Wednesday, September 16, 2009

ലാളിത്യം കൊള്ളാം--മറ്റുള്ളവരിൽ

മറ്റുള്ളവർ ലളിതമായി ജീവിക്കുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടം. ആരായാലും--‘ജനകീയക്കവലയിലെ നേതാക്കളാ‘യാലും ‘ജനിമോക്ഷക്കവലയിലെ താടിക്കാരാ‘യാലും--പുൽക്കുടിലിൽ കഴിയണം, കാട്ടുകിഴങ്ങുകളും വെട്ടുകിളികളും തിന്നണം. എന്നാലേ ആദരം കിട്ടൂ. അതുകൊണ്ട് സഖാക്കൾ അങ്ങനെയായിരിക്കണമെന്നും, അതു ബോധ്യപ്പെടുത്താൻ സ്വത്ത് വെളിപ്പേടുത്തണമെന്നും പൊളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിരിക്കുന്നു. ഇ പി ജയരാജനെ തള്ളിയിരിക്കുകയാണ് ബ്യൂറോ.

പണ്ട് വിപ്ലവകാരികൾ അങ്ങനെ ആയിരുന്നു. കട്ടൻ ചായയും പരിപ്പു വടയും വിഴുങ്ങി അവർ കമ്യൂണിസം കൃഷി ചെയ്തു. അടുത്തയിടെ ഭാഷക്കു കൈവന്ന ഹൃദ്യമായ രൂപകം ആണ് ‘കട്ടൻ ചായയും പരിപ്പു വടയും.’ അതു കഴിച്ചാലേ കമ്യൂണിസ്റ്റാകൂ എന്നു ശഠിച്ചാൽ, കമ്യൂണിസത്തിന് ആളെ കിട്ടില്ലെന്ന പ്രവചനം തെറ്റാവണമെന്നില്ല--പ്രവാചകൻ ജയരാജൻ ആയതുകൊണ്ടുമാത്രം. ഒറ്റമുണ്ടും പരുത്തിക്കുപ്പായവും അണിയണം കോൺഗ്രസ്സുകാരനാകണം എങ്കിൽ, പിന്നെ കോൺഗ്രസ്സിന്റെ പൊടി പോലും കാണില്ല.

എന്നാലും അവരുടെയൊക്കെ ജീവിതം ലളിതവിനീതമാണെന്നു മറ്റുള്ളവർ വിചാരിക്കണം. ആ വിചാരം ഉറപ്പിക്കാൻ ചിലർ കുപ്പായം അവിടവിടെ കീറുന്നു, കേവ്യർ ഇഷ്ടപ്പെടുമ്പോഴും കട്ടൻ കഴിക്കുന്നു, ഹോണ്ടയുണ്ടെങ്കിലും അംബാസഡറിൽ ഞെരിയുന്നു. പണമുണ്ടെന്നു മറ്റുള്ളവർക്കു തോന്നരുത്. പണം ജനത്തിന് ഇഷ്ടമാണ്; പക്ഷേ പണക്കാരെ ഇഷ്ടമല്ല. ഗാന്ധി അതു മനസ്സിലാക്കി. ദരിദ്രൻ ഗാന്ധിയുടെ നാരായണനായി; ദരിദ്രന്റെ ഉടുതുണി--ഇല്ലായ്മ--അദ്ദേഹത്തിന്റെ വേഷമായി. ഫലമോ? ജയരാജൻ പറഞ്ഞതല്ലേ ശരി, ഗാന്ധിക്ക് കോണമേ പാടുള്ളുവെങ്കിൽ, ഗാന്ധിപ്പണിക്ക് ആളെ കിട്ടാതാവുമെന്നു വന്നു.

ഏറെ പണമിറക്കി ഗാന്ധിയുടെ ദാരിദ്ര്യം പ്രദർശിപ്പിക്കാൻ സരോജിനി നായ്ഡു ഉണ്ടായിരുന്നു. അത്രയില്ലെങ്കിലും, കീറാൻ ഒരു കുപ്പായം വാങ്ങാൻ, എന്തെങ്കിലും പദവിയുള്ളവർക്ക് വരുമാനവുമുണ്ടാകും. അതില്ലാതെ കൊടിപിടിക്കുന്ന പതിനായിരങ്ങൾക്കോ? കടം കൊള്ളുകയോ കവരുകയോ ചെയ്യാതെ അവർക്ക് കട്ടൻ ചായയും കുടിലും ഉണ്ടാവില്ല. അതെങ്ങനെയെങ്കിലും ഉണ്ടായാലോ, ബഹുജനമനുഷ്യൻ--ഒർടേഗ ഗേസറ്റിന്റെ Mass Man--അസഭ്യം പറയും: സുഖലോലുപൻ, അഴിമതി വീരൻ! എന്തിനെയും സംശയിക്കുന്ന, എല്ലാറ്റിന്റെയും ലഘുസാധാരണഘടകം മാത്രം മനസ്സിലാകുന്ന, ബഹുജനമനുഷ്യനെ സുഖിപ്പിക്കാനുള്ള ജാടയാണ് കട്ടനും കീറക്കുപ്പായവും. ഒന്ന് ആദ്യം തിരിച്ചറിയണം: രന്തിദേവന്റെ പരിത്യാഗശീലം നോർമലല്ല. എന്നിട്ടു വേണം പൊതുപ്രവർത്തകർക്കെല്ലാം സത്യസന്ധമായ ഉപജീവനത്തിനു വഴിയുണ്ടാക്കാൻ. അതുണ്ടായാലേ കവർച്ചക്കരെ ഓടിച്ചിട്ടു പിടിക്കാൻ പറ്റൂ. മുഴുവൻസമയരാഷ്ട്രീയം വ്യാപിക്കുമ്പോൾ, കവർച്ച കൂടും.

കവർച്ചയും പട്ടിണിയും ഒരുപോലെ കൂടിയ കാലത്ത് ഫ്രാൻസിലെ ഒരു റാണി ചോദിക്കുകയുണ്ടായി: “കഞ്ഞി കുടിക്കാനില്ലെങ്കിൽ, പാൽക്കഞ്ഞി കുടിച്ചുകൂടേ?” അവരുടെ തല പോയി. ആ അനുഭവം ഉണ്ടാകാതിരിക്കാൻ, ഇടക്കിടെ ആസ്തി വെളിപ്പെടുത്തുന്നതു കൊള്ളാം. പരിമിതി അറിഞ്ഞുകൊണ്ടു വേണമെന്നു മാത്രം. എന്നോളം തുറന്ന വരുമാനം ഒരിക്കലും ഇല്ലാതിരുന്ന ചിലരുടെ ചിലവ് കാണുമ്പോൾ പണം വായുവിൽനിന്നു വരുമെന്നു തോന്നും. വരുമാനവും വരുമാനമാർഗ്ഗവും തമ്മിലുള്ള പൊരുത്തക്കേട് ഏറെ പഴയതാകുന്നു. അതുകൊണ്ട് കട്ടൻ കുടിച്ചിരുന്നവർ ഷാമ്പെയിനിൽ കുളിക്കാൻ തുടങ്ങുമ്പോൾ മതി നമ്മുടെ സദാചാരകോമരം ഉറഞ്ഞുതുള്ളാൻ എന്നു വെക്കണം.

(മംഗളവാദ്യം എന്ന പംക്തിയിൽ സെപ്റ്റംബർ പതിനഞ്ചാം തിയതി മനോരമയിൽ പ്രസിദ്ധപ്പെടിത്തിയത്)

No comments: