Wednesday, November 18, 2009

മുരചിപട്ടണത്തിന്റെ ഇതിഹാസഭംഗികൾ

അഴിഞ്ഞ മുടിയും കലങ്ങിയ കണ്ണുമായി, മീശക്കാരൻ അപ്പുകുട്ടൻ ആട്ടത്തിനൊപ്പിച്ചു പാടിയ പാട്ട് എന്റെ കാതിൽ പൊട്ടിത്തെറിച്ചു. തെറി കാതിൽ കിണുങ്ങുകയോ വായിൽ കൊള്ളുകയോ ചെയ്യാത്തതായിരുന്നു കാലം. അസഭ്യം കേട്ടു രസിക്കുകയും കോപം വന്നാൽ കുരിപ്പ് മുളപ്പിക്കുകയും ചെയ്യുന്ന ദേവിക്കുവേണ്ടി അപ്പുകുട്ടൻ വഴിനീളെ തൊണ്ട തുറന്നു പാടി. ചെറുപ്പക്കാർ കൂടെ പാടി. അഹങ്കാരികളായ അമ്പലവാസികളെ ശപിച്ച കാളി വാരസ്യാരുടെ കഥ പിന്നീട് അതോടു ചേർത്തു വായിച്ചു.

വാല്മീകിയും വ്യാസനും തൊട്ടുഴിഞ്ഞതായിരുന്നു ദേവിയുടെ തട്ടകമായ മുരചിപട്ടണം. ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തപ്പെടുന്ന ഹെറോഡോട്ടസിന്റെ പേരക്കുട്ടികൾ അവിടെ മുളകും ഏലവും വാങ്ങാൻ കപ്പലിറങ്ങി. പുതിയ വിശ്വാസം വികിരണം ചെയ്യാൻ സംശയിക്കുന്ന തോമയും നബിയുടെ സംഘവുമെത്തി. പിന്നെ കുലശേഖരന്മാരുടെ രാജധാനി രൂപം കൊണ്ടു, ഒരു സുവർണ്ണയുഗത്തിനു തിർശ്ശീലയുയർന്നു. പിന്നെ, നൂറ്റാണ്ടു യുദ്ധത്തിന്റെ കെടുതികൊണ്ടോ പതിമൂന്നാം ശതകത്തിലെ സുനാമികൊണ്ടോ മഹോദയപുരം അസ്തമിക്കുകയായിരുന്നു.

മുസിരിസ് എന്ന മുരചിപട്ടണത്തിന്റെ തിരുശേഷിപ്പുകൾ അടയാളപ്പെടുത്തുന്ന ബെന്നിയുടെ വാസ്തുശില്പിസംഘത്തിലെ യുവതികളും പാലിയത്തെ കൃഷ്ണബാലനുമൊത്ത് അവിടെ കറങ്ങുമ്പോൾ, ചരിത്രവും പുരാവൃത്തവും കൂടിക്കുഴഞ്ഞ ലഹരി തലക്കു പിടിച്ചു. പാലിയത്തെ കൊച്ചുകോവിലിൽ കൈകൊട്ടി വലം വെച്ചിരുന്ന സ്ത്ര്രികൾ കന്മഷമില്ലാതെ ഒരു ചോദ്യമെടുത്തിട്ടു: “വില്ലാർവട്ടത്തെ തോമ രാജാവ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ആളായിരുന്നോ?” തുടക്കത്തിന്റെ തുടക്കം തേടിച്ചെന്നാൽ, എല്ലാവരും ഒരേ കൂട്ടത്തിൽ പെടുന്നതായി കാണാമെന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.

പാലിയത്തെ മണിയുടെ കഥ പറഞ്ഞു, കൃഷ്ണബാലൻ. കോമി അച്ചനെക്കാൾ പഴക്കമുള്ള മണി. കുടുംബത്തിൽ കലഹമായപ്പോൾ, മണി ആരോ ആക്രിവിലക്കു വിറ്റു, ചരിത്രം അന്യാധീനമാക്കി. ആരായിരുന്നെന്നോ കോമി അച്ചൻ ഒന്നാമൻ? തോൽക്കുമെന്നുറപ്പായിട്ടും മാർത്താണ്ഡവർമ്മയെ നേരിടാൻ ദേവനാരായണന്റെ ഒപ്പം നിന്നയാൾ. കോമി അച്ചൻ വിചാരിച്ചാലും ആ മണി തിരിച്ചുകിട്ടില്ല.

അധിനിവേശത്തിന്റെ ഓർക്കപ്പെടാത്ത ആ ചെറുത്തുനില്പിനൊരു രംഗാവിഷ്കരണം ഉണ്ടാകാം, കോമി അച്ചന്റെ വേഷം കെട്ടിയ നടന് ജനങ്ങളുമായി സംവദിക്കാം, ചരിത്രം വർത്തമാനമാകാം--മുസിരിസ് പൈതൃകസരംഭം മുന്നോട്ടു പോകുമ്പോൾ. വില്യംസ്ബർഗ്ഗിൽ ജോർജ് വാഷിംഗ്ടണുമായി സംസാരിച്ചതോർക്കുന്നു. വാഷിംഗ്ടണെപ്പോലെ നിൽക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന നടൻ തികഞ്ഞ വാഷിംഗ്ടൺ വിദഗ്ധനായിരുന്നു. സ്വാതന്ത്ര്യയുദ്ധത്തിൽ വാഷിംഗ്ടൺ കാട്ടിയ വീര്യവും, ചില നിമിഷങ്ങളിലെ അധൈര്യവും, അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചപ്പോൾ, കാണികൾ കയ്യടിച്ചു. അവരുടെ പുതിയ ചോദ്യങ്ങൾക്ക് മുന്നൂരുകൊല്ലത്തെ പഴക്കമുള്ള മറുപടി വന്നു. കാലം ഏറെക്കുറെ കോമി അച്ചന്റേതു തന്നെ. പക്ഷേ കോമി അച്ചനെ അവതരിപ്പിക്കാൻ നാം ഇനിയും കാലമെടുക്കും.

ഏറെ നീണ്ട ചരിത്രം കൊണ്ടാടാൻ കൊള്ളില്ലെന്നായിരിക്കും. മൂന്നോ നാലോ നൂറ്റാണ്ടേ പ്രായമുള്ളുവെങ്കിൽ, അതൊരു ഹരമാകും. ഒരിക്കൽ, ഡൽഹിയിലെ ലോദി ശവകുടീരത്തിന്റെ നിഴലിൽ നിന്നപ്പോൾ, കനഡയിൽനിന്നു വന്ന സ്നേഹിതൻ മറി ജാൻസ് അതിന്റെ പഴക്കമോർത്ത് തരിച്ചു നിന്നു. അഞ്ഞൂറുകൊല്ലമോ? അതിന്റെ നാലിരട്ടി പഴക്കത്തിന്റെ മേനി പറഞ്ഞ്, മുസിരിസിന്റെ മഹത്വം വാഴ്ത്തി, ഞാൻ കേമനായി. അങ്ങനെ വല്ലപ്പോഴുമേ കേമത്തം തോന്നുകയുള്ളു.

കേമത്തം ശരിക്കും തോന്നാം, മുസിരിസ് പൈതൃകം ചിട്ടപ്പെടുത്തിയെടുത്താൽ. നാഗരികതയുടെ ആദിരൂപം കാണാൻ ലോകം അവിടെ പ്രദക്ഷിണം ചെയ്യും. വിനോദത്തിന്റെയും സഞ്ചാരത്തിന്റെയും വ്യവസായത്തിന്റെയും നിർവചനങ്ങൾക്കപ്പുറം, മായികമായ ഭൂതകാലം സജീവമായ അനുഭവമാകും. ഒന്നു മാത്രം ഓർക്കണം: പൊതുമുതലാണ് ചരിത്രം. വേലി കെട്ടി വളക്കാൻ നോക്കിയാൽ ചാരിത്ര്യം കവരുന്നതുപോലെയാകും.

(നവംബർ 17 മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

No comments: