Monday, May 17, 2010

പത്രാധിപരെ പിരിച്ചുവിടുന്ന രീതികൾ

ജെറാൾഡ് ബോയ്ഡിനെപ്പറ്റി ഞാൻ ഒരു മാസം മുമ്പ് കേട്ടതേ ഉള്ളു. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ മരണത്തിനുശേഷം ഭാര്യ പ്രസിദ്ധീകരിച്ചു.. നീരസവും പരാതിയും നേട്ടങ്ങളെച്ചൊല്ലി അഭിമാനവും നിറഞ്ഞ ബോയ്ഡിന്റെ കഥ അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ സംസ്കാരരീതികളിലേക്ക് വെളിച്ചം വീശുന്നു.

ന്യൂയോർക് ടൈംസിന്റെ മാനേജിംഗ് എഡിറ്റർ പദവിയിൽ എത്തുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരനാണ് ബോയ്ഡ്. കറുത്ത വർഗ്ഗക്കാരെ ഉയരത്തിൽ എത്തിക്കാൻ സവിശേഷശ്രമം വേണമെന്ന മാനേജ്മെന്റ് തീരുമാനം ബോയ്ഡിനു സഹായമായി. പത്രലോകത്തിലെ ഒന്നാം സ്ഥാനം എന്നറിയപ്പെടുന്ന ന്യൂയോർക് ടൈംസിന്റെ എക്സിക്യുടിവ് എഡിറ്റർ ആകുമായിരുന്നു ബോയ്ഡ്--എല്ലാം നേരേ നീങ്ങിയിരുന്നെങ്കിൽ.. അതിനു മുമ്പ് അദ്ദേഹത്തെ പിരിച്ചു വിട്ടു. അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്ന എക്സിക്യൂടിവ് എഡിറ്റർ ഹോവെൽ റെയിൻസിനെയും.

പിരിച്ചുവിട്ടെന്നായിരുന്നില്ല പ്രഖ്യാപനം.. ബോയ്ഡിന്റെ പ്രാപ്തിയെയും സത്യസന്ധതയെയും മാനിച്ചിരുന്ന പബ്ലിഷർ ആർതർ സൾസ്ബർഗർ ഒരു ദിവസം ബോയ്ഡിനോടു പറഞ്ഞു: “നാളെ നിങ്ങളും ഹോവെലും രാജി വെക്കുന്നു.” പിന്നെ അവർക്ക് രാജി വെക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ബോയ്ഡ് അതേപ്പറ്റി പിന്നീട് ഓർത്തോർത്തു പറഞ്ഞു, തന്റെ നിറം കയറ്റത്തിന് എത്ര സഹായമായോ, അതിലുമെത്രയോ കൂടുതൽ വീഴ്ചക്കു കാരണമായി.

ബോയ്ഡ് സ്നേഹിച്ചിരുന്നവരും കൈ പിടിച്ച് ഉയർത്തിയവരും ആപത്തു വന്നപ്പോൾ അദ്ദേഹത്തിനെതിരായി. തന്റെ പ്രാപ്തിയെ പുകഴ്ത്തിയിരുന്നവർ പോലും, തന്റെ നിറത്തിന്റെ പേരിൽ ഒരു ദയാദാക്ഷിണ്യം കാണിക്കുകയായിരുന്നുവോ എന്ന് അദ്ദേഹം പിന്നീട് ശങ്കിച്ചു. സൾസ്ബർഗറുടെയും റെയിൻസിന്റെയും അനുമോദനങ്ങളിൽ വർണ്ണചിന്ത ഉണ്ടായിരുന്നോ? ബോയ്ഡിന്റെ സംശയം പുസ്തകത്തിൽ പത്തി വിടർത്തുന്നു.

ആറേഴു കൊല്ലം മുമ്പത്തെയാണ് സംഭവം. ജേയ്സൺ ബ്ലെയർ എന്ന മിടുക്കനായ ഒരു റിപ്പോർട്ടർ എല്ലാവരെയും കടത്തിവെട്ടിക്കൊണ്ട് എന്നും എന്നോണം ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തിറക്കി. അഞ്ചാറു മാസം കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം പുറത്തു വന്നു: ബ്ലെയറിന്റെ കഥ മുഴുവൻ കെട്ടുകഥ ആയിരുന്നു. അയാൾ പുറത്തായി. അയാളുമായി നേരിട്ടിടപഴകാൻ ഇടയാകാത്ത , അയാളുടെ കഥയുടെ ആദ്യരൂപം കാണേണ്ട ഉത്തരവദിത്വമില്ലാത്ത, മാനേജിംഗ് എഡിറ്റർ ബോയ്ഡിനെ കുതികാൽ വെട്ടുകാർ വീഴ്ത്തി. അവർ അദ്ദേഹത്തെ ബ്ലെയറിന്റെ രക്ഷിതാവും മാർഗദർശിയുമായി ചിത്രീകരിച്ചു. എല്ലാം നിറത്തിന്റെ പേരിൽ. ബ്ലെയർ കറുത്ത വർഗ്ഗക്കാരനായിരുന്നു.

ന്യൂയോർക് ടൈംസിൽ കുതികാൽവെട്ട് ആകാമെങ്കിൽ എല്ലായിടത്തും ആകാം. പത്രമാപ്പീസുകളിൽ പല തലങ്ങളിൽ നടക്കുന്ന കുതികാൽ വെട്ട് പത്രങ്ങളിൽ വാദത്തിനും വിവാദത്തിനും ഇടയാകാറില്ല.. തമ്മിൽത്തമ്മിൽ ചളി ചർത്തുന്നതു കൊള്ളില്ലെന്നു കരുതിയാകണം. അഥവാ ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽത്തന്നെ, ഒളിഞ്ഞും പൊളിഞ്ഞുമായിരിക്കും. കേട്ട ഒരു കഥ ആദ്യം പറയട്ടെ. 1975-77ലെ അടിയന്തരാവസ്ഥ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ ആപ്പീസിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റർ വി കെ നരസിംഹൻ തന്റെ കസാലയിൽ വേറൊരാൾ ഇരിക്കുന്നതു കണ്ടു. എസ്. മുൾഗാവ്ക്കർ. പത്രനിയന്ത്രണം മൂത്തപ്പോൾ പുറത്താക്കപ്പെട്ട മുൾഗവ്ക്കർ പുറത്തെങ്ങോ സൂര്യനെ കല്ലെറിഞ്ഞു കാത്തിരിക്കുകയായിരുന്നു, മടങ്ങിവരാൻ. നരസിംഹൻ ഒന്നും മിണ്ടാതെ, ചുവരെഴുത്ത് വായിച്ച് മടങ്ങിപ്പോയി.

രണ്ടു തവണ ഇന്ത്യൻ എക്സ്പ്രസ്സിൽനിന്ന് പിരിച്ചുവിട്ട എഡിറ്റർ ആണ് അരുൺ ശൌരി. ആദ്യത്തെ പിരിച്ചുവിടൽ രാം നാഥ് ഗോയെങ്ക നേരിട്ടു നടത്തിയതായിരുന്നു. ഗോയെങ്കയുടെ താല്പര്യപ്രകാരം പത്രപ്രവർത്തനത്തിലേക്കിറങ്ങിയ ലോകബാങ്ക് ധനശാസ്ത്രജ്ഞൻ ശൌരി കയറൂരി ഓടുന്നു എന്നു തോന്നിയപ്പോൾ, ഗോയെങ്ക തന്നെ അദ്ദേഹത്തെ പറഞ്ഞയച്ചു. പിന്നെ തിരിച്ചെടുത്തു. രണ്ടാം തവണ പിരിച്ചുവിടുമ്പോൾ, ഗോയെങ്കയുടെ സ്വബോധം ആടിയുലയുകയായിരുന്നു.. തീരുമാനമെടുത്തിരുന്നത് കൊച്ചുമക്കളും കൂട്ടാളികളും.
എഡിറ്റർ ശൌരിയുടെ ലേഖനം ഒരു ന്യൂസ് എഡിറ്റർ തടഞ്ഞുവെച്ചതോടെയാണ് തുടക്കം. തന്റെ ചൊല്പടിക്കാരനും സാധുവുമായ ന്യൂസ് എഡിറ്റർ തന്നോടു പറയുക പോലും ചെയ്യാതെ, ലേഖനം തടയുക എന്ന അഹമ്മതി കാണീക്കണമെങ്കിൽ , കൂടുതൽ കരുത്തുള്ള കൈകൾ ചരടു വലിച്ചിരിക്കുമെന്നു മനസ്സിലാക്കാൻ ശൌരിക്ക് മൂന്നു ദിവസം വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം പുറത്തായി.

മുൾഗാവ്ക്കറെ ഹിന്ദുസ്ഥാൻ ടൈംസിൽനിന്നു പുറത്താക്കാൻ ബിർള കണ്ട വഴി വേറൊന്നായിരുന്നു. ഒരു ദിവസം പത്രം ഒരു വാരിക തുടങ്ങി. ദിനപത്രത്തിന്റെ എഡിറ്റർ അതിന്റെ എഡിറ്റർ ആയി. എഡിറ്റർ പുറത്തുപോയപ്പോൾ വാരിക നിന്നു. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ചോപ്ര പോയത് ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിന് അനുകൂലമായ കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ വന്നതുകൊണ്ടായിരുന്നത്രേ. അദ്ദേഹത്തെ ആരും ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായി കണ്ടിട്ടില്ല. അധികാരം വിറ്റും വാങ്ങിയും കഴിയുന്ന മുതലാളിമാർക്ക് എഡിറ്ററെ പുറത്താക്കാൻ എന്തെങ്കിലും ഒരു കാരണം വേണ്ടേ?

ഇന്ദിര ഗന്ധിക്ക് ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു ലേഖനങ്ങൾ വരാന്ത്യപ്പതിപ്പിലും മുഖപ്രസംഗമായും വന്നപ്പോൾ, ഹിന്ദുസ്ഥാൻ ടൈംസിൽനിന്ന് ബി ജി വർഗീസ് പുറത്തായി. പുറത്താക്കിയെന്നു പറഞ്ഞുകൂടാ, അദ്ദേഹത്തിന്റെ കരാർ തീർന്നപ്പോൾ, പുതുക്കിയില്ല. അത്ര മാത്രം. പക്ഷേ ആ നടപടിക്ക് ഒരു നഗ്നത ഉണ്ടായിരുന്നു. അതുകൊണ്ട് അതിനെച്ചുറ്റിപ്പറ്റി ഒരു പ്രതിഷേധപ്രസ്ഥാനം തന്നെ ഉയരുകയുണ്ടായി. ഒരുകാലത്ത് ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ച വർഗ്ഗീസ് അങ്ങനെ മറുചേരിയിൽ എത്തി.

ജയപ്രകാശ് നാരായണന്റെ വിശ്വസ്തനായ അജിത് ഭട്ടാചാർജിയും കുൽദീപ് നയ്യാരും ഇന്ത്യൻ എക്പ്രസ് വിട്ടപ്പോൾ ഒരു ഇല പോലും ഇളകിയില്ല. അവർ രണ്ടു പേരും അറിയാതെ ഒരു ദിവസം നിഹാൽ സിംഗ് ഇന്ത്യൻ എക്സ്പ്രസിന്റെ എഡിറ്റർ ആയി പ്രത്യക്ഷപ്പെട്ടു. രണ്ടു പേരുടെയും താഴെ സ്റ്റേറ്റ്സ്മാനിൽ പ്രവർത്തിച്ചിരുന്നയാളാണ് നിഹാൽ സിംഗ്. അത്തരം വേലകൊണ്ടൊന്നും പുറത്താകുന്ന ആളല്ല പ്രഭു ചാവ്‌ ള. ഇന്ത്യൻ എക്സ്പ്രസ്സിൽ ഒരിടക്ക് സർവതന്ത്രസ്വതന്ത്രനായി നീങ്ങിയിരുന്ന ചാവ്‌ ളയുടെ മീതെ ഒരു ദിവസം എച് കെ ദുവ കയറി നിന്നു. ഒന്നും കൂസാതെ ചാവ്‌ ള കസാല ഒഴിഞ്ഞ്, ബെഞ്ചിലേക്കു മാറിയിരുന്നു. അവസരം വന്നപ്പോൾ, വില പേശി, കൂടുതൽ അധികാരവും ആനുകൂല്യങ്ങളും നേടി, ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു സഹോദരസ്ഥാപനത്തിലേക്ക് ചേക്കേറി.

ടൈംസ് ഒഫ് ഇന്തയുടെ പത്രാധിപത്യം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമാണെന്ന് ഒരു ചൊല്ലുണ്ടായിരുന്നു. ടൈംസിന്റെ എഡിറ്റർ ദിലീപ് പഡ്ഗാംവ്ക്കർ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും ഒരു ചൊല്ലുണ്ടായിരുന്നു. പഡ്ഗാംവ്ക്കർ മുന്നേറിവന്നപ്പോൾ, പഴയ എഡിറ്റർ തഴയപ്പെടുകയായിരുന്നു. കാലം ചെന്നപ്പോൾ മാന്യനും കലാകുതുകിയും ചിന്തകനുമായ ദിലീപും പുറത്തായി. ഒരു ദിവസം ടൈംസിൽ എന്നെ എടുക്കാൻ വേണ്ടി അദ്ദേഹം എന്നോടു സംസാരിച്ചു. “പണം പ്രശ്നമല്ല; എന്ത് എഴുതണം എന്ന് നമുക്ക് ആലോചിക്കാം “ എന്ന മട്ടിലായിരുന്നു സംസാരം. ഞാൻ ഉത്സാഹഭരിതനായി. ഒരാഴ്ച കഴിഞ്ഞില്ല, ആരോ പറഞ്ഞു കേട്ടു, ദിലീപ് പുറത്തായിരിക്കുന്നു.

അത്രയേ ഉള്ളു എഡിറ്റർമാരുടെയും കാര്യം. ഗഹനമായ ദർശനത്തിന്റെയോ ഗൌരവമേറിയ ധൈഷണികപ്രശ്നത്തിന്റെയോ പിൻ വെളിച്ചമൊന്നുമില്ലാതെയും എഡിറ്റർമാർ പുറത്താകാം. അവിടെയാണെങ്കിൽ, നിറം പറഞ്ഞും കുതികാൽ വെട്ടിയും എഡിറ്ററെ തുരത്താം. ഇവിടെ അത് വെറും കുശുകുശുപ്പും കുതികാൽ വെട്ടും കൊണ്ട് നടപ്പാവും.

(മേയ് 17ന് മലയാളം ന്യൂസിൽ സോമവാരം എന്ന പംക്തിയിൽ വന്നത്)

No comments: