Monday, May 6, 2013

യയാതിയുടെ ഇഷ്ടം നിറവേറ്റാൻ



യയാതിയുടെ ഇഷ്ടം നിറവേറ്റാൻ


എന്റെ കുട്ടിക്കാലത്ത് പതിവായി കണ്ടിരുന്ന രണ്ടു പരസ്യങ്ങൾ ജീവൻടോണിനെയും മദനകാമേശ്വരി ലേഹ്യത്തെയും പറ്റിയായിരുന്നു.  ആദ്യത്തേതിന്റെ പരസ്യത്തിൽ മുടി ചീകിയൊതുക്കി, കയ്യില്ലാത്ത ബനിയനിട്ട്, മസിൽ പിടിച്ചുനിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രമുണ്ടായിരുന്നതോർക്കുന്നു.  മദനകാമേശ്വരിലേഹ്യത്തിന്റെ ചിത്രണം ഓർക്കുന്നില്ല.  സംസ്കൃതജടിലമായ കുറെ വാക്കുകളായിരുന്നു രണ്ടിലെയും വാങ്മയം.  അതിന്റെ അർഥമോ അർഥവ്യാപ്തിയോ അന്നറിയാമായിരുന്നില്ല.  കൂടെക്കൂടെ വന്നിരുന്നതുകൊണ്ട് പരസ്യം ശ്രദ്ധയിൽ പതിഞ്ഞെന്നേയുള്ളു.  

പൌരുഷം കൂട്ടാനുള്ള ദിവ്യൌഷധങ്ങളായിട്ടാണ് അവ അവതരിപ്പിക്കപ്പെട്ടിരുന്നത് എന്നു മനസ്സിലാക്കാൻ പിന്നെയും കാലമെടുത്തു.  പൌരുഷം എന്നാൽ ലൈംഗികശേഷി എന്ന് അർഥം കല്പിക്കപ്പെട്ടു.  രതിസുഖം അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്ന ദൈന്യത്തെക്കാളേറെ, ലജ്ജ തോന്നിപ്പിക്കുന്ന ഒരു പോരായ്മയായി ലൈംഗികശേഷിയുടെ കുറവ്.  ആണുങ്ങളെ അവഹേളിക്കാനുള്ള ഒരു പദമായി ഷണ്ഡൻ.  അതുകൊണ്ട് ആ പോരായ്മ പരിഹരിക്കുന്ന ലേഹ്യമോ കഷായമോ ഇരട്ടി വിലപ്പെട്ടതുമായി--കുറവ് നികത്തുന്ന ഔഷധമായും ഉശിര് കൂട്ടുന്ന ഉത്തേജകമായും.

അങ്ങനെ ആലോചിച്ചുപോയപ്പോൾ കണ്ടു ആ പരസ്യത്തിന്റെ പ്രസക്തി ഇന്നലെയോ മിനിയാന്നോ തുടങ്ങിയതല്ലെന്ന്.  ലൈംഗികപ്രശ്നങ്ങളായിരുന്നു പുരാണദുര്യോഗങ്ങളെ വരുത്തിവെച്ചിരുന്ന പലതും.  എത്രയോ കഥാപാത്രങ്ങൾ പലതരം ലൈംഗികപ്രശ്നങ്ങൾക്കു കീഴ്പെട്ടിരുന്നു! അതിനു വേണ്ടി ദശരഥനെപ്പോലുള്ളവർ പുത്രകാമേഷ്ടി നടത്തി.  പാണ്ഡുരോഗം പിടിപെട്ട ഭർത്താവിന്റെ കുറവു നികത്താൻ ഭാര്യ മന്ത്രത്തിന്റെ രൂപത്തിൽ മദനകാമേശ്വരി സേവിച്ചു.  വികലമായ ഗർഭധാരണത്തിൽനിന്ന് കുട്ടികൾ ഒന്നല്ല, നൂറും ഉണ്ടായി.  ചുളിയുന്ന തൊലിയും തെളിയാത്ത ശേഷിയും മൂലം കഷണിക്കുന്ന ദേവന്മാരും അസുരന്മാരും നിത്യപൌരുഷം നേടാൻ പാൽക്കടൽ കടഞ്ഞുനോക്കി.  അതിനിടയിൽ നമ്മൾ കണ്ടുമുട്ടിയ വിരുതനായിരുന്നു മകന്റെ യൌവനം കടം കൊണ്ട അഛൻ യയാതി.  

ഈ പുരാണം വിളമ്പാൻ ഉണ്ടായ കാരണം ഉത്തേജകത്തിന്റെ ഒടുങ്ങാത്ത പരസ്യം തന്നെ.  പഴയ മദനകാമേശ്വരിക്കു പകരം പുതിയ ഈശ്വരിമാർ വന്നിരിക്കുന്നു.  ആയുർവേദത്തിന്റെ ഗന്ധമുള്ള പേരു പറയുന്നതിനെക്കാൾ ഫലമുണ്ടാകും വയാഗ്ര എന്ന എഅലോപ്പതി നാം ഉപയോഗിച്ചാൽ.  എന്തിന്റെയെങ്കിലും വില്പന ഒരിക്കലും പിന്നോട്ടടിക്കാതെ മുന്നേറുന്നുണ്ടെങ്കിൽ, അത് അത്തരം ഉത്തേജകങ്ങളുടെയാണത്രേ.  ഉത്തേജനസിദ്ധി അലോപ്പതിയിലെ വയാഗ്രക്കുമാത്രം പതിച്ചുകൊടുക്കാൻ മറ്റു ചികിത്സാപദ്ധതിക്കാർ തയ്യാറല്ല.  മദനകാമേശ്ഡബ്ലിയുഅരിക്കു മുമ്പും പിമ്പും ഉശിരു കൂട്ടുന്ന മരുന്നുകൾ പലതരം ഉണ്ടായിട്ടുണ്ട്.  ശത്രുക്കളുടെ മേൽ വിതറി ആസകലം ചൊറി പിടിപ്പിക്കുന്ന നായക്കുരണ കാമസിരകളിൽ ലഹരിയായി പടരുമത്രേ.  അതു ചേർത്ത മരുന്നുകളുടെ പരസ്യം നല്ല വായനക്കാരെ വളർത്തിയെടുത്തിരിക്കുന്നു.  സംസ്കൃതത്തിൽ അശ്വഗന്ധമെന്ന് രാഗലോലമായി വിളിക്കുന്ന അമുക്കുരം ആണത്തം വിടർത്തുന്ന ഔഷധമത്രേ.  എന്നാലും വയാഗ്രയുടെ വിശാലവൈശിഷ്ട്യം വേറെ ഒന്നിനുമുള്ളതായി അഭിജ്ഞലോകം അംഗീകരിക്കുന്നില്ല.

എന്നങ്ങനെ തീർത്തു പറഞ്ഞുകൂടാ.  കഴിഞ്ഞയാഴ്ചത്തെ പത്രത്തിൽ പന്ത്രണ്ടാം പേജിൽ ഒരു മൂലയിൽ ഒതുക്കിയിരുന്ന ഒരു വാർത്താശകലമാണ് ഇതിനെപ്പറ്റി ഇത്ര നീട്ടിപ്പിടിച്ചെഴുതാൻ കാരണം.  വയാഗ്രയുമായി കിട നിൽക്കാവുന്ന ഒരു സസ്യജന്യൌഷധം തിരുവനന്തപുരത്തിനടുത്തുള്ള പാലോട്ടെ സസ്യഗവേഷണകേന്ദത്തിൽ വികസിപ്പിച്ചിരിക്കുന്നു!  ഇതെന്തുകൊണ്ട് പ്രധാനപ്പെട്ട വാർത്തയായി ഒന്നാം പേജിൽ വരുന്നില്ല?  മമ്മുട്ടി കുതിരപ്പുറത്തുനിന്നു വീണാലും ഒ എൻ വി കുറുപ്പ് പുതിയൊരു കാക്കാരിശ്ശി നാടകത്തിനു പാട്ടെഴുതിയാലും സുഗതകുമാരി തന്റെ ഫ്ലാറ്റിലിരുന്ന് മരം മുറിക്കുന്നവരെ കളിയാക്കിയാലും നമുക്ക് ഒന്നാം പേജ് വാർത്തയാകും.  പക്ഷേ അക്ഷരം കൊണ്ട് മന്ത്രവാദം ചെയ്യുകയോ അഭ്യാസം കാട്ടി ആളുകളെ കണ്ണഞ്ചിപ്പിക്കുകയോ ചെയ്യുന്നതുപോലെ സർഗ്ഗാത്മകമായി നമ്മൾ കണക്കാക്കുന്നില്ല പുതിയ തന്ത്രങ്ങളും യന്ത്രങ്ങളും ഉണ്ടാക്കുന്നത്.  

വാസ്തവത്തിൽ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന അത്തരം യന്ത്രങ്ങളുടേയും തന്ത്രങ്ങളുടെയും ആവിഷ്കൃതി നമ്മൾ മിക്കപ്പോഴും അറിയുന്നുപോലുമില്ല.  അമ്മിക്കല്ലിലും ഉരലിലും ആയുഷ്കാലം മുഴുവൻ തളച്ചിട്ടിരുന്ന വീട്ടുകാരികൾക്ക് അനുഗ്രഹമായി വന്ന ഗ്രൈന്ററൂം മിക്സിയും ആർ എവിടെ എങ്ങനെ ഉണ്ടാക്കി എന്ന് നാം തിരക്കിയിട്ടേയീല്ല. എന്നിട്ടുവേണ്ടേ അവയുടെ ഉപജ്ഞാതാക്കൾക്ക് പത്മശ്രീ നൽകി ആദരിക്കാൻ!  ഇത് ഒന്നോ രണ്ടോ കണ്ടു പിടുത്തങ്ങളിൽ ഒതുങ്ങുന്ന സ്വഭാവമല്ല. ശാസ്ത്രത്തിന്റെയും സാങ്കേതികശാസ്ത്രത്തിന്റെയും നേട്ടങ്ങളെ, നമ്മുടെ ജീവിതത്തിന്റെ എല്ലാ തുറകളെയും ബാധിക്കുകയും അധ്വാനം ഏറെ കുറക്കുകയും ഒഴിവുനേരം കൂട്ടുകയും ചെയ്യുന്ന ആവിഷ്കൃതികളെ, ഒന്നിനെപ്പോലും അവയുടെ ആവിഷ്ക്കർത്താക്കളുമായി ബന്ധപ്പെടുത്തി നാം കാണാറില്ല.  വിശിഷ്ടമായ ഒരു സംഗീതോപകരണം വികസിപ്പിച്ചെടുത്ത ഒരാളെ നാം ഓർക്കില്ല.  ഓർക്കുക അതുപയോഗിച്ച് പാട്ടു കേൾപ്പിക്കുന്ന ആളെ മാത്രം.  ശാസ്ത്രത്തിന്റെയും സാങ്കേതികശാസ്ത്രത്തിന്റെയും വഴിയും പൊരുളും മനസ്സിലാക്കാൻ വിഷമമുള്ളതുകൊണ്ടാകാം.  ഏതായാലും സർഗ്ഗാത്മകതയെപ്പറ്റിയുള്ള മനുഷ്യസങ്കല്പനത്തിലെ തികഞ്ഞ വൈകല്യം ഇത് എടുത്തു കാണിക്കുന്നു.

സാന്ദർഭികമായി അത്രയും പറഞ്ഞെന്നേയുള്ളു.  വാസ്തവത്തിൽ ഊന്നിപ്പറയാൻ ഉദ്ദേശിച്ചത് പാലോട്ടെ സസ്യഗവേഷണകേന്ദ്രത്തെയും അതിന്റെ പുതിയ ഉപലബ്ധിയെയും പറ്റിയാണ്.  കൃത്രിമരാസപദാർത്ഥങ്ങൾ ഓരോരോ ആവശ്യത്തിന്റെ പേരിൽ വികസിപ്പിച്ചെടുത്തതിന്റെ വാർത്തയേ വല്ലപ്പോഴും കേൾക്കാറുള്ളു.  നമുക്കു ചുറ്റും തഴച്ചു വളരുന്ന ചെടികളിൽ ഒളിഞ്ഞിരിപ്പുള്ള  ശമന-ദഹനശക്തി ഉപയോഗപ്പെടുത്താനുള്ള ശ്രമവും അതിലെ വിജയവും പ്രത്യേകം ശ്ലഘിക്കപ്പെടേണ്ടതു തന്നെ.  നാമാവശേഷമാകുന്ന പല സസ്യജനുസ്സുകളും പാലോട്ടെ സസ്യഗവേഷണകേന്ദ്രം രക്ഷിച്ചെടുത്തിട്ടുണ്ട്.  മുപ്പതു കൊല്ലം മുമ്പ് കേന്ദ്രത്തിന്റെ രണ്ടാമത്തെ മേധാവിയായിരുന്ന ഡോക്റ്റർ എ ൻ നമ്പൂതിരിയുമായി കേന്ദ്രത്തിലെ മരച്ചുവട്ടിലും വിക്റ്റോറിയ ആമസോണീയ എന്ന വിസ്തൃതമായ പത്രമുള്ള ജലസസ്യം വളരുന്ന തടാകത്തിനരികിലും ഇരുന്നും നടന്നും ചർച്ച ചെയ്തതോർക്കുന്നു.  ബ്ലു വാൻഡ എന്ന ഒരു തരം വാഴ കേന്ദ്രം നാശത്തിൽനിന്നു രക്ഷിച്ചതാണെന്ന് ഡോക്റ്റർ നമ്പൂതിരി പറഞ്ഞു. ഇപ്പോൾ വയാഗ്രക്കു തുല്യമായ ഔഷധം വികസിപ്പിച്ചിട്ടുള്ളതും അതു പോലൊരു സസ്യത്തിൽനിന്നാണത്രേ.

അരോചകമായ ചില ഓർമ്മകളും പാലോട്ടെ ഗവേഷണകേന്ദ്രം ഉണർത്തുന്നു. സൌമ്യനായ ഡയറക്റ്റർ നമ്പൂതിരിയെ രാവും പകലും ഫോണിൽ തെറി പറഞ്ഞ് വിരട്ടിയിരുന്ന, അധികാരത്തിന്റെ ഇടനാഴിയിൽ കയറിയിറങ്ങിയിരുന്ന ഒരു മാധ്യമപ്രവർത്തകൻ ഉണ്ടായിരുന്നു.  കഠിനമായ പ്രവൃത്തി പോയിട്ട് വാക്കു പോലും പറയാൻ പ്രാപ്തിയില്ലാതിരുന്ന നമ്പൂതിരിയും കുടുംബവും അസഭ്യം കേട്ട് മിണ്ടാതിരിക്കുകയോ നിസ്സഹായരായ സുഹൃത്തുക്കളുമായി പങ്കിടുകയോ മാത്രം ചെയ്തു.  അസഭ്യത്തിന്റെ ഉദ്ദേശം നമ്പൂതിരിയെ ഓടിക്കുകയോ വിരട്ടി നിർത്തുകയോ ആയിരുന്നിരിക്കണം.  നമ്പൂതിരിയുടെ നേരേ താഴെ ഉണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞൻ അതൊക്കെ കേട്ട് രസിച്ചിരുന്നിരിക്കണം.  

അക്കാലത്ത് ആസൂത്രണസെക്രട്ടറിയും സസ്യഗവേഷണകേന്ദ്രത്തിന്റെ ഭരണസമിതിയിൽ അംഗവുമായിരുന്ന എസ് വരദാചാരി പറഞ്ഞറിഞ്ഞ ചില കാര്യങ്ങൾ രസാവഹമായിരുന്നു.  നമ്പൂതിരിയുടെ നേരേ താഴെ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞന്റെ യോഗ്യതയെപ്പറ്റി ചില സംശയങ്ങൾ പൊന്തി വന്നു.  അദ്ദേഹം ബന്ധപ്പെട്ടുവെന്ന് അവകശപ്പെട്ടിരുന്ന ഗവേഷണസംരംഭങ്ങളുമായി അദ്ദേഹത്തിന് ഒരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് അതു നയിച്ച ലോകപ്രശസ്തശാസ്ത്രജ്ഞൻ തന്നെ ആണയിട്ടു പറഞ്ഞു.  അദ്ദേഹം അംഗമാണെന്ന് അവകാശപ്പെട്ട ഒരു ലോകസസ്യസംഘടന രൂപം കൊണ്ടിട്ടേയില്ലെന്ന് വരദാചാരി അന്വേഷിച്ചറിഞ്ഞു.  അദ്ദേഹം പ്രസിദ്ധപ്പെടുത്തിയതെന്ന് അവകാശപ്പെട്ട പ്രബന്ധങ്ങളുടെ മൂലമോ സംക്ഷേപമോ ഹാജരാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.  ആ സാഹചര്യത്തിൽ അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നു.

അതുണ്ടായില്ല.  അതിനു പകരം ഉണ്ടായത് അതിനെപ്പറ്റി അദ്ദേഹത്തോട് കൂടെക്കൂടെ ചോദിക്കുമായിരുന്ന ഡയറക്റ്റർ നമ്പൂതിരിക്കും കുടുമത്തിനും പതിവായി കിട്ടിയ അസഭ്യമായിരുന്നു.  ആ സ്ഥാപനത്തിൽ വയാഗ്രക്കു പകരം നിൽക്കാവുന്നതോ അല്ലാത്തതോ ആയ സസ്യജന്യൌഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നുവെന്ന വാർത്ത ജനോത്സാഹം ഉണർത്തേണ്ടതാണ്.  ചാട്ടത്തിലും ചായമടിക്കലിലും ചരടു പിടുത്തത്തിലും മികവു കാണിക്കുന്നവരെ അണീയിച്ചാദരിക്കുന്ന കാലത്ത്, ഇത്തരം ആഘോഷിക്കപ്പെടാത്ത ആവിഷ്കൃതികൾ മുന്നോട്ടുവെക്കുന്ന ശാസ്ത്രസാങ്കേതികശാസ്ത്രവിദഗ്ധരുടെ മേന്മ വാർത്തയായെങ്കിലും ഒന്നാം പേജിൽ കൊടുക്കാവുന്നതേയുള്ളു.

No comments: