Monday, December 12, 2011

ജോസഫിന്റെ ആശങ്കയും അങ്കഗണിതവും

ജലമന്ത്രി പി ജെ ജ്ജൊസഫിന്റെ മസ്തിഷ്ക്കം കഴിഞ്ഞ ആഴ്ച കടന്നുപോയ വഴികൾ രസാവഹമായിരുന്നു. അദ്ദേഹം ബുദ്ധിപൂർവം എത്തിച്ചേർന്ന രണ്ടു നിഗമനങ്ങൾ പ്രത്യേകം ശ്രദ്ധാർഹമായിത്തോന്നി. ഒന്നാമത്തെ നിഗമനം മുല്ലപ്പെരിയാർ അണ പൊട്ടിയാൽ മരിക്കാവുന്ന ആളുകളുടെ എണ്ണം കൂട്ടിക്കൊണ്ടായിരുന്നു. നേരത്തേ 35-40 ലക്ഷം ആളുകൾ മരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്ക്. കഴിഞ്ഞ ആഴ്ച ഏതോ പ്രസംഗവേദിയിൽ നിൽക്കുമ്പോൾ അതങ്ങു കൂട്ടി. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങൾ കൂടി വെള്ളത്തിലാകുമെന്ന് കണ്ടെത്തുകയും ജില്ല തിരിച്ച് മരണത്തിന്റെ കണക്ക് എടുക്കുകയും ചെയ്തു. ആകപ്പാടെ നോക്കിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കും. എന്നു വെച്ചാൽ കേരളത്തിന്റെ മൂന്നിലൊന്ന് ഇല്ലാതാകും. ലോകത്തെ മുഴുവൻ ഭയചകിതമാക്കേണ്ട ഈ ലളിത ഗണിതം ജോസഫ് അവതരിപ്പിച്ചത് ഒരൊറ്റ ശ്വാസം പോലും ക്രമം തെറ്റാതെയായിരുന്നു.

ജോസഫിന്റെ രണ്ടാമത്തെ ബുദ്ധിവ്യാപാരം വേറൊരു വഴിക്കായിരുന്നു. എഴുപതു ലക്ഷമല്ല, ഏഴായിരം ആളുകൾ വെള്ളത്തിലാകുമെന്നു കേട്ടാൽ പോലും ലോകം ഞെട്ടിയുണരേണ്ടതായിരുന്നു. ഒരനക്കവുമില്ല. കേരളത്തിൽ ദിവസേന പല തരം പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നു. പല തരം കണക്കുകൾ പലരും കൂട്ടുകയും കിഴിക്കുകയും ചെയ്യുന്നു. മീഡിയ അതൊക്കെ കൊണ്ടാടുന്നു. അണ കെട്ടുന്നതിന്റെ സാങ്കേതികവശങ്ങൾ, ശ്രീരാമനെ സഹായിച്ച അണ്ണാനെപ്പോലെ, എല്ലാവരും മനസ്സിലാക്കുന്നു, ചർച്ച ചെയ്യുന്നു. അത്യുത്സാഹത്തോടെയെന്നു പറഞ്ഞുകൂടാ, തമിഴ് നാട്ടിലും ചില്ലറ ചില കശപിശ അങ്ങുമിങ്ങും നടക്കുന്നു. അത്രയേ ഉള്ളു. പാർലമെന്റിൽ കാര്യമായ ഒരു ചർച്ച പോലും ഈ വിഷയത്തിൽ ഉണ്ടായില്ല.

ജോസഫിന്റെ നനഞ്ഞു കേറുന്ന കണക്ക് കേട്ടിട്ടും സഹായഹസ്തവുമായി ലോകം വേമ്പനാട്ടു കായലിൽ വന്നിറങ്ങി തമ്പടിക്കുകയോ ഭയവിഹ്വലരായ നാട്ടുകാർ സ്ഥലം വിട്ടോടുകയോ ചെയ്തില്ലെന്നത് വേദനാജനകമെന്നതിനെക്കാളേറെ അത്ഭുതകരമായിരിക്കുന്നു. ജോസഫിന്റെ മട്ടും മാതിരിയുമൊക്കെ നോക്കിയാൽ, ഭയം കൊണ്ട് നിഷ്ക്രിയരാകേണ്ട സമയത്ത് കേൾവിക്കാർ വളിപ്പുകൊണ്ട് മുഖം തിരിക്കുന്ന സ്ഥിതിയിൽ എത്തുകയല്ലേ എന്ന് സംശയിക്കണം. അങ്ങനെ അലസമായിരിക്കുന്ന ലോകത്തെ ഞെട്ടിയുണർത്താൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ആ വഴിക്കുള്ള ചിന്തയാണ് ജോസഫിനെ അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയൊരു അണ കെട്ടി നാട്ടുകാരുടെ രക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ, അദ്ദേഹം മരണം വരെ ഉപവസിക്കും. എഴുപതു ലക്ഷം ആളുകൾ മരിക്കുമെന്നു കേട്ടിട്ട് ഇളകാത്ത ലോകം ജോസഫിന്റെ ഭീഷണി കേട്ട് അലമുറയിട്ടു കരയും എന്നു വിശ്വസിക്കുക.

സാങ്കേതികകാര്യങ്ങളിലും ജോസഫ് താല്പര്യം കാണിച്ചിരിക്കുന്നു, മുറ പോലെ. പക്ഷേ അതിലും അഭിപ്രായം ഇടക്കിടെ മാറ്റേണ്ടി വരുന്നു. പുതിയ സ്ഥിതിവിശേഷത്തിൽ പുതിയ അഭിപ്രായം വേണമല്ലോ. അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതിനെപ്പറ്റി ആദ്യം അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നെ ഒരു സാങ്കേതിക വിദഗ്ധൻ കോടതിയിൽ പറഞ്ഞ കാര്യത്തെപ്പറ്റിയായി അഭിപ്രായ വ്യത്യാസം. അദ്ദേഹം പറഞ്ഞതൊക്കെ ശരി എന്നായിരുന്നു ജോസഫിന്റെ ആദ്യത്തെ നിഗമനം. കുറച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരനു തോന്നി, ആദ്യം പറഞ്ഞതൊന്ന് പരിഷ്ക്കരിച്ചാലോ? അങ്ങനെ രണ്ടാമത്തെ അഭിപ്രായം വന്നു, സാങ്കേതിക വിദഗ്ധനോട് പറയാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിന്റെ പേരിൽ നടപടി എടുക്കും. എന്തു നടപടി?

ഇടുക്കിയിലും ചെറുതോണിയിലും കുളമാവിലും പിന്നെ അറബിക്കടലിലും മുല്ലപ്പെരിയാറിലെ വെള്ളം എത്താൻ എത്ര നേരം എടുക്കുമെന്ന് ജോസഫ് കണക്കാക്കിയിട്ടുണ്ട്. ആ കണക്കുമായി മുന്നോട്ടുപോകുമ്പോഴാണ് മരണത്തിനപ്പുറം ഒരു ദുരന്തം പതിയിരിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. മുല്ലപ്പെരിയാർ അണ പൊട്ടിയാൽ എഴുപതു ലക്ഷം ആളുകൾ മരിക്കുക മാത്രമല്ല ഉണ്ടാകുക. വെള്ളം മുഴുവൻ ഇടുക്കി മുതലായ ജലസംഭരണികളിൽ ഒലിച്ചിറങ്ങും. വെള്ളം മാത്രമല്ല മണ്ണും മരവും എല്ലാം അതോടൊപ്പം ജലസംഭരണിയിൽ നിറയും. അപ്പോൾ പിന്നെ വിദ്യുഛക്തി ഉണ്ടാവില്ല. കേരളം ഇരുട്ടിലാകും....ഇത്രയൊക്കെ പറഞ്ഞിട്ടും ആർക്കും ഒരു കുലുക്കവുമില്ലെന്നു വന്നാലോ?

വാസ്തവത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് കേരളത്തിന്റെ വിശ്വാസ്യതയാണ്. ഏതു രംഗത്തു നോക്കിയാലും കാണാം ഈ വിപര്യയം. കേരളം എന്തൊക്കെയോ കണ്ടു പേടിക്കുന്നു, ചുറ്റുമുള്ളവർ ചുമ്മാ അവരുടെ വഴിക്കു പോകുന്നു. എന്റോ സൾഫാൻ വരാനിരിക്കുന്ന കേരളത്തിന്റെ തലമുറകളെ വികലാംഗരാക്കുമെന്ന് കേരളം കണ്ടെത്തുന്നു. കേന്ദ്രമാകട്ടെ, കേരളത്തിനെ അംഗങ്ങളെല്ലാം വികലമാക്കിയേ അടങ്ങൂ എന്ന മട്ടിൽ പെരുമാറുന്നു. ഭാഗ്യക്കുറി വഴി കേരളത്തിന്റെ പണം മുഴുവൻ തിരിമറി ചെയ്യപ്പെടുന്നുവെന്ന് കേരളം കരയുന്നു. അന്വേഷണം ആവശ്യപ്പെടുന്നു. പക്ഷേ അന്വേഷണത്തിനുവേണ്ട ചെറിയ ചെറിയ കടലാസുനീക്കങ്ങൾ നടത്താൻ മടി കാണിക്കുന്നു. സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതാണ് ഈ വഴക്കം.

ജോസഫിലേക്കു മടങ്ങാം. അദ്ദേഹത്തിന് അതൊന്നും പ്രശ്നമല്ല. മന്ത്രിയായതിനുശേഷം പെട്ടെന്നു വീണു കിട്ടിയതാണ് മുല്ലപ്പെരിയാർ വിവാദം. അതു വരെ അതിന്റെ സർഗ്ഗക്രിയ വി എസ് അച്യുതാനന്ദൻ എഴുതിയെടുത്തതായിരുന്നു. അവിടവിടെ അടിക്കടി ചെറിയ ഭൂചലനങ്ങൾ ഉണ്ടായതോടുകൂടി ജോസഫിന്റെ നറുക്കു വീണു. എവിടെയോ വഴി മുട്ടി നിന്ന വി എസ്സിനെ ഏറെ പിന്നിലാക്കിക്കൊണ്ട് രക്ഷകനെന്ന മട്ടിൽ ജോസഫ് മുന്നേറി. എന്നും അങ്ങനെയെന്തെങ്കിലും പേടകം നോക്കിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ മുന്നേറ്റം.

ഒരു കാലത്ത് കേന്ദ്രത്തിന്റെ അവഗണന ഉയർത്തിക്കാട്ടി കെ കരുണാകരനെ ദിവസേനയെന്നോണം മുൾമുനയിൽ നിർത്തിയ ആളാണ് ജോസഫ്. അന്ന് ജോസഫും കെ എം മാണിയും വെവ്വേറെ പാർട്ടികളായിരുന്നു, ചേരി ഒന്നാണെങ്കിലും. ജോസഫോ മാണിയോ കൂടുതൽ കേന്ദ്രവിരുദ്ധൻ എന്നു നോക്കാനായിരുന്നു മത്സരം. ഓരോ ബജറ്റിലും കേന്ദ്രത്തിന്റെ പോരായ്മ കാണീച്ചുകൊണ്ട് മാണീ വിലസിയപ്പോൾ, ആസൂത്രണബോർഡ് അംഗം ഡോക്റ്റർ പി കെ ഗോപാലകൃഷ്ണൻ, കോൺഗ്രസ്സിനെ സഹായിക്കുമാറ്, ചില കണക്കുകൾ ഉദ്ധരിച്ചു. കേന്ദ്രത്തിന്റെ കുറ്റം പറാഞ്ഞു പറഞ്ഞ് കേരളത്തെ ഖലിസ്ഥാൻ ആക്കാനാണോ പരിപാടി എന്നു വരെ ചോദ്യം ഉയർന്നു. ആയിടക്കായിരുന്നു പഞ്ചാബ് മാതൃകയിൽ പ്രതിഷേധമാകാം എന്നൊരു വിടുവാമൊഴി ബാലകൃഷ്ണപിള്ളയിൽ നിന്നുണ്ടാ‍യത്. അദ്ദേഹം പുറത്തായതോടെ കേന്ദ്രവിരോധം, തന്ത്രപരമായോ എന്തോ, എല്ലാവരും അടക്കിവെച്ചു.

മാണിയെക്കാൾ കേന്ദ്രവിരോധവും ധൈര്യവും കാണിച്ച് കേരള കോൺഗ്രസ്സിലെ കുഞ്ഞാടുകളെ തന്റെ വരുതിയിൽ നിർത്താ‍നാണ് ജോസഫിന്റെ പദ്ധതി. ആ മുദ്രാവാക്യത്തിന്റെ ബലത്തിൽ പല തവണ കരുണാകരന്റെ സർക്കാരിനെ മറിച്ചിടാൻ പോലും അദ്ദേഹം തയ്യാറായി. പക്ഷേ ജോസഫ് നിശ്ചയിക്കുകയും (പരേതനായ) ടി എം ജേക്കബ് നിശ്ചയം മാറ്റുകയും ചെയ്റ്റിരുന്നതാണ് ആ കാലം. അങ്ങനെ അന്നത്തെ ജോസഫിന്റെ സമരമൊക്കെ കായ്ക്കാത്ത മരമായിപ്പോയി. ഇപ്പോഴിത എഴുപതു ലക്ഷം മരണത്തിന്റെ കാര്യം വന്നിരിക്കുന്നു. അവരുടെ രക്ഷക്കു വേണ്ടി നിരാഹരം നടത്തുക തന്നെ.

അസാധാരണമായ രാഷ്ട്രീയസമ്മർദ്ദം ഉണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. നാട്ടുകാരെ പേടിപ്പെടുത്തി നിർത്താനുള്ള ഏതവസരവും ഏതു മന്ത്രിക്കും മുഖ്യമന്ത്രിക്കും ഹിതകരമാകും. അത് ദുരുപയോഗപ്പെടുത്താനുള്ള പ്രവണതക്കു വഴിപ്പെടുന്നില്ലെന്നതാണ് ഉമ്മൻ ചാണ്ടി ആകുന്നതിന്റെ പ്രാധാന്യവും മർമ്മവും. നാട്ടുകാരുടെ ഭീതി മനസ്സിലാക്കുമ്പോൾ തന്നെ, അതിനെ ഊതിപ്പെരുപ്പിക്കാതെ, സാധ്യമായ പരിഹാരം കാണാൻ ശ്രമിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കേന്ദ്രത്തിന്റെ പിൻ ബലത്തോടെ, തമിഴ് നാടുമായി പലവട്ടം ചർച്ച നടത്തി ഏറെക്കുറെ രമ്യമായ ഒരു പരിഹാരം കാണാൻ കഴിയണം. ആ സാധ്യതയെ വെടക്കാക്കാനേ ജോസഫിന്റെ ആശങ്കാരാഷ്ട്രീയം ഉപകരിക്കുള്ളു.

(malayalam news december 12)