Tuesday, November 3, 2009

കോടിപതികളെ തിരഞ്ഞെടുക്കാൻ



പണ്ടാര റോഡിലെ വേപ്പിൻ തലപ്പുകൾ വിരണ്ടു വിറച്ചു. പൊക്കമുള്ള ഇരുമ്പുഗേറ്റിനപ്പുറം, അട്ടിയിട്ട മണൽച്ചാക്കുകൾക്കു പിന്നിൽ, തോക്കേന്തിയ കാവൽക്കാർ ഇമ വെട്ടാതെ നിന്നു. അവരുടെ സംരക്ഷണത്തിൽ, അകത്തൊരു മുറിയിൽ നിലത്ത് കാലു നീട്ടിയിരുന്ന്, തന്നെ കൊഞ്ഞനം കാട്ടുന്ന രാഷ്ട്രീയസത്യത്തെപ്പറ്റി, ഒരുതരം ആത്മഹാസത്തോടെ, ഒരു പക്ഷേ സിനിസിസത്തോടെ, ടി എൻ ശേഷൻ പറഞ്ഞു: “ഇത്രയൊക്കെ ചെയ്തിട്ടെന്താ ഫലം? കരുത്തുള്ളവർ പിന്നെയും പിന്നെയും നിയമം ലംഘിക്കാൻ ഒരുമ്പെടുന്നു.”

ബീഹാറിലെയും മറ്റും കണ്ണൂരുകളെ അദ്ദേഹം അപ്പോഴേക്കും ഒട്ടൊക്കെ നിലക്കു നിർത്തിയിരുന്നു. വാസ്തവത്തിൽ കണ്ണൂരുകൾ അല്ല പ്രധാനപ്രശ്നം. കണ്ണുരുട്ടിയാൽ അത് തീർക്കാവുന്നതേ ഉള്ളു. മാറാട്ടം കൊണ്ടും മറിപ്പൻ കൊണ്ടും അങ്ങുമിങ്ങും ജയിക്കാൻ പറ്റിയേക്കും. പക്ഷേ ഒരു ജനതയുടെ ആത്മാവിഷ്ക്കാ‍രത്തെ തട്ടിക്കൊണ്ടുപോകാനോ തകിടം മറിക്കാനോ അതുകൊണ്ടാവില്ല.

ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനമായ തിരഞ്ഞെടുപ്പിനെ അപകടപ്പെടുത്തുന്ന മറ്റു ചില പ്രശ്നങ്ങളിലായിരുന്നു അന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ശേഷന്റെ ശ്രദ്ധ. നാനി പാൽക്കിവാലയുടേതാണ് ആ പഴയ ഉപമ. ഹൃദയസ്പന്ദനം കൂടിയാൽ ജനാധിപത്യം കുഴയും; കുറഞ്ഞാലും. അതിനെക്കാൾ ആപത്താകും രാഷ്ട്രീയസിരാപടലത്തിലാകമാനം പണത്തിന്റെ കൊഴുപ്പ് കുത്തിയൊഴുകിയാൽ. അതു തടയാൻ ശേഷൻ കണ്ട ഒരു വഴി തിരഞ്ഞെടുപ്പ് ചിലവിൽ കണ്ണു വെക്കൽ ആയിരുന്നു.

ഒരു കാലത്ത് ചിലവിന്റെ കണക്ക് കൊടുക്കാൻ ആരും മെനക്കെട്ടിരുന്നതേയില്ല. നിയമനുസരിക്കണമെന്നു നിർബ്ബന്ധമുള്ളവർ കൊടുത്തിരുന്ന കണക്കു കേട്ടാൽ ആരും അവർക്ക് എന്തെങ്കിലും ധർമ്മം കൊടുക്കും. ആ നില ഒഴിവായത് വലിയ ഒരു കാര്യമായിരുന്നു. ശേഷന്റെ ക്യാമറപ്പട്ടാളം റോന്തു ചുറ്റാൻ ഇറങ്ങിയതോടെ ചുമരെഴുത്തും ചിലവേറിയ ചപ്പടാച്ചികളും ഒഴിവായി. മുദ്രാവാക്യങ്ങൾ മലീമസമാക്കാത്ത ഭിത്തികളുടെ ഉടമസ്ഥർക്ക് ശ്വാസം നേരെ വീണു.

ആ നേട്ടത്തിന്റെ കേളിക്കൈ കേട്ടു രസിച്ചിരിക്കുമ്പോൾ, ഒരു ദിവസം പണ്ടാര റോഡിലെ വസതിയിലെ സോഫയിൽ ആന്ധ്രയിൽനിന്നു വന്ന ഒരു രാഷ്ട്രീയഭീമൻ അമർന്നിരുന്നു. നിയമലംഘകരെ കിടുകിടെ വിറപ്പിച്ച മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറോട് അദ്ദേഹം ഒരു പരസ്യം പറഞ്ഞു: “ഇത്തവണ സീറ്റു പിടിക്കാൻ എട്ടു കോടി ചിലവായി.” പതിവില്ലാത്തവിധം ആ നിമിഷത്തിൽ വിനീതനായിപ്പോയ ശേഷൻ തനിക്ക് ഏറെ പഥ്യമായ ഗീതയിലെ ഒരു ഭാഗം ഓർക്കുകയായിരുന്നു. അദ്ദേഹം തന്നോടു തന്നെ ചോദിച്ചു: “യുദ്ധം ചെയ്യുമെന്നോ ചെയ്യില്ലെന്നോ നിശ്ചയിക്കാൻ നീ ആയോ?“


കോടിപതികളുടെ അരങ്ങേറ്റം പിന്നീട് കൂടിയതേ ഉള്ളു. പല കോടികളുടെ ഉടമകളാണെന്നു പരസ്യമായി പ്രഖ്യാപിച്ചവരുടെ എണ്ണം തന്നെ ചെറുതല്ല. അപ്പോൾ പ്രഖ്യാപിക്കാത്തവരുടെ പ്രഖ്യാപിക്കാത്ത കോടികളോ? കേട്ടതെല്ലാം ഭയാനകം; കേൾക്കത്തതോ അതിനെക്കാൾ ഭയാനകം എന്നാണ് കാവ്യഭാഷയിൽ ഫലശ്രുതി. ഇത്രയൊക്കെ ആയിട്ടും, ആസ്തി മാത്രമല്ല, ചിലവും തിരഞ്ഞെടുപ്പുവിപണിയിൽ ഏറിവരുന്നു. സ്വർണ്ണ നാണയം ലോഭമില്ലാതെ എറിയാനുള്ളവർക്ക് പരസ്യം മാത്രമല്ല, മുഖപ്രസംഗവും ലേഖനവും വിലക്കു കിട്ടുമെന്നായിരിക്കുന്നു.

അതാണ് കണ്ണൂരുകളെക്കാൾ പ്രധാന പ്രശ്നം. ഒഴിവാക്കാൻ കഴിയാത്ത സാധനത്തിന് താങ്ങാൻ വയ്യാ‍ത്ത വിലയാകുന്നത് സമ്പദ് വ്യവസ്ഥയുടെ രോഗമാണെന്നു പറയും. കോടതിച്ചിലവ് ഏറുമ്പോൾ നീതിക്ക് ക്ഷാമമാകും. അതുപോലെ, തിരഞ്ഞെടുപ്പെന്ന മൌലികരാഷ്ട്രീയപ്രക്രിയ കോടിപതികളുടെ ഊരാപ്പിടിയിലായാൽ, ജനാധിപത്യം ആഭാസമാവും. അതു തടയാൻ കോടിപതികളുടെ തന്നെ ഔദാര്യം വേണ്ടിവരും.

(നവംബർ മൂന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

No comments: