Monday, May 6, 2013

ഇതും ഒരു തരം അഷ്ടഗ്രഹസംയോഗം







ഇതും ഒരു തരം അഷ്ടഗ്രഹസംയോഗം


പൊലിസിനെ സംബന്ധിക്കുന്നതാണ് ഈ അഷ്ടഗ്രഹസംയോഗം.  ഒരു പാടു കാര്യങ്ങൾ ഒരുമിച്ചു സംഭവിക്കുന്നതിനെപ്പറ്റിയാണ് ഇവിടത്തെ പരാമർശം.  പൊലിസ് എന്നു കേട്ടതുകൊണ്ട് അടിപിടിയോ വെടീവെപ്പോ തടങ്കൽ മരണമോ ആണെന്നു ധരിക്കരുത്.  നമ്മുടെ പൊലിസുകാർ ചില കാര്യങ്ങളെപ്പറ്റി വിചിത്രമായി, വികൃതമായി ചിന്തിക്കുന്ന സന്ദർഭങ്ങൾ ഒത്തുകൂടിയിരിക്കുന്നുവെന്നേ വിവക്ഷയുള്ളു.

ആദ്യത്തെ സന്ദർഭം ഒരു ഐ ജി എഴുതിയ കവിതയാകട്ടെ.  പൊലിസുകാർ സാധാരണയായി കവിത എഴുതാറില്ല.  പണ്ട് നല്ലമുട്ടം പത്മനാഭപിള്ളയും പിന്നീട് എൻ കൃഷ്ണൻ നായരും കവിത എഴുതിയിരുന്നു.  ഇപ്പോൾ ബി സന്ധ്യയുടെ വകയായും ഉണ്ട് കവിത.  പൊലിസ് കവിത വിധ്വംസകസാഹിത്യമാകാറില്ല.  പക്ഷേ സാഹിത്യത്തിന്റെ, സർഗ്ഗാത്മകതയുടെ, സ്വഭാവത്തിൽത്തന്നെ ഒരു തരം വിധ്വംസകത്വം കാണാം.  പഴയ ശീലിലുള്ള ചിന്തയെയോ പഴയ ചിന്തയുടെ ശൈലിയെയോ തകിടം മറിക്കുന്നതാണ് നവംനവോല്ലേഖമായ ഭാവന.  ഒന്നും തകിടം മറിയാതെ കാവൽ നിൽക്കുകയാണ് പൊലിസിന്റെ ജോലി.  അപ്പോൾ കവിതയും പൊലിസും തമ്മിൽ ഒരു പൊരുത്തക്കേടുണ്ടെന്ന് മൊത്തത്തിൽ പറയാം.

വാക്കിനെയോ ചിന്തയെയോ പൊളിച്ചെഴുതുന്ന വിധമല്ല ഐ ജി ബി സന്ധ്യയുടെ കവിത.  വഴിയിൽ പോകുന്നവരെയെല്ലാം തോണ്ടിക്കുറി വെക്കുന്ന മട്ടിൽ ഏതാനും വരികൾ.  അത്രയേ ഉള്ളു.  ഒരു നാവുണ്ടെന്നു കരുതി, നാലാളെ തെറി പറയാൻ നീയാരാ, പത്രക്കാരനോ?  ഒരു കാലുണ്ടെന്നു കരുതി കാലു വാരാൻ നീ ആരാ, രാഷ്ട്രീയക്കാരനോ?  ഏതാണ്ട് അങ്ങനെ പോകുന്നു സന്ധ്യയുടെ സാമൂഹ്യവിമർശനപരമായ കവിത.  തങ്ങളെ എല്ലാവരും പരിശുദ്ധപശുവായി കാണണം എന്നു കരുതുന്ന മാധ്യമക്കാർ കയർക്കുമെന്നു കരുതി സന്ധ്യക്ക് മിണ്ടാതിരിക്കാമായിരുന്നു.  അവർ അതു ചെയ്തില്ല.  അവരുടെ വാക്കുകൾ സുഖിക്കുന്നവരായി ഏറെ ജനം ഉണ്ടാകുമെന്നു കരുതി മാധ്യമക്കാർക്കും മിണ്ടാതിരിക്കാമായിരുന്നു.  അവരും അതു ചെയ്തില്ല.  സന്ധ്യ മാധ്യമങ്ങളെയും മറ്റുള്ളവരെയും അടച്ചാക്ഷേപിച്ചത്  പൊറുക്കാൻ വയ്യെന്ന തെറ്റെന്ന മട്ടിലാണ് അവരുടെ പോക്ക്.  

മാധ്യമക്കാരുടെ റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ഏറ്റവും മുതിർന്ന പൊലിസ് മേധാവി ബാറ്റൺ വീശിയിരിക്കുന്നുപോലും, സന്ധ്യയുടെ കവിതക്കു നേരേ.  അതു കവിതയല്ലെന്നും കവിത എഴുതേണ്ടത് അങ്ങനെയല്ലെന്നും ചട്ടം അനുസരിക്കാതെ കവിത എഴുതിയതിന് സന്ധ്യ വിശദീകരണം നൽകണമെന്നും ആണത്രേ പൊലിസ് നിലപാട്.  കവിഞ്ഞാൽ സന്ധ്യയെ സ്വകാര്യമായി ഗുണദോഷിക്കാം.  പരസ്യമായി അവരുടെ കവിതക്ക് കടിഞ്ഞാണിടാൻ പോയാൽ പൊലിസ് മേധാവിയായാലും മാധ്യമവീരനായാലും കുഴയും.  മുന്തിയതല്ലാത്ത ഈരടികൾ എഴുതി അവർ ഒഴിവുസമയം പോക്കട്ടെ എന്നു കരുതി ബഹളമുണ്ടാക്കാതെ പോയിരുന്നെങ്കിൽ, സന്ധ്യയുടെ സർഗ്ഗ ഭാവനകൊണ്ട് വലിയ ധ്വംസനം ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ വാസ്തവത്തിൽ ലിബറലിസത്തിനെ ധ്വംസനമാകുന്നത് മീഡിയയുടെയും പൊലിസിന്റെയും കാവമീമംസയാണെന്നു പറയണം.

പണ്ടൊരിക്കൽ മണമ്പൂർ രാജൻ ബാബു പൊലിസിനെ പരിഹസിച്ച് അലിഗറി മട്ടിൽ ഒരു കഥ എഴുതിയപ്പോൾ, ഒറ്റയടിക്ക് അദ്ദേഹത്ത് എം എസ് പിയിലെ ഗുമസ്തജോലിയിൽനിന്ന് പിരിച്ചുവിട്ടു.  വെട്ടൊന്ന്, തലയൊന്ന് എന്ന മട്ടിലായിരുന്നു പ്രയോഗം.  പൊലിസിനെ കഥയെഴുതി കളിയാക്കുന്നവനെ വെച്ചിരുന്നു കൂടാ.  ഒടുവിൽ ബഹളമായി.  സമരമായി.  പ്രസ്താവനപ്രളയമായി.  നിവൃത്തിയില്ലെന്നുവന്നപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന വയലാർ രവി രാജൻ ബാബുവിനെ തിരിച്ചെടുക്കാൻ കല്പനയായി.  അങ്ങനെയൊരു പതനത്തിലേക്ക് സന്ധ്യയുടെ കവിത എത്തുമെന്നു കരുതേണ്ട.  കാരണം രാജൻ ബാബുവല്ല സന്ധ്യ.  പിന്നെ കാലവും കുറെ കഴിഞ്ഞില്ലേ?  പക്ഷേ എല്ലാവരെയും വിമർശിക്കുന്ന മീഡിയക്ക് അതിനെതിരെ വിമർശനം വന്നാൽ, വിശേഷിച്ചും ഒരു ഐ ജിയുടെ കവിതയിലൂടെ കൈക്രിയ ഉണ്ടായാൽ, പൊറുക്കാൻ വയ്യാതാകുന്നു എന്നതാണ് കൌതുകകരം.

രണ്ടാമത്തെ സന്ദർഭം കേരളത്തിൽനിന്ന് തമിഴ് നാടിന് വാർത്ത ചോർത്തിക്കൊടുത്ത് ചോള-പാണ്ഡ്യ സൽക്കാരം ഒപ്പിച്ചെടുക്കുന്ന മാധ്യമക്കാരെപ്പറ്റിയുള്ള പൊലിസ് ഇന്റലിജൻസ് റിപ്പോർട്ടാണ്.  മാധ്യമക്കാർ കേരളത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന അപകീർത്തിക്കെതിരെ മാധ്യമപ്രഭുക്കൾ മുഖ്യമന്ത്രിക്ക് കത്തെഴുതുകപോലും ചെയ്തിരിക്കുന്നു.  അങ്ങനെ തമിഴ് നാടിനു കൊടുത്താൽ കേരളത്തിൽ പൊട്ടിത്തെറിക്കാവുന്ന വാർത്ത എന്തുണ്ട്?  തമിഴ് നാട് എന്താ ശത്രു രാജ്യമാണോ?  വെള്ളം പങ്കിടുന്നതിനെപ്പറ്റിയുള്ള കാര്യങ്ങൾ അത്ര രഹസ്യമായി വെക്കേണ്ടതുണ്ടോ?  ഒരു തുക്കട ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ചോർത്താവുന്നതാണോ ഈ രഹസ്യമെല്ലാം?  എങ്കിൽ, അമ്പോ, എന്തൊരു രഹസ്യമായിരിക്കും അതൊക്കെ? ഒടുവിൽ സംസ്ഥാനത്തിന്റെ താല്പര്യം നോക്കി മാധ്യമങ്ങൾ പ്രവർത്തിക്കുന്നതിനെയോ പ്രവർത്തിക്കാത്തതിനെയോ പറ്റി ഒരു ചോദ്യം?  ആരുടെയും താല്പര്യം നോക്കാതിരിക്കലാണ് മാധ്യമങ്ങളുടെ ധർമ്മം. സത്യം പറയുക മാത്രമേ അവരുടെ ധർമ്മമായിട്ടുള്ളു.  കേരളത്തിന്റേതെന്ന് പൊലിസോ സർക്കാരോ മാധ്യമങ്ങൾ തന്നെയോ കരുതുന്ന താല്പര്യം സത്യത്തിനും ധർമ്മത്തിനും എതിരാണെങ്കിൽ, അതിനെ തള്ളൂക തന്നെ വേണം ആണത്തമുള്ള മാധ്യമങ്ങൾ.  സത്യത്തെ പൊലിസ് താല്പര്യത്തിനനുസരിപ്പിക്കാൻ നോക്കുമ്പോൾ, ഫാസിസം തുടങ്ങുകയായി.  ചിലപ്പോൾ, ഇപ്പോൾ നടക്കുന്നതുപോലെ, മണ്ടത്തരവും ഫാസിസത്തിന്റെ അക്ഷരമാല എഴുന്നള്ളീക്കാം.

ആപത്തിൽ പെടുന്നവർക്ക് സംരക്ഷണം നൽകുകയാണ്  നിയമപാലനത്തിന്റെ ഒരു പ്രധാനവശം.  സി എച് മുഹമ്മദ് കോയ പ്രസിദ്ധമാക്കിയ ശൈലിയിൽ പറഞ്ഞാൽ, ആളുടെ തലയും തെങ്ങിന്റെ കുലയും ഇരിക്കേണ്ടിടത്തിരിക്കുമെന്ന്  പൊലിസ് ഉറപ്പു വരുത്തണം.  അങ്ങനെ ഉറപ്പില്ലാത്തവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്.  അവരിൽ ഒരാളാണ് ലോകത്തിലെ ഏറ്റവും വലിയ ധനവാന്മാരിൽ ഒരാളായ മുകേശ് അംബാനി.  അംബാനിയെ കാക്കാൻ കറുത്ത ഉടുപ്പും തുറിച്ച നോട്ടവും നീട്ടിയ തോക്കുമുള്ള, Z കാറ്റഗറിയിൽ പെടുത്തിയിരിക്കുന്ന ഒരു പൊലിസ് സൈന്യം തന്നെ വേണമെന്ന് പൊലിസ് മേധാവികൾ തീരുമാനിച്ചിരിക്കുന്നു.  തന്റെ രക്ഷ തനിക്കു തന്നെ ഏർപ്പെടുത്താൻ കഴിയാത്ത ആളല്ല മുകേശ് അംബാനി.  എന്നാലും അതും കിടക്കട്ടെ സർക്കാർ സൌജന്യത്തിൽ എന്നു കരുതാനുള്ള നക്കിത്തർമാകാനിടയില്ല.  കറുത്ത ഉടുപ്പിട്ട സർക്കാർകാവൽക്കാരുടെ നടുവിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഗമ വേറെ വഴിയിൽ കിട്ടില്ല.  

ചിലർക്ക് പൊലിസ് അറിഞ്ഞുകൊണ്ടു തന്നെ അങ്ങനെ സുപ്പർ സംരക്ഷണത്തിന് ഏർപ്പാടുണ്ടാക്കുന്നു.  അവർ അറിഞ്ഞുചെയ്തില്ലെങ്കിൽ അവരെ അറിയിക്കാൻ വേണ്ടപ്പെട്ടവർ വഴി കണ്ടെത്തുന്നു.  ടി എൻ ശേഷൻ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്ന കാലത്ത് ഒരിക്കൽ എവിടെയോ നേരിയ പാകപ്പിഴ ഉണ്ടായി, സംരക്ഷണത്തിന്റെ കാര്യത്തിൽ.  ആഭ്യന്തരസഹമന്ത്രി രാജേശ് പൈലട് അദ്ദേഹത്തെ ഫോണിൽ വിളിച്ചു.  ശേഷൻ പറഞ്ഞു: “എനിക്ക് Z കാറ്റഗറി ഉണ്ട്.  അത് Z+ ആക്കുക.”  അതിന്റെ അർഥം കുറെക്കൂടി കറുത്ത ഉടുപ്പുകാരെയും തോക്കുകളെയും വിന്യസിക്കുക,   ചുറ്റുവട്ടത്തൊന്നും ആളനക്കം ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തുക എന്നു തന്നെ.  ശേഷനറിയാമായിരുന്നു, ഒരു പുൽക്കൊടിയും അദ്ദേഹത്തെ ചൊറിയാൻ വരുന്നില്ല.  എന്നാലും കാവൽക്കാർ എവിടെയും കറങ്ങി നടക്കട്ടെ.  എന്റെ വീട്ടിൽ മുഖ്യമന്ത്രി കരുണാകരൻ വന്നപ്പോൾ, കാവൽക്കാർ തലങ്ങും വിലങ്ങും തോക്കു പിടിച്ച് ചാടിക്കളിച്ചു.  അതു കണ്ട്  എന്റെ മകൻ ചോദിച്ചു:  ഇവരാരെ വെടി വെക്കാനാ, കാക്കയെയോ?  അതല്ലാതെ ഇവിടെ ശബ്ദമുണ്ടാകുന്ന ആരെയും കാണുന്നില്ലല്ലോ.  തനിക്കങ്ങനെ സംരക്ഷണമൊന്നും വേണ്ടെന്നു ശഠിച്ച ഒരാൾ പ്രധാനമന്ത്രി മോറാർജി ദേശായി ആയിരുന്നു.  പക്ഷേ അതല്പം ദുശ്ശാഠ്യമായപ്പോൾ, കാവൽക്കാർ അദ്ദേഹത്തെ അത്രതന്നെ ഗൌനിക്കാതെ കാര്യം നടത്തി.  

ഇപ്പോഴിതാ മുകേശ് അംബാനി തനിക്കു കിട്ടിയ സംരക്ഷണപ്പട്ടം ആഘോഷിക്കാൻ പുറപ്പെട്ടിരിക്കുന്നു.  സുപ്രീം കോടതി അതിനെ കളിയാക്കിക്കൊണ്ടുന്നയിച്ചിട്ടുള്ള ചോദ്യത്തിന് എന്തു പറ്റുമെന്നറിഞ്ഞുകൂടാ.  സംരക്ഷണം കൊടുക്കരുതെന്നു ശഠിക്കാൻ കോടതിക്കുപോലുമാവില്ല.  എല്ലാവർക്കും കൊടുക്കണമെന്നു വേണമെങ്കിൽ പറയാം.  എല്ലാവരും അങ്ങനെ മുന്തിയ സംരക്ഷണം വേണമെന്നു ശഠിച്ചാൽ, ആർക്കും ഒരിടത്തും തലയും കുലയും സൂക്ഷിക്കാൻ കഴിയില്ലെന്നു വരും.  എന്നാൽ പൊലിസിനു കുശാലായി.  ഈ സന്ദർഭത്തിൽ തനിക്ക് സർക്കാരിന്റെ സൌജന്യം വേണ്ടെന്നു പറയാനുള്ള പക്വത അംബാനിക്കു കാണിക്കാം.  പക്ഷേ പക്വതയെപ്പറ്റിയുള്ള വീക്ഷണത്തിൽ സമ്പന്നനും സാധാരണക്കാരനും തമ്മിൽ ചേർച്ച ഉണ്ടാവില്ലല്ലോ.

No comments: