Tuesday, February 23, 2010

അധികാരത്തോടു കലഹിച്ച ഒരാൾ

ഡോക്റ്റർ കെ എൻ രാജിനെ ഓർക്കുമ്പോഴെല്ലാം അധികാരവുമായുള്ള കലഹത്തിന്റെ ഓർമ്മ വരുന്നു. അധികാരം സർക്കാരിന്റെ രൂപത്തിൽ വരാം, സാമൂഹ്യസംഘടനയുടെ രൂപത്തിൽ വരാം, രാഷ്ട്രീയകക്ഷിയുടെ രൂപത്തിൽ വരാം, ജനക്കൂട്ടത്തിന്റെ രൂപത്തിൽ വരാം. ഏതു രൂപത്തിലായാലും, അതുമായി ഇണങ്ങിപ്പോകാൻ അദ്ദേഹത്തിന് വിഷമമായിരുന്നു. അധികാരത്തിന്റെ വിചിത്രമായ, വികലമായ, വിനിയോഗത്തെച്ചൊല്ലി അദ്ദേഹം അക്ഷമനായി. അതുകൊണ്ടുകൂടിയാകണം, പാരിതോഷികങ്ങളിൽനിന്നും സ്വീകരണങ്ങളിൽനിന്നും അദ്ദേഹം വിട്ടുനിന്നു.


നന്നേ ചെറുപ്പത്തിലേ അദ്ദേഹം പ്രൊഫസറും വൈസ് ചാൻസലറുമായി. ഡൽഹി സർവകലാശാലയുടെ മേധാവിത്വം തുടരാൻ പറ്റിയില്ല. അധികം ചർച്ച ചെയ്യപ്പെടാത്തതാണ് ആ അധ്യായം. അദ്ദേഹത്തെ അവിടെ പൊറുപ്പിക്കാതിരിക്കാൻ ശക്തരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് വ്യക്തം. നയവും അഭിനയവുമായി, വ്യത്യസ്തവും വിരുദ്ധവുമായ അഭിപ്രായമുള്ളവരോട് ഒത്തുചേർന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തോ ഒരു സ്വഭാവവിശേഷം അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായിരുന്നു.


ഇടതുപക്ഷത്തിന്റെ സാക്ഷ്യപത്രം പതിച്ചുകിട്ടിയ രാജ് ഇടതുകൊടികളുടെ കീഴെ തെറിച്ചുനടന്ന വഴി തടയൽകാരെ ഒറ്റക്കു നേരിടാൻ നോക്കി. ഒരാൾ വിചാരിച്ചാൽ ഒതുക്കാവുന്നതല്ല അവരുടെ അക്രമം എന്ന് അദ്ദേഹം നിനച്ചതേ ഇല്ല. തന്റെ മനസ്സിൽ തട്ടി; താൻ പ്രവർത്തിച്ചു--അതിന്റെ ഫലം എന്തോ ആവട്ടെ! അടിയന്തരാവസ്ഥയിൽ അദ്ദേഹം ഇന്ദിര ഗാന്ധിക്കു കത്തെഴുതി. പ്രധാനമന്ത്രിയായപ്പോൾ, അവർക്ക് ധനശാസ്ത്രത്തിന്റെ ബാലപാഠം പറഞ്ഞുകൊടുക്കാൻ പോയവരിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആദ്യമൊക്കെ പ്രധാനമന്ത്രി ഒരു കുട്ടിയെപ്പോലെ നോട്ട് കുറിച്ചെടുക്കുമായിരുന്നത്രേ. രാജ് തന്നെ പറഞ്ഞതാണ്, ഒരു നീണ്ട സംഭാഷണത്തിനിടെ.


അധികാരം തലക്കു പിടിച്ചപ്പോൾ, ആ കുട്ടിയുടെ കുട്ടിത്തമെല്ലാം പോയി. അതിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥ. രാമനാട്ടുകരയിലെ സേവാമന്ദിരം നടത്തിയിരുന്ന കെ രാധാകൃഷ്ണ മേനോൻ രാജ്യരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രാജിന്റെ സുഹൃത്തായിരുന്നു എല്ലാവരുടേയും സർവോദയക്കാരനായ രാധേട്ടൻ. അക്ഷമനായ രാജ് പ്രധാനമന്ത്രിക്കെഴുതി: “എന്റെ സുഹൃത്തായിരുന്ന രാധാകൃഷ്ണ മേനോനിൽനിന്നു രക്ഷിപ്പെടേണ്ട ഇന്തിയിലെ പൌരനായിരിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു.” പ്രധാനമന്ത്രി അതു കണ്ടിരിക്കണം. അത് ഉറപ്പുവരുത്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സെക്രട്ടറിക്ക് ഒരു കുറിപ്പോടെയായിരുന്നു പ്രതിഷേധം എഴുതി അയച്ചത്. പി എൻ ധർ ആയിരുന്നു സെക്രട്ടറി. ധർ രാജിനോടൊപ്പം ഡൽഹി സർവകലാശാലയിൽ പ്രൊഫസർ ആയിരുന്നു.


രാജിനെ ഞാൻ ആദ്യമായി കാണുന്നതും കേൾക്കുന്നതും അദ്ദേഹം സിനിമയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു. ഒരു ചിത്രീകരണം കണ്ടപ്പോൾ അദ്ദേഹത്തിനിഷ്ടമായി. അപ്പോൾ അദ്ദേഹം അത് നാലാൾ കാണട്ടെ എന്നു നിശ്ചയിച്ചു. അങ്ങനെ കാണാൻ പോയവരിൽ ഞാനും ഉണ്ടായിരുന്നു. രണ്ടു ഹ്രസ്വസിനിമകൾ അന്ന് പ്രദർശിപ്പിക്കപ്പെട്ടു--രാജിന്റെ മുഖവുരയോടെ. ഒന്ന് വളകളെപ്പറ്റിയായിരുന്നു. ആഗ്ര മുതലായ സ്ഥലങ്ങളിൽ ഉണ്ടാക്കുന്ന നിറമുള്ള വളകൾ വെള്ളിത്തിരയിൽ വിളങ്ങി. വളപൊട്ടുകളെപ്പറ്റി ഓ എൻ വിയും വളകളണിഞ്ഞ കൈകളെപ്പറ്റി തൊരു ദത്തും എഴുതിയ കവിതകൾ ഞാൻ ഓർത്തു. രണ്ടാമത്തെ സിനിമയുടെ വിഷയം പശു ആയിരുന്നു. പാൽ തരുകയും ആരാധിക്കപ്പെടുകയും കീറത്തുണി കടിച്ചു തിന്നുകയും ചെയ്യുന്ന പശു പല മാനങ്ങളിൽ പ്രത്യക്ഷപ്പെട്ടു.


അത് ഉണ്ടാക്കിയ വിഷ്ണൂ മാഥുർ എന്ന ഛായാഗ്രാഹകനെ കഞ്ഞി കുടിക്കാൻ ഞാൻ എന്റെ മേലടുക്കളയിലേക്കു ക്ഷണിച്ചു. ഞാൻ അറിഞ്ഞതിനെക്കാൾ പേരു കേട്ട ആളായിരുന്നു വിഷ്ണു. വരാനിരുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ രാജീവ് ഗാന്ധിക്കുവേണ്ടി ഒരു സിനിമ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ഒരു ദിവസം വിഷ്ണു. കാർ ഓടിക്കുന്ന രാജീവിന്റെ രൂപം ക്യാമറയിൽ പകർത്തി. പിന്നീട് സൺ ഒഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്തായിരുന്നു ആ ചെറുചിത്രം. അതിന്റെ ജോലി നടക്കുമ്പോൾ ക്ഷോഭജനകമായ വേറൊരു ഒന്നര മിനിറ്റ് ചിത്രത്തിനു വഴിയൊരുങ്ങി--ഇന്ദിര ഗാന്ധിയുടെ വധത്തിലൂടെ. മാ എന്ന ആ ചെറുചിത്രം തിരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു. സിനിമാശാലകളിൽ അതു കണ്ടു കരഞ്ഞവർ വേറെ ആർക്കും വോട്ടു ചെയ്യുമായിരുന്നില്ല.


എല്ലാവർക്കും കാണാൻ കഴിയുന്ന കാര്യങ്ങൾ ഡോക്റ്റർ രാജ് പലപ്പോഴും വ്യത്യസ്തമായും എപ്പോഴും കൂടുതൽ ആഴത്തിലും കണ്ടു. സിനിമയിലും കലയിലും നിർമ്മാണസങ്കേതങ്ങളിലും അദ്ദേഹം ഒരുപോലെ തല്പരനായിരുന്നു; ഉല്പതിഷ്ണുവുമായിരുന്നു. കേരളത്തിന്റെ ഗൃഹനിർമ്മാണസങ്കേതത്തിന്റെ ചാരുത തിരിച്ചറിയാൻ ബർമിംഗ് ഹാമിൽനിന്നെത്തിയ ലാറി ബേക്കറുടെ മുഖ്യഭാഷ്യകാരൻ ആയിരുന്നു ഡോക്റ്റർ രാജ്. ബേക്കറുടെ നിർമ്മാണമുദ്രയായി അറിയപ്പെടുന്ന കെട്ടിടം ഡോക്റ്റർ രാജ് സ്ഥാപിച്ച സെന്റർ ഫോർ ഡെവ്വെലപ്മെന്റ് സ്റ്റഡീസ് തന്ന്. ഭൂപരിഷ്കരണത്തിന്റെ പേരിലും കാർഷികവികസനത്തിന്റെ പേരിലും ഞെളിഞ്ഞിരുന്ന കേരളീയസമൂഹത്തെ ഞെട്ടിക്കാനെന്നോണം അദ്ദേഹം ഒരിക്കൽ പറഞ്ഞു: “പത്തുകൊല്ലമായി കേരളത്തിന്റെ ഉല്പാദനക്ഷമത അല്പം പോലും കൂടിയിട്ടില്ല.” ഉല്പാദനക്ഷമതയുടെ വർദ്ധനവാണ് വികസനം. അതില്ലെങ്കിൽ അന്നന്നത്തെ അഷ്ടിക്കുവേണ്ടി ആളുകൾ അഹോരാത്രം പാടുപേടും. അതാണ് അവികസിതാവസ്ഥ.


വളരെ മെല്ലെ മാത്രം ആളുകളും ആചാരങ്ങളും സാങ്കേതികവിദ്യകളും മാറിയിരുന്ന കാലത്ത് തുടങ്ങിയ ആസൂത്രണവുമായി അടുത്തു ബന്ധപ്പെട്ട ആളായിരുന്നു ഡോക്റ്റർ രാജ്. വളരാൻ മടിച്ചുനിന്ന സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെ അന്ന് അദ്ദേഹവും കൂടെയുണ്ടായിരുന്ന ആസൂത്രണവിദഗ്ധന്മാരും വിശേഷിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: ഹിന്ദു വികസനവേഗം. Hindu Rate of Growth. “അതൊക്കെ പഴയ കഥ,” ഒരിക്കൽ അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു. മെല്ലെയാണെങ്കിലും ഇന്ത്യ വളരുകയാണെന്ന് അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. യുവത്വം നേതൃത്വത്തിലെത്തിയപ്പോൾ വളർച്ചക്ക് ആക്കമുണ്ടാകും, ഉണ്ടാകണം.


വളർച്ച മുടക്കി, ജനാവകാശം കവർച്ച ചെയ്യുന്ന “ജനകീയ” പ്രസ്ഥാനങ്ങളോടായിരുന്നു ഒടുവിലൊടുവിൽ അദ്ദേഹത്തിന് ഏറെ വിരോധം. തീവണ്ടിപ്പാതയിലും വിമാനത്താവളത്തിലും നടുവഴിയിലും അദ്ദേഹം വഴിമുടക്കുകാരുടെ നേരെ തട്ടിക്കേറി. മനസ്സിൽ നിറഞ്ഞ രോഷം പറഞ്ഞുതീർക്കാൻ അദ്ദേഹം എന്നെ കൂടെക്കൂടെ വിളിച്ചുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും നീണ്ടുനീണ്ട പത്രസമ്മേളനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ രോഷവും അഭിനിവേശവും എപ്പോഴും സാംക്രമികമാകണമെന്നില്ലെന്ന് അദ്ദേഹത്തിനു വിചാരിക്കാനേ പറ്റിയില്ല. ആരുടെ ഉപദേശം പ്രധാനമന്ത്രിമാർക്ക് വിലപ്പെട്ടതായിരുന്നുവോ, ആ ആളുടെ സംസാരം നീണ്ടുപോയപ്പോൾ, ചില കേൾവിക്കാർ തല ചൊറിഞ്ഞു.


ഒരു ദിവസം എന്റെ വീട്ടിൽ അദ്ദേഹം കയറിവരുമ്പോൾ, എന്തോ കഴിച്ചതിന്റെ അല്ലർജിയുമായി, ദേഹമാസകലം തിണർത്തും ചൊറിഞ്ഞും ഇരിക്കുകയായിരുന്നു ഞാൻ. അതു പക്ഷേ ഡോക്റ്റർ രാജിന്റെ അഭിനിവേശം കെടുത്തിയില്ല. ഏതോ ജനാവകാശധ്വംസനത്തെപ്പറ്റി അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ അസ്വസ്ഥത ചൊറിഞ്ഞും ഞരങ്ങിയുമിരുന്നിരുന്ന ഞാനുമായി പങ്കിട്ടിട്ടേ അദ്ദേഹം പോയുള്ളു. ഒരു പത്രം വിചാരിച്ചാൽ ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന് അറിയാത്ത ആളായിരുന്നില്ല പത്രക്കാരനായി തുടങ്ങിയ ഡോക്റ്റർ രാജ്. പക്ഷേ തന്റെ വികാരത്തോടും വിചാരത്തോടും അദ്ദേഹത്തിനു നീതി പുലർത്തേണ്ടിയിരുന്നു. വികാരപരവും വിചാരപരവുമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ മുദ്ര.


(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

No comments: