Monday, May 6, 2013

കള്ളനും പൊലിസും പത്രക്കാരനും





കള്ളനും പൊലിസും പത്രക്കാരനും



മാൽക്കം മഗ്ഗറിഡ്ജ് ബ്രിട്ടിഷ് രഹസ്യപ്പൊലിസിന്റെ പിണിയാളായിരുന്നു.
എല്ലാംകൊണ്ടും ആദരണീയനായ മഗ്ഗറിഡ്ജിന് അങ്ങനെ ഒരു വശമുണ്ടായിരുന്നുവെന്ന് കേട്ടത് കഴിഞ്ഞ ആഴ്ചയായിരുന്നു.  കേട്ടപ്പോൾ അത്ഭുതമോ വേദനയോ തോന്നിയില്ല.  ആരെല്ലാം എങ്ങനെയൊക്കെ രഹസ്യപ്പൊലിസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈശ്വരനേ അറിയാവൂ.
എഴുതിയ വാക്കിലും ഉച്ചരിച്ച വാക്കിലും ഇന്ദ്രജാലം നിറക്കാൻ കഴിഞ്ഞിരുന്ന മഗ്ഗറിഡ്ജ് കൊൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ എന്ന പത്രത്തിന്റെ രാഷ്ട്രീയലേഖകനായിരുന്നു നാല്പതുകളിൽ.  അദ്ദേഹത്തിന്റെ ഗാംഭീര്യം സൂചിപ്പിക്കാൻ പിന്നീട് രാഷ്ട്രീയലേഖകനായി വന്ന ഇന്ദർ മൽഹോത്ര  ഉന്നയിക്കുന്ന ഒരു സംഭവം ഇങ്ങനെ: അന്നത്തെ വൈസ്രോയിയുടെ ആസ്ഥാനമായിരുന്ന ഇന്നത്തെ രാഷ്ട്രപതിഭവനിൽ  ഒരു ചടങ്ങു നടക്കുന്നു.  എവിടെയും വിലസി നടക്കുന്ന മഗ്ഗറിഡ്ജിനെ അരികിൽ വിളിച്ച് വൈസ്രോയി എന്തോ ചെവിയിൽ മന്ത്രിക്കുന്നു.  എന്താണ് മന്ത്രിച്ചതെന്ന് പിന്നിട് വെളിപ്പെട്ടപ്പോൾ ആർക്കും അത്ഭുതമുണ്ടായില്ല പോലും.  വൈസ്രോയി മഗ്ഗറിഡ്ജിനോടു പറഞ്ഞു: “ഇവിടെ വൈസ്രോയി ഒന്നേയുള്ളു, രണ്ടില്ല.  ഓർക്കണം.”
വൈസ്രോയീപ്പോലും അസ്വസ്ഥനാക്കുകയും അഭിമുഖത്തിനിടെ ആരെയും സ്തബ്ധനാക്കുകയും ദൈവത്തിനു നൽകുന്ന സുന്ദരമായ ഉപഹാരമെന്ന് മദർ തെരേസയെ വിശേഷിപ്പിക്കുകയും ജീവിതത്തിന്റെ ആത്യന്തികമായ ക്ഷുദ്രത ആവിഷ്ക്കരിച്ച് എഴുതിയ ആത്മകഥക്ക് Chronicles of Wasted Time എന്നു പേരിടുകയും ചെയ്ത മഗ്ഗറിഡ്ജ് മോസ്കോവിലും മറ്റും മഞ്ചസ്റ്റർ ഗാർഡിയനുവേണ്ടി ജോലി ചെയ്യുമ്പോൾ എം ഐ ഫൈവ്(MI5) എന്ന ബ്രിട്ടിഷ് രഹസ്യപ്പൊലിസ് സംഘടനയുടെ കണ്ണും ചെവിയുമായിരുന്നു എന്നു കൂടി കേട്ടപ്പോൾ കൌതുകം തോന്നി.  യാദൃഛികമായെന്നു പറയട്ടെ, മഗ്ഗറിഡ്ജിന്റെ പശ്ചാത്തലത്തെപ്പറ്റി വായിച്ചുകൊണ്ടിരിക്കുമ്പോൾ, ബ്രിട്ടിഷ് രഹസ്യപ്പൊലിസും എഴുത്തുകാരുമായുള്ള കൂട്ടായ്മ തുറന്നുകാട്ടുന്ന ജെയിംസ് സ്മിത്തിന്റെ പുതിയ പുസ്തകവും ശ്രദ്ധയിൽ പെട്ടു.
രഹസ്യപ്പൊലിസിനുവേണ്ടി പ്രവർത്തിച്ച ഏറ്റവുമധികം പേരുകേട്ട പത്രപ്രവർത്തകൻ ആരായിരുന്നു?  സംശയമില്ല, കിം ഫിൽബി തന്നെ.  ടൈം, ഒബ്സർവർ, ഇക്കോണമിസ്റ്റ് എന്നീ‍ പ്രസിദ്ധീകരണങ്ങളുടെ പ്രതിനിധിയായി കിം ഫിൽബി ബെറൂട്ടിൽ നിയമിക്കപ്പെട്ടത് എം ഐ ഫൈവിനുവേണ്ടിയായിരുന്നു.  അതിന്റെ ഡെപ്യൂട്ടി ഡയറക്റ്റർ ആയിരിക്കുമ്പോൾ സോവിയറ്റ് ചാരനായും പ്രവർത്തിച്ച ഫിൽബി, പിടിക്കപ്പെടുമെന്നായപ്പോൾ, ഒരു സഹപ്രവർത്തകന്റെ ഭാര്യയെയും കൂട്ടി മോസ്കോവിലേക്കു കടന്നു.  അത്ര നിറക്കൂട്ടുള്ള ഒരു പൊലിസ്-പത്രബന്ധം വേറെ കാണില്ല.
അറുപതുകളിൽ ബുദ്ധിജീവികളുടെ വേദപുസ്തകം പോലെയായിരുന്നു Encounter എന്ന മാസിക.  അതിന്റെ നടത്തിപ്പിൽ വലിയ പങ്കുണ്ടായിരുന്നതോ സ്റ്റീഫൻ സ്പെൻഡർ എന്ന മനീഷിക്കും.  കവിയായും ലേഖകനായും അറിയപ്പെട്ട സ്പെൻഡർ കമ്യൂണിസത്തിന്റെ അസഹ്യതയെപ്പറ്റി അമ്പതുകളുടെ തുടക്കത്തിൽ വന്ന പരാജയപ്പെട്ട ദൈവം എന്ന പുസ്തകത്തിന്റെ എഴുത്തുകാരിൽ ഒരാളുമായിരുന്നു.  അമേരിക്കൻ സുരക്ഷിതത്വസംഘടനയായ സി ഐ എ പണം കൊടുത്തു നടത്തുന്നതായിരുന്നു മാസിക എന്നു പരസ്യമായപ്പോൾ അതു നിന്നു പോയി.  അതൊന്നും സ്പെൻഡർ അറിഞ്ഞിരുന്നില്ലെന്ന് ഒരു വശം.  സ്പെൻഡറിന് എപ്പോഴും രണ്ടു മുഖമുണ്ടായിരുന്നുവെന്ന് വേറെ ചിലർ.  ഏതായാലും ചാരവൃത്തിക്കു വേണ്ടി ഇറക്കിയ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും മാന്യം അതു തന്നെയായിരുന്നിരിക്കണം.
സോവിയറ്റ് രഹസ്യാന്വ്വേഷണസംഘടനകളായ കെ ജി ബിയും ജി ആർ യുവും വളർത്തിയെടുത്ത ചാരപത്രപ്രവർത്തകരും ബുദ്ധിജീവികളും ഏറെയുണ്ട്.  അത്രതന്നെ പ്രധാനമല്ലെങ്കിലും രണ്ടു കാരണത്താൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ് ബെർലിൻ  കുഞ്ഞനന്തൻ നായരുടെ പേർ.  ഒന്നാമത്തെ കാരണം, അദ്ദേഹം നമുക്ക് അടുത്തറിയാവുന്ന ആൾ എന്നതു തന്നെ.  രണ്ടാമതായി, പതിവു വിട്ട്, താൻ കെ ജിബിക്കുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞിട്ടുമുണ്ട്.  വിശ്വാസവും പ്രവൃത്തിയും ഒന്നാകുമ്പോൾ അങ്ങനെയാകാം.  കമ്യോണിസത്തിന്റെ പിതൃഭൂമിക്കുവേണ്ടി ബുദ്ധിയും ശരീരവും ആത്മാവും ഉഴിഞ്ഞുവെച്ചിട്ടുള്ളവർ ഏറെ.  അവരിൽ ചിലർ, കുഞ്ഞനന്തൻ നായരെപ്പോലെ, ഒടുവിൽ പാർട്ടിയിൽനിന്നു പുറത്തായിട്ടുണ്ടാകം.  ചിലർ, വിശ്വാസമില്ലാതെ, പല തരം നിർബ്ബന്ധങ്ങൾക്കു വിധേയമായി, കെ ജി ബിക്കുവേണ്ടി ജോലി ചെയ്തതാകാം.
ഐ എഫ് സ്റ്റോൺ എന്നൊരു ലേഖകൻ അങ്ങനെ വളർന്നുവന്നവരിൽ ഒരാളായിരുന്നു.  ടൈം വാരികയുടെ വിറ്റാക്കർ ചേംബേഴ്സ് നിറപ്പകിട്ടുള്ള ഒരു ലേഖകചാരനായിരുന്നു.  ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ വാൾട്ടർ ലിപ് മാനെ കെ ജി ബി ശൃംഖലയിൽ ചേർക്കാൻ കാര്യമായ ശ്രമം നടക്കുകയുണ്ടായി.  പക്ഷേ ആ ലോകലേഖകൻ വീണില്ല.  അതുകൊണ്ടെന്താ, കെ ജി ബി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മേരി പ്രൈസിനെ അതിന്റെ കുരുക്കിലാക്കി.
എപ്പോഴും വിവാദത്തിൽ പെട്ടുകൊണ്ടിരുന്ന വി കെ കൃഷ്ണ മേനോൻ സെഞ്ച്വറി എന്നൊരു ഒരു പത്രവും നടത്തുകയുണ്ടായി.  ആ അർഥത്തിൽ അദ്ദേഹം പത്രക്കാരനുമായിരുന്നു.  പക്ഷേ ആ നിലക്കാവില്ല അദ്ദേഹത്തിന്റെ കെ ജി ബി ബന്ധം വിലയിരുത്തപ്പെടുക.  ബ്രിട്ടിഷ് രഹ്സ്യാന്വേഷണസംഘടനയുടെ നൂറു വർഷത്തെ ചരിത്രം എഴുതുന്നതിനിടയിൽ, അതിന്റെ രചയിതാവായ പ്രൊഫസർ കൃഷ്ണമേനോനെന്യും പരാമർശിക്കുന്നു.  മേനോന്റെ തിരഞ്ഞെടുപ്പ് ചിലവിൽ നല്ലൊരു ഭാഗം കെ ജി ബി വഹിച്ചിരുന്നുവത്രേ.  മേനോൻ ലണ്ടനിൽ ഇന്ത്യയുടെ ഹൈക്കമ്മിഷണർ ആയിരുന്നപ്പോൾ, അവിടെ സന്ദർശനത്തിനെത്തിയ രഹസ്യാന്വ്വേഷണോദ്യോഗസ്ഥൻ സഞീവി ടി സഞീവി കമ്യൂണിസ്റ്റ് വിരുദ്ധനായ ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന്റെ പ്രത്യേകദൂതനായിരുന്നുവെന്ന് പ്രചരിപ്പിക്കപ്പെട്ടു.  ഇന്ത്യൻ രഹ്സ്യാന്വേഷ്ണവിഭാഗത്തിന്റെ ആദ്യത്തെ ഡയറക്റ്റർ ആയ സഞീവിയുടെ ഉള്ളിലിരുപ്പ് മേനോനെ ശ്ലാഘിക്കുന്നതായിരുന്നില്ലെന്ന്  വ്യക്തം.
അത്രയൊന്നും വലുതാവേണ്ട.  കൊച്ചുകൊച്ചുപത്രസമ്മേളനങ്ങൾ റിപ്പോർട്ടു ചെയ്യാൻ പോകുന്ന ലേഖകർക്കും ഷസ്യപ്പൊലിസിന്റെ ഉപകരണമാകാൻ ഇടയുണ്ടാകും.  പത്രസമ്മേളനത്തിൽനിന്നു വീണുകിട്ടുന്ന വിവരം മനസ്സിലാക്കാൻ പടിക്കുപുറത്തോ ചുമരിനു പിന്നിലോ കാത്തുനിൽക്കുന്ന സാധാരണവേഷധാരിയായ പൊലിസുകാർക്ക് സഹായം നൽകുന്നവർ എത്രയെത്ര?  പകരം അല്ലുചില്ലറ വിവരം പൊലിസുകാർ തിരിച്ചും കൊടുക്കും.  അല്പം വലിയ  കാര്യാ‍ാണെങ്കിൽ ലേഖകൻ തന്റെ പേരു വെച്ച് ഒന്നാം പേജിൽ അച്ചടിപ്പിച്ച് ഗമ കാട്ടി നടക്കും.  ലേഖകനും കോള്, വിവരം വെളിച്ചത്തായതുകൊണ്ട് പൊലിസുകാരനും കോള്.  ഒരു ഉപയോഗവുമില്ലാതെ ആരും വാർത്ത ചോർത്തിക്കൊടുക്കുകയില്ലല്ലോ.
കുറച്ചുകൂടി വലിയ തോതിൽ, അറിഞ്ഞുകൊണ്ടു തന്നെ, ഞാൻ രഹസ്യപ്പൊലിസിന്റെ ഉപകരണമാകാൻ ഒരിക്കൽ നിന്നു കൊടുത്തു.  ഉയർന്ന ഒരു ഉദ്യോഗസ്ഥൻ പഴയ പരിചയ്ം വെച്ച് എന്നെ ഡൽഹിയിൽ തേടിപ്പിടിചെത്തുകയായിരുന്നു.  അവർ എത്ര ശ്രമിച്ചിട്ടും സർക്കാരിലെ ഒരു വിഭാഗം ചില വിദേശീയരോട് വിധേയത്വം കാട്ടുന്നതായി സംശയം.  അതിന്റെ വിശദാംശങ്ങൾ എന്നോട് എണ്ണിയെണ്ണിപ്പറയുമ്പോൾ, എന്നോടുള്ള സ്നേഹംകൊണ്ടോ ആ ഉദ്യോഗസ്ഥന്റെ മണ്ഠത്തരംകൊണ്ടോ ആണെന്ന് ഞാൻ സംശയിച്ചില്ല.  സംഗതി വെളിച്ചത്തുകൊണ്ടുവരാൻ എന്നെ ഉപയോഗിക്കുകയാണ്.  സത്യം സത്യമാണെങ്കിൽ, ഞാൻ റെഡി എന്നതായിരുന്നു എന്റെ നിലപാട്.  അതുൻ ഫലവുമുണ്ടായി.
സമകാലികകാര്യങ്ങൾ എഴുതുന്ന ലേഖകരും, വിശേഷിച്ച് രാഷ്ട്രീയലേഖകരും, രഹ്സ്യപ്പൊലിസും തമ്മിൽ കൊള്ളക്കൊടുക്കയുണ്ടാകുന്നത് സ്വാഭാവികമാണ്.  രണ്ടുപേരുടെയും അന്വേഷണവിഷയം ഒന്നു തന്നെ—രഹസ്യം, വാർത്ത.  പൊലിസ് അതു പുറത്തുവിടാനല്ല, സുരക്ഷക്കുവേണ്ടിയാണ് ഉപയോഗിക്കുക.  പത്രക്കാരൻ അത് വായനക്കാരന്റെ സമക്ഷമാവും അവതരിപ്പിക്കുക.  ആ കൊള്ളക്കൊടുക്കയിൽ സത്യസത്യങ്ങളെപ്പറ്റി എത്രത്തോളം തിരിച്ചറിവോടെ പ്രവർത്തിക്കുന്നു എന്നതാണ് ലേഖകന്റെ പ്രാപ്തിയുടെയും മാന്യതയുടെ മാനദണ്ഡം.  ആരെങ്കിലും പറഞ്ഞ്കൊടുക്കുന്ന ഏഴണി നക്കാപ്പിച്ച വാങ്ങി എഴുതുന്നതാണ് ചാരപ്പണി.  

No comments: