Tuesday, February 19, 2013

പേടിക്കണ്ട; അതൊക്കെ വരാം







പേടിക്കണ്ട; അതൊക്കെ വരാം


കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ഒരു യോഗത്തിൽ സംസാരിക്കാൻ ഞാൻ കണ്ട വിഷയം ഇതായിരുന്നു:  പേടിക്കണ്ട; അതൊന്നും വരില്ല.  ഞാൻ സംസാരിക്കുമ്പോൾ പേടിക്കാൻ കാരണമുണ്ടായിരുന്നു.  മയൻ പഞ്ചാംഗമനുസരിച്ച്  ലോകാവസാനം അടുത്തിരുന്നു.  ആ പ്രവചനം തെറ്റിപ്പോയെങ്കിലും അവസാനത്തിന്റെ തുടക്കമെന്നോണം വരൾച്ച നാടെങ്ങും മുടിക്കാൻ തുടങ്ങിയെന്നു പറയുന്നു വിദഗ്ധരും പത്രക്കാരും.  പഴയ വേദപുസ്തകത്തിൽ വരൾച്ചയെ പേടിച്ചിരുന്നില്ല.  മരുഭൂമി തിമിർത്തുല്ലസിക്കുകയും പാഴ് നിലങ്ങളിൽ പൂക്കൾ വിടരുകയും ചെയ്യുമെന്നായിരുന്നു സുവിശേഷവചനം.  “മരുഭൂ മോഹനപുഷപവാടിയായ്... “  എന്ന ആശാൻ വരി ആ വചനത്തിന്റെ മാറ്റൊലിയായിരുന്നിരിക്കണം.

വരൾച്ച മാത്രമല്ല, പ്രകൃതിയുടെ വികൃതിയായി, ഒപ്പം വെള്ളപ്പൊക്കവും വരാം.  കടലിലെ വെള്ളം പൊങ്ങി എല്ലാം മുങ്ങിപ്പോകാം.  ധ്രുവപ്രദേശങ്ങളിലെ മന്നുരുകിയ വെള്ളം കടലിൽ എത്തുമ്പോൾ അവിടത്തെ നിരപ്പ് ഉയരുന്നു, നന്നേ ഉയരത്തിലല്ലാത്ത ഇടമൊക്കെ ആണ്ടുപോകുന്നു.  കരീബിയൻ ദ്വീപുകൾ മാത്രമല്ല, നമ്മുടെ അയൽ പക്കത്തെ മാലിദ്വീപും ഭീഷണി നേരിടുന്നുവത്രേ.  രാവിലെ അവിടെ ഒരു തുരുത്ത് വാങ്ങിയ കേരളത്തിലെ ഒരു നേതാവ് വൈകുന്നേരം നോക്കിയപ്പോൾ വേലിയേറ്റത്തിൽ അതു കണാതായത്രേ.  അദ്ദേഹത്തെ ചതിച്ച ആ തുരുത്തു മാത്രമല്ല, ദ്വീപു തന്നെ ഇല്ലാതാകാവുന്നതേയുള്ളു.  തുവ്വാലു ജനാധിപത്യറിപ്പബ്ലിക് എന്ന രാജ്യത്ത് അവശേഷിച്ചിട്ടുള്ള പതിനായിരം ആളുകൾ എന്നു വേണമെങ്കിലും നോഹയുടെ പെട്ടകം പോലൊരു യാനപാത്രത്തിൽ രക്ഷപ്പെടാൻ തഞ്ചം നോക്കിയിരിക്കുകയാണു പോലും.

അങ്ങനെ “പാരാവാരം കരേറി കരകളെ മുഴുവൻ മുക്കിമൂടാതെ” നിലകൊള്ളുന്നതെന്ന് വി സി ബാലകൃഷ്ണ പണിക്കർ പാടിപ്പുകഴ്ത്തിയ വിശ്വപ്രകൃതിക്ക് താളം തെറ്റിയാലോ?  അതാണ് നിതാന്തമായ ഭരം. താരാവൃന്ദങ്ങൾ തമ്മിലുരസി മറിഞ്ഞുവീണാലോ? ഒളിഞ്ഞുകിടക്കുന്ന ഒരു ഭീമൻ അഗ്നിപർവതം പൊട്ടിയാലോ?  അതിൽനിന്നുള്ള പൊടിപടലം വിമാനയാത്ര അസാധ്യമാക്കുമെന്നത് ചെറിയൊരു അസൌകര്യം മാത്രം. ആണ്ടുകളോളം നീണ്ടുനിൽക്കുന്ന ഇരുട്ടിൽ ജീവിതം പ്രയാസമാകും.  ലക്ഷക്കണക്കിന് ആളുകൾ ചത്തുവീഴും.
കമ്പ്യൂട്ടറുകൾക്ക് ജീവൻ വെക്കുകയും മനുഷ്യസഹജമായ സമനില ഉണ്ടാകാതെ വരുകയും ചെയ്താൽ എന്തു സംഭവിക്കും?  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, എന്തൊക്കെ സംഭവിച്ചുകൂടാ?

കീടനാശിനികൊണ്ടുണ്ടാകുന്ന ആപത്ത് നമ്മൾ കാസർഗോട്ട് കണ്ടുകഴിഞ്ഞതാണ്.  അതു കണ്ടിട്ടും ബോധ്യം വരാത്ത മട്ടിൽ പ്രവർത്തിക്കുന്ന ശാസ്ത്രവീരന്മാരെയും രാഷ്ട്രീയനേതാക്കളെയും പറ്റി എന്തു പറയാൻ?  ഏതെങ്കിലുമൊരു ബയോ എഞ്ചിനീയറിംഗ് ലബോറട്ടറിയിൽ പൊട്ടിത്തെറിയുണ്ടായാലോ?  കൂട്ടത്തോടെയുള്ള മരണം നമുക്കു പരിചിതമല്ലാത്ത തോതിൽ സംഭവിക്കും.  മണ്ണുകൊണ്ടുണ്ടായ ഈ ചെറുപന്തും അതിങ്കൽ എങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യനും ഒറ്റയടിക്ക് ഇല്ലാതാകും.

അതു വെറുമൊരു സാധ്യതയല്ല.  കീടനാശിനികൊണ്ടുണ്ടാകാവുന്ന ദുരന്തത്തെക്കാളേറെയാകും എഞ്ചിനീയറിം പരീക്ഷണശാലകൾ പൊട്ടിത്തെറിചാലുണ്ടാകാവുന്ന വിപത്ത് എന്നാണ് മാർട്ടിൻ റീസിനെപ്പോലുള്ള ശാസ്ത്രജ്ഞരുടെ മതം.  ബലതന്ത്രത്തിൽ സാരമായ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള മഹാനായ ശസ്ത്രജ്ഞനാണ് മാർട്ടിൻ റീസ്.  മനുഷ്യരാശിയുടെ നിലനില്പിന്റെ സാധ്യതയെപ്പറ്റി പഠനം നടത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ഒരു പദ്ധതി തുടങ്ങിയിരിക്കുന്നു.  ആ പദ്ധതിയും അതിനെപ്പറ്റിയുള്ള തീരുമാനവും മതി മാർട്ടിൻ റീസ് മണ്ടനോ കിറുക്കനോ അല്ലെന്നു സ്ഥാപിക്കാൻ.

അപ്പോൾ അതാണ് മനുഷ്യന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വേവലാതി?  മനുഷ്യരാശി നിലനിൽക്കുമോ?  അസംഭവ്യമല്ല ആ ദുരന്തം.  പക്ഷേ അതിനെച്ചൊല്ലി വേവലാതെപ്പേട്ടതുകൊണ്ടോ വിരണ്ടോടിയതുകൊണ്ടോ കാര്യമില്ല.  ഭയത്തെയും രോഗാതുരമായ ഭയത്തെയും മനശ്ശാസ്ത്രജ്ഞർ വേർ തിരിച്ചു കാണുന്നു.  നാം കയറുന്ന എലിവേറ്റർ പൊട്ടിവീഴാൻ സാധ്യതയുണ്ട്.  സ്വബോധമുള്ള മനുഷ്യൻ ആ സാധ്യത അംഗീകരിക്കും.  ആ സാധ്യതയെ ഭയപ്പെടുന്നത് രോഗമാണ്.  എലിവേറ്റർ പൊട്ടിവീഴുമെന്നു കരുതി അതിൽ കയറാൻ കൂട്ടാക്കാതിരിക്കുന്ന ആളെ ചികിത്സിക്കണം.  അവരുടെ രോഗത്തെ ഫോബിയ എന്നു പറയുന്നു.  അവർക്കു വേണ്ടത് ആശ്വാസമാണ്:  പേടിക്കണ്ട; അതൊന്നും വരില്ല.

ഞാൻ കൂടെക്കൂടെ ഉദ്ധരിക്കുന്ന ഒരു വാക്യമുണ്ട്.  ഡൽഹിയിൽ പാർലമെന്റ് സ്റ്റ്രീറ്റിന്റെ അറ്റത്ത്, ജന്തർ മന്തർ കവലക്കടുത്ത്, ഇപ്പോൾ അഴിമതിക്കെതിരെ പോരാടുന്നവരുടെ അരങ്ങായി മാറിയിരിക്കുന്ന സ്ഥലത്ത്, ഒരു ട്രാഫിക് കണ്ട്രോൾ പോയന്റ് ഉണ്ട്.  പച്ച വെളിച്ചത്തിനുവേണ്ടി വാഹനം നിർത്തി കാത്തിരിക്കുന്നവർ മുന്നോട്ടുനോക്കുമ്പോൾ തൊട്ടടുത്ത ബൈബിൾ ഭവൻ വളപ്പിൽ പൊക്കത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പരസ്യപ്പലക കാണാം.  അതിൽ ഇത്രയേ എഴുതിയിട്ടുള്ളു:  പേടിക്കണ്ട; അതൊന്നും വരില്ല.

അവ്യക്തമായ എന്തിനെയെല്ലാമോ പേടിച്ചിരുന്ന എന്നെ ആ വാക്യം സമാധാനിപ്പിച്ചിരുന്നു.  അയുക്തികമായിരുന്നു ആ സമാധാനം.  എന്നാലും അതൊരു സമാധാനമായിരുന്നു.  നമ്മൾ ഭയപ്പെടുന്നതൊന്നും ഉണ്ടാവില്ല എന്നൊരു സാന്ത്വനം എവിടന്നു വന്നാലും സ്വാഗതാർഹമാകും.  നമുക്കറിയാത്തതും, ഒരു പക്ഷേ ഒട്ടും അടിസ്ഥാനമില്ലാത്തതുമായ കേന്ദ്രത്തിൽനിന്നാണെങ്കിലും നമ്മൾ പേടിക്കണ്ട എന്നു പറയുന്ന ഒരു ശബ്ദം കേൾക്കാനാണ്  ജീവിതം മുഴുവൻ നമ്മുടെ കാത്തിരിപ്പ്.  മതങ്ങളും തത്വസംഹിതകളും ആ ഈണത്തിൽ പിടിച്ച് മുന്നേറുന്നു.  ഗീതയുടെ സന്ദേശം മുഴുവൻ രണ്ടു വാക്കിൽ ഒതുക്കാമെന്നു പറയാം: മാ ശുച.  പേടിക്കണ്ട.

എല്ലാവർക്കും എപ്പോഴും എന്തിനെയും പേടി ആകുന്നു.  വൈദ്യശാസ്ത്രം പഠിക്കുന്ന കുട്ടികളിൽ മൂന്നം കൊല്ലം കാണുന്നതാണ് ഈ രോഗം.  എല്ലാ രോഗങ്ങളും തങ്ങൾക്കുണ്ടെന്ന പേടിയാകുന്ന രോഗം.  മൂന്നാം കൊല്ലം രോഗലക്ഷണങ്ങൾ പഠിച്ചുതുടങ്ങുമ്പോൾ ഓരോ ലക്ഷണവും തനിക്കുണ്ടെന്ന് വിദ്യാർഥി കരുതിപ്പോകും.  പനിയുണ്ട്, പനി മസ്തിഷ്കജ്വരമാകാം, ടൈഫോയ്ഡ് ആകാം, മരണത്തിന്റെ മുന്നോടിയാകാം.  മുതുകിലൊരു വീർപ്പുണ്ട്, വീർപ്പ് അർബ്ബുദമാകാം, ചികിസ്ലിച്ചാൽ തന്നെ മരണത്തിലെത്തിക്കുന്ന തരത്തിലുള്ളതാകാം ആ അർബ്ബുദം. അങ്ങനെ പേടി എന്ന രോഗമായി third year syndrome വളരുന്നു.

ഭയത്തിന്റെ സാർവത്രികതയെ തെളിയിക്കുന്നതാണ് അതിനുള്ള പരിഹാരനിർദ്ദേശങ്ങൾ.  ഭാവിയുടെ ഗർഭത്തിൽ ഒളിഞ്ഞിരിക്കുന്നതെന്തെന്നറിയാൻ പരക്കം പായുന്നവരുടെയും, മഷി നോക്കിയോ നക്ഷത്രം നോക്കിയോ കവിടി നിരത്തിയോ തത്തയെ ഇറക്കിയോ ഭാവി പ്രവചിക്കുന്നവരുടെയും എണ്ണം കൂടിവരുന്നത് ഭയത്തിന്റെ വ്യാപ്തിയുടെ സൂചനയാകുന്നു.  ഉറക്കം വരുത്താനും ഉൽക്കണ്ഠ മാറ്റാനും ശരീരതിന്റെ ഊഷ്മാവും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വില്പന ഏറുന്നതും അതിന്റെ സൂചനയത്രേ.  ഏതു പേടിയും, എന്നല്ല, ഏതു വ്യത്യസ്തമോ അസുഖകരമോ ആയ മാനസികസ്ഥിതിയും, മരുന്നു കൊടുത്തു മാറ്റാമെന്നതാണ് ഇപ്പോഴത്തെ മനോരോഗസങ്കല്പം. മസ്തിഷ്കത്തിലെ രാസക്രമത്തിലെ വിപര്യയമായി മാത്രം മനോരോഗം മനസ്സിലാക്കപ്പെടുന്നു.  ലിയോൺ ഐസൻബെർഗ് എന്ന വിദഗ്ധൻ ഒരുക്കൽ പറയുകയുണ്ടായി,  ഫ്രോയ് ഡിന്റെ സ്വാധീനം നിലനിന്നിരുന്ന കാലത്ത്, ആഭിചാരം നിലനിന്നിരുന്ന കാലത്ത്, മനോരോഗം ചികിത്സിക്കുന്നവർ സ്വീകരിച്ചിരുന്നത് മസ്തിഷ്കബാഹ്യമായ സമീപനമായിരുന്നു.  ഔഷധനിർമ്മാണം പുരോഗമിച്ചപ്പോൾ, അത് മനോബാഹ്യമായിരിക്കുന്നു.  എന്തും മരുന്നു കൊടുത്ത് ചികിത്സിക്കേണ്ടതാണെന്ന വിചാരം വേരൂന്നിയിരിക്കുന്നു.  Brainless, Mindless എന്നിവയാണ് ഐസൻബെർഗ്  ഉപയോഗിക്കുന്ന പദങ്ങൾ.

മരുന്നു കൊടുത്താൽ ചിലപ്പോൾ മനസ്സു മാറ്റാൻ കഴിഞ്ഞേക്കും.  ഗീത കേൾപ്പിച്ചാൽ ചിലരുടെ വൈക്ലബ്യം മാറ്റാനായേക്കും.  പക്ഷേ “ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ” എന്ന അയ്യപ്പപ്പണിക്കരുടെ പരിദേവനം കേട്ടില്ലെന്നു നടിക്കണ്ട.  ഗീത കീട്ടിട്ടും മാറാതെനിൽക്കുന്നതല്ലേ നമ്മുടെ യഥാർഥ വ്യഥ?  ഔഷധം കൊണ്ടോ ആശ്വാസവചനം കൊണ്ടോ പലപ്പോഴും സാധിക്കാൻ നമ്മൾ ശ്രമിക്കുന്നത് “അതൊന്നും വരില്ല, വേവലാതെ വേണ്ട” എന്നു സ്ഥാപിക്കാനാണ്.  പറയുന്നയാളിലോ കേൾക്കുന്നയാളിലോ ആ വചനത്തിന്റെ യുക്തിയെപ്പറ്റി വിശ്വാസമില്ല.  അതൊരു വേലയായി മാത്രമേ അവർ ഉദ്ദേശിക്കുന്നുള്ളു.  വെറും കുറുംകൌശലം.  യുക്തിസഹവും അർഥപൂർണവും ധീരവുമായ സമീപനം ഇതായിരിക്കും:  വന്നപോലെ ചന്തം.  അതൊക്കെ വന്നുകൂടാം.  എന്നാലും പേടിക്കണ്ട.  

No comments: