Tuesday, December 14, 2010

കല്യാണവും ദുർഗ്ഗയും യുക്തിചിന്തയും

എഴുതുന്നതും വായിക്കുന്നതും കരുതിവെക്കാൻ ഞാൻ ഉപയോഗിക്കുന്നതാണ് ബ്ലോഗും ഫേസ്ബുക്കും. ആരുമായും ഇടപഴക്കത്തിനുള്ള ഇടമാകാറില്ല അതു രണ്ടും, എന്നെ സംബന്ധിച്ചിടത്തോളം. എന്നുവെച്ചാൽ, എന്റെ ബ്ലോഗിലും ഫേസ്ബുക്കിലും എന്തെങ്കിലും അഭിപ്രായം പറയാൻ കയറിക്കൂടുന്നവർ ഇല്ലെന്നർത്ഥം. പക്ഷേ കഴഞ്ഞ ആഴ്ച സിഡ്നിയിലുള്ള ദുർഗ്ഗാദത്ത് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ആറു വട്ടം കയറി വന്നു, ചൂടും വെളിച്ചവുമുള്ള അഭിപ്രായവുമായി.

പലപ്പോഴും ചൂടാകുന്ന കൂട്ടത്തിലാണ് ഡൽഹിയിൽനിന്ന് ഞാൻ പരിചയപ്പെട്ട, മലയാളം അധികം സംസാരിക്കാത്ത കോഴിക്കോട്ടുകാരനായ ദുർഗ്ഗദത്ത്. പത്രസംബന്ധമായ കമ്പ്യൂട്ടർ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നത് ദുർഗ്ഗക്ക് ഒരു ഹരമാണ്. ദുർഗ്ഗക്ക് തീർക്കാൻ കഴിയാത്ത ഒരു പ്രശ്നമില്ല, പ്രവൃത്തിയുടെ കാര്യത്തിൽ. സാധാരണ ജീവിതപ്രശ്നങ്ങളായിരുന്നു എന്നും ദുർഗ്ഗയുടെ മുന്നിലെ കീറാമുട്ടികൾ. തന്നോടൊപ്പം അതിവേഗം മുന്നോട്ടുനീങ്ങാൻ പറ്റാത്തവരോടുള്ള അക്ഷമയായിരുന്നു ഒരു പ്രശ്നം.

സിഡ്നിയിലേക്കു മാറിയ ശേഷം ദുർഗ്ഗ വല്ലപ്പോഴും ഒരു ചിത്രമയച്ചു തരും. അല്ലെങ്കിൽ മൂന്നു വാചകത്തിലേറെയാകാത്ത ഒരു സന്ദേശം. കഴിഞ്ഞയാഴച ആറു തവണ ഏറെക്കുറെ നീണ്ട കുറിപ്പുകൾ
എഴുതാൻ ദുർഗ്ഗയെ പ്രകോപിപ്പിച്ചത് ഞാൻ വായിച്ച ഒരു ലേഖനവും അതിനെപ്പറ്റി ഞാൻ രേഖപെടുത്തിയ അഭിപ്രായവുമായിരുന്നു. വിവാഹം എന്ന സ്ഥാപനം ഇടിഞ്ഞുപൊളിയുന്നതിനെപ്പറ്റിയായിരുന്നു ലേഖനം. തന്തയില്ലായ്മ ശകാരവിഷയമായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യമായിരുന്നു എന്റെ അഭിപ്രായം. അതു വായിച്ചുപോയപ്പോൾ ദുർഗ്ഗ ചൂടായി.

താമസിക്കാനെത്തിയ ഹോട്ടലിൽ ഏതോ ഫോറം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛന്റെ പേർ എഴുതണമായിരുന്നു. ആരും ഒന്നും ആലോചിക്കാതെ അതെഴുതിക്കൊടുക്കുന്നു. അച്ഛന്റെ പേർ എന്തിനെഴുതണം? എന്റെ പേർ പോരേ? ആളുകളെ എന്തിന് അച്ഛന്റെ ചെലവിൽ എഴുതിവിടുന്നു? ദുർഗ്ഗ തർക്കമായി. വാസ്തവത്തിൽ, ദുർഗ്ഗ പറഞ്ഞതിൽ കാര്യമില്ലാതില്ല. ആളുകളെ കാലത്തിലും സ്ഥലത്തിലും ഉറപ്പിച്ചുനിർത്താൻ വേണ്ടിയാണ് അച്ഛന്റെ പേർ കൂട്ടിച്ചേർക്കുന്നത്. പക്ഷേ തിരിച്ചറിവിന്റെ പുതിയ ഉപാധികൾ പലതും ഉള്ളപ്പോൾ, അച്ഛന്റെ പേർ വിളമ്പുന്നതെന്തിനെന്നായിരുന്നു ദുർഗ്ഗയുടെ ചോദ്യം. തിരിച്ചറിവിനാണെങ്കിൽ, അമ്മയുടെ പേരല്ലേ കൂടുതൽ വിശ്വസനീയമാകുക? അച്ഛനെപ്പറ്റി വല്ലപ്പോഴുമൊക്കെ രണ്ടഭിപ്രായം ഉണ്ടാകാം. അഭിപ്രായം ഒരിക്കലും രണ്ടാകാൻ വയ്യാത്ത ഒരേ കാര്യം അമ്മ ആരെന്നതായിരിക്കും.

എന്നിട്ടും ഒരാളെ അയാളുടെ അച്ഛനാരാണെന്ന സംശയത്തിന്റെ പേരിൽ നാം ഇപ്പോഴും അസഭ്യം പറയുന്നു. നാം വികസിപ്പിച്ചെടുത്തിട്ടുള്ള ശകാരകോശത്തിൽ, രതിനിഷ്ഠമായ പദങ്ങൾ കഴിച്ചാൽ, ഏറ്റവും മുന്നിൽ വരുന്ന തെറിയായിരിക്കും തന്തയില്ലായ്മ. മിക്ക ഭാഷകളിലും അതങ്ങനെത്തന്നെയാണെന്നു തോന്നുന്നു. ആ വഴിക്ക് ഞാൻ ആലോചിച്ചു പോയത് വിവാഹം എന്ന സ്ഥാപനം തകരുന്നതിനെപ്പറ്റി വായിച്ചപ്പോഴായിരുന്നു. ഈയിടെയായി അതിനെപ്പറ്റി ഏറെ വായിക്കാൻ ഇട വന്നിരിക്കുന്നു. തർച്ച മൂർഛിക്കുന്നതുകൊണ്ടാകാം. പേരിനു ചില കണക്കുകൾ ചേർക്കട്ടെ.

അര നൂറ്റാണ്ടു മുമ്പ് അമേരിക്കയിൽ എഴുപതു ശതമാനം ആളുകൾ കല്യാണം കഴിച്ചിരുന്നു.
ഇപ്പോൾ അത് അമ്പതു ശതമാനമായിരിക്കുന്നു. ഇരുപതിനും മുപ്പതിനുമിടക്കുള്ളവരിൽ മൂന്നിൽ രണ്ടു പേർ അന്ന് വിവാഹിതരായിരുന്നു. ഇപ്പോൾ അവരുടെ എണ്ണം ഇരുപത്താറു ശതമാനം മാത്രം. പക്ഷേ കുട്ടികൾ ഉണ്ടാകുന്നതും കല്യാണവുമായി ബന്ധമുണ്ടാകണമെന്നില്ല. കല്യാണം കഴിക്കാതെ ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം എട്ടു മടങ്ങായിരിക്കുന്നുവത്രേ. വിശ്വസിക്കാൻ മടി തോന്നിക്കുന്ന ഈ കണക്കുകൾ അമേരിക്കയിലേതാണ്. നമ്മുടെ നാട്ടിലും കല്യാണം ശല്യമാണെന്നു കരുതുന്നവരുടെ എണ്ണം കൂടിവരുന്നുവെന്ന് സ്പഷ്ടം, അതിന്റെ കാനേഷുമാരി എന്റെ കയ്യിലില്ലെന്നേയുള്ളൂ.

ഒന്നുകിൽ കല്യാണം കഴിക്കാതിരിക്കുക. അല്ലെങ്കിൽ, കഴിച്ച് ഏറെയാകും മുമ്പ് കല്യാണം റദ്ദാക്കുക. രണ്ടും കണ്ടു വരുന്ന, കാരണമെന്തായാലും. കാരണം അവിടെ നിൽക്കട്ടെ. തൽക്കാലം കാര്യം മാത്രം ചർച്ച ചെയ്യാം. പണ്ടും ഇതൊക്കെയുണ്ടായിരുന്നു. കല്യാണമില്ലാതെ ഒരു ബന്ധം ഉണ്ടാകുക. അതിൽ ഒരു കുട്ടി ജനിക്കുക. പിന്നെ അതിനെ പിറപ്പിച്ചവർ തമ്മിലോ അല്ലാതെയോ കല്യാണം നടക്കുക. കല്യാണം കഴിച്ച ആൾ പിന്നെ ഭാര്യയെ കാണാൻ ചെല്ലാതാകുക. വിവാഹമ്മോചനം എന്ന കടുപ്രയോഗം അന്നുണ്ടായിരുന്നില്ല. “വേണ്ടെന്നു വെച്ചു” എന്നേ പറയാറുള്ളു. അതിലെ ആ ലാഘവം ഒന്നു
വേറെത്തന്നെ. വിവാഹം സർക്കാർ കടലാസ്സിൽ എഴുതിവെക്കുന്ന ഏർപ്പാടായിട്ട് അര നൂറ്റണ്ടായിട്ടേയുള്ളു.

കല്യാണം വേണ്ടെന്നു വെക്കുന്നവരുടെയും കഴിച്ച കല്യാണം പെട്ടെന്നങ്ങു റദ്ദാക്കുന്നവരുടേയും കല്യാണത്തിനു പുറത്ത് ഉണ്ടാകുന്ന കുട്ടികളുടെയും എണ്ണം കൂടിയോ കുറഞ്ഞോ എന്നു നമ്മളും കണക്കാക്കണം. കല്യാണം എന്ന സ്ഥാപനം തന്നെ നില നിൽക്കുമോ, നില നിൽക്കുമെങ്കിൽ ഏതു രൂപത്തിൽ എന്നൊക്കെ ചർച്ച ചെയ്യണമെങ്കിൽ, അത്തരമൊരു കാനേഷുമാരി കൂടിയേ തീരൂ. എന്റെ മക്കളുടെ മക്കൾ മുത്തശ്ശിമാരും മുത്തശ്ശാന്മാരും ആകുമ്പോൾ, കല്യാണത്തിന്റെ സ്വരൂപം എന്തായിരിക്കുമെന്ന് ആലോചിക്കാൻ വയ്യ. അതുകൊണ്ട് ആ ആലോചന അവർക്കു വിടുന്നു.

പക്ഷേ കല്യാണത്തിനു പുറത്തുണ്ടാകുന്ന കുട്ടികളുടെ അച്ഛന്മാരുടെ അനിശ്ചിതത്ത്വത്തിന്റെ പേരിൽ അവർ ആക്ഷേപിക്കപ്പെടുന്ന കാര്യം ഇന്നും എന്നെ അസ്വസ്ഥനാക്കുന്നു. കല്യാണം കഴിക്കാത്ത സ്ത്ര്രീയുടെ കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ അഛന്റെ പേരായി എന്തു രേഖപ്പെടുത്തുമെന്ന് ഞാൻ കുട്ടിക്കാലം മുതലേ ഞാൻ ആലോചിച്ചു പോരുന്നതാണ്. തനിക്ക് ഒരു പങ്കുമില്ലാത്ത കാര്യത്തിന്, അമ്മക്കോ അച്ഛനോ മാത്രം ഉഅത്തരവാദിത്വമുള്ള കാര്യത്തിന്, കുട്ടി ആക്ഷേപിക്കപ്പെടുക. ആ ആക്ഷേപം, കല്യാണം ഇല്ലാത്ത കാലത്തും, ആക്ഷേപമായി തുടരുമോ?

ദുർഗ്ഗ ചൂടായത് അതങ്ങനെ ആക്ഷേപമായി തുടരുന്നതോർത്തിട്ടായിരുന്നോ? ദുർഗ്ഗയുടെ യുക്തി എനിക്കു മനസ്സിലാകുന്നു. വേണ്ടിടത്തും വേണ്ടാത്തിടത്തും അച്ഛന്റെ--അമ്മയുടെയും--പേർ എന്തിനു വലിച്ചിഴക്കുന്നു? ആളെ തിരിച്ചറിയാൻ അവരുടെ പേരുകൾ വേണമെന്നില്ല. അവരുടെ പേരിൽ ആക്ഷേപം ചൊരിയുന്നതും യുക്തിയല്ല. എന്നിട്ടും നമ്മൾ അങ്ങനെയൊക്കെ ചെയ്തു പോകുന്നു. ജീവിതം യുക്തി മാത്രമല്ല എന്നൊരു യുക്തി മാത്രമേ എനിക്കു തോന്നുന്നുള്ളു.

(മലയാളം ന്യൂസ് ഡിസംബർ 13)