Tuesday, March 15, 2011

കാലഗർഭത്തിലേക്ക് ഒരു എത്തിനോട്ടം

ഒരു പ്രവചനം വന്നു കഴിഞ്ഞു. ഇഷ്ടപ്പെടാത്തവർ അതിനെ തള്ളിപ്പറഞ്ഞു. ഇഷ്ടപ്പെട്ടവർ അതു മാത്രമേ സത്യം എന്നു പറഞ്ഞു. ഇനിയും എത്രയോ പ്രവചനം വരാനിരിക്കുനു, വന്നുകൊണ്ടേയിരിക്കുന്നു!. എന്തു പ്രവചിച്ചാലും കേൾക്കുന്നവർക്ക് ഇമ്പമുളവാക്കണമെന്നേയുള്ളു. അതില്ലെങ്കിൽ അതു പ്രവചനമല്ല, വെറും പ്രചരണമാണെന്ന് ആളുകൾ ഭള്ളു പറയും. സത്യം പറയണം, പക്ഷേ പറയുന്നത് അപ്രിയസത്യമാകരുതെന്നാണ് പഴയ സംസ്കൃതപ്രമാണം. ന ബ്രൂയാത് സത്യം അപ്രിയം.

ഞാൻ ആദ്യം കേട്ട തിരഞ്ഞെടുപ്പു പ്രവചനം ഇ പി ഡബ്ല്യു ഡ കോസ്റ്റയുടേതായിരുന്നു--അറുപതുകളിൽ. അദ്ദേഹം ഇൻഡ്യൻ
ഇൻസ്റ്റിറ്റ്യൂട് ഒഫ് പബ്ലിക് ഒപിനിയൻ എന്ന സ്ഥാപനത്തിന്റെ ഡയറക്റ്റർ ആയിരുന്നു. ഈസ്റ്റേൺ എക്കോണൊമിസ്റ്റ് എന്ന വാരികയുടെ എഡിറ്ററും അദ്ദേഹമായിരുന്നു. തിരഞ്ഞെടുപ്പു വരുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാപനം എളിയ തോതിൽ നടത്തിയിരുന്ന സർവേ പ്രാഥമികമായ ചില ശതമാനക്കണക്കുകളും പ്രവണതകളും മാത്രമേ കൊടുത്തിരുന്നുള്ളു. സ്ഥാനാർഥികളുടെ പേരും ഊരും സാധ്യതയുമൊക്കെ വിശദമായി അപഗ്രഥിക്കാനോ പ്രവചിക്കാനോ അപ്പോൾ വഴിയില്ലായിരുന്നു. അക്കാദമികമായ ഒരു അഭ്യാസമെന്ന നിലയിൽ ഡ കോസ്റ്റ നടത്തിയിരുന്ന പ്രവചനത്തിന് അത്രയൊക്കെയേ പ്രാധാന്യവും മാധ്യമങ്ങളൂം നേതാക്കളും നൽകിയിരുന്നുമുള്ളു. അമേരിക്കയിൽ അതിനു മുമ്പും ചെറിയ തോതിൽ ഗാലപ് പോൾ സമ്പ്രദായം നിലവിൽ വന്നിരുന്നു.

ഡ കോസ്റ്റ ആ ചുവടു പിടിച്ച് സർവേ നടത്തുന്ന കാലത്ത്, സ്ഥാനാർഥികളും പാർട്ടികളും തന്നെയായിരുന്നു മുഖ്യപ്രവാചകർ. വിജയപരാജയസാധ്യതയെപ്പറ്റി, തിരഞ്ഞെടുപ്പിനെ ഗൌരവമായി കണ്ടിരുന്ന സ്ഥാനാർഥികൾക്കെല്ലാം ഒട്ടൊക്കെ ധാരണയുണ്ടായിരുന്നു. എല്ലാം കാണുന്നുവെന്ന് അഭിമാനിച്ചു നടക്കുന്ന പത്രക്കാർ അവർക്ക് കുട പിടിച്ചു. പത്രക്കാർക്ക് അറിയാത്തതായി ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല--അങ്ങനെ അവർ വിശ്വസിച്ചു. അവരും ഭരണകക്ഷിനേതാക്കളും രഹസ്യാന്വേഷണസേനയിലെ ഉദ്യോഗസ്ഥന്മാരും കൂടി അവരവരുടേതായ നിഗമനങ്ങൾ രൂപീകരിച്ചു. ആവശ്യമുള്ളപ്പോൾ മാത്രം അതിനു പരസ്യം കൊടുത്തു.

അവരിൽ കമ്യൂണിസ്റ്റുകാരുടെ പ്രവചനം കൃത്യമായിരിക്കുമെന്നായിരുന്നു ധാരണ. അന്നൊക്കെ അവർ തോൽവിയെയും ജയത്തെയും ഗീതയിൽ പറയുന്നപോലുള്ള സ്ഥിതപ്രജ്ഞതയോടെ കണ്ടു. ഓരോ ബൂത്തിലെയും സമ്മതിദായകരുടെ പെരുമാറ്റത്തെ അവർ വസ്തുനിഷ്ഠമായും സത്യസന്ധമായും വീക്ഷിച്ചു. എന്നിട്ട് അവർ നടത്തുന്ന പ്രവചനം മിക്കവാറും ശരിയായിരിക്കും. വ്യത്യാസം നൂറോ ഇരുനൂറോ വോട്ടിന്റേതു മാത്രമായിരിക്കും. അതായിരുന്നു അന്നത്തെ ജനകീയധാരണ. കാലം അതിനെയും തട്ടിനിരത്തിയിരിക്കുന്നു.

അതുമായി ബന്ധപ്പെടുത്തി, ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലെ ഒരു അനുഭവം പറയട്ടെ. അന്ന് സി പി എം സംസ്ഥാനസെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെ എനിക്ക് സാമാന്യം നന്നായറിയാമായിരുന്നു. വോട്ടെടുപ്പു കഴിഞ്ഞപ്പോൾ, വി എസ്സിന് തന്റെ ഉള്ളംകൈ പോലെ അറിയാമായിരുന്ന ആലപ്പുഴയെപ്പറ്റി ഞങ്ങൾ സംസാരിച്ചു. ബൂത് തലത്തിലുള്ള പ്രവർത്തകർ കൊടുത്ത കണക്കുകളെല്ലാം കൂട്ടിയും കിഴിച്ചും, തണുത്ത യാഥാർഥ്യബോധത്തോടെ അദ്ദേഹം എത്തിച്ചേർന്ന നിഗമനം സുശീല ഗോപാലൻ എണ്ണയിരത്തിലേറെ വോട്ടിനു ജയിക്കുമെന്നായിരുന്നു. വോട്ടെണ്ണിയപ്പോൾ അതിന്റെ പതിന്മടങ്ങ് ഭൂരിപക്ഷത്തോടെ വക്കം പുരുഷോത്തമൻ ജയിച്ചു.

പാളിപ്പോയത് വി എസ്സിന്റെ കണക്കു മാത്രമായിരുന്നില്ല. കേരളത്തിൽ പകുതിയിൽ കൂടുതൽ സ്ഥാനങ്ങൾ ഇടതുപക്ഷം നേടുമെന്നൊരു കണക്ക് ഇന്ത്യൻ എക്സ്പ്രസ്സിൽ ഞങ്ങൾ എഴുതിപ്പിടിപ്പിച്ചു. സ്ഥായിയായ വിരോധം കമ്യൂണിസത്തോടുമാത്രം ഉണ്ടായിരുന്ന എന്റെ എഡിറ്റർ എസ് കെ അനന്തരാമനും ആ കണക്ക് ശരിയെന്നു തോന്നിയതാണ് അത്ഭുതം. ഞങ്ങളുടെ പ്രവചനം നന്നേ മിതമാണെന്നായിരുന്നു എന്റെ അയൽവാസികൂടിയായിരുന്ന ഇ എം എസ്സിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ശാന്തിനഗറിലെ പത്താം നമ്പർ വീട്ടിൽ കുശലം പറയാൻ ചെന്നപ്പോൾ, അതിശായോക്തിയോ പ്രചരണോദ്ദേശമോ ഇല്ലാതെ ഇ എം പറഞ്ഞു: “ഇരുപതിൽ പതിനേഴും കിട്ടുമെന്നു ഞാൻ വിചരിക്കുന്നു. അതിൽ കൂടിയാലും അത്ഭുതമില്ല.” ഇരുപതിൽ പതിനേഴല്ല, പത്തൊമ്പതും കിട്ടി--പക്ഷേ അതു മറുചേരിക്കായിരുന്നുവെന്നു മാത്രം.

വാസ്തവത്തിൽ തിരഞ്ഞെടുപ്പു പ്രവചനം സ്ഥിതിവിവരഗണിതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയ ഒരു പഠനമായി അംഗീകാരം നേടിയത് ആ തിരഞ്ഞെടുപ്പിൽ ആയിരുന്നു. പ്രണയ് റായിക്ക് ഒരു പ്രവാചകന്റെ പ്രശസ്തി നേടിക്കൊടുത്തതും ആ തിരഞ്ഞെടുപ്പയിരുന്നു. അതിനു മുമ്പു അദ്ദേഹം സ്ഥിതിവിവരഗണിതത്തിലെ സങ്കേതങ്ങളുപയോഗിച്ച് സമ്മതിദായകരുടെ അഭിപ്രായം നേരത്തേ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് വിശ്വസനീയമായ ഒരു അഭ്യാസമായി പരിഗണിക്കപ്പെട്ടു തുടങ്ങിയത് അന്നായിരുന്നു. അന്ന് രാജീവ് ഗാന്ധിയുടെ വിജയത്തെപ്പറ്റി പ്രണയ് റായ് പറഞ്ഞുവന്നത് ശരിയായി. വിജയത്തിന്റെ പ്രവണത ശക്തി പ്രാപിച്ചപ്പോൾ, പ്രവചനം ഒരേ സമയം അസന്ദിഗ്ധവും ആ വിജയത്തെ ഒന്നു കൂടി ഊട്ടിയുറപ്പിക്കുന്നതുമായി. അങ്ങനെ ജയിക്കുന്ന പ്രവണത സാർവത്രികമായി പ്രകടമായാൽ, പിന്നെ അതു തിരിച്ചടിക്കുന്ന അവസരം ഉണ്ടാകാറില്ല. പ്രവചനം എളുപ്പമാകും. പ്രവാചകനാകട്ടെ, താൻ ജയിക്കുന്നുവെന്ന് തെളിയിക്കപ്പെടുന്നതിനോളം കൃതാർഥത വേറൊന്നുകൊണ്ടും ഉണ്ടാവുകയുമില്ല.

പ്രവചനം വിളമ്പുന്നവരുടെ ശക്തി, അല്ലെങ്കിൽ, ദൌർബല്യം, രണ്ടാണെന്നു പറയാം. ഒന്ന്, പ്രവചിക്കാൻ, കാലത്തിന്റെ ഗർഭത്തിലേക്ക് എത്തിനോക്കാൻ, ഭാവിയുടെ സ്വരൂപം വർത്തമാനത്തിൽത്തന്നെ കണ്ടറിയാൻ, ഉള്ള ആഗ്രഹം. രണ്ട്, അങ്ങനെ നടത്തുന്ന പ്രവചനം, പുറത്തു പറഞ്ഞാലും ഇല്ലെങ്കിലും, ശരിയാണെന്നു വരുത്താനുള്ള ശ്രമം. ഈ തത്വവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞുവെക്കണം, വേറെ എന്തും ചർച്ച ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്. മിക്കപ്പോഴും പ്രവചിക്കപ്പെടുന്ന കാര്യം പറയുന്ന ആൾക്കോ
കേൾക്കുന്ന ആൾക്കോ ഹിതമായിരിക്കും. കസാൻഡ്ര എന്ന യവനസുന്ദരി നടത്തിയിരുന്ന പ്രവചനമെല്ലാം സത്യവും അഹിതവുമായിരുന്നു. അതേ കാരണംകൊണ്ടാകാണം, കസാൻഡ്രയുടെ സത്യപ്രസ്താവങ്ങൾ വിശ്വസിക്കാൻ ആളില്ലാതായി. തുടക്കത്തിൽ പറഞ്ഞത് ഓർമ്മയില്ലേ, വിശ്വസിക്കാൻ കൊള്ളാവുന്ന സത്യമേ പറയാവൂ.

ഡ കോസ്റ്റയുടെ പ്രവചനശ്രമം കഴിഞ്ഞ് ഏറെ കൊല്ലത്തിനുശേഷം, പക്ഷേ പ്രണയ് റായിയുടെ ആലഭാരത്തോടുകൂടിയുള്ള സംരംഭത്തിനു മുമ്പ്, തിരഞ്ഞെടുപ്പു കാലത്ത് പ്രവചനം ഇറങ്ങാൻ തുടങ്ങി. പല ഘട്ടങ്ങളിൽ അതു നടക്കും. തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ആലോചന തുടങ്ങുന്നതിനുമുമ്പ്, കാലം അതിന്റെ കീശയിൽ എന്തൊക്കെ ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്നറിയാൻ ഒരു സർവേ നടത്താം. തിരഞ്ഞെടുപ്പ് പ്രാഖ്യാപിച്ചാലുടൻ, സമ്മതിദായകരുടെ മനോഗതം അറിയാൻ നോക്കാം. പ്രചാരണം മുറുകിയാൽ വീണ്ടും സർവേ ആകാം. പിന്നെ വോട്ടു രേഖപ്പെടുത്തി വരുന്നവരോട് കാര്യം ചോദിച്ചറിയാം. അതിനുശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സ്ഥിതിക്ക് ഒരു സർവേ കൂടി നടത്തുന്നതിൽ അർഥമില്ലാത്തതുകൊണ്ട് അതു നടത്തുന്നില്ലെന്നു മാത്രം. വിപണിയുടെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്നതുപോലെ, സമ്മതിദായകരുടെ ഇഷ്ടാനിഷ്ടങ്ങൾ വിലയിരുത്താനുള്ള ശ്രമം. അത്ര തന്നെ. സമ്മതിദായകരും ഒരു തരത്തിൽ ഉപഭോക്താക്കളാണല്ലോ.

ഈ രാഷ്ട്രീയവിപണനതന്ത്രത്തെ മനുഷ്യമൻശ്ശാസ്ത്രവുമായി ബന്ധപ്പെടുത്തിയേ നിരീക്ഷിക്കാൻ പറ്റൂ. നിഗൂഢതയിൽ ഊളിയിട്ടിറങ്ങാൻ വെപ്രാളപ്പെടുന്നതാണ് മനുഷ്യസ്വഭാവം. നാളെയുടെ ഭാവം നേരത്തേ കണ്ടറിയണം. ഭാവിയുടെ അനിശ്ചിതത്വം വർത്തമാനത്തെ അസ്വസ്ഥമാക്കുന്നു. കഷണ്ടിയിൽ മുടി മുളപ്പിക്കാനുള്ള എണ്ണ വിപണിയിൽ ഇറക്കുമ്പോൾ, ആളുകൾ വാങ്ങുമോ എന്നറിയാൻ
നിർമ്മാതാവ് അക്ഷമനായി കാത്തിരിക്കുന്നതുപോലെ, ദേഹം വെടിയുന്ന ദേഹി എങ്ങനെ വർത്തിക്കുന്നുവെന്ന അന്വേഷണവും അനന്തമായും അക്ഷമമായും തുടരുന്നു. അതിന് എന്തു സംഭവിക്കും, എണ്ണ വിറ്റഴിയുമോ, ഭാഗ്യം തെളിയുമോ, കഷ്ടകാലം തീരുമോ, പൊളിഞ്ഞ ബന്ധം കൂടിച്ചേരുമോ, ഉദ്യോഗക്കയറ്റം കിട്ടുമോ, തിരഞ്ഞെടുപ്പിൽ ജയിക്കുമോ---അങ്ങനെ വരാനിരിക്കുന്ന ഓരോ കാര്യത്തെച്ചൊല്ലിയുമുള്ള ഉൽക്കണ്ഠക്കുള്ള ഉത്തരമാണ് പ്രവചനം.

പ്രവചനം കൊഴുപ്പിക്കാൻ പല വഴികളും ഉപകരണങ്ങളും കണ്ടെത്തിയതാണ് മനുഷ്യന്റെ ഒരു നേട്ടം. നക്ഷത്രങ്ങളെ നോക്കിയും, കവിടി നിരത്തിയും, അക്ഷരങ്ങൾ ഉരുക്കഴിച്ചും, അക്കങ്ങൾ കൂട്ടിയും കിഴിച്ചും, പല്ലിയുടെയും പക്ഷിയുടെയും ഭാഷ വ്യാഖ്യാനിച്ചും, മഷിയും വെറ്റിലയുമൊക്കെ നോക്കിയും കാലരഹസ്യം കണ്ഠെത്താൻ മനുഷ്യൻ ധൃതി കൂട്ടുന്നു. ഒരിക്കൽ ജയിച്ചാൽ കോളായി. പിന്നെ പറ്റുകാരുടെ വരവായി. പറ്റുകാർ കൂടിയാൽ, പ്രവചനം നടത്തുന്നയാൾ ദിവ്യനായി. അങ്ങനെ നാളെയെ മുൻ കൂട്ടി കാണുന്നവർക്ക് മനുഷ്യൻ എന്നും ഒരുതരം അതിമാനുഷസ്ഥാനം കല്പിച്ചുകൊടുക്കുന്നു. തെങ്ങിൽ കയറുകയോ നീന്തൽക്കുളത്തിൽ കണ്ണഞ്ചിക്കുന്ന അഭ്യാസം കാണിക്കുകയോ പരിചിതമായ പദാവലികൊണ്ട് അപരിചിതവും അത്ഭുതകരവുമായ ഭാവപ്രപഞ്ചം സൃഷ്ടിക്കുകയോ ചെയ്യുന്നവരെ നാം മിടുക്കരായ മനുഷ്യരായേ കാണുന്നുള്ളു. അവരിൽ അമാനുഷികത്വം ആരോപിക്കാറില്ല. നാളെ കല്യാണം നടക്കുമെന്നു പറയുന്ന പ്രവാചകൻ അങ്ങനെയല്ല. കാലത്തിന്റെ അന്തരാളം കാണുന്നയാൾ അമാനുഷികനാകാതെ തരമില്ല. ചുമ്മാ ഒരാളെ ആരാധിക്കാൻ പറ്റുമോ?

പറയുന്നതൊക്കെ ശരിയാക്കിയെടുക്കണമെന്നതാണ് പ്രവാചകന്റെ തത്രപ്പാട്. അതിനുള്ള പല വഴികളും അവർ കണ്ടുപിടിക്കുന്നു. ശരിയായിപ്പോകുന്ന പ്രവചനം അതിന്റെ തന്നെ പരസ്യമാകും. ശരിയാകാത്ത പ്രവചനം ഒളിച്ചുവെക്കുന്നതാണ് വൈഭവശാലിയായ പ്രവാചകന്റെ സാമർഥ്യം. ഓന്നോർത്തുനോക്കൂ, വീണ്ടും വീണ്ടും പൊളിഞ്ഞുപോയ പ്രവചനം നടത്തിയ ഒരാളെപ്പോലും നിങ്ങൾക്ക് ഓർക്കാൻ കഴിയില്ല. അത്തരം പ്രവാചകന്മാർ ഏറ് കാണും, പക്ഷേ അവരാരും ആത്മകഥ എഴുതാൻ ഇഷ്ടപ്പെടില്ല. പ്രവചനം ശരിപ്പെടുത്താൻ ഒരു ജ്യോത്സ്യൻ ഉപയോഗിച്ച തന്ത്രം അസ്സൽ ആയിരുന്നു. പിറക്കാൻ പോകുന്ന കുട്ടി ആണാണെന്ന് എഴുതിക്കൊടുത്തു. പെൺകുട്ടി പിറന്നപ്പോൾ, വീട്ടിന്റെ മേപ്പടിയിൽ തിരുകിവെച്ചിരുന്ന ഒരു കീറക്കടലാസ് എടുത്തു കാണിച്ചു. അതിൽ ഉണ്ടായിരുന്നു ശരിയായ പ്രവചനം: പെൺകുട്ടി. ഭാഗ്യം, പിറന്നത് നപൂംസകമായില്ല.


(malayalam news 14/3