Monday, May 6, 2013

ബോധത്തിന്റെ അതിരുകളിൽ തീരുമാനം






ബോധത്തിന്റെ അതിരുകളിൽ തീരുമാനം



ജഗതിയുടെ വീട്ടിൽ ഞങ്ങൾ ഉച്ചക്ക് ഉണ്ണാൻ പോകാനിരുന്ന ദിവസമായിരുന്നു എല്ലാവരെയും അന്ധാളിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മകന്റെയും ഒരു പെൺകുട്ടിയുടെയും വരവ്.  പിന്നീട് ഏറെ പ്രശസ്തനാകാനിരുന്ന പ്രതിഭാശാലിയായ നടൻ ജഗതി ശ്രീകുമാറിനെ അതിനു ശേഷം ഞാൻ നേരിൽ കണ്ടിട്ടില്ല.  ശ്രീകുമാറുമായുള്ള എന്റെ പരിചയം ജഗതി എൻ കെ ആചാരിയുമായുള്ള സംഭാഷണങ്ങളിൽ ഒതുങ്ങി.  അഛൻ എനിക്കു തരാൻ വെച്ചിരുന്ന ഉച്ചയൂണ് മകന്റെ നിനച്ചിരിയാതെയുണ്ടായ വരവു കാരണം മാറ്റിവെച്ചുപോയതിന്റെ കുണ്ഠിതം ഇന്നും അനുഭവപ്പെടുന്നു.  ഒന്നിലേറെ കൊല്ലമായി അപകടത്തിന്റെ ആഘാതവുമായി കഴിയുന്ന ഹാസ്യനടന്റെ ദൈന്യം വേദനയിൽ കവിഞ്ഞ എന്തോ ആയി എന്നെ ബാധിച്ചിരിക്കുന്നതായറിയാം.   

ചിരിപ്പിക്കുന്നവരുടെ സ്വകാര്യവേദന നമുക്കറിയാത്ത ഏതോ വിചിത്രശക്തിയുടെ വികൃതി ആയിരിക്കാം.  സഞ്ജയന്റെ ജീവിതത്തിൽ ചിരിയേ ഉണ്ടായിരുന്നില്ല.  പക്ഷേ ഹാസ്യാഞ്ജലിയിലൂടെയും ഹാസ്യപ്രകാശത്തിലൂടെയും അദ്ദേഹം ഘനമുള്ള ചിരി പൊട്ടിപ്പടർത്തി.  മേരാ നാം ജോക്കർ എന്ന ചിത്രത്തിലെ കരയുന്ന കോമാളിയെ ഓർമ്മയില്ലേ?  അമ്മ മരിച്ച വാർത്ത കേട്ട് കരഞ്ഞുകാട്ടിയപ്പോഴും ആ കോമാളിയെക്കണ്ട് കാണികൾ പൊട്ടിച്ചിരിക്കുകയായിരുന്നു.  ചിരിയും കരച്ചിലും ഇണ ചേരുന്ന അത്തരം രംഗങ്ങൾ എത്രയോ ഓർത്തെടുക്കാം.  ജഗതിയുടെ സ്ഥിതി തന്നെ നോക്കൂ.

ജഗതിയെ പത്രസമ്മേളനത്തിനെത്തിച്ചപ്പോൾ, ഒരു തിരിച്ചുവരവിന്റെ ആവേശവും അതിലടങ്ങിയിട്ടുള്ള ഭാഗ്യത്തിനു നന്ദിയും അദ്ദേഹം എങ്ങനെ പ്രകാശിപ്പിക്കുമെന്നറിയാനായിരുന്നു എനിക്കു കൌതുകം.  ശരീരത്തെയും മസ്തിഷ്ക്കത്തെയും ചികിത്സിക്കുന്ന ഡോക്റ്റർമാർ എന്തു പറയുന്നു?  ഔഷധവും പരിചരണവും ആത്മബലവും ഭാഗ്യവും കൂടിയാൽ എന്തൊക്കെ സാധ്യമാകുന്നു?  അതറിയാൻ നോക്കിയിരുന്ന ഞാൻ വിഷണ്ണനായി.  അദ്ദേഹം ഒന്നും പറഞ്ഞില്ല.  ഡോക്റ്റർമാർ ആരും ഉണ്ടായിരുന്നില്ല.  സത്യം ഊഹങ്ങളായും ഉപോഹങ്ങളായും അരിച്ചു നടന്നു.  ഇപ്പോഴിതാ അദ്ദേഹത്തിനു സംഭവിച്ച ആഘാതത്തിനു നഷ്ടപരിഹാരം നൽകാൻ വണ്ടിയുടെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ കേസ് വരുന്നു.  അതിന്റെ അർഥവും സംബന്ധവും അറിയാനും അപഗ്രഥിക്കാനും ജഗതിക്ക് കഴിയുന്നുണ്ടോ ആവോ?

ജഗതിയെക്കാൾ കൂടുതൽ എനിക്ക് അടുത്തിടപഴകാൻ ഇടയായ ഒരാളായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്ഥാപക-ചെയർമാൻ രാം നാഥ് ഗോയെങ്ക.  ആർ എൻ ജി എന്നു ഞങ്ങൾ വിളിച്ചിരുന്ന, അധികാരികളുമായി റമ്മി കളിക്കാനും അവരെ തോല്പിക്കാനും ഇഷ്ടപ്പെട്ടിരുന്ന പത്രപ്രഭു ഒരിക്കൽ എനിക്കു പരിചയമില്ലാത്ത ജോലി ഏല്പിച്ച് എന്നിലുള്ള അകാരണമായ വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.  ആ പരിചയഘട്ടത്തിനിടയിൽ ഞങ്ങൾ ഒരു കൊച്ചുകാറിൽ കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയി.  അത്രയും നീണ്ട റോഡ് യാത്ര അദ്ദേഹം പിന്നീട് നടത്തിയിട്ടില്ല.  ഞങ്ങൾ ഒരുമിച്ചുള്ള ആ യാത്ര കഴിഞ്ഞ് ചെന്നെയിൽ എത്തിയ ഉടനേ അദ്ദേഹത്തിന് മാറാത്ത മസ്തിഷ്ക്കാഘാതമുണ്ടായി. ബംഗളൂരിൽ അദ്ദേഹം വിശ്രമിക്കുന്ന കാലത്ത് ഞാൻ കാണാൻ ചെന്നു.  എന്നെ തിരിച്ചറിയുന്നില്ലെന്ന് കുഴഞ്ഞ കുഴങ്ങിയ നോട്ടവും കണ്ടപ്പോൾ മനസ്സിലായി.  പക്ഷേ അക്കിടി പറ്റുമ്പോഴും തടി കേടാതെ എണീക്കാനുള്ള കഴിവാണല്ലോ ആർ എൻ ജിയെപ്പോലുള്ളവരെ അവരാക്കുന്നത്.  എന്തൊക്കെയോ പറഞ്ഞ് എന്നെ മനസ്സിലായില്ലെന്ന കാര്യം അദ്ദേഹം അതിവിദഗ്ധമായി മറച്ചുവെച്ചു.  

ആ വൈദഗ്ധ്യത്തെ അഭിനന്ദിക്കുമ്പോൾത്തന്നെ, അതുൾക്കൊള്ളുന്ന മൌലികമായ സത്യസന്ധതയില്ലായ്മയെപ്പറ്റിയും ഞാൻ ഓർത്തു.  എന്നെ സംബന്ധിച്ചിടത്തോളം--അത് എല്ലാവർക്കും ബാധകമാകുമെന്ന് ഞാൻ കരുതുന്നു--നമ്മിലെ സത്യസന്ധത ബലി കഴിപ്പിക്കാൻ ഇടയാക്കുന്ന സംഭവവും സന്ദർഭവുമാണ് ജീവിതത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യം.  കളവു പറയാനും കാണിക്കാനും എന്നെ നിർബ്ബന്ധിക്കുന്ന ആരും എന്തും എന്നും എന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.  ലാഭം അടിക്കാനോ  മേനി നടിക്കാനോ ഒക്കെയായി നാം കാണിച്ചുപോകുന്ന കളവിന്റെ അളവ് നോക്കൂ!  ബെർണാർഡ് ഷാ ഒരിക്കൽ അതു തിട്ടപ്പെടുത്താൻ നോക്കിയിട്ടു പറഞ്ഞു, ജീവിതത്തിൽ നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നുണയുടെ ബത്ത നന്നേ കുറവത്രേ.  

എന്നെ അറിയാതെ അറിയുമെന്നു നടിച്ച ആർ എൻ ജിയുടെ യാതന നോക്കൂ. ഒന്നാമതായി, കുറച്ചുകാലമാണെങ്കിലും നന്നായി പരിചയപ്പെട്ട ഒരാളെ പെട്ടെന്ന് തിരിച്ചറിയാൻ വയ്യാതാകുക.  രണ്ടാമതായി, തിരിച്ചറിയുന്നില്ലെങ്കിലും തിരിച്ചറിയുന്നതായി ഭാവിക്കേണ്ട ദുർഗ്ഗതി വരുക.  രണ്ടും അസഹ്യമാകുന്നു.  പക്ഷേ അധികാരദുർഗ്ഗങ്ങളെ വിറപ്പിക്കുകയും, ആവശ്യം വരുമ്പോൾ അവയെ ചങ്ങാത്തംകൊണ്ടു പൊതിയുകയും ചെയ്ത ആർ എൻ ജിക്കുമുന്നിൽ പിന്നെയും അസഹ്യതകളുണ്ടായിരുന്നു.  അദ്ദേഹത്തിനു പ്രിയപ്പെട്ട പത്രാധിപൻ അരുൺ ശൌരിയെ ഒരു ദിവസം പുറത്താക്കി.  വിവരം അന്വേഷിക്കാൻ ശൌരി വിളിച്ചപ്പോൾ, അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലല്ലോ എന്നായി ആർ എൻ ജി.  

മുംബയിൽ ചികിത്സയും വിശ്രമവുമായി കഴിഞ്ഞിരുന്ന ചെയർമാനെ നേരിൽ കണ്ടു സംസാരിക്കാൻ എത്തിയ ശൌരിയോട് അദ്ദേഹം ഒന്നും സംഭവിക്കാത്ത മട്ടിൽ സംസാരിച്ചു.  എല്ലാം പഴയ പോലെ നടക്കട്ടെ എന്നായിരുന്നു ശൌരി മനസ്സിലാക്കിയ സന്ദേശം.  ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ, പത്രാധിപർക്ക് ആർ എൻ ജിയുടെ പേരിൽ വേറൊരു സന്ദേശം കിട്ടി:  പത്രാധിപൻ സ്ഥാനം ഒഴിയുക.  സന്ദേശം  ആരയച്ചതായാലും പിന്നെ ഒഴിയുകയേ ശൌരിക്ക് നിർവാഹമുണ്ടായിരുന്നുള്ളു.  അധികാരവുമായി ഏറെക്കാലം സൽഗുഡു കളിച്ച രാം നാഥ് ഗോയെങ്കക്ക്, ബോധത്തിന്റെ അതിരുകളിൽ എത്തുമ്പോൾ ഇങ്ങനെയാവാമെങ്കിൽ, താൻ അറിഞ്ഞുകൊണ്ടെടുത്തതാവണമെന്നില്ലാത്ത തീരുമാനത്തിന്റെ ഉടമസ്ഥത ചുമക്കേണ്ടിവരാമെങ്കിൽ, ആർക്കും വരാവുന്നതേയുള്ളു പരമമായ ആ ദൈന്യം, ആശാന്റെ ഭാഷയിൽ, അതിനിന്ദ്യമീ നരത്വം.  

ബോധത്തിന്റെ അതിരുകളിൽ എത്തിപ്പെടുന്നവർ അറിഞ്ഞോ അറിയാതെയോ എന്തെല്ലാം കാട്ടിക്കൂട്ടുന്നു?  അധികാരം മുഴുവൻ തന്നിൽ സമാഹരിച്ചിരുന്ന എം ജി രാമചന്ദ്രൻ അവസാനവാരങ്ങളിൽ അനുവർത്തിച്ചതെല്ലാം സ്വബോധത്തോടുകൂടിയായിരുന്നോ?  അദ്ദേഹത്തിന്റെ പേരിൽ അദ്ദേഹം അറിയാത്ത കാര്യങ്ങൾ ചെയ്യപ്പെട്ടു എന്നു പറയുമ്പോൾ, കൂടുത ഭവ്യതയോടുകൂടി ലൂയി മക് നീസ് പറഞ്ഞ വരികൾ ഓർമ്മ വരുന്നു:  ഈ ലോകം എന്റെ മകന്റെ കൈകൾകൊണ്ടു ചെയ്യുന്ന പാപങ്ങൾക്ക് അവനു മാപ്പു കൊടുക്കുക.  അങ്ങനെ മാപ്പൂനും വേണ്ടി വരില്ല എം ജി ആറിന്.  അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനങ്ങൾ പ്രിയംകരിയായ ജയലളിത വഴി വന്നിരുന്നെങ്കിൽ, തമിഴ്രാഷ്ട്രീയം മാറി മറയുമായിരുന്നില്ലേ?

ഞാൻ ബംഗളൂരിൽ ജോലി ചെയ്യുമ്പോൾ, അടുത്തുള്ള രാമനഗരത്തിൽ പതിവുപോലെ അല്പം കലപില ഉണ്ടായി.  അത് അടിച്ചൊതുക്കേണ്ട മുഖ്യമന്ത്രി വീരേന്ദ്ര പാട്ടിൽ അസുഖം ബാധിച്ച് കിടപ്പായിരുന്നു.  മസ്തിഷ്ക്കാഘാതം തന്നെ കാരണം.  സമാധാനം
പുനസ്ഥാപിക്കേണ്ട ആൾ തന്നെ സമാധാനം കെട്ട് ആസ്പത്രിയിലായലോ?  നേരേ വാ, നേരേ പോ എന്നു മാത്രം ആലോചിക്കാനറിയുമായിരുന്ന രാജീവ് ഗാന്ധി നിർദ്ദേശിച്ചു, മുഖ്യമന്ത്രിയെ മാറ്റുക.  ആസ്പത്രിക്കിടക്കയിൽനിന്ന് പാട്ടിലിന്റെ അഭ്യർഥനയായി, എന്നെ മാറ്റരുതേ.  എന്നുവെച്ചാൽ, ആഘാതമേറ്റ മസ്തിഷ്ക്കവുമായി, ഭരണം നിർവഹിക്കാൻ എനിക്ക് ഇനിയും അവസരം തരുക.  രണ്ടും കല്പിച്ച് രാജീവ് ഗാന്ധി അധികാരത്തിൽ പുതിയൊരു അവതാരത്തെ കൊണ്ടുവന്നു.  ആദ്യത്തെ ഒന്നു രണ്ടുമാസമൊഴിച്ചാൽ, എന്നും രാജീവിനെ എതിർത്തുപോന്നിട്ടുള്ള എന്റെ പത്രം മുഖപ്രസംഗം എഴുതി, കലാപത്തിന്റെ കാലത്ത് ആരോഗ്യമുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാൻ അദ്ദേഹം കാട്ടിയ ഔദ്ധത്യത്തെ അപലപിച്ചുകൊണ്ട്.

രാഷ്ട്രത്തലവന്മാർ പലരും അധികാരത്തിന്റെ അവസാനദിവസങ്ങളിൽ ബോധത്തിന്റെ അതിരുകളിൽ ഉഴലുകയായിരുന്നെന്നു കേട്ടിട്ടുണ്ട്.  അനഭിമതരെ വക വരുത്തുന്നതിൽ അത്ഭുതാവഹമായ റിക്കോർഡ് ഉണ്ടാക്കിയ സ്റ്റാലിൻ അവാസാനം വിചിത്രമായ പെരുമാറ്റം കാണിച്ചിരുന്നുവത്രേ.  ഇന്ത്യയുടെ രാഷ്ട്രപതി അധികാരം പ്രയോഗിക്കാൻ പ്രാപതനല്ല.  എന്നാലും ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അസുഖത്തെപറ്റി അടക്കിപ്പിടിച്ച സംസാരം കേട്ടിരുന്നു.  അധികാരം കേന്ദ്രീകരിച്ചെടുത്ത അമേരിക്കൻ പ്രസിഡന്റ് അസ്വസ്ഥനായാലോ?  കാൽവിൻ കൂളിഡ്ജ്  കാര്യമാത്രപ്രസക്തത്വംകൊണ്ടു മാത്രമല്ല, മനോരോഗംകൊണ്ടും പ്രശാസ്തനായി.  അദ്ദേഹത്തിന്റെ ഒരു മകൻ അപകടത്തില്പെട്ടു മരിച്ചതിനുശേഷം അദ്ദേഹത്തിനു സ്വബോധം തിരിച്ചുകിട്ടുകയുണ്ടായില്ല.  ബോധത്തിന്റെ അതിരുകൾക്കപ്പുറം പോകുന്ന ഒരാളെ മാറ്റുകയാണ് യുക്തി.  പക്ഷേ അങ്ങനെയുള്ള ഒരാളെ മുന്നിൽ കിടത്തി പകിട കളിക്കുന്നതിലാവും അദ്ദേഹത്തിന്റെ പിന്നിലുള്ളവർക്ക് ആസക്തി.  ഉത്തരവദിത്വമില്ലാത്ത അധികാരത്തോളം ഹരം പിടിപ്പിക്കുന്നതായി വേറെ എന്തുള്ളു?

No comments: