Tuesday, January 12, 2010

മനസ്സു നിറയെ സ്ത്രീകൾ

പെണ്ണുങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവൻ മനസ്സിൽ. നാണം തോന്നിയെന്നല്ല. ഉപനിഷത്തുകൾ പോലും സുന്ദരികളാണെന്ന നാരായണീയത്തിലെ ഉൽപ്രേക്ഷ ബലത്തിനുണ്ടല്ലോ. സ്ത്രീചിന്ത, ഒരു സംയോഗം പോലെ, അങ്ങനെ വന്നുകൊണ്ടിരുന്നു..


*

കുടിയും സ്ത്രീദ്രോഹവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിന്റെ പാഠഭാഗം ആകാശവാണിയിലെ ഒരു ചെറുപ്പക്കാരൻ വായിക്കാൻ തന്നു. കരുതിയതുപോലെ, മനു അതിൽ തലങ്ങും വിലങ്ങും വന്നു, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ലെന്നും സ്ത്രീയെ പൂജിക്കുന്നിടത്ത് ദൈവം വാഴുമെന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട്.
*

ഇരുപത്തിമൂന്നുകൊല്ലം ഒരുമിച്ചു കഴിഞ്ഞ ഒരു കുടുംബം പെട്ടെന്നു പിരിന്നു. അയാൾ വേറെ കെട്ടി; അവർ അലച്ചിലായി.
*

മരുമക്കത്തായത്തിൽ സ്ത്രീയുടെ പദവിയെപ്പറ്റി ഒരു ഗവേഷകൻ ചോദിച്ചു--പഴയ ചോദ്യം.
*

എലീനർ റൂസ്‌വെൽറ്റ് മലയാളി മങ്കയുടെ അധികാരം കണ്ട് അത്ഭുതപ്പെട്ട കഥ കേട്ടു. ഉത്രാടം തിരുനാളിന്റെ ആത്മകഥ പരിചയപ്പെടുത്തുമ്പോൾ നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ പറഞ്ഞതാണ് ആ കൊട്ടാരക്കഥ.


അധികാരവും അക്ഷരവും എലീനർ റൂസ്‌വെൽറ്റിന് ഒരുപോലെ വഴങ്ങിയിരുന്നു. കവടിയാർ കൊട്ടാരം കണ്ടതിനുശേഷം അവർ എഴുതി: “രാജാവ് മഹാറാണിയെ പരിചയപ്പെടുത്തി; ഭാര്യയല്ല, അമ്മ. അവകാശിയെ പരിചയപ്പെടുത്തി; മകനല്ല, അനിയൻ. എനിക്ക് ആ സമ്പ്രദായം മനസ്സിലായില്ല. പക്ഷേ അധികാരം സ്ത്രീകൾ വഴിയാണെന്നു കണ്ടതിൽ സന്തോഷം..”


ആ സമ്പ്രദായത്തിൽ മിക്കപ്പോഴും സ്ത്രീകൾ അധികാരത്തിലേക്കുള്ള വഴി ആയതേയുള്ളു, അധികാരം കയ്യാളിയിരുന്നില്ല എന്നതാണ് പരമാർത്ഥം.


*

സ്ത്രീകളുടെ ജോലിസ്ഥലത്തെ മുന്നേറ്റം കൊണ്ടാടുന്നതായിരുന്നു എക്കോണമിസ്റ്റ് വാരികയുടെ കഴിഞ്ഞ ലക്കം. അമേരിക്കയിൽ പാതിയിലേറെ ജോലിയും നല്ല പാതി കൈക്കലാക്കിയിരിക്കുന്നു. പല യൂറപ്യൻ രാജ്യങ്ങളിലും സ്ത്രീകൾ മേൽക്കൈ നേടിയിരിക്കുന്നു. വലിയ കമ്പനികളുടെ അമരത്ത് അവർ കേറിയിരിക്കുന്നു. ഉരസലൊന്നുമില്ലാതെ സാരമായ ഒരു സാമൂഹ്യപരിവർത്തനം നടന്നിരിക്കുന്നു. അതത്രേ ധനികലോകത്തിലെ മൌനവിപ്ലവം.


ആ ലഹരിയിൽ ഇവിടെ മുദ്രാവാക്യം മുഴക്കേണ്ടെന്ന് സ്ത്രീവാദികൾ പറയും. ശരിയല്ലേ? മിക്കയിടത്തും സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നില്ല. വേതനത്തിൽ പക്ഷഭേദം നിലനിൽക്കുന്നു. വേതനതുല്യതയാണ് സ്ത്രീശാക്തീകരണത്തിന്റെ കാതൽ എന്ന് അർഥം വരുന്ന ഒരു ചൊല്ലുണ്ട്, ധനശാസ്ത്രജ്ഞനായ പോൾ സാമുവൽസന്റെ: പണം കുറഞ്ഞ പുരുഷന്മാരാണ് സ്ത്രീകൾ.


പുതിയ സങ്കേതങ്ങളും വിദ്യകളും വന്നതോടെ മിക്ക രംഗത്തും തുല്യത എളുപ്പമായിരിക്കുന്നു. ആണുങ്ങളുടെ കുത്തകയായിരുന്ന ജോലികൾ അതേ മിടുക്കോടെ ഇപ്പോൾ പെണ്ണുങ്ങൾക്കും ചെയ്യാം. അവർ ഭരിക്കാത്ത ഒരിടമുണ്ട്: പട്ടാളം. പക്ഷേ കൊല്ലാൻ കെല്പു വേണ്ടെന്നു വരുമ്പോൾ, ജനറൽ സ്ത്രീലിംഗമാകും. ആണുങ്ങൾ ശോഭിക്കാത്ത അരങ്ങാണ് ഭാരതീയനൃത്തം. മോഹിനിയായി മോഹിനി തന്നെ വേണം. വിനീതനായ പുരുഷൻ അരങ്ങേറുമ്പോൾ, കണ്ണെഴുതി പൊട്ടും തൊട്ടു ചെല്ലണം, മോഹിനിയെപ്പോലെ. കലയിലെ ഒരു വികലത! ഭാവുകത്വത്തിലെ ഒരു പക്ഷഭേദം!


സ്ത്രീപുരുഷതുല്യതയെ കൊഞ്ഞനം കാട്ടുന്ന ശരീരധർമ്മമാണ് ഗർഭധാരണവും പ്രസവവും. സ്ത്രീയെ ഒരു തരത്തിൽ ഒതുക്കുന്നു, ആ ശാരീരികസവിശേഷതയും അതിന്റെ പവിത്രതയും. പ്രായോഗികതലത്തിൽ, എവിടെയും അമ്മയാകുന്ന സ്ത്രീകളുടെ വരുമാനം കുറയുന്നതായി കാണുന്നു. പിന്നെയെന്തു പവിത്രത? മാതൃത്വത്തിന്റെ ഗുണപുരാണം വെറും പുരാവൃത്തമാണത്രേ. Mommy Myth. തള്ളക്കള്ളം. അങ്ങനെയൊരു വിചാരംകൊണ്ടോ എന്തോ, അമ്മയാകാതിരിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം ഏറിവരുന്നു.


പീഡനം കലഹം ഉണ്ടാക്കും. യാന്ത്രികമായ തുല്യതാവാദവും ബലാബലവും കലഹമേ ഉണ്ടാക്കൂ. അതായിരുന്നു ജോസഫ് ററ്റ്സിംഗർ മാർപ്പാപ്പയാകും മുമ്പ് എഴുതിയ ഒരു പത്രികയിലെ സന്ദേശം. കുടുംബത്തെയും വിവാഹത്തെയും നിരാകരിക്കുകയും പുരുഷനെ ശത്രുവായി കാണുകയും ചെയ്യുന്ന സ്ത്രീവാദത്തെ കർദ്ദിനാൾ തള്ളിപ്പറഞ്ഞതേയുള്ളൂ. എന്നിട്ടും തീവ്രവാദികൾ അന്ന് എതിർത്തു. ഇന്ന് ഫെമിനിസത്തിന്റെ സ്വരം അല്പം മാറുന്നതായി കേൾക്കുന്നു. പുരുഷനിൽനിന്നു വ്യത്യസ്തമായി, സ്ത്രീക്കുള്ള സഹനശക്തിയും സഹാനുഭൂതിയും സഹവർത്തിത്വവും ഊന്നിപ്പറയുന്നതാണ് പുതിയ പ്രവണത. ആ വെളിച്ചത്തിൽ പഴയ മൂല്യങ്ങളെയെല്ലാം തള്ളണമെന്നില്ല. ചില പവിത്രതകൾ ഇനിയും രക്ഷപ്പെട്ടേക്കാം.

(ജനുവരി 12ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)