Wednesday, June 23, 2010

സംരക്ഷിക്കപ്പെടേണ്ടവർ വളരുന്നു

പണ്ടൊരിക്കൽ ഞങ്ങൾ ചെറിയൊരു വീടുണ്ടാക്കിയപ്പോൾ, പതിവുപോലെ ഒരു ചടങ്ങു നടത്തി. പതിവു വിട്ട് മുഖ്യമന്ത്രി കരുണാകരൻ അതിൽ സംബന്ധിക്കാനെത്തി. അദ്ദേഹം വരുന്ന വഴി നീളെ പകുതി ദിവസം പൊലിസ് കാവൽ നിന്നു. കുണ്ടും കുഴിയും പിന്നിട്ട് മുഖ്യമന്ത്രിയുടെ വലിയ കാർ ഞങ്ങളുടെ പടിക്കലേക്ക് ഇരച്ചുവന്നപ്പോൾ, പൊലിസുകാർ വീടിന്റെ ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി, മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ. ആ “ഓപ്പറേഷൻ” കണ്ട്, കോളെജിൽ പഠിച്ചിരുന്ന എന്റെ മകൻ ചോദിച്ചു: “ഇവരെന്തിനീ ബഹളം കാട്ടുന്നു?” അപസർപ്പകനോവലുകൾ വായിച്ചു തള്ളിയിരുന്ന അവന് ആ പ്രകടനം അനാവശ്യമായി തോന്നി. ഞാൻ പറഞ്ഞു: “ഇതൊക്കെ കാട്ടിയാലേ ഗമ ഉള്ളു.”

പിന്നീടൊരിക്കൽ മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ശേഷൻ എന്റെ വീട്ടിൽ വന്നു. ഞാൻ അദ്ദേഹത്തിന്റെ ആയാസങ്ങളെപ്പറ്റി ഒച്ചപ്പാടുണ്ടാക്കിയ ഒരു പുസ്തകംഎഴുതിയിരുന്നു. അദ്ദേഹത്തിനു ചുറ്റും തോക്കേന്തിയ കറുത്ത പൂച്ചകൾ ജാഗ്രതയോടെ ഉലാത്തി. ചെറിയ ഊൺ മേശക്കു ചുറ്റുമിരുന്ന്, ഞങ്ങൾ ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുമ്പോൾ, കരിമ്പൂച്ചകൾ ഇല്ലാത്ത എലികളെ ഉറ്റുനോക്കുകയായിരുന്നു. എന്റെ മകൻ വീണ്ടും ചോദിച്ചു: “ഇവരെന്തിനീ ബഹളം കാട്ടുന്നു?” ഞാൻ വീണ്ടും പറഞ്ഞു: “ഇതൊക്കെ കാട്ടിയാലേ ഗമ ഉള്ളൂ.”

ഉറയിൽനിന്നൂരിയ ഉടവാളുമായി മുന്നിൽ നടക്കാൻ ഒരു ഭടനില്ലെങ്കിൽ, രാജാവില്ല. കവാത്തു നടത്താൻ കറുത്ത പൂച്ചകളോ കാക്കിക്കുപ്പിണിയോ ഇല്ലെങ്കിൽ, മന്ത്രിയാവില്ല. പൂച്ചകളുടെ എണ്ണവും കോപ്പുമനുസരിച്ചിരിക്കും മന്ത്രിപുംഗവന്റെ പദവിയും പ്രാധാന്യവും. പ്രാധാന്യം വേണമെങ്കിൽ, അകമ്പടി വേണം. വെറുതേ തനിയേ വലിഞ്ഞു കേറി വരുന്ന ഒരാൾ കേമനാകുമോ? തന്നെ തട്ടാൻ ആരൊക്കെയോ എവിടെയൊക്കെയോ പതിഞ്ഞിരിക്കുനുവെന്നു വരുത്തിത്തീർക്കുന്നതാണ് വിഐപിയുടെ വലുപ്പം.

രാജാവിനും മന്ത്രിക്കും ഗുരുവിനും പ്രജക്കും പഥ്യം അതു തന്നെ: കനത്ത കാവൽ. കനത്ത കാവലിനെ ന്യായീകരിക്കുന്ന അപകടപ്പേടി. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ എവിടെയോ തീവണ്ടിപ്പാളത്തിൽ ഒരു ഇരുമ്പു കഷണം കണ്ടപ്പോൾ എല്ലാവർക്കും പേടിയായി. പൊലിസ് അന്വേഷിച്ചപ്പോൾ, എതോ കള്ളനോ കിറുക്കനോ ഇട്ടേച്ചുപോയതാണതെന്നു മനസ്സിലായി. എന്നിട്ടും ചാനലിൽ ചർച്ച നീണ്ടപ്പോൾ, സംശയങ്ങളുടെയും സാധ്യതകളുടെയും കറുത്ത നിഴലുകൾ നീണ്ടുനീണ്ടു പോയി. അദൃശ്യനായ ഒരു ഭീകരനും, അനാവരണം ചെയ്യാൻ വയ്യാത്ത ഒരു ഗൂഢാലോചനയും ഇല്ലെങ്കിൽ, വാർത്തയിൽ എന്തു രസം?

അധികം കാലാമായില്ല, ബംഗളൂരിൽ ഒരു ഗുരുവിന്റെ സവിധത്തിൽ “ഠോ“ എന്നൊരു പൊട്ടു കേട്ടു. ആർക്കോ കാലിൽ മുറിവേറ്റു. ഫലിക്കാതെ പോയെങ്കിലും, ഗുരുവിനു നേരെ ഉണ്ടായ വധശ്രമത്തെപ്പറ്റി വെണ്ടക്ക നിരന്നു. ചാനലിൽ വീർപ്പും നെടുവീർപ്പും ഉയർന്നു. പൊലിസ് വിരണ്ടു, അന്വേഷണം മുരണ്ടു. ഒടുവിൽ അവർ ആന്റിക്ലൈമക്സിൽ എത്തി: ആശ്രമത്തിനടുത്ത വയലിൽ പട്ടിയെ വിരട്ടാൻ പൊട്ടിച്ചതായിരുന്നു ആ “ഠോ”. ചൊക്ലിപ്പട്ടിയെ ഓടിക്കാൻ ഉണ്ടാക്കുന്ന ശബ്ദം ആധ്യാത്മികവധത്തിനുള്ള ഹുംകാരമാണെന്നു ധരിച്ചുപോകുന്നതാണ് വാസ്തവത്തിൽ പരമമായ ജീവിതദുരന്തം.

ഇതു പോലൊരു സംഭവം കേരളത്തിലൊരു ആധ്യാത്മികകേന്ദ്രത്തിലും അരങ്ങേറിയിരുന്നു. ആടിപ്പാടി ഒരാൾ സദസ്സിനിടയിൽനിന്ന് എഴുന്നേറ്റു. അയാളുടെ കയ്യിൽ കത്തി കണ്ടു. കത്തി എന്തിന്? കൊല്ലാൻ.. ആരെ കൊല്ലാൻ? പറയേണ്ടല്ലോ. അയാൾ മുന്നേറുകയും, കത്തി ഊരുകയും, കുത്തുകയും, കൊല നടക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അങ്ങനെ പോയി പരിദേവനം. അതിനൊക്കെ മുമ്പേ അക്രമിയെ വളന്നിട്ടു പിടിച്ചിരുന്നു. അയാൾ അസ്വസ്ഥനും അവശനുമായിരുന്നുവെന്നു കരുതാൻ ആർക്കും ഇഷ്ടമായിരുന്നില്ല. വധോദ്ദേശത്തെപ്പറ്റിയാണ് എവിടെയും സംശയം. സംശയം ഇഴുകിപ്പടർന്നാലല്ലേ സരക്ഷണവലയത്തിന്റെ വീതിയും ചുറ്റളവും കൂടുകയുള്ളു?

സംരക്ഷണം ആർക്കും ആവശ്യമില്ലെന്നു പറഞ്ഞുവരികയല്ല. ചിലരിൽ വിരോധം വളർത്താൻ ഇടയാക്കുന്ന തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ബാധ്യതയുള്ള പൊതുപദവിയിലുള്ളവർക്ക് സംരക്ഷണം വേണം. തർക്കമില്ല. ഹിംസയുടെ പ്രസ്ഥാനങ്ങൾ വളരുന്ന സാഹചര്യത്തിൽ, പ്രത്യക്ഷത്തിൽ മനസ്സിലാവാത്ത എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്നതും ശരി തന്നെ. പക്ഷേ എന്തും സംശയിക്കപ്പെടണം, ആരെയും പേടിക്കണം, സംരക്ഷണത്തിന്റെ ഭിത്തികൾ ആകാശത്തോളം ഉയരുകയും ചക്രവാളത്തോളം നീളുകയും ചെയ്യണം എന്നൊക്കെ സമൂഹം ഒന്നടങ്കം വിശ്വസിച്ചു തുടങ്ങുമ്പോൾ, ഭീകരവാദം ജയിച്ചുവെന്നാകും അർഥം. കാരണം ഭീതി വളർത്തുകയാണ്, അതു മാത്രമാണ്, ഭീകരവാദത്തിന്റെ ധർമ്മവും ലക്ഷ്യവും.

എല്ലാ ധർമ്മസംഹിതകളിലും ആവർത്തിക്കപ്പെടുന്ന ഒരു ആശ്വാസവചനം കേൾക്കാം: “പേടിക്കേണ്ട.” പല ശൈലികളിൽ, പല ഈണങ്ങളിൽ അത് ആവർത്തിക്കപ്പെട്ടു പോരുന്നു. “അങ്ങനെ വരില്ല. ഇങ്ങനെ ആയിക്കൂടേ? ഞാനില്ലേ? വേവലാതി വേണ്ട. എല്ലാറ്റിനും ഒരു വഴി കാണാം....“ അങ്ങനെ എത്രയെത്ര വാക്കുകൾ എവിടെയെല്ലാം നാം കേൾക്കുന്നില്ല! എല്ലാറ്റിന്റെയും ഉദ്ദേശം ഒന്നു തന്നെ: പേടി തീർക്കുക. വിശ്വാസം വളർത്തുക. പേടിയാണല്ലോ സമൂഹദ്രോഹത്തിന്റെ വലിയ വില്പനച്ചരക്ക്.

ഇതിന്റെ വിപരീതമല്ല, മറുവശം മാത്രമണ് സംരക്ഷണത്തിനു വേണ്ടിയുള്ള വെപ്രാളം. തന്നെ പേടിപ്പിക്കുന്നവരും തനിക്കു പേടിപ്പിക്കേണ്ടവരും കുറെയുണ്ടെന്ന് വിശ്വസിക്കുന്നവർ സരക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും. കോൺഗ്രസ്സിന്റെ ആധിപത്യം തെല്ലിട ഇളക്കിയ ജനത പാർട്ടി അധികാരത്തിൽ വന്നപ്പോൾ, പ്രധാനമന്ത്രി മൊറാർജി ദേശായി രണ്ടു വ്യതിയാനങ്ങൾ വരുത്തി. ഒന്ന്, നിവൃത്തിയില്ലെങ്കിൽ മാത്രമേ പ്രത്യേകവിമാനത്തിൽ കയറുകയുള്ളു. രണ്ട്, പൊലിസിന്റെ അകമ്പടി എപ്പോഴും ആവശ്യമില്ല അധികമാരെയും ഒന്നിനെയും പേടിക്കാത്ത ആളായിരുന്നു മൊറാർജി.

പക്ഷേ അദ്ദേഹത്തിന്റെ ആചാരക്രമം ഏറെ നീണ്ടുനിന്നില്ല. അക്രമത്തിന്റെയും ഹിംസയുടെയും കാലം വരുകയായിരുന്നു. ആ സാഹചര്യത്തിൽ, കൂടുതൽ കൂടുതൽ സംരക്ഷണം വേണ്ടവരുടെ എണ്ണം കൂടിക്കൂടിവരുകയാണെന്ന് സമർഥിക്കാൻ തുടങ്ങി സംരക്ഷണസേന. രോഗം നടിച്ചു വരുന്നയാളോട് രോഗമില്ലെന്നു പറയുന്ന ഭിഷഗ്വരൻ പാപ്പരായിപ്പോകുന്നതുപോലെ, ആർക്കും സംരക്ഷണത്തിന്റെ ആവശ്യമില്ലെന്നു പറയുന്ന സംരക്ഷണവിദഗ്ധർ പൊളിഞ്ഞുപോകും. വാസ്തവത്തിൽ, സംരക്ഷണം വേണ്ടവരുടെ ഗണത്തിൽ പെടുത്താൻ പറ്റാത്തവരായി അധികം ആളുകൾ കാണില്ല.

എനിക്കറിയാവുന്ന ഒരു പത്രാധിപർ ഡൽഹിയിൽ ഉണ്ട്. തന്റെ ജോലി ചെയ്യാൻ താല്പര്യമുള്ള, ആത്മാർഥതയുള്ള ഏതു പത്രക്കാരനെയും പോലെ, അദ്ദേഹത്തിന്റെ എഴുത്ത് ഇഷ്ടപ്പെടാത്ത മല്ലന്മാർ പലരുമുണ്ടായിരുന്നു. ഏതോ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ വീട്ടിനു മുന്നിൽ മണൽച്ചാക്കുകളും തോക്കുകളും തൊപ്പികളും തമ്പടിച്ചു. പിന്നെ അവർ കുടിയൊഴിഞ്ഞിട്ടില്ല. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, ഇവരുണ്ടെങ്കിൽ, സാധാരണ രീതിയിൽ കയറിച്ചെല്ലാൻ വിഷമമുള്ള സ്ഥലങ്ങളിൽ എളുപ്പം എത്തിപ്പെടാം. അതുകൊണ്ട്, അവർ അവിടെ കിടക്കട്ടെ.

തമിഴിനാട്ടിലെ ഒരു നേതാവിനുണ്ടായിരുന്ന സരക്ഷണത്തിന്റെ ലവൽ ഒന്നു കുറച്ചതായിരുന്നു അവർക്ക് അന്നത്തെ പ്രധാനമന്ത്രിയോട് കാലുഷ്യം ഉണ്ടാകാൻ ഒരു കാരണം. സംരക്ഷണം കുറയുന്നതിൽ അവർക്കുണ്ടായിരുന്ന അരിശം ആവാഹിച്ച റിപ്പോർട്ടുകൾ അന്ന് എത്ര എഴുതി! വേറൊരു തമിഴൻ അഭിഭാഷകൻ, രാജരാജേന്ദ്രചോളൻ, എന്റെ മിത്രം, അസുഖമായപ്പോൾ ഡൽഹി വിട്ട്, കോടിക്കണക്കിനുള്ള കേസുകൾ വിട്ട്, രാധാകൃഷ്ണ ശാലയിൽ താമസമായി. അധികാരത്തിന്റെ മണി മുഴക്കം അവിടെ കേൾക്കാമായിരുന്നില്ല.

മുഷിഞ്ഞ ഒരു സായാഹ്നത്തിൽ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു: ഇന്റലിജൻസ് ബ്യൂറോക്കാരോട് ഒന്നു പറയൂ. എനിക്ക് ഭീഷണിയുണ്ട്. പൊലിസ് കാവൽ വേണം. അവർ റിപ്പോർട് ചെയ്താലേ നടക്കൂ. ഞാൻ അവരോട് പറയുന്നത് ഭംഗിയിഅല്ലല്ലോ.” അല്ല. ഞാൻ പറയുന്നതിൽ അഭംഗി ഇല്ല താനും. പക്ഷേ ഞാൻ പറഞ്ഞാൽ ഇന്റലിജൻസ് ബ്യൂറോ അനുസരിക്കുമെന്ന് ആ നിയമജ്ഞൻ എങ്ങനെ വിശ്വസിച്ചുവോ ആവോ? അങ്ങനെ അനുസരിച്ചിരുന്നെങ്കിൽ, എന്നേ എനിക്കും കുറെ സംരക്ഷണം ഞാൻ ഏർപ്പെടുത്തുമായിരുന്നു! സംരക്ഷിക്കപ്പെടണമെന്നു വന്നാലല്ലേ ആളാവുകയുള്ളൂ?

(ജൂൺ 21ന് മലയാളം ന്യൂസിൽ സോമവാരത്തിൽ വന്നത്)