Monday, November 22, 2010

ചിരിക്കാൻ ഒരു നേരം

“നിങ്ങൾ എഴുതണം. കള്ളവും നേരായി തോന്നിക്കാൻ നിങ്ങൾക്കു കഴിയും.” കഴിഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു കീർത്തി ആരും എനിക്ക് അതുവരെ ചാർത്തിത്തന്നിരുന്നില്ല. അതു കേട്ടപ്പോൾ ചൂടാകണോ ചിരിക്കണോ? എനിക്ക് ചിരി വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാലും കള്ളം പറയുന്നെന്നേ അവർ കരുതൂ.” സ്ഥാനത്തിന്റെയും പ്രായത്തിന്റെയും വ്യത്യാസം നോക്കാതെ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

ക്രിസോസ്റ്റം തിരുമേനിക്ക് എന്നെക്കാൾ ഇരുപത്തഞ്ചു വയസ്സ് കൂടും. പൌരോഹിത്യത്തിൽനിന്ന് പിരിഞ്ഞ് പമ്പയുടെ തീരത്ത് വിശ്രമിക്കുന്ന തിരുമേനിയുടെ കണക്കിൽ, ചിരിക്കാനുള്ള കാരണങ്ങളാണെങ്കിൽ, അതിലുമെത്രയോ കൂടും. കണ്ടപാടേ ഞാൻ ഒന്ന് ഇളക്കി നോക്കി: “ദൈവം ചിരിക്കാറില്ലല്ലോ?” നരച്ച കൺപീലികൾക്കടിയിലൂടെ എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ എന്റെ നാട്ടിനെപ്പറ്റി പറഞ്ഞു, തോമാശ്ല്ലീഹ ആദ്യം പണിത പാലയൂർ പള്ളിയെപ്പറ്റി പറഞ്ഞു, ചെന്നെയിലെ സാന്തോം ബസിലിക്കയിൽ കണ്ട പുണ്യവാളന്റെ എല്ലിൻ കഷണത്തെപ്പറ്റി പറഞ്ഞു. പുണ്യവാളൻ വന്ന വഴി അടയാളപ്പെടുത്തിയ സ്നേഹിതൻ ബ്രിഗേഡിയർ വർഗീസിനെപ്പറ്റി പറഞ്ഞു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, കണ്ണുകളിൽ ചിരി തെളിയിച്ച്, എന്റെ അറിവിനെയോ അറിവില്ലായ്മയെയോ അളന്നു നോക്കുന്ന മട്ടിൽ, ഞാൻ താണ്ടിയ ദൂരത്തെക്കാൾ ആയിരം നാഴിക അപ്പുറം കടന്ന്, തിരുമേനി പതുക്കെപ്പതുക്കെ പറഞ്ഞു: “അതൊക്കെ എനിക്കറിയാം. പക്ഷേ തെളിവു വേണ്ടേ?” പറയുന്നത് തോമാശ്ലീഹയുടെ പാരമ്പര്യം ശേഷിപ്പും ആസ്തിയുമായുള്ള ഒരു സഭയുടെ പിതാവാണല്ലോ എന്ന ചിന്തയിൽ ഞാൻ അന്തം വിട്ടു നിന്നു.

ഞാൻ അദ്ദേഹത്തിന്റെ തന്നെ പേരെടുത്തിട്ടു. അതിനുവേണ്ടി പോൾ ജോൺസൺന്റെ ക്രൈസ്തവചരിത്രം ഉദ്ധരിച്ചു. നാലാം നൂറ്റാണ്ടിലെ ക്രിസോസ്റ്റം പുണ്യവാളൻ അധികാരവുമായി കോർത്തുനിന്ന ആളായിരുന്നു. അധികാരത്തിലെയും പൌരോഹിത്യത്തിലെയും അഴിഞ്ഞാട്ടത്തെ അദ്ദേഹം എതിർത്തിരുന്നു. എന്റെ ആ പരാമർശവും ക്രിസോസ്റ്റം തിരുമേനിയിൽ ഏശിയില്ല. ഞാൻ ചോദിച്ചു: “ആ പേർ എങ്ങനെ കൈക്കൊണ്ടു?” തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു: “ അത് എന്നെ അവരോധിച്ച ആളുടെ തീരുമാനമായിരുന്നു.” ആ വഴിയും അവിടെ മുട്ടി.

ദൈവത്തിന്റെ വിശേഷത്തെക്കാൾ കൂടുതൽ മനുഷ്യന്റെ ദുരിതത്തെപ്പറ്റി സംസാരിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. വർദ്ധിച്ചുവരുന്ന അർബ്ബുദത്തെപ്പറ്റിയും, അതിനെക്കാൾ വർദ്ധിക്കുന്ന ചെലവിനെപ്പറ്റിയും അദ്ദേഹം അമ്പരപ്പോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഇങ്ങനെയും പറഞ്ഞു: “ഡോക്റ്റർ ചികിത്സിച്ചാൽ രോഗി രക്ഷപ്പെടും; പക്ഷേ കുടുംബം തുലയും. ചികിത്സിച്ചില്ലെങ്കിൽ രോഗി പോകും; കുടുംബം രക്ഷപ്പെടും. ഏതാവും ഭേദം?” വേദനയിലും ധർമ്മസങ്കടത്തിലും ചിരി മുളക്കാം. ചിരിക്കണോ ഗൌരവം നടിക്കണോ എന്നറിയാതെ ഞാൻ ഇരിക്കേ, അദ്ദേഹം തനിക്കു തന്നെ രോഗവുമായുണ്ടായ ഇടപഴക്കത്തെ ഒന്നു സൂചിപ്പിച്ചിട്ട്, ആശ്രമത്തിനു ചുറ്റുമുള്ള രോഗികൾക്ക് ആഹാരം എത്തിക്കാനുള്ള പരിപാടിയെപ്പറ്റി പറയാൻ തുടങ്ങി.

ആഹാരവാഹനം എന്നാണ് പരിപാടിയുടെ പേർ. Meals on Wheels. നടക്കാൻ വയ്യാത്ത രോഗികൾക്ക് വണ്ടിയിൽ ഭക്ഷണം എത്തിക്കുക. ബന്ധുക്കൾക്ക് വരുമാനം ഉണ്ടാക്കാൻ വഴി ഒരുക്കുക. രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും അവരെ പറഞ്ഞു മനസ്സിലാക്കുക. അതൊക്കെത്തന്നെ പരിപാടി. അതിനു പണം വേണം. പണം ഉള്ളവർ ഇല്ലാഞ്ഞിട്ടല്ല, ഉള്ളവർക്ക് പലപ്പോഴും കൊടുക്കാൻ മടിയാകും. അതായിരുന്നു എന്നെ തിരുമേനി ഒന്നു താങ്ങിയ അവസരം. ഞാൻ അതിനെപ്പറ്റി ഒന്നെഴുതണം. കള്ളം സത്യമായി എഴുതാൻ കഴിയുന്ന പുള്ളിയല്ലേ...? ഞാൻ ഞെളിയണോ ചൂളണോ? ഞാൻ അലിഞ്ഞില്ലാതാകുന്നതായിരുന്നു സന്ദർഭം.

ആലോചിക്കാതിരിക്കേ സൂപ്പ് വന്നു. അച്ചപ്പവും കേക്കും വന്നു. അതിൽ ഒരു കഷണം എടുക്കുമ്പോൾ തിരുമേനിയുടെ വിറയാർന്ന വിരലുകൾക്ക് ദിശാബോധം തെല്ലും കുറവല്ലായിരുന്നു. വിറച്ചിരുന്നത് എന്റെ വിരലുകളായിരുന്നു. ഞങ്ങളുടെ വിലാസം എഴുതിക്കൊടുക്കുമ്പോൾ, പതിവു പോലെ, ഭാര്യ എന്നെ ഓർമ്മിപ്പിച്ചു: “ആളുകൾക്ക് വായിക്കാൻ പറ്റണം.” നൃത്തം ചെയ്യുന്ന എന്റെ വിരലുകളിൽ നോക്കിയിരുന്ന തിരുമേനിയോട് ഞാൻ കാര്യം പറഞ്ഞു, ഭാര്യയുടെ ഇണ്ടാസിനെപ്പറ്റി. അദ്ദേഹം ഊറിച്ചിരിച്ചു. “നിങ്ങൾ ചേരുമല്ലോ. ഇങ്ങനെ ഉറക്കെ പറയാൻ പറ്റിയാൽ എല്ലാം എവിടെയും നേരെയാവും.” നേരെയാവട്ടെ എന്ന് മനസ്സു മന്ത്രിച്ചു.

പോരാൻ നേരത്ത് ഞങ്ങൾക്കായി പേരെഴുതിയ, കയ്യൊപ്പിട്ട, ഓരോ പുസ്തകം തന്നു. “കഥ പറയും കാലം”, “ക്രിസോസ്റ്റം ചിരിപ്പിക്കുന്നു.“ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആളെ നോക്കി പറഞ്ഞു: “ഡോക്റ്റർക്ക് തരുന്നില്ല. തന്നാൽ ഇനി വന്നില്ലെങ്കിലോ?” ഭാര്യയും ഞാനും പിന്നെ ചെല്ലില്ലെന്നാണോ നിഗമനം എന്ന ചിരി കലർന്ന ചോദ്യം എന്റെ നാവിൽ ഉരുണ്ടു കളിച്ചു.... ഭാര്യ തിരുമേനിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ, ഞാൻ മിഴിച്ചു നിന്നു. എനിക്ക് അപ്പോഴും ഘനം ഉണ്ടായിരുന്നു.

ഒന്നര മണിക്കൂർ നീണ്ട ലാത്തിക്കു ശേഷം ഞങ്ങൾ ഇറങ്ങുമ്പോൾ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: “എനിക്ക് എഴുന്നൽക്കാൻ വയ്യ. രാവിലെ ഏഴരക്ക് തുടങ്ങിയതാണ് സംസാരം. മുഷിഞ്ഞു, തളർന്നു. നിങ്ങളെ കണ്ടപ്പോൾ ഫ്രഷ് ആയി....എനിക്ക് അങ്ങനെയാണ്, മനുഷ്യരെ കണ്ടാൽ രസമാവും.“ പിന്നെ, കണ്ണിറുക്കിക്കൊണ്ട്, ഒരു വാക്ക് ആവർത്തിച്ചു: “...മനുഷ്യരെ....” എന്റെ തൂക്കം ഒറ്റയടിക്ക് പിന്നെയും കൂടിയതായി തോന്നി.

താഴെ പമ്പയിൽ നിലാവ് നിറഞ്ഞിരുന്നു.

(മലയാളം ന്യൂസ് നവമ്പർ 22)

Thursday, November 18, 2010

കടമ്മനിട്ടയിൽ വേദനയുടെ പടയണി

കടമ്മനിട്ടയിലെ കൊച്ചുകോവിലിനടുത്തൊരു വിട്ടിൽ പടയണിയുടെ വേദന പുളയുന്നതു കണ്ടു. ഞാൻ ഏറെ നേരം അനങ്ങാതെ, ഒന്നും മിണ്ടാനില്ലാതെ, നിന്നു. രാധാകൃഷ്ണൻ നായരുടെ മുറ്റത്ത് ഉശിരോടെ വളരുന്ന ചെമ്പരുത്തിയിലേക്കും നന്ത്യർവട്ടത്തിലേക്കും തുളസിയിലേക്കും രാമച്ചത്തിലേക്കും ഞാൻ അലസമായി കണ്ണയച്ചു. ആ ചെടികളുടെ ഉത്സാഹം പങ്കിടാൻ വയ്യാതെ അവ നട്ടുപിടിപ്പിച്ച രാധാകൃഷ്ണൻ നയർ അകത്തൊരു മുറിയുടെ ഇഴുകിയ ഇരുളിൽ എന്തിനെയോ കാത്തു കിടന്നു.

രാധാകൃഷ്ണൻ നായർ ഏറെക്കാലം ഗൾഫ് രാജ്യങ്ങളിലായിരുന്നു. അവിടന്നുണ്ടാക്കിയ പണത്തിലൊരു ഭാഗം കൊള്ളാവുന്നൊരു വീടുണ്ടാക്കാൻ ഉപയോഗിച്ചു. ബാക്കി പണം കൊച്ചിയിലെ ഒരു ആസ്പത്രിക്കാർക്ക് അവകാശപ്പെട്ടതു പോലെയായി. ഒരു മുന്നറിയിപ്പുമില്ലാതെ അർബ്ബുദം രാധാകൃഷ്ണൻ നായരുടെ ശ്വാസകോശത്തിൽ കുടിയിരിപ്പായി. അതിന്റെ ഒരു ഭാഗം മുറിച്ചു കളഞ്ഞു. എന്നിട്ടും പഴുപ്പ് അവശേഷിച്ചു. സമ്പദ്യം മുഴുവൻ ആസ്പത്രിയിൽ കൊടുത്തു കഴിഞ്ഞപ്പോൾ മിച്ചം വന്നത് ആ പഴുപ്പും വേദനയും പടരുന്ന രോഗവുമായിരുന്നു.

സന്ദർശകരെ ആകർഷിക്കുന്നതല്ല ആ വീട്ടിലെ അന്തരീക്ഷം. എന്നിട്ടും അഞ്ചുപത്താളുകൾ ഒരു വൈകുന്നേരം രാധാകൃഷ്ണൻ നായരെ തേടിച്ചെന്നു. ഒരു മൃതദേഹത്തിന് അകമ്പടിയായി ചെന്നതായിരുന്നു അവർ. എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നയാളെ കാണിച്ച് സംസ്ക്കരിക്കാൻ കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ മകന്റെ മൃതദേഹം. മംഗലാപുരത്ത് ലോറി ഇടിച്ചു മരിച്ച മകൻ അന്നുവരെ മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യമുണ്ട്: ശമ്പളത്തിൽ ശേഷിക്കുന്നതെല്ലാം അഛന്റെ ചികിത്സക്കുവേണ്ടി അയച്ചു കൊടുക്കുക. അന്നത്തോടെ ആ വഴിയും അടഞ്ഞു.

അവിടേക്ക് പത്തു ദിവസം കൂടുമ്പോൾ കയറിച്ചെല്ലുന്ന മൂന്നു പേരാണ് ഏലിയാമ്മയും സൌമ്യയും ശശിധരൻ പിള്ളയും. ഏലിയാമ്മയും സൌമ്യയും രാധാകൃഷ്ണൻ നായരുടെ പുറത്തെ വ്രണങ്ങൾ വൃത്തിയാക്കി വീണ്ടും മരുന്നു വെച്ചു. ശശി രോഗിയെ പരിശോധിച്ചു, ഭാര്യയോടും മകളോടും കുശലം പറഞ്ഞു, പറ്റുന്ന വാക്കുകളിൽ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അതിനു പറ്റുന്ന വാക്കുകൾ അധികം ഉണ്ടായിരുന്നില്ല.

സ്വകാര്യമായി അവരെ എന്തോ ഏല്പിച്ച് യാത്ര പറയുമ്പോൾ, വീണ്ടും സമാധാനിപ്പിക്കാൻ ശശി വാക്കുകൾ തേടുകയായിരുന്നു. “എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. വേണ്ടപ്പോൾ ഞങ്ങൾ എത്തും.” അത്രയും ഉറക്കെ പറഞ്ഞിട്ട് പതിഞ്ഞ സ്വരത്തിൽ എന്നോട് നിസ്സഹായത പങ്കിട്ടു. “ഏതു നേരവും അവർ വിളിച്ചേക്കാം. എത്ര ദിവസം അങ്ങനെ വിളിക്കേണ്ടി വരുമോ ആവോ?” ആ വാക്കുകൾ ഉച്ഛ്വസിക്കുമ്പോൾ ശശിയുടെ മുഖം ഒന്നു കൂടി ഇരുണ്ടു. പിന്നെയും ഇരുളാൻ ഇരിക്കുന്നതേയുള്ളൂവെന്ന് ഞാൻ അപ്പോൾ ധരിച്ചില്ല.

പന്ത്രണ്ടു കൊല്ലമായി കോഴഞ്ചേരിക്കാരൻ ഡോക്റ്റർ ശശിധരൻ പിള്ള ഈ പരിപാടി തുടർന്നു വരുന്നു. ഒന്നോ രണ്ടോ നഴ്സുമാരെയും കൂട്ടി പത്തനംതിട്ട ജില്ലയുടെ മുക്കിലും മൂലയിലും പരിഹാരമില്ലാത്ത രോഗവുമായി കഴിയുന്ന രോഗികളെ തേടി അദ്ദേഹം ദിവസവും എത്തുന്നു. അവരുടെ പട്ടികയിൽ പെടുത്തിക്കഴിഞ്ഞാൽ, എല്ലാ രോഗികളുടെയും കുടിലുകളിൽ രണ്ടാഴ്ചക്കുള്ളിൽ ഒരിക്കലെങ്കിലും അവർ എത്തിയിരിക്കും. അടിയന്തരം വരുമ്പോൾ ഉടനെയും. മിക്ക വീടുകളിലും അവർ മാത്രമായിരിക്കും സന്ദർശകർ. ദിവസം ശരാശരി അവർ പിന്നിടുന്ന ദൂരം ഇരുനൂറ്റമ്പതു കിലോ മീറ്റർ.

അവർ പിന്നിടുന്ന ദൂരത്തെക്കാളും അനുഷ്ഠിക്കുന്ന അധ്വാനത്തെക്കാളും എത്രയോ വലുതാണ് അതു വഴിയുണ്ടാകുന്ന ആശ്വാസം. പുല്ലാട്ടും കുമ്പനാട്ടും ഏനാത്തും തട്ടയിലും ജീവിതത്തിന്റെ ഓരങ്ങളിലും കുത്തനെയുള്ള ഇറക്കങ്ങളിലും ഞരങ്ങിക്കഴിയുന്ന ആളുകളെ കണ്ടപ്പോൾ ഞാൻ ഓർത്തു: “ശശിയും സംഘവും ചെന്നില്ലെങ്കിൽ അവർ എന്തു ചെയ്യും?” ഒന്നും ചെയ്യാനില്ല, അനിവാര്യത വന്നെത്തും വരെ എന്നതാണ് പരമാർഥം.

ശശിയുടെ സംഘം ഓരോ വീട്ടിലും എത്തിയാലുടൻ ചിലർക്ക് വേണ്ട മരുന്ന് കൊടുക്കുന്നു, മറ്റു ചിലർക്ക് മരുന്ന് കുത്തിവെക്കുന്നു, ചിലരുടെ വ്രണം ഡ്രസ് ചെയ്യുന്നു, ചിലരുടെ വയറ്റിൽ നിറയുന്ന ദ്രവം വാർത്തുകളയുന്നു, എല്ലാവരോടും ആകാവുന്ന സാന്ത്വനവചനം പറയുന്നു. സാധാരണരീതിയിൽ ആസ്പത്രിയിൽ എത്തിച്ചാൽ മാത്രം ചെയ്യുന്ന ശുശ്രൂഷകളും പരിഹാരങ്ങളും ശശിയും സംഘവും രോഗികളുടെ കുടിലുകളിൽ വെച്ചു തന്നെ ചെയ്യുന്നു. മൂന്നും നാലും മണിക്കൂറുകൊണ്ടു തീരുന്ന ക്രിയയാണെങ്കിൽ, തുടങ്ങിയ കാര്യം അവസാനിപ്പിക്കാൻ അവർ അതേ ദിവസം വീണ്ടും എത്തുന്നു. പലപ്പോഴും അതു വേണ്ടി വരില്ല. തുടങ്ങിവെച്ച പണീ മുഴുമിക്കാൻ, ഒരു ട്യൂബ് എടുത്തു മാറ്റുകയോ ബാൻഡേജ് ഇടുകയോ ചെയ്യാൻ, രോഗിയുടെ ഒപ്പമുള്ളവരെ പരിശീലിപ്പിക്കുന്നു. എല്ലാറ്റിനും ഡോക്റ്ററും ആസ്പത്രിയും വേണമെന്നു ശഠിച്ചാൽ, കാട്ടിൻ ചരിവിലും മലമുകളിലുമൊക്കെ കഴിയുന്ന പാവങ്ങൾ കിടന്നിടത്തു കിടന്ന് നരകിക്കുകയേ ഉള്ളൂ. നരകത്തെ സഹനീയമാക്കുന്നതാണ് ശശിയുടെ പരിപാടി.

ഞാൻ ഡോക്റ്റർ മോഡിയെ ഓർത്തു. അറുപതുകളുടെ ഒടുവിൽ ദക്ഷിണേന്ത്യയിലെങ്ങും ഓടി നടന്ന് തിമിരശസ്ത്രക്രിയ നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. പള്ളിമൈതാനത്തും സ്കൂൾ അങ്കണത്തിലും കൂടാരം കെട്ടി നിരനിരയായി നിൽക്കുന്ന ആളുകളുടെ കണ്ണ് അതിശയകരമായ വേഗത്തിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മങ്ങിപ്പോയ ലോകത്തെ അദ്ദേഹം എത്രയോ ആയിരങ്ങൾക്ക് വീണ്ടെടുത്തു കൊടുത്തു. ഇന്നത്തെ സൌകര്യങ്ങളൊന്നും അദ്ദേഹത്തിനു വേണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൌജന്യശത്രക്രിയച്ചന്തയെ പരിഹസിച്ചിരുന്നവർക്ക് സങ്കല്പിക്കാൻ പോലും വയ്യാത്തതായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യവും സൌമനസ്യവും.

ശശിധരൻ പിള്ളയുടെ സരംഭത്തിന് സർക്കാരുമായി വലിയ ബന്ധമൊന്നുമില്ല. അതാണ് അതിന്റെ ആർജ്ജവത്തിന്റെ രഹസ്യവും. പന്ത്രണ്ടുകൊല്ലം മുമ്പ് തിരുവനതപുരത്തെ പ്രാദേശിക അർബ്ബുദ കേന്ദ്രത്തിന്റെ സഹായത്തോടെ തുടങ്ങിയതാണ് ഇപ്പോൾ കോഴഞ്ചേരി മോഡൽ എന്നു പറയാവുന്ന നിലയിൽ എത്തിനിൽക്കുന്ന ശശിയുടെ സപര്യ. അവിടത്തെ ക്യാൻസർ സൊസൈറ്റി പടുത്തുയർത്തിയ സംവിധാനം അതിന്റെ അവശ്യത്തിനു വേണ്ടതിനെക്കാളേറെ വരുമാനം ഉണ്ടാക്കുന്നു. സർക്കാർ ആസ്പത്രിക്കു വേണ്ടി ചില സൌകര്യങ്ങൾ ഏർപ്പെടുത്താൻ പോലും അതിനു പ്രപ്തി ഉണ്ടായിരിക്കുന്നു.

അതോർക്കുമ്പോൾ, മറ്റു വള്ളങ്ങളെ പിന്നിലാക്കി, ലക്ഷ്യത്തിൽ കുതിച്ചെത്തുന്ന വള്ളത്തിന്റെ ക്യാപ്റ്റന്റെ മുഖത്തു തെളിയുന്ന ചാരിതാർഥ്യം ശശിയുടെ മുഖത്തും കാണാം. ഡോക്റ്ററാവുന്നതിനുമുമ്പും ഡോക്റ്ററായിട്ടും ഏറെക്കാലം ആറന്മുള വള്ളം കളിയിൽ ആണ്ടുതോറും പങ്കെടുക്കുന്ന കോഴഞ്ചേരി ബോട് ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു ശശി. പിന്നീട് വമ്പ്ന്മാരെ പലരെയും തോല്പിച്ച്, ആറന്മുള പള്ളീയോടസംഘത്തിന്റെ അധ്യക്ഷനുമായി മരണം കാത്തിരിക്കുന്ന രോഗികളെ പരിചരിച്ചുകൊണ്ട് സ്വയം ഹരം പകരുന്ന ഡോക്റ്റർ ശശിധരൻ പിള്ള.

ഇങ്ങനെ എത്ര കാലം ഹരം പകരാൻ കഴിയും? ശശിക്ക് അസുഖം വന്നാൽ, അവധി എടുക്കേണ്ടി വന്നാൽ, അദ്ദേഹത്തിന്റെ പരിചരണത്തിൽ കഴിയുന്നവർ എന്തു ചെയ്യും? ആ വിടവ് നികത്താൻ ഇപ്പോഴേ ഒരു സംഘത്തെ പരിശീലിപ്പിച്ചുവെക്കണ്ടേ? ശശിയെ നിശ്ശബ്ദനാക്കുന്ന ഒരേയൊരു ചോദ്യം അതായിരിക്കും. അല്പനേരത്തെ മൌനത്തിനുശേഷം അദ്ദേഹം പറയും: “പരിശീലനമല്ല പ്രധാനം. ഇതൊക്കെ എന്നെപ്പോലത്തെ ഒരു സാധാരണ ഡോക്റ്റർക്കുപോലും ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഈ പണിക്ക് ആരു തയ്യാറാകും എന്നതാണ് പ്രശ്നം. ചാരിതാർഥ്യം മാത്രം പ്രതിഫലമായി കിട്ടാവുന്ന ഇതുപോലൊരു കാര്യത്തിന് പരിശീലനത്തെക്കാൾ വേണ്ടതാണ് സന്നദ്ധത.“

ആർക്കും വേണ്ടാത്തവരെ പരിഷ്കാരം എത്താത്ത കാട്ടുമുക്കുകളിൽ പോയി പരിചരിക്കാൻ സന്നദ്ധരായ ഡോക്റ്റർമാരെ എങ്ങനെ എവിടെ കണ്ടെത്താം? അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ശശി അവധിയിൽ പോയാൽ, എന്തുണ്ടാവും എന്ന ചിന്ത, പഴയ ആ രംഗം--കടമ്മനിട്ടയീലെ കൊചുകോവിലിനടുത്തൊരു വീട്ടിലെ പുളയുന്ന പടയണിയുടെ ഓർമ്മ--വീണ്ടും എന്റെ മനസ്സിലേക്കു കൊണ്ടു വന്നു.

(മലയാളം ന്യൂസ് നവമ്പർ 17)

...

Tuesday, November 9, 2010

നമുക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ

നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൂറ് ഉപകരണങ്ങളുടെ പട്ടിക ടൈ വാരികയുടെ ടെക്നോളജി എഡിറ്റർ തയ്യാറാക്കിയിരിക്കുന്നു. ഫോൺ, ക്യാമറ, ഐപ്പോഡ് എന്നിങ്ങനെ. ഓരോരുത്തരുടെയും താല്പര്യം പോലെ ആ പട്ടിക മാറ്റി മറിക്കാം. ക്രമം തെറ്റിയേക്കാം. ഉപകരണങ്ങൾ അതൊക്കെത്തന്നെയായിരിക്കും. അവയിലൊന്നു പോലും ഞാൻ ഉപയോഗിക്കുന്നില്ല. കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ, എന്റെ യന്ത്രവൽക്കരണത്തിന്റെ, അളവ് അതാണെന്നു പറയാം. വളച്ചുകെട്ടാതെ പറഞ്ഞാൽ, അത്രയും പഴഞ്ചനാണ് ഞാൻ എന്നർത്ഥം.

ഞാൻ എന്റെ ദേഹം ഒന്നു കൂടി പരിശോധിച്ചു. ഇല്ല, പ്രകൃതിയുടേതല്ലാത്ത രണ്ടു സാധങ്ങളേ എന്റെ ദേഹത്തിൽ പറ്റിപ്പിടിച്ചിരിപ്പുള്ളൂ. മോതിരവും കണ്ണടയും. പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ശ്രമത്തിൽ, ഇലയും കമ്പും വെച്ച് വീടുണ്ടാക്കുകയും, കായ്കനികൾ ആഹാരമാക്കുകയും, മരവുരി ഉടുക്കുകയും ചെയ്തിരുന്ന ഋഷികളെ ഞാൻ ഓർത്തു. ആ ജീവിതചര്യയുടെ വികൃതമായ ഓർമ്മയിലാകണം, ചില ക്രിയകൾക്കിരിക്കുമ്പോൾ തയ്യൽക്കാരൻ തൊടാത്ത മുണ്ട് ചുറ്റണമെന്ന നിബന്ധന ഇന്നും ചിലർ പാലിച്ചു പോരുന്നു. അവരിൽ പലർക്കുമുൾപ്പടെ ആളുകൾക്ക് വന്നുചേർന്നിട്ടുള്ള യന്ത്രവൽക്കരണത്തെപ്പറ്റി ഞാൻ വീണ്ടും ആലോചിച്ചു.

എല്ലിലും പേശിയിലും കമ്പിയോ കമ്പ്യൂട്ടറോ പിടിപ്പിച്ചവർ. മാറ്റിവെച്ച കണ്ണോ യന്ത്രം ഘടിപ്പിച്ച കതോ ഉള്ളവർ. കരളും വൃക്കയും ഹൃദയവും ശ്വാസകോശവും പുതുക്കിയെടുത്തവർ. ചോര മുഴുവൻ ചോർത്തിക്കളഞ്ഞ്, പുതിയ ചോരയോ മജ്ജയോ കുത്തിക്കേറ്റിയവർ. മാറ്റിവെക്കാൻ വയ്യാത്തതായ മനുഷ്യാവയവം ഒന്നേയുള്ളുവെന്നു തോന്നുന്നു: മസ്തിഷ്കം. അപ്പറഞ്ഞതും തീർത്തും ശരിയല്ല. മസ്തിഷ്കത്തിലെ ചില കോശങ്ങളെ, ന്യൂറോട്രാൻസ്മിറ്ററുകൾ എന്നറിയുന്ന രാസപദാർത്ഥങ്ങളെ, ഡി എൻ എയെ, പുതുതായി ക്രമീകരിക്കാം. അതുവഴി ഓർമ്മയെയും ശരീരസ്വാധീനത്തെയും ബാധിക്കുന്ന രോഗങ്ങൾ മാറ്റാമെന്നുവരെ വന്നിരിക്കുന്നു. ഇതിനെ മനുഷ്യന്റെ നവീകരണമെന്നോ യന്ത്രവൽക്കരണമെന്നോ പറയാം. തന്നെത്തന്നെ മാറ്റി ദൈവം ചമയുന്ന മനുഷ്യന്റെ സ്വരൂപം കാണാൻ രസമായിരിക്കുന്നു.

തന്നെയും പരിസ്ഥിതിയെയും ഇത്രയേറെ യന്ത്രവൽക്കരിച്ച ജീവി വേറെയില്ല. ഒരു ഉദാഹരണം. നടക്കാൻ ഉദ്ദേശിക്കപ്പെട്ട കാലിന്റെ ഉപയോഗം കാലക്രമത്തിൽ മാറി മറിഞ്ഞിരിക്കുന്നതു നോക്കുക. മഞ്ചലിൽനിന്ന് ചക്രത്തിലേക്കും മോട്ടോറിലേക്കും മാറാൻ അര നൂറ്റാണ്ടുപോലും വേണ്ടി വന്നില്ല. കാലപുരുഷൻ വിചാരിച്ചാൽ പോലും കാലുകൊണ്ട് കടക്കാൻ പറ്റാത്ത ദൂരം നിന്ന നില്പിൽ ഇമ വെട്ടിത്തീരുമ്പോഴേക്കും പിന്നിടാമെന്നു വന്നിരിക്കുന്നു. എഴുത്തും വായനയുമില്ലാതിരുന്നവർ, അര നൂറ്റാണ്ടുകൊണ്ട്, മണലും ഓലയും കടലാസും കളഞ്ഞ്, തൂവലും പെൻസിലും ബാൾ പോയന്റും ഇല്ലാതെ, അക്ഷരങ്ങൾ തെളിയിക്കുകയും മായ്ക്കുകയും ചെയ്യുന്നു. എഴുത്തില്ലാത്ത മനുഷ്യനെപ്പോലെ എഴുതുന്ന മനുഷ്യനും കാലഹരണപ്പെട്ടിരിക്കുന്നു---എഴുത്ത് യന്ത്രവൽക്കരിക്കപ്പെട്ടതോടെ. എന്നിട്ടും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഏഴു വയസ്സുകാരി ഗൌരിയുടെ കയ്യക്ഷരം നന്നാക്കാൻ ഞാൻ ശ്രമിക്കുന്നതാണ് കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ പൊളിയുന്ന അളവ്.

അര നൂറ്റാണ്ടിനുള്ളിൽ എന്റെ ചുറ്റുവട്ടത്ത് കയറി വന്ന യന്ത്രങ്ങൾ കാളവണ്ടിയും പേനയും കമ്പ്യൂട്ടറും മാത്രമല്ല. എന്റെ അടുക്കളയിൽ എന്നും എന്നെ വേദനിപ്പിച്ചിരുന്നത് അമ്മിയും ആട്ടുകല്ലുമാഇഡ്ഡല്യിഉടെയും ദോശയുടെയും പേരിൽ എത്ര മനുഷ്യവർഷങ്ങളാണ് അവ ബലി കഴിച്ചിട്ടുള്ളത്!. ആട്ടുകല്ലിൽനിന്ന് ഗ്രൈന്ററിലേക്ക് നമ്മുടെ വീട്ടടുകളകൾ വളർന്നത് എന്റെ ചെറുപ്പത്തിലായിരുന്നു. എന്തൊരു കുതിച്ചു ചാട്ടമായിരുന്നു അതെന്നോ!. അഴുക്കുതുണി കല്ലിൽ വീഴുന്ന വേദനയും മഴു മരത്തിൽ കൊള്ളുന്ന ഹുംകാരവും നിലപ്പിച്ചുകൊണ്ട് നിലവിൽ വന്ന വാഷിംഗ് മെഷിനും ഗ്യാസ് സ്റ്റവ്വുമോ? എനിക്ക് ഇഷ്ടമാണ് ഈ ഉപകരണങ്ങളെ, ഈ യന്ത്രങ്ങളെ.

ഞാൻ എന്നും ഭയപ്പാടോടെ ഓർക്കുന്നതാണ് ഒരു പുഴയുടെയും പാലത്തിന്റെയും കഥ. കവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ ഒരു തെങ്ങിൻ തെങ്ങിൻ പൊളി. പിന്നെ ഒരു പൊളി കൂടി. പിന്നെയും ഒരു പൊളി. പിന്നെ അക്കരെയായി. ജീവിതതിനും മരണത്തിനുമിടയിലെ കടമ്പയായി
തോന്നിയിരുന്ന ഒരു പീറപ്പാലം. ഓരോ കാൽ വെയ്പ്പിലും ഒരു ഭീഷണി പോലെ അതു ഞരങ്ങി. പകുതി കടന്നു ചെല്ലുമ്പോൾ, എതിരേ ഒരാൾ വന്നാൽ, പുഴയിൽ വീഴാൻ തയ്യാറാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെങ്ങിൻ പൊളിക്കു പകരം നാല്പതടി നീളവും പത്തടി വീതിയുമുള്ള
കോൺക്രീറ്റ് പാലം വന്നപ്പോൾ, ഞാൻ അതിലൂടെ പാട്ടും പാടി നടന്നു. വിർജീനിയ ഉൾക്കടലിനു കുറുകെ, വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമായി, പണിതിരിക്കുന്ന 35 കിലോമീറ്റർ പാലത്തിലൂടെ പോയപ്പോഴത്തെ അത്ഭുതം ആ പാട്ടിൽ ധ്വനിച്ചിരുന്നതു തന്നെയാകണം.

കുറ്റിപ്പുറം പാലം വന്നപ്പോൾ പുതിയൊരു സഞ്ചാരയുഗം പിറക്കുകയായിരുന്നു. എന്നിട്ടും, ഉല്പതിഷ്ണുവായ ഇടശ്ശേരി പോലും ഖിന്നനായി. അദ്ദേഹത്തിന്റെ ചോദ്യത്തിൽ ആ പാലമുയർത്തിയ സംസ്ക്കാരത്തെച്ചൊല്ലി സംശയവും ഭയവും നിഴലിച്ചിരുന്നു. കുറ്റിപ്പുറം പാലം എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു:

കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?

യന്ത്രത്തെപ്പറ്റിയുള്ള ഭയം കാറ്റാടിയന്ത്രങ്ങൾക്കെതിരെ പടക്കിറങ്ങിയ ഡോൺ ക്വിഹാട്ടെയെയും ഇടശ്ശേരിയും മാത്രമല്ല ഗാന്ധിയെയും സർവ്വപ്രകൃതിവാദികളെയും എന്നും അലട്ടിയിരുന്നു. പലപ്പോഴും ഊഷരതയുടെ പേരിൽ വാഴ്ത്തപ്പെടുന്നതാണ് അതിനു പിന്നിലുള്ള ഗൃഹാതുരത. ആട്ടുകല്ലിൽ അരച്ചുണ്ടാക്കുന്ന മാവുകൊണ്ടുള്ള ദോശയുടെ സ്വാദ് ഒന്നു വേറെത്തന്നെയെന്നു വാദിക്കുന്ന കൃഷ്ണമൂർത്തി എടുത്തു വീശുന്നതും ആ ഗൃഹാതുരതയും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന സംവിധാനത്തോടുള്ള പരാങ്മുഖത്വവും തന്നെ. മറ്റുള്ളവർ അധ്വാനിക്കട്ടെ, എന്റെ പഴയ സ്വർഗ്ഗം നില നിൽക്കട്ടെ എന്നാവും പ്രാർത്ഥന.

ഈ യന്ത്രവൽക്കരണം ഇങ്ങനെ പോയാൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന വാദത്തിൽ കഴമ്പില്ലാതില്ല. മനുഷ്യൻ യന്തിരൻ ആയി മാറുന്നു. ഇപ്പോൾ അത് വിനോദമയി തോന്നുന്നെങ്കിൽ, അടുത്തു തന്നെ അത് യാഥർഥ്യമായി മാറും. അതിനെ ഭയപ്പെടേണ്ട. ഭയപ്പെട്ടാൽത്തന്നെ, തടയാനൊട്ടാവുകയുമില്ല. മനുഷ്യൻ മറ്റൊന്നായി പരിണമിക്കുകയാണെന്നു വാദിക്കുന്ന ചില ശാസ്ത്രജ്ഞരുണ്ട്, റോയൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന
ബ്രിട്ടിഷ് സ്ഥാപനത്തിന്റെ മേധാവിയായിരുന്ന സൂസൻ ഗ്രീൻബെർഗീനെപ്പോലെ. പരിണമിക്കട്ടെ. നീത്ഷേ എന്ന ദാർശനികൻ വിഭാവനം ചെയ്തപോലെ, മനുഷ്യൻ അതിമാനുഷൻ--superman--ആയി പരിണമിക്കുന്നതിന്റെ ഭാഗമായി കണക്കാക്കിയാൽ മതി ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വർദ്ധമാനമായ ഈ ഉപയോഗത്തെ.

Monday, November 1, 2010

മൂന്നാറിൽ ചൂടില്ല

മൂന്നാറിൽ ചെല്ലുമ്പോൾ സന്തോഷമോ രോഷമോ തോന്നേണ്ടതായിരുന്നു. ഒന്നൊന്നര നൂറ്റാണ്ടു മുമ്പ് ഒരു കുന്നിൻ പുറം മുഴൂവൻ കുതിരപ്പുറത്ത് ചുറ്റിയടിച്ച്, നമുക്കു വേണ്ടാത്തതാണെങ്കിലും, പുതിയൊരു ചായശീലം കൃഷി ചെയ്ത ഇംഗ്ലിഷുകാരന്റെ കാര്യപ്രാപ്തിയോർത്തുള്ള സന്തോഷം. നാട്ടുകാർക്കവകാശപ്പെട്ട ഭൂമി മുഴുവൻ വെട്ടിയെടുത്തവരെ ചോദ്യം ചെയ്യാൻ മുട്ടു വിറച്ചുകൊണ്ട് സർക്കാർ തുടങ്ങിവെച്ച നടപടി തുടക്കത്തിലേ പൊളിഞ്ഞുപോയതിലുള്ള രോഷം. അതിനെക്കാളൊക്കെ അനുഭവപ്പെട്ടത് ചിലവേറിയ സ്കൂൾ നടത്തുന്ന ആ പാതിരിയുടെ പെരുമാറ്റത്തിലെ തണുപ്പായിരുന്നു.

ഒഴിവുസമയത്ത് ആനകളുമായി ഇടപഴകാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന വിദ്യാലയം എന്ന പ്രചരണത്തിൽ പെട്ടു പോയതായിരുന്നു ഫെലിക്സ് അച്ചനും സിസ്റ്റർ എലൈസും ഞാനും. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ വളർത്താൻ ഓരോരോ പുതിയ വഴികൾ തേടുന്ന അവർക്ക് മൂന്നാറിലെ ഗജപരീക്ഷണത്തെപ്പറ്റി കേട്ടപ്പോൾ ഉത്സാഹമായി. കാടും കാട്ടുമൃഗങ്ങളുമായി കുട്ടികൾ എങ്ങനെ ഇടപെട്ടുവളരുന്നു എന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടു. “അച്ചൻ ഇങ്ങു പോരേ” എന്ന ക്ഷണം കൂടി കേട്ടപ്പോൾ, ആളൂകളെ അളക്കുന്ന കാര്യത്തിൽ പിഴക്കാത്ത ഫെലിക്സ് അച്ചന് ആദ്യത്തെ അമളി പറ്റി. ഞങ്ങൾ സ്കൂൾ അങ്കണത്തിലേക്ക് വണ്ടി ഇരച്ചു കയറ്റി. വണ്ടി ചൂടായെങ്കിലും അങ്കണം തണുത്തുറഞ്ഞതു പോലെ തോന്നി.

ഞങ്ങളെ കണ്ട പാടെ ളോഹയണിഞ്ഞ സ്കൂൾ മേധാവി, ഞങ്ങളുടെ ആതിഥേയൻ, വിദൂരതയിലേക്കെങ്ങോ കണ്ണയച്ചു നില്പായി. വിദൂരതയിലും സമീപത്തും മൂടൽ മഞ്ഞു മാത്രമേ കാണാമായിരുന്നുള്ളൂ. ചെറുപ്പക്കാരനായ ഒരു കൊച്ചച്ചൻ ചുരുങ്ങിയ വാക്കുകളിൽ ഞങ്ങളോട് സംസാരിക്കാൻ വന്നു. വലിഞ്ഞുകയറിച്ചെന്നവർക്കെന്നപോലെ അദ്ദേഹം മൂന്നു മുറികൾ കാണിച്ചു തന്നു; പിന്നെ തന്റെ വഴിക്കു പോയി. വികാരിയെ കാണാൻ ഞങ്ങൾ വലിഞ്ഞു കയറിച്ചെന്നപ്പോൾ, അദ്ദേഹം തിരക്കു നടിച്ചു. വിശേഷിച്ചൊന്നും എഴുതിയതായി തോന്നാത്ത ഏതോ കടലാസു വായിച്ചുകൊണ്ടിരുന്നു. ആനകളെയോ കുട്ടികളെയോ പറ്റി ഞങ്ങളോട് ബഡായി പറയാൻ അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ല. തൊലിയിൽ ഏശുന്ന മൂന്നാർ തണുപ്പിനെക്കാൾ മരവിപ്പിക്കുന്നതായിരുന്നു ആ പുരോഹിതന്റെ പെരുമാറ്റം. ദേവാലയത്തിൽനിന്ന് വില പിടിച്ച വിളക്കുകൾ കട്ടുകൊണ്ടുപോയ ആളെ പൊലിസ് പിടി കൂടിയപ്പോൾ, അതൊക്കെ അയാൾക്ക് താൻ സംഭാവനയായി കൊടുത്തതാണെന്നു പറഞ്ഞ് അയാളെ രക്ഷിച്ച “പാവങ്ങളി”ലെ പുരോഹിതന്റെ ഹൃദയത്തിലെ ഊഷ്മളത ഞാൻ ഓർത്തു പോയി.

വിഷണ്ണരായി, നേരു പറഞ്ഞാൽ, ഷണ്ഡരെപ്പോലെ, ഞങ്ങൾ തിരിഞ്ഞു നടന്നു. പള്ളി മേടയിൽ പറഞ്ഞു വെച്ച സ്ഥലം വേണ്ടെന്നു വെച്ച്, വേറൊരിടത്ത് താമസമാക്കിയാലോ എന്നു വരെ ഞാൻ ആലോചിച്ചു. ആദ്യത്തെ തണുപ്പിനുശേഷം വികാരിയുടെ പെരുമാറ്റത്തിൽ ചൂടനുഭവപ്പെടുമെന്ന് എന്റെ ഒപ്പമുണ്ടായിരുന്നവർ, ഏതോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഉറപ്പിച്ചു. രാത്രി വീണ്ടും കണ്ടപ്പോൾ, മഞ്ഞ് ഉരുകിയിരുന്നില്ല. ഉറച്ചിരുന്നേയുള്ളൂ.

മുഷിപ്പൻ ആതിഥേയരെ ഞാൻ ഏറെ കണ്ടിട്ടില്ല. സൂക്ഷിച്ചു മാത്രം ആതിഥ്യം തേടി പോകുന്നതു കൊണ്ടാകാം. ആതിഥേയൻ മുഷിപ്പു കാണിക്കാൻ ഇടയുണ്ടെന്ന സൂചന കിട്ടുമ്പോഴേക്കും സ്ഥലം കാലിയാക്കുന്നതുകൊണ്ടുമാകാം. രണ്ടായാലും, മുഖം കറുപ്പിക്കുന്ന ആതിഥേയന്റെ മുന്നിലും പിന്നിലും പരുങ്ങിയും പമ്മിയും കഴിഞ്ഞുകൂടേണ്ട ഗതികേട് അനുഭവിക്കേണ്ടി വരാത്തതാണ് എന്റെ ഒരു ഭാഗ്യം. ഒരിക്കൽ അകലെനിന്ന് എന്നെ കണ്ടപ്പോൾ വീട്ടുകാരൻ ഉറക്കത്തിലായി. വേറൊരിക്കൽ സ്വീകരണമുറിയിൽ ഞാൻ ഇരിപ്പുറപ്പിച്ചപ്പോൾ, വീട്ടുകാരൻ മുകളിലെ നിലയിൽ അഭയം തേടി. ഉള്ളാലെ ഞാൻ ചിരിച്ചു, സ്വന്തം വീട്ടിൽ വെളിച്ചത്തു വരാൻ പേടിക്കുന്ന വീട്ടുകാരുടെ ദൈന്യം ഓർത്ത്.

വായ്പക്കാര്യവുമായി വരുന്നവരെക്കണ്ടാൽ ചിലർ ഒളിക്കും. ഒന്നുകിൽ വായ്പ കൊടുക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട്. അല്ലെങ്കിൽ വാങ്ങിയ വായ്പ മടക്കാൻ മടിയായതുകൊണ്ട്. തന്റെ നിലക്കൊത്തവനല്ല അതിഥി എന്നു കരുതുന്നവരും അതിഥിയുടെ മുന്നിൽ വളയുകയും പിരിയുകയും മുക്കുകയും മൂളുകയും ചെയ്യും. ഉദ്യോഗസ്ഥലോകത്തിന്റെ കഥ പറയുന്ന യന്ത്രം എന്ന നോവലിൽ മലയാറ്റൂർ രാമകൃഷ്ണൻ വരക്കുന്ന ഒരു ചിത്രം ഇങ്ങനെ: അയൽ വാസിയായ മുതിർന്ന ധ്വരയെ കാണാൻ പോയതാണ് പയ്യൻ ആപ്പീസർ. പയ്യൻ ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ മുതിർന്ന ധ്വര ഒന്നു മുരണ്ടു. അത്ര മാത്രം. ഏറെ നീണ്ട അഞ്ചു നിമിഷത്തിനുശേഷം പയ്യൻ കേണു: “സർ, യു വിൽ ബി ബിസി, സർ...” ധ്വര അരുളിച്ചെയ്തു: “യെസ്, ഏസ് ആൾവേയ്സ്...” സമാഗമം തീർന്നു.

ഇതു രണ്ടുമായിരുന്നില്ല മൂന്നാറിലെ തണുപ്പിനു കാരണമെന്നു ഞാൻ ഫെലിക്സ് അച്ചനുമായി വാദിച്ചു. പലരും പെരുമാറ്റം കർക്കശമോ തണുപ്പനോ ആക്കുന്നത് പൂച്ച് പുറത്താകുമെന്നു പേടിച്ചായിരിക്കും. മൂന്നാറിലെ സ്കൂളിൽ, പ്രചരിച്ചപോലെ, മാതംഗലീലയൊന്നും അഭ്യസിപ്പിക്കുന്നതായി എനിക്കു തോന്നിയില്ല. വാടകക്കെടുത്ത സ്ഥലത്ത്, വാടകക്കെടുത്ത ആനകളുടെ പുറത്ത് വിനോദസഞ്ചാരികൾക്ക് സവാരി ചെയ്യാം--മിതമായ നിരക്കിൽ. സ്ഥലത്തിന്റെ വാടക സ്കൂളിനു കിട്ടും. വിനോദം പണം മുടക്കാനുള്ള സഞ്ചാരികൾക്കും. ആ വിദ്യയും ഒരു തരം അഭ്യാസമാണല്ലോ.

അങ്ങനെ പുതിയൊരു രീതിയിൽ ആതിഥേയരെ കാണാമെന്നു വന്നപ്പോൾ, ഞങ്ങളുടെ ഉള്ളിൽ ചൂടായി. മറച്ചുവെക്കുകയും ഒളിച്ചുപോകുകയും ചെയ്യുന്ന ആതിഥേയരുടെ പെരുമാറ്റം കണ്ട് അതിഥികൾ ബേജാറാവേണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. ഓരോ അതിഥിയെയും മുഷിപ്പിക്കുമ്പോൾ, ആതിഥേയൻ ഉലയുകയും ഉണങ്ങുകയും ചെയ്യുന്നു. ഓരോ അതിഥിയെയും ദൈവമായി സ്വീകരിക്കുമ്പോൾ, ആതിഥേയൻ പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കുയരുന്നു. അതുകൊണ്ട് അതിഥികളെ കാണുമ്പോൾ മൂക്കു വിയർക്കുകയോ മുഖം വീർപ്പിക്കുകയോ ചെയ്യുന്ന കൂട്ടരെ അവരുടെ നശിച്ച വഴിക്ക് വിടുക.

അങ്ങനെ പറഞ്ഞുകൊണ്ട് ഞങ്ങൾ മൂന്നാറിനടുത്ത് ദേവികുളത്തെ ആളൊഴിഞ്ഞ ആകാശവാണീനിലയം കാണാൻ പോയി. കുറഞ്ഞ പ്രക്ഷേപണസൌകര്യം. അതിലും കുറഞ്ഞ ശ്രോതൃശൃംഖല. അവിടത്തെ നിയമനം പൊതുവേ ഒരു ശിക്ഷയായി കണക്കാക്കപ്പെട്ടുവരുന്നു. കാടും പടലുമുള്ള വഴിയിലൂടെ, മൂർഖന്മാരെ പ്രതീക്ഷിച്ച്, ഞങ്ങൾ നിലയത്തിലേക്ക് ചെന്നു. പടിക്കൽ രണ്ടു കാവൽക്കാർ അവിടെ മുഷിഞ്ഞിരിക്കുന്നു. ഉള്ളിൽ ആരുമില്ല. ഉള്ള ഒരു എഞ്ചിനീയർ, പുറത്ത് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഉള്ളിൽ ചെന്നിരിക്കുന്നുവെന്നു മാത്രം. വയ്യാവേലികളെ വലിച്ചുവെക്കാൻ അദ്ദേഹം മെനക്കെടുകയില്ലെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ മണി മുട്ടി. വാതിൽ തുറന്നു. പിന്നെ, നീണ്ട സംസാരമായി. യുഗങ്ങളിലൂടെ പുതുക്കപ്പെടുന്ന സൌഹൃദത്തിന്റെ അനുഭവമായി. വീണ്ടും, നേരത്തേ പരിചയമില്ലാത്ത ആതിഥേയനും അതിഥിയും ദൈവമാകുന്നതുപോലെയായി.

(മലയാളം ന്യൂസ് നവംബർ 1)

Monday, October 25, 2010

ഒരു വരവേല്പിനുള്ള ഒരുക്കം

ഉമയെ വരവേൽക്കാൻ വീടൊരുക്കുമ്പോൾ, ഭാര്യയും ഞാനും പതിവുപോലെ വഴക്കായി. പുതുമയാണ് ഉമ. ഇരുപത്തെട്ടു തികയാത്ത പുതുമ. പുതുമക്കു വേണ്ടി പഴയ വീട് പുതുക്കണം. പുതിയതെന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ, രണ്ടഭിപ്രായവുമായി പൊരുതുകയാണ് ഭാര്യയുടെയും എന്റെയും പതിവ്. ഒടുവിൽ, മിക്കപ്പോഴും, എന്റെ വാക്ക് നിയമമാകും വരെ, വഴക്ക് തുടരും. അന്നും അതുപോലെ തുടർന്നു. പക്ഷേ എന്റെ വക്ക് വെറും വാക്കായതേയുള്ളു.

എന്തു പുതുക്കണം, പഴയതെന്തെല്ലാം പിഴുതെറിയണം എന്നതായിരുന്നു തർക്കം. ഉപയോഗിക്കാൻ ആളും നേരവുമില്ലാതെ കിടന്നിരുന്ന മുറികളിലും മുറ്റത്തും രണ്ടു വിരൽ കനത്തിൽ പൊടി പിടിച്ചിരുന്നു--മനസ്സിലെപ്പോലെ. മെയ്യനക്കാൻ എന്നും മടിയായിട്ടുള്ള ഞാൻ പിറുപിറുത്തു: “വേണ്ടാത്ത സ്ഥലം ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും.”

ആർക്കൊക്കെയോ വേണ്ടി സൌകര്യം ഒരുക്കിയിട്ട്, അവിടെ താമസിക്കാൻ ഒന്നോ രണ്ടോ പേർ മാത്രം ശേഷിക്കുന്ന അനുഭവം ഞങ്ങളുടേതു മാത്രമല്ല. ഒരു കൂട്ടുകുടുംബത്തിനുവേണ്ട താമസസ്ഥലം ഇപ്പോഴും ഓരോ അണുകുടുംബവും പണിതുവെക്കുന്നു. ആകുന്നവർക്കതൊരു ആർഭാടമാകുന്നു; ആകാത്തവർക്ക് ഒരു അത്യാവശ്യവും. അത്യാവശ്യം വേണ്ട താമസസ്ഥലമേ ഉണ്ടാക്കാൻ പാടുള്ളു എന്നൊരു നിയമമുണ്ടായാൽ, പണത്തിനു ഞെരുക്കമുള്ള എത്രയോ ആളുകൾക്ക് ആശ്വാസമാകും--അവർ അങ്ങനെ സമ്മതിച്ചില്ലെങ്കിലും. പക്ഷേ താമസസ്ഥലം താമസിക്കാൻ മാത്രമുള്ളതല്ലല്ലോ. നമ്മുടെ വീട് ഒരു വീടാകണമെങ്കിൽ, അയൽക്കാരെ അസൂയപ്പെടുത്തണം എന്ന സിദ്ധാന്തം ഞാൻ എന്നേ എന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നു.

പിറുപിറുപ്പോടെ അടുച്ചു തളി നടക്കുമ്പോൾ, ഓരോ സധനം എടുത്തു മാറ്റുമ്പോഴും മുറുമുറുപ്പായി. ഭാരമുള്ള ഒരു ചാക്കു തുറന്നുനോക്കിയപ്പോൾ കുറെ പൂട്ടുകൾ കണ്ടു. പഴയ പുതിയ പൂട്ടുകൾ. പതിനെട്ടു കൊല്ലം മുമ്പ് വസീർ മാഥുറും ഞാനും കൂടി സദർ ബാസാറിൽനിന്നു വാങ്ങിയതായിരുന്നു. ഭംഗിയുള്ള ആ പൂട്ടുകൾ. തിരുവനന്തപുരത്തെത്തിച്ചപ്പോൾ, ഞങ്ങളുടെ പുതിയ വീട്ടിലെ വാതിലുകൾക്ക് അവ ചേരില്ലെന്നു കണ്ടു. ചാക്കിലാക്കി ഒതുക്കി വെച്ചു.

ഓരോ തവണയും ശുചീകരണം നടക്കുമ്പോൾ, ഞാൻ പറയും : “പറ്റേണ്ടതു പറ്റി. ഇനി ഇത് ആർക്കെങ്കിലും കൊടുത്തുകളയാം. ആറ്റിൽ തള്ളാം....” എത്ര വില കൊടുത്തു വാങ്ങിയതണ്? വെറുതേ കളയാൻ പറ്റുമോ? എപ്പോഴെങ്കിലും ഉപയോഗം വന്നാലോ? ആലോചന അങ്ങനെ ചക്രവാളം വരെ നീളുകയും, സ്ഥലം മുടക്കുകയും എന്നെ മുഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ആ പൂട്ടുകൾ പതിനെട്ടുകൊല്ലമായി ചാക്കിൽ ഉറങ്ങുകയും ചെയ്തു. അവ ഒരിക്കലും ഉണരില്ല. ഞങ്ങൾ അവയെ മറവു ചെയ്യുകയുമില്ല.

ഒരു കൊല്ലം ഉപയോഗിക്കതെ കിടക്കുന്ന മിക്ക സാധനങ്ങളൂം വലിച്ചെറിയേണ്ടവയാണെന്ന എന്റെ വാദം തീവ്രവാദം പോലെ അപലപിക്കപ്പെട്ടുവരുന്നു. ഉമയുടെ അമ്മ സ്കൂളിൽ കൊണ്ടു പോയിരുന്ന അലുമിനിയം പെട്ടിയും നൂറു കണക്കിനു കുപ്പികളും മഞ്ഞളിച്ച് വായിക്കാൻ വയ്യാതായിരിക്കുന്ന നോട്ടു പുസ്തകങ്ങളും ഉൾപ്പടെ എത്രയോ ആവശ്യം തീരെയില്ലാത്ത സാധനങ്ങൾ, ഒരിക്കലും ബഹിഷ്കരിക്കപ്പെടാതെ, അപ്പപ്പോൾ പൊടിയടിക്കാൻ കാത്തു കെട്ടിക്കിടക്കുന്നു. ആവശ്യമില്ലാത്തതൊഴിവാക്കണമെന്ന നിർദ്ദേശം തീവണ്ടി യാത്രക്കാർക്കു മാത്രമല്ല, അടച്ചുറപ്പുള്ള വീട്ടിൽ പൊറുക്കുന്നവർക്കും ബാധകമാണെന്ന് ഞാൻ പല വട്ടം പറഞ്ഞു നോക്കി. ഒരിക്കൽ ഒരു മൂച്ചിന് അങ്ങനെ ചിലത് ഞാൻ ഏകപക്ഷീയമായി വലിച്ചെറിഞ്ഞു. അതിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പെട്ടു പോയതോടെ, ഒന്നും എടുത്തു മറ്റാനോ കളയാനോ
എനിക്ക് അധികാരമില്ലാതായി.

ഞാൻ കൂടെക്കൂടെ നവീകരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. വീട്ടുസാമാനങ്ങൾ നൈഇകരിക്കപ്പെടുന്നു, ശരീരകോശങ്ങൾ നവീകരിക്കപ്പെടുന്നു, പുഴയും കടലും നവീകരിക്കപ്പെടുന്നു, ബന്ധങ്ങൾ നവീകരിക്കപ്പെടുന്നു, വിശ്വാസം നവീകരിക്കപ്പെടുന്നു...ഭാവി വേഗം വന്നെത്തുമ്പോൾ, അത്തരം നവീകരണം അനിവാര്യമാകുന്നു എന്നു പറയുന്ന ആൾവിൻ ടോഫ്ലറുടെ ഫ്യൂച്ചർ ഷോക് എന്ന പുസ്തകം വന്നിട്ടു തന്നെ അര നൂറ്റാണ്ടായി. ഇപ്പോൾ ഭാവി ഭൂതമായിക്കഴിഞ്ഞ പോലെയുണ്ട്. അങ്ങനെയിരിക്കേ, അത്യാവശ്യമില്ലാത്ത സാധനങ്ങൾ കരുതിവെക്കുന്ന വകതിരിവില്ലായ്മയെപ്പറ്റി ഞാൻ ഉപന്യസിച്ചു. ആ ഉപന്യാസം ഭാര്യ കേട്ടുവെന്നു പോലും തോന്നിയില്ല.

ഞാൻ മട്ടു മാറ്റി. സുവിശേഷം ഉദ്ധരിച്ചു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല, പത്തായത്തിൽ കരുതിവെക്കുന്നില്ല എന്ന വചനം അപഗ്രഥിച്ചു. വിതയും കൊയ്ത്തും വേണ്ടി വരും. ആ വചനത്തിലെ കാതലായ ഭാഗം ഒടുവിലത്തേതാണ്. എന്നുവെച്ചാൽ, ഉടനേ വേണ്ടാത്തതൊന്നും കുമിഞ്ഞുകൂടാൻ അനുവദിക്കരുത് എന്ന് ഗാന്ധിയെക്കൂടി കൂട്ടുപിടിച്ചുകൊണ്ട് ഞാൻ വാദിച്ചു. വാദം അവസാനിപ്പിക്കുന്ന മട്ടിൽ അശരീരി ഉണ്ടായി: “വേദോപദേശം മതി.” ഞാൻ മതിയാക്കി. പഴയതെന്തെല്ലാം കളയണമെന്നു പിന്നീട് തീരുമാനിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ ഉമയെ വരവേറ്റു. ആ തീരുമാനം നടപ്പാക്കാൻ ഇനി ഒരു വരവേല്പു വേണ്ടിവരും.

(മലയാളം ന്യൂസ് ഒക്റ്റോബർ 25)

Monday, October 18, 2010

ബാലചന്ദ്ര മേനോൻ ഹൈദരാബാദിലാണ്

നടൻ-സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള മനോരമയിൽ കഴിഞ്ഞ ആഴ്ചയിൽ ചിലത് എഴുതിക്കണ്ടു. തിരുവനന്തപുരത്തെ വീടു പൂട്ടി, അദ്ദേഹം ഹൈദരാബാദിൽ ജോലിയുള്ള മകന്റെ ഫ്ലാറ്റിൽ താമസമാക്കിയിരീക്കുന്നു. ചികിത്സക്കും മറ്റുമായി പോയ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെപ്പറ്റി ആരോ എന്തോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു പോലും. സമൂഹത്തിന്റെ ഒരു ക്രൂരത! “കുഞ്ഞുകൂരമ്പുകൾ” എന്നാണ് പ്രയോഗം. കൂരമ്പായാലും കുഞ്ഞല്ലേ എന്നു സമാധാനിക്കാം.

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം. ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ. കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ, നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല. പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല. മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല. കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ, താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ, മസിലു പിടിക്കേണ്ടതില്ല. വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം.

നടൻ-സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം. എവിടെച്ചെന്നാലും എല്ലാവരും നോക്കും. ചിലർ അടുത്തു വന്ന് കുശലം പറയും, ഓട്ടോഗ്രാഫ് വാങ്ങും, ചിലർ തമ്മിൽത്തമ്മിൽ, ഒളികണ്ണിട്ട്, അടക്കം പറയും. അതൊക്കെ കാണുമ്പോൾ, രസം തന്നെ. കണ്ടില്ലെങ്കിൽ നീരസവും. നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു. കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും. വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ, സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല. കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു: “എന്നെ അറിയില്ലേ? ഞാൻ സിനിമാതാരം ദിലീപ് കുമാർ.“ മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു: “അറിഞ്ഞില്ല. സിനിമ കാണാറില്ല. ഞാൻ ഘനശ്യാംദാസ് ബിർള.”

എല്ലാവരും ദിലീപ് കുമാർമാരല്ല. എല്ലാവരും ജി ഡി ബിർളമാരുമല്ല. തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ആരും തിരിച്ചറിയാതെ, അനന്തമായ അറിയപ്പെടായ്മയിലൂടെ, “പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ” എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും. തിരിച്ചറിയപ്പെടുമ്പോഴാകട്ടെ, തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ. വേറൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം. അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും.

താരമൊന്നുമാകേണ്ട, എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക. അലസമായി, കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും, ആരോ വരുന്നു. ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു, മുടി മാടിയൊതുക്കുന്നു. ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ, വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ. എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ്. അങ്ങനെയാവുമ്പോൾ, മസിലു പിടിക്കേണ്ടി വരുന്നു. ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ, മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ?

പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും. അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി, വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം. എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം. തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം. സാധാരണ മനുഷ്യരെപ്പോലെ, സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ്
പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും. സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ, മിണ്ടില്ല. മിണ്ടിയാൽ, മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ. പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ. മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ, ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും. പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല.

നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം. ഭരിക്കാൻ രാജ്യമില്ലെങ്കിലും, അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട്. എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെയാണെന്നു തോന്നുന്നു, അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽ‌പ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു. എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം. നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു. അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക.

ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു. കേമനായ അദ്ദേഹം കേമനാണെന്ന്‌ അദ്ദേഹത്തിനറിയാം. നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും. പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല. അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം.

അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല. ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം. മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു. രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു. പരിചയം ഒരു ചിരിയിൽ ഒതുക്കി. തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ, തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല. ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു.

എളുപ്പമല്ല ആ പണി. അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം. ഒരു തരം അന്യവൽക്കരണം. അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം, അഭിനയം കലയായി വാഴ്ത്തപ്പെടുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം. തന്റെ സ്വഭാവം മറച്ചു വെച്ച്, മറ്റൊരാളായി തൽക്കാലത്തേക്കു മാറുക. തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക. രണ്ടും ഏറെക്കുറെ ഒന്നു തന്നെ. രണ്ടും ഒരു പോലെ ആയാസകരവും. ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം. അവനവനായിരിക്കുന്നതാണ് സുഖം.

(മലയാളം ന്യൂസ് ഒക്റ്റോബർ 18)

Monday, October 11, 2010

അവനിയുടെ ഒരു ചോദ്യം

ഗൌരിയോടൊപ്പം കളിക്കാൻ വന്നതായിരുന്നു രണ്ടു വയസ്സു കൂടുതലുള്ള അവനി. ഞാനും അവരുടെ കൂട്ടത്തിൽ കൂടാമെന്നു വെച്ചു. അവനിയെ നേരത്തേ ഒന്നോ രണ്ടോ തവണയേ കണ്ടിരുന്നുള്ളു. പരിചയം ഉറപ്പിക്കാൻ വേണ്ടി ഞാൻ അവളോട് ഓരോന്നങ്ങനെ ചോദിച്ചു പോയി. പേര്? നാട്‌? ഭാഷ? അച്ഛൻ? അമ്മ? എന്റെ അന്വേഷണം തുടരുന്നതിനുമുമ്പ് അവനി തിരിച്ചടിച്ചു: “ഇതൊക്കെ എന്തിനറിയുന്നു?”

അവളെക്കാൾ ആറു പതിറ്റാണ്ട് ജീവിച്ച ആളാണ് ഞാൻ. അവളുടെ പ്രായം പത്തിൽ തഴെ. അവളോളം ചെറുപ്പമായ കുട്ടിയിൽനിന്നു മാത്രമല്ല എന്നെക്കാൾ പ്രായമേറിയ കിഴവനിൽനിന്നും അങ്ങനെയൊരു ചോദ്യം നേരിടാൻ എന്റെ മനസ്സ് ശീലിച്ചിട്ടില്ല. ഇതൊക്കെ എന്തിനറിയുന്നു എന്നല്ല, ഇതൊക്കെ എങ്ങനെ അറിയാതിരിക്കുന്നു എന്നാണ് എന്റെ ഉൾച്ചെവിയിൽ എന്നും കേൾക്കുന്ന ചോദ്യം. ഇതൊന്നും നിങ്ങളറിയേണ്ട എന്ന് ഒരു കുട്ടിയുടെ വായിൽനിന്നു കേട്ടപ്പോൾ, തമസ്ക്കരണത്തിന്റെ ആദിരൂപങ്ങളിലേക്കും ആധുനികഭാവങ്ങളിലേക്കും ഞാൻ കെട്ടി മറിഞ്ഞു വീണു. അറിയാൻ മെനക്കെടാതെ ജഡീഭവിക്കുകയും അറിവ് പങ്കുവെക്കാതെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യന്റെ വാസനയെപ്പറ്റി ഞാൻ ആലോചിച്ചു. കൌതുകം കുറയുകയും തൻപോരിമയിൽ മുഴുകുകയും ചെയ്യുന്ന വിപത്തിനെപ്പറ്റി ഭയപ്പെട്ടു.

അവനി പറഞ്ഞത് അതൊന്നും ആലോചിച്ചാവില്ല. അത്രക്കല്ലേ പ്രായമുള്ളു? പ്രായമുള്ളവർ പഠിപ്പിച്ചു കൊടുത്തുകാണും: “കണ്ടവരോടൊക്കെ സംസാരിക്കരുത്; ചോദിക്കുന്നതിനെല്ലാം മറുപടി പറയരുത്.”
ചാരന്മാരുടെയും അപസർപ്പകന്മാരുടെയും ലോകത്തിലെ പ്രമാണം തന്നെ ഇവിടെയും പ്രയോഗം: വേണ്ടത്ര വിവരം മാത്രം, വേണ്ടവർക്കു മാത്രം കൊടുക്കുക. വേണ്ടാത്തവർ വേണ്ടാത്ത വിവരം കിട്ടിയാൽ ആപത്ത് ഉണ്ടാക്കുമെന്ന പേടി തന്നെയാണ് അവനിയെ പഠിപ്പിക്കുന്നവർക്കും പ്രേരണ. എന്റെ കുട്ടിക്കാലത്ത് ആൾപ്പിടുത്തക്കാരെപ്പറ്റി കേട്ടിരുന്നു; കേട്ടിരുന്നതേയുള്ളു. പരിചയമില്ലാത്തവരെല്ലാം ആൾപ്പിടുത്തക്കാരാകുമെന്ന പേടിയാണ് ഇപ്പോഴത്തെ ഭാവം.

ഇതൊക്കെ എന്തിനറിയുന്നു എന്നു കുട്ടികളെക്കൊണ്ട്--മുതിർന്നവരെക്കൊണ്ടും-- ചോദിപ്പിക്കാൻ തോന്നിക്കുന്നത് അറിവു പങ്കിടുന്നതിലുള്ള പേടികൊണ്ടു മാത്രമല്ല. ഒരു പക്ഷേ പേടിയെക്കാൾ ശക്തമായിരിക്കും കനത്തു വരുന്ന സ്വകാര്യതയെപ്പറ്റിയുള്ള വ്യഗ്രത. നമ്മുടെ കാര്യം നാം മാത്രം അറിഞ്ഞാൽ മതി എന്ന രോഗപാകത്തിലുള്ള തൻപോരിമ കാരണം നമ്മെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നത് അവകാശവും മറ്റുള്ളവരെപ്പറ്റി ചോദിക്കാതിരിക്കുന്നത് ചുമതലയും ആയി മാറിയിരിക്കുന്നു. സ്വകാര്യതയെപ്പറ്റിയുള്ള ആ സങ്കല്പത്തിൽനിന്നുണ്ടാകുന്ന അവകാശവും ചുമതലയും നമുക്ക് പതിച്ചു തന്നത് നഗരവും പാശ്ചാത്യഭാവനയുമാണ്. നാളികേരപാകത്തിലുള്ള നാടൻ കർഷകർ പരിചയമില്ലാത്ത ഒരാളെ കണ്ടാൽ, അസൂയയും പേടിയുമില്ലാതെ, ഊരും പേരും ചോദിക്കും. അതിന്റെ പിന്നിൽ തികഞ്ഞ കൌതുകമേ ഉള്ളു; ആവശ്യമാണെങ്കിൽ, ആവുമെങ്കിൽ, എന്തെങ്കിലും സഹായം ചെയ്യാനുള്ള സന്തോഷവും. അവനിയെ വളർത്തിയെടുക്കുന്ന നഗരം ആ കർഷകരെ നാടന്മാരും അപരിഷ്കൃതരും ആക്കി മാറ്റിയിരിക്കുന്നു.

വിർജീനിയയിലെ ഒരു പട്ടണത്തിൽ വലിയ സൌകര്യങ്ങളുള്ള ഒരു വൃദ്ധസദനം കാണാൻ ഒരിക്കൽ മരുമകൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അവശരായ പലരും അവശതയിൽ പരസഹായം പരമാവധി കുറച്ച് കഴിഞ്ഞുകൂടുന്നതു കണ്ടപ്പോൾ, എനിക്ക് അത്ഭുതവും ആദരവും തോന്നി. ബന്ധുക്കൾ ആരെങ്കിലും വാരാന്ത്യത്തിൽ വന്നാലായി. ആരും അവരെ കാത്തിരിക്കുന്നില്ല, അല്ലെങ്കിൽ, കാത്തിരിക്കുന്നുവെന്ന ധാരണ ആരും വരുത്തിന്നില്ല. അവരുടെ കാര്യങ്ങൾ മറ്റുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങൾ അവരും ചോദിച്ചറിയാത്തത് ശീലവും നന്മയും ആക്കി മാറ്റിയെടുത്തിരുന്നു.

ചുരുട്ടിപ്പിടിച്ച കയ്യും കോടിയ മുഖവുമുള്ള ഒരു സ്ത്രീയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ എന്നോടെന്ന പോലെ പറഞ്ഞു പോയി, മസ്തിസ്കാഘാതം ഉണ്ടായതു പോലെ തോന്നുന്നല്ലോ, എന്നിട്ടും ഒട്ടൊക്കെ ഉശിരോടെ വീൽ ചെയറിൽ നടക്കുന്നു. ഇവരുടെ ബന്ധുക്കൾ? സുഹൃത്തുക്കൾ? സദനത്തിന്റെ സെക്രട്ടറി തുറിച്ചു നോക്കി, എന്റെ മരുമകൾ വല്ലാതായി. അങ്ങനെയൊന്നും ചോദിക്കാൻ പടില്ലായിരുന്നു. അതൊക്കെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകും! ഞാൻ തർക്കിക്കാൻ നിന്നില്ല. പക്ഷേ എന്റെ ചിന്തയിൽ വേറൊരു തരം കടന്നുകയറ്റം ഉണ്ടായി. ആ സ്ത്രീയുടെ രഹസ്യങ്ങൾ ചുഴന്നറിഞ്ഞ് രസിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അവരുടെ ദൈന്യത്തെപ്പറ്റി അനുഭാവപൂർവം ആലോചിച്ചുപോയതേയുള്ളു. അങ്ങനെ ഒരു ആലോചനയും സംസാരവും നിരോധിക്കുന്നതാണ് അഭാരതീയമായ നഗരസംസ്കൃതി. അവനിയെ പഠിപ്പിച്ചുവെച്ചിരിക്കുന്നതും അതു തന്നെ.

പടിഞ്ഞാറൻ നാടുകളിൽ പരിചയമില്ലാത്തവർ എതിരേ വരുമ്പോൾ, പരസ്പരം പുഞ്ചിരിച്ചു കടന്നു പോകും. “ഹൈ” എന്നോ “നല്ല കാലാവസ്ഥ” എന്നോ രണ്ടു കൂട്ടരും പറയും. പരിചയമുള്ള അയൽക്കാരും പരിചയം ആ വാക്കുകളിലും പുഞ്ചിരിയിലും ഒതുക്കും. അയൽ പക്കം സൌഹൃദമാകുന്നില്ല. സൌഹൃദം ഹ ൃദയങ്ങൾ തമ്മിലുള്ള അടുപ്പവുമാകുന്നില്ല. സ്വകാര്യതയിലേക്കു കടന്നു കയറുന്ന സൌഹൃദങ്ങളെ എല്ലായിടത്തും ആളുകൾ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ, പരിചയമില്ലാത്തവർ, പുഞ്ചിരിക്കാനൊന്നും നിൽക്കാതെ, പരിചയമില്ലാത്തവരെപ്പോലെ കൈ വീശി കടന്നു പോകും. പടിഞ്ഞാറൻ സ്വകാര്യത നാം കടംകൊള്ളുമെങ്കിലും, പടിഞ്ഞാറൻ പുഞ്ചിരി നമ്മെക്കൊണ്ടാവില്ലെന്നു തോന്നുന്നു.

തൻപോരിമയുടെ തുരുത്തുകളെപ്പറ്റിയുള്ള ചിന്ത രോബിൻസൺ ക്രൂസോവിനോളം പഴയതാകുന്നു. അങ്ങനെ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ നമ്മുടെ കഥാസരിത്സാഗരത്തിൽ അത്ര തന്നെയില്ല. നമ്മുടെ താപസന്മാരും, തപസ്സിന്റെ കാലം കഴിഞ്ഞാൽ, കുടുംബത്തിന്റെയും ശിഷ്യന്മാരുടെയും കൂടെ സമധാനമായി കഴിഞ്ഞിരുന്നവരായിരുന്നു. ജീവിതത്തിന്റെ സാമൂഹികതയും പാരസ്പര്യവും അന്നേ അനുഭവപ്പെട്ടിരിക്കണം. മനുഷ്യനെ സാമൂഹ്യമൃഗമായി വാഴ്ത്തിയ ഒരു അരിസ്റ്റോട്ടിൽ ഇവിടെ അറിയപ്പെട്ടില്ലെന്നു മാത്രം. അരിസ്റ്റോട്ടിലിനുശേഷം രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും, ആ വചനത്തിന്റെ സാധുത തെളിയിക്കാനുള്ള പരീക്ഷണം തുടർന്നുകൊണ്ടിരിക്കുന്നു. ഇടപഴക്കത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട കുരങ്ങന്മാരുടെ പെരുമാറ്റം ഹാരി ഹാർലോ എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ പഠിക്കുകയുണ്ടായി. ആ പഠനം മനുഷ്യക്കുട്ടികളുടെ ഇടയിലും ആവർത്തിച്ചു. തമ്മിൽത്തമ്മിൽ ഇടപഴകുകയും മിണ്ടുകയും ചെയ്യാത്തവർ അസ്വസ്ഥരാകുമെന്നായിരുന്നു നിഗമനം.

ആ നിഗമനത്തിന്റെ താല്പര്യം പല തരത്തിൽ പല സന്ദർഭങ്ങളിൽ ആവിഷക്കരിക്കപ്പെടുന്നതു കാണാം. ഖുറാൻ മറിച്ചുനോക്കിയപ്പോൾ ഇങ്ങനെ ഒരു വചനം കണ്ടു: കൂട്ടുകാരെ ചിരിക്കുപ്പിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗം. കൂട്ടുകാരെ ചിരിപ്പിക്കാൻ കഴിയാത്തവർക്ക് അവകാശപ്പെട്ടതെന്താണെന്നു വ്യക്തമാണല്ലോ. എന്നിട്ടും പരിചയങ്ങളെ പാത്തും പേടിച്ചും നടക്കുന്ന “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”

(മലയാളം ന്യൂസ് ഒക്റ്റോബർ 11)