Tuesday, December 29, 2009

ആണ്ടറുതിയിലെ ഓർമ്മകൾ

ആണ്ടറുതിയിലെ ഓർമ്മകൾ

ഇതുപോലൊരു ആണ്ടറുതിയിൽ, വലിയൊരു കലാകാരനെ കാണാൻ ഒരു ചങ്ങാതി കൊണ്ടുപോയി. ഞാൻ ചേരാനിരുന്ന സ്ഥാപനത്തെപ്പറ്റി കേട്ടപ്പോൾ, തിരക്കിലായിരുന്ന കലാകാരൻ പറഞ്ഞു: “അവിടെ ഒരാൾ എനിക്കെതിരെ എഴുതുന്നു. സൽക്കരിക്കാത്തതുകൊണ്ടാകാം. ഞാൻ ചെയ്യില്ല. അയാളും ഞാനും ഒപ്പമാണോ?” കലാകാരനെ സുഖിപ്പിക്കാൻ ഞാൻ താഴ്മയോടെ പറഞ്ഞു: “അല്ല.“ പിന്നെ മനസ്സിൽ ഇങ്ങനെയും ഉരുവിട്ടു: ഒന്നും ഒന്നിനും ഒപ്പമല്ല. എല്ലാം ഒരുപോലെയാണെന്നും ചിലർ വാദിക്കും.

കശ്മീരിലും കാബൂളിലും കറാച്ചിയിലും പൊട്ടിത്തെറിച്ചുപോയ ആളുകൾ ആർക്കെങ്കിലും ഒപ്പമാണോ?, പേരും വിലാസവുമറിയാത്ത മനുഷ്യർ. അവർക്കു പ്രേരണയായ നൈൽനദീതടചിന്തകൻ, ഹസ്സൻ അൽ ബന്ന, അവർക്കൊപ്പമായിരുന്നോ? മരണത്തെ ബന്ന പുണ്യമാക്കി. അതൊന്നുമറിയാതെ, മരണം പോലും അറിയാതെ, അഛൻ പോയി. പോകുമ്പോൾ എഴുപത്തഞ്ചുകൊല്ലം മുൻപ് കേട്ടുപഠിച്ച ഋക് ഓരോന്നും ഓർമ്മയിൽ പൂത്തുകൊണ്ടിരുന്നു. ഒന്നും പഴകുന്നില്ല.

ഓർമ്മകളെ അഭിവാദനം ചെയ്യുന്ന കെ എം മാത്യുവിന്റെ “എട്ടാമത്തെ മോതിരം” മറിച്ചുനോക്കി. അറ്റം കാണാത്ത ഓർമ്മകളുടെ തീരത്തുനിന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് തുടക്കം: “ഓർമ്മകളുടെ ദൈവമേ, വഴി കാട്ടുക.” വഴിയിൽ കണ്ടവരിൽ ഒരാൾ ചുനങ്ങാട്ട് ചാത്തു മേനോൻ, ബൈബിളിന്റെ ആദ്യമലയാളപരിഭാഷകൻ. അയൽക്കാരനെപ്പോലെ തോന്നി. ഓർമ്മകളുടെ ദൈവം തഴഞ്ഞ ചിലരെ കഴിഞ്ഞ കൊല്ലവും കണ്ടുമുട്ടി. അവർക്ക് എന്നെങ്കിലും ആശ്രയമായി വരാം മാജാ മാറ്ററിക് എന്ന് ആശ്വസിക്കുക. കമ്പ്യൂട്ടറിൽ ദയയും ധർമ്മബോധവും ഉണർത്തുന്ന പരിപാടി തയ്യാറാക്കുകയാണ് മാറ്ററിക്, യുഗോസ്ലാവിയയിൽ പിറന്ന് അമേരിക്കയിൽ വളർന്ന ഗവേഷക. വൈദ്യശാസ്ത്രചിന്തകനായ ജെറോം ഗ്രൂപ്മാന്റെ ലേഖനത്തിൽ പരിചയിച്ചതാണ് അവരെ. മങ്ങുന്ന ഓർമ്മ വിളക്കിയെടുക്കാൻ പോന്നതാണത്രേ മാറ്ററിക് ഉണ്ടാക്കുന്ന റോബോട്.

അരനൂറ്റാണ്ടുകൊണ്ടും മങ്ങാത്ത സൌഹൃദത്തിന്റെ കൊട്ടിപ്പാടിസേവയുമായി, തോമസ് മാസ്റ്റർ തന്റെ കവിത കേൾപ്പിച്ചു. ഐപ്പുണ്ണിമാഷുടെ മകൻ. മകനെക്കാളേറെ ശിഷ്യനെ ഇഷ്ടപ്പെട്ട ആളായിരുന്നു ഐപ്പുണ്ണിമാഷ്. തൊണ്ണൂറുകഴിഞ്ഞിട്ടും ഓർമ്മയിൽ ശിഷ്യനുവേണ്ടി സ്ഥലം ഒഴിച്ചിട്ടു. അത്രത്തോളം തന്നെ പഴക്കമുള്ള പരിചയം പുതുക്കാൻ ഒരു ദിവസം പൊടുന്നനവേ പി കെ ശ്രീധരൻ പ്രത്യക്ഷപ്പെട്ടു--അത്രയും കാലം നീറിക്കിടന്നിരുന്ന ഏതോ ഒരു പിഴയെപ്പറ്റിയുള്ള കുമ്പസാരവുമായി. ശ്രീധരന്റെ ഓർമ്മ കാലത്തെ വെന്നു, പാപബോധം പുണ്യത്തെക്കാൾ തിളങ്ങി. സാഹിത്യകാരൻ സേതുവിന്റെ വിളിയിലും കാലത്തെ തോല്പിച്ചതിന്റെ “അടയാളങ്ങൾ“ ഉണ്ടായിരുന്നു. മുപ്പതുകൊല്ലത്തെ ഇടവേളക്കുശേഷം പൊട്ടിവിടർന്ന ആ ഓർമ്മയിൽ എല്ലാ ഇന്നലെകളും ഇന്നോളം ചുരുങ്ങി.

കഴിഞ്ഞ ക്രിസ്മസിന്റെ ഓർമ്മ, എല്ലാ ഓർമ്മയും പോലെ, ഹൃദ്യമായ സ്പന്ദനമായിരുന്നു. ത്യാഗത്തിന്റെ പിറവി കൊണ്ടാടാൻ, പ്രാതലിനോടൊപ്പം ആപ്പിൾ സൈഡറും ഷാമ്പെയിനും മരുമകൾ മാറി മാറി വിളമ്പിയപ്പോൾ, പ്രഭാതം ഉയിർത്തെണീറ്റു. ഇത്തവണ പുതുമ പൂത്തത് വല്ലപ്പോഴും മാത്രം ബന്ധപ്പെടാറുള്ള സുനിൽ നായർ അയച്ചുതന്ന യേശുവിന്റെ ചിത്രങ്ങളിലായിരുന്നു. ചിരിക്കുന്ന ദൈവപുത്രന്റെ ചിത്രങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. മെൽ ഗിബ്സന്റെ സിനിമയിൽ, നന്മയുടെ രൂപം പുളയുകയും നിലതെറ്റി വീഴുകയും ചെയ്യുന്ന രംഗങ്ങൾ കണ്ട് ആളുകൾ കരഞ്ഞിരുന്നു. ഇവിടെ, ഇതാ, യേശു ചിരിക്കുന്നു. സാംക്രമികമായ ചിരി.

ചിരിക്കാൻ വിധിക്കപ്പെടാത്ത ചിലരെ ഓർക്കട്ടെ. ബുദ്ധൻ. ദുഖത്തിന്റെ കാരണം കണ്ടെത്തിയിട്ടും, ആനന്ദം അറിഞ്ഞിട്ടും, ബുദ്ധൻ ചിരിച്ചിരുന്നില്ല. പക്ഷേ പോഖ്രാനിലെ സ്ഫോടനത്തിൽ നമ്മൾ“ബുദ്ധന്റെ ചിരി“ കേട്ടു; കുടവയറും പൊണ്ണത്തടിയും ശൂന്യമായ ശിരസ്സുമുള്ള ഒരു വൈകൃതത്തിന് “ചിരിക്കുന്ന ബുദ്ധൻ” എന്നു പേരിട്ടു. നമുക്കും ചിരിക്കാം. ഒരു കൊല്ലം കൂടി കടന്നുപോകുമ്പോൾ, ഒന്നും ചെയ്തില്ലല്ലോ എന്ന ഓർമ്മയുടെ ലഹരിയിൽ ഞാനും ചിരിക്കട്ടെ. അതായിരുന്നു കഴിഞ്ഞ കുറി പി ജെ ചെറിയാൻ അയച്ചുതന്ന വരികളിലെ ഓർമ്മപ്പെടുത്തൽ: “ഒരു കൊല്ലം കൂടി കടന്നുപോകുന്നു. നമ്മൾ എന്തു ചെയ്തു...?“

എന്തു ചെയ്യാൻ? പുതിയ സന്ദേശങ്ങൾ അയക്കുക, പുതിയ തീരുമാനങ്ങൾ എടുക്കുക, പുതിയ പരിചയങ്ങളും ശത്രുതകളും കണ്ടെത്തുക—എല്ലാം പഴയപോലെ. വാസ്തവത്തിൽ ഒന്നും പഴകുന്നില്ല. പുതിയതിനെപ്പറ്റിയുള്ള നാമജപം കേട്ടപ്പോൾ, ഗൌരി എന്നെ നോക്കി. കാലത്തെയോ സ്ഥലത്തെയോ പറ്റി എനിക്ക് കൂടുതൽ ധാരണയുണ്ടെന്ന് കരുതിക്കാണും. ഗൌരി ചോദിച്ചു: Tell me, Tutu, what is NEW?

ഞാൻ കൊഞ്ചിക്കുഴഞ്ഞു; പക്ഷേ ഇങ്ങനെ പറഞ്ഞില്ല: എല്ലാം പുതിയതു തന്നെ. നിമിഷം തോറും പുതുമ തോന്നിക്കുന്നതാണ് സൌന്ദര്യത്തിന്റെ സ്വരൂപം. ഒന്നും പുതിയതല്ല. നിത്യമായ ആവർത്തനമാണ് എല്ലാം. രണ്ടും പഴയ, പുതിയ, മൊഴി--ആണ്ടറുതിയും ആണ്ടുപിറവിയും പോലെ.

(ഡിസംബർ 29ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)