പൊലിസ് കേസുകളും പൊളിഞ്ഞെന്നു വരാം.  എല്ലാവർക്കും ഏറെക്കുറെ ഉറപ്പായ കുറ്റത്തിന് ശിക്ഷിക്കപ്പെടാതെ, സംശയത്തിന്റെ ആനുകൂല്യത്തോടെ പ്രതികൾ തലയൂരിപ്പോരുന്ന സന്ദർഭങ്ങൾ നന്നേ കുറവല്ല.  അത് പൊലിസിന്റെ പരാജയമാണെന്നു തൂർത്തും പറഞ്ഞു കൂടാ.  നാം അനുവർത്തിക്കുന്ന നിയമക്രമം അനുസരിച്ച്, ആയിരം കുറ്റവാളി തലയൂരിപ്പോയാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ.  ആർക്കും എതിർപ്പുണ്ടാകാൻ ഇടയില്ലാത്തതാണ് ആ പ്രമാണം.  അതിൽനിന്ന് നേരേ ഉരുത്തിരിയുന്നതാണ് സംശയത്തിന്റെ നിഴൽ പോലുമേശാതെ തെളിയിക്കപ്പെടുന്ന കുറ്റത്തിനേ ശിക്ഷ പാടുള്ളു എന്ന ആചാരം.  സ്ഥലത്തിന്റെയും കാലത്തിന്റെയും അംഗീകാരം നേടിയ ആ ആചാരം സർവ്വസമ്മതം തന്നെ.
അതുകൊണ്ട് തെളിവിന്റെ അവ്യക്തതയോ അപര്യാപ്തതയോ ചൂണ്ടിക്കാട്ടി, സംശയത്തിന്റെ പുകയോ മറയോ കെട്ടിപ്പൊക്കി, കുറ്റവാളിയെ രക്ഷിച്ചെടുക്കുന്നതായിരിക്കുന്നു പ്രതിഭാഗം വക്കീലിന്റെ സ്വയംസമർപ്പിതമായ ദൌത്യം.  അവരിൽ കേമന്മാർ നിയമത്തിന്റെ പഴുതുകളെ അതിവിദഗ്ധമായി ഉപയോഗിച്ച് കുറ്റത്തെ ഫലത്തിൽ പവിത്രീകരിക്കുകയും പണമുണ്ടാക്കുകയും ചെയ്യുന്നു.  കുറ്റത്തെപ്പറ്റി സംശയം അസാരവും ഇല്ലാതായാലേ ശിക്ഷ പാടുള്ളുവെന്ന സാഹചര്യത്തിൽ അതങ്ങനെയാവാതെ തരമില്ല.  എനിക്കറിയാമായിരുന്ന ജി രാമസ്വാമി എന്ന പ്രഗൽഭനായിരുന്ന വക്കീലിനെപ്പറ്റി അദ്ദേഹം തന്നെയോ അദ്ദേഹത്തിന്റെ അനുജ്ഞയോടെയോ പറഞ്ഞുപരത്തിയിരുന്ന ഒരു ഫലിതമുണ്ട്.  വക്കീലിന്റെ കർത്തവ്യത്തിന്റെ ജി ആർ നിർവചനമാണതെന്നു പറയാം.  കേസു ജയിക്കൽ തന്നെ കർത്തവ്യം.  അതിനുള്ള വഴിയോ?  ആദ്യം കേസും നിയമവും പഠിച്ചു നിരത്തി തന്റെ ഭാഗം ന്യായാധിപനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക.  ന്യായാധിപനു തന്റെ ഭാഗം ബോധ്യപ്പെടുന്നില്ലെങ്കിൽ, ന്യാധിപനെ ചിന്താക്കുഴപ്പത്തിലാക്കുക, തീരുമാനം അസാധ്യമാക്കുക, സംശയത്തിന്റെ നിഴൽ കോടതിയിലെങ്ങും പരത്തുക.  ഈ രണ്ടു വഴിയും പറ്റാതെ വരുമ്പോൾ, തന്റെ ഭാഗം ന്യായാധിപൻ തള്ളാൻ പോകുന്നുവെന്നു വരുമ്പോൾ, ചെയ്യാവുന്നതായി ഒരേ കാര്യമേയുള്ളു.  ന്യാ‍യാധിപനെ വിലക്കെടുക്കുക.  അതും ചിലപ്പോൾ ഫലിക്കും.  പക്ഷേ ആ ഒടുവിലത്തെ കുറ്റം ഫലിതമായി തന്റെ പേരിൽ കെട്ടിവെക്കുന്നതാണെന്ന് ജി ആർ കള്ളച്ചിരിയോടെ തട്ടിവിടും.  ഇംഗ്ലിഷിൽ ആ തന്ത്രത്തെ മൂന്ന് സി എന്ന അക്ഷരങ്ങളുടെ സമുച്ചയമായാണ് അറിയുക.  Convince the judge.  Confuse the judge.  Corrupt the judge.
തീരുമാനം എടുക്കാൻ അമാന്തിക്കുന്നതാണെങ്കിലും, അത്തരം വൈതരണികളെയെല്ലാം മറികടന്ന്, ഏറെക്കുറെ ബലിഷ്ഠമായി നിലകൊള്ളുന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥ.  നിരപരാധികൾ ശിക്ഷിക്കപ്പെടാറില്ല.  തെളിവില്ലാത്തതുകൊണ്ടോ സംശയം തീരാത്തതുകൊണ്ടോ അപരാധികൾ രക്ഷപ്പെടുമ്പോഴും വ്യ്‌വസ്ഥിതി അട്ടിമറിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ല.  പൊലിസിനോ വക്കീലിനോ പരാജയബോധമോ കോടതിക്ക് നിസ്സഹായതയോ തോന്നേ ണ്ട കാര്യമില്ല.  പക്ഷേ പഴുതുകളെല്ലാം അടച്ചെന്നു കരുതി, പൊലിസ് ഏറെ പണിപ്പെട്ട് അവതരിപ്പിക്കുന്ന സക്ഷികൾ ഒന്നടങ്കം കൂറുമാറുമ്പോൾ ഉഉണ്ടാകുന്ന മലീമസത പരമമാകുന്നു.  അന്വേഷണത്തിന്റെ സാധ്യതയും സത്യസന്ധതയും കേട്ടുമടുത്ത തമാശപോലെയായിപ്പോകുന്നു.  ഈ സ്ഥിതിവിശേഷം എങ്ങനെ നേരിട്ട് തടയാമെന്ന് നിയ്മജ്ഞരും പൊലിസും ഒരുമിച്ചിരുന്ന് ആലോചിക്കേണ്ടതാണ്.
അതിനോളം, അതിനെക്കാളും, ആപൽക്കരമാണ് ആ പ്രവണത ഉയർത്തുന്ന രാഷ്ട്രീയപോക്കിരിത്തം.  ഒരു കാലത്ത് സി പി എമ്മിൽ ആയിരുന്ന ടി പി ചന്ദ്രശേഖരന്റെ കൊലക്കു പിന്നിൽ അദ്ദേഹത്തെ വർഗ്ഗവഞ്ചകനും ശത്രുവുമായി കരുതിയിരുന്ന സി പി എം തന്നെയണെന്നായിരുന്നു ശ്രുതി.  അതിനെ പിന്തുണക്കുന്നതായിരുന്നു അന്വേഷണത്തിൽ കണ്ടടെത്തതും കോടതിയിൽ അവതരിപ്പിക്കപ്പെട്ടതുമായ തെളിവും സാക്ഷികളും.  സാക്ഷികൾ കൂറുമാറുകയും സി പി എമ്മുമായി ടി പി വധത്തെ ബന്ധപ്പെടുത്തുന്ന കേസ് പൊളിയുകയും ചെയ്താൽ, മെച്ചം സി പി എമ്മിനുതന്നെ.  ആ വധത്തിന്റെ പേരിൽ പാർട്ടിയിലെ രണ്ടു ചേരികൾ തമ്മിൽ ഭിന്നതയുണ്ടെന്ന കാര്യവും എടുത്തു പറയണം.
സാക്ഷികളെ കൂറു മാറ്റിയതിനു പിന്നിൽ സി പി എം ആണെന്ന് ഇതുവരെ ആരും ഉറക്കെയോ, ഔപചാരികമായോ പറഞ്ഞിട്ടില്ല.  കോടതിയിൽ കേസ് നടക്കുകയല്ലേ, തൊള്ളയിൽ തോന്നിയത് വിളിച്ചു പറയാമോ?  എന്നാലും ഇങ്ങനെ ജനക്കൂട്ടം അഭിപ്രായം മാറ്റുന്നതുപോലെ സാക്ഷികൾ ഒന്നിനുപുറകേ അന്നായി കൂറു മാറി, സി പി എം നേതൃത്വത്തിനു രക്ഷപ്പെടാവുന്ന സാഹചര്യം സൃഷ്ടിക്കണമെങ്കിൽ, നേതൃത്വത്തിന്റെ കൂടി ഒത്താശയോ അനുഗ്രഹമോ ഇല്ലാതെ വരുമോ? പേടിപ്പെടുത്തുന്നതാണ് ആ ചോദ്യം.
പേടിപ്പെടുത്തുന്ന ആ ചോദ്യത്തെ രണ്ടു തരത്തിൽ കാണാം.  പാർട്ടി വിട്ടുപോയ ചന്ദ്രശേഖരൻ വേറൊരു പാർട്ടി രൂപീകരിച്ചതിൽ അസഹിഷ്ണുവായ പാർട്ടി വളഞ്ഞ വഴിക്കോ നേരിട്ടോ അദ്ദേഹത്തെ കൊല്ലാൻ ഏർപ്പാടു ചെയ്തു എന്ന സംശയത്തിൽ ഉൾച്ചേർന്നിരിക്കുന്നത് തനിക്കെതിരായവരെ തട്ടിക്കളയും എന്ന ഫാസിസ്റ്റ് ഭീഷണിയാണ്.  കമ്യൂണിസ്റ്റ് പിതൃഭൂമിയിലെ പല രാജ്യങ്ങളിലും നടപ്പാക്കിയിരുന്നതാണ് ആ ഭീഷണി.  സ്റ്റാലിൻ അവർക്കു നൽകിയ ഉത്തേജനം ചരിത്രത്തെ കിടിലം കൊള്ളിക്കുന്നതാണ് ഇന്നും.
അതിനോടു ചേർത്തു വായിക്കണം ആ ചോദ്യത്തിന്റെ രണ്ടാമത്തെ വശത്തെ.  ഉത്തരവാദിത്വമുള്ള, ജനാധിപത്യബോധമുള്ള, കയ്യാങ്കളികൊണ്ട് അധികാരം പറിച്ചുവാങ്ങുകയോ പങ്കിടുകയോ ചെയ്യേണ്ട എന്നു തീരുമാനിച്ചിട്ടുള്ള ഒരു പാർട്ടിയും കൊലക്ക് കൂട്ടുനിൽക്കുകയില്ല.  അഥവാ, ആരെങ്കിലും പാർട്ടിയുടെ പേരിൽ കൊല നടത്തിയാൽ, അതിനെ തള്ളിപ്പറയാൻ ആർജ്ജവം കാട്ടുകയും ചെയ്യും.  അങ്ങനെയൊരു പാരമ്പര്യമോ ദൊർബ്ബല്യമോ ഉള്ളതല്ല കേരളത്തിലെ സി പി എം.  പാർട്ടി വിട്ടുപോയ എം വി രാഘവൻ വേട്ടയാടപ്പെട്ടിരുന്ന കാലത്ത്, അദ്ദേഹം വളർത്തിയിരുന്ന മുയലിനെയും മാടിനെയും രാജ്വെമ്പാലയെയും തീയിട്ടു കൊന്ന ജനക്കൂട്ടത്തിന്റെ ചുക്കാൻ സി പി എം പ്രവർത്തകർക്കായിരുന്നുവെന്ന് അന്ന് എല്ലാവരും അറിഞ്ഞിരുന്നു.  അവരെ തള്ളിപ്പറയാൻ സി പി നേതൃത്വം തയ്യാറായില്ല.
ആ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അടിക്കടിയുണ്ടാകുന്ന കൂറുമാറ്റം, പ്രത്യേകിച്ചും അത് സി പി എമ്മിന് അനുകൂലമാകുമ്പോൾ, ഭീതിയും സംശയവും ജനിപ്പിക്കുന്നു.  കേരളത്തിലെ പ്രബലമായ ഒരു കക്ഷി, ജനസ്വാധീനം നേടിയിട്ടുള്ള ഒരു കക്ഷി, നിയമത്തെയും കോടതിയെയും കുറ്റത്തെയും സമീപിക്കുമ്പോൾ, ഇങ്ങനെയൊരു നയവും അഭിനയവും കാഴ്ച വെക്കുമ്പോൾ, വേറെ എന്താണ് തോന്നുക?  ആ പാർട്ടിയെ എങ്ങനെയാണ് നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യുകയെന്ന് അതിലെ ഉത്പതിഷ്ണു വിഭാഗവും മറ്റു രാഷ്ട്രീയവേദികളും അടിയന്തരമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.