Thursday, March 4, 2010

തിലകനും അമ്മയും ഞാനും

തിലകനും അമ്മയും അച്ഛനും മറ്റുമായി നടക്കുന്ന തർക്കത്തെപ്പറ്റി അഭിപ്രായം പറയാൻ എന്നെ വിളിക്കേണ്ട കാര്യമില്ല. എന്നിട്ടും ദൂരദർശൻ എന്നെ വിളിച്ചു. എല്ലില്ലാത്ത നാവുകൊണ്ട് ഞാൻ എന്തൊക്കെയോ തട്ടിവിട്ടു. അറിയാത്ത കാര്യത്തെപ്പറ്റി ചില സുവർണ്ണതത്വങ്ങൾ എഴുന്നള്ളിച്ചു. ഒരു തൊഴിൽ സംഘടന ഒരാളെ തിരഞ്ഞുപിടിച്ച് ഒതുക്കുന്നത് കൊള്ളില്ല. ഒതുക്കപ്പെടുന്നയാൾ പ്രകോപിതനാകാൻ അവസരം നോക്കിയിരിക്കുന്നതും കൊള്ളില്ല. പിന്നെ തർക്കത്തിന്റെ അതിർത്തിക്കപ്പുറത്തേക്കു പോയി. സിനിമ എന്ന ചിലവേറിയ വിനോദം ഒരു ദരിദ്രസമൂഹത്തിനു വേണോ?


പുതിയ സാങ്കേതിക വിജ്ഞാനത്തിന്റെ അത്ഭുതകരമായ സംഭാവനയാണ് സിനിമ. അനുഭവത്തിന്റെ കാഴ്ചയും കേൾവിയും അതീവസാന്ദ്രമായി അവതരിപ്പിക്കാൻ കഴിയുന്ന മാധ്യമം. പക്ഷേ അത് ഉരുത്തിരിഞ്ഞുവന്നിരിക്കുന്ന രീതി എത്രയോ ചിലവേറിയതാണ്. ഗോട്ടിയും സൽഗുഡുവും കുറ്റിയും കോലും പാഠകവും കണ്ടും കേട്ടും കളിച്ചും വന്ന ഒരു കൊച്ചുസമൂഹം , ഏറെ പണം, ഇല്ലാത്ത പണം എന്നു തന്നെ പറയാം, ചിലവാക്കി, നിഴലും വെളിച്ചവും വഴി അനുഭവവിനിമയത്തിനൊരുങ്ങുമ്പോൾ, പന്തികേട് തുടങ്ങുന്നു.


കണക്കുകളിലേക്കു കടക്കാതെ ത്തന്നെ ചർച്ച തുടരാം. സിനിമയുടെ ലോകമായതുകൊണ്ടും, പണത്തിന്റെ വിപണിയായതുകൊണ്ടും, മായികത മറയാതെ നിൽക്കും. ആദ്യം നിർമ്മാണത്തിന്റെ ചിലവ് നോക്കുക. നാലും അഞ്ചും കോടിയാണ് പറഞ്ഞുകേൾക്കുന്നത്, ഒരു സാദാ മലയാളം സിനിമയുടെ ചിലവായിട്ട്.. അതിൽ ഒരു സുപ്പർ ഡ്യൂപ്പർ താരമുണ്ടെങ്കിൽ, ചിലവിന്റെ നാലിലൊന്നെങ്കിലും അയാൾ കൊണ്ടുപോകും. സൂപ്പറിനെ ഒഴിവാക്കുകയോ അയാളുടെ വേതനം വെട്ടിക്കുറക്കുകയോ ആണ് ചിലവു കുറക്കാനുള്ള ആദ്യമാർഗ്ഗം എന്നർത്ഥം.


ആ തുക ഒരിക്കലും പിരിഞ്ഞു കിട്ടുകയില്ല. മലയാളം സിനിമ കാണാൻ സാധ്യതയുള്ള ആളുകളുടെ എണ്ണം നോക്കുക. ജനസംഖ്യ മൂന്നു കോടി. കുട്ടികളെയും വൃദ്ധരെയും ഒഴിവാക്കുക. കാണാൻ സൌകര്യമില്ലാത്തവരെ , താല്പര്യമില്ലാത്തവരെ , ഒഴിവാക്കുക. എത്ര ആളുകൾ എത്ര തവണ ഒരു സിനിമ കണ്ടാൽ അതിന്റെ മുടക്കുമുതൽ പിരിഞ്ഞുകിട്ടും? ആണ്ടുതോറും ഉണ്ടാകുന്ന എഴുപത്തഞ്ചോ എൺപതോ സിനിമകളിൽ നാലോ അഞ്ചോ മാത്രമേ കഷ്ടിച്ച് രക്ഷപ്പെടുന്നുള്ളുവെന്നാണ് നാട്ടുവർത്തമാനം.. ബാക്കിയുള്ളവയുടെ നഷ്ടം ആരു വഹിക്കും?


മലയാളം സിനിമ കാണുന്നവരുടെ എണ്ണം ഇനി കൂടാൻ പോകുന്നില്ല. ചിലവ് കുറയുന്ന മട്ടുമില്ല. അപ്പോൾ മലയാളിയുടെ ഈ ചിലവേറിയ വിനോദത്തിനുവേണ്ടി മാനത്തുനിന്നോ പതാളത്തിൽനിന്നോ പണം കോരിയെടുക്കേണ്ടിവരും. ധനപരമായി സ്വയം പര്യാപ്തമല്ല്ലാത്ത ഒരു വിനോദം ശീലിക്കുന്ന സമൂഹത്തിനെ ബാധിച്ചിരിക്കുന്നത് ഒരുതരം വട്ടു തന്നെ. അരവയർ നിറയാത്ത ആളുകൾ അമൃതം കഴിക്കാൻ ആശിക്കുന്ന സ്ഥിതി. ഇടശ്ശേരിയുടെ പുത്തകലവും അരിവാളും ഓർമ്മയില്ലേ? പട്ടിണി കിടക്കുന്ന കുട്ടികൾക്ക് പാലട പ്രഥമൻ ഊട്ടിയപ്പോൾ എന്തുണ്ടായി? അതിസാരം വന്ന് എല്ലാം ചത്തു പോയി. അത്ര തന്നെ. “ഇടി വെട്ടീ, പൊട്ടരുതൊറ്റകൂമ്പും കുടിലദുർമ്മർത്യതേ നിൻ കടക്കൽ“ എന്ന സിനിസിസം മുഴങ്ങിയത് അപ്പോഴായിരുന്നു..


രോഗാകീർണ്ണമായ സൌന്ദര്യബോധംകാരണം രണ്ട് ആപത്തുകൾ ഉണ്ടാകുന്നതു കാണാം. ഒന്ന്, താങ്ങാൻ വയ്യാത്ത ചിലവ് ഉണ്ടാക്കിവെക്കുന്ന വിധത്തിൽ ശ്വാസം മുട്ടിക്കുന്ന പ്രതിഫലം പറ്റുന്ന സൂപ്പർ ഡ്യൂപ്പർ താരത്തിന്റെ നിർമ്മാണം. താരത്തെ പഴി പറഞ്ഞിട്ടു കാര്യമില്ല. പത്തു കിട്ടുകിൽ നൂറു ഏണമെന്നു മോഹിക്കുന്നത് തീർത്തും മാനുഷികമായ രീതിയാണല്ലോ. പിന്നെ, പ്രതിഫലം ശ്വാസം മുട്ടിക്കുന്നതാണെന്നു വന്നാലേ സൂപ്പർ ഡ്യൂപ്പർ ആവുകയുമുള്ളു. ഈയിടെ രണ്ടു ചിത്രങ്ങൾ ഷൈൻ ചെയ്യാൻ നോക്കിയതു കണ്ടില്ലേ, അവയുടെ ചിലവിനെപ്പറ്റി ബഡായി പറഞ്ഞുകൊണ്ട്? ഹോളിവുഡിൽ അതാകാം; വളരെ വലുതാണ് വിപണി. പക്ഷേ കൊച്ചു കേരളത്തിൽ കോടിക്കളി തുടങ്ങിയാൽ, ഇടശ്ശേരിയുടെ കവിതയിലെന്ന പോലെ, ഇടി വെട്ടുക തന്നെ ചെയ്യും. അയഥാർത്ഥമോ അതിയഥാർത്ഥമോ ഒരു ധനസാഹചര്യം സൃഷ്ടിക്കുന്നതാണ് ആ വഴി രൂപപ്പെടുന്ന സൂപ്പർ താരസങ്കല്പവും രോഗാതുരമായ സൌന്ദര്യബോധവും.


അദ്വൈതവും കമ്യൂണിസവും കാച്ചുന്ന കൊച്ചുകേരളത്തിൽ ഇങ്ങനെയൊരു ധനപരമായ വൈരുദ്ധ്യവും വങ്കത്തവും നടമാടുന്നത് രസകരമായ അത്ഭുതമാകുന്നു. ധനപരമായ ഏതു വ്യവഹാരത്തിനും കാലക്രമത്തിൽ സന്തുലിതാവസ്ഥ സ്ഥാപിക്കാനുള്ള കഴിവുണ്ട്. അതില്ലെങ്കിൽ പൊട്ടിപ്പൊളിയും. ഉദാഹരണമായി കശുവണ്ടി വ്യവസായം നോക്കുക. കേരളത്തിന്റെ കശുവണ്ടിക്ക് പ്രിയം ഉണ്ടാക്കുന്നത് അത് വറുത്തു തല്ലിയെടുക്കുന്ന വിരലുകളുടെ വിരുതാണത്രേ. ആ വിരലുകളുടെ ഉടമസ്ഥർ ഒരിക്കലും വളർന്നിട്ടില്ല. അന്നന്നത്തെ അഷ്ടിക്ക് വക കിട്ടിയാൽ ഭാഗ്യം എന്നാണ് എന്നും അവരുടെ വിചാരം. കശുവണ്ടി വഴി കോടീശ്വരന്മാരായത് കുറെ വ്യാപാരികൾ. അവർ ഉണ്ടാക്കിയ കോടികളുടെ കണക്ക് സൂപ്പർ ഡ്യൂപ്പർമാരുടെ ശ്വാസം മുട്ടിക്കുന്ന പ്രതിഫലത്തെ ഓർമ്മിപ്പിക്കുന്നു.


പണത്തിന്റെ രൂപരേഖ എന്ന പഴയ പ്രഖ്യാതമായ പുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതറുടെ ഒരു വചനം ഇങ്ങനെ പോകുന്നു: “പണം ശൂന്യതയിൽനിന്നുണ്ടാവില്ല.” പണം ശൂന്യതയിൽനിന്നുണ്ടാവില്ലെങ്കിൽ, ആണ്ടുതോറും പൊട്ടിപ്പോകുന്ന എഴുപതും എൺപതും സിനിമകളുടെ ചിലവ് എവിടന്ന് എഴുതിയെടുക്കും? അതും സിനിമയെപ്പറ്റി പടരുന്ന പല പുരാവൃത്തങ്ങളിൽ ഒന്ന് അതായിരിക്കും? സൂപ്പർ ഡ്യൂപ്പർ താരത്തിന്റെ പ്രതിഫലത്തെപ്പറ്റിയും അല്പം വെളിപ്പെടുത്തൽ ആകാമെന്നു തോന്നുന്നു. പതിനഞ്ചോ ഇരുപതോ ദിവസത്തേക്കുള്ള വേതനമാണെന്നോർക്കണം കോടി! ഒരു സാധനത്തിനോ സേവനത്തിനോ ഉല്പാദനച്ചിലവിന്റെ എത്ര മടങ്ങ് വിലയാകാം എന്നത് സാധാരണ സാമ്പത്തിക ചിന്തയാകുന്നു? ഒരു നക്ഷത്രത്തിന്റെ വില എത്ര ഉയരാം? വിപണി അതു നിശ്ചയിച്ചുകൊള്ളും എന്നാകും മറുപടി. എന്നാലും ഉൽബുദ്ധകേരളത്തിന് ബന്ദു ദിവസങ്ങളിൽ ആലോചിക്കാവുന്ന ഒന്നാണ് ഈ വിഷയം.


രോഗാകീർണമായ സൌന്ദര്യബോധം വരുത്തിവെക്കുന്ന ഒരു സമൂഹ്യപ്രവണതയാണ് താരാരാധന. ചാനലുകൾ ചവറുപോലെ ഇറങ്ങിയതോടെ ആ പ്രവണത, സാഹിത്യഭാഷയിൽ മൊഴിഞ്ഞാൽ, അപ്രതിഹതമായിരിക്കുന്നു. ചാനലിൽ എന്തിനും താരമേ ഉള്ളൂ. താരം എങ്ങനെ ഉടുക്കുന്നു, ഉണ്ണൂന്നു, ഉറങ്ങുന്നു, ഉഴപ്പുന്നു...? അതാണ് അവതാരകരുടെ അന്വേഷണവിഷയം; അതാണ് പ്രേക്ഷകരുടെ മോക്ഷം! താരം ഓണം എങ്ങനെ ആഘോഷിച്ചു? എങ്ങനെ പൊങ്കാലയിട്ടു? താരത്തിന് ഏതു ഗാനം പ്രിയം, ഏതു ഗാനം അപ്രിയം? താരത്തിന്റെ വാരഫലം എന്ത്? സത്യസന്ധതയെപ്പറ്റി താരം എന്തു പറയുന്നു? നികുതി നേരാംവണ്ണം കൊടുക്കണമെന്നു പറയാൻ താരം എന്തെല്ലാം വാക്കുകൾ ഉപയോഗിക്കുന്നു. കൊള്ളാം, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടേല്ലാം പുളയുന്ന താരം മാത്രം!


ചരിത്രത്തിന്റെ സന്ധികളിൽ ഒരു സമൂഹം ആരെയൊക്കെ ആദർശപുരുഷന്മാരായി കാണുന്നു? സാമൂഹികമായ ആത്മാവിന്റെ ബലിഷ്ഠതയുടെ സൂചകമായിരിക്കും ആ ചോദ്യത്തിന്റെ ഉത്തരം. വള്ളിക്കുടിലിൽ തപം ചെയ്യുന്ന മുനി ചിലപ്പോൾ ഗുരുവാകാം. വാളും പരിചയമേന്തി വരുന്ന സേനാധിപൻ ചിലപ്പോൾ രക്ഷാപുരുനാകാം. നീണ്ട ഒരു ഊന്നുവടിയും നേരിന്റെ വെളിച്ചവും മാത്രം ആയുധമായ ഒരാളും വല്ലപ്പോഴും വഴികാട്ടിയാകാം. ഒറ്റപ്പെട്ടവനെയും നഷ്ടപ്പെട്ടവനെയും കൈ പിടിച്ചുയർത്തുന്നവരും ചിലപ്പോൾ ആദർശരൂപങ്ങളാകാം.


അനുഭവങ്ങളെ അഭിനയിച്ചു കാട്ടുന്ന, ഒരർത്ഥത്തിൽ സത്യത്തിന്റെയോ സാധ്യതയുടെയോ അനുകരണത്തിനു ശ്രമിക്കുന്ന, നടൻ, പൊളിഞ്ഞുപോകുന്ന സിനിമയിൽ, നന്മയുടെയൂം ലാളിത്യത്തിന്റെയും ധൈര്യത്തിന്റെയും സൂപ്പർ രൂപമായി വരുന്ന കോടിതാരം, എപ്പോഴാകും ഒരു സമൂഹത്തിന്റെ ധർമ്മദൈവമാകുക? അപ്പോൾ ആ സമൂഹത്തിന്റെ മാനസിക നില എന്തായിരിക്കും? തിലകനും അമ്മയും അച്ച്ചനും തമ്മിലുള്ള വഴക്കിൽ ഉന്നയിക്കപ്പെടാവുന്ന ഒരു ചോദ്യം ഇതു കൂടിയായിരിക്കും.

(മാർച്ച് നാലിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

No comments: