Saturday, December 26, 2009

ഇനിയും പൊട്ടാത്ത ഒരു അണ

ഡോക്റ്റർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“



കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.



ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.



എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.

വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.



കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?



കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?



തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.



പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.

(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

Thursday, December 24, 2009

വാർത്ത: വിതയും വിളവെടുപ്പും

കോർട് ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി--നമ്മുടെ പിൻനിലയോർത്ത്. ആ ചാനലിൽ എല്ലാം കാണാം. കുറ്റം ചെയ്ത ദൃശ്യം വീണ്ടും ആവിഷ്കരിക്കപ്പെടും. അന്വേഷണത്തിന്റെ വഴിയേ പോകും. പ്രതിയെ ഡിറ്റക്റ്റിവ് ചോദ്യം ചെയ്യുന്ന വിഡിയോ കാണിക്കും. വിചാരണയും വിദഗ്ധരുടെ വിശകലനവും ഉണ്ടാവും. പിന്നെ വിധിപ്രസ്താവവും. നമ്മുടെ പരിപാവനമായ നീതിന്യായപീഠത്തിനകത്തെ രംഗം ക്യാമറയിൽ പകർത്തുന്ന കാര്യം സങ്കല്പിക്കാനാവുമോ? പ്രതിയും ഡിറ്റക്റ്റിവും തമ്മിലുള്ള ഇടപഴക്കത്തിന്റെ ദൃശ്യം കാണാൻ പറ്റുമോ? കോർട് ടിവി കാണിയെയും അന്വേഷണത്തിൽ വിദൂരസാക്ഷിയാക്കുന്നതുപോലെ തോന്നി.


ആ ഘട്ടത്തിൽ മാധ്യമസാന്നിധ്യം അനുവദിക്കുന്ന സ്ഥിതി ഇവിടെ ഒരിക്കലും ഉണ്ടാവില്ല. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ , ഇതാ കേൾക്കുന്നൂ തടിയന്റവിട നസീറിന്റെ മൊഴി.. അയാൾ പറഞ്ഞ ഭീകരകഥ വഴിക്കു വഴി ടീവിയിലെത്തുന്നു. കേൾക്കുന്നേയുള്ളു, കാണുന്നില്ല--ശ്രൂയതേ ന ച ദൃശ്യതേ എന്നു പറഞ്ഞപോലെ. ആരു പറഞ്ഞു എന്ന് ആരും പറഞ്ഞില്ല. നസീർ നേരിട്ട് മീഡിയയെ വിളിച്ചുപറഞ്ഞിരിക്കില്ല. പൊലിസ് പറഞ്ഞതായി പറഞ്ഞുമില്ല. വിവരം അശരീരിപൊലെ അങ്ങനെ ചാറിക്കൊണ്ടിരുന്നു. സുതാര്യതയുടെ യുഗം എത്തിയല്ലോ എന്നു കരുതി ഞാൻ അശരീരിക്ക് സ്തുതി പാടി.


പ്രതിയെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം അപ്പപ്പോൾ മാധ്യമത്തിനു കൊടുക്കുന്ന സ്വഭാവം പൊലിസിനില്ല. ആർ, എപ്പോൾ, എവിടെ, എന്തു പറഞ്ഞുവെന്ന് കേട്ടെഴുതുകയല്ലാതെ, വെളിപാട് ഇറക്കുന്ന പതിവ് മീഡിയക്കുമില്ല. ഉറവിടത്തിന്റെ പേരെടുത്തു പറയണമെന്നായിരുന്നു പണ്ടത്തെ ആദ്യപാഠം. അത് വിശ്വാസ്യത കൂട്ടും, മാധ്യമക്കാരന്റെ അധമവിനോദത്തിനുള്ള സാധ്യത കുറക്കും. പേരു വെളിപ്പെടുത്താൻ വയ്യാത്തപ്പോൾ, അഭിജ്ഞവൃത്തങ്ങളെ ഉദ്ധരിക്കും. വൃത്തങ്ങൾ അത്യുന്നതമോ ആധികാരികമോ ആകാം. ചതുരം ആവില്ല, തീർച്ച. പണ്ടൊരിക്കൽ, തനിക്ക് വാർത്ത ചോർത്തിത്തന്ന വൃത്തത്തിന്റെ നാമരൂപം വെളിപ്പെടുത്താത്തതിന്, ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ദേവദാസ് ഗാന്ധി ജയിലിൽ പോകുകയുണ്ടായി.


അതുപോലൊരു ധർമ്മമോ സങ്കടമോ തടിയന്റവിട പ്രകരണത്തിൽ ഉണ്ടായില്ല. വാർത്ത എങ്ങനെ വന്നു എന്ന് അതിശയിക്കേണ്ടവർതന്നെ അത് വീശിയെറിയുകയായിരുന്നു. ഒരു വ്യവസ്ഥ മാത്രം: നസീർ പൊലിസിനോടു പറഞ്ഞ ഭീകരകഥ പൊലിസ് പുറത്തുപറഞ്ഞെന്ന് ആരോടും പറയാൻ പാടില്ല. വ്യവസ്ഥ ഏവർക്കും സ്വീകാര്യമായിരുന്നു. ഉറവിടം പറയാതെ, പൊലിസ് ഒഴുക്കിവിട്ട വാർത്തക്കഷണങ്ങൾ വെട്ടിവിഴുങ്ങാൻ ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു. ആരു പറഞ്ഞു, എന്തു പറഞ്ഞില്ല, എന്ന് ആർക്കും ചോദിക്കാൻ തോന്നിയില്ല. ഉത്തരം മറഞ്ഞിരിക്കുന്ന ഉറവിടത്തിന്റെ യുക്തിക്കു വിട്ടു. ഡേവിഡ് ഹെഡ്ലി പൊട്ടിക്കാനിരുന്ന സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും ആരും ചോദിച്ചില്ല, “ആരാണീ ഉറവിടം? എന്തിനീ ഔദാര്യം? ഇനിയും വിരട്ടാനോ?“


പഴയ മൊഴിയിൽ ഇതിനെ വാർത്തക്കൃഷി എന്നു പറയും. Plant. വാർത്ത എഴുതിയും വായിച്ചും ശീലിച്ചവർക്കെല്ലാം അതു കൃഷിചെയ്യുന്നവരുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടിവന്നിരിക്കും. പല തരം കൃഷിക്കാർ, പല തലത്തിലുള്ളവർ. പത്രസമ്മളനത്തിനുമുമ്പും പിമ്പും, തിരഞ്ഞെടുത്ത ലേഖകർക്ക് “രേഖയിൽ പെടുത്താതെ” രഹസ്യവിഭവം വിളമ്പുന്നവർ. സൌത് അവന്യുവിനോടു ചേർന്ന തന്റെ വീട്ടിലിരുന്ന്, ചായയുടെ നിലക്കാത്ത ഒഴുക്കിനൊപ്പം, അത്തരം രഹസ്യവിഭവവും ഉദാരമായി സൽക്കരിച്ചിരുന്ന ജനത പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ—പിന്നീട് ചുളുവിൽ തെല്ലിട പ്രധാനമന്ത്രി--അതിഥികളുടെ ഇഷ്ടനായിരുന്നു. അങ്ങനെ എത്രയോ പേരെ അധികാരത്തിന്റെ മേലടുക്കളയിൽ കണ്ടത് ഓർത്തുപോകുന്നു.


ഉറവിടം മറച്ച്, ലേഖകന്റെ ഉത്തരവാദിത്വത്തിൽ ഇറക്കുന്ന വാർത്ത ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഏറ്റുവാങ്ങേണ്ടിവരും. ചിലപ്പോൾ കർഷകന്റെ ഇംഗിതം മനസ്സിലാക്കാതെ, സ്കൂപ്പിന്റെ ലഹരിയിൽ പെട്ടുപോകുകയും ചെയ്യും. അപ്പോൾ കർഷകൻ കൊയ്യും, തൊഴിലാളി കഴുതയെപ്പോലെ തൊലിക്കും. അതൊഴിവാക്കാൻ വാർത്തക്കൃഷിക്കിറങ്ങുന്നവരെ തിരിച്ചറിഞ്ഞാൽ മതി. പൊലിസ് ആകുമ്പോൾ കൂടുതൽ സൂക്ഷിക്കണം. നാലാൾ അറിയണമെന്നുള്ള വിവരം പൊലിസിന് ഔപചാരികമായി പുറത്തുവിടാവുന്നതേയുള്ളു. അതാണ് സുതാര്യത. അതിൽ കുറഞ്ഞതോ കൂടിയതോ ആയ ഏത് അജണ്ടയും അശുദ്ധമായിരിക്കും.


സത്യം സത്യമായി പറയാൻ എളുപ്പമല്ല. വാർത്തയുടെ വിതയും വിളവെടുപ്പും, മറഞ്ഞിരിക്കുന്ന ഉറവിടങ്ങൾ നടത്തുമ്പോൾ വിശേഷിച്ചും. അറിവുകേടുകൊണ്ടായാലും കള്ളത്തരംകൊണ്ടായാലും, വാർത്തക്കാരൻ പൂർണസത്യമേ പറയൂ എന്നോ, സത്യമല്ലാത്തതൊന്നും പറയില്ലെന്നോ പണ്ടേ ധാരണ ഉണ്ടായിരുന്നില്ല്ല. യുദ്ധത്തിനുമുമ്പ് വാർത്ത വിളമ്പാനും ഉണ്ണാനുമായി തന്നെ വന്നു കണ്ട സഞ്ജയനോട് യുധിഷ്ഠിരൻ പറഞ്ഞു: “വാർത്തകളെന്തോന്നുള്ളൂ, വാസ്തവം പറകെടോ.”


വാർത്തയെല്ലാം വാസ്തവമാവില്ല എന്നു തന്നെയായിരുന്നു ധർമ്മപുത്രന്റെ സൂചന. കൂട്ടത്തിൽ പറയട്ടെ, ആ “എന്തോന്നു”കൊണ്ട് ഉറപ്പിക്കാം, യുധിഷ്ഠിരൻ തിരുവിതാംകൂറുകാരൻ ആയിരുന്നു.

(ഡിസംബർ 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)