Saturday, February 21, 2009

പാമുക്കിന്റെ വാച്

ഇന്ന് എന്റെ പിറന്നാള്‍. പിറന്നാളിന് എത്രയോ മുമ്പ് ഗൌരി പതിവുപോലെ
ഒരു പിറന്നാള്‍ സമ്മാനം തന്നു. ഇക്കുറി അവള്‍
കൊഞ്ചിക്കുഴഞ്ഞ് കൊണ്ടുതന്നത്
ഒരു പുസ്തകമായിരുന്നു. ഇംഗ്ലിഷ് അക്ഷരം എഴുതാനും വായിക്കാനും
കഷ്ടിച്ചുമാത്രം അറിയാവുന്ന ഗൌരിക്ക്
അവള്‍ തന്ന പുസ്തകത്തെപ്പറ്റി ഒരു രൂപവും ഉണ്ടാവില്ല.
ഒര്‍ഹാന്‍ പാമുക്കിന്റെ മറ്റുനിറങ്ങള്‍, other colours, എന്ന ലേഖനസമാഹാരത്തിലല്ല,
അത് എനിക്ക് തരുന്നതില്‍ ആയിരുന്നു അവള്‍ക്ക് ഉത്സാഹം.

ഞാന്‍ പാമുക്കിനെ നേരത്തേ വായിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ നൊബേല്‍ പ്രസംഗം
ഓടിച്ചു മറിച്ചുനോക്കിയിരുന്നു. തന്റെ അച്ചനെപ്പറ്റി, പൈതൃകത്തെപ്പറ്റി,
പറയാന്‍ അദ്ദേഹത്തിന് വലിയ കൌതുകമാണ്. നൊബേല്‍ പ്രസംഗത്തിന്റെ
തലവാചകം തന്നെ എന്റെ അച്ഛ ന്റെ സ്യൂട്കേസ്, my father's suitcase, എന്നായിരുന്നു.

മറ്റുനിറങ്ങള്‍ എന്ന സമാഹാരത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കൈകാര്യം
ചെയ്യപ്പെടുന്നു. ഇസ്താംബുളിന്റെ ഭൂതകാലം, ഇസ്ലാമികതീവ്രവാദം, ആയിരത്തൊന്നു രാവുകള്‍,
ദസ്തയേവ്സ്കിയുടെ ലോകം, ബോര്‍ഹെസ്സിന്റെ ചിന്ത, വര്‍ഗോസ് യോസയുടെയുടെ
മൂന്നാം ലോകസാഹിത്യസങ്കല്പം അങ്ങനെ നീണ്ടുപോകുന്നു പാമുക്കിന്റെ ചിന്താചക്രവാളം.
കൂട്ടത്തില്‍ എന്നെ പിടിച്ചുനിര്‍ത്തിയത് വാച്ചുകളെപ്പറ്റിയുള്ള ഒരു കുറിപ്പായിരുന്നു.

പന്ത്രണ്ടുവയസ്സില്‍ വാച്ച് കെട്ടിത്തുടങ്ങിയ ആളാണ് പാമുക്. ഉറങ്ങാന്‍ നേരത്ത് അഴിച്ചുവെക്കും.
ഉണരുമ്പോള്‍ ഉടനേ ഏടുത്തണിയും. ഇല്ലെങ്കില്‍ വെപ്രാളമാകും. വാച്ചിന്റെ പട്ടയുടെ മണവും
ഡയലിന്റെ രൂപവും സൂചിയുടെ ചലനവും അദ്ദേഹത്തിന്റെ ചിന്തയെ ത്രസിപ്പിക്കുന്നു.
വാച്ചുമായുള്ള അദ്ദേഹത്തിന്റെ ബന്ധ്ഹത്തിന് ഒരുതരം ആധിഭൌതികസ്വഭാവം ഉണ്ട്.

പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ ഞാന്‍ വാച്ച് കണ്ടിരുന്നതേയുള്ളു, കെട്ടിത്തുറ്റങ്ങിയിരുന്നില്ല.
എന്നാണ് ഞാന്‍ വാച്ച് കെട്ടിത്തുടങ്ങിയത്? ഓര്‍മ്മയില്ല. മങ്ങിയ നീളന്‍ ഡയലും
തവിട്ടുനിറത്തില്‍ പട്ടയും ഉള്ള വാച്ചുകെട്ടിനടക്കുന്ന കേമന്മാരെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
ഇന്നെന്നപോലെ അന്നും വാച്ച് ഒരു ആഭരണമായിരുന്നു.
സമയം അറിയാനും ഉപകരിച്ചിരുന്നെന്നുമാത്രം. അത് ഒരു ആഭരണമാകരുതെന്ന
നിര്‍ബ്ബന്ധം കൊണ്ടാകണം, ഗാന്ധി എപ്പോഴും അത് കീശയില്‍ സൂക്ഷിച്ചിരുന്നതേയുള്ളു.

ഞാന്‍ സമയം അറിഞ്ഞിരുന്നത് നിഴല്‍ നോക്കിയായിരുന്നു. കുറുകിയും നിവര്‍ന്നും
വരുന്ന എന്റെ നിഴല്‍ എന്നെ വിരട്ടുകയും വേദനിപ്പിക്കുകയും, ചിലപ്പോള്‍ സമധാനിപ്പിക്കുകയും
ചെയ്തിരുന്നു. എന്റെ നിഴലും വീടിന്റെ നിഴലും മുറ്റത്തെ മാവിന്റെ നിഴലും നേരം അറിയാന്‍
സഹായിച്ചിരുന്നു. ഏത് നിഴല്‍ എവിടെ എത്തിയാല്‍ എത്ര മണിയാകും എന്ന് തിട്ടപ്പെടുത്തി
വെച്ചിരുന്നു. ഒരിക്കലും ഒരിടത്തും ഞാന്‍ വൈകി എത്തിയിരുന്നില്ല എന്നതാണ് അദ്ഭുതം.

മഴക്കാലമായാല്‍ ബുദ്ധിമുട്ടാകും. സൂര്യന്‍ കൊഞ്ഞനം കാട്ടാന്‍ തുടങ്ങിയാല്‍ സമയം
അറിയാതാകും. എനിക്ക് ദേഷ്യം വരും. എനിക്കെന്നല്ല, എല്ലാവര്‍ക്കും സൂര്യനെ കണാതിരുന്നാല്‍
വെകിളി പിടിക്കുമായിരിക്കണം. വെയില്‍ കുറയുന്ന കാലത്ത്, ദേശത്ത്, ഒരുതരം മനോരോഗം
പിടിപെടാറുണ്ട്, ചിലര്‍ക്ക്. അതിനെ SAD--seasonal addictive disorder--എന്നു വിളിക്കുന്നു.
വാസ്തവത്തില്‍ ഇത് പുതിയ മനോരോഗവിദഗ്ദ്ധന്മാരുടെ കണ്ടുപിടുത്തമല്ല. കാളിദാസന്‍ പണ്ടേ
ഇതിനെപ്പറ്റി പറഞ്ഞിരുന്നു. കാര്‍മുകില്‍ കാണുമ്പോള്‍ പ്രസന്നരും
ഖിന്നരായിപ്പോകുമത്രേ. മേഘാലോകേ ഭവതി സുഖിനോപ്യന്യഥാ ചിത്തവൃത്തി:

കാക്കയുടെ കരച്ചില്‍ കേട്ട് നേരം നിശ്ചയിച്ചിരുന്ന മുത്തശ്ശിയുടെ കാലത്തെപ്പറ്റി
ഓര്‍മ്മ മാത്രമേ ഉള്ളു. കാക്കയുടെ ശബ്ദം കേട്ടുണര്‍ന്നിരുന്നപ്പോഴെല്ലാം ലോകം
മുഴുവന്‍ നേടിയിരുന്നതായി തോന്നിയിരുന്നു. കാക്കും കോഴിക്കും വെളിച്ചവുമായുള്ള
ബന്ധം ഇന്നും ഹരം പിടിപ്പിക്കുന്ന അറിവായി, അറിയായ്മയായി, നിലനില്‍ക്കുന്നു.
പക്ഷേ സൂര്യനെ ഉണര്‍ത്താന്‍വേണ്ടി കൂകിയിരുന്ന പൂങ്കോഴിയേയോ, ഉറക്കം വരാഞ്ഞോ
മടുത്തൊ ഒച്ചവെച്ചിരുന്ന പാതിരക്കോഴിയേയോ എനിക്ക് വലിയ പരിചയമില്ല.
പൂങ്കോഴിയും പാതിരക്കോഴിയും എങ്ങും ഇല്ലാതായോ? നേരം തെറ്റി നട്ടുച്ചക്ക് കൂകുന്ന
കോഴിയുടെ ശബ്ദംനഗരത്തിന്റെ കോലാഹലത്തില്‍ കേള്‍ക്കാത്തതാണോ?

ഇടക്കാലത്തെന്നോ ഉപയോഗിച്ചുതുടങ്ങിയിരുന്ന വാച്ച് കുറേ കൊല്ലം മുമ്പ്
ഞാന്‍ വേണ്ടെന്നു വെച്ചു. ആഭരണം ധരിക്കുകയില്ലെന്ന ഒരു വാശി.
അതുകൊണ്ട് ഒന്നിനും നേരം തെറ്റിയിട്ടില്ല. നേരം അറിയാന്‍ വേറെ എഹ്റ്റ്രയോ
വഴികള്‍ ഉണ്ട്?എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം വാച്ചുകളല്ലേ?
പഴയ നീളന്‍ ഡയല്‍ വാച്ചുകളല്ല, പല രൂപത്തില്‍, പല നിറത്തില്‍, പലശബ്ദത്തില്‍,
കാലപുരുഷന്റെ ഗരിമയോടെ വിഹരിക്കുന്ന വാച്ചുകള്‍. ആരോടുചോദിച്ചാലുംനേരം അറിയാം.
എന്റെ ഭാര്യ മാത്രംഎനിക്ക് നേരം പറഞ്ഞുതരില്ല. തന്റെ വാച്ച് അ‍ണിയാതെ
അകത്ത് അടച്ചുവെക്കുന്നവര്‍ വേറൊരാളുടെ വാച്ചുനോക്കി നേരം അറിയേണ്ടെന്നാണ്
പുള്ളിക്കാരിയുടെ തീരുമാനം.

ഒര്‍ഹാന്‍ പമുക്കിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായില്ല. ഉണ്ടായിരുന്നെങ്കില്‍
വാച്ചുകളെപ്പയുള്ള അദ്ദേഹത്തിന്റെ ലേഖനത്തില്‍ അതും രേഖപ്പെടുത്തുമായിരുന്നു.


Monday, February 16, 2009

മോതിരവിരല്‍


നിങ്ങളുടെ മോതിരവിരലുകകള്‍ ‍നീളമുള്ളവയാണോ?
എന്റേത് ചൂണ്ടാണിവിരലുകളോളമേ വരൂ.
അതുകൊണ്ടായിരിക്കണം ഞാന്‍ അധികം പണം ഉണ്ടാക്കിയിട്ടില്ല.
ചൂണ്ടാണീവിരലുകളേക്കാള്‍ നീണ്ട മോതിരവിരലുകള്‍ ഉള്ളവര്‍
ഏറെ പണം സമ്പാദിച്ചിരിക്കും.

ഇത് കൈനോട്ടക്കാരന്റെ വാണീവിലാസം അല്ല.
ഇത് തനി ഗവേഷണസത്യം.
ഗവേഷകന്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ
ഡോക്ടര്‍ ജോണ്‍ കോട്സ്.

കോട്സിന്റെ നിഗമനം ഇതത്രേ:
ഗര്‍ഭിണിയുടെ ശരീരത്തില്‍ ടെസ്റ്റസ്റ്റെരോണ്‍ എന്ന സിരാപ്രസാരണി(neurotransmitter)
ഏറിയ അളവില്‍ ഉണ്ടായാല്‍, ഭ്രൂണത്തില്‍നിന്നുണ്ടാകുന്ന ശിശുവിന്റെ മോതിരവിരലുകള്‍
കൂടുതല്‍ നീളമുള്ളവയായിരിക്കും. സര്‍ഗ്ഗാത്മകസാദ്ധ്യതകളുള്ള ഒരു ജൈവരാസവസ്തുവാണ്‍്
സിരപ്രസാരണി. ടെസ്റ്റസ്റ്റെറോണ്‍ എന്ന സിരാപ്രസാരണി കൂറ്റുതല്‍ ഉള്ള
‍കുട്ടികള്‍ വലുതാകുമ്പോള്‍ കൂടുതല്‍ പണം ഉണ്ടാക്കും.

പണത്തിന്റേയും മനസ്സിന്റേയും ഊടുവഴികളിലെല്ലാം കറങ്ങിത്തിരിഞ്ഞിട്ടുള്ള
ആളാണ് കോട്സ്. വിവരം ഉള്ള ആള്‍. കേംബ്രിഡ്ജില്‍ സിരാധനശാസ്ത്രം(neuroeconomics)
പയറ്റുന്നതിനുമുമ്പ് പഹയന്‍ ഓഹരിവിപണിയില്‍ ‍വിലസുകയായിരുന്നു.
അപ്പോള്‍ പിന്നെ പണത്തെപ്പറ്റിയും പണം ഉണ്ടാക്കുന്നവരെപ്പറ്റിയും
ഏതാണ്ടൊക്കെ അറിയാതെവരില്ലല്ലോ.

ഇതുവഴി വേറൊരു രസ്കരമായ ചിന്ത കടന്നുവരുന്നു.
ടെസ്റ്റസ്റ്റെരോണ്‍, സെറോടോനിന്‍, ഡോപാമിന്‍ തുടങ്ങിയ സിരാപ്രസാരണികള്‍
വേണ്ടപോലെ ക്രമീകരിക്കുകയോ, അക്രമീകരിക്കുകയോ ചെയ്താല്‍,
വേണ്ടപോലുള്ള കുട്ടികളെ കിട്ടാന്‍ ഇടയുണ്ട്.
മണ്ടനേയും മനീഷിയേയും
മനുഷ്യസ്നേഹിയേയും മുഷ്കനേയും അങ്ങനെ പാകപ്പെടുത്തിയെടുക്കാം.

ഒരു ഗര്‍ഭിണിയുടെ ഭ്രൂണത്തില്‍നിന്നു കാക്കശ്ശേരി ഭട്ടതിരിയെ
രൂപപ്പെടുത്തിയെടുത്ത നമ്പൂതിരിമാര്‍ ‍ ചെയ്തത് അതുതന്നെയല്ലേ?
അവര്‍, പക്ഷേ, സിരാപ്രസാരണികള്‍ ഒന്നും കുത്തിവെച്ചില്ല.
ഏതോ ഒരു മന്ത്രം ജപിച്ചു. കുറേ തീര്‍ഥം സേവിപ്പിച്ചു. അത്രതന്നെ.
എന്നീട്ടുണ്ടായ കുട്ടിയാണ് വേദാന്തവനസഞ്ചാരിയായി വന്ന
ഉദ്ദണ്ഡകേസരിയെ വിരട്ടിയോടിച്ച കാക്കശ്ശേരി ഭട്ടതിരിയെന്ന കവികുഞ്ജരന്‍.

അപ്പോള്‍ നമുക്ക് ഇനിയും രക്ഷയുണ്ട്. നമുക്കു വേണ്ടതുപോലുള്ള
കുട്ടികളെ വാര്‍ത്തും വളര്‍ത്തിയും ഉണ്ടാക്കാം. പക്ഷേ ഒരു പ്രശ്നം.
വേണ്ടത്ര സിരാപ്രസാരണികള്‍ എവിടെനിന്നു കിട്ടും? രാസപദാര്‍ഥങ്ങള്‍
വില്‍ക്കുന്ന വല്ല കടയിലും കിട്ടുമോ?

Sunday, February 15, 2009

പുരാണത്തില്‍ ഭ്രാന്ത്

കുറേ നാള്‍ മുമ്പ് ഞാന്‍ ഒരു ബ്ലോഗില്‍ എഴുതി:

പണ്ടൊന്നും ആര്‍ക്കും ഭ്രാന്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ‍പുരാണങ്ങളില്‍ ഭ്രാന്തകഥാപാത്രങ്ങളെ
കാണുമായിരുന്നല്ലോ. എന്നുവെച്ചാല്‍ ഭ്രാന്ത് ഒരു പുതിയ രോഗമാകുന്നു. അതുപോലെത്തന്നെ, കുട്ടികള്‍ക്കും ഭ്രാന്തുണ്ടാകാറില്ല.
ഭ്രാന്ത് മുതിര്‍ന്നവരുടെ രോഗമത്രേ. തലച്ചോറും മനസ്സും വളരുമ്പോഴേ തല തിരിഞ്ഞുപോകാറുള്ളു.

പിന്നീടാലോചിച്ചപ്പോള്‍, തിരുത്തണമെന്നു തോന്നി. കുട്ടികള്‍ക്കും മനോരോഗം പിടിപെടാറുണ്ട്.
വലിയ തോതില്‍ ഇല്ലെന്നുമാത്രം. പുരാണങ്ങളില്‍ ഭ്രാന്തന്മാരും ഉണ്ട്. ഒറ്റനോട്ടത്തില്‍ അവര്‍ ഭ്രാന്തന്മാരാണെന്നു
തോന്നുകയില്ലെന്നേ ഉള്ളൂ.

ദുഷ്യന്തനെ നോക്കൂ. ഓര്‍മ്മ ചിലപ്പോള്‍ തകര്‍ന്നുപോകുന്നതായിരുന്നു പുള്ളിക്കാരന്റെ രോഗം.
ശകുന്തളയെ പറ്റിക്കാനുള്ള പണി ആയിരുന്നില്ല ആ മറവി. കുറേക്കൂടി കടുത്തതായിരുന്നു
നളന്റെ മനോരോഗം. ഊണിന്നാസ്ഥ കുറയലുമൊക്കെ അതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു.
പുഷ്കരനേയും അതു വേറൊരു വിധത്തില്‍ ബാധിച്ചു. അയാളില്‍ കലി കേറി.
കലി തന്നെ വിനയുടെ, ദര്‍പ്പത്തിന്റെ, അരൂപിയായ പ്രതീക്കമാകുന്നു.
ഒരു വാക്യത്തില്‍ ആറ് തവണ “ഞാന്‍” എന്നു ഉരുവിടുന്ന ആ അഹന്ത കണ്ടില്ലേ?
അതും ഭ്രാന്തിന്റെ ഒരുതരം രൂപം തന്നെ.

ദുര്യോധനന്‍ കുറച്ചിട ഭ്രാന്തനായി. അപ്പോഴാണല്ലോ അയാള്‍ക്ക് സ്ഥലജലഭ്രമം ഉണ്ടായത്.
തെറ്റാണെന്നറിഞുകൊണ്ടുതന്നെ തെറ്റുചെയ്യുന്നതിനെപ്പറ്റിദുര്യോധനന്‍ പരിദേവനം ചെയ്യുന്നുണ്ട്.
ശരിയാണെന്നറിഞ്ഞുകൊണ്ട് ശരി ചെയ്യാന്‍ പറ്റാത്തതിനെപ്പറ്റിയും. ഇതല്ലെങ്കില്‍ പിന്നെ
എന്താകും ഭ്രാന്ത്?

തല തിരിഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍ അനവധിയുണ്ട് പുരാണങ്ങളില്‍.
ആത്മഹത്യ ഏരിയൊരു മനോരോഗത്തിന്റെ ഫലമല്ലേ? ആത്മഹത്യ എന്നല്ല അന്നുപറഞ്ഞിരുന്നത്.
പ്രായോപവേശം ആയിരുന്നു ആര്യപദം. ജുദാസ് ഭ്രാന്തനായിരുന്നോ? ആത്മഹത്യ ചെയ്തതുകൊണ്ടുമാത്രമല്ല
അങ്ങനെ തോന്നുന്നത്. മനോരോഗത്തിന്റെ ലക്ഷണങ്ങള്‍ വേറേയും ആ കഥപാത്രത്തില്‍ കാണാം.

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് തെറ്റ്. ഭ്രാന്ത് പുതിയ രോഗമല്ല.
പണ്ടും അതുണ്ടായിരുന്നു. പുരാണങ്ങള്‍ അത് ചര്‍ച്ച ചെയ്തു. കാലാതിവര്‍ത്തിയായി അത്,
ഭ്രാന്ത്, പടരുന്നു. അതുകൊണ്ടാകാം തോമസ് സാസ് എന്ന മനോരോഗവിദഗ്ദ്ധന്‍ എല്ലാവര്‍ക്കും
ആശ്വസമേകാന്‍ എന്നോണം പറഞ്ഞത്, മനോരോഗം ഒരു മിഥ്യ ആകുന്നു. നമുക്കറിയാമല്ലോ
അതങ്ങനെ അല്ലെന്ന്!