Friday, May 7, 2010

അബു: സാരമല്ലാത്ത കുറെ ഓർമ്മകൾ

ആദ്യമേ അബു ഒരു പ്രശ്നമായിരുന്നു. അബു ആർ? മുസ്ലിമോ ക്രിസ്ത്യാനിയോ? രണ്ടായാലും ഒന്നു തന്നെയാണെങ്കിലും, പേരുവഴി അന്നൊക്കെ മതത്തിന്റെ വെവ്വേറെ എടുപ്പുകളിൽ എത്താമായിരുന്നു. മതത്തെ മറച്ചുവെക്കുകയോ മറിച്ചുകാണിക്കുകയോ ചെയ്യുന്നവയായിരുന്നില്ല അന്നത്തെ പേരുകൾ. അതുകൊണ്ട് അബു അബു അല്ല, അബ്രഹാം ആണ് എന്നു തർക്കിക്കാൻ അറിവുള്ള ആരെയും കണ്ടുമുട്ടിയിരുന്നുമില്ല. ഏതോ ഒരു ബ്രിട്ടിഷ് എഡിറ്റർ അബ്രഹാം അബ്രഹാമിനെ അബു അബ്രഹാമും പിന്നെ വെറും അബുവും ആക്കി മാർഗ്ഗം കൂട്ടുകയായിരുന്നുവെന്നു മനസ്സിലാക്കാൻ കുറെ കാലം വേണ്ടി വന്നു. ഇടക്കു പറയട്ടെ, ഒപ്പം ജോലി ചെയ്യുന്നവരുടെ പേരു മാറ്റുകയാണ് പല എഡിറ്റർമാരുടെ ഒരു വിനോദം. മറ്റൊന്നും മാറ്റാൻ വയ്യാത്ത നിലക്ക്, നിസ്സഹായരായ ചിലരുടെ പേരെങ്കിലും മാറ്റിയാൽ അതൊരു നേട്ടമാകും എന്നായിരിക്കും വിചാരം.

കുറുകിയും ചരിഞ്ഞും കാണപ്പെട്ട abu എന്ന ഇംഗ്ലിഷ് ത്ര്യക്ഷരി, എന്നെ സംബന്ധിച്ചിടത്തോളം, അരൂപിയായ എന്തിന്റെയോ നാമം ആയിരുന്നു ഏറെക്കാലം. നാമരൂപങ്ങളെ ബന്ധിപ്പിക്കുന്ന കൺഫ്യൂഷ്യസിന്റെ തലയും നീളം കുറഞ്ഞ ഉടലും ആദ്യമായി കണ്ടതാകട്ടെ, മൂന്നു മാനങ്ങളുള്ള വസ്തുവായിട്ടല്ല, വെറും നിഴൽ ആയിട്ടായിരുന്നു. ടെലിവിഷന്റെ വർണ്ണരാജി കറുപ്പിലും വെളുപ്പിലും ഒതുങ്ങിയിരുന്ന കാലത്ത്, ദൃശ്യപ്രക്ഷേപണം ദൂരദർശന്റെ സ്വന്തമായിരുന്ന കാലത്ത്, മറ്റുള്ളവരുടെ ആട്ടപ്രകാരം നോക്കിയും കോറിയിട്ടും ജീവിച്ചുപോന്ന അബു ഒരേ സമയം അവതാരകനും അഭിമുഖസംഭാഷകനും ആലേഖ്യകാരനും ആയി ഇളകിയാടി. കേളി കേട്ട ചിലരുമായി--അവരിൽ അധികവും അധികാരം വിറ്റും വാങ്ങിയും ഉപജീവനം നടത്തിയിരുന്നവരായിരുന്നു--അബു നടത്തുന്ന സംസാർമായിരുന്നു പരിപാടി.

കസാലയിൽ ഞെളിഞ്ഞിരിക്കുന്ന അതിഥിയോട് കൺഫ്യൂഷ്യസ് എന്തെങ്കിലും കിന്നാരം പറഞ്ഞുകൊണ്ടിരിക്കും. കർണ്ണന്റെ കവചം പോലെ ഉരിയാൻ വയ്യാത്ത കുർത്ത തന്നെയായിരിക്കും വേഷം. ചിലപ്പോൾ നീണ്ട മറുപടി വേണ്ട ചോദ്യമായിരിക്കും ചോദിക്കുക. ചിലപ്പോൾ ഉത്തരമായി മൌനം മതിയാകും. ചോദ്യം കേട്ട് അതിഥി മറുപടിയിലേക്ക് വഴുതി വീഴുമ്പോൾ, കൺഫ്യൂഷ്യസ് മൂലയിൽ വെച്ചിട്ടുള്ള ബ്ലാക് ബോർഡിനടുത്തേക്കു നീങ്ങും. പിന്നെ മൂന്നു കാലിൽ നിൽക്കുന്ന ആ കറുത്ത പലകയിൽ വെളുത്ത വരകൾ തെളിയാൻ തുടങ്ങുകയായി. മൂന്നു നാലു വരയാകുമ്പോഴേക്കും ഇല്ലായ്മയിൽനിന്ന് ഒരു രൂപം പുറപ്പെട്ടുവരും. നെറ്റി ചുളിക്കുകയോ മുഖം
കൂർപ്പിക്കുകയോ ഓട്ടക്കണ്ണിട്ടു നോക്കുകയോ ചെയ്യുന്ന അതിഥിയുടെ രൂപം. സംസാരത്തിനിടയിൽ അതിഥിയിൽ വരുന്ന ഭാവഭേദമാകും ചിത്രത്തിന്റെ സാരം.

ഓരോ വര കോറുന്നതിനിടയിലും അവതാരകൻ ബോർഡിനും അതിഥിക്കുമിടയിൽ സാവധാനം നീങ്ങിക്കൊണ്ടിരിക്കും--ചോദ്യവും വിശദീകരണവും മയത്തിലുള്ള നിരീക്ഷണവുമായി. രൂപത്തിന്റെ ആവിർഭാവം ഒരിക്കലും ഒറ്റയടിക്കായിരുന്നില്ല. ഓരോ വരക്കിടയിലും ഒരുപാട് വാക്കുകൾ മുഴങ്ങി. വാക്കും വരയും കലർന്ന ആ പരിപാടിക്ക് പതിവില്ലാത്ത ഒരു തരം പക്വതയും പൂർണ്ണതയും ഉണ്ടായിരുന്നു. നിർമ്മാണത്തിലെ ഭാവന പോലെ അവതരണത്തിലെ അനായാസതയും അബുവിന്റെ പരിപാടിയെ പൊലിപ്പിച്ചു. അങ്ങനെയൊന്ന് പിന്നീട് കണാനിടയായിട്ടില്ല. അബുവിനെപ്പോലൊരാളെയും എവിടെയും എപ്പോഴും കാണാറില്ലല്ലോ.

നാളികേരപാകത്തിലുള്ള നാടൻ കൃഷിക്കാരനെ നായകനാക്കി അര നൂറ്റാണ്ടോളം ചിത്രം വരച്ച അബുവിനെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആപ്പീസ്സിൽ നേരിൽ കണ്ടപ്പോൾ, പ്രതിഭയുടെ രൂപം ഇത്ര സാധാരണവും സമീപവുമാകാമല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
സർഗ്ഗാത്മകതയും നർമ്മബോധവും ദിവസവും തെളിയിക്കാൻ നിയോഗിക്കപ്പെടുന്നവരാണ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ വരക്കുന്നവർ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യണം എന്നാണ് നിർവചനമെങ്കിൽ അബുവിനെ ഉൾപ്പെടുത്താൻ വേറെ വർഗ്ഗം കാണേണ്ടിവരും. അദ്ദേഹം എപ്പോഴെങ്കിലും ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ--ഹാസ്യചിത്രങ്ങൾ?--പൊള്ളച്ചിരിക്കു വക നൽകിയിരുന്നില്ലെന്നു മാത്രം അറിയാം.

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി ബ്യൂറോയിൽ കടന്നുവന്ന കൺഫ്യൂഷ്യസിന്റെ വായിൽ പൈപ്പും കയ്യിൽ വലിയ കടലാസ്സിൽ വരച്ചുകൊണ്ടിരുന്ന ചിത്രവും ഉണ്ടായിരുന്നു. അതിനെപ്പറ്റി അഭിപ്രായം ആരായാനായിരുന്നു വരവ്‌. വാർത്ത ഭക്ഷണവും പാനീയവുമാക്കി ജീവിക്കുന്ന ആരെയും അടുത്തു കിട്ടിയാൽ അബു തന്റെ വരകളിലൂടെ തെളിയുകയും ഒളിയുകയും ചെയ്യുന്ന രാഷ്ട്രീയയാഥാർഥ്യത്തെപ്പറ്റി സംസാരിക്കും. സ്വാഭാവികമായും ബ്യൂറോ ചീഫ് ആയിരുന്ന എച് കെ ദുവ ആയിരുന്നു ആദ്യം അഭിപ്രായം പറയാനുള്ള അവകാശവും ആഗ്രഹവും വിനിയോഗിക്കുക. ഒരു ആചാരം പോലെ ചിരിച്ചിരുന്ന ദുവ പിന്നെ അധികാരത്തിന്റെ പടികൾ കയറിക്കയറിപ്പോയി. എ എൻ ദർ എന്ന സൌമ്യനായ മനുഷ്യൻ, തഴയപ്പെട്ടു കഴിഞ്ഞിരുന്നപ്പോഴും, സൌമ്യമായി അബുവിന്റെ കൃതിയെപ്പറ്റി രണ്ടോ രണ്ടരയോ വാക്ക് ഉച്ചരിച്ചു. അബു അത് പ്രത്യേകശ്രദ്ധയോടെ കേൾക്കുന്നതുപോലെ തോന്നി. വായനയും വ്യാകരണവും തമാശയും ദൌർബ്ബല്യമായിരുന്ന അസീം ചൌധരിയുടെ അഭിപ്രായത്തിനുവേണ്ടിയും അബു കാത്തുനിന്നു. അസീം എങ്ങോട്ടും ഉയരാതെ, എന്നും ഏകാകിയായി കഴിഞ്ഞു. കുൽദീപ് നയ്യാർ മുറിയിൽ ഉള്ള നേരമാണെങ്കിൽ, പുറത്തുവന്ന് കൊള്ളാമെന്നു പറയും. എന്റെ അഭിപ്രായത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല.

പിന്നെ ഞാൻ അബുവിനെ കാണുന്നത് തിരുവനന്തപുരത്ത് എനിക്കുവേണ്ടി സ്നേഹിതന്മാർ ഒരുക്കിയ ഒരു സൽക്കാരത്തിൽവെച്ചായിരുന്നു. വീണ്ടും കൺഫ്യൂഷ്യസിന്റെ ബിംബം എന്റെ ഓർമ്മയിൽ തള്ളിക്കയറി. കൺഫ്യൂഷ്യസ് വാക്കുകളിൽ കൂടുതൽ പിശുക്കനായിക്കഴിഞ്ഞിരുന്നോ എന്നു തോന്നി. പഴയ അവ്യക്തമായ പരിചയം, അവ്യകതമായ ഭാഷയിൽ, കൂടുതൽ അവ്യക്തമായിക്കൊണ്ടിരുന്ന സായാഹ്നത്തിൽ, ഒരു ക്ലബ്ബിലെ ലഹരി മുറ്റിയ ഉദ്യാനത്തിൽവെച്ചു പങ്കിട്ടു. ഹാസ്യചിത്രകാരൻ അതിനകം എഴുത്തുകാരനായി മാറിയിരുന്നു. അതിനെക്കാൾ പ്രധാനമായി ഞാൻ കണ്ടത് അബു സ്വന്തമാക്കിയ വീടിന്റെ ഭംഗിയായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചപ്പോൾ, അബു വേറൊന്നു കൂടി തീരുമാനിച്ചിരുന്നു: തന്റെ വീടിന് തന്റെ ചിത്രങ്ങളോളം തനിമ ഉണ്ടായിരിക്കണം. ഗോൾഫ് ലിങ്ക്‌സിൽ ലാറി ബേക്കർ നിർമ്മിച്ച അബുവിന്റെ വീട് ഭൂമിയുടെ അടയാളമായി.

ആ വീട്ടിൽ ആദ്യം പോയത് ഞാൻ ഏഷ്യാനെറ്റിൽ നടത്തിയിരുന്ന കാഴ്ചവട്ടം എന്ന അഭിമുഖപരിപാടിയിൽ അബു പങ്കെടുക്കാൻ തയ്യാറാകുമോ എന്നറിയാനായിരുന്നു. അബു മടി കൂടാതെ, പക്ഷേ ആവേശമില്ലാതെ, തയ്യാറായി. എത്ര പേർ തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എത്ര പേരെ താൻ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! പിന്നെ എന്ത് ആവേശം? ഇന്റർവ്യൂ പതിവുപോലെ പോയി. ചോദ്യങ്ങൾ. ഉത്തരങ്ങൾ. വീണ്ടും ചോദ്യോത്തരങ്ങൾ. മൌനങ്ങൾ. ആയിരം തവണ പറഞ്ഞുപോയ കാര്യങ്ങൾ. അബുവിന്റെ വര കണ്ട് മുറിവേറ്റവരുടെ പരാതികൾ. അങ്ങനെ അധികമാരും മുറിവേറ്റിരുന്നില്ല. കണ്ടവരെയൊക്കെ മുറിവേറ്റി രസിക്കുന്ന കാർട്ടൂണിസ്റ്റ് സാഡിസമായിരുന്നില്ല അബുവിന്റെ കൃതികളുടെ സ്ഥായീഭാവം. വിമർശിക്കപ്പെടുന്നവർക്കും, കാര്യങ്ങളെ വേറൊരു വഴിക്കും കാണാമല്ലോ എന്ന് ഒരേ സമയം സരസമായും ഗംഭീരമായും തോന്നിപ്പിക്കുന്നതായിരുന്നു അബുവിന്റെ വഴി. എന്നിട്ടും അടിയന്തരാവസ്ഥയിൽ ആരൊക്കെയോ മുഷിഞ്ഞു. അതാണല്ലോ അടിയന്തരാവസ്ഥ. ആ അവസ്ഥയിൽ മനുഷ്യർ ചിരിക്കാനോ മോങ്ങാനോ പാടില്ല. അങ്ങനെ--ഏകാധിപത്യത്തിൽ ആളുകൾ ചിരിക്കാറില്ല എന്ന്--പറഞ്ഞുകൊണ്ട് തന്റെ ഹാസ്യവാരിക അടച്ചിട്ടതും ഒരു മലയാളി തന്നെ: ശങ്കർ.

കാഴ്ചവട്ടത്തിലെ സംസാരത്തിനിടയിൽ അബു കയ്യിൽ കിട്ടിയ കടലാസിൽ തലങ്ങും വിലങ്ങും കോറുന്നതു കണ്ടു. ആ വരകൾ ഞാനായി. അടിയിൽ മൂന്നക്ഷരത്തിൽ ഒപ്പിട്ട് അത് എനിക്കു തരുമ്പോൾ അബു പറഞ്ഞു: “ബി ബി സിയിൽ പരിപാടിക്കു വിളിക്കുമ്പോൾ, അവർ എനിക്ക് രണ്ടോ മൂന്നോ സ്കോച്ച് തരും. ഇവിടെ....?” ഇവിടെയും അതു വേണ്ടതാണെന്നും കൂട്ടിന് ഞാനും കൂടാമെന്നും ശശികുമാറിനോടു പറയാമെന്നായി ഞാൻ. പറയാൻ ഇട വന്നില്ല. അതിനിടെ ശശികുമാർ ഏഷ്യാനെറ്റ് വിട്ടു. കാഴ്ചവട്ടം നിൽക്കുകയും ചെയ്തു.

അബുവുമായുള്ള സംസാരമായിരുന്നു ആ പരിപാടിയിലെ അവസാനത്തെ ഇനം. അബു ആർക്കെങ്കിലും ഇരുന്നുകൊടുത്ത അവസാനത്തെ ഇന്റർവ്യൂവും അതായിരുന്നു. നാലാഴ്ച കഴിഞ്ഞ് പ്രക്ഷേപണം നടന്നപ്പോൾ, എന്റെ ഫോണിൽ ആദ്യമായി അബുവിന്റെ ശബ്ദം കേട്ടു. ആ പരിപാടിയുടെ സിഡി കിട്ടാൻ വഴിയുണ്ടോ എന്നായിരുന്നു അന്വേഷണം. തന്റെ മുഖം കാണ്ടും കേട്ടും കൌതുകം തീരാഞ്ഞിട്ടല്ല. എത്രയോ തവണ എത്രയോ പേർ ഇന്റർവ്യു തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എന്നാലും ഞാനുമായുള്ള സംസാരം കണ്ടപ്പോൾ വേറിട്ട ഒരു അനുഭവം ഉണ്ടായെന്ന് അബുവിന്റെ മകൾ എവിടെനിന്നോ വിളിച്ചു പറഞ്ഞുവത്രേ. അദ്ദേഹമോ ഞാനോ അതു കണ്ടിരുന്നില്ല. അതൊന്ന് കാണാൻ തരപ്പെടുമോ?

തരപ്പെട്ടില്ല. ഒന്നു രണ്ടു തവണ പരിപാടിയുടെ സിഡി സംഘടിപ്പിക്കാൻ ആരെയെല്ലാമോ വിളിച്ചതോർക്കുന്നു. പിന്നി വിളിക്കാൻ പോലും ഓർത്തില്ല. കൌതുകം വേറെ വഴികളിലൂടെ നീങ്ങുകയായിരുന്നു. അബുവുമായുള്ള ബന്ധവും സ്ഥലത്തിന്റെ അകലത്തിൽ മുറിഞ്ഞുപോയി. തേടിപ്പിടിച്ചുകൊടുക്കാൻ പറ്റാതെ പോയ ആ സിഡിയുടെ ഓർമ്മ, യാഥാർത്ഥ്യത്തിന്റെ വികലീകൃതമായ കാർട്ടൂൺ പോലെ ഇന്നും എന്നെ അലോസരപ്പെടുത്തുന്നു.

(for ratnakaran's book: may five)

മണി മുഴങ്ങുന്നതാർക്കുവേണ്ടി?

പന്ത്രണ്ടു തിങ്കളാഴ്ചക്കു ശേഷം കണ്ടപ്പോൾ, ഗൌരിയുടെ കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു. അവൾ ഓടിപ്പോയി ഒരു മണി എടുത്തുകൊണ്ടുവന്നു. തിളക്കമില്ലാത്ത, പുറമേ ചിത്രപ്പണിയും പിടിയിൽ വൃത്താകൃതിയിൽ നാലു ദ്വാരങ്ങളുമുള്ള ഒരു മണി. എല്ലാ മണിയെയും പോലെ അതും ശബ്ദിച്ചു. പക്ഷേ ഗൌരിയെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല. മണിയുടെ വാവട്ടത്തെ ഉരുമ്മിക്കൊണ്ട് അവൾ ഒരു തടിക്കഷണം കറക്കി. കറക്കം വേഗത്തിലായതോടെ, മണിയിൽനിന്ന് ഒരു തരം സീൽക്കാരം പുറപ്പെട്ടു. ആരോ അതിന് ഓം എന്നു പേരിട്ടിരുന്നു.

കൂർഗ്ഗിലെ ബൈലകുപ്പയിൽ ടിബറ്റുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുനിന്ന് ഗൌരി സ്വന്തമാക്കിയതായിരുന്നു ഓം മണി. മണിയടിയും മണിയൊച്ചയും മണിനാദവും മണിമുഴക്കവുമൊക്കെ ഏറെ കേട്ടിട്ടുള്ള എന്നെയും ഓം മണി അത്ഭുതപ്പെടുത്തി. അതിന്റെ പരിചിതവും സാധാരണവുമായ കിണികിണി അല്ല, ഒന്നിനൊന്നു ഉയർന്നുപോകുന്ന സീൽക്കാരമായിരുന്നു അത്ഭുതത്തിനു നിദാനം. ധ്യാനത്തിലേക്കും ഭക്തിയിലേക്കും അനിവാര്യമായും നയിക്കുമത്രേ ആ മണിധ്വാനം. ഒരു പക്ഷേ എല്ലാ മണികളുടെയും ഉദ്ദേശവും ഫലവും അതാണെന്നു തോന്നുന്നു: മനസ്സ് ഉറപ്പിച്ചുനിർത്തുക.

ടിബറ്റൻ ലാമകളാണ് അതിന്റെ ആശാന്മാർ. മണികളും പതാകളും എന്നും അവരുടെ പരീക്ഷണവസ്തുവായിരുന്നു. പ്രാർഥന എഴുതിയ പതാക കാറ്റിൽ പറക്കുമ്പോൾ, എണ്ണമറ്റ രീതിയിൽ ഉരുവിടുന്നതിന്റെ ഫലമുണ്ടാകും. ആളുകൾ സഹിക്കേണ്ട അധ്വാനം കാറ്റ് ഏറ്റെടുക്കുന്നുവെന്നാണ് സങ്കല്പം. മണിക്കും അങ്ങനെ ചെയ്യാൻ കഴിയും. ഞങ്ങൾക്ക് ഒരു വിവാഹവാർഷികത്തിന് കിട്ടിയ ഉപഹാരം ഒരു തരം മണി ആയിരുന്നു. പല നീളത്തിലുള്ള കുറെ ചെമ്പുകുഴലുകളുമായി ബന്ധിപ്പിച്ച വൃത്താകൃതിയിലുള്ള ഒരു മരത്തകിടിനെ ചരടിൽ തൂക്കിയിട്ടതാണ് ആ മണി. മൈതാനത്ത് തൂക്കിയിട്ടാൽ, കാറ്റിന്റെ കളികൊണ്ട് ഒരിക്കലും ആവർത്തിക്കാത്ത ശബ്ദം അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. അതിന്റെ ഈണം പറ്റി പോയാൽ, ബോധത്തിന്റെ സീമക്കപ്പുറം ചെല്ലാമത്രേ. ഞങ്ങൾക്കു കിട്ടിയ ഉപഹാരമണി പുറത്തല്ല, സ്വീകരണമുറിയിൽ തൂക്കിയിട്ടു. സംഭാഷണത്തിനിടയിൽ സന്ദർശകർ ഇടക്കിടെ മണിയുടെ സ്മരണികയിലേക്കു തിരിയും. അതിന്റെ തരംഗത്തിലേറി ഞാൻ ചിലപ്പോൾ ധ്യാനത്തിൽ ലയിക്കാറുണ്ടെന്നു പുളു അടിച്ച് അവരെ രസിപ്പിക്കാൻ നോക്കും.

ആദിമമനുഷ്യന്റെ ആദ്യത്തെ ആശയവിനിമയോപാധികളിൽ ഒന്നായ മണിയുടെ പ്രാഗ്രൂപം കണ്ടെത്തിയത് ചൈനയിൽ ആണെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. അവിടെ കണ്ടുകിട്ടിയ ആദ്യത്തെ മണിക്ക് രണ്ടായിരത്തഞ്ഞൂറു കൊല്ലം പഴക്കമുണ്ടത്രേ. ചൈനക്കാർ അന്നേ മണി ഉപയോഗിച്ചിരുന്നത് ആധിഭൌതികമായ ആശയവിനിമയത്തിനായിരുന്നു പോലും. ഒരു തരത്തിൽ നോക്കിയാൽ, ഓരോ ആചാരത്തിനും ആവിഷ്ക്കാരത്തിനും, ഉത്ഭവദശയിൽ, ആധിഭൌതികബന്ധം ഉണ്ടെന്നു കാണാം. ഏതു കാലത്തും സ്ഥലത്തും മണി ഒരു ദിവ്യസ്വരം കേൾപ്പിക്കാൻ ഉപയോഗിച്ചിരുന്നു. പാട്രിക് പുണ്യവാളൻ ഭിമ്മാകരമായ ഒരു മണി വലികൊണ്ടുവന്നു, തന്റെ സിദ്ധി തെളിയിക്കാൻ. കാലം ചെന്നതോടെ, ആധിഭൌതികതക്കും ആശയവിനിമയത്തിനും അപ്പുറത്തേക്ക് മണി മുഴങ്ങി.

ഏതു രൂപത്തിലും മണി ആകാം--വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലും. ഏതു സാമഗ്രികൊണ്ടും മണി പണിയാം--മണ്ണുകൊണ്ടും മരംകൊണ്ടും ലോഹംകൊണ്ടും, പിന്നെ മനുഷ്യൻ ഏറ്റവും ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൊണ്ടും. പക്ഷേ ലോഹംകൊണ്ടുള്ള മണിതന്നെയാണ് അടിക്കാൻ സുഖം. മണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെങ്കലത്തിന്റെ പേരുതന്നെ മണിലോഹം എന്നാണല്ലോ. മണി ഉണ്ടാ‍ക്കാൻ വേണ്ടി ചെമ്പും പിച്ചളയും ഉരുക്കിയെടുത്തുനോക്കിയവരുടെ ഗവേഷണത്തിന്റെ ഫലത്തെ മണിലോഹം എന്നു തന്നെ വിളിക്കണം. വിളക്കും വാർപ്പും ആ ഗവേഷണത്തിന്റെ ഉപഫലമാണെന്നു വരുന്നു, അല്ലേ? എന്റെ സ്കൂളിൽ മണിയായി കെട്ടിത്തൂക്കിയിരുന്നത് ഒരു കഷണം തീവണ്ടിപ്പാളമായിരുന്നു.

മണിയുടെ നിരന്തരമായ ആവർത്തനം കമ്പിൽനിന്നു കമ്പിലേക്ക് കുതിക്കുന്ന കുരങ്ങനെപ്പോലുള്ള ചിന്തയെ ഒതുക്കി നിർത്താനും ദേഹത്തിന്റെ ചൂടും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉതകും. ജപമാലയുടെ ആദിമമായ ഉദ്ദേശവും വേറൊന്നല്ല. പക്ഷേ ആ മണികൊണ്ട് മനുഷ്യൻ പിന്നെ വേറെ എന്തെല്ലാം സാധിച്ചിരിക്കുന്നു. മണിയടിച്ച് കാര്യം സാധിക്കുകുയും മണിയടി കേട്ടാൽ പ്രസാദിക്കുകയും ചെയ്യുന്നവരെ നമുക്ക് തലമുറകളായി അറിയാം. പല ക്ലബ്ബുകളിലും ഓരോരോ ആവശ്യത്തിന് വിളിച്ചുകൂവുകയല്ല,
മേശപ്പുറത്തുള്ള മണി അടിക്കുകയാണ് പതിവ്. മണിയടി അവിടെ ഒരേ സമയം ആജ്ഞയായും നിവേദനമായും സ്മരണികയായും മാറുന്നു. അടിക്കുന്നയാൾ യജമാനന്റെയും പൂജാരിയുടെയും ഭാവം കൈക്കൊള്ളുന്നു. ഓർമ്മപ്പെടുത്തുന്നതാണ് പലപ്പോഴും മണി. ആലസ്യത്തിൽ ആണ്ടുപോകുന്ന ആകാശങ്ങളെയും ആളുകളെയും ഒരുപോലെ ഉണർത്താനും ഓരോന്ന് ഓർമ്മപ്പെടുത്താനും നാം മണി അടിച്ചുകൊണ്ടിരിക്കുന്നു.

അമ്മുവിന്റെ ആട്ടിൻ കുട്ടിക്ക് മണി ഉണ്ടായിരുന്നോ? മുറ്റത്തും പറമ്പിലും തുള്ളിച്ചാടുന്ന കുഞ്ഞാടിന് കുടമണി ഉണ്ടായാലേ ഐശ്വര്യം തോന്നുകയുള്ളു. അമ്പലപ്പശുവിനും വണ്ടിക്കാളക്കും എഴുന്നള്ളിക്കുന്ന ആനക്കും കഴുത്തിൽ കിലുങ്ങുന്ന മണി വേണം. അതു കെട്ടുന്ന മനുഷ്യൻ മൃഗത്തിന്റെ നൃത്തത്തിന് പക്കമേളം ഒരുക്കുകയാണോ, അതോ തന്റെ ചൊല്പടിയിൽനിന്ന് മൃഗം വഴി വിട്ടുപോകുന്നില്ല എന്ന്‌ ഉറപ്പു വരുത്താൻ ഒച്ച ഉണ്ടാക്കുകയാണോ? എന്തായാലും മണി എന്തിലുമേറെ ഒരു മുന്നറിയിപ്പാകുന്നു. ഒറ്റക്കു വരുന്ന കുഷ്ഠരോഗിയുടെ കയ്യിലെയോ കഴുത്തിലെയോ മണി കേട്ടാൽ, ഭയമുള്ളവർക്ക് ഓടിയൊളിക്കാം; അല്ലെങ്കിൽ അയാളെ ഓടിക്കാം. കൂട്ടമണിയായാൽ, കൂട്ടമുന്നറിയിപ്പാകും. മരണത്തെപ്പറ്റിയോ ആക്രമണത്തെപ്പറ്റിയോ ഉള്ള മുന്നറിയിപ്പ്.

മരണത്തെ അഞ്ച് ഇന്ദ്രിയങ്ങളുടെയും അനുഭവമായി ചിത്രീകരിച്ചുവരുന്നു. തണുപ്പും ഇരുട്ടുമാണ് മരണത്തിന്റെ പരിചിതരൂപകങ്ങൾ. എന്നാലും മരണത്തിന്റെ ശബ്ദം ഇടപ്പള്ളി മുതൽ കവാബാത്ത വരെ നീണ്ടുനീണ്ടുപോകുന്നു. ഇടപ്പള്ളി കേട്ടത് മരണത്തിന്റെ മണിമുഴക്കം ആയിരുന്നെങ്കിൽ, കവാബാത്ത അതിനെ ഒരു നോവലിൽ മലയുടെ ഒച്ചയിൽ ആവാഹിച്ചു. ഇരമ്പുന്ന മല മരണത്തിന്റെ ഉറക്കം കെടുത്തുന്ന മെറ്റഫർ ആയി. ഓരോ ആലോചനയിലും മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന ചോദ്യം ഉയർന്നു. ഓം മണിയുടെ സ്വരവൈചിത്ര്യം കണ്ടും കേട്ടും അത്ഭൂതം കൊണ്ടുനിൽക്കുന്ന ഗൌരിക്ക് ഉത്തരമില്ലാത്ത ആ ചോദ്യത്തിന്റെ ഭംഗി, അവൾക്കു മനസ്സിലാകുന്ന ഭാഷയിൽ, പറഞ്ഞുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ ഈ തിങ്കളാഴ്ച വരെ.


(malayalam news may ten)

വെട്ടിനിരത്താൻ കുറെ വാക്കുകൾ

ആരെന്തു വെട്ടിയാലും അരിശമോ അത്ഭുതമോ തോന്നതായിരിക്കുന്നു. ചിലർ മനസ്സിലാകാത്തതുകൊണ്ടു വെട്ടും. ചിലർ മനസ്സിലായെന്നു ധരിക്കുന്നതുകൊണ്ടു വെട്ടും. ഏറെ മുമ്പല്ല, എന്റെ ഒരു കുറിപ്പിൽ “ആറ്റുകാൽ ക്ഷേത്രത്തിൽ വെടി“ എന്നു കണ്ടപ്പോൾ എഡിറ്റർ “ആറ്റുകാൽ“ വെട്ടി. “ആറ്റുകാൽ“ ഒരു സംജ്ഞാ‍നാമം ആണ്, കുറിപ്പിലെ ഒരു അർദ്ധവിരാമത്തിൽ പോലും അസഭ്യമില്ല എന്നു പറയാൻ ഇടയുണ്ടായില്ല. ആ സ്ഥാപനത്തിന്റെ കാര്യക്കാർ പേരു പൊക്കി തട്ടിക്കയറിയാലോ? തിബത്തിലെ ലാമമാർ ഉപയോഗിക്കുന്ന ഒരുതരം മണിയെപ്പറ്റി എഴുതിയപ്പോൾ അതിന്റെ പേരു പറഞ്ഞുപോയി: “ഓം മണി“. എഡിറ്റർ ഓം മണിയെ വെറും മണിയാക്കി ശുദ്ധീകരിച്ചു. തെളിമ പോകാം, സാരമില്ല. അങ്ങുമിങ്ങും തൊടാതെ പറഞ്ഞാൽ ആർക്കും സൊല്ലയില്ലല്ലോ.

ചില ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും ഇപ്പോഴും ഒരു കുരു അളിയുന്നതു കാണാം. മുങ്ങിച്ചാകാൻ പോയ ഒരാളെ കര കയറ്റി
മിംസിൽ പ്രവേശിപ്പിച്ച കാര്യം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, മിംസ് എന്നു പറയില്ല; “സ്വകാര്യ ആസ്പത്രി” എന്നേ പറയൂ. ആർക്കും ചികിത്സ തേടാവുന്ന ഒരു സ്ഥാപനം സ്വകാര്യമാവുന്നതെങ്ങനെ? വാസ്തവത്തിൽ സർക്കാരിന്റേതല്ലാത്തതെന്നേ വിവക്ഷയുള്ളു. ഊരും പേരും പറഞ്ഞാൽ, അവിടെ കേറിച്ചെല്ലേണ്ടവർക്ക് ഉപകാരമാകും, ആശയവിനിമയത്തിന് വ്യക്തത എന്ന കാവ്യഗുണം ഉണ്ടാകും എന്ന വാദമൊന്നും ഏശില്ല. സർക്കാർവഴക്കത്തിലുള്ള നാമധർമ്മം തന്നെ ഇന്നും ആചാരം.

ആകാശവാണി തുടക്കത്തിൽ ഇറക്കിയതാണ് സർക്കാർ നാമധർമ്മം. സ്വകാര്യസംരംഭത്തിന്റെ വാർത്ത കൊടുക്കാൻ പാടില്ലെന്നു മാത്രമല്ല, പേരു പോലും ഉച്ചരിച്ചുകൂട. ഒന്നിന്റെ പേരു പറഞ്ഞാൽ മറ്റൊന്നിന്റെയും പേരു പറഞ്ഞില്ലെങ്കിൽ, പക്ഷഭേദം എന്ന ആരോപണമാകും. അതുകൊണ്ട് സർക്കാരേതരമാണെങ്കിൽ പേരേ പറയേണ്ട. പേരെങ്ങാനും പറഞ്ഞുപോയാൽ, വാണിജ്യപരമായ പരസ്യമായാലോ എന്നായിരുന്നു പേടി. ഇന്നും അതു തീർന്നിട്ടില്ല. വാർത്ത അരിച്ചെടുത്തുവെക്കുമ്പോൾ, സ്വകാര്യനാമം ഒന്നൊഴിയാതെ വെട്ടിക്കളയാൻ എഡിറ്റർ ശ്രദ്ധിക്കണം. കണ്ണൊന്നു തെറ്റി, വേണ്ടാത്ത വാക്ക് ഒന്നു പറഞ്ഞു പോയാൽ, പ്രക്ഷേപണധർമ്മം ലംഘിച്ചെന്ന മുറവിളിയുമായി സഹപ്രവർത്തകർ കള്ളപ്പേരിൽ കത്തെഴുതുകയായി. അങ്ങനെ തലങ്ങും വിലങ്ങും സംജ്ഞാനാമങ്ങൾ വെട്ടി ശീലിച്ച എനിക്ക് ആരെന്തു വെട്ടിക്കണ്ടാലും കുലുക്കമില്ലാതായിരിക്കുന്നു.

എന്തും പരസ്യമാകാം. മാനനഷ്ടമാകാം. പ്രകോപനമാകാം. ആനുകൂല്യമാകാം. അങ്ങനെയാകാവുന്നതൊന്നും പറഞ്ഞുകൂടെന്ന മാനുവൽ മുറുകെപ്പിടിച്ചാൽ പിന്നെ പ്രസക്തിയുള്ളതൊന്നും പറയാൻ പറ്റില്ലെന്നുവരുമെന്നാവും യുക്തി. സംഭവിക്കുന്നതോ മറിച്ചും. പത്രത്തിന്റെ ഒരു ഭാഗം വിലക്കെടുത്ത്, അതിൽ ഇഷ്ടമുള്ള വർത്തമാനം എഴുതിച്ചേർക്കുന്നതാണ് പുതിയൊരു വിപണനതന്ത്രം. അതിനെക്കാൾ പുതിയതാണ് പത്രത്തിന്റെ ഒരു ഭാഗവും വിലക്കെടുക്കാതെ, അതിന്റെ ഏതു ഭാഗത്തും അതിലെ ലേഖകന്മാരെക്കൊണ്ടുതന്നെ പ്രതിഫലം നൽകുന്ന ആൾക്കു വേണ്ടത് എഴുതിപ്പിക്കുന്ന വേല. അവിടെ എഡിറ്റർ ഒന്നും വെട്ടുകയില്ല. പണം വന്നാൽ, എഡിറ്ററുടെ മേലെയും പറക്കും.

പരസ്യം എത്രയാകാം, വാർത്ത എത്രയാകാം എന്നൊരു അംശബന്ധം പണ്ടുണ്ടായിരുന്നു. എല്ലാ അലിഖിതനിയങ്ങളെയും പോലെ, അതും മാറി, മറന്നു. കൊള്ളാത്തതെന്നു തോന്നുന്ന പരസ്യം വെട്ടാനും എഡിറ്റർമാർ മുതിർന്നിരുന്നതിന്റെ കഥകൾ ഓർക്കുന്നു. ഞാൻ ഇറക്കിയ ഒരു വിശേഷാൽ പ്രതിയിൽ അമിതോദാരമായി പരസ്യം ചെയ്യാൻ തയ്യാറായ ഒരു വ്യവസായിയുടെ ഉല്പന്നം എന്താണെന്നു നോക്കാൻ കൌതുകം തോന്നി. ഒരു സർവരോഗഹരൌഷധമായിരുന്നു പുള്ളിക്കാരന്റെ പൊടിക്കൈ. പാതി വായനയിൽ മനസ്സിലായി, ഇതാ വെള്ളം ചേർക്കാത്ത നുണ. പണം പോയാലും അതു വേണ്ടെന്നു ഞാൻ നിശ്ചയിച്ചു. അതു വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന ജനറൽ മാനേജരുമായി സൌഹൃദം തകർക്കുന്ന മട്ടിൽ ശണ്ഠ കൂടുകയും ചെയ്തു. ഇന്ന് അങ്ങനെ ഒരു ശണ്ഠ ഉണ്ടാവില്ല. പരസ്യം എല്ലാവർക്കും പഥ്യമായിരിക്കുന്നു. നുണ വെട്ടിക്കളയാൻ അതിജീവനശേഷിയുള്ള എഡിറ്റർ ഒരുമ്പെടുകയില്ല. വാർത്തയിൽ വരുന്ന ചില സംജ്ഞാനാമങ്ങൾ വെട്ടിമാറ്റാനേ എഡിറ്റർക്ക് അധികാരവും താല്പര്യവും ഉള്ളു.

സദാചാരഭ്രമവും അധികാരമോഹവും രോഗമാകുമ്പോൾ സമൂഹത്തിന്റെ വചനവും പെരുമാറ്റവും നിയന്ത്രിക്കാൻ നീക്കമുണ്ടാകും എന്നതാണ് ചരിത്രം. തന്റെ പേരു പറഞ്ഞ് ആളുകൾ ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, സാംബിയയിലെ ഒരു ഭരണാധികാരി തന്റെ പേരിനു തന്നെ നിരോധനം ഏർപ്പെടുത്തി. കനാൻ ബനാന എന്നായിരുന്നു പേർ. പേരു പറയാതെ ചിരിച്ചാൽ എന്തു ചെയ്യണമെന്ന ചിന്ത ഏകാധിപത്യത്തിൽ ഉദിച്ചിരുന്നില്ല. ബനാനയുടെ ചുവടു പിടിച്ച് അടിയന്തരാവസ്ഥയിൽ ചിലർ “ഫെബ്രുവരി 29“ കണ്ടിടത്തെല്ലാം വെട്ടിക്കളഞ്ഞു. ചോ രാമസ്വാമി ഷാ കമ്മിഷനിൽ വെളിപ്പെടുത്തിയതാണ് വിവരം. അദ്ദേഹത്തിന്റെ പത്രമായ തുഗ്ലക്കിന്റെ ഒരു ലക്കം “ഫെബ്രുവരി 29ന് മൊറാർജി ദേശായിക്ക് ജന്മദിനാശംസകൾ” ആശംസിക്കുന്നതായിരുന്നു. ആ വാക്കുകൾ പല വട്ടം പല ക്രമത്തിൽ സെൻസർക്കു സമർപ്പിച്ചു. എല്ലാം വെട്ടിപ്പോയി. പിന്നെ വാക്കുകൾ കുറച്ചു; എന്നിട്ടും വെട്ടിപ്പോയി. ഒടുവിൽ വെറും “ഫെബ്രുവരി 29“ സമർപ്പിച്ചു. ബുദ്ധിമാനായ സെൻസർക്ക് അറിയാമായിരുന്നു അതിലെയും സൂത്രം. അങ്ങനെ ആ തീയതിയും എഴുതാൻ പാടില്ലെന്നു വിധി ഉണ്ടായി.

വയോധികനായ, താടിയും മുടിയും നീട്ടിയ, എ ഡി ഗോരേവാല എന്ന ഐസിഎസ്സുകാരൻ നടത്തിയിരുന്ന വാരികയിൽനിന്ന് ഭരണഘടനയിലെ മുഖവാക്യം പോലും നീക്കം ചെയ്തു എന്നു കേട്ടപ്പോൾ, ഒരിക്കലും ചിരിക്കാത്ത ജസ്റ്റിസ് ജെ സി ഷായുടെ ചുണ്ടിൽ ചിരി പടരുന്നുണ്ടായിരുന്നു. Opinion എന്ന ആ വാരികയിൽ ഭരണഘടന അച്ചടിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമായിരുന്നില്ല. പക്ഷേ അധികാരവും സാമൂഹ്യധർമ്മവും നിയന്ത്രിക്കാൻ അവകാശപ്പെട്ടവരെന്നു സ്വയം ധരിക്കുന്നവർക്ക് എന്തു കണ്ടാലും പേടിയാകും.

അതൊക്കെ ഓർത്തോർത്ത്, ആരും എന്തും വെട്ടിക്കളഞ്ഞാൽ എനിക്ക് അരിശമോ അത്ഭുതമോ തോന്നാതായിരിക്കുന്നു. നമുക്ക് നമ്മുടെ നിരോധനങ്ങൾ കൊണ്ടാടാം. നിരോധിച്ചാൽ നീങ്ങുന്നവയെല്ലാം നീങ്ങിപ്പോകട്ടെ. ധനവും നിരോധനവും കണ്ടും കേട്ടും കമന്റ് അടിക്കാൻ നിയമിക്കപ്പെട്ടിരുന്നവരായിരുന്നല്ലോ ബീർബലും നമ്പ്യാരും. അവരുടെ അടക്കിപ്പിടിച്ച ചിരി ആവാഹിച്ചെടുത്ത്, നമുക്ക് നമ്മുടെ നിഷേധങ്ങൾ ആഘോഷിക്കാം.


(thejas may six kalakshepam)