Tuesday, September 20, 2011

കൊട്ടാരത്തിൽനിന്ന് കൂട്ടിലേക്ക്

കൊട്ടാരത്തിൽനിന്ന് പ്രതിക്കൂട്ടിലേക്കെന്നല്ല, കാരാഗൃഹത്തിലേക്കു തന്നെ നേരേ പാഞ്ഞുകയറുന്ന സാഹസികതയെപ്പറ്റിയാണ് ഈ വിചാരം.

കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക് കയറിയെത്തുന്നവരെ നമ്മൾ ചരിത്രത്തിലുടനീളം കണ്ടുമുട്ടുന്നു. അവരുടെ ബുദ്ധിശക്തി, അവരുടെ നിശ്ചയദാർഢ്യം, അവരുടെ ഭാഗ്യം, അവരുടെ കാലദോഷം, അവരുടെ സഹനശേഷി--അങ്ങനെ മരക്കുടിലിൽനിന്ന് കയറിപ്പോയി മരതകമാളികയിൽ ഇടം കണ്ടുത്തുന്നവരുടെ ഗുണവിവരം നമ്മുടെ സ്കൂൾ പാഠപുസ്തകങ്ങളുടെ സ്ഥിരം വിഷയമാണല്ലോ. കയറ്റം കയറുന്നവർക്കും അതൊക്കെ രസം തന്നെ. തുടക്കത്തിൽ കഴിഞ്ഞിരുന്ന മരക്കുടിലിനെപ്പറ്റി പറയാൻ ആദ്യമൊക്കെ ഒരു പക്ഷേ മടി കാണും. മരതകമാളികയിലെത്തിയാലോ, പിന്നെ, പിന്നിട്ട വഴികളായ വഴികളെല്ലാം കടക്കുമ്പോൾ താൻ സഹിച്ച കഷ്ടപ്പാട് ഓർക്കുന്നതിലും ചിലർക്കെങ്കിലും ഒട്ടൊക്കെ രസമായിരിക്കും. അവരുടെ കഥ, അനിവാര്യമായ വീരാപദാനങ്ങളിലൂടെ, നമുക്ക് ഏറെ പരിചിതമായിരിക്കുന്നു. അതുകൊണ്ടുതന്നെ മരതകമച്ചിലേറിയ മരക്കുടിലുകാരനിൽ എനിക്കു താല്പര്യമില്ല.

എനിക്കു കമ്പം മൈതാനത്തിന്റെ മൂലയിൽ, മരത്തണലിൽ, നാലാൾ കാൺകേ കുളിക്കുന്ന കൊട്ടാരക്കാരനിലാണ് . ചുറ്റുമുള്ള പുള്ളികൾ ആർത്തു വിളിച്ചു വെള്ളം കോരി തലയിൽ ഒഴിക്കുകയാവും. നമ്മുടെ കഥാപുരുഷൻ അപ്പോൾ എന്തു ചെയ്യുമെന്നാണ് എന്റെ നോട്ടം. കൊട്ടാരത്തിൽനിന്ന് കുറ്റിയും പറിച്ചു പോന്നതാണ്. രണ്ടു ധ്രുവങ്ങൾ തമ്മിലുള്ള, ഇരുളും വെളിച്ചവും തമ്മിലുള്ള വ്യത്യാസവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് എത്ര നൾ വേണ്ടിവരും? രണ്ടു ദിവസം മുമ്പുവരെ കുളിച്ചിരുന്ന മുറിയുടെ ചുമരുകളിൽ സ്വർണം പതിച്ചിരുന്നു. അദ്ദേഹം ഇരുന്നിരുന്ന കസാരയിൽ പതിനഞ്ചു കിലോ സ്വർണവും കുറെ നവരത്നങ്ങളും വിളക്കിച്ചേർത്തിരുന്നു. അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ അറുപതു മുറികൾ ഉണ്ടായിരുന്നു. വീട്ടിനു മുകളിൽ, മനസ്സിന്റെ വേഗത്തിൽ യാത്ര ചെയ്യാൻ വേണ്ടി, ഹെലികോപ്റ്ററുകൾ നിർത്തിയിട്ടിരുന്നു...

അങ്ങനെ അടിപൊളിയായി കഴിഞ്ഞിരുന്ന നാല്പത്തിമൂന്നുകാരൻ ഗലി ജനാർദ്ദന റെഡ്ഡി കക്കൂസിൽ പോകാൻ വേണ്ടി ക്യ്യൂ നിൽക്കുക! തുറസ്സായ സ്ഥലത്തുനിന്ന് കുളിക്കുക! ഒപ്പമുള്ള തടവുകാരുടെ കൂർക്കം കേട്ട്, പായിലോ നിലത്തോ കിടന്നുറങ്ങുകയും, അവരോടൊപ്പം ചണുങ്ങിയ പിഞ്ഞാണം നീട്ടി, അപ്പപ്പോഴത്തെ ഭക്ഷണം വാങ്ങാൻ പോകുകയും ചെയ്യുക! അതൊക്കെ പെട്ടെന്ന് ഒരു ദുഷ്പ്രഭാതത്തിൽ നടന്നതാണ്. മുൻ കൂർ ജാമ്യത്തിനുവേണ്ടി ശ്രമിക്കാനോ, പൊലിസിനെ കബളിപ്പിച്ച് എവിടെയെങ്കിലും പാറിയൊളിക്കാനോ നേരമുണ്ടായില്ല. അതിനിടെ പിടി വീണു. പിന്നെ ജയിലിലെ ചട്ടങ്ങൾ കുറെയൊക്കെ പാലിക്കാതെ ഗതിയില്ലെന്നായി. അറുപതു മുറിയുള്ള വീട്ടിൽ കഴിഞ്ഞിരുന്ന ആളല്ലേ, അതുകൊണ്ട് ആരെക്കെങ്കിലുമൊക്കെ “പാവം” തോന്നിക്കാണും. അതുകൊണ്ട് തിക്കിത്തിരക്കിയാൽ മാത്രം ഇടം കിട്ടാവുന്ന, മേൽക്കൂരയില്ലാത്ത കക്കൂസ് ഉള്ള വാർഡിൽ നിന്ന് ഗലി രക്ഷപ്പെട്ടു. അല്പം കൂടി സൌകര്യമുള്ള വേറൊരു
വാർഡിലായി. എന്നാലും തുറുങ്ക് തുറുങ്ക് അല്ലേ? കൊട്ടാരം കൊട്ടാരവും? കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തിയപ്പോൾ ഗലിയുടെ മനോരാജ്യം എങ്ങനെ വിടർന്നുവോ ആവോ?

കുടിലിനിന്ന് കൊട്ടാരത്തിൽ എത്തുന്നതിനെക്കാൾ മനസ്സിനെ മഥിക്കുന്നതാണ് കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലെത്തുന്ന അനുഭവം. രണ്ടു കൂട്ടരെയും--കാണുന്നവരെയും അനുഭവിക്കുന്നവരെയും--അത് ഒരുപോലെ ബാധിക്കും. വലിയ ഗവേഷണമൊന്നുമില്ലാതെ, ചുളുവിൽ, കേട്ടറിവുപോലൊരു കഥ തിഹാർ ജയിലിൽ കിടക്കവേ മരിച്ചുപോയ വ്യവസായി രാജൻ പിള്ളയെപ്പറ്റി എഴുതാൻ തീരുമാനിച്ചപ്പോൾ ആ തിരിച്ചറിവ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മഹത്വവും അദ്ദേഹം ഉണ്ടാക്കിയ പണത്തിന്റെ കണക്കും ഉരുക്കഴിക്കുന്നതിനു പകരം, അതൊക്കെ പിടിച്ചടക്കിയിട്ടും അഴി എണ്ണേണ്ടി വന്നതിലെ ദൈന്യം പ്രതിഫലിപ്പിക്കാനായിരുന്നു രാജൻ പിള്ളയുടെ സഹോദരന്റെയും എന്റെയും ശ്രമം. അതുകൊണ്ട് ഞങ്ങൾ ആ പുസ്തകത്തിന് A Wasted Death എന്നു പേരിട്ടു. സാധാരണരീതിയിൽ മരണം ഉണ്ടാക്കുമെന്നു നമ്മൾ വിചാരിക്കാറുള്ള പ്രതികരണം അതേ പോലെ ഉയർത്താതിരുന്ന മരണം!

ഇരുപതു ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയിൽ രാജൻ പിള്ള ശ്വാസോഛ്വാസം ചെയ്തിരുന്നില്ല. അദ്ദേഹത്തിന് അനുകൂലമായി മാറ്റിയെടുത്തതായിരുന്നു വായു എപ്പോഴും---തിഹാർ ജയിലിൽ എത്തിപ്പെടും വരെ. തിഹാറിലെ ചൂട് അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതിന്റെ ഇരട്ടിയിലേറെയായിരുന്നു. പുള്ളികളെ കുത്തിക്കയറ്റിയ ജയിൽ വാർഡിൽ ഹന്ദി അറിയാവുന്ന ഒരു മലയാളിയെ അദ്ദേഹത്തിനു തുണ കിട്ടി. തുണ ദ്വിഭാഷിയുമായി. മറ്റു പുള്ളികളോട് ഹിന്ദിയിൽ കൊഞ്ചിയും കെഞ്ചിയും, പൊള്ളുന്ന പനിയുള്ള രാജൻ പിള്ളക്കു കിടക്കാൻ ഒരു തറ സംഘടിപ്പിച്ചത് അയാളായിരുന്നു. ഏതോ ബാങ്കുതട്ടിപ്പുമായി ബന്ധപ്പെട്ട് വിചാരണ കാത്തു കഴിയുകയായിരുന്നു ആ പുള്ളി.

രസം നുരഞ്ഞു കേറിയിരുന്ന ഒരു വൈകുന്നേരം ആ പുള്ളിയാണെന്ന് ഏറെക്കുറെ ഉറപ്പുള്ള ഒരാളെ ഞാൻ മുത്തൂറ്റ് പ്ലാസയിൽ കണ്ടു മുട്ടി. എന്റെ സംശയം പിടി കിട്ടിയിട്ടും, തന്നെയും എന്നെയും ഒരു പോലെ വെട്ടിച്ച്, അദ്ദേഹം സരസമായ സംഭാഷണവുമായി മുന്നോട്ടു കേറി. ഒടുവിൽ, അദ്ദേഹം, ഓർക്കാതെയാവണം, രാജൻ പിള്ളക്കു സഹിക്കേണ്ടി വന്ന കഷ്ടപ്പാട്, നേരിൽ കണ്ടപോലെ വിവരിച്ചു. പനി കൊണ്ടു വിറച്ചിരുന്ന രാജൻ പിള്ള, അടിവസ്ത്രം മത്രം ധരിച്ച്, വാർഡിന്റെ ഒരു മൂല ചൂലെടുത്ത് വൃത്തിയാക്കുന്ന രംഗം അയാൾ ഭാവഹാവങ്ങളോടെ അവതരിപ്പിച്ചു. അതു കണ്ടപ്പോൾ, എനിക്ക് രണ്ടു കാര്യം ബോധ്യമായി. അന്ന്, ഞാൻ സംശയിച്ചയാൾ തന്നെ അയാൾ. രണ്ട്, കുടിലിൽനിന്ന് കൊട്ടാരത്തിലേക്കുള്ളതിനെക്കാൾ എത്രയോ ഏറെയും ദുഷ്കരവുമാകുന്നു കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിലേക്കുള്ള യാത്ര.

അങ്ങനെ കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ വീണു പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതാണ് ഈ വഴിക്കു ചിന്ത പോകാൻ കാരണം. തിഹാറിൽ ആ വിഭാഗക്കാർക്ക് നല്ല പ്രാതിനിധ്യമായി. കോമൺ വെൽത് ഗെയിംസിന്റെ നടത്തിപ്പുകാരനായിരുന്ന സുരേഷ് കൽമാഡി പലതിന്റെയും കൂട്ടത്തിൽ, ഒരു തുണ്ടം നാട്ടുരാജ്യത്തിന്റെയും രാജാവായിരുന്നു. പക്ഷേ രാജവാഴ്ചയൊക്കെ അവസാനിപ്പിച്ച്, അദ്ദേഹം ജയിലിൽ പണിയെടുക്കേണ്ടി വന്നിരിക്കുന്നു. പൊരുത്തപ്പെടുത്താൻ വയ്യാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടോ എന്തോ, കൽമാഡിയും ഇടക്ക്
ഓർമ്മപ്പിശകിനെപ്പറ്റി പറഞ്ഞു തുടങ്ങിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഓർമ്മക്കുറവ് സഹായമാകാം--താനുണ്ടാക്കിയ ഗർഭം തള്ളിപ്പറയാൻ ദുഷ്യന്തനു സഹായമായതു പോലെ.

ജയിലിനും മനസ്സിനും ഉള്ളീൽ നടക്കുന്നത് എന്തൊക്കെയാണെന്നു പറയാൻ പ്രയാസം. ഗാന്ധാരം മുതൽ വംഗദേശം വരെയും കശ്മീരം മുതൽ കുമാരി വരെയും നീണ്ടു കിടക്കുന്ന പ്രദേശത്തെവിടെയും നടക്കുന്ന അധികാരവിപണനത്തിൽ തനിക്കൊരു പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു അമർ സിംഗ്. അത് ചെറിയ പങ്കെല്ലുന്നും താൻ ഇടപെട്ടിട്ടുള്ള വ്യാപാരമെല്ലാം ലാഭം കൊയ്തിട്ടേയുള്ളുവെന്നും അമർ സിംഗ് പറയുമായിരിക്കും. അദ്ദേഹത്തെക്കാൾ പത്തു വയസ്സു കുറഞ്ഞ ഗലി ജനാർദ്ദനറെഡ്ഡി ഒരു പതിറ്റാണ്ടു കൊണ്ടു സൃഷ്ടിച്ചതാണത്രേ അദ്ദേഹത്തിന്റെ ധനത്തിന്റെയും അധികാരത്തിന്റെയും സാമ്രാജ്യം. അതിനൊക്കെ മുമ്പ് വിപണിയിൽ എത്തിയിരുന്ന അമർ സിംഗ് എന്തിന്റെയെല്ലാം നാഥനല്ലെന്ന് ആർക്കറിയാം?

ആരും അറിയാൻ ഇഷ്ടപ്പെടാത്ത വേഗത്തിലായിരുന്നു അമർ സിംഗിന്റെ കാരാഗൃഹപ്രവേശം. അദ്ദേഹത്തിന്റെ ജീവിതശൈലിയിലെ സമൃദ്ധി രാഷ്ട്രീയക്കച്ചേരികളിൽ സംസാരമായിരുന്നു. അതൊന്നും ഒരു നിമിഷം പോലും ഇല്ലാതെയാകുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. പിടി വീണപ്പോൾ എല്ലാവരും പരസ്യമായി സഹായത്തിനെത്താൻ മടിക്കുന്നതു പോലെ തോന്നി. ജയിലിനെക്കാൾ എപ്പോഴും നല്ലതും സുരക്ഷിതവും ആസ്പത്രി തന്നെ. അവിടേക്കു പോകാൻ പാകത്തിൽ കുറെ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു താനും. അതൊന്നും പോരാ ജാമ്യത്തിൽ ഇറക്കാനെങ്കിൽ, ആസപ്ത്രിക്കാർ തന്നെ തുറന്നടിച്ചു: അമർ സിംഗിനെ ചികിത്സിക്കാൻ മനോരോഗവിദഗ്ധരെ വിളിച്ചിരിക്കുന്നു!

നേരത്തേ പറഞ്ഞ വാക്യം ഇവിടെയും പറയണം: ജയിലിനകത്തും മനസ്സിനകത്തും നടക്കുന്നതൊക്കെ അതുപോലെ അറിയാൻ നമുക്ക് വഴിയില്ല. വിഷാദവും ആശങ്കയും അസ്വസ്ഥതയുമായി, മനോരോഗചികിത്സകന്റെ പരിചരണത്തിൽ കഴിയുന്ന ഒരാൾ പറയുന്നതിൽ എത്ര സത്യം എത്ര അസത്യം എന്നു തിട്ടപ്പെടുത്താൻ പ്രയാസമാകും. പക്ഷേ ഒരു കാര്യത്തിൽ സംശയമില്ല. എത്ര മസിലു പിടിച്ചു നിൽക്കുന്ന പഹൽവാൻ ആയാലും, കൊട്ടാരത്തിൽ നിന്ന് കാരാഗൃഹത്തിലേക്കു തള്ളീവിട്ടാൽ ഇങ്ങനെ ചില സ്ഥലജലഭ്രമമൊക്കെ ഉണ്ടായേക്കും. കൊട്ടാരവും കാരാഗൃഹവും തമ്മിലുള്ള പൊരുത്തമില്ലായ്മ എന്ന തീക്ഷ്ണമായ അനുഭവം തന്നെ അതിന്റെ ഉറവിടം.

തിഹർ ജയിലിൽ ഞാൻ പോയത് ആഭ്യന്തരമന്ത്രിയും, പിന്നീട് ഒരു തരം ഒളിച്ചോട്ടം നടത്തിയ പ്രധാനമന്ത്രിയുമായിരുന്ന്, ചരൺ സിംഗിനോടൊപ്പമായിരുന്നു. തടവു പുള്ളികളുടെ സുഖവിവരം അന്വേഷിച്ചു മനസ്സിലാക്കാനായിരുന്നു അദ്ദേഹത്തിന്റെ
സന്ദർശനം. എല്ലാ സന്ദർശനങ്ങളുടേയും സാഫല്യം മാധ്യമത്തിൽ നാലുവരി വാർത്ത വരൽ ആണല്ലോ. അതുകൊണ്ട് ഞാനും ടീം ചരൺ സിംഗിൽ കൂടി. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ തിഹാറിൽ തടവുകാരനായുണ്ടായിരുന്നു. ഔദ്യോഗികരഹസ്യം സംബന്ധിച്ചതായിരുന്നു കേസ്. എല്ലാവർക്കും നല്ലതു മാത്രം പറയാനുണ്ടായിരുന്ന ആ ഉദ്യോഗസ്ഥൻ ഒരു ദിവസം പിടിയിലായി. അദ്ദേഹത്തിന്റെ ഭാഗം ഒരു വട്ടം കൂടി പറയാൻ ചരൺ സിംഗിനെ കാണാൻ അദ്ദേഹം തഞ്ചം നോക്കി ഇരുന്നു. ആഭ്യന്തരമന്ത്രി അതിനു നിന്നു കൊടുത്തില്ല. ഞാൻ അപ്പോഴും ഓർത്തു: തന്റെ വിശാലമായ ക്യാബിനിൽ എഴുത്തും കേട്ടെഴുത്തും
ചർച്ചയുമായി കഴിഞ്ഞിരുന്ന മുതിർന്ന ഉദ്യോഗസ്ഥനെവിടെ? കാരാഗൃഹത്തിൽ, ആഭ്യന്തരമന്ത്രിയെ കാണാൻ കഴിയാതിരിക്കുന്ന ഈ തടാവുപുള്ളിയെവിടെ?

പൊക്കം കുറവെങ്കിലും വലുപ്പമുള്ള ഒരു അഴിമതിക്കേസിൽ പെട്ട് അഴി എണ്ണുന്ന എ രാജ ഏതു തരക്കാരനാണെന്നറിയില്ല. മട്ടും മാതിരിയും കണ്ടിട്ട് ആൾ എന്തിനും പോന്നവനാണെന്നു തോന്നുന്നു. പക്ഷേ എന്തിനും പോന്ന നമ്മുടെ ബാലകൃഷ്ണ പിള്ളയെപ്പോലുള്ളവർക്കും ജയിലിൽ പോകണമെന്നു വരുമ്പോൾ കുറച്ചൊക്കെ പ്രയാസമുണ്ടാകും. അങ്ങനെ പൊകേണ്ടിവരുമെന്ന് അവസാനം വരെ കനി മൊഴി ധരിച്ചിരുന്നില്ല. ജയിലിലെ അനുഭവം എന്ന ശീർഷകത്തിൽ ഒരു കാവ്യസമാഹാരം ഇറക്കാൻ വക കാണുന്നു. അതു വായിച്ചിലെങ്കിലും, വാങ്ങിവെക്കാൻ തമിഴ്മക്കൾ ഏറെ കാണും. പക്ഷേ ജയിലിൽ കവിത തുളുമ്പുമോ? ചരിത്രവും ആത്മചരിത്രവുമാകാം, പക്ഷേ, കവിത, അത് ജയിലിലെ ചൂളയിൽ വിളയുമോ? അനുഭവം കഴിഞ്ഞ്,
ശാന്തതയിൽ ഓർക്കപ്പെടുന്ന വികാരമാണ് കവിത. അങ്ങനെയൊരു ശാന്തത കനിമൊഴിക്ക് എന്നു കൈവരുമോ ആവോ?

കൊട്ടാരത്തിൽനിന്ന് കാരാഗൃഹത്തിൽ അകപ്പെട്ടുപോയ ഇവരെല്ലാം അങ്ങനെയൊരു ദുരന്തം ഉണ്ടായേക്കുമെന്നു കരുതിയവരല്ല. ഇന്നലെ വരെ കൊട്ടാരമായിരുന്നു അവർക്ക് യാഥാർഥ്യം. കാരാഗൃഹം വിട്ട് നാളെ വീണ്ടും അവിടെ കയറിക്കൂടാമെന്നായിരിക്കും കണക്കുകൂട്ടൽ. വാസ്തവത്തിൽ അവർ “ഇന്നലെയോളമെന്തെന്നറിഞ്ഞീല,
ഇനി നാളെയുമെന്തെന്നറിഞ്ഞീല.“ അത് രണ്ടും അവർക്ക് അല്പമെങ്കിലും ഊഹമുണ്ടായിരുനെങ്കിൽ ഈ കൊട്ടാരക്കോലാഹലത്തിനെല്ലാം ഒരുമ്പെടുമായിരുന്നോ?

(malayaaLam news sep 19)